ഹൃദയാഘാതം ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം. വ്യായാമത്തിലും ഭക്ഷണക്രമീകരണത്തിലും നല്ല പ്രായത്തില്‍ തന്നെ കരുതല്‍ ആരംഭിക്കണം. സ്നേഹത്തിന്റെ പ്രതീകമാണ് ഹൃദയം. അതുകൊണ്ടാണ് സ്നേഹലാളനങ്ങള്‍ കൊണ്ട് അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു കിടത്തി ഉറക്കുന്നത്. അമ്മയുടെ നെഞ്ചിലെ ചൂടുപറ്റി ഉറങ്ങുന്ന കുഞ്ഞ് താരാട്ടിനേക്കാള്‍ അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം കേട്ടായിരിക്കും ഉറങ്ങുക. താളാത്മകമായ ഹൃദയത്തിന്റെ ചലനത്തിനു ഒരു സംഗീതമുണ്ട്. എന്നാല്‍ ഈ സംഗീതത്തിനു താളപ്പിഴകള്‍ ഉണ്ടാകുന്നതെപ്പോഴാണെന്നു പ്രവചിക്കാനാകില്ല. ഹൃദയം കൊണ്ട് സ്നേഹിക്കുന്നതിനൊപ്പം ഹൃദയത്തെ സ്നേഹിക്കാന്‍ കൂടി മറക്കരുത്. ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം. വ്യായാമത്തിലും ഭക്ഷണക്രമീകരണത്തിലും നല്ല പ്രായത്തില്‍ തന്നെ കരുതല്‍ ആരംഭിക്കണം. അതോടൊപ്പം ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയാഘാതമുണ്ടായാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന കാര്യത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നിശബ്ദമായ കൊലയാളി ശരീരത്തിലെ ഏതൊരു അവയവത്തിനും രക്തം ആവശ്യമാണ്. അതുപോലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും രക്തം അനിവാര്യമാണ്. കോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും അതിലൂടെയുള്ള ഊര്‍ജോത്പാദനത്തിനും രക്തത്തിലെ ഘടകങ്ങള്‍ വളരെ ആവശ്യമാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഈ പമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ആവശ്യമായ പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും ഹൃദയധമനികളിലൂടെയാണ് എത്തുന്നത്. മഹാധമനിയുടെ ശാഖകളായ രണ്ട് കൊറോണറികള്‍ (ചെറിയ ധമനികള്‍) വഴിയാണ് രക്തം ഹൃദയപേശികളില്‍ എത്തുന്നത്. കാലപ്പഴക്കം കൊണ്ടോ ശരിയായ സംരക്ഷണം നല്കാതെയുള്ള ദുശീലങ്ങള്‍ കൊണ്ടോ കൊറോണറി ധമനികളും അപകടത്തിലാകുന്നു. ഇങ്ങനെ രക്തസഞ്ചാരം കുറയുന്നതിലൂടെ ഹൃദയത്തിലെ കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയാണ് ഹാര്‍ട്ടറ്റാക്ക്. ലക്ഷണങ്ങള്‍ തിരിച്ചറിയുക ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ മിക്കപ്പോഴും നെഞ്ചിനോട് ബന്ധപ്പെട്ടുള്ളതായിരിക്കും. തൊണ്ണൂറ് ശതമാനവും ഇത്തരത്തിലായിരിക്കും പ്രകടമാകുക. എന്നാല്‍ പതിനഞ്ച് ശതമാനം ആളുകളില്‍ നെഞ്ചിനോട് യാതൊരു ബന്ധവുമില്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം. പലര്‍ക്കും നെഞ്ചിനോടനുബന്ധമായ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ടെങ്കിലും കൃത്യമായി വേദന അനുഭവപ്പെടുന്നത് എവിടെയെന്നു തിരിച്ചറിയാന്‍ കഴിയാതെ വരുന്ന സാഹചര്യവുമുണ്ട്. സാധാരണയായി അനുഭവപ്പെടുന്ന വേദനയ്ക്ക് അന്ജെന എന്നു പറയുന്നു. ഇത് പലതരത്തില്‍ അനുഭവപ്പെടാം. നെഞ്ച്് പൊട്ടിപോകുന്ന വേദനയുണ്ടാകുക ശ്വാസോഛ്വാസം ക്രമാതീതമായി ഉയരുക നെഞ്ചില്‍ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒരാളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ നെഞ്ചിന്റെ ഇടതു വശത്താണ് ഹൃദയം സ്ഥിതി ചെയ്യുന്നതെന്നതു കൊണ്ട് നെഞ്ചിന്റെ ഇടതുവശത്തായിരിക്കും വേദന അനുഭവപ്പെടുകയെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. എന്നാല്‍ അല്‍പ്പം ഇടത്തേക്ക് ചെരിഞ്ഞ ആകൃതിയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നതെങ്കിലും,ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് വേദന അനുഭവപ്പെടുക. നെഞ്ചില്‍ നിന്നും വേദന വ്യാപിക്കുക കയ്യിലേക്കായിരിക്കും. പൊതുവേ ഇടതു കയ്യിലേക്കാണ് വ്യാപിക്കുന്നതെങ്കിലും ഇടതു കയ്യില്‍ മാത്രമല്ല, വലതു കയ്യിലും വേദന വ്യാപിക്കാന്‍ സാധ്യതയുണ്ട്. ചില കേസുകളില്‍ രണ്ടു കൈകളിലും വേദന അനുഭവപ്പെടാം. നെഞ്ചും താടിയും കഴയ്ക്കുന്നതായി തോന്നുക, വളരെ അപൂര്‍വ്വമായി ചെവിക്കും നടുവിനും തൊണ്ടയിലും വേദന അനുഭവപ്പെടാം. ഹൃദയാഘാതത്തിന്റെ അനുബന്ധ ലക്ഷണങ്ങളായി രോഗി വെട്ടി വിയര്‍ക്കുക, വയറ്റില്‍ നിന്നും പോകണമെന്ന തോന്നല്‍, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. അപൂര്‍വമായി ചിലരില്‍ ഹൃദയാഘാതത്തോടനുബന്ധിച്ചുള്ള ലക്ഷണങ്ങള്‍ വയറിലേക്കും വ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തരം അനുബന്ധ ലക്ഷണങ്ങള്‍ പൊക്കിളിനു താഴേക്ക് യാതൊരു കാരണവശാലും വ്യാപിക്കാറില്ല. ഏകദേശം എണ്‍പത് ശതമാനം ആളുകള്‍ ഹൃദയാഘാതത്തിന്റെ പ്രാരംഭഘട്ടം ഗ്യാസ്ട്രബിളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നു അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഹൃദ്രോഗത്തിനു സാധ്യത ഘടകമുള്ള വ്യക്തികള്‍ തീര്‍ച്ചയായും മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണ്. കാരണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഹൃദ്രോഗികളുടെ എണ്ണത്തേക്കാള്‍ അവരുടെ പ്രായമായിരിക്കും ഏറെ ശ്രദ്ധിക്കേണ്ടത്. മുന്‍കാലങ്ങളില്‍ പുരുഷന്മാര്ക്ക് അന്‍പത്തിയഞ്ച് വയസിനു ശേഷവും സ്ത്രീകള്‍ക്ക് നാല്‍പ്പത്തിയഞ്ച് വയസിനു ശേഷവുമെന്നതായിരുന്നു പൊതു നിലവാരം. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇക്കാര്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നത് വാസ്തവമാണ്. അതുകൊണ്ട് തന്നെ സാധ്യത ഘടകങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കാരണങ്ങളില്‍ പ്രധാനം പ്രായമാണ്. പ്രായവും പുകവലിയും സാധ്യത ഘടകങ്ങളില്‍പ്പെടുന്നു. അതുകൊണ്ട് തന്നെ പുരുഷന്മാരില് 55 വയസിനു ശേഷമുള്ള രോഗലക്ഷണങ്ങള്‍ സാധ്യത ഘടകമായി കണക്കാക്കുന്നു. നിയന്ത്രണമില്ലാത്ത ഭക്ഷണരീതികളും അമിതമായ പുകവലിയും കാരണം വളരെ വേഗം ഹൃദ്രോഗത്തിനു അടിമപ്പെടുന്നവരാണിന്ന് ബഹുഭൂരിഭാഗവും. സ്ത്രീ - പുരുഷന്മാരിലെ കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, പാരമ്പര്യ ഘടകങ്ങള്‍ എന്നിവയും ഹൃദ്രോഗത്തിനുള്ള സാധ്യത ഘടകങ്ങളായി വിലയിരുത്താവുന്നതാണ്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കാവുന്നതാണ്. എന്നാല്‍ കൊളസ്ട്രോള്‍ സാധ്യതഘടകമെന്നതിലുപരി അടിസ്ഥാനഘടകമെന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം. കൊഴുപ്പ് കൂടുന്ന അവസ്ഥയെന്നു സാധാരണയായി പറയുമെങ്കിലും ഏതെങ്കിലും രീതിയിലുള്ള കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് മാത്രമല്ല. അതിലുപരി ശരിയായ ഭക്ഷണക്രമമില്ലാത്തതും വ്യായാമം കുറയുന്നതും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാക്കുന്നു. വ്യായാമവും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ കാര്യത്തില്‍ നിയന്ത്രണവും ഇല്ലാതാകുമ്പോള്‍ ചില ഉപഘടകങ്ങള്‍ ഉണ്ടാകുന്നു. ഇത് കൂടുതലുള്ളവര്‍ക്ക് സാധ്യത ഘടകമായ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, നല്ല കൊളസ്ട്രോള്‍ എന്നിവയുടെ കുറവ് സംഭവിക്കാം. ഇതോടൊപ്പം മറ്റു ഘടകങ്ങളുടെ കുറവ് കൂടി ഉണ്ടാകുന്നു. ഇത് ഹൃദയത്തിനു തടസമുണ്ടാകാന്‍ കാരണമാകുന്നു. ഹൃദയത്തിനുണ്ടാകുന്ന ബ്ലോക്ക് പെട്ടെന്നുണ്ടാകുന്നതല്ല. വര്‍ഷങ്ങളായി രൂപപ്പെടുന്നതാണ്. ഇത് രൂപപ്പെടുന്നതിനു ഒരു ഉപഘടകമുണ്ടാകും. വര്‍ഷങ്ങളായിട്ടുള്ള ഈ ഉപഘടകങ്ങള്‍ പൊട്ടി ഹൃദയത്തിനു ബ്ലോക്കുണ്ടായി ഹൃദയവാല്‍വ് അടയുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതുകൊണ്ട് സാധ്യത ഘടകങ്ങളെല്ലാം ഒരു പരിധിവരെ അടിസ്ഥാനപരമായി ഹൃദയത്തിനു ബ്ലോക്കുണ്ടാകുവാന് കാരണമാകുന്നുണ്ട്. ആദ്യ മണിക്കൂര്‍ നിര്‍ണായകം ഹൃദയാഘാതമുണ്ടായി ആദ്യ മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നു പറയുന്നത് രണ്ടു കാരണങ്ങള്‍ക്കൊണ്ടാണ്. ഈ സമയമാണ് ഏറ്റവും സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. ചികിത്സിച്ചാല്‍ ഏറ്റവും പ്രയോജനമുള്ള സമയവും ഹൃദയാഘാതമുണ്ടായി ആദ്യ മണിക്കൂറുകളിലാണ്. അതുകൊണ്ട് തന്നെ ഹൃദയാഘാതമുണ്ടാകുന്ന ആദ്യ മണിക്കൂറുകള്‍ രോഗിയെ സംബന്ധിച്ച് വളരെയധികം വിലപ്പെട്ടതാണ്. അതിനാലാണ് ഈ നിര്‍ണായക സമയത്തെ വൈദ്യശാസ്ത്രം 'ഗോള്‍ഡന്‍ ഔര്‍' എന്നു വിളിക്കുന്നത്. ഗോള്‍ഡന്‍ ഔര്‍ സമയോചിതമായി വിനിയോഗിച്ചാല്‍ ഇനി വരാനുള്ള ആഘാതത്തിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം വന്ന ആഘാതത്തെ കണ്ടെത്തി പെട്ടെന്ന് വീണ്ടും ഉണ്ടാകാനുള്ള അപകട സാധ്യത കുറയ്ക്കാനും സഹായിക്കും. ഹൃദയാഘാതത്തിനു ശേഷം ഹൃദയത്തിന്റെ പേശികള്‍ക്ക് ക്ഷതമുണ്ടാകുന്നു. ക്ഷയിച്ച മസിലുകള്‍ ഹൃദയാഘാതത്തിനു ശേഷം കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഹൃദയത്തിനൊരു താളാത്മകമായ ചലനമുണ്ട്. താളാത്മകമായ ഈ ചലനങ്ങള്‍ക്ക് പെട്ടന്നുണ്ടാകുന്ന താളവ്യത്യാസങ്ങള്‍ ഹൃദയത്തിന്റെ സുഗമമായ ചലനത്തെ ബാധിക്കും. ഹൃദയത്തിനുണ്ടാകുന്ന താളപ്പിഴകള്‍ കാരണം വളരെ വേഗം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാം. ഹൃദയാഘാതമുണ്ടായി ആദ്യ മണിക്കൂറില്‍ പല രീതിയില്‍ നിലച്ചുപോയ രക്തയോട്ടം പുനഃസ്ഥാപിക്കാനാകും. മരുന്നുകള്‍കൊണ്ടോ, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നീ മാര്‍ഗങ്ങളിലൂടെയും പുനഃസ്ഥാപിക്കാവുന്നതാണ്. ഹൃദയാഘാതമുണ്ടായാല്‍ ഹൃദയാഘാതമുണ്ടായാല്‍ ആദ്യം ഹൃദയാഘാതത്തെ തരണം ചെയ്യുകയെന്നതാണ് പ്രധാനം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തോന്നിയാല്‍ എത്രയും വേഗം രോഗിയെ വിദഗ്ധ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കണം. ഹൃദയാഘാതം പ്രധാനമായും മേജര്‍, മൈനര്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണുള്ളത്. ഇതില്‍ മൈനര്‍ അറ്റാക്ക് ആണെങ്കില്‍ മരുന്നുകള്‍ നല്കി ചികിത്സിച്ചാല്‍ മതിയാകും. തക്കസമയത്ത് ചികിത്സ നേടിയാല്‍ മേജര്‍ അറ്റാക്കിലേക്ക് പോകാതെ സംരക്ഷിക്കാനാകും. ഇവയൊക്കെ ഒരു കാര്‍ഡിയോളജിസ്റ്റിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയത്തിലെ ബ്ലോക്ക് കൂടുതലാണെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്ത് ആന്‍ജിയോപ്ലാസ്റ്റിയിലൂടെയോ ബൈപാസ് സര്ജറിയിലൂടെയോ സ്റ്റെബിലൈസ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആദ്യ ഹൃദയാഘാതം മേജറാണെങ്കില് പരിശോധനകള്‍ക്ക് ശേഷം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കണം. രോഗിയെ കൊണ്ടുപോകുന്ന ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ എത്രയും വേഗം ആന്‍ജിയോപ്ലാസ്റ്റി നല്കാന് സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കണം. കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗിയെ 24 മണിക്കൂര്‍ സമയത്തേക്ക്് ഐ. സി.യു വിലേക്കായിരിക്കും മാറ്റുക. ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയാലും വിശ്രമത്തിലൂടെ ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കേണ്ടതാണ്. രോഗിയായെന്ന ചിന്ത ഒഴിവാക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഹൃദയാഘാതമുണ്ടാകുന്ന സമയങ്ങളില്‍ രോഗിയോടൊപ്പമുള്ള ബന്ധുക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സമചിത്തതയോടെ പെരുമാറേണ്ടത് കൂടെയുള്ള ബന്ധുമിത്രാദികള്‍ തന്നെയാണ്. ആത്മസംയമനത്തോടെ ഇടപെടാന്‍ കഴിവതും ശ്രമിക്കണം. ഈ സമയങ്ങളില്‍ രോഗിക്ക് ധൈര്യം നല്‍കേണ്ടതും കുടുംബാംഗങ്ങളാണ്. സമാധാനപരമായി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയണം. രോഗി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. രോഗിക്ക് ബുദ്ധിമുട്ടോ ടെന്‍ഷനോ ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു വിധ പെരുമാറ്റങ്ങളും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണം. ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഒരു കാരണവശാലും രോഗി വാഹനങ്ങള്‍ ഡ്രൈവ് ചെയ്യരുത്. നെഞ്ചുവേദനയോ മറ്റ് അനുബന്ധ ലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളേയോ വിവരമറിയിക്കണം. ഒരിക്കലും കാര്യങ്ങള്‍ അവരില്‍ നിന്നും മറച്ചു വയ്ക്കരുത്. രോഗിയെ ആംബുലന്‍സില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുക. മറ്റു വാഹനങ്ങളിലാണെങ്കില്‍ രോഗിയെ വിശ്രമിക്കാന്‍ അനുവദിക്കണം. അധികം സംസാരിക്കാന്‍ അനുവദിക്കരുത്. കുടുംബാംഗങ്ങള്‍ വെപ്രാളപ്പെടരുത്. സമാധാനപരമായ അന്തരീക്ഷം നല്‍കണം. രോഗി കുഴഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള മുന്‍കരുതലുകള്‍ പാലിക്കണം. സിപിആര്‍ കൊടുക്കാന്‍ അറിയാവുന്നവരുടെ സഹായം തേടുന്നത് നന്നായിരിക്കും. ആശുപത്രിയിലേക്കുള്ള യാത്രയില്‍ സിപിആര്‍ നല്കാന് അറിയാവുന്ന ഒരാളെ കൂടെ കൊണ്ടുപോകുന്നതും ഉചിതം തന്നെ. രോഗിക്ക് ശ്വാസം മുട്ടലുണ്ടായാല്‍ നേരെ കിടത്താതെ ചരിച്ച് കിടത്തുക. അല്ലെങ്കില്‍ ചെരിഞ്ഞിരിക്കാന്‍ അനുവദിക്കുക. രോഗിയെ ഒരു കാരണവശാലും നടത്തിക്കൊണ്ട് പോകരുത്്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സമയം കളയാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയണം. രോഗിയുടെയും ബന്ധുക്കളുടെയും പുര്‍ണ സഹകരണവും സമാധാനത്തോടെയുള്ള ഇടപെടലും ഉണ്ടെങ്കില്‍ കൃത്യസമയത്ത് രോഗിയെ ആശുപത്രിയിലെത്തിച്ച് വിദഗദ്ധ ചികിത്സ നല്‍കാനാകും. ഹൃദ്രോഗം ഒരിക്കലും മാരക രോഗമായി രോഗി സ്വയം വിലയിരുത്താതെ മനസാന്നിധ്യത്തോടെ ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ ഏതൊരു രോഗവും പോലെ ഹൃദ്രോഗത്തെയും നേരിടാനാകും. ഡോ. ജോണി ജോസഫ് കാര്‍ഡിയോളജിസ്റ്റ് കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം ഗ്യാസ്ട്രബിള്‍ വയറ് വീര്‍ത്തു വരിക, വയറ്റില്‍ എരിച്ചില്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട്, കീഴ്വായു കൂടുതലായി പോകുക, വര്‍ദ്ധിച്ച ഏമ്പക്കം, പുളിച്ചുതികട്ടുക, വയറ്റിലും നെഞ്ചിന്റെ താഴെയും വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഗ്യാസട്രെബിളിന്റെ ഫലമായി ഉണ്ടാകാം ഗ്യാസിന്റെ പ്രശ്നങ്ങള്‍ എല്ലാവര്ക്കും അനുഭവപ്പെടാം. അത് സ്വാഭാവികം. മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഗ്യാസ് അധിക സമയം ഉള്ളില്‍ തങ്ങിനില്ക്കില്ല. കീഴ്വായുവായും ഏമ്പക്കമായും ഗ്യാസ് പുറത്തേക്കു പോകുന്നു. വയറ് വീര്‍ത്തു വരിക, വയറ്റില്‍ എരിച്ചില്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട്, കീഴ്വായു കൂടുതലായി പോകുക, വര്‍ദ്ധിച്ച ഏമ്പക്കം, പുളിച്ചുതികട്ടുക, വയറ്റിലും നെഞ്ചിന്റെ താഴെയും വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഗ്യാസട്രെബിളിന്റെ ഫലമായി ഉണ്ടാകാം. ഗ്യാസിന്റെ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി കരുതാനുള്ള സാധ്യത കൂടുതലാണ്. ലക്ഷണങ്ങള്‍ സൂക്ഷിക്കുക വന്‍കുടലിന്റെ ഇടത്തു വശത്തും വലത്തു വശത്തും ഗ്യാസ് നിറഞ്ഞ് മുകളിലേക്കു തള്ളുകയും ഹൃദയത്തിന് സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാം. ഇത് ഹൃദ്രോഗമാണെന്ന് തെറ്റദ്ധരിക്കേണ്ട. എന്നാല്‍ കുറച്ചു സമയത്തിനുശേഷവും വേദന കുറയാതിരിക്കുകയോ അസ്വസ്ഥതകള്‍ കൂടിവരികയോ ചെയ്താല്‍ ഗ്യാസാണെന്നു കരുതിയിരിക്കാതെ ഡോക്ടറെ സമീപിക്കണം. കാരണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഗ്യാസ്ട്രബിളായി തെറ്റിധരിച്ച് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവരും ഉണ്ട്. പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഒരു തവണ ഹൃദ്രോഗം വന്നിട്ടുള്ളവര്‍, വിട്ടുമാറാത്ത പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ അസ്വസ്ഥതകള്‍ കഠിനമാകുകയാണെങ്കില്‍ നിസാരമായി തള്ളിക്കളയരുത്. ഇവര്‍ ഗ്യാസ് ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കി നിര്‍ത്താനും ശ്രദ്ധിക്കണം. ചികിത്സ വേണ്ട മരുന്നില്ലാതെ മാറ്റാന്‍ കഴിയുന്ന ഒന്നാണ് ഗ്യാസ്ട്രെബിള്‍. സാധാരണ അനുഭവപ്പെടുന്ന ഗ്യാസിന് പ്രത്യേകിച്ച് ചികിത്സയൊന്നും ആവശ്യമില്ല. അല്പ സമയത്തിനുശേഷം മാറിക്കൊള്ളും. ജീരകവെള്ളം, ഉലുവാവെള്ളം, ചുക്കുവെള്ളം ഇവ ഈ സമയത്ത് കുടിക്കുന്നത് അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഗ്യാസ്ട്രെബിള്‍ വിട്ടു മാറാതെ തുടര്‍ച്ചയായി ഉണ്ടാകുകയോ ജീവചര്യയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസമായി നില്‍ക്കുകയോ ചെയ്യുമ്പോഴാണ് ചികിത്സ ആവശ്യമായി വരുന്നത്. ശാരീരിക രോഗങ്ങളുടെ ഭാഗമായിട്ടല്ലാതെ ഉണ്ടാകുന്ന ഗ്യാസ്ട്രബിളിനെ ഗൗരവമായി കാണേണ്ടതില്ല. ഗ്യാസ് ഉണ്ടാകുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ വാങ്ങി കഴിക്കരുത്. അശ്രദ്ധമായ ജീവിത രീതിയും ഭക്ഷണക്രമവുമാണ് ഗ്യാസിനുള്ള മുഖ്യ കാരണം. ഗ്യാസ്ട്രബിള്‍ പരിഹരിക്കാം ഗ്യാസ്ട്രബിളിനൊപ്പം മലം പോകുന്നതിനു തടസം, ചര്‍ദി, വയര്വീര്ക്കുക, വിശപ്പില്ലായ്മ, ക്ഷീണം, ശരീരം ക്ഷീണിക്കുക, മലത്തില്‍ രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഗ്യാസാണെന്നു കരുതി നിസാരമായി തള്ളികളയാനും പാടില്ല. ഗ്യാസ് മറ്റെന്തെങ്കിലും ഗുരുതര രോഗത്തിന്റെ ലക്ഷണമാണോയെന്നറിയാന് പരിശോധനയിലൂടെ കഴിയും. യഥാര്‍ത്ഥ കാരണം കണ്ടെത്തിയ ശേഷമായിരിക്കും ചികിത്സ നിര്‍ണയിക്കുക. മലപരിശോധന, ഇ.സി.ജി, എക്സറെ, രക്ത പരിശോധന എന്നീ പരിശോധിക്കുന്നതിലൂടെ ചികിത്സ ആവശ്യമുണ്ടൊയെന്ന് മനസിലാക്കാവുന്നതാണ്. ചെറുപ്പക്കാരില്‍ കൂടുതല്‍ ഏതുപ്രായക്കാര്‍ക്കും ഗ്യാസ്ട്രബിള്‍ ഉണ്ടാകാം. എന്നാല്‍ ഓരോരുത്തരിലും ഉണ്ടാകുന്ന ഗ്യാസിന്റെ അളവ് വ്യത്യസ്തമായിരിക്കും. കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായും ചെറിയ തോതില്‍ ഗ്യാസ് പോകുന്നതിനെ കണക്കാക്കാം. ഇന്നത്തെ ചെറുപ്പകാര്‍ക്ക് ഗ്യാസിന്റെ പ്രശ്നങ്ങള്‍ കൂടുന്നതായിട്ടാണ് കണ്ടുവരുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് ഒരു പ്രധാന കാരണം. ടെന്‍ഷനും, ആകുലതയും കൂടുമ്പോള്‍ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു. ജോലിത്തിരക്കിനിടയില്‍ പലരും ഭക്ഷണംപോലും ഉപേക്ഷിക്കുന്നു. ഗ്യാസ്ട്രബിളിനെ അറിഞ്ഞുകൊണ്ടു ക്ഷണിച്ചുവരുത്തുകയാണ് ഇത്തരം ശീലങ്ങള്‍. വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന രീതിയും ശരിയല്ല. ഓരോരുത്തരുടെയും ആവശ്യമറിഞ്ഞുവേണം ഭക്ഷണം കഴിക്കാന്‍. ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കുക. ഗ്യാസ് പിടിപെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി നിര്‍ത്തുക എന്നതാണ് ഗ്യാസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഭക്ഷണം ഉപേക്ഷിക്കരുത് എത്രത്തോളം മെലിഞ്ഞിരിക്കുന്നുവോ അതാണു സൗന്ദര്യത്തിന്റെ രഹസ്യമെന്നു കരുതി ഭക്ഷണം ഉപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക. ഭക്ഷണം ഉപേക്ഷിച്ചതുകൊണ്ടു മാത്രം വണ്ണം കുറയണമെന്നില്ല. മറ്റു പല രോഗങ്ങളും കടന്നു കൂടുന്നതിനുള്ള എളുപ്പ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഗ്യാസ്ട്രബിളിന്റെ അസ്വസ്ഥതകളും. ആഹാരം ഉപേക്ഷിക്കുന്നതു മാത്രമല്ല അമിതാഹാരവും ഗ്യാസിനു കാരണമാവാം. ദഹനക്കുറവാണ് ഗ്യാസിന്റെ ആധിക്യത്തിനുള്ള ഒരു പ്രധാന കാരണം. മാനസിക സംഘര്‍ഷങ്ങളും കുടലിന്റെ ചലനത്തെ ബാധിക്കാം. ഹൃദ്രോഗം ഹൃദയത്തെ കരുതലോടെ കാത്താല്‍ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവന് നഷ്ടപ്പെടാനും കാരണമായേക്കാം. മുന്‍കൂട്ടി മനസിലാക്കൂ കാരണങ്ങള്‍ സ്വയം മനസിലാക്കിയാല്‍ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണ്ണമായി നിലച്ച് കോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. വ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി, മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണമാകാം. അപായ ഘടകങ്ങള്‍ വച്ചുള്ള പലതരം നിര്‍ണ്ണയങ്ങളാണ് ഹൃദ്രോഗ സാദ്ധ്യത അനുമാനിക്കാനും, പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നത്. യഥാസമയങ്ങളില്‍ ടെസ്റ്റുകള്‍ ചെയ്ത് രക്തത്തിലെ കൊളസ്ട്രോള്‍ ഘടകങ്ങള്‍ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈ.സി.ജി, എക്കോ, ടി.എം.ടി എന്നിവയും ഹൃദ്രോഗ നിര്‍ണ്ണയത്തിനു സഹായപ്രദമാണ്. ഹൃദയാഘാതം: ശ്രദ്ധിക്കേണ്ടണ്ട കാര്യങ്ങള്‍ ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതിനാല്‍ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാല്‍ ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യേണ്ടതാണ്. ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാല്‍ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഹൃദയ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍: ആരും സഹായത്തിനില്ലാത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക. ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ രോഗിയെ എത്തിക്കുക. രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ ചെയ്യുക. രോഗിക്ക് ബോധം ഉണ്ടെങ്കില്‍ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക. രോഗിയുടെ നാഡിമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കില്‍ രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കേണ്ടതാണ്. ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറില്‍ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നല്‍കാതിരിക്കുക. രോഗിയുടെ ബോധം നഷ്ടപ്പെട്ട് പള്‍സ് നിലച്ചാല്‍ സി.പി.ആര് പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക. രോഗിക്ക് പൂര്‍ണ്ണ വിശ്രമം നല്കി വീല്‍ചെയറിലോ, കസേരയിലോ, സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക. ഡോ. പ്രവീണ്‍ എസ്.വി. MD (Med.), DNB (Med.), MNAMS, DM (Card.), DNB (Card.), FNB (Interventional Card.) കണ്‍സട്ടന്റ് - കാര്‍ഡിയോളജി, കിംസ് ഹൃദയം സംരക്ഷിക്കും പരിശോധനകള്‍ ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പുവരുത്താം. കൃത്യമായ ഇടവേളകളിലുള്ള പരിശോധനകള്‍ നടത്തുന്നത് ഹൃദ്രോഗം തടയാന്‍ സഹായിക്കും ഹൃദയാഘാതത്തെ മുന്‍കൂട്ടി അറിഞ്ഞ് ചെറുത്തുനില്ക്കാനുള്ള നിരവധി പരിശോധനാരീതികള്‍ ഇന്ന് നിലവിലുണ്ട്. വ്യായാമത്തിലൂടെ പരിശോധന വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയെ 'ട്രെഡ്മില് ടെസ്റ്റ് 'എന്നാണ് പറയുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നല്‍കുന്നതാണ് ട്രെഡ്മില് ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്ളാറ്റ്ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പ്ളാറ്റ്ഫോം ചലിപ്പിക്കുന്നു. ട്രെഡ്മില് ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും. അധിക സമയം പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. എക്സ്റേ സാധാരണക്കാര്‍ക്ക് ഏറ്റവും സുപരിചിതമായ പരിശോധനയാണിത്. എക്സ്റേ ഫിലിം പരിശോധിച്ച് ഹൃദയത്തിന്റെ അവസ്ഥ മനസിലാക്കാം. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത ആദ്യം കണക്കാക്കുന്നത് എക്സ്റേ ഫിലിമിലൂടെയാണ്. വിശദമായ പരിശോധന ആവശ്യമാണോ എന്ന് വിലയിരുത്തുന്നതും എക്സ്റേ പരിശോധനയ്ക്കു ശേഷമായിരിക്കും. ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് ഹൃദയ പരിശോധനയില്‍ പ്രഥമ സ്ഥാനമാണ് ഇലക്ട്രോ കാര്ഡിയോഗ്രാഫിനുള്ളത്. ഇ.സി.ജി. എന്നാണ് ഇതിന്റെ ചുരുക്കപ്പേര്. നെഞ്ചിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലും ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് ഇലക്ട്രോ കാര്ഡിയോഗ്രാഫിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ചാണ് ഹൃദയ സ്പന്ദനത്തിന്റെ തകരാറുകള്‍ നിര്‍ണയിക്കുക. ഹൃദയ സ്പന്ദനത്തിലുണ്ടാകുന്ന വ്യതിയാനവും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. ഇക്കോ കാര്‍ഡിയോഗ്രാം ഹൃദയ മാംസപേശികളുടെ തകരാറുകളും ഹൃദയാഘാതത്തിന് കാരണമാകാം. അതിനാല്‍ ഹൃദയ മാംസപേശികളുടെ തകരാറുകളും ഹൃദയ വാല്‍വുകളുടെ പ്രശ്നങ്ങളും പരിശോധിച്ചറിയേണ്ടതുണ്ട്. ഇക്കോ കാര്ഡിയോഗ്രാമാണ് ഇതിനുപയോഗിക്കുന്നത്. അള്‍ട്രാസൗണ്ട് വികിരണങ്ങളുടെ സഹായത്തോടെയാണ് ഇക്കോ കാര്‍ഡിയോഗ്രാം ചെയ്യുന്നത്. ഹൃദയ മാംസപേശികളുടെയും ഹൃദയ വാല്‍വുകളുടെയും തകരാറുകള്‍ മനസിലാക്കാന്‍ അള്‍ട്രാസോണിക് രശ്മികള്‍ ഉപയോഗിച്ചുള്ള ഈ പരിശോധനയിലൂടെ സാധിക്കും. പൊസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി ആധുനികമായ ഒരു പരിശോധനാരീതിയാണ് 'പെറ്റ് സ്കാന്‍' അഥവാ പൊസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി. കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് രോഗനിര്‍ണയം നടത്തുന്നത്. റേഡിയോ ന്യൂക്ളൈഡ് എന്ന രാസവസ്തു കുറഞ്ഞ തോതില്‍ രോഗിയില്‍ കുത്തിവയ്ക്കുന്നു. രക്തക്കുഴലിലൂടെ കടന്നു പോകുന്ന റേഡിയോ വികിരണങ്ങളെ രോഗിയുടെ സമീപത്തു വച്ചിരിക്കുന്ന പെറ്റ് സ്കാനര്‍ ചിത്രങ്ങളായി കംപ്യൂട്ടറില്‍ കാണിയ്ക്കും. ഹൃദയ പേശികളുടെ തകരാറും രക്തചംക്രമണത്തിലെ തടസങ്ങളും കൃത്യമായി മനസിലാക്കാന്‍ ഇത് സഹായിക്കുന്നു. ആന്‍ജിയോഗ്രാം ഹൃദയത്തിലെ കൊറോണറി രക്തക്കുഴലുകളിലേയ്ക്ക് ആന്‍ജിയോഗ്രാഫിക് ഡൈ നേരിട്ട് കുത്തിവച്ച് നടത്തുന്ന പരിശോധനയാണിത്. കാത്ലാബിന്റെ സഹായത്തോടെയാണ് പരിശോധന. പ്രത്യേക കുഴലുകള്‍ വഴിയാണ് ആന്‍ജിയോഗ്രാഫിക് ഡൈ ഹൃദയത്തിലെ രക്തക്കുഴലിലേയ്ക്ക് കുത്തിവയ്ക്കുന്നത്. ഡൈ സഞ്ചരിക്കുന്ന രക്തക്കുഴലുകളുടെ ചിത്രം ആന്ജിയോഗ്രാമുമായി ഘടിപ്പിച്ച കംപ്യൂട്ടറില്‍ കാണാം. ഡൈ അടങ്ങിയ ഭാഗം കറുത്തും ഡൈ ഇല്ലാത്ത ഭാഗം വെളുത്തുമാണ് കാണപ്പെടുക. ഹൃദയ രക്തധമനികളുടെ വിവരങ്ങള്‍ അറിയാന്‍ ആന്‍ജിയോഗ്രാം പരിശോധന സഹായിക്കുന്നു. ഹൃദയ ധമനികള്‍ക്ക് പ്രശ്നമുള്ള മിക്കവരിലും ആന്‍ജിയോഗ്രാം പരിശോധന ആവശ്യമായി വരാറുണ്ട്. അള്‍ട്രാ ഫാസ്റ്റ് സ്കാന്‍ ചിലയാളുകളില്‍ കാല്‍സ്യം ലവണങ്ങള്‍ അടിഞ്ഞുകൂടി രക്തധമനികളില്‍ ബ്ളോക്കുണ്ടാകാറുണ്ട്. ഹൃദയ രക്തക്കുഴലുകളിലെ ബ്ളോക്ക് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയാണ് അള്‍ട്രാ ഫാസ്റ്റ് സ്കാന്‍. വലിയ രക്തധമനികളുടെ പരിശോധന മാത്രമേ സാധ്യമാകൂ എന്നത് ഈ പരിശോധനാരീതിയുടെ ന്യൂനതയാണ്. ഹോള്‍ട്ടര്‍ ടെസ്റ്റ് രോഗനിര്‍ണയം വളരെ വേഗം സാധിക്കുന്ന പരിശോധനാരീതിയാണിത്. വിശ്രമ വേളയിലും രോഗി പരിശോധനാ വിധേയനായിരിക്കും. ഒരു ദിവസം മുഴുവന്‍ (24 മണിക്കൂര്‍) ഇ.സി.ജി. ഉപയോഗിക്കുന്ന രീതിയാണിത്. രോഗി വിശ്രമിക്കുന്ന സമയത്തും ഹൃദയസ്പന്ദനത്തിന്റെ ചലനങ്ങള്‍ ഇ.സി.ജി.യുടെ സഹായത്തോടെ അറിയാന്‍ കഴിയും. പെട്ടെന്നു തന്നെ രോഗനിര്‍ണയം നടത്തി ചികിത്സാ മാര്‍ഗങ്ങള്‍ അവലംബിക്കാമെന്നതാണ് ഹോള്‍ട്ടര്‍ ടെസ്റ്റിന്റെ മേന്മ. ഹൃദയത്തെ നേരിട്ടറിയാന്‍ സഹായിക്കുന്ന നിരവധി പരിശോധനാ രീതികള്‍ നിലവിലുണ്ട്. പ്രാഥമിക രോഗനിര്‍ണയത്തിനു സഹായിക്കുന്ന രക്തപരിശോധന, ഹൃദയത്തിലെ രക്തധമനികളുടെ പഠനത്തിന് ഉപകരിക്കുന്ന എം.ആര്.ഐ. എന്നിങ്ങനെ നീളുന്നു അവയുടെ നിര. ആരംഭത്തിലേയുള്ള പരിശോധനയും ചികിത്സയുമാണ് ഹൃദയാഘാതം തടയാനുള്ള മാര്‍ഗം. സ്ട്രോക്ക് ശരിയായ ആഹാര രീതിയിലൂടെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റ്സിന്റെയും ഉപയോഗം ഒഴിവാക്കണം. സ്ട്രോക്ക് ഉണ്ടാകാനുള്ള മുഖ്യ കാരണം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദമാണ്. പാരമ്പര്യമായി സ്ട്രോക്ക് സാധ്യതയുള്ളവര്‍ പുകവലി ഉപേക്ഷിക്കുന്നതിലൂടെ സ്ട്രോക്കിനുള്ള സാധ്യത കുറച്ചു നിര്‍ത്താം. അമിത വണ്ണമുള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും അരമണിക്കൂര്‍ നടക്കുന്നത് സ്ട്രോക്കിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വ്യായാമമാണ്. ആഹാരരീതി. ഭക്ഷണ ക്രമീകരണത്തിലൂടെ വലിയൊരളവോളം രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഊര്‍ജമുള്ള ആഹാരം കഴിക്കുന്നതു ശരീരഭാരം കൂടാന്‍ കാരണമാവുന്നു. ഭക്ഷണത്തിന്റെ അളവു ക്രമീകരിക്കുന്നതോടൊപ്പം ആഹാരത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കുന്നതും സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കും. ഉപ്പ് അധികം അടങ്ങിയ ആഹാര സാധനങ്ങള്‍ അച്ചാര്‍, പപ്പടം, ടിന്‍ഡ് ഫുഡ്സ്, സോസ്, ഡ്രൈ ഫിഷ് ഇവയെല്ലാം ആഹാരത്തില്‍ നിന്ന് ഒഴിവാക്കണം. ഇതിലൂടെ ഉയര്‍ന്ന ബി.പി. മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത ഇല്ലാതാക്കാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം ആറു ഗ്രാം ഉപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ശരിയായ ആഹാര രീതിയിലൂടെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റ്സിന്റെയും ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം ചീത്ത കൊളസ്ട്രോളിന്റെ (എല്‍.ഡി.എല്‍) അളവു കൂടാനും നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എല്‍) അളവു കുറയാനും കാരണമാവുന്നു. എല്‍.ഡി.എല്‍-ന്റെ അളവു രക്തത്തില്‍ വര്‍ധിക്കുന്നതു സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എണ്ണയില്‍ പൊരിച്ചും വറുത്തും ആയ ആഹാരം ഒഴിവാക്കുന്നതു ശരീരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റിന്റെയും ലഭ്യത കുറയ്ക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങളുടെ ഉപയോഗം (ഉദാ: ചിപ്സ്, വട, ബജി മുതലായവ) മുട്ട പോലുള്ള ആഹാരസാധനങ്ങള്‍ ഉയര്‍ത്തുന്നതിനേക്കാള്‍ കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു. സ്ട്രോക്ക് ഉണ്ടാകുന്നതു തടയാന്‍ നാരുകള്‍ ധാരാളം അടങ്ങിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, സൊയാബീന്‍, ഇലക്കറികള്‍ ഇവയെല്ലാം ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പച്ചക്കറികളും മീനും ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മീന്‍ കറിവച്ചു കഴിക്കുന്നതും സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കും. എല്ലാ ദിവസവും മീന്‍ കഴിക്കുന്നവര്‍ക്കു മീന്‍ ആഹാരത്തില്‍ ഉള്പ്പെടുത്താത്തവരേക്കാള് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മീനിലുള്ള ഒമേഗ 3 എന്ന പദാര്‍ഥം രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്നതു തടയുന്നു. ഒമേഗ 3 കൂടുതല്‍ അടങ്ങിയിരിക്കുന്ന മത്സ്യങ്ങള്‍ക്ക് ഉദാഹരണമാണു മത്തി, അയല, ചൂര, റ്റിയൂനെ തുടങ്ങിയവ. ദിവസവും പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്കിനുള്ള സാധ്യത 32 ശതമാനം കുറവാണ്. എല്ലാദിവസവും മാംസാഹാരം പ്രത്യേകിച്ചും മട്ടണ്‍, ബീഫ് ഇവ കഴിക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ചു പക്ഷാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്. വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ് ഇവ അടങ്ങിയ ആഹാരസാധനങ്ങള്‍ (ഉദാ: ചീര,വാല്‍നട്ട്,കാരറ്റ്,പയര്‍, ധാന്യങ്ങള്‍, സൂര്യകാന്തിഎണ്ണ, ബ്രൊക്കോളി, മറ്റ് ഇലക്കറികള്‍ മുതലായവ) ഹോമോസിസ്റ്റീന്‍ എന്ന അമിനൊ ആസിഡിന്റെ അളവു ശരീരത്തില്‍ കുറയ്ക്കുന്നു. ഹോമോസിസ്റ്റീന്റെ അളവു ശരീരത്തില്‍ കൂടുന്നതു സ്ട്രോക്കിനും ഹൃത്ഥദ്രോഗങ്ങള്ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പൊട്ടാസിയം അടങ്ങിയ ആഹാര സാധനങ്ങള്‍ (ഉദാ: പഴങ്ങള്‍, പച്ചക്കറികള്‍) ഇവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു സ്ട്രോക്കിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. മാട്ടിറച്ചി, പോത്തിറച്ചി, അമിതമായി മധുരവും ഉപ്പും ചേര്‍ത്ത ആഹാരം, കൊഴുപ്പു നീക്കാത്ത പാലുല്പന്നങ്ങള്, മുട്ടയുടെ മഞ്ഞക്കരു ഇവയെല്ലാം ഭക്ഷണക്രമത്തില്‍നിന്ന് പരമാവധി ഒഴിവാക്കി നിര്‍ത്തുക. പക്ഷാഘാതം തടയുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ കാരറ്റ്: - കാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ ഉണ്ട്. ദിവസവും രണ്ടു കാരറ്റ് കഴിക്കുന്നതു ഹൃദ്രോഗം, ഉയര്‍ന്ന ബി.പി. ഇവയുള്ളവരില്‍ സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കും. മുളക്, കുരുമുളക്: - കാപ്സെസിന്‍ എന്ന പദാര്‍ഥം ഇവയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ ആഹാരത്തില്‍ ചേര്‍ക്കുന്നതു രക്തം കട്ടപിടിച്ച് സ്ട്രോക്ക് ഉണ്ടാകാനുമുള്ള സാധ്യത കുറയ്ക്കുന്നു. ചീര: - ചീരയില്‍ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, മഗ്നീഷ്യം എന്നീ പോഷകങ്ങള്‍ ധാരാളമുണ്ട്. ഇതു ഹൃദ്രോഗം, പക്ഷാഘാതം ഇവ തടയാന്‍ സഹായിക്കുന്നു. വെളുത്തുള്ളി: - വെളുത്തുള്ളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ ഇവ കുറയ്ക്കും. തവിടെണ്ണ:- ഒമേഗ 3, ഒമേഗ 6 എന്നീ ഫാറ്റി ആസിഡ്സ് ധാരാളം അടങ്ങിയിരിക്കുന്നു്. ഇതു രക്തക്കുഴലില്‍ കൊളസ്ട്രോള്‍ അടിയുന്നതു കുറയ്ക്കുന്നു. ഗ്രീന്‍ ടീ:- ഗ്രീന്‍ ടീയിലുള്ള ഫോളിഫിനോള്‍സ് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കിവി ഫ്രൂട്ട്:- ധാരാളം വിറ്റാമിന്‍ സി, പൊട്ടാസിയം, മഗ്നീഷ്യം ഇവ അടങ്ങിയിരിക്കുന്നു. തന്മൂലം സ്ട്രോക്കിനെ തടയുന്നു. സൊയാബീന്‍:- എല്‍.ഡി.എല്‍. കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുക വഴി സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു. ഓട്സ് ബ്രാന്:- ഓട്സ് തവിടില്‍ ധാരാളം ബി ഗ്ലൂക്കോ ഉണ്ട്. ഇത് എല്‍.ഡി.എല്‍. ലെവല്‍, ബി.പി, കൊളസ്ട്രോള്‍ നിരക്ക് ഇവ കുറയ്ക്കാന്‍ സഹായകരമാണ്.