പ്രസവശേഷം അമ്മമാര്‍ അറിയാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ശാരീരികമായി പലമാറ്റങ്ങളും ഉണ്ടാകുന്നു. പ്രസവശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലെത്തണമെങ്കില്‍ അതിനുള്ള പരിചരണങ്ങള്‍ ചെയ്യേണ്ടതാണ്. കൂടാതെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്നതിനെക്കുറിച്ചും അമ്മ അറിഞ്ഞിരിക്കേണ്ടത്് അനിവാര്യമാണ് സ്ത്രീകള്‍ ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തിലും, ആരോഗ്യത്തിലും ശ്രദ്ധ ചെലുത്താറുണ്ട്. ഈ ശ്രദ്ധ തന്നെ പ്രസവശേഷവും സ്ത്രീകള്‍ കൈകൊള്ളേണ്ടതാണ്. കാരണം ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ശാരീരികമായി പലമാറ്റങ്ങളും ഉണ്ടാകുന്നു. പ്രസവശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലെത്തണമെങ്കില്‍ അതിനുള്ള പരിചരണങ്ങള്‍ ചെയ്യേണ്ടതാണ്. കൂടാതെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്നതിനെക്കുറിച്ചും അമ്മ അറിഞ്ഞിരിക്കേണ്ടത്് അനിവാര്യമാണ്. മുലയൂട്ടല്‍ മുലക്കണ്ണിലൂടെ ആദ്യം വരുന്നത് 'കൊളസ്ട്രം' എന്ന കൊഴുത്ത ദ്രാവകമാണ്. കുഞ്ഞിനാവശ്യമായ പ്രതിരോധ ശക്തി ലഭിക്കുന്നതിനുള്ള ഒട്ടനവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കുഞ്ഞിന് ഇത് നിര്ബദ്ധമായും നല്‍കുക. കൊളസ്ട്രം കഴിഞ്ഞ് കുറച്ചു കൂടികഴിഞ്ഞതിനു ശേഷമേ പാല് വരുകയുള്ളൂ. കുഞ്ഞ് പാല് വലിച്ചു കുടിച്ചാല്‍ മാത്രമേ മുലപ്പാല്‍ ഉണ്ടാകുകയുള്ളൂ. അതിനാല്‍ പാല് ഉണ്ടായതിനു ശേഷം കുഞ്ഞിന് പാല് കൊടുക്കാമെന്നു കരുതരുത്. കുഞ്ഞിന് പാല് കൊടുക്കുന്ന സമയം വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിനെ കൈതണ്ടയില്‍ കിടത്തുക. അമ്മ അയഞ്ഞ കോട്ടന്‍ വസ്ത്രം ധരിക്കുന്നതായിരിക്കും നല്ലത്. പകുതി മാത്രം തുറന്നതും, സിമ്പുപിടിപ്പിച്ച നൈറ്റിയും കുഞ്ഞിന്റെ മുഖത്തുരഞ്ഞ് അലോസരമുണ്ടാക്കും. കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ മാറിടം കഴിയുന്നതും അനാവൃതമായി തന്നെയിരിക്കണം. കുഞ്ഞ് പാല് കുടിക്കുന്ന സമയം അമ്മയുടെ ശ്രദ്ധ അനിവാര്യമാണ്. കാരണം പാലു കുടിക്കുന്നസമയം ചിലപ്പോള്‍ കുഞ്ഞിന്റെ മൂക്ക് മൂലയോടു ചേര്‍ന്നു കുഞ്ഞിന് ശ്വാസം മുട്ടുവാന്‍ സാധ്യതയുണ്ട്. കൂടാതെ പാല് നിറുകയില്‍ കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉറക്കം വിശ്രമം ഗര്‍ഭാവസ്ഥയിലെ ഹോര്‍മോ ണ് സ്വാധീനവും പ്രസവസമയത്തെ വലിച്ചിലും കാരണം ശരീരത്തിലെ വിവിധ മാംസപേശികളും സന്ധികളും വളരെ അയഞ്ഞരൂപത്തിലായിരിക്കും. പ്രസവശേഷം അവയുടെ സ്വഭാവിക ഇലാസ്റ്റിസിറ്റി എന്നിവയ്ക്ക് ഒരു കാരണം വിശ്രമമില്ലാത്ത പ്രസവാന്തര ജീവിത രീതിയാണ്. പ്രസവശേഷം കുറഞ്ഞത് മൂന്നു മാസമെങ്കിലും പൂര്‍ണ്ണ വിശ്രമം ആവശ്യമാണ്. അത്യദ്ധ്വാനമില്ലാത്ത ചെറിയ രീതിയിലുള്ള വ്യായമങ്ങള്‍ ഈ അവസരത്തില്‍ ചെയ്യാവുന്നതാണ്. മിതമായരീതിയിലുള്ള വായന പ്രസവശേഷമുള്ള മനസന്തോഷത്തിന് നല്ലതാണ്. നീണ്ടവായന കണ്ണിലെ മാംസപേശികളെ ക്ഷീണിപ്പിക്കും. രക്തസ്രാവം പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ രക്തസ്രാവമുണ്ടാകാം. ദിവസം കഴിയുന്തോറും ഇതിന്റെ അളവും നിറവും കുറയും. ക്രമേണ രക്തം കലര്‍ന്ന ദ്രാവകംപോലെയായി പിന്നെയിത് നില്ക്കും. ചില സ്ത്രീകള്‍ക്ക് ആറ് ആഴ്ചവരെ ചെറിയതോതില്‍ രക്തസ്രാവമുണ്ടാകാം. രക്തം ചുവന്ന നിറത്തിലോ, കട്ടയായോ, കഷണങ്ങളായോ ആണ് പോകുന്നതെങ്കില്‍ ഉടനെ വൈദ്യ സഹായം തേടണം. ഗര്‍ഭപാത്രത്തില്‍ മറുപിള്ളയോ, മറ്റ് അവശിഷ്ടങ്ങളോ ഉണ്ടെങ്കില്‍ അമിത രക്തസ്രാവമുണ്ടാകാം. എണ്ണതേച്ചു കുളി പരമ്പരാഗതമായി കേരളത്തില്‍ കണ്ടുവരുന്ന ഒന്നാണ് പ്രസവശേഷമുള്ള എണ്ണ തേച്ചുകുളി. ശരീരം മുഴുവന്‍ എണ്ണ തേച്ച് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് മാംസപേശികളില്‍ രക്തയോട്ടം കൂട്ടാനും അവയുടെ സങ്കോചവികാസ ശേഷി വീണ്ടെടുക്കാനും സഹായിക്കും. സിസേറിയന് കഴിഞ്ഞ സ്ത്രീകള്‍ എണ്ണ തേക്കാന്‍ പാടില്ല. പകരം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് മുറിവിന്റെ ഭാഗം ഉള്‍പ്പെടെ വൃത്തിയായി തേച്ചു കുളിക്കുക. സിസേറിയന് കഴിഞ്ഞവര്‍ ഒരു രീതിയിലും എണ്ണ തേച്ചു കുളിക്കരുത്. മുറിവ്് എന്തുകൊണ്ട് പൊതിഞ്ഞു വെച്ചാലും ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള എണ്ണയും അഴുക്കും എല്ലാം കൂടി ചേര്‍ന്ന് മുറിവിന്റെ ഭാഗത്ത് വന്ന് അടിഞ്ഞു കൂടി മുറിവ് പഴുക്കുവാന്‍ ഇടയാകുന്നു. കുളികഴിഞ്ഞ് വൃത്തിയുള്ള തുണികൊണ്ട് മുറിവിന്റെ ഭാഗം തുടക്കുക. മുറിവില്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റിബയോട്ടിക് ലേപനം പുരട്ടുക. മുറിവ് വേഗം ഉണങ്ങാന്‍ ഇത് സഹായിക്കും. വ്യായാമമുറകള്‍ പ്രസവ ശേഷം സ്ത്രീകളുടെ വയറ് അയഞ്ഞുതൂങ്ങുന്നു. അതിനാല്‍ ഈ സമയത്തു അയഞ്ഞുതൂങ്ങിയ വയറിനു വേണ്ടിയുള്ള വ്യയാമ മുറകളാണ് ചെയ്യേണ്ട്. പരന്ന ഉറപ്പുള്ള പ്രതലത്തില്‍ നിലത്തോ, ബെഞ്ചിലോ കിടന്നു കൊണ്ട് ചെയ്യാവുന്നതാണ്. എണ്ണതേച്ച് കഴിഞ്ഞ് കുളിക്കുന്നതിനു മുമ്പായിട്ടാണ് ഇത് ചെയ്യേണ്ടത്. ശരീരത്തിന്റെ എല്ലാഭാഗങ്ങളും കൈകാലുകളടക്കം പ്രതലത്തില്‍ തൊടുന്ന വിധം മലര്‍ന്നു കിടന്നുകൊണ്ട് ഇരുകാലുകളും സാവധാനം മേലോട്ടുയര്‍ത്തുക. അല്ലെങ്കില്‍ ഉള്ളിലേക്ക് ശ്വാസം നീട്ടി വലിച്ചതിനു ശേഷം തലയും, നെഞ്ചും സാവധാനം തറയില്‍ നിന്നുയര്‍ത്തി നീട്ടി ഉച്ഛ്വസിക്കുക. ഈ പ്രക്രിയ പല ആവര്‍ത്തി ചെയ്യുക. ഭക്ഷണം മുലയൂട്ടല്‍കാലം ഗര്‍ഭകാലം പോലെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ധാരാളം അന്നജവും, പ്രോട്ടീനും ആവശ്യത്തിനു കൊഴുപ്പുമടങ്ങിയ ഭക്ഷണം മുലപ്പാല്‍ ഉണ്ടാകാന്‍ സഹായിക്കും. മൂന്നു നേരം ചോറുകഴിക്കാന് മടിയാണെങ്കില്‍ മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ ധാരാളം കഴിക്കുക. കൂടാതെ ആട്ടിന്‍ കരള്‍ കഴിക്കുന്നത് നല്ലതാണ്. ആട്ടിന്‍ കരളില്‍ ധാരാളം ഇരുമ്പുസത്തുണ്ട്. മുലയൂട്ടല്‍ കാലത്ത് സ്ത്രീശരീരത്തില്‍ ഈസ്ട്രജന്, പ്രൊജസ്റ്ററോണ്‍ എന്നിവ താഴ്ന്ന നിലയിലായിരിക്കും. ഈ കുറവ് ഈ ഭക്ഷണരീതികൊണ്ട് പരിഹരിക്കാനാകും. കുരുമുളക് നല്ല ദഹന സഹായിയും, രോഗാണു നിവാരണ ശക്തിയുള്ളതുമാണ്്. കൂടാതെ ജീരകം മൂലപ്പാല്‍ ധാരാളമുണ്ടാകാന്‍ സഹായിക്കുന്നു. പച്ചക്കറിയും, പഴവര്‍ഗ്ഗങ്ങളുമെല്ലാം ധാരാളം കഴിക്കുക. വെള്ളം കുടിക്കുക വെള്ളം കുടിച്ചാല്‍ വയറിന്റെ വ്യാസം വര്‍ദ്ധിക്കുമെന്ന തെറ്റായ ധാരണ പൊതുവെ ഉണ്ട്. ഇടയ്ക്കിടെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുന്നതു കൊണ്ട് ഇങ്ങനെ ഒരത്യാഹിതം സംഭവിക്കുകയില്ല. മുലപ്പാല്‍ നന്നായി ഉണ്ടാകാനും രക്തഓട്ടം സുഗമമായി നടക്കാനും ശരീരത്തിലടിഞ്ഞു കൂടിയിട്ടുള്ള വിഷവസ്തുക്കളെ മൂത്രത്തില്‍ കൂടി പുറം തള്ളുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. നാപ്കിനും അടിവസ്ത്രങ്ങളും പ്രസവാനന്തരം ഉപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ക്ക് വളരെ ശ്രദ്ധയും പ്രാധാന്യവും കൊടുക്കേണ്ടതാണ്. ചിലതരം നാപ്കിനുകള്‍ അലര്‍ജി ഉണ്ടാക്കാനിടയുണ്ട്. പ്രസവം കഴിഞ്ഞ ആദ്യനാളുകളില്‍ രക്തസ്രാവം കൂടുതലായതിനാല്‍ സാധാരണ നാപ്കിനുകള്‍ അപര്യാപ്തമായിരിക്കും. തുണികളാണുപയോഗിക്കുന്നതെങ്കില് ആറു സെറ്റ് എങ്കിലും വലിപ്പത്തില്‍ കീറിയെടുത്ത് സോപ്പിട്ട് കഴുകി വെയിലില്‍ ഉണക്കി ഉപയോഗിക്കാം. വൃത്തിയുള്ള അയയിലിട്ട് വെയിലില്‍ തന്നെ ഉണക്കി ഉപയോഗിക്കാം. നമ്മുടെ ശരീരത്തിലുപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ഏറ്റവും ശുചിത്വത്തോടെ ഉപയോഗിക്കേണ്ടത് അടിവസ്ത്രങ്ങളാണ്.അല്ലെങ്കില്‍ ഗുഹ്യരോഗങ്ങള്‍ പോലെയുള്ള അണുബാധയും പലതരം അലര്‍ജിയും ഉണ്ടാകും. നാടന്‍ മരുന്നുകള്‍ പ്രസവശേഷം ആയുര്‍വേദവിധിപ്രകാരമുള്ള നാടന്‍ മരുന്നുകള്‍ കഴിക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണയാണ്. ഉലുവകഞ്ഞിയും, ഉലുവ നാടന്‍ ചക്കര ചേര്‍ത്തു പൊടിച്ചും പ്രസവാനന്തരം സ്ത്രീകള്‍ കഴിക്കാറുണ്ട്. ഗര്‍ഭപാത്രം ചുരുങ്ങി പൂര്‍വ്വ സ്ഥിതിയിലെത്താനും രക്തസ്രാവത്തെ നിയന്ത്രിക്കാനും ഉലുവ സഹായകരമാണ്. ഇത് മൂലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഉലുവയില്‍ പ്രകൃതി ജന്യ സ്ത്രീഹോര്മോണ് ധാരാളമുണ്ട്. ഉലുവയുടെ അരുചി കുറയ്ക്കാനുപയോഗിക്കുന്ന ചക്കരയില്‍ ധാരാളം ഇരുമ്പുസത്തുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്ക് കഴിയും. ശതാവരി, അശ്വഗന്ധി, ചെമ്പരത്തി മുതലായവ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നു. അശോകം, അശ്വഗന്ധിം അമൃതവല്ലി എന്നിവ ഗര്‍ഭപാത്രം ചുരുങ്ങുവാനും രക്തസ്രാവം നിയന്ത്രിക്കാനും സഹായിക്കുന്നു. അയേണ്‍, കാത്സ്യം ഗുളികകള്‍ പ്രസവരക്ഷ ചെയ്യുന്ന സ്ത്രീകളില്‍ ആദ്യത്തെ ഒന്നര മാസം മറ്റു മരുന്നുകളുടെ ആവശ്യമില്ല. മുലയൂട്ടേണ്ടതിനാല് ആറുമാസം വരെ അയേണ്‍ കാത്സ്യം ഗുളികകള്‍ കഴിക്കേണ്ടതാണ്. പരമ്പരാഗത മരുന്നുകള്‍ കഴിക്കാത്തവരും, പ്രസവശേഷം അമിത രക്തസ്രാവമുള്ളവരും അയേണ്‍ കാത്സ്യം ഗുളികകള്‍ നിന്ബന്ധമായും കഴിക്കണം. മറ്റ് പ്രസവാനന്തര പ്രശ്നങ്ങള്‍ പ്രസവ സമയത്ത് യോനീമുഖത്തിന്റെ വിസ്താരം കൂട്ടാനായി അവിടം മുറിച്ച് പ്രസവശേഷം തുന്നലിടാറുണ്ട്. പ്രസവസമയത്ത് മുറിവുകള്‍ താനേ ഉണ്ടാകുകയും ചെയ്യും. ഈ മുറിവുകളിലെ വേദനയും വീക്കവും സ്ത്രീകളെ ബുദ്ധിമുട്ടിക്കാറുണ്ട്. യോനീഭാഗത്തെ മുറിവുകളില്‍ വേദന, പഴുപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ചിലര്‍ക്ക് വരാറുണ്ട്. മുറിവുണങ്ങുന്നവരെ മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞാല്‍ ആ ഭാഗം വൃത്തിയായി കഴുകി വൃത്തിയുള്ള തുണികൊണ്ട് വെള്ളം ഒപ്പികളയണം. മുറിവില്‍ നിന്നും വല്ലാതെ വിങ്ങലും വേദനയുമുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുക. ആന്റിസെപ്റ്റിക് ലേപനങ്ങള്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ഉപയോഗിക്കാം മുലക്കണ്ണിലെ പൊട്ടല്‍ വേദന വളരെ സാധാരണമായ ഒരു പ്രശ്നമാണിത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിസെപ്റ്റിക് ലേപനങ്ങളോ അലോ ഇ, അലന്റോയിന്‍ മുതലായവ അടങ്ങിയ ലേപനങ്ങളോ ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിന്റെ വായിക്കകത്ത് പൂപ്പല്‍ ബാധ ഉണ്ടായിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ അമ്മയുടെ മുലകണ്ണില്‍ പൂപ്പല്‍ ബാധയുണ്ടാകാനും തുടര്‍ന്ന് അവിടെ പൊട്ടുവാനും ഇടയാകുന്നു. ഈ സന്ദര്‍ഭത്തില്‍ ആന്റിഫംഗസ് മരുന്നുകള്‍ കുഞ്ഞും, അമ്മയും ഉപയോഗിക്കേണ്ടതായി വരും. ഉള്ളിലേക്കു വലിഞ്ഞ മുലകണ്ണുകള്‍ മുലയൂട്ടുന്ന സ്ത്രീകളെ മാനസികമായി അലട്ടുന്ന ഒരുപ്രശ്നമാണിത്. മുലപ്പാല്‍ വലിക്കാന്‍ കഴിയാതെ കരഞ്ഞുതളരുന്ന കുഞ്ഞിനെ കാണുമ്പോള്‍ അമ്മയ്ക്ക് ആധികൂടും. പ്രസവത്തിനു എട്ടുമാസം മുമ്പുതന്നെ ഇത് ശ്രദ്ധിച്ചു തുടങ്ങിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും. ഉള്ളിലേക്കു വലിഞ്ഞ മുലക്കണ്ണിനെ സാവധാനം വിരലുകള്‍ കൊണ്ട് പുറത്തേക്കു വലിച്ചെടുക്കുക. അദ്യം അത് അല്പം ബുദ്ധിമുട്ടായി തോന്നാം. എല്ലാ ദിവസവും ഇത് ക്ഷമാപൂര്‍വ്വം ആവര്‍ത്തിക്കുമ്പോള്‍ പ്രസവമടുക്കുമ്പോള്‍ ഈ പ്രശ്നം പൂര്‍ണ്ണമായും മാറിക്കിട്ടും. പ്രസവശേഷമുള്ള പനി പ്രസവശേഷമുള്ള പനിയെ നിസാരമായി കാണരുത്. സാധാരണ ഫ്ളൂ മുതല്‍ മൂത്രപഴുപ്പും മുലയിലെ പഴുപ്പും ഏറ്റവും മാരകമായ സെപ്റ്റിസീമിയയും പ്രസവശേഷമുള്ള പനിക്കു കാരണമാകാറുണ്ട്. പ്രസവശേഷമുള്ള രക്തസ്രാവവും, ജനനേന്ദ്രിയത്തിലെ മുറിവുകളും, പ്രസവശേഷം തുറന്നിരിക്കുന്ന ഗര്‍ഭാശയമുഖവും ഒക്കെ അമ്മയില്‍ അണുബാധയുണ്ടാകാന്‍ കാരണമാകുന്നു. പനിയോടൊപ്പം വിറയലോ, ദുര്‍ഗന്ധത്തോടു കൂടിയ രക്തസ്രാവമോ ഉണ്ടായാല്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്. ഗര്‍ഭ നിരോധനവും ശാരീരിക ബന്ധവും പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം ഉല്പാദനാവയവങ്ങള് പൂര്‍വ്വ സ്ഥിതിയിലെത്തും. അതിനാല്‍ ആറാഴ്ചയ്ക്കു ശേഷം ശാരീരിക ബന്ധം ആകാവുന്നതാണ്. എന്നിരുന്നാലും യോനീഭാഗത്തെ തുന്നലില്‍ പഴുപ്പോ, മറ്റസുഖങ്ങളോ ഉണ്ടെങ്കില്‍ അതുണങ്ങുന്ന വരെ കാത്തിരിക്കാവുന്നതാണ്. പ്രസവിച്ച് ആറുമാസം വരെ, മുലയൂട്ടുന്ന സ്ത്രീകളില്‍ അണ്ഡോല്‍പാദനത്തിനുള്ള സാധ്യത കുറവാണ്. എങ്കിലും തീരയില്ല എന്നുപറയാനാവില്ല. വല്ലപ്പോഴും മാത്രമേയുള്ളു എങ്കില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാവുന്നതാണ്. അതല്ല എങ്കില്‍ ഗര്‍ഭനിരോധന ഗുളികകളോ, ലൂപ്പ് നിക്ഷേപമോ നടത്താം. ഗര്‍ഭാശയ മുഴ ''ഗര്‍ഭാശയത്തിന്റെ മസിലുകളിലുണ്ടാകുന്ന അപകടകരമല്ലാത്ത വളര്‍ച്ചയാണ് ഗര്‍ഭാശയ മുഴ അഥവാ ഫൈബ്രോയിഡുകള്‍'' സ്ത്രീ രോഗങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗര്‍ഭാശയ മുഴ. ഗര്‍ഭാശയ മുഴയേക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഗര്‍ഭാശയ മുഴ കാന്‍സറാണോയെന്ന് ആകുലപ്പെടുന്ന നല്ലൊരു ശതമാനം സ്ത്രീകള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് ഗര്‍ഭാശയ മുഴ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതുണ്ട്. ഗര്‍ഭാശയത്തിന്റെ മസിലുകളിലുണ്ടാകുന്ന അപകടകരമല്ലാത്ത വളര്‍ച്ചയാണ് ഗര്‍ഭാശയ മുഴ (ഫൈബ്രോയിഡുകള്‍). ഏത് പ്രായത്തിലും ഫൈബ്രോയിഡുകളുണ്ടാകാം. എങ്കിലും സാധാരണഗതിയില്‍ വളരെ ചെറിയ കുട്ടികളില്‍ ഗര്‍ഭാശയമുഴ കാണാറില്ല. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ധിക്കുന്നതാണ് ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നതിന് കാരണം. 35 വയസിനു ശേഷം നാല്പത് ശതമാനം സ്ത്രീകളില്‍ ഫൈബ്രോയിഡുകള്‍ കാണപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഗര്‍ഭാശയ മുഴ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. മറ്റ് സ്കാനിംഗുകള്‍ക്ക് വിധേയമാകുമ്പോഴാണ് ഗര്‍ഭാശയ മുഴ കണ്ടെത്തുന്നത്. കാരണങ്ങള്‍ സ്ത്രീകളില്‍ ഗര്‍ഭാശയമുഴ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ വൈദ്യശാസ്ത്രം ഇപ്പോഴും വ്യക്തമായി കണ്ടെത്തിയിട്ടില്ല. സ്ത്രീകളുടെ ശരീരത്തിലെ ചില ഹോര്‍മോണുകളാണ് മുഴകള്‍ക്ക് കാരണമായി പറയപ്പെടുന്നത്. സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ എന്നിവയുടെ സാന്നിധ്യം ഗര്‍ഭാശയ മുഴകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആര്‍ത്തവവിരാമത്തിന് ശേഷം ഫൈബ്രോയിഡുകളുടെ വലിപ്പം കുറയാറുണ്ട്. എന്നാല്‍ ഈസ്ട്രജന്റെ അളവ് കൂടുന്നതിലൂടെ ഫൈബ്രോയിഡുകളുടെ വലിപ്പം വര്‍ധിക്കാനും കാരണമാകുന്നുണ്ട്. മുഴകള്‍ പലവിധം ഗര്‍ഭാശയത്തിന്റെ ഏത് ഭാഗത്താണ് മുഴകള്‍ സ്ഥിതി ചെയ്യുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതനുസരിച്ച് ഗര്‍ഭാശയ മുഴകളെ പല രീതിയില്‍ തരംതിരിക്കാറുണ്ട്. അതായത് ഗര്‍ഭാശയത്തിന് പുറത്തേക്ക് വളരുന്ന മുഴകള്‍, ഗര്‍ഭാശയത്തിന്റെ മസിലുകള്ക്കുള്ളില് വളരുന്ന മുഴകള്‍ എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കും. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സബ്മ്യൂക്കസ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയത്തിന്റെ ഏറ്റവും അകഭിത്തിയുണ്ട്. ആ ഭാഗമാണ് എന്റോമെട്രിയം എന്നറിയപ്പെടുന്നത്. എന്റോമെട്രിയത്തിലേക്ക് വരുന്ന ഫൈബ്രോയിഡുകളാണ് സബ്മ്യൂക്കസ് ഫൈബ്രോയിഡുകള്‍. കൂടാതെ ഗര്‍ഭാശയത്തിന്റെ മസിലുകളിലുണ്ടാകുന്ന ഇന്‍ട്രാ ന്യൂറല്‍ ഫൈബ്രോയിഡ്് വളരെയധികം വലിപ്പം കൂടിയാല്‍ രക്തസ്രാവത്തിനു പോലും ഇടയാക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രക്തസ്രാവമുണ്ടായാല്‍ ഗര്‍ഭാശയ മുഴയുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മറ്റൊന്ന് ആര്‍ത്തവ സമയത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. പ്രായമാകുന്തോറും ആര്‍ത്തവ സമയത്തെ വയറുവേദന അധികരിക്കുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി സ്ത്രീകളില്‍ പ്രസവശേഷം ആര്‍ത്തവസമയത്തെ വയറുവേദന കുറഞ്ഞ് വരാറാണ് പതിവ്. എന്നാല്‍ അതിനു വിപരീതമായി മധ്യവയസില്‍ വയറുവേദന കൂടുതലായി അനുഭവപ്പെട്ടാല്‍ ഫൈബ്രോയിഡുകള്‍ ഒരുപരിധി വരെ കാരണമാകാം. ഫൈബ്രോയിഡിന്റെ വലിപ്പമനുസരിച്ച് പലവിധ ബുദ്ധിമുട്ടുകളും വേദനയും അനുഭവപ്പെടാം. ഫൈബ്രോയിഡുകളുടെ വലിപ്പം കൂടുമ്പോള്‍ അടിവയറ്റില്‍ ഭാരം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം (Pressure Symptoms) .അതായത് മുഴകള്‍ മറ്റ് അവയവങ്ങളിലേക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കാം. മൂത്രസഞ്ചിയിലേക്ക് പ്രഷറുണ്ടാകുന്നതിലൂടെ ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, മലദ്വാരത്തില്‍ മര്‍ദമുണ്ടായാല്‍ മലം പോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, മൂത്രനാളിയില്‍ പ്രഷര്‍ ഉണ്ടായാല്‍ മൂത്രം മൂത്രസഞ്ചിയിലേക്ക് വരാത്തത് മൂലം കിഡ്നിയെ വരെ ബാധിക്കാനിടയുണ്ട്. ഇവയാണ് ഫൈബ്രോയിഡുകളിലൂടെ അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍. ലക്ഷണങ്ങള്‍ 1. രക്തസ്രാവം 2. ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ മറ്റ് സമയങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന 3. മുഴയുടെ വലിപ്പം കൂടുന്നതനുസരിച്ച് ഭാരം അനുഭവപ്പെടുക. വളരെ ചെറിയ മുഴകള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായെന്ന് വരില്ല. വലിപ്പമുള്ള മുഴകളാണെങ്കില്‍ ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. ചിലരില്‍ ഗര്‍ഭധാരണത്തിനും ഫൈബ്രോയിഡുകള്‍ തടസമായേക്കാമെങ്കിലും വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. സാധാരണയായി മറ്റ് സ്കാനിംഗുകള്‍ക്ക് വിധേയമാകുമ്പോഴാണ് ഫൈബ്രോയിഡുകളെക്കുറിച്ച് പലരും തിരിച്ചറിയുക. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് വിദഗ്ദ്ധ പരിശോധനകള്‍ വേണ്ടിവരുമ്പോഴാണ് പലരും ഗര്ഭാശയമുഴയുണ്ടെന്ന് തിരിച്ചറിയുക. അതുകൊണ്ട് ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭാശയ മുഴയുണ്ടെന്ന് ബോധ്യമായാല്‍ ഉടന്‍ ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകണം. ഗര്‍ഭാശയ മുഴ കണ്ടെത്തിയാല്‍ മുഴകളുണ്ടെന്ന് കണ്ടെത്തിയാല്‍ ഭയപ്പെടേണ്ട കാര്യമില്ല. ഗൈനക്കോളജിസ്റ്റിനെ കണ്ട് ക്ലിനിക്കല്‍ പരിശോധനയിലൂടെ മുഴയെക്കുറിച്ച് മനസിലാക്കുകയാണ് പ്രധാനം. ഫൈബ്രോയിഡുണ്ടെന്ന് കണ്ടെത്തിയാല്‍ വേണ്ട ഉപദേശങ്ങള്‍ ഗൈനക്കോളജിസ്റ്റ് രോഗിക്ക് നല്‍കും. സാധാരണ ഫൈബ്രോയിഡ് ആണെങ്കില്‍ ഇടയ്ക്കിടെ സ്കാന്‍ ചെയ്യേണ്ടതില്ല. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമായ ഫൈബ്രോയിഡുകള്‍ ഇടയ്ക്ക് സ്കാന്‍ ചെയ്തു നോക്കാന്‍ നിര്‍ദേശിക്കാറുണ്ട്. മുഴയുടെ വലിപ്പം വര്‍ധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഫൈബ്രോയിഡിന്റെ സ്ഥാനം മാറിയിട്ടുണ്ടോയെന്നും പരിശോധിക്കണം. സ്ത്രീ ഹോര്‍മോണ്‍ ഈസ്ട്രജന് രോഗകാരണമായതിനാല്, മറ്റ് മാര്‍ഗങ്ങളിലൂടെ ഗര്‍ഭാശയ മുഴ തടയാനാകില്ല. ഭക്ഷണക്രമീകരണത്തിലൂടെയോ, വ്യായാമത്തിലൂടെയോ ഗര്‍ഭാശയ മുഴ ഒഴിവാക്കാനാകില്ല. അതുപോലെ ഗര്‍ഭാശയ മുഴ കാന്‍സറാകാനുള്ള സാധ്യതയും വളരെ കുറവാണ്. ചികിത്സ ഫൈബ്രോയിഡുകളുടെ ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സാരീതികളും വ്യത്യാസപ്പെടും. മൂന്ന് തരത്തിലുള്ള ചികിത്സകള്‍ ഫൈബ്രോയിഡുകള്‍ക്ക് ലഭ്യമാണ്. കണ്‍സര്‍വേറ്റീവ് മാനേജ്മെന്റാണ് ചികിത്സരീതികളിലൊന്ന്. ഫൈബ്രോയിഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, കാന്‍സറാണെന്ന് ഭയപ്പെടുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഒട്ടുമിക്ക ഫൈബ്രോയിഡുകള്‍ക്കും ചികിത്സ വേണ്ടി വരുന്നില്ല. വളരെ ചെറിയ മുഴകള്‍, മറ്റ് അസ്വസ്ഥതകള്‍ ഉണ്ടാക്കാത്ത മുഴകള്‍ എന്നിവ സ്കാന്‍ ചെയ്യുമ്പോള്‍ കണ്ടെത്തിയെന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. ഇത്തരം മുഴകള്‍ക്ക് ചികിത്സകള്‍ സാധാരണഗതിയില്‍ ആവശ്യമായി വരുന്നില്ല. ഇവയ്ക്ക് ഇടയ്ക്കിടെ സ്കാന്‍ ചെയ്യേണ്ടതുമില്ല. നാല് - അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ സ്കാന്‍ ചെയ്താല്‍ മതിയാകും. ഇങ്ങനെ മരുന്നുകള്‍ നല്‍കാതെ, മറ്റ് ശസ്ത്രക്രിയകള്‍ ഇല്ലാതെ മുഴകള്‍ പരിഹരിക്കുന്നതിനാണ് കണ്‍സര്‍വേറ്റീവ് മാനേജ്മെന്റ്. മിക്കവാറും കണ്ടുവരുന്ന ഫൈബ്രോയിഡുകള്‍ കണ്‍സര്‍വേറ്റീവ് മാനേജ്മെന്റിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഫൈബ്രോയിഡുകള്‍ക്ക് ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കാറുണ്ട്. അതായത് അമിത രക്തസ്രാവം ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനുള്ള ചികിത്സ ലഭ്യമാണ്. അതിലൊന്നാണ് രക്തസ്രാവം കുറയ്ക്കാനുള്ള ഗുളികകള്‍. അതിലൂടെ അമിത രക്തസ്രാവമുള്ള സ്ത്രീകള്‍ക്ക് രക്തസ്രാവം കുറയുന്നതിനും, ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതിനും സഹായിക്കും. മറ്റൊന്നാണ് ഹോര്‍മോണ്‍ ചികിത്സ. ഗര്‍ഭനിരോധന ഗുളികകള്‍ പ്രത്യുത്പാദനം നടക്കുന്ന പ്രായത്തില്‍ ഫൈബ്രോയിഡിന്റെ വലിപ്പം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മൂന്നാമതായി പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണുകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്. ഏറ്റവും നൂതനമായ ചികിത്സരീതിയാണിത്. സര്‍ജിക്കല്‍ ട്രീറ്റ്മെന്റ് മരുന്നുകളിലൂടെ ചികിത്സിച്ച് ഭേദമാക്കുന്നത് കൂടാതെ സര്‍ജിക്കല്‍ ട്രീറ്റ്മെന്റിലൂടെ മുഴകള്‍ നീക്കം ചെയ്യാനാകും. േൈഫബ്രായിഡുകള്ക്ക് ഉതകുന്ന ചികിത്സരീതിയാണ് സര്‍ജറി. സര്‍ജറി പലവിധത്തിലുണ്ട്. മുഴകള്‍ മാത്രമായി എടുത്തുമാറ്റുന്ന രീതി, ഗര്‍ഭപാത്രം പൂര്‍ണമായും എടുത്തുമാറ്റുന്ന ചികിത്സ എന്നിങ്ങനെ. മുഴകള്‍ മാത്രം നീക്കം ചെയ്യുന്നതാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്. കാരണം ഗര്‍ഭപാത്രം നീക്കം ചെയ്യുകയെന്നത് പലര്‍ക്കും ഭീതിയുണ്ടാക്കും. മുഴകള്‍ മാത്രം നീക്കം ചെയ്യുന്ന ചികിത്സ രീതി ഉണ്ടെങ്കിലും അവയ്ക്ക് ചില ന്യൂനതകളുമുണ്ട്. കാരണം ചെറിയ ഫൈബ്രോയിഡുകള്‍ എത്രമാത്രം അവശേഷിക്കുന്നുണ്ടെന്ന് പറയാനാകില്ല. നീക്കം ചെയ്ത ഫൈബ്രോയിഡുകള്‍ കൂടാതെ മറ്റ് ഫൈബ്രോയിഡുകള്‍ കാണാനിടയുണ്ട്. സര്‍ജറിക്ക് ശേഷം വളരാനുമിടയുണ്ട്. അതുകൊണ്ട് മുഴകള്‍ നീക്കം ചെയ്യുന്നതിനെ പൂര്‍ണമായ ചികിത്സ രീതിയായി കണക്കാക്കാനാകില്ല. എന്നാല്‍ ചില അവസരങ്ങളില്‍ വളരെ ഫലപ്രദമാണ്. ഗര്‍ഭാശയത്തിന്റെ അകത്തും പുറത്തുമുള്ള മുഴകള്‍ മാത്രമായി, ഓപ്പണ്‍ സര്ജറിയിലൂടെയോ, ലാപ്രോസ്കോപിയിലൂടെയോ നീക്കം ചെയ്യാനാകും. മറ്റൊന്നാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന രീതി. മറ്റ് ചികിത്സ രീതികള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. ഇത് കൂടാതെ നൂതനമായ ചികിത്സ രീതിയാണ് യൂട്രേം ആര്‍ട്രി എംപോളൈസേഷന്. അതായത് ഫൈബ്രോയിഡിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കുന്ന രക്തക്കുഴല്‍ കണ്ടെത്തി മരുന്ന് ഇന്‍ജക്ട് ചെയ്യും. അതുമൂലം ഫൈബ്രോയിഡിനു വളരാനുള്ള പോഷകങ്ങള്‍ ലഭിക്കാതെ ഫൈബ്രോയിഡ് ചുരുങ്ങിപ്പോകും. ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണുകളുടെ വര്‍ധനവ് മൂലം ഉണ്ടാകുന്ന രോഗമായതിനാല്‍ വളരെ ചെറിയ ഫൈബ്രോയിഡുകള്‍ വരെ ഉണ്ടാകാനിടയുണ്ട്. ഗര്‍ഭാശയത്തിനുള്ളില്‍ വീണ്ടും മുഴകള്‍ ഉണ്ടാകാനും വളരാനുമുള്ള സാധ്യതയുള്ളതുകൊണ്ട് ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയമുഴകള്‍ പൂര്‍ണമായും ഭേദമായെന്ന് ഉറപ്പിക്കാനാകില്ല. ഭാവിയില്‍ മുഴകള്‍ വീണ്ടും ഉണ്ടാകാനും വളരാനുമുള്ള സാധ്യതയുമുണ്ട്. ഡോ. ഷെറിന് വര്‍ഗീസ് കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഭാരത് ഹോസ്പിറ്റല്‍, കോട്ടയം തയാറാക്കിയത്: നീതു സാറാ ഫിലിപ്പ്