പ്രമേഹ രോഗികള്‍ മദ്യം ഉപയോഗിച്ചാല്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില അമിതമായി കുറയുകയും ഹൈപ്പര്‍ഗ്ലൈസീമിയ എന്ന ഗുരുതരമായ അവസ്ഥയിലെത്താനിടയുണ്ട്. അതുകൊണ്ടാണ് പ്രമേഹ രോഗികള്‍ മദ്യം ഒഴിവാക്കണം എന്നു പറയുന്നത് പ്രമേഹ രോഗികള്‍ മദ്യം ഉപയോഗിച്ചാല്‍ ഞാനൊരു പ്രമേഹ രോഗിയാണ്. വയസ് 45. നാലു വര്‍ഷമായി ഇന്‍സുലിന്‍ എടുക്കുന്നു. അടുത്തകാലത്തായി ഞാന്‍ ചെറുതായി മദ്യപിക്കുന്നത് പതിവാണ്. പ്രമേഹ രോഗികള്‍ മദ്യത്തിന്റെ ഉപയോഗം പാടേ ഒഴിവാക്കണമെന്ന് പറഞ്ഞു കേള്‍ക്കുന്നു. പ്രമേഹ രോഗികള്‍ക്ക് മദ്യം കഴിക്കാമോ? എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകാനിടയുള്ളത്? സുനില്‍ കുമാര്‍, തിരുവമ്പാടി പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപാനം ദോഷം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും പ്രമേഹ രോഗിയായ താങ്കള്‍ മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗിക്കുന്നതുകൊണ്ട്. മദ്യം ഇന്‍സുലിന്‍ പ്രവര്ത്തതന്നെ സാരമായി ബാധിക്കും. മദ്യം കഴിക്കുമ്പോള്‍തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയരും. കഴിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില അമിതമായി കുറയുകയും ഹൈപ്പര്‍ഗ്ലൈസീമിയ എന്ന ഗുരുതരമായ അവസ്ഥയിലെത്താനിടയുണ്ട്. അതുകൊണ്ടാണ് പ്രമേഹ രോഗികള്‍ മദ്യം ഒഴിവാക്കണം എന്നു പറയുന്നത്. ഗര്‍ഭകാലത്തെ പ്രമേഹം എന്റെ ഭാര്യയ്ക്കു വേണ്ടിയാണ് കത്ത്. ഭാര്യയ്ക്ക് 28 വയസ്. രണ്ടു മാസം ഗള്ഭിണിയാണ്. പരിശോധിച്ചപ്പോള്‍ പ്രമേഹമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനായി ഇന്‍ജക്ഷനും എടുക്കുന്നുണ്ട്. ഗര്‍ഭിണികളിലുണ്ടാകുന്ന പ്രമേഹം കുഞ്ഞിന്റെ വളര്‍ച്ചയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ? ഇതൊഴിവാക്കാന്‍ എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധിക്കണം? ഏല്‍ദോസ് തോമസ്,അങ്കമാലി ഗര്‍ഭിണികളിലുണ്ടാകുന്ന പ്രമേഹം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും. അമ്മയുടെ രക്തത്തിലെ അധിക പഞ്ചസാര കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിക്കുന്നതുകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന്റെ പാന്‍ക്രിയാസ് ഗ്രന്ഥി കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരും. ഇതിന്റെ ഫലമായി കുഞ്ഞിന്റെ ശരീരവളര്‍ച്ചയും ശരീരഭാരവും കൂടും. പ്രസവം സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകാം. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ പ്രമേഹം കണ്ടെത്തിയാല്‍ ഗര്‍ഭിണികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ശ്രദ്ധയും പരിചരണവും നിര്‍ബന്ധമായും നല്‍കണം. ഭക്ഷണക്രമത്തിലും മരുന്നിന്റെ ഉപയോഗത്തിലും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രസവശേഷം കുഞ്ഞിന്റെ ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോള്‍ കുഞ്ഞിന്റെ രക്തത്തിലെ ഗ്ലൂക്കോസ് നില കുറയും. ചില കുട്ടികളില്‍ ശ്വാസതടസവും ഉണ്ടാകാം. പ്രമേഹവും പാദപരിചരണവും മുഖത്തിന് നല്കുന്ന പ്രാധാന്യത്തേക്കാള്‍ പ്രമേഹരോഗി പാദത്തിന് പ്രാധാന്യം നല്‍കണം എന്നാണ് പ്രമേഹവും പാദപരിചരണവും ഞാനൊരു പ്രമേഹരോഗിയാണ്. എനിക്ക് 30 വയസ്. പ്രമേഹരോഗികള്‍ പാദസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം കാല്പാദം മുറിച്ചു നീക്കേണ്ടതായി പോലും വരുമെന്ന് അറിയുന്നു. ഈ അപകടം ഒഴിവാക്കാന്‍ പാദസംരണത്തില് എന്തെല്ലാം കാര്യങ്ങളാണ് പ്രമേഹരോഗി ശ്രദ്ധിക്കേണ്ടത്. പ്രമോദ് നാരായണന്, ചാവക്കാട് അപകടങ്ങള്‍ കഴിഞ്ഞാല്‍, പ്രമേഹരോഗം മൂലമാണ് ലോകത്തില്‍ ഏറ്റവും അധികം കാല് മുറിച്ചുമാറ്റേണ്ടതായി വരുന്നത്. പ്രമേഹരോഗികളില്‍ പാദം മുറിച്ചുമാറ്റേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി സ്ഥിരമായി പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുഖത്തിന് നല്കുന്ന പ്രാധാന്യത്തേക്കാള്‍ പ്രമേഹരോഗി പാദത്തിന് പ്രാധാന്യം നല്‍കണം എന്നാണ് ഇതേക്കുറിച്ച് പ്രമേഹരോഗികളോട് ആദ്യമേ പറയാനുള്ളത്. വീടിനകത്തും പുറത്തും നഗ്നപാദരായി നടക്കരുത്. പാദം എല്ലായ്പ്പോഴും ശരിയായ പാദരക്ഷവഴി സംരക്ഷിച്ചിരിക്കണം. ഷൂ ഉപയോഗിക്കുന്നവര്‍ ധരിക്കുന്നതിന് മുമ്പ് അതിനുള്ളില്‍ എന്തെങ്കിലും മൂര്‍ച്ചയുള്ള വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കണം. ഇറുകിയ ഷൂ ഉപയോഗിക്കരുത്. പുതിയ ഷൂ സായാഹ്നത്തില്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ആദ്യമായി പുതിയ ഷൂ ഉപയോഗിക്കുമ്പോള്‍ കുറച്ചുനേരത്തേക്ക് മാത്രം ഉപയോഗിക്കുക. ഷൂവിനൊപ്പം കോട്ടണ്‍ സോക്സ് മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. തുള ഉള്ള സോക്സ് ഒരിക്കലും ഉപയോഗിക്കരുത്. ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ പാദം ഒരിക്കലും സൈലന്‍സര്‍ തൊടാതിരിക്കുവാന് ശ്രദ്ധിക്കണം. എല്ലാ പ്രമേഹരോഗികളും ദിവസത്തില്‍ ഒരിക്കലെങ്കിലും പാദത്തില്‍ മുറിവോ പഴുപ്പോ നിറവ്യത്യാസമോ നീരോ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ഇതിനായി പ്രത്യേക കണ്ണാടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ദിവസവും സോപ്പുജലം ഉപയോഗിച്ച് പാദം കഴുകുക. വിരലിനടിയില്‍ കഴുകുവാന്‍ ശ്രദ്ധിക്കണം. കഴുകിയതിന് ശേഷം പാദം തുടച്ച് ഈര്‍പ്പം ഇല്ലാതാക്കുക. പാദം കഴുകി, ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. വിരലിനടിയിലെ നനവ് പൂര്‍ണമായും തുടച്ചുമാറ്റുവാന്‍ ശ്രദ്ധിക്കണം. ലോഷനോ, എണ്ണയോ കഴുകി ഉണങ്ങിയ പാദങ്ങളില്‍ ഉപയോഗിക്കുക. വിരലിനടിയില്‍ എണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല. പാദങ്ങളില്‍ ചൂടു സഞ്ചി ഉപയോഗം, ചൂടുവയ്ക്കല്, തിരുമ്മല്‍ എന്നിവ ഒഴിവാക്കുക. നഖം മുറിക്കുമ്പോള്‍ സ്ട്രൈയിറ്റ് ആയി മുറിക്കുകയും വശങ്ങള് ഫയല്‍ ചെയ്യുകയും വേണം. ചമ്രംപടിഞ്ഞ് കൂടുതല്‍ നേരം ഇരിക്കരുത്. പാദങ്ങളില്‍ ഉണ്ടാകുന്ന തഴമ്പ്, വരവിള്ളല്‍ എന്നിവ കത്തിയോ ബ്ലെഡോ ഉപയോഗിച്ച് മുറിക്കുകയോ പൊളിച്ചുമാറ്റാന്‍ ശ്രമിക്കുകയോ ചെയ്യരുത്. നേരിയ തോതില്‍ പ്രമേഹം 42 വയസുളള ഉദ്യോഗസ്ഥനാണ്. അടുത്തിടെ നടത്തിയ പരിശോധനയില്‍ പ്രമേഹം ഉള്ളതായി അറിയാന്‍ കഴിഞ്ഞു. വളരെ നേരിയ തോതിലാണെന്നു പറഞ്ഞു. ഒരാഴ്ച മരുന്നു കഴിക്കാന്‍ തന്നു. പിന്നീടുളള പരിശോധനയില്‍ ഇത് നോര്‍മലാണെന്ന് പറഞ്ഞു. ഇപ്പോള്‍ മരുന്നൊന്നും കഴിക്കുന്നില്ല. ഞാന്‍ ജീവിതചര്യയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? മണിരാജ്, കൊല്ലം പരിശോധനയില്‍ പ്രമേഹമുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതാണ് നല്ലത്. മരുന്ന് കഴിക്കാതെ ഒരു മാസം കഴിഞ്ഞ് ഒരു തവണകൂടി രക്തത്തിലെ പഞ്ചസാര കൂടുതലാണോ എന്ന് അറിയുക. ഉണ്ടെങ്കില്‍ ഒരു ഫിസിഷനെ കണ്ട് ഉപദേശം തേടുക. ഇടയ്ക്കിടെ രക്തപരിശോധന നടത്തുന്നതും നല്ലതാണ്. ഭക്ഷണത്തിലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. അന്നജം കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക. നിത്യവും വ്യായാമം ചെയ്യുക. അതിനായി ജിമ്മില്‍ പോകണമെന്നില്ല. പതിവായി അല്പദൂരം നടന്നാല്‍ മതിയാവും. മധുരം പൂര്‍ണമായും ഒഴിവാക്കുക. പ്രമേഹം ഒരു രോഗമായി കണക്കാക്കേണ്ടതില്ല. ഒരു രോഗാവസ്ഥ മാത്രമാണ്. ജീവിതത്തിലും ഭക്ഷണത്തിലും അടുക്കും ചിട്ടയും പാലിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. ഡയബറ്റിക് ന്യൂറോപ്പതിയും വ്യായാമ രീതികളും പ്രമേഹം രക്തക്കുഴലുകളെ ബാധിച്ചിട്ടുള്ളവര്‍ അഥവാ ഡയബറ്റിക് ന്യൂറോപ്പതിയുള്ളവര് പാദസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം ? ഞാനൊരു പ്രമേഹ രോഗിയാണ്. എനിക്ക് 55 വയസ്. പതിവായി വ്യായാമം ചെയ്യാറുണ്ട്. ഇപ്പോള്‍ കാലില്‍ ഉണങ്ങാത്ത മുറിവുമുണ്ട്. ഞാന്‍ വ്യായാമം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സജീന്ദ്രന്,കോഴിപ്പിള്ളി താങ്കള്‍ക്ക് ഡയബറ്റിക് ന്യൂറോപ്പതിയുണ്ടെന്ന് കത്തില്‍ നിന്നും മനസിലാക്കുന്നു. പ്രമേഹം രക്തക്കുഴലുകളെ ബാധിച്ചിട്ടുള്ളവര്‍ അഥവാ ഡയബറ്റിക് ന്യൂറോപ്പതിയുള്ളവര് പാദസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം. അവര്‍ വ്യായാമം ചെയ്യുമ്പോഴും കരുതല്‍ ആവശ്യമാണ്. പാദങ്ങള്‍ക്ക് അധിക സമ്മര്‍ദം കൊടുക്കുന്ന തരം വ്യായാമങ്ങളിലേര്പ്പെടരുത്. നടത്തം, ഓട്ടം, ജോഗിംങ് തുടങ്ങിയ വ്യായാമമുറകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. പകരം പാദങ്ങളില്‍ മര്‍ദം ഏല്‍പ്പിക്കാത്ത തരം വ്യായാമങ്ങളായ സൈക്കളിംഗ്, നീന്തല്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കാം. സൈക്കളിംഗിനായി സ്റ്റാറ്റിക് സൈക്കിള്‍ സൗകര്യമില്ലാത്തവര്‍ മലര്‍ത്തു കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുന്നതുപോലെ ചലിപ്പിക്കുക. എയ്റോബിക് വ്യായാമത്തില്‍ ന്യൂറോപ്പതി ഉള്ളവര്‍ സൈക്കളിംഗ് ചെയ്താല്‍ മതിയാവും. മൈക്രോ ആല്‍ബുമിന്യൂറിയ പ്രമേഹവുമായി ബന്ധപ്പെട്ട് 'മൈക്രോ ആല്‍ബുമിന്യൂറിയ' എന്ന പരിശോധനയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്താണ് ഈ പരിശോധനാരീതിയുടെ പ്രത്യേകത. ആര്‍ക്കൊക്കെയാണ് ഈ പരിശോധന വേണ്ടിവരുന്നത് മുരുകന് ,അടിമാലി പ്രമേഹം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ടോ എന്ന് മുന്‍കൂട്ടി അറിയുന്നതിനുള്ള പരിശോധനയാണിത്. മൂത്രത്തില്‍ കൂടി വരുന്ന ആല്‍ബുമിന്റെ നേരിയ അംശം വരെയും കണ്ടു പിടിക്കാന്‍ ഈ പരിശോധനാ രീതി ഉപകരിക്കും. വൃക്കകളെ പ്രമേഹം ബാധിച്ചിട്ടില്ലാത്ത ആളുകളില്‍ മൈക്രോ ആല്‍ബുമിന്യൂറിയ 30 മൈക്രോഗ്രാമില്‍ കുറവായിരിക്കും. 300 ല്‍ അധികമാണ് അളവെങ്കില്‍ രോഗം വൃക്കകളെ ബാധിച്ചു എന്ന് മനസിലാക്കാം. ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ എനിക്ക് 45 വയസ്. പ്രമേഹമുണ്ട്. അടുത്തിടെയാണ് പ്രമേഹം കണ്ടെത്തിയത്. ഭക്ഷണ കാര്യത്തില്‍ എനിക്ക് ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല. എന്തെല്ലാം ഭക്ഷണം കഴിക്കാമെന്നോ ഏതൊക്കെ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നോ അറിഞ്ഞാല്‍ നന്നായിരുന്നു സുനില്‍ ജോഷി, ആലുവ പ്രമേഹ രോഗികള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. താങ്കളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഡയറ്റീഷനോ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയും. എങ്കിലും സാധാരണ പറയുന്നതുപോലെ മധുര പലഹാരങ്ങള്‍, സോഫ്ട് ഡ്രിങ്കുകള്‍, കോളകള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ഒഴിവാക്കുക. അതേപോലെ ഉപയോഗിച്ച എണ്ണ, ഡാല്‍ഡ, റെഡ് മീറ്റ് - മാട്ടിറച്ചി തുടങ്ങിയവയും ഒഴിവാക്കേണ്ട ആഹാര സാധനങ്ങളാണ്. വെളിച്ചെണ്ണയും തേങ്ങയും ഉപയോഗിച്ചുള്ള കറികള്‍, മില്‍ക്ക് ക്രീം, കശുവണ്ടിപ്പരിപ്പ്, ജ്യൂസുകള്‍, വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍ എന്നിവയും ഒഴിവാക്കണം. ഏത്തപ്പഴം, ചക്കപ്പഴം, മാമ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പേരയ്ക്ക, ആപ്പിള്‍, ഓമയ്ക്ക, റോബസ്റ്റാ പഴം തുടങ്ങിയവ കഴിക്കാവുന്നതാണ്. പാല് പാട നീക്കം ചെയ്ത് കഴിക്കാം. കോഴിയിറച്ചി പോലുള്ളവ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കഴിക്കുന്നതിലും തെറ്റില്ല. ഡോ. അശോക് കൃഷ്ണന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ് അഹല്യ ഡയബറ്റീസ് ഹോസ്പിറ്റല്‍ ,പാലക്കാട് പ്രമേഹവും ഹൃദ്രോഗസാധ്യതയും ഞാന്‍ ഒരു പ്രമേഹരോഗിയാണ്. 55 വയസ്. കുടുംബത്തില്‍ മറ്റാര്‍ക്കും പ്രമേഹമില്ല. 165 സെന്റീ മീറ്റര്‍ ഉയരമുണ്ട്. ഭാരം 82 കിലോ. ഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നുണ്ട്. ഭക്ഷക്രമീകരണവുമുണ്ട്. അടുത്തകാലത്ത് രക്തം പരിശോധിച്ചപ്പോള്‍ രക്തത്തത്തില്‍ കാറ്റകോളമിന്റെ അളവ് കടുതലാണെന്ന് കണ്ടു. രക്തത്തില്‍ കാറ്റകോളമിന്റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് കേള്‍ക്കുന്നു. ഇതു ശരിയാണോ? എനിക്ക് ഹൃദ്രോഗത്തിന് സാധ്യതയുണ്ടോ? അരവിന്ദന് സി.കെ, കണ്ണൂര്‍ ഒരു പ്രമേഹ രോഗിക്ക് ഹൃദ്രോഗ സാധ്യത പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച നാലു മടങ്ങാണ്. പ്രമേഹം ശരീരത്തിലെ ധമനീലോമികളില് നാനാവിധ ഘടനാ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. ധമനികളുടെ ഉള്പ്പാളകള് കട്ടിപിടിക്കുന്നു. അവയ്ക്ക് ഉള്‍വ്യാസം കുറയുന്നു. ഇങ്ങനെ രക്ത സഞ്ചാരം ദുഷ്കരമാകുന്നു. ഈ വരുന്ന വ്യതിയാനങ്ങളെ 'അതിറോസ്ക്ലിറോസിസ്' എന്നുവിളിക്കുന്നു. ഹൃദത്തിലെയും വൃക്കകളിലെയും മസ്തിഷ്കത്തിലെയും ധമനികള്‍ക്ക് രോഗാതുരത ഉണ്ടാകുന്നു. ഫലം രക്തസഞ്ചാരം തടസപ്പെടുന്നു എന്നതാണ്. ഹൃദയത്തിലെ കൊറോണറി ധമനികളാണ് വൃണപ്പെട്ടിരിക്കുന്നതെങ്കില് നെഞ്ചുവേദനയും ഒരുപക്ഷേ, ഹാര്‍ട്ടറ്റാക്കും ഉണ്ടാകുന്നു. മസ്തിഷ്ക ധമനികളില്‍ ഘടനാ പരിവര്ത്തനമുണ്ടായിട്ടുണ്ടെങ്കില് സ്ട്രോക്ക് ഉണ്ടാകുന്നു. അപ്പോള്‍ പ്രമേഹബാധയെന്നത് തികച്ചും സങ്കീര്‍ണമായ ഒരു രോഗാവസ്ഥയാണ്. കര്‍ശനമായ ജീവിത - ഭക്ഷണ ക്രമീകരണങ്ങളിലൂടെ ഔഷധ സേവയിലൂടെ വേണ്ടിവന്നാല്‍ ഇന്‍സുലില്‍ കുത്തിവയ്പിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാന്‍ ശരീരത്തിലെ ധമനീ ലോമികളെ രോഗാതുരതയില്‍ നിന്ന് നല്ലൊരു പരിധിവരെ പരിരക്ഷിക്കാന്‍ സാധിക്കും. താങ്കളുടെ ഭാരം വളരെ കൂടുതലാണ്. ഏതാണ്ട് 15 കിലോയോളം. ഈ അധികഭാരം കുറയുമ്പോള്‍ തന്നെ പ്രമേഹ തീവ്രതയും ഹൃദ്രോഗ സാധ്യതതയും വളരെ കുറയും. കാറ്റകോളമിന് ഹോര്‍മോണുകള്‍ (അഡ്രിനാലിന്‍, നോണ്‍ അഡ്രിനാലിന്‍) കൂടുതലാണെങ്കില്‍ അതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കണം. ഇതിന്റെ ആധിക്യം ഹൃദയത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കും. ഹൃദയസ്പന്ദന വേഗത കടുന്നു. ധമനികള്‍ ചുരുങ്ങാം. അങ്ങനെ പല ഘടനാ പരമായ പരിവര്‍ത്തനങ്ങളും ഉണ്ടാകുന്നു. കൊറോണറികളില്‍ ബ്ലോക്കുള്ള രോഗിയുടെ ഹൃദയത്തിന് ഈ അവസ്ഥ അമിത ഭാരമേല്‍പ്പിക്കുന്നു. ഇതും ഹൃദ്രോഗ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു അതുകൊണ്ട് ഇതേപ്പറ്റി തീര്‍ച്ചയായും വ്യക്തമായ നിഗമനങ്ങളിലെത്തിച്ചേരണം. ഭാരവും പ്രമേഹ തീവ്രതയും കാറ്റകോളമിന് ഹോര്‍മോണുകളുടെ അതിപ്രസരവും നിയന്ത്രണം വിധേമാക്കണം. ഇത് ഹൃദ്രോഗത്തെ പടിക്കു പുറത്ത് നിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദയസ്പന്ദനം മന്ദഗതിയില്‍ എന്റെ മകന് 12 വയസ്. എട്ടാം ക്ലാസില്‍ പഠിക്കുന്നു. പ്രായത്തിന് അനുസരിച്ച ഉയരവും തൂക്കവുമുണ്ട്. കുട്ടിയുടെ ശരീരം ചിലപ്പോള്‍ വല്ലാതെ വിയര്‍ക്കും. ചെറിയതോതില്‍ ശ്വാസതടവും അനുഭവപ്പെടും. ഡോക്ടറെ കാണിച്ചപ്പോള്‍ ഹൃദയസ്പന്ദനവേഗം കുറയുന്നതാണെന്ന് പറഞ്ഞു. ഇത് ഭയപ്പെടേണ്ടതില്ലെന്നും മരുന്ന് കുറച്ചുകാലം മരുന്ന് കഴിക്കേണ്ടിവരുമെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഹൃദയസ്പന്ദന വേഗത കുറയുന്നത്. ഇത് മരുന്നുകൊണ്ട് മാറുമോ? ഭാവിയില്‍ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാ കുമോ? കെ.എം, കുവൈറ്റ് പന്ത്രണ്ട് വയസുള്ള കുട്ടിക്ക് ഹൃദയസ്പന്ദന വേഗത കുറയുന്നത് തീര്‍ച്ചയായും പരിശോധനാ വിധേയമാക്കണം. സാധാരണ കുട്ടികള്‍ ആയാസപ്പെടുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയാണ് പതിവ്. വിശ്രമിക്കുമ്പോള്‍ 90 ഉള്ള പള്‍സ്, ചിലപ്പോള്‍ 120 - 140 ആകും. ഇത് സാധാരണമാണ്. വിശ്രമിക്കുമ്പോള്‍ അത് തഴ്ന്ന് സാധാരണനിലയിലെത്തും. കുട്ടികളിലെ പള്‍സ് കൂടുന്നത് മുതിര്‍ന്നവരേക്കാള്‍ വേഗത്തിലാണ്. ഈ സാഹചര്യത്തില്‍ താങ്കളുടെ മകന്റെ ഹൃദയസ്പന്ദന വേഗത കുറയുന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കേണ്ടതാണ്. ഊര്‍ജസ്വലമായ വ്യായാമങ്ങളിലേര്‍പ്പെടുന്ന അത്ലറ്റുകള്‍ക്ക് ഹൃദയമിടിപ്പ് കുറഞ്ഞു കാണാറുണ്ട്. ചില ഹോര്‍മോണുകളുടെ അപര്യാപ്തമൂലം മന്ദഗതിയിലാവാം. അതുപോലെ വളരെ അപൂര്‍വമായി കണ്ടുവരുന്ന ജന്മനായുള്ള ഹാര്‍ട്ട് ബ്ലോക്ക് കാരണവും പള്‍സ് കുറയും. അതിനാല്‍ പള്‍സ് കുറയുന്നത് നിസാരമായി കാണാതെ പരിശോധനാവിധേയമാകണം. ഏറ്റവും പ്രധാനപ്പെട്ട പരിശോധന ഹോള്‍ട്ടര്‍ മോണിട്ടറിംഗ് ആണ്. ചെറില്‍ ഇ.സി.ജി മെഷീന് ശരീരത്തോട് ഘടിപ്പിച്ച് 24 മണിക്കൂര്‍ ഇ.സി.ജി റിക്കോര്‍ഡ് ചെയ്യുന്നു. അപ്പോള്‍ നെഞ്ചിടിപ്പ് ക്രമാതീതമായി കുറയുന്നുണ്ടോ എന്ന് കണ്ടുപിടിക്കാം. ഒപ്പം ഹോര്‍മോണുകളുടെ രക്ത പരിശോധനയും നടത്തണം. പ്രത്യേകിച്ച് തൈറോയ്ഡ് ഹോര്‍മോണിന്റെ. കുട്ടിയുടെ പ്രവര്‍ത്തന ശേഷി എങ്ങനെയുണ്ടെന്ന് കത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നില്ല. ഊര്‍ജസ്വലമായി എല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണോ, അതോ എപ്പോഴും എപ്പോഴും മന്ദഗതിയിലാണോ എന്നും അറിയണം. ശരീരം വല്ലാതെ വിയര്‍ക്കുന്നതും ശ്വാസതടസം ഉണ്ടാകുന്നതും ചിലപ്പോള്‍ ഹൃദ്രോഗം കൊണ്ടും സംഭവിക്കാം. എന്തുതന്നെയായാലും വിശദമായ പരിശോധനയ്ക്ക് കുട്ടിയെ വിധേയമാക്കാന്‍ ഇനിയും വൈകരുത്. മരുന്നിന്റെ ഉപയോഗം ഫലപ്രദമോ? ഹൃദയാഘാതത്തോട് അനുബന്ധിച്ച് നടത്തുന്ന ഔഷധചികിത്സകള് രോഗതീവ്രതയെ പിടിയിലൊതുക്കുവാന് എത്രയേറെ സഹായകരമാണ്? അനീഷ്, പേട്ട ഹാര്‍ട്ടറ്റാക്കുമായി തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചേരുന്ന രോഗിയുടെ രോഗലക്ഷണങ്ങളെ നിയന്ത്രണവിധേയമാക്കുന്ന രീതിയിലാണ് ഡോക്ടര്‍ ചികിത്സ നിശ്ചയിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപ്പാസ് സര്‍ജറിയുമൊക്കെ രംഗത്തുവരുന്നതിനു മുമ്പ് വിദഗ്ധമായ ഔഷധവിദ്യ കൊണ്ടായിരുന്നു ചികിത്സകര്‍ രോഗാശ്വാസം നല്‍കുകയും അതുവഴി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നത്. അന്നുമുതല്‍ ഇന്നുവരെ ഔഷധപ്രയോഗം ഹൃദ്രോഗചികിത്സയിലെ നെടുംതൂണായി നിലകൊള്ളുന്നു. ഹാര്‍ട്ടറ്റാക്കിന്റെ ചികിത്സ രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യത്തേത് ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ ഉടനടി നടത്തുന്ന ചികിത്സ. രണ്ടാമത്തേത് ഹാര്‍ട്ടറ്റാക്കിനു ശേഷം തുടര്‍ന്നൊരു അറ്റാക്ക് വരാതിരിക്കാനും ജീവിത നിലവാരം ഉയര്‍ത്തുവാനും ആയുസ് വര്‍ധിപ്പിക്കുവാനും ഉപകരിക്കുന്ന പ്രതിരോധചികിത്സ. ഡോ. ജോര്‍ജ് തയ്യില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം പ്രമേഹവും നേത്രരോഗങ്ങളും പ്രമേഹരോഗം മൂലം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളില്‍ അപകട സാധ്യത കൂടുതലുള്ള രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹ രോഗികളില്‍ ഉണ്ടാകാവുന്ന ഒരു കൂട്ടം നേത്രരോഗങ്ങളെയാണ് പ്രമേഹ നേത്ര രോഗം അഥവാ ഡയബറ്റിക് ഐ ഡിസീസ് എന്നു പറയുന്നത്. തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയാണവ. പ്രമേഹരോഗികള്‍ക്ക് സാധാരണക്കാരെക്കാള്‍ തിമിരം, ഗ്ലോക്കോമ എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്. തിമിരം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ് ശസ്ത്രക്രിയ വഴി വീണ്ടെടുക്കാവുന്നതാണ്. എന്നാല്‍ ഗ്ലോക്കോമ മൂലം നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാന്‍ അസാധ്യമാണ്. ഡയബറ്റിക് റെറ്റിനോപ്പതി പ്രമേഹരോഗം മൂലം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളില്‍ അപകട സാധ്യത കൂടുതലുള്ള രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. നമുക്ക് ചുറ്റുമുള്ള വസ്തുക്കളുടെയും ആളുകളുടെയും പ്രതിബിംബം ഒരു ക്യാമറയിലെ ഫിലിമില്‍ എന്ന പോലെ നമ്മുടെ കണ്ണില്‍ പതിക്കുന്ന ഭാഗമാണ് റെറ്റിന (നേത്രാന്തരപടലം). ഈ ഭാഗത്തുണ്ടാകുന്ന പ്രമേഹരോഗമാണ് ഡയബറ്റിക് റെറ്റിനൊപ്പതി. ഉയര്‍ന്ന അളവില്‍ ദീര്‍ഘകാലമായി പ്രമേഹം കണ്ടുവരുന്ന രോഗികളില്‍ റെറ്റിനയിലെ രക്തകുഴലുകള്‍ പൊട്ടി ദ്രാവകവും രക്തപ്രവാഹവും ഉണ്ടാകുന്നു. രോഗത്തിന്റെ മൂര്ധന്യാവസ്ഥയില് റെറ്റിനയില്‍ അസാധാരണമായ രക്തക്കുഴലുകള്‍ ഉണ്ടാവുകയും ഈ രക്തക്കുഴലുകള്‍ റെറ്റിനയെ അതാതുസ്ഥാനത്തു നിന്നും വിട്ടുപോകാന്‍ കാരണമാവുകയും ചെയ്യുന്നു. അപകട ഘടകങ്ങള്‍ അനിയന്ത്രണാതീതമായ പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം ദീര്‍ഘകാലമായുള്ള പ്രമേഹം ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ് കൂര്‍ക്കം വലി രോഗലക്ഷണങ്ങള്‍ ദൂരക്കാഴ്ചയ്ക്കും അടുത്തുള്ള കാഴ്ചയ്ക്കും മങ്ങല്‍ അനുഭവപ്പെടുക. പെട്ടെന്ന് ഒരു കണ്ണിനു കാഴ്ചശക്തി നഷ്ടപ്പെടുക. കറുത്ത പൊട്ടുകള്‍ പോലെ കാഴ്ച മണ്ഡലത്തില്‍ അനുഭവപ്പെടുക. കൊള്ളിയാന്‍ മിന്നുന്നതു പോലെ തോന്നുക. പരിശോധനകള്‍ കാഴ്ചശക്തി പരിശോധിക്കുക കണ്ണിന്റെ പ്രഷര്‍ ചെക്കു ചെയ്യുക കണ്ണില്‍ മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ച് ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് റെറ്റിന പരിശോധിക്കുക. (കൃഷ്ണമണികള്‍ വികസിപ്പിക്കുന്നതുകൊണ്ട് ഏതാനും മണിക്കൂര്‍ നേരത്തേക്ക് വണ്ടി ഓടിക്കുന്നതിനും വായിക്കുന്നതിനും അല്പം ബുദ്ധിമുട്ട് അനുഭവപ്പെടാം. ഒപ്റ്റിക്കല്‍ കൊഹെറന്‍സ് ടോമോഗ്രഫി ഏതുതരത്തിലുള്ള ചികിത്സ വേണമെന്നു നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഒരു ടെസ്റ്റാണിത്. കൂടാതെ ഫണ്ടസ് ഫ്ളൂറസിന്‍ ആന്‍ജിയോഗ്രഫിയും രോഗനിര്‍ണയത്തെ സഹായിക്കുന്നു. ചികിത്സകള്‍ ലേസര്‍ ചികിത്സ - ഊര്‍ജം കുറഞ്ഞ പ്രകാശരശ്മികളാണ് ലേസര്‍. അവ ഒരു പ്രത്യേക ലെന്‍സ് ഉപയോഗിച്ച് കണ്ണിനകത്തേക്ക് കടത്തി വിടുന്നു. ഈ പ്രകാശരശ്മികള്‍ റെറ്റിനയിലുള്ള രോഗബാധിതമായ രക്തകുഴലുകളെ കരിക്കുകയും അവിടെനിന്നുള്ള രക്തപ്രവാഹം തടയുകയും ചെയ്യുന്നു. അതുമൂലം റെറ്റിനയുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇന്‍ട്രാ വിട്രിയല് ഇന്ജക്ഷന് - റെറ്റിനയിലുള്ള നീര്‍വീക്കം കുറയ്ക്കുവാനുള്ള ചികിത്സാ രീതിയാണ് കണ്ണിനുള്ളില്‍ എടുക്കുന്ന കുത്തി വയ്പ്പുകള്‍. ചില മരുന്നുകളുടെ കുത്തിവയ്പ്പിലൂടെ കടുത്ത നീര്‍വീക്കം കുറയ്ക്കുവാന്‍ സാധിക്കുന്നു. ചില രോഗികളില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ആവശ്യാനുസരണം കുത്തിവയ്പ് നല്‍കേണ്ടി വരും. ഇതു കൂടാതെ ചില രോഗികള്‍ക്ക് നീര്‍ക്കെട്ട് മാറിയതിനു ശേഷം ലേസര്‍ ചികിത്സയും ആവശ്യമായി വരുന്നു. വിട്രെക്ടമി - ഇതൊരു ശാസ്ത്രക്രിയ രീതിയാണ്. ഈ ശാസ്ത്രക്രിയ ആവശ്യമായി വരുന്നത് റെറ്റിനയില്‍ അസാധാരണ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നവര്‍ക്കും റെറ്റിന വിട്ടുകിടക്കുന്നവര്ക്കുമാണ്. കണ്ണിന്റെ മധ്യഭാഗത്തുള്ള ദ്രാവകം എടുത്തു കളഞ്ഞ് പകരം പ്രത്യേകതരം തെളിഞ്ഞ ശുദ്ധമായ ദ്രാവകം നിറയ്ക്കുന്നു. ശാസ്ത്രക്രിയയ്ക്ക് ശേഷം സാവധാനം കാഴ്ചശക്തി മെച്ചപ്പെടുവാനുള്ള സാധ്യത ഏറെയാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണങ്ങള്‍ തുടരുക ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകളും ഇന്‍സുലിനുകളും ഉപയോഗിക്കുക. വര്‍ഷത്തില്‍ ഒരിക്കല്‍ വിശദമായ കണ്ണു പരിശോധന നടത്തുക. ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഇടവേളകളില്‍ പരിശോധന ആവശ്യമായി വരാം. നിങ്ങളുടെ കാഴ്ചശക്തിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കി അതാതു സമയത്ത് വേണ്ട പരിശോധനകള്‍ നടത്തുക. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കാഴ്ചശക്തി പൂര്‍ണമായോ ഭാഗീകമായോ നഷ്ടപ്പെടാന്‍ പ്രമേഹം കാരണമായേക്കാം. ഡയബറ്റിക് റെറ്റിനോപ്പതി പ്രാരംഭദിശയില്‍ രോഗലക്ഷണങ്ങള്‍ കുറവായതുകൊണ്ട് പലപ്പോഴും കാഴ്ചകുറവ് ശ്രദ്ധിക്കപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഫലപ്രദമായ ചികിത്സ അസാധ്യമായേക്കാം. രോഗം ആരംഭത്തില്‍ തന്നെ കണ്ടുപിടിക്കാനുള്ള ഏകമാര്‍ഗം കൃത്യമായ ഇടവേളകളില്‍ ഒരു നേത്രരോഗ വിദഗ്ദന്റെ പരിശോധനയ്ക്ക് വിധേയമാക്കുക. ലേസര്‍ ചികിത്സയും കുത്തിവയ്പ്പുകളും ശസ്ത്രക്രിയയും, നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കുകയല്ല. മറിച്ച് കുറഞ്ഞുകൊണ്ടിരിക്കുന്നതോ കുറയുവാന്‍ സാധ്യതയുള്ളതോ ആയ കാഴ്ചയെ കൂടുതല്‍ നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ വേണ്ടിയാണ്. ചികിത്സയ്ക്ക് ശേഷം പ്രമേഹം ശക്തമായി നിയന്ത്രിക്കുന്നതു മൂലം (ഇന്‍സുലിന്റെയും മരുന്നിന്റെയും ഉപയോഗം) ഡയബറ്റിക് റെറ്റിനോപ്പതിയുടെ തീവ്രത തടയാവുന്നതാണ്. പ്രമേഹരോഗികള്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം നല്ല കാഴ്ചശക്തി ലഭിച്ചു എങ്കിലും കൃത്യമായ ഇടവേളകളില്‍ (ആറു മാസം കൂടുമ്പോള്‍) പരിശോധന നടത്തേണ്ടതാണ്. ഡോ. വര്‍ഗീസ് ജോസഫ് ഐ മൈക്രോസര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍, തിരുവല്ല