കരിമ്പനി ‘ബ്ളാക്ക് ഫീവർ’ എന്ന് ഇംഗ്ളീഷിലും ‘കാല അസർ’ എന്ന് ഹിന്ദിയിലും അറിയപ്പെടുന്നു. “വിസെറൽ ലെയിഷ്മാനിയാസിസ്” എന്നാണ് വൈദ്യശാസ്ത്രപരമായി ഈ രോഗാവസ്ഥയെ വിളിക്കുന്നത്. പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇത് സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് വർഷം തോറും അഞ്ച് ലക്ഷം ആളുകളെ കരിമ്പനി ബാധിക്കുന്നു.

ഇന്ത്യയിൽ 52 ജില്ലകളിൽ കരിമ്പനി ബാധ വഷളായതായി റിപ്പോർട്ടുചെയ്തിട്ടുണ്ട്. ലെയിഷ്മാനിയ അണുബാധ, ലെയിഷ്മാനിയാസിസ്, ഡംഡം ഫീവർ, ബ്ളാക്ക് സിക്ക്നെസ് എന്നും ഇതിനെ വിളിക്കുന്നു.

കാരണങ്ങൾ

ലെയിഷ്മാനിയ വംശത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് കരിമ്പനിക്ക് കാരണമാകുന്നത്. ഒരു തരം മണലീച്ചയിലാണ് ഇത് വാസമുറപ്പിക്കുക. അണുബാധയുള്ള മണലീച്ചയുടെ കടിയിലൂടെ ഇത് മനുഷ്യരിലെത്തുകയും കരിമ്പനിക്ക് കാരണമാകുകയും ചെയ്യുന്നു.

സസ്തനികളുടെ രക്തമാണ് പെൺ മണലീച്ചയുടെ ആഹാരം. ഇവ കടിക്കുന്നതു മൂലം ലെയിഷ്മാനിയ പരാദങ്ങൾ മനുഷ്യരിലുമെത്തിച്ചേരുന്നു. നനവുള്ള സ്ഥലങ്ങൾ, ജൈവമാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന സ്ഥലങ്ങൾ, കന്നുകാലിത്തൊഴുത്തുകൾ, ഈർപ്പമുള്ള സ്ഥലത്തെ വിള്ളലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ പ്രജനനം നടത്തുന്നു.

വിസെറൽ ലെയിഷ്മാനിയാസിസ് എന്നും കരിമ്പനിക്ക് പേരുണ്ടെന്ന് പറഞ്ഞല്ലോ. വിസെറ എന്നാൽ ആന്തരികാവയവങ്ങൾ എന്നാണ് അർത്ഥം. കരൾ, പ്ളീഹ, അസ്ഥി മജ്ജ എന്നിവിടങ്ങളിൽ വച്ച് ലെയിഷ്മാനിയ പരാദങ്ങൾ ഇരട്ടിക്കുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് കൂടുതലായും ഇതിനിരയാവുന്നതെന്നത് നിർഭാഗ്യകരമായ ഒരു സത്യമാണ്. കുറഞ്ഞ പ്രതിരോധശേഷി, പോഷകാഹാരക്കുറവ്, ശരിയായ താമസസൗകര്യമില്ലാത്തത്, ശുചിത്വത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ, സാമ്പത്തികശേഷി ഇല്ലാതിരിക്കൽ തുടങ്ങിയവയെല്ലാം ഇതുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്.

ലക്ഷണങ്ങൾ

പരാദം ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞ ശേഷവും ലക്ഷണങ്ങൾ പ്രകടമാവണമെന്നില്ല. സാധാരണഗതിയിൽ 2-6 മാസം വരെയാണ് ഇങ്കുബേഷൻ സമയം.

കരിമ്പനിയുടെ ചില ലക്ഷണങ്ങളാണ് ഇനി പറയുന്നത്;

മാസങ്ങളോളം നീണ്ടുനിൽക്കുന്ന പനി

വിശപ്പില്ലായ്മ

പ്രത്യേക കാരണമൊന്നുമില്ലാതെ ഭാരം കുറയുക

നീണ്ടുനിൽക്കുന്ന തളർച്ച

പ്ളീഹ വീങ്ങുക

കരൾ വീക്കം

ചർമ്മത്തിന്റെ നിറവ്യത്യാസം, സാധാരണഗതിയിൽ ചാരം കലർന്ന കറുപ്പ് നിറം- ഇതാണ് കരിമ്പനി എന്ന പേര് ലഭിക്കാൻ കാരണം

രോഗനിർണയം

കരിമ്പനി നിർണയിക്കുന്നതിന് ഇനി പറയുന്നവ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നു;

പരാദത്തിന്റെ സാന്നിധ്യം അറിയുന്നതിനായി പ്ളീഹ, കരൾ, അസ്ഥി മജ്ജ തുടങ്ങിയവയിൽ നിന്നുള്ള ടിഷ്യൂ സ്പെസിമനുകൾ ശേഖരിക്കുന്നു.

അണുബാധയ്ക്കെതിരെ ആന്റിബോഡികളുടെ സാന്നിധ്യമറിയുന്നതിനുള്ള രക്ത പരിശോധന.

ചികിത്സയും പ്രതിരോധവും

ചികിത്സ

സുരക്ഷിതവും ഫലപ്രദവുമായ ആന്റി-ലെയിഷ്മാനിയൽ മരുന്നുകളൊന്നും നിലവിൽ ലഭ്യമല്ല. പെന്റാവാലന്റ് ആന്റിമണി കുത്തിവയ്പ് ഉപയോഗിക്കാവുന്നതാണ്.

പ്രതിരോധം

നിലവിൽ ഇതിനെതിരെ പ്രതിരോധ വാക്സിനുകൾ ലഭ്യമല്ല. മണലീച്ചയുടെ കടി ഏൽക്കാതിരിക്കുകയാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മാർഗം. ഇതിനായി;

ഇൻസെക്റ്റ് റെപ്പല്ലന്റുകൾ ഉപയോഗിക്കുക

രാത്രിസമയത്ത് കൊതുകുവല ഉപയോഗിക്കുക

വൈകുന്നേരങ്ങളിൽ പുറത്തുള്ള ജോലികൾ ഒഴിവാക്കുക

ശരിയായ രീതിയിൽ ശരീരം മറയത്തക്കവണ്ണമുള്ള വസ്ത്രങ്ങൾ ധരിക്കുക

ഇരുണ്ടതും ചെളി നിറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കുക

സങ്കീർണതകൾ

ചികിത്സ നൽകിയില്ലെങ്കിൽ കരിമ്പനി ജീവനു തന്നെ ഭീഷണിയായേക്കാം. പ്രതിരോധശേഷി നശിക്കുന്നതിനാൽ, എച്ച്ഐവി ബാധിക്കുന്നതിനൊപ്പം കരിമ്പനിയും ബാധിക്കാം.