ജലദോഷം എന്ന വാക്കിൽ തന്നെ പ്രതി മഴയോ വെള്ളമോ ആണെന്ന സൂചനയുണ്ട്. ഇംഗ്ലീഷിൽ ‘കോമൺ കോൾഡ്’ എന്ന പേരുവന്നതും ഇതുകൊണ്ടുതന്നെ. വൈറസുകളാണ് ജലദോഷത്തിന് കാരണക്കാർ എന്ന് എല്ലാവർക്കും അറിയാം. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിയിൽ ഏറ്റവും കൂടുതൽ ആൾക്കാർക്ക് പിടിപെടുന്ന അസുഖമാണിത്. മുതിർന്നവർക്ക് ഒരു കൊല്ലം രണ്ട് മൂന്നു തവണയും കുട്ടികൾക്ക് ഏഴെട്ട് തവണയും ജലദോഷം ഉണ്ടാകുന്നുണ്ട്.

മൂക്കൊലിപ്പും മൂക്കടപ്പും തലവേദനയും തൊണ്ടവേദനയും ചുമയും മാത്രമല്ല ഒരു പനിയും കൂടി അനുബന്ധമായി ചിലപ്പോൾ ഉണ്ടാകും. മഴകൊണ്ടാൽ പനിയും ജലദോഷവും വരും എന്നത് പണ്ടേ ഉള്ള വിശ്വാസമാണ് – നനഞ്ഞ തല തോർത്തിയില്ലെങ്കിൽ തലയോട്ടിനുള്ളിലൂടെ വെള്ളം കയറി അതാണ് മഴയോടൊപ്പം ജലദോഷവും

മൂക്കൊലിപ്പായി വരുന്നത് എന്ന് കരുതുന്നവർ കൂടിയുണ്ട്. എങ്കിൽ പിന്നെ വെള്ളത്തിൽ മുങ്ങി നീന്തുന്നവരുടെയും കക്കയും മണലും വാരുന്നവരുടെയും മൂക്കിൽ നിന്ന് സ്ഥിരമായി പുഴ ഒഴുകേണ്ടതാണ്.

മഴയുടെ കൂടെ വൈറസുകളും കൂടി പെയ്തിറങ്ങി നമ്മുടെ മൂക്കിലൂടെ അകത്ത് കയറുന്നതല്ല ജലദോഷത്തിന് കാരണം. ഇരുന്നൂറിനടുത്ത് ഇനം വൈറസുകൾ ജലദോഷപ്പനിക്ക് കാരണക്കാരാണെങ്കിലും റൈനോ വൈറസുകളാണ് അതിൽ പ്രധാനികൾ. വായുവിലെ ചെറിയ കണികകളിൽ കൂടിയാണ് ഇവ പകരുന്നത്. ജലദോഷക്കാരുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ തുമ്മുമ്പോഴും സ്പർശനം വഴിയും നമ്മുടെ മൂക്കിലും വായിലും എത്തിയാൽ ആറു മണിക്കൂർ കൊണ്ട് ലക്ഷണങ്ങൾ തുടങ്ങിയേക്കാം.

മഴക്കാലം ജലദോഷക്കാലമാകാൻ പല കാരണങ്ങൾ ഉണ്ട്. കുറഞ്ഞ താപം, ആർദ്രതയിലുള്ള വ്യത്യാസം എന്നിവ വൈറസുകൾക്ക് വളരെ ഗുണകരമാണ്. കേറിക്കൂടി വളരാൻ പറ്റുന്ന കോശങ്ങളുടെ ലഭ്യത മഴക്കാലത്ത് കൂടുതലാണ്. ആളുകൾ തണുപ്പ് മൂലം വീടുകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കൂടുതൽ അടുത്തടുത്ത് ഇരുന്ന് ഏറെ സമയം ചിലവഴിക്കുന്നതിനാൽ പകരൽ ഏളുപ്പമാണ്. ബസുകളിലും മറ്റും ജാലകങ്ങൾ അടച്ചിട്ട് യാത്രചെയ്യുന്നതിനാലും കൂടുതൽ ആളുകളിൽ ഈ വൈറസ് പകർന്ന് എത്തും. തണുപ്പ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ കഴിവുകൾ കുറയുന്നതും വീണ്ടും വീണ്ടും ജലദോഷം പിടികൂടാൻ കാരണമാണ്.

കടപ്പാട്:karshakan.in