ഭക്ഷണവും പാചകവിധികളും നാടന്‍ ഭകഷണങ്ങളും പാചകവിധികളും നമ്മുടെ മറ്റൊരു പൈതൃകമാണു.നാടന്‍ വിഭവങ്ങളായ ചിരട്ടപുട്ട് തുടങ്ങി അവിയല്‍, സാബാര്, തോരന്‍ തുടങ്ങി കറികള്‍,അനേകം പാനീയങ്ങള്‍ മുതലായവയുടെ വിവരശേഖരണം ഈ പ്രധാനമേഖലയില്‍ പെടുത്താം.ഈ പ്രധാന മേഖലക്ക് താഴെ പറയുന്ന ഉപമേഖലകളുണ്ട്. ഖര ഭക്ഷണങ്ങള്‍ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം മുതലായവ ദൈനംദിന ഖരഭക്ഷണങ്ങളായ പുട്ട്, ദോശ, ഇഡ്ഡലി, ഊണ് മുതലായവും ഈ വിഭാഗത്തില്‍ പെടുന്നു. കുമ്മന്‍ കടുക്ക അട കുമ്മന്‍ കടുക്കക്കായയില്‍ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ തേങ്ങയും ശര്‍ക്കരയും ജീരകവും ഇട്ട് പുഴുങ്ങി കായ പൊളിച്ചെടുക്കുന്നു.പൊടുവണ്ണി, വാഴയില, പ്ലാവില, എലമംഗലം എന്നിവയുടെ ഇലകളും അടപുഴുങ്ങിയെടുക്കാന്‍ ഉപയോഗിക്കുന്നു. പനച്ചോറ്പനയുടെ മുകളിലെ തൊലി ഉരിഞ്ഞിട്ട് ഉള്ളിലുള്ള ചോറെടുത്ത് ഇടിച്ച് പൊടി വെള്ളത്തിലിട്ട് വെക്കണം.ഇതിന്റെ കട്ട് കളയാന്‍ വേണ്ടി ഏഴുപ്രാവശ്യമെങ്കിലും ഈ വെള്ളം മാറ്റണം.അതിനുശേഷം പൊടിയെടുത്ത് കുറുക്കിയെടുക്കും. ഇത് കറിയും കൂട്ടി കഴിച്ചാല്‍ നല്ല സ്വാദായിരിക്കും.പൊടി കുറുക്കിയെടിക്കുമ്പോള്‍ ശര്‍ക്കരയും തേങ്ങയും നെയ്യുമൊക്കെ ചേര്‍ത്താല്‍ ഹലുവ പോലെ സ്വാദുള്ള പലഹാരമായി ഉപയോഗിക്കാം ഈന്തിന് പൊടി മൂത്ത ഈന്തിന്കായ വെട്ടിയുണക്കി പൊടിച്ച് വെള്ളത്തിലിട്ട് വെള്ളം ഊറ്റി കട്ട് കളഞ്ഞാണ് ഉപയോഗക്കുന്നത്.ഈന്തിന് പൊടികൊണ്ട് പത്തിരി, പുട്ട് തുടങ്ങിയ പല വിഭവങ്ങളും ഉണ്ടാക്കാം.ചെറിയ ഉരുളയാക്കി വെള്ളത്തിലിട്ട് ചൂടാക്കിയതിനു ശേഷം ഊറ്റിയെടുത്ത് ഇറച്ചിക്കറി ഉപയോഗിച്ച്കഴിക്കാം.കൂടാതെ ശര്‍ക്കര ചേര്‍ത്ത് പലഹാരമാക്കിയും കഴിക്കാം. അട ചുട്ടെടുത്തത് അരിപ്പൊടി നനച്ച് ഇലയില്‍ പരത്തി തേങ്ങയും ശര്‍ക്കരയും നിറച്ച് അടപോലെ മടക്കിയെടുത്ത് ചട്ടിയില്‍ ചുട്ടെടുക്കുക. അരിപ്പൊടിക്കു പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട ചുട്ടെടുക്കാവുന്നതാണ്. പൊടുവണ്ണിയില, വാഴയില, പ്ലാവില, എലമംഗലം തുടങ്ങിയ ഇലകളും അട പുഴുങ്ങാന്‍ ഉപയോഗിക്കാം അട ആവിയില്‍ വേവിച്ചത് അരിപ്പൊടി നനച്ച് ഇലയില്‍ പരത്തി തേങ്ങയും പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് നിറച്ച് അടപോലെ മടക്കിയെടുത്ത് ആവിയില്‍ വേവിക്കുക. അരിപ്പൊടിക്കുപകരം പകരം ഗോതമ്പുപൊടി, മുത്താറിപ്പൊടി ഈന്തുംപൊടി ഇവ ഉപയോഗിച്ചും അട വേവിച്ചെടുക്കാവുന്നതാണ്. ഇലയായി വാഴയിലയോ കറുവപ്പട്ടയിലയോ ഉപയോഗിക്കാം പയറുവര്‍ഗങ്ങള്‍ ഗോതമ്പുകൊണ്ടോ പയര്‍വര്‍ഗത്തില്‍ പെട്ട ചെറുപയര്‍, പരിപ്പ് ഇവ ഉപയോഗിച്ചോ ഗുലാബി എന്ന ഒരുതരം വിഭവമുണ്ടാക്കാറുണ്ട്. തേങ്ങ, ശര്‍ക്കര, ഏലക്കായ, സവാള തുടങ്ങിയവയും ഇതില്‍ ചേര്‍ക്കാറുണ്ട്. മുത്താറി പറമ്പിലും പാടത്തും ഞാറു നട്ട് വളര്‍ത്തുന്നതാണ് മുത്താറി. ഇതിന്റെ വിത്തുകള്‍ അരച്ച് കുറുക്കി മധുരവും ചേര്‍ത്ത് കഴിക്കുന്നത് പതിവായിരുന്നു. ഇത് ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്ലൊരു ഭക്ഷണമായി ഉപയോഗിക്കാം. ചെറിയ കുട്ടികള്‍ക്ക് ചോറു കൊടുക്കുന്നതിനു മുമ്പായി മുത്താറി കുറുക്കി കൊടുക്കാം. ഇന്ന് മുത്താറി കര്‍ണ്ണാടകത്തിലാണ് കൂടുതലായി കൃഷിചെയ്യുന്നത്. തവിടപ്പം നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന തവിടില്‍ വെള്ളവും ശര്‍ക്കരയും ചേര്‍ത്ത് ഉരുട്ടി കഴിക്കുകയും അപ്പമുണ്ടാക്കിയും പഴയ ആളുകള്‍ കഴിച്ചിരുന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു തവിടുകൊണ്ടുള്ള പത്തിരി. കൂടാതെ തേങ്ങയും പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് തവിടുകൊണ്ട് അടയും ഉണ്ടാക്കിയിരുന്നു. കുളുത്ത ചോറ് തലേന്ന് ബാക്കിവെച്ച ചോറ് വെള്ളത്തിലിട്ട് പിറ്റേന്ന് ഉപ്പും തൈരും പച്ചമുളകും കൂട്ടി തിന്നുന്നതാണ് കുളുത്തചോറ്. വല്ലാത്ത ഒരു ഉന്മേഷം പകരുന്നതാണ് ഈ ഭക്ഷണം. ഇത് കഴിച്ചാല്‍ ബുദ്ധി മന്ദീഭവിക്കുമെന്ന ഒരു ചൊല്ലും നാട്ടുമൊഴികളില്‍ പറയുന്നുണ്ട്. പണ്ട് കാരണവന്മാര് പുലര്‍ച്ചെതന്നെ കുളുത്ത ചോറും തിന്നാണ് പണിക്കിറങ്ങിയിരുന്നത്. ചക്കരച്ചോറ് കൊയ്ത്തു കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞശേഷം മകരം ഒന്നിനാണ് ഈ വിഭവം സാധാരണയായി തയ്യാറാക്കുക. അരി, ശര്‍ക്കര, നാളികേരം എന്നിവയോടൊപ്പം ജീരകം, ഉള്ളി, ഏലക്കായ എന്നീ ചേരുവകള്‍ ചേര്‍ത്താണ് ചക്കരച്ചോറ് തയ്യാറാക്കുക. പട്ടിണിക്കഞ്ഞി മരണാനന്തര ചടങ്ങുകളിലും കഞ്ഞിക്ക് പ്രാധാന്യമുണ്ട്. മരിച്ച് മൂന്നാം ദിവസം പുലകുളി അടിയന്തിരത്തിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് മരിച്ചയാളിന്റെ ശേഷക്കാര്‍ കുടിക്കുന്ന കഞ്ഞിയാണ് പട്ടിണിക്കഞ്ഞി എന്ന പേരിലറിയപ്പെടുന്നത്. ആ രാത്രി പട്ടിണി കിടക്കുകയാണ് പതിവ്. ഈ കാരണം കൊണ്ടാവാം ആ കഞ്ഞിക്ക് പട്ടിണിക്കഞ്ഞി എന്ന പേര് വന്നത്. കൂടാതെ ശിപോതിക്കഞ്ഞി, ഇടിഞ്ഞില്‍ കഞ്ഞി, കുറുന്തോട്ടികഞ്ഞി, മഞ്ഞള്‍കഞ്ഞി, തുളസിക്കഞ്ഞി, ഗോതമ്പുകഞ്ഞി ഉലുവാക്കഞ്ഞി, ആശാളിക്കഞ്ഞി, നവധാന്യക്കഞ്ഞി എന്നീ തരത്തില്‍ അറിയപ്പെടുന്ന കഞ്ഞികളുമുണ്ട്. തെക്കഞ്ഞി പണ്ടുകാലത്ത് ആളുകള്‍ രാവിലെ പണിക്കിറങ്ങും മുമ്പ് തെക്കഞ്ഞി കുടിക്കുന്ന ശീലമുണ്ടായിരുന്നു. തലേ ദിവസത്തെ അത്താഴം തിളക്കുമ്പോള്‍ ചോറോടുകൂടി കഞ്ഞി മണ്കലത്തില് ഒഴിച്ചുവെക്കും. ഉറിയില്‍ സൂക്ഷിക്കുന്ന ഈ കഞ്ഞി രാവിലെ നല്ലെണ്ണയും ഉപ്പും ചേര്‍ത്ത് പയറോ മുതിരയോ കടലയോ കറിയായി ചേര്‍ത്ത് കുടിക്കും. ഇതിനെയാണ് തെക്കഞ്ഞി എന്ന് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ബലവും ഉന്മേഷവും പകരുന്നതാണ്. പുട്ട് (മരച്ചീനി) തൊലി കളഞ്ഞ മരച്ചീനി വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി ഉണക്കിയതിനുശേഷം പൊടിക്കുക. സാധാരണ പുട്ടുചുടുന്ന രീതിയില്‍ തേങ്ങയും ചേര്‍ത്ത് ആവിയില്‍ വേവിക്കുക. കപ്പമാവുകൊണ്ട് പുട്ടിനുപുറമെ പലഹാരങ്ങളും ബേക്കറി സാധനങ്ങളും ഉണ്ടാക്കാം. കൂടാതെ കപ്പവറ്റല്‍, അവല്‍കപ്പ തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു കൊഴുക്കട്ട അരിപ്പൊടി ചൂടുവെള്ളത്തില്‍ വാട്ടിക്കുഴച്ച് ഉരുളകളാക്കിയെടുക്കി തിളച്ചവെള്ളത്തിലിട്ട് വേവിക്കുക.ശേഷം ചെറുതായി മുറിച്ചെടുത്ത്കടുക്, പച്ചമുളക്, കറിവേപ്പില എന്നിവയോടൊപ്പം എണ്ണയില്‍ വറുത്തെടുക്കുക. വേണമെങ്കില്‍ തേങ്ങയും ചേര്‍ക്കാം. ഇലയട വാഴയിലയില്‍ അരിപ്പൊടി പരത്തി തേങ്ങയും ശര്‍ക്കരയും നടുവില്‍ വെച്ച് മടക്കി ആവിയില്‍ വേവിക്കുക. ഇതേ ചേരുവകള്‍ പ്ലാവിലയില് വെച്ച് കുമ്പിളാക്കി കുമ്പിളപ്പവും തയ്യാറാക്കാം. പലതരത്തിലുള്ള ഇലയടകളുണ്ട്. പരുത്തി, വാഴയില, അയനിയില, കറുകയില തുടങ്ങിയവ ഉപയോഗിച്ച് അടകളുണ്ടാക്കാം. ഒരോ ഇലകളിലും ഉണ്ടാക്കുന്ന അടകള്‍ക്ക് അതിന്റേതായ രുചിയും മണവുമുണ്ട്. ഗോതമ്പ്പൊടിയും അരിപ്പൊടിയും ഉപയോഗിച്ചാണ് ഇലയടകള്‍ മിക്കവയും തയ്യാറാക്കുക. ഉഴുന്നു ദോശ ഖരഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉഴുന്ന് ദോശ. ഉഴുന്ന് ദോശയ്ക്കും ഇഡ്ഡലിക്കും ചേരുവകള്‍ ഒന്നു തന്നെയാണ്. ഉഴുന്ന്,പച്ചരി, പുഴുങ്ങലരി ഉപ്പ് എന്നിവ. തയ്യാറാക്കുന്ന വിധം - ഉഴുന്നും പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ച് അരച്ചെടുത്ത് തലേദിവസം മാവാക്കി വെക്കുക. ആവശ്യമായ ഉപ്പ് ചേര്‍ത്ത് വെളിച്ചെണ്ണ ചട്ടിയില്‍ പുരട്ടിയതിനു ശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് ചുട്ടെടുക്കുക. ഇഡ്ഡലി ആവശ്യമായ സാധനങ്ങള്‍ - ഉഴുന്ന്,പച്ചരി,പുഴുങ്ങലരി ഉപ്പ് പാകത്തിന്. തയ്യാറാക്കുന്ന രീതി : ഉഴുന്ന് നല്ലവണ്ണം അരയ്ക്കുക. പുഴുങ്ങലരിയും പച്ചരിയും ചെറുതായി അരച്ചെടുക്കുക. അരച്ചെടുത്ത മാവുകളും ആവശ്യമായ ഉപ്പും ചേര്‍ത്ത് മാവ് കൂട്ടി കുറുക്കി നല്ല കട്ടിയിലാക്കുക. എന്നിട്ട് 6-മണിക്കൂര്‍ വെച്ചതിനു ശേഷം ഇഡ്ഡലി ഉണ്ടാക്കാം. ഏറ്റവും പ്രധാനമായ ഒരു ഖരഭക്ഷണമാണ് ഇഡ്ഡലി. ഗൃഹ പ്രവേശന ചടങ്ങുകളിലും ആദ്യം കാണുന്നത് ഇഡ്ഡലി തന്നെയാണ്. എല്ലാ ആളുകളും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. ഏറ്റവും എളുപ്പത്തില്‍ പ്രാതല്‍ ഭക്ഷണമായി ഉണ്ടാക്കാന്‍ കഴിയുന്നതാണിത്. കറികള്‍ സാമ്പാര്‍, പച്ചടി, കിച്ചടി, അവിയല്‍, തോരന്‍ മുതലായ കറിവിഭവങ്ങള്‍ ഇതില്‍പ്പെടും. കാളന് നേന്ത്രക്കായയോ ചേനയോ മഞ്ഞള്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിയാല്‍ തൈരൊഴിച്ച് ചെറിയ ജീരകവും തേങ്ങയും വെണ്ണപോലെ അരച്ചെടുത്ത് ചേര്‍ത്തിളക്കി കടുകും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ വറുത്തിടുക. കൂണ് വരട്ടിയത് 1 ടീസ്പ്പൂണ്‍ മുളക് പൊടി, ½ ടീസ്പ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പ്പൂണ്‍ മല്ലിപ്പൊടി, 100 ഗ്രാം തക്കാളി, 4 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, കുറച്ച് മല്ലിയില, വേപ്പില എന്നീ ചേരുവകളെല്ലാം കൂടി അരച്ചെടുത്ത് വലുതായി അരിഞ്ഞ 250 ഗ്രാം കൂണ് കഷ്ണത്തില്‍ പുരട്ടി പതിനഞ്ച് മിനിട്ട് വെക്കുക. പിന്നീട് എണ്ണയിലിട്ട് മൂപ്പിച്ച് ഉപയോഗിക്കുക. എരിശ്ശേരി ഒരു തേങ്ങ പിഴിഞ്ഞ് പാലെടുക്കുക. 250 ഗ്രാം നേന്ത്രക്കായ തൊലികളയാതെയും 250 ഗ്രാം ചേന തൊലികളഞ്ഞും അരിഞ്ഞെടുക്കുക. 5 ഉണക്കമുളക് പൊടിച്ചതും 1 ടീസ്പ്പൂണ്വീതം കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പും തേങ്ങാപ്പാലില്‍ ചേര്‍ക്കുക. ഇതില്‍ കഷ്ണങ്ങളിട്ട് കുറച്ച് എണ്ണ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച് തിളപ്പിക്കുക. അരമുറി തേങ്ങ ചിരകിയതും വേപ്പിലയും 1 ടീസ്പ്പൂണ്‍ ജീരകവും കൂടി അരച്ച് തിളക്കുന്ന കൂട്ടിലൊഴിച്ച് പാകത്തിന് വെള്ളവും ചേര്‍ക്കുക. കഷ്ണങ്ങള്‍ വെന്തുകഴിയുമ്പോള്‍ കോരിമാറ്റുക. ബാക്കി അരമുറി തേങ്ങ ഒതുക്കിയെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ 1 ടീസ്പ്പൂണ്‍ കടുകും വേപ്പിലയും മൂപ്പിക്കുക. ഇതില്‍ തേങ്ങ ഒതുക്കിയതിട്ട് ചൂടാക്കി കറിയിലേക്കിട്ട് കുഴമ്പ് പരുവമാകുമ്പോള്‍ വാങ്ങിവെക്കുക. കൈതച്ചക്ക പച്ചടി പാകം ചെയ്യുന്ന വിധം 1 മുറി തേങ്ങ ചിരകിയെടുത്തതില്‍ നിന്ന് രണ്ട് സ്പ്പൂണ്‍ തേങ്ങ മാറ്റിയ ശേഷം 3 പച്ചമുളക് ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പച്ചകൈതച്ചക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തശേഷം തേങ്ങ അരച്ചതും ½ കപ്പ് തൈരും ചേര്‍ത്ത് ഇളക്കുക. എണ്ണ ചൂടാക്കി കറിവേപ്പിലയും മാറ്റിവെച്ച തേങ്ങയും 1 ടീസ്പ്പൂണ്‍ കടുകും ചേര്‍ത്ത് മൂപ്പിച്ച് ഇതില്‍ ചേര്‍ക്കുക തക്കാളി പച്ചടി തയ്യാറാക്കുന്ന വിധം 5 തക്കാളി പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. 1തേങ്ങയും 5 പച്ചമുളകും ½ ടീസ്പ്പൂണ്‍ ജീരകവും മയത്തില്‍ അരച്ചെടുക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍ തേങ്ങാ അരച്ചതും, 2 കപ്പ് തൈരും ഒഴിക്കുക. തൈര് തിളച്ചു വരുമ്പോള്‍ കറിവേപ്പിലയും കടുകും മൂപ്പിച്ചിടുക. കാബേജ് തോരന്‍ തയ്യാറാക്കുന്ന വിധം 250 ഗ്രാം കാബേജ് ചെറുതായി കൊത്തിയരിഞ്ഞതും ½ മുറി തേങ്ങ ചിരവിയതും പാകത്തിന് ഉപ്പും നന്നായി യോജിപ്പിക്കുക. എണ്ണ ചൂടാക്കി ½ ടീസ്പ്പൂണ്‍ കടുകും 2 ടീസ്പ്പൂണ്‍ ഉഴുന്നും മൂപ്പിക്കുക. ഇതില്‍ 50 ഗ്രാം സവാള, 2 പച്ചമുളക്, കറിവേപ്പില ഇവ വഴറ്റി കാബേജ് ഇട്ട് വേവിക്കുക. ഓലന്‍ തയ്യാറാക്കുന്ന വിധം വന്‍പയര്‍ കുതിര്‍ത്ത് കുമ്പളങ്ങയും മത്തങ്ങയും അരിഞ്ഞതും പച്ചമുളക് നെടുകേ ഛേദിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകി ഒന്നും രണ്ടും പാല് പിഴിഞ്ഞെടുക്കുക. പച്ചക്കറി വെന്തുകഴിഞ്ഞാല്‍ രണ്ടാം പാല് ചേര്‍ത്ത് തിളച്ച് വറ്റുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് ചൂടാക്കി വാങ്ങിവെക്കുക. എണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച് ചേര്‍ക്കുക ഇഞ്ചിക്കറി പാകം ചെയ്യുന്ന വിധം 200ഗ്രാം ഇഞ്ചി തൊലി കളഞ്ഞ് കുറച്ചു നേരം വെള്ളത്തിലിടുക. പിന്നീട് ചതച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇഞ്ചിനീര് കാരം മാറാന്‍ മാറ്റി വെക്കുക. ഒരു തേങ്ങ ചിരകിയതും ഇഞ്ചിയുടെ ചണ്ടിയും കുറച്ച് എണ്ണയൊഴിച്ച് വറുത്ത് അരച്ചെടുക്കുക. എണ്ണയില്‍ 2 ടീസ്പ്പൂണ്‍ മുളക് പൊടിയും 3 ടീസ്പ്പൂണ്‍ മല്ലിപ്പൊടിയും1 ടീസ്പ്പൂണ്‍ കടുകും വേപ്പിലയും 2 പച്ചമുളകും മൂപ്പിക്കുക. അതില്‍ അരപ്പ് മൂപ്പിക്കുക. ഇതില്‍ ഉപ്പും പുളി പിഴിഞ്ഞതും ഇഞ്ചിനീരും ഒഴിക്കുക. മുകളില്‍ എണ്ണ വരുന്നതുവരെ തിളപ്പിക്കണം. പുളിശ്ശേരി തയ്യാറാക്കുന്ന വിധം എണ്ണ ചൂടാകുമ്പോള്‍ 3 വറ്റല്‍ മുളക്, ½ ടീസ്പ്പൂണ്‍ വീതം കടുക്, ജീരകം, 3 ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില, എന്നിവ മൂപ്പിക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത് 2 കപ്പ് ഉടച്ച തൈരും ½ ടീസ്പ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും 1 ടീസ്പ്പൂണ്‍ ഉലുവാപൊടിയും ചേര്‍ത്തിളക്കുക. ചൂടാകുമ്പോള്‍ ഇറക്കി വെക്കുക. തീയല്‍ തയ്യാറാക്കുന്ന വിധം 10 ഗ്രാം വാളന്‍പുളി കുറച്ചുസമയം വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്തതില്‍ കുറച്ച് മുളക്പൊടിയും 1 ടീസ്പ്പൂണ്‍ മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. 100 ഗ്രാം വഴുതനങ്ങ, വെണ്ടക്ക, മുരിങ്ങാക്കായ തുടങ്ങിയവയും 150 ഗ്രാം ചുവന്നുള്ളി, 5 പച്ചമുളക് ഇവ അരിഞ്ഞതും പുളിവെള്ളത്തിലിട്ട് വേവിച്ചതില്‍ തേങ്ങാപ്പാലൊഴിച്ച് തിളപ്പിക്കുക. ചൂടാക്കിയ വെളിച്ചെണ്ണയില്‍ വേപ്പിലയും കടുകും ഒന്നോ രണ്ടോ ഉണക്കമുളകും ഇട്ട് മൂപ്പിച്ച് കറിയിലൊഴിച്ച് തിളപ്പിക്കുക. രസം തയ്യാറാക്കുന്ന വിധം 4 തക്കാളി വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. 6 അല്ലി വെളുത്തുള്ളി ചതച്ചതും മല്ലിയിലയും ¼ ടീസ്പ്പൂണ്‍ കുരുമുളക്പൊടിയും ചേര്‍ത്ത് വെള്ളം കൂടുതല്‍ വെച്ച് തിളപ്പിക്കുക. 2ടീസ്പ്പൂണ്‍ രസപ്പൊടി ചേര്‍ത്ത് ഇറക്കി വെക്കുക. എണ്ണ ചൂടാക്കി കടുകും വേപ്പിലയും ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍മുളകും വെളുത്തുള്ളി ചതച്ചതും അരിഞ്ഞ ചെറിയ ഉള്ളിയും കായവും ഉലുവായും മൂപ്പിച്ച് ചേര്‍ക്കുക നാലുകൂട്ടവും ഇഞ്ചിത്തൈരും. കേരളത്തിന്റെ ആഹാരക്രമം ചോറും നാലുകൂട്ടം കൂട്ടാനും ഇഞ്ചിത്തൈരുമായിരുന്നു. ഈ നാലുകൂട്ടം കൂട്ടാന്റെ കാര്യത്തില്‍ കാണുന്ന ഒരു പ്രത്യേകത അവയിലെല്ലാം സുലഭമായി നാളികേരം ചേര്‍ക്കുന്നുവെന്നതാണ്. കാളനില്‍ പകുതിയും നാളികേരമാണ്. ചേന, കായ. തൈര്, കുരുമുളക് എന്നിവയാണ് മറ്റുഘടകങ്ങള്‍. എല്ലാം കേരളീയവും പോഷകസമ്പന്നവുമാണ്. ഓലനില്‍ പകുതിയോളം തേങ്ങാപാലാണ്. എളവന് മാത്രമാണ് അതിലെ കഷ്ണം . ശരീരത്തിനാവശ്യമായ ക്ഷാരാംശം ഇതില്‍നിന്നു ലഭിക്കും. എരിശ്ശേരിയിലും ധാരാളം നാളികേരവും വെളിച്ചെണ്ണയും ചേര്‍ക്കുന്നു. അവിയലിലും നാളികേരം പ്രധാനമാണ്. ഊര്‍ജ്ജപ്രദായിനിയായി തയ്യാറാക്കുന്ന മധുരക്കറി പ്രഥമനാണ്. അതിലും നാളികേരപ്പാലിനാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രചാരത്തിലുള്ള പാല്പായസവും പാലടപ്രഥമനും കേരളീയമല്ല. പശുവിന്‍പാലിന് കേരളീയ ഭക്ഷണത്തില്‍ സ്ഥാനമില്ല. തൈരുമാത്രമെ ഉപയോഗിക്കാറുള്ളൂ. കേരളീയ ഭക്ഷണത്തിലെ പ്രസിദ്ധമായ വിഭവം ഇഞ്ചിത്തൈരാണ്. ഇഞ്ചിയും ഉപ്പും തൈരുമാണ് ഘടകങ്ങള്‍ (മുളക് പുതിയ പരിഷ്ക്കാരമാണ്). ഇഞ്ചി ദഹനത്തിന് അത്യുത്തമമാണ്. ഭക്ഷണാവസാനത്തില്‍ തൈരുകൂട്ടുന്ന സ്ഥാനത്താണ് ഇഞ്ചിത്തൈര് ഉപയോഗിച്ചിരുന്നത്. ഉപ്പേരിയാണ് മറ്റൊരു വിഭവം. ഉപ്പുമാത്രം ചേര്‍ത്തുണ്ടാക്കുന്ന കറിയാണ് ഉപ്പുകേറി അഥവാ ഉപ്പേരി. ഈ വിഭവങ്ങളെല്ലാം നന്നായി ചവച്ചരച്ചേ ഇറക്കാന്‍ പറ്റൂ എന്നതും ഒരുപ്രത്യേകതയാണ്. നാലുകൂട്ടം കൂട്ടാന്‍, ഇഞ്ചിത്തൈര്, ഉപ്പേരി, പ്രഥമന്‍ എന്ന സദ്യവട്ടം ഇന്നും ശ്രാദ്ധംപോലുള്ള വൈദികക്രിയകളോടു കൂടിയ ചടങ്ങുകളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന് സാമ്പാര്‍, പാലട തുടങ്ങിയവ നിഷിദ്ധങ്ങളാണ്. കേരളത്തിന്റെ തനതു വിഭവങ്ങളായ ചക്കയ്ക്കും മാങ്ങയ്ക്കും ‘ ചതുര്വിഭവങ്ങളില് സ്ഥാനം കാണാത്തത്, ഒരുപക്ഷേ അതു സീസണല്‍ ആയതുകൊണ്ടാവാം. കിച്ചടി ചേരുവകള്‍ - വെള്ളരി, പച്ചമുളക്, വറ്റല്‍മുളക്, തൈര്, കടുക്, തേങ്ങ, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്. തയ്യാറാക്കുന്ന വിധം - നീളത്തില്‍ കനംകുറച്ചരിഞ്ഞ വെള്ളരി പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിച്ച് വെള്ളം പാകമാവുമ്പോള്‍ തേങ്ങയും ജീരകവും അരച്ചത് ചേര്‍ക്കുക. തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും, കറിവേപ്പിലയും, ചുവന്ന മുളകും ചേര്‍ത്ത് വറുത്ത് കറിയില്‍ ചേര്‍ത്തിളക്കുക മുളകാ പച്ചടി ചേരുവകള്‍ - വാളന്‍പുളി, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, പച്ചമുളക് അറ്റം പിളര്‍ന്നത്, ശര്‍ക്കര,ഉഴുന്നുപരിപ്പ്, എള്ള്, കറിവേപ്പില, വെള്ളം. തയ്യാറാക്കുന്ന വിധം - വാളന്‍പുളി പിഴിഞ്ഞത് പാകത്തിന് ഉപ്പും, മുളകുപൊടിയും, മഞ്ഞള്‍പൊടിയും അറ്റം പിളര്ത്ത പച്ചമുളകും ചേര്‍ത്ത് വേവിക്കുക. പുളി വെന്താല്‍ ശര്‍ക്കരയിട്ട് ഉരുക്കി എടുക്കുക. ഉഴുന്നുപരിപ്പും എള്ളും വറുത്ത് പൊടിച്ച് ചേര്‍ത്തിളക്കുക. തിളച്ചുകഴിഞ്ഞാല്‍ കറിവേപ്പിലയിട്ട് ഇറക്കി വെക്കുക. സാമ്പാര്‍ പരിപ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചതിനുശേഷം ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, വെള്ളരിക്ക,പടവലങ്ങ, വലിയഉള്ളി, വഴുതന എന്നിവ ഇട്ടു വേവിക്കുക. ഒപ്പം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി,ഉപ്പ് എന്നിവയും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ തക്കാളി, വെണ്ടക്ക, പച്ചമുളക് എന്നിവയും ചേര്‍ക്കുക. വാങ്ങി വെച്ചതിനു ശേഷം ചൂടാക്കി കടുക്, ഉലുവ, വറ്റല്‍ മുളക് , കറിവേപ്പില, കായം എന്നിവ വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ചേര്‍ക്കുക. അവിയല്‍ ആഘോഷങ്ങളില്‍ ഉണ്ടാക്കുന്ന സദ്യയില്‍ ഒരു പ്രധാന കറിയാണ് അവിയല്‍. അവിയലിന്റെ ചേരുവകളായി ഉപയോഗിക്കുന്നത് മുരിങ്ങാക്കായ, നേന്ത്രക്കായ, കാരറ്റ്, കയ്പ്പക്ക, പയര്‍, ഇളവന്‍ എന്നിവയാണ്. ഇതിനുപുറമെയുള്ള മറ്റുപച്ചക്കറികളും ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരേ നീളത്തില്‍ അരിഞ്ഞ് എല്ലാകഷ്ണങ്ങളും ഒരുമിച്ച് വേവിക്കുക. കുറച്ച് എണ്ണയും 2 ടേബിള്‍സ്പ്പൂണ്‍ മഞ്ഞള്‍പൊടിയും 1ടേബിള്‍സ്പ്പൂണ്‍ മുളക്പൊടിയും പച്ചക്കറിയില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത് കഴിയുമ്പോള്‍ 1 കപ്പ് തൈര് ചേര്‍ത്ത് ചൂടാക്കുക. ശേഷം ഉപ്പ് ചേര്‍ക്കുക. തേങ്ങ, 2 ടേബിള്‍ സ്പ്പൂണ്ജീരകം, 50 ഗ്രാം പച്ചമുളക്, 100 ഗ്രാം ചുവന്നുള്ളി, വേപ്പില എന്നിവ ചതച്ച് ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. ചേന എരിശ്ശേരി ഏതു രോഗിക്കും ഏത് രോഗാവസ്ഥയിലും ഉപയോഗിക്കാവുന്ന കിഴങ്ങുവര്‍ഗമാണ് ചേന. കൂടാതെ ഏതു കാലത്തും ഉണ്ടാക്കി കഴിക്കാന്‍ പറ്റുന്ന ഒരു കറിയാണ് ചേന എരിശേരി . തയ്യാറാക്കുന്നത് - ചേന തൊലി കളഞ്ഞതിനു ശേഷം നല്ലവണ്ണം കഴുകി തിളപ്പിക്കുക. വെന്തതിനു ശേഷം തക്കാളിയും മല്ലിപ്പൊടിയും മുളക്പൊടിയും ഉപ്പും പാകത്തിന് ചേര്‍ക്കുക. 15 മിനുട്ട് കഴിഞ്ഞതിനു ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചത് ചേര്‍ക്കുക പാനീയങ്ങള്‍ വിവിധ തരത്തിലുള്ള് പാനീയങ്ങള്‍ ചുക്കുവെള്ളം, കരിങ്ങാലി വെള്ളം മുതലായവ വിവിധതരം പാനീയങ്ങള്‍ തേങ്ങാപാലില്‍ ഏലക്കയും ജീരകവും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വേനല്‍ക്കാലത്ത് കുടിക്കാന്‍ അനുയോജ്യമായതാണ്. നന്നാറിച്ചെടിയുടെ വേര് വെള്ളത്തിലിട്ട് അതിലേക്ക് പഞ്ചസാരയും കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. ഇതു പതഞ്ഞുവരുമ്പോള്‍ പഞ്ചസാരയിലെ പൊടിയും മറ്റും നീക്കം ചെയ്ത് കുറുക്കിയെടുത്തോ വെള്ളത്തില്‍ കലക്കിയെടുത്തോ ഉപയോഗിക്കാം. ഇഞ്ചി ചതച്ച് വെള്ളത്തില്‍ കലക്കി പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന പാനീയവും ദാഹശമനത്തിന് നല്ലതാണ്. പഞ്ചസാരവെള്ളത്തില്‍ ചുവന്നുള്ളി അരിഞ്ഞിട്ടത് മറ്റൊരു പാനീയമായിരുന്നു. വേനല്‍ക്കാലത്ത് ഗര്‍ഭിണികള്‍ കുറുന്തോട്ടിവേര് ഇടിച്ച് ധന്വന്തരം ഗുളിക ചേര്‍ത്ത് പാനീയമുണ്ടാക്കി കഴിച്ചിരുന്നു. ആയിരം കുറുന്തോട്ടി വേര് കഴിച്ചാല്‍ ആവൂന്ന് പറയുമ്പോഴേക്കും പ്രസവിക്കാം. പ്രായമായവര്‍ ഇക്കാലത്ത് ഇളനീര് കഴിക്കും. കുമ്പളങ്ങാനീര് തേനൊഴിച്ച് കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനല്‍ക്കാലത്താണ്. നന്നാറിക്കിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ചേര്‍ത്ത് ദാഹം തീര്‍ക്കുന്നതിനുള്ള മധുരജലം ഉണ്ടാക്കാം. ദാഹം തീര്‍ക്കുന്നതിന് തേന്‍, വെള്ളം, പാനകം, പഞ്ചസാര, സംഭാരം എന്നിവയും ഗ്രാമങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഇവയ്ക്കൊക്കെ പ്രത്യേക കൂട്ടുണ്ട്. കാഞ്ഞിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവയില്‍ നിന്നെടുക്കുന്ന ചെറുതേന്‍ എടവം, മിഥുനം മാസമായാല്‍ ലഭിച്ചു തുടങ്ങും. മരുന്നിനും ദാഹംതീര്ക്കുന്നതിനും നല്ലതാണിത്. വെള്ളം തിളപ്പിച്ചശേഷം പാകത്തിന് ശര്‍ക്കര ചേര്‍ത്താണ് പാനകം ഉണ്ടാക്കുന്നത്. ഇതില്‍ ചുക്കും ജീരകവും ആവശ്യത്തിന് ചേര്‍ക്കാം. ആ പാനകം ചില വേലപൂരങ്ങള്‍ക്ക് ഇന്നും നല്കിവരുന്നു. മുന്തിരിങ്ങ, ഇരിപ്പക്കാതല്‍, ഇരട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിന്‍ പഴം ഇവ സമത്തില് അരച്ച് വെള്ളത്തില്‍ കലക്കി ഒരി രാത്രി വെച്ചിരുന്ന് അരിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് പഞ്ചസാരം. മോര് കടഞ്ഞ് വെണ്ണയെടുത്ത് വെള്ളം ചേര്‍ത്ത് കട്ടി കുറച്ച് സംഭാരമുണ്ടാക്കാം. ഒരു ഭാഗം മോരും മൂന്നുഭാഗം വെള്ളവും എന്നാണ് കണക്ക്. ഇഞ്ചി, പച്ചമുളക്, ഉപ്പ്, കൂടാതെ കറിവേപ്പിലയോ നാരങ്ങായിലയോഎന്നിവയും ചേര്‍ക്കണം. ഊറല്‍ - അരി കഴുകിയ വെള്ളം രണ്ടുദിവസം മൂടിവെച്ച് നന്നായി പുളിച്ചാല്‍ ഊറല്‍ ആയി മാറും. പണ്ടത്തെ പ്രധാന ഭക്ഷണപാനീയങ്ങളിലൊന്നായിരുന്നു ഇതും. ഇളനീരിന്റെ ഗുണങ്ങള്‍ നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് ഒരു മിത്രപാനീയമാണ് ഇളനീര്. 100 ഗ്രാം ഇളനീരില്‍ 17.4 കലോറി ഊര്‍ജവും 94.4 ശതമാനം ജലാംശവും 0.1 ശതമാനം മാംസ്യവും 0.1 ശതമാനം കൊഴുപ്പും 4 ശതമാനം അന്നജവും 0.02 ശതമാനം കാത്സ്യവും അടങ്ങിയിട്ടുണ്ട്. കൂടാതെ 105 മില്ലിഗ്രാം സോഡിയവും 30 മില്ലി ഗ്രാം മഗ്നീഷ്യവും 37 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങുന്നു. പശുവിന്‍പാലുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ജിനിന്‍, അലനൈന്‍, സെറീന്, സിസ്റ്റീന്‍ എന്ന അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി കോംപ്ലക്സ് എന്നിവയാലും സമൃദ്ധമാണ് ഇളനീര്. ഛര്‍ദ്ദി, അതിസാരം എന്നിവ ശമിപ്പിക്കാന്‍ കരിക്കിന്‍വെള്ളത്തിന് കഴിവുണ്ട്. ഗ്ലൂക്കോസിനു പകരമായി രക്തക്കുഴലുകളിലേക്ക് നേരിട്ട് കയറ്റാവുന്നതാണ് ഈ പാനീയം. കൂടാതെ ധാതുക്ഷയം പരിഹരിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. പതിമുഖവെള്ളം വെള്ളം നന്നായി തിളപ്പിച്ചശേഷം പതിമുഖം ചേര്‍ക്കുക. ഈ പാനീയം ദാഹശമനത്തിനും രക്തശുദ്ധീകരണത്തിനും നല്ലതാണ്. വേങ്ങാകാതലും ചിരട്ടപൊട്ടിച്ചതും വെള്ളത്തിലിട്ട് തിളപ്പിക്കുന്ന കരിങ്ങാലി വെള്ളം, ജീരകം,കൊത്തംപാല എന്നിവയിട്ട വെള്ളം എന്നിവയാണ് ദാഹശമനിക്ക് ഉപയോഗിക്കുന്ന മറ്റു പാനീയങ്ങള്‍. കരിങ്ങാലി വെള്ളം ആവശ്യമായ സാധനങ്ങള്‍: നല്ലയിനം കരിങ്ങാലി, മല്ലി, പതിമുഖം എന്നിവയാണ്. ഇവയെല്ലാം അങ്ങാടി മരുന്നുകളാണ്. നല്ല രുചിയും, ഗുണവുമുള്ള കരിങ്ങാലിയിട്ടു തിളപ്പിച്ചവെള്ളം ദാഹശമനത്തിനും ആരോഗ്യത്തിനും രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും വളരെ നല്ലതാണ്. മറ്റുപാനീയങ്ങള്‍ പോലെ പാലും പഞ്ചസാരയും ചേര്‍ത്തു ഏതു കാലാവസ്ഥയിലും ഏവര്‍ക്കും കഴിക്കാവുന്നതുമാണ്. ആവശ്യാനുസരണം വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപയോഗിക്കാം. കരിങ്ങാലി വെള്ളം രക്തം ശുദ്ധീകരിക്കാന്‍ നല്ലതാണ്. സാധാരണ വെള്ളത്തിനെക്കാളും പെപ്സി, കോള മുതലായവയെക്കാളും നല്ലൊരു പാനീയമാണിത്. ഇഞ്ചിനീര് പച്ചയിഞ്ചി ചതച്ച് വെള്ളത്തില്‍ തിളപ്പിച്ച് ഇഞ്ചിനീരായി ഉപയോഗിക്കാം. ജലദോഷം, കഫക്കെട്ട്, പനി മുതലായവയില്‍ നിന്നും രക്ഷനേടാന്‍ ഇതുപകരിക്കും. ചുക്കുവെള്ളം പച്ചയിഞ്ചി ഉണക്കിയാണ് ചുക്കുണ്ടാക്കുന്നത്. ഇതു ചേര്‍ത്തു തിളപ്പിച്ചുണ്ടാക്കുന്ന വെള്ളമാണ് ചുക്കുവെള്ളം. ദാഹശമനത്തിനും ദഹനത്തിനും ഉത്തമമാണിത് ലഹരിപാനീയങ്ങള്‍ ലഹരി തരുന്ന ഉന്മാദ് ദായകങ്ങളോ ആയ പാനീയങ്ങള്‍. ഉദാ:- പനങ്കള്ള്, തെങ്ങിന് കള്ള്. തെങ്ങിന്‍കള്ള് തെങ്ങിന് പൂക്കുല ചെത്തി മണ്‍പാത്രം അതിനുമീതെ കമഴ്ത്തി വെച്ച് പൂക്കുലയില് നിന്നും വീഴുന്ന നീരെടുത്ത് തെങ്ങിന് കള്ളായി ഉപയോഗിക്കാം. പനങ്കള്ള് പനയുടെ പൂക്കുല ചെത്തി ഒരു മണ്‍പാത്രം അതിനുമീതെ കമഴ്ത്തി വെക്കുക. പൂക്കുലയില് നിന്നും വീഴുന്ന നീര് ശേഖരിച്ച് പനങ്കള്ളായി ഉപയോഗിക്കുന്നു. തെങ്ങിന്‍പൂക്കുല പാനീയം തെങ്ങിന്‍പൂക്കുല ഇടിച്ച് ഒരു കിലോ ശര്‍ക്കരക്ക് രണ്ടിടങ്ങഴി വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഒരു നാഴി ആര്യന് നെല്ല് മുളപ്പിച്ച് ഇടിച്ച് ഇതിലിട്ട് അടച്ചുവെക്കുക. ഏഴു ദിവസം മൂപ്പിച്ച ശേഷം വാറ്റി എടുക്കുക. ആരോഗ്യത്തിനും ലഹരിക്കും ഉപയോഗിക്കാവുന്ന നല്ലൊരു പാനീയമാണിത്. ആദിവാസികളുടെ ഭക്ഷണങ്ങള്‍ സാധാരണ മനുഷ്യരില്‍ നിന്നും വിഭിന്നമായി ആധിവാസികള്‍ അനേകം പ്രത്യേകരീതിയിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുന്നുണ്ട്. അവയെ ഈ മേഖലയില്‍ പെടുത്താം സാധാരണ/ദൈനംദിന ഭക്ഷണങ്ങള്‍ നിത്യമായി കഴിക്കുന്ന ഭക്ഷങ്ങള്‍ (പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴും മുതലായവയ്ക്ക് സാധാരണ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ കറികളും) കാട്ടുഭക്ഷണങ്ങള്‍ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ പണിയര്‍, കാട്ടുനായ്ക്കര്‍, ബെട്ടക്കുറുമ്പര്‍, മുള്ളക്കുറുമ്പര്‍ എന്നിങ്ങനെ വിഭാഗത്തിലുള്ള ആദിവാസികളാണ് പണ്ടുകാലം മുതലേ ജീവിച്ചുവന്നിരുന്നത്. കാട്ടിലോ കാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലോ ജീവിച്ചിരുന്നതുകൊണ്ടുതന്നെ പ്രകൃതിയുമായി ഇഴചേര്‍ന്നു കിടക്കുന്നതായിരുന്നു ഇവരുടെ ഭക്ഷണരീതികളും വീടുവെയ്ക്കലും ചടങ്ങുകളുമെല്ലാംതന്നെ. എല്ലാ വിഭാഗക്കാരും താഴെ പരാമര്‍ശിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും ഓരോ കൂട്ടരും കൂടുതലായും ഇഷ്ടത്തോടെയും ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന ഒന്നോ രണ്ടോ വസ്തുക്കളെപ്പറ്റി മാത്രമാണ് അതത് വിഭാഗക്കാരോട് ചേര്‍ത്തുപറയുന്നത്. പണിയര്‍ - കൂണ് ആണ് പണിയരുടെ ഒരു ഇഷ്ട ആഹാരപദാര്‍ത്ഥം. പണിയ ഭാഷയില്‍ കുമ്മന്‍ എന്നാണിതിനെ പറയുക. മഴക്കാലത്താണിത് അധികമായും കിട്ടുന്നത്. പലതരം കൂണുകള്‍ - പറ്റുകുമ്മന്‍, തവളക്കുമ്മന്‍, നെല്ലിക്കുമ്മന്‍, കോയിക്കുമ്മന്‍, കാരെക്കുമ്മന്, മാങ്കുമ്മന്‍, കരടിക്കുമ്മന്‍, നായ്മുലെകുമ്മന്, കായല്കണ്ടന് കുമ്മന്‍, അമ്പുംകുമ്മന്‍, ചീരുംകുമ്മന്‍, (വളക്കുമ്മന്‍) , പെരുക്കാലന്‍ കുമ്മന്‍, ചക്കെക്കുമ്മന്‍, പില്ലുക്കുമ്മന്, നേണുങ്കുമ്മന്‍, മഞ്ചക്കുമ്മന്, കാതുകുമ്മന്‍, പന്റികര്‍ളികുമ്മന്‍, മുര് ളെകുമ്മന്, കോതകുമ്മന്‍, മരക്കുമ്മന്‍, യേരുകൊര്‍ട്ടികുമ്മന്‍, താളികുമ്മന്‍, വെള്ളകുമ്മന്, ചവലെക്കുമ്മന്‍, അരികുമ്മന്‍ എന്നിങ്ങനെ 26 തരമാണുള്ളത്. ഈ കൂണുകളുടെ കൂട്ടത്തില്‍ ഏറ്റവും വലുത് ‘കരടികുമ്മനാ’ണ്. രണ്ടാമത് പെരുക്കാലകുമ്മന്‍. ഏറ്റവും ചെറുത് താളികുമ്മന്‍. പൊതുവെ കൂണുകളെയെല്ലാം കറിവെച്ചാണ് കഴിക്കുക. ചക്കെകുമ്മന്‍, പറ്റുകുമ്മന്‍, താളികുമ്മന്‍, കരടികുമ്മന്‍, നേണുങ്കുമ്മന്‍ തുടങ്ങിയവ ഒരേയിടത്തില്‍ കൂട്ടമായാണ് ഉണ്ടാവുക എന്നതിനാല്‍ തന്നെ ഇവ ധാരാളമായി കിട്ടും. കൂണ് വകകളില്‍ വെച്ചേറ്റവും രുചികരം പുറ്റുകുമ്മനാണ്. ചിതല് പുറ്റുകളിലും ചുറ്റുവട്ടത്തുമാണ് ഇതുണ്ടാവുക. ഒരു സ്ഥലത്ത് മുളച്ചുണ്ടായാല്‍ പിന്നെ അതേ സ്ഥലത്ത് അതേ ദിവസം ഉണ്ടാകുമെന്നതും, നല്ല മണമുണ്ടെന്നതുമാണ് പുറ്റുകുമ്മന്റെ സവിശേഷത. ഇത് കൈകൊണ്ട് മാത്രമേ പറിക്കാവൂ. കത്തിയോ കൈകോട്ടോ മറ്റോ ഉപയോഗിച്ചാലും പറിച്ചതിന് ശേഷം അടുപ്പിലിട്ട് ചുട്ടാലും അതേ സ്ഥലത്ത് അടുത്തകൊല്ലം പുറ്റുകുമ്മനുണ്ടാവില്ല എന്ന് പറയപ്പെടുന്നു. ഏറ്റവും രുചികരമായതുകൊണ്ടും ധാരാളം ലഭിക്കുന്നതുകൊണ്ടും തന്നെ സ്വന്തമാവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് ആദിവാസികളല്ലാത്തവര്‍ക്കും വില്‍ക്കാറുണ്ട്. പന്റികര്‍ളി, പെരിക്കാലികുമ്മന്‍, കോതകുമ്മന്‍, നായ്മുലെക്കുമ്മന്‍ തുടങ്ങിയവയൊക്കെ ഏറിയാല്‍ രണ്ടോ മൂന്നോ മാത്രമേ കിട്ടാറുള്ളൂ. കറിവെയ്ക്കാന്‍ വേണ്ടത്ര കിട്ടാത്തതുകൊണ്ട് ഈ കൂണുകള്‍ ചുടുകയാണ് പതിവ്. വാഴയിലയിലോ മത്തന്‍ ഇലയിലോ ഉപ്പും മുളകും തേച്ച് വൃത്തിയാക്കിയ കുമ്മന്‍ അതില്‍ പൊതിഞ്ഞ് തീയിലിട്ട് ചുട്ടെടുത്തും ചിലപ്പോള്‍ ചുട്ടതിനുശേഷം ചതച്ച് ചമ്മന്തി പോലാക്കിയിട്ടുമാണ് കഴിക്കുക. കരടികുമ്മന്‍ മാത്രമാണ് ഉണക്കിയെടുത്ത് വെച്ച് ഉപയോഗിക്കുന്നത്. ചോലകളില്‍ മരത്തില്‍ പടര്‍ന്നുകയറുന്ന നേണ് എന്ന വള്ളിച്ചെടിയുടെ അടിയിലായി ഉണ്ടാകുന്നതരം കൂണ് ആണ് നേണുകുമ്മന്, ഇത് ചുടാനോ കറിവെയ്ക്കാനോ പാടില്ല. പച്ചക്ക് മാത്രമേ തിന്നാവൂ. ബെട്ടക്കുറുമ്പര്‍ തേവേയ്കറി എന്ന് ബെട്ടക്കുറുമ്പ ഭാഷയിലറിയപ്പെടുന്ന ചീര വകകളാണ് ഇവരുടെ ഇഷ്ടവിഭവം. റാഗിയും ചീരകളുമാണത്രെ പണ്ടുമുതല്ക്കുള്ള ഇവരുടെ പ്രധാനഭക്ഷണം. റാഗി കൃഷിചെയ്തും ചീരകള്‍ കാട്ടില്‍ നിന്നും മറ്റുമാണിവര്‍ക്ക് കിട്ടാറുള്ളത്. പലതരം ചീരകള്‍ (നട്ടുവളര്‍ത്തുന്നത്) കുമ്പളേയ്ക്രി (മത്തങ്ങയുടെ ഇല)കട് കേയ്ക്റി (കടുകിന്റെ ഇല) ബുംതാളേയ്ക്റി (ഇളവന്റെ ഇല)ത്യെരെയ്ക്റി (ചൊരക്കയുടെ ഇല) ചില്‍ക്കിരേയ്ക്റി (പരിപ്പിന്റെ ഇല)ക്യാമ്പെയ്ക്റി (ചേമ്പിന്റെ ഇല), (പറമ്പില്‍ നിന്നും കാട്ടില്‍ നിന്നു കിട്ടുന്നത്) കാങ്കെയ്ക്റി (മണിതക്കാളി) ചാത്തെയ്ക്റി (തകരയില)ഇബണ്ടേയ്ക്റി ( പൊന്നാങ്കണി) മുള്ളേയ്ക്റി (മുള്ളന്‍ ചീര) കാസിനേയ്ക്റി (ഒട്ടുമുള്ളുചീര) താവെയ്ക്റി (ചുരുളിചീര) കിരേയ്ക്റി (തണ്ടു ചീര) ദഗ് ലേയ്ക്റി (ചാണകത്തിനടുത്ത് വളരുന്നത്) കേല്ഗൊണ്ടെയ്ക്റി ( നിലത്ത് പടരുന്നത്) യംനിലേയ്ക്റി (വയലില്‍ കിട്ടുന്നത്) കിര്‍ബുട്ടേയ്ക്റി, തായ് ലേയ്ക്റി, കക്തുമ്പേയ്ക്റി, യെരിങ്കേയ്ക്റി, സാകീരേയ്ക്റി, കണേയ്ക്റി, സീകേയ്ക്റി കാച്ചനേയ്ക്റി, കീര്‍ ത്തേയ്ക്റി, കട്ടബണ്ടേയ്ക്റി, കെരഞ്ചട്ടേയ്ക്റി, ആലേയ്ക്റി, കൊളാനേയ്ക്റി, കുതിര് കൊമ്പിലേയ്ക്റി, ബൈണ്‍ രേയ്ക്റി, കൂമ്പേയ്കിറി, യെര്ടിയേയ്ക്റി, ഇന്ദ്രാണിയ്ക്റി, ഉച്ചന്‍ കീരേയ്ക്റി, തോട്ട്കീരേയ് ക്റി, സപ്പര്തന്കയേക്റി, പന്തല്‍ ബതനേയ് ക്റി, കട്ടക്കല്ലേയ് ക്റി, തെഹിലേയ് ക്റി ഇതില്‍ ഇപ്പോള്‍ കിട്ടാത്തവ കിര്‍ബുട്ടേയ്ക്റി, യേരിങ്കേയ്ക്റി, സീകേയ്ക്റി, ആലേയ് ക്റി, കട്ടക്കല്ലേയ്ക്റി, ഇന്ദ്രാണികേയ്ക്റി, കൂമ്പേയ്ക്റി, തായ് ലേക്റി എന്നിവയാണ്. ഇവ വലിയ കാടുകളില്‍ നിന്നും ലഭിച്ചേക്കാം എന്ന് പറയപ്പെടുന്നു. ബെട്ടക്കുറുമ്പര്‍ പണ്ടൊക്കെ കഴിക്കാന്‍ റാഗിയോ ചോറോ ഒന്നും തന്നെ കിട്ടിയില്ലെങ്കിലും ഈ ചീരവകകള്‍ വെറുതേ ഉപ്പിട്ട് വേവിച്ച് കയ്പുണ്ടെങ്കില്‍ അതിലെ വെള്ളം പിഴിഞ്ഞു കളഞ്ഞും അല്ലെങ്കില്‍ വെള്ളത്തോടുകൂടിയും തിന്നിട്ട് വെള്ളവും കുടിച്ച് വയറുനിറയ്ക്കാറുണ്ടത്രേ.കാട്ടുനായ്ക്കര്‍ : കാടുകളുമായി ഏറ്റവും അധികം ഇടപ്പെട്ട് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും കാട്ടുനായ്ക്കരാണ്. കിഴങ്ങുകളും തേനുമായിരുന്നു പ്രധാന ആഹാരം. ഗള്‍സ് എന്നാണ് കിഴങ്ങിന് കാട്ടുനായ്ക്കര്‍ പറയുന്നത്. പലതരം തേനുകള്‍ 1. ജേന് (കൊമ്പ് തേന്‍ വലിയ മരങ്ങളിലും മറ്റും കാണുന്ന തരം തേന്‍) 2. തുടെ ജേന് ( മരപ്പൊത്തുകളില്‍ മുകളിലേയ്ക്കായി പറ്റിപിടിച്ച് കാണുന്നതരം തേന്‍) 3. നസര്‍ ജേന്( കൊതു തേന്‍) 4. കടിജേന്‍ (ചെറിയ ചെറിയ പൊന്തകളിലും കാപ്പിചെടിയുടെ കൊമ്പുകളിലും കാണുന്ന തേന്‍ 5. തത്ത് ജേന്(മരപ്പൊത്തുകള്‍ക്കുള്ളില്‍ താഴേക്കായി പറ്റിപിടിച്ച് കാണുന്ന തേന്‍. മരപ്പൊത്തില്‍ നിന്ന് താഴേക്ക് വെള്ളം വീഴാന്‍ സാധ്യതയുള്ളതുകൊണ്ട് ഇതില്‍ ജലാംശം കൂടുതല്‍ കാണും.) കൂടതലായും മഴക്കാലത്ത് (ഏപ്രില്‍ മുതല്‍ ജൂലായ് മാസം വരെ) ആണ് തേന്‍ കിട്ടുന്നത്. ജേന് (കൊമ്പുതേന്‍) മാത്രമേ വേനല്‍കാലത്ത് കിട്ടൂ. കിഴങ്ങുവര്‍ഗങ്ങള്‍ കാടുകളുമായി ഏറ്റവും അധികം ഇടപ്പെട്ട് ജീവിച്ചിരുന്നതും ഇപ്പോഴും ജീവിക്കുന്നതും കാട്ടുനായ്ക്കരാണ്. കിഴങ്ങുകളും തേനുമായിരുന്നു അവരുടെ പ്രധാന ആഹാരം. ഗള്‍സ് എന്നാണ് കിഴങ്ങിന് കാട്ടുനായ്ക്കര്‍ പറയുന്നത്. പലതരം കിഴങ്ങുകള്‍ (വീട്ടില്‍ നട്ടുവളര്‍ത്തുന്നത്) ശേവ്(ചേമ്പ്), ചേനെ (ചേന), ബൂളെ (കപ്പ), ഹാലെ( മധുരകിഴങ്ങ്), ഗള്‍സ് (കാച്ചില്), ഗൂര്‍ഗെന്‍ (കൂര്‍ക്ക), നടെ (കുഴികിഴങ്ങ്) (കാട്ടില്‍ ലഭിക്കുന്നവ), നാര, നൂറ, എഗ്ഗ്, ബെണ്ണി, ശോട്ടി, കവലെ, ഗൊണ്ട് നൂറെ, യേരെ ഇതില്‍ ഹാലെ, ബൂളെ, എഗ്ഗ് എന്നിവ മാത്രമാണ് പച്ചക്കും വേവിച്ചും കഴിക്കാവുന്നത്.(എഗ്ഗ് പച്ചക്ക് അധികം കഴിക്കാന്‍ പാടില്ല) മറ്റെല്ലാം തന്നെ വേവിച്ചു മാത്രമേ കഴിക്കാറുള്ളത്രേ. തേനിന് ജേന് എന്നാണിവര്‍ പറയുക. മുളയരിക്കഞ്ഞി വളരെ ചിലവു കുറഞ്ഞതും സ്വാദേറിയതുമായ അരിയാണ് മുളയുടേത്. വയനാട്ടിലെ ആദിവാസികള്‍ മുളയുടെ അരി ശേഖരിച്ച് കഞ്ഞിവെക്കാറുണ്ട്. അരിയില്‍ കുറച്ച് വെള്ളം തെളിച്ച് പിന്നീട് ഉരലിലിട്ടിടിച്ച് ഉമി കളഞ്ഞാണ് അരി ഉപയോഗിക്കുന്നത്. മുളയരിയുടെ പൊടി ഉപയോഗിച്ച് പത്തിരി, അപ്പം മുതലായ ഭക്ഷണങ്ങളും പലതരം പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്. ആണ്ടുകള്‍ക്കെപ്പോഴോ ആണ് ഒരു മുള പൊട്ടി അരിയുണ്ടാവുക. പിന്നീട് ആ മുള നശിച്ചു പോവുന്നു ഔഷധമൂല്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇഞ്ചിക്കറി, ഞവരകഞ്ഞി മുതലായവ ഉദാഹരണങ്ങള്‍. മുളയരിക്കഞ്ഞി വയനാട്ടിലെ ആദിവാസികള്‍ മുളയുടെ അരി ശേഖരിച്ച് കഞ്ഞിവെക്കാറുണ്ട്. വളരെ ചെലവുകുറഞ്ഞതും സ്വാദേറിയതുമായ ഈ അരി ഗുണപ്രദവുമാണ്. ഇതിന്റെപൊടി ഉപയോഗിച്ച് പത്തിരി, അപ്പം മുതലായ ഭക്ഷണങ്ങളും, പലതരം പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്. ആണ്ടുകള്‍ക്കെപ്പോഴോ ആണ് ഒരു മുള പൊട്ടി അരിയുണ്ടാവുക. പിന്നീട് ആ മുള നശിച്ചു പോവുന്നു. നായാട്ട് നായാട്ടിന്റെ കാര്യത്തില്‍ ഈ പ്രദേശത്തുള്ള മറ്റ് ഏത് ആദിവാസികളെക്കാളും കഴിവുള്ളവരും ആഹാരത്തിനായി മാത്രമെന്നല്ലാതെ നായാട്ടിനെ ചടങ്ങുകളുടെ ഒരു ഭാഗമായിപ്പോലും കൊണ്ടാടുന്നവരാണ് മുള്ളക്കറുമ്പര്. നായാട്ടുപോകാത്ത ഒരു കല്ല്യാണംപോലും മുള്ളക്കറുമ്പര്ക്കിടയില് നടന്നിട്ടുണ്ടാകില്ലത്രേ.ചെറിയ അമ്പും വില്ലുമൊക്കെയുണ്ടാക്കി കുട്ടികളെ നായാട്ടു പഠിപ്പിക്കുവാനായി കൂടിയാണ് ഉച്ചാര്‍ എന്ന ഉത്സവം ഇവര്‍ കൊണ്ടാടുന്നത്. അമ്പ്, വില്ല്, കത്തി, കുന്തം എന്നീ ആയുധങ്ങളോടെ നായ്ക്കളുടെ സഹായത്തോടെയാണ് ഇവര്‍ നായാട്ടിനിറങ്ങുന്നത്. പണ്ടൊക്കെ കാട്ടുപോത്ത്, മാന്‍, കാട്ടുപ്പന്നി, മുള്ളന്‍പന്നി, കാട്ടാട്, മുയല്, കാട്ടുകോഴി തുടങ്ങിയവയൊക്കെയാണ് ഇവര്‍ വേട്ടയാടി പിടിക്കാറുള്ളത്. ഏതെങ്കിലും ഒരു മകുടിയിലെ (കുടി - ഒരുകൂട്ടം വീടുകള്‍, ഒരുകുടിയിലുള്ളവര് കൂട്ടം ചേര്‍ന്നാണ് വേട്ടയ്ക്ക് പോവുക) കാരണവര്‍ കൂടെയില്ലെങ്കില്കൂടിയും ഒരു പങ്ക് അദ്ദേഹത്തിനായി മാറ്റി വെയ്ക്കും. എന്നിട്ട് ആരാണോ ആ മൃഗത്തിനെ ആദ്യം അമ്പെയ്തത് അയാള്‍ക്ക് തലയും ഒരു തുടയും, അമ്പ് കൊണ്ടുവീണ മൃഗത്തിനെ ആരാണോ ആദ്യമായി ചെന്ന് പിടിച്ചത് അയാള്‍ക്ക് കഴുത്തും കുടലും പ്രത്യേകമായി നല്‍കും. ബാക്കിയുള്ള ഇറച്ചി നായാട്ടില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി സമമായി പങ്കുവെയ്ക്കും. മറ്റൊരു പ്രത്യേകത വേട്ടയാടി കിട്ടിയ മൃഗത്തിനെ പങ്കുവെയ്ക്കുന്ന പപ്പ് എന്നറിയപ്പെടുന്ന ഇടത്തില്‍ വന്നുപെടുന്ന ആര്‍ക്കും വന്നയാള്‍ നായാട്ടില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ കൂടി ഇറച്ചിയുടെ ഒരു പങ്ക് കിട്ടുമെന്നതാണ്. ഇനിയൊന്ന് തലഭാഗം കിട്ടുന്നയാള്‍ അത് വീട്ടില്‍ കൊണ്ടുവന്ന് കറിവെച്ചാലും അതില്‍ നിന്ന് കുറേശ്ശെ ആ കുടിയിലെ മറ്റു വീട്ടുകാര്‍ക്ക് നല്‍കണമെന്നാണ്. സാധാരണയായി ഇറച്ചി വേവിച്ചാണ് കഴിക്കുക. ചിലപ്പോള്‍ ആവശ്യത്തിലധികം കിട്ടിയാല്‍ ഉണക്കി സൂക്ഷിക്കാറുണ്ട്. ഈ നാല് ആദിവാസി വിഭാഗങ്ങളുടേയും ആഹാരകാര്യങ്ങളെ പറ്റിയുള്ള മേല്‍ വിവരിച്ച കാര്യങ്ങളത്രയും അതാത് കൂട്ടരിലെ കാരണവന്മാരില് നിന്നുമറിയുന്നതാണ് . ഈ തലമൂത്തവര്‍ പറഞ്ഞു തരുന്ന പലകാര്യങ്ങളും അതാത് സമുദായത്തിലെ ഇളയതലമുറയില്‍ പലര്‍ക്കുമറിയില്ല. ഇതിന് കാരണം ആദിവാസികളുടെ ജിവിതരീതികളില് തന്നെ വന്ന വലിയ മാറ്റമാണ്. സര്‍ക്കാറിന്റേയും വനംവകുപ്പിന്റേയും ഇടപ്പെടലുകളാല്‍ കാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും അവശ്യസാധനങ്ങള്‍ പോലും സംഭരിക്കാന്‍ പോലും കാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തതോടെ എല്ലാത്തിനും പുറംലോകത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. മറ്റൊന്ന് പണ്ടുകാലം മുതല്ക്കേ കൃഷിചെയ്തു വന്നിരുന്ന മുള്ളകുറുമ്പരെ പോലുള്ളവരുടെ കൃഷിഭൂമി കൈയ്യേറ്റം ചെയ്യപ്പെട്ടും നിലനില്‍പ്പ് അന്യാധീനപ്പെട്ടതാണ്. കാട്ടിനുള്ളില്‍ കയറി മുയലിനെ വേട്ടയാടിയാലോ, തേനെടുത്താലോ മുളവെട്ടിയാലോപ്പോലും ശിക്ഷയനുഭവിക്കേണ്ടിവരും എന്ന നിലയിലാണിവര്‍. ഇങ്ങനെ പല കാരണങ്ങളാല്‍ ഇവരുടെ നാട്ടറിവുകള്‍ ഇല്ലാതാവുകയും മുമ്പവര്‍ക്കുണ്ടായിരുന്ന ആഹാരരീതികള്‍ മാറുകയും ചെയ്തിരിക്കുന്നു. നെല്‍ക്കൃഷി രീതികള്‍ മുള്ളകുറുമ്പര് എന്ന വിഭാഗത്തിലുള്ളവര്‍ പണ്ടുകാലം മുതലേ കൃഷചെയ്തും വേട്ടയാടിയുമാണ് ജീവിച്ചിരുന്നത്. പണ്ടൊക്കെ ഇവര്‍ക്ക് ധാരാളം കൃഷിയിടങ്ങള്‍ സ്വന്തമായുണ്ടായിരുന്നു. നെല്ല്, റാഗി, ചാമ തുടങ്ങിയ ധാന്യങ്ങളും പലതരം പയര്‍വര്‍ഗ്ഗങ്ങളും എള്ള്, പച്ചക്കറികള്‍, പലതരം വാഴകള്‍ തുടങ്ങിയവയുമാണ് കൃഷിചെയ്തിരുന്നത്. പലതരം നെല്ലുകള്‍ വാള്‍ച്ച, തൊണ്ടി അടുക്കന്‍, അന്നപ്പറ്റ, ചോമല, വെളുമ്പാല, പാല്‍തൊണ്ടി പുഞ്ച, കറുത്തന്‍, തൈച്ചിങ്ങന്‍, ചണ്ണ, ജീരജാല എന്നീ പഴയ വിത്തിനങ്ങളും ജയ, ചവ്വരി, പവിഴം, ഐ.ആര്.8 തുടങ്ങിയ പുതിയ വിത്തിനങ്ങളും ആണ് ഇക്കൂട്ടര്‍ കൃഷിക്കുപയോഗിക്കുന്നത്. പഴയ വിത്തിനങ്ങളില്‍ കറുത്തന്‍, അന്നപ്പറ്റ എന്നിവമാത്രം തീരെ ഇല്ലാതായിരിക്കുന്നു. നെല്‍കൃഷി പൊതുവായി മിക്കവിത്തുകളും സാധാരണപ്പോലെ, ആദ്യം വിത്തുവിതച്ച് മുളപ്പിച്ച ശേഷം ഞാറ് പറിച്ചുനടുകയാണ് ചെയ്യുന്നത്. എന്നാല്‍ വാള്‍ച്ച, പുഞ്ച, കറുത്തന്‍ എന്നിവ വ്യത്യാസമായാണ് കൃഷിചെയ്യുന്നത്. വാള്‍ച്ച: ആദ്യം കന്നുപൂട്ടി വയല്‍ ശരിയാക്കിയ ഉടനെ വിത്തുവിതച്ച് അത് മുളച്ച് കതിര് വരുന്നതിന് മുമ്പായി അതിന്മേല്‍കൂടെ വീണ്ടും കന്നുപൂട്ടുന്നു. പിന്നീട് അതങ്ങനെ വളരാന്‍ വിട്ട് കതിര് വന്ന് വിളഞ്ഞശേഷം കൊയ്യുന്നു. കറുത്തന്‍ : ഈ പഴയതരം വിത്തിനം സാധാരണയായി വയലിലല്ല, പകരം റാഗിയും ചാമയും വിതക്കുന്നതുപോലെ കരയില്‍ തന്നെയാണ് കൃഷിചെയ്യാറുള്ളത്. ഇത് മൂന്നുമാസത്തിനുള്ളില്‍ കൊയ്തെടുക്കാന്‍ പറ്റും. ഇപ്പോളീ വിത്തിനം അന്യം നിന്നുപോയിരിക്കുന്നു. പുഞ്ച : വയല്‍ ഉഴുത് ശരിയാക്കിയ ഉടനേ വിത്ത് വിതച്ച് ഞാറു പറിച്ച് മാറ്റിനടാതെ അങ്ങനെതന്നെവളരാന് വിടുന്നു. കതിര് വന്ന് വിളഞ്ഞശേഷം കൊയ്യുന്നു. ഈ പഴയതരം വിത്തിനങ്ങള്‍ സാധാരണയായി 4, 5 മാസങ്ങള്‍ക്കുള്ളില്‍ മാത്രമേ വിളവെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ മിക്കവരും കുറച്ച് മാത്രം പഴയ വിത്തിനങ്ങളും കൂടുതലും ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും വിളവെടുക്കാന്‍ പറ്റുന്ന പുതിയ വിത്തിനങ്ങളുമാണ് വിതയ്ക്കുന്നത്. പഴയ വിത്തിനങ്ങളില്‍ ലഭിക്കാറുള്ള വൈക്കോല്‍ പൊതുവെ നല്ല നീളമുള്ളവയായതുകൊണ്ട് അവ വീടുമേയാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. പുനം കൃഷി - ആദിവാസികളുടെ തനിമയുള്ള കൃഷിസമ്പ്രദായമാണ് പുനം കൃഷി. കാടിനു നടുവില്‍ ഒരുസ്ഥലത്ത് തുടര്‍ച്ചയായി കൃഷി ചെയ്യാതെ ഒരൊറ്റ പ്രാവശ്യം മാത്രം കൃഷിയിറക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒരിക്കല്‍ കൃഷിയിറക്കിയശേഷം ആ സ്ഥലം ഉപേക്ഷിക്കും അവിടെ വീണ്ടും കാട് തഴച്ചുവളരും. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും തിരിച്ചുവരുന്നത്. പരിസ്ഥിതിയെ ദ്രോഹിക്കാത്ത തരത്തിലുള്ള കൃഷിരീതിയാണ് പുനം കൃഷി. രണ്ടു വിളകള്‍ തമ്മിലുള്ള ഇടവേള പരമാവധി വര്‍ധിപ്പിച്ചാല്‍ മാത്രമേ കൃഷിക്കുവേണ്ട മൂപ്പ് കാടിനുണ്ടാകൂ എന്ന് ആദിവാസികള്‍ വിശ്വസിക്കുന്നു. ഭക്ഷണങ്ങളുടെ അടിസ്ഥാനഘടകങ്ങള്‍ ഉദാഹരണായി ദോശ എന്ന ഭക്ഷണത്തിന്റെ അടിസ്ഥാനഘടകങ്ങളായ അരി, ഉപ്പ്, വെള്ളം, തേങ്ങ മുതലായവയായി വിഭജിക്കാം ധാന്യങ്ങള്‍ തവിടോടുകൂടിയ ധാന്യങ്ങള്‍ ആരോഗ്യത്തിനും വളര്‍ച്ചക്കും നല്ലതാണ്. അരിവേവിച്ച് വീണ്ടു വീണ്ടും വെള്ളം ഊറ്റിക്കളയുന്നത് നല്ലതല്ല. ധാന്യങ്ങളില്‍ കുത്തരിയും തവിടു മാറ്റിക്കളയാത്ത ഗോതമ്പ് പൊടിയും ഗുണമേന്മയേറിയതാണ്. എന്നാല്‍ ഗോതമ്പിനെ സംസ്ക്കരിച്ചെടുത്ത് തവിട് നിശ്ശേഷം മാറ്റിയ മൈദ ആരോഗ്യത്തിന് നല്ലതല്ല. പയറുവര്‍ഗങ്ങള്‍ എല്ലാ പയര്‍വര്‍ഗങ്ങളും ആരോഗ്യത്തിന് നല്ലതാണ്. കടലയുടേയും മറ്റും തോട് കളയാതെ കഴിക്കുന്നതാണ് നല്ലത്. അത് വളരെ പോഷക സമൃദ്ധമാണ്. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കുന്നതിന് കാരണമാകും. ദിവസവും ആഹാരത്തില്‍ ഒരു നേരമെങ്കിലും പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത 20 ഗ്രാം കടല പിറ്റേന്ന് രാവിലെ അരച്ച് സ്വല്പം പാലും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ ഏതു തടിക്കാത്തവരും തടിക്കും. 3 ടീസ്പൂണ്‍ കടല പൊടിച്ചതും 2 ടീസ്പൂണ്‍ കാരക്ക പൊടിച്ചതും സ്വല്പം കല്‍ക്കണ്ടം പൊടിച്ചതും പാല്പൊടിയും ചേര്‍ത്ത് നല്ലവണ്ണം മിക്സാക്കി രാത്രി കിടക്കാന്‍ നേരത്ത് ദിവസേന കഴിക്കുന്നത് ശീഘ്രസ്ഖലത്തെയും ധാതുക്ഷയത്തെയും ശമിപ്പിക്കുകയും തൂക്കം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് സ്ത്രീകളുടെ സ്തനവളര്‍ച്ചക്കും നല്ലതാണ്. കടല ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍ ഗര്‍ഭസ്ഥശിശു മന്ദബുദ്ധിയായിത്തീരുന്നതിന് ഇടവരും. വാതരോഗികള്‍ക്കും കടല നല്ലതല്ല. കടല അമിതമായി ഉപയോഗിച്ചാല്‍ ദഹനക്കേട് വരുകയും മൂത്രക്കല്ലുണ്ടാകുവാനും സാധ്യതയുണ്ട്. കാരണം കടലയില്‍ ക്ലോലിക്ആസിഡ് അടങ്ങിയിട്ടുണ്ട്. ശ്വാസനാളസംബന്ധമായ നീരിളക്കം, ജലദോഷം, ശ്വാസംമുട്ട്, തുമ്മല്‍ എന്നിവകൊണ്ട് കഷ്ടപ്പെടുന്നവര്‍ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കുവാന് നേരത്ത് തിന്നതിനുമീതെ ഒരുഗ്ലാസ്സ് പാല് കുറുക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കടലപ്പൊടിയും ഗോതമ്പുപൊടിയും സമംകൂട്ടി വെള്ളം ചേര്‍ത്ത് കുറുക്കി പശപോലെയാക്കി ശീലയില്‍ കട്ടിയില്‍ പുരട്ടി കുരുവില്‍ വെച്ച് കെട്ടിയാല്‍ കുരു പൊട്ടുന്നതാണ്. കടലപ്പൊടി തേച്ച് തല കഴുകിയാല്‍ അഴുക്കുകള്‍ നീങ്ങി ശുദ്ധിയാവുകയും മുടിക്ക് മിനുസം ഉണ്ടാവുകയും മുടി ഇടതൂര്‍ന്ന് വളരുകയും ചെയ്യും. ഒരു പയറുവര്‍ഗധാന്യമായ ചെറുപയര്‍ പുഷ്ടികരമായ ഒരാഹാരധാന്യവും കൂടിയാണ്. ദഹിക്കുവാന്‍ പ്രയാസമുള്ള ഇത് കഫപിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും നല്‍കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതായ ഇത് വാതരോഗികള്‍ക്ക് അത്ര നല്ലതല്ല. രക്തവര്‍ധനവിനും വളരെ നല്ലതാണ് ചെറുപയര്‍. കൂടാതെ രക്തദോഷം, പിത്തം, കഫം, മഞ്ഞപ്പിത്തം, നേത്രരോഗം, ജ്വരം എന്നിവയെ ശമിപ്പിക്കുവാനും നല്ലതാണിത്. 100 ഗ്രാം ചെറുപയര്‍ 24 ഔണ്‍സ് വെള്ളത്തില്‍ പുഴുങ്ങി 6 ഔണ്‍സാക്കി കുറുക്കി പിഴിഞ്ഞെടുത്തുണ്ടാക്കുന്ന സൂപ്പ് 3 ഔണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗം വന്ന് മാറിയവര്‍ക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാന്‍ ഉതകുന്ന ഒരു അമൃതാണ്. ചെറുപയറിന് സൂപ്പ് പാല് ചേര്‍ത്ത് കഴിച്ചാല്‍ ഉദരപ്പുണ്ണിന് നല്ലതാണ്. കരള്‍വീക്കം, പ്ലീഹാവീക്കം എന്നിവയുള്ള രോഗികള്‍ക്കും പ്രമേഹരോഗികള്‍ക്കും ചെറുപയറിന് സൂപ്പ് നല്ലതാണ്. ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞിവെച്ച് പശുവിന് നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡിപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപ്പയറ്റ് ശീലമാക്കുന്നവര്‍ക്ക് കര്‍ക്കിടകമാസത്തില്‍ ഈ കഞ്ഞി വളരെ ഫലപ്രദമായിരിക്കും. സാധാരണക്കാര്‍ക്ക് ശരീരപുഷ്ടിയും ബലവും നല്കുന്ന ഇത് തടിച്ചവര്‍ക്ക് അത്ര നല്ലതല്ല. മുളപ്പിച്ച ചെറുപയര്‍ ഒറ്റയ്ക്കോ മറ്റു ആഹാരത്തോടുകൂടിയോ പ്രഭാതത്തില്‍ കഴിക്കുകയോ ഇതുകൊണ്ട് കഞ്ഞിയുണ്ടാക്കി തേങ്ങയും സ്വല്പം മധുരവും ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്കും കളരിപ്പയറ്റ്, ഭാരോദ്വഹനം മുതലായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും ഫലം കിട്ടുന്നതാണ്. ഈ കഞ്ഞിയില്‍ വിറ്റാമിന്‍ ഇ ധാരാളമായുണ്ട്. കണ്ണിന്റെ ഉഷ്ണം തീര്‍ക്കാന്‍ ചെറുപയര്‍ പൊടിച്ച് റോസ് വാട്ടറില്‍ അരച്ച് പശപോലെയാക്കി കണ്ണിനു മുകളില്‍ വെച്ചാല്‍ കണ്ണിന് നല്ല കുളിര്‍മ്മയുണ്ടാകും. സ്തനവീക്കത്തിന് ചെറുപയര്‍ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാല്‍ നല്ല ഫലം കിട്ടും. ചെറുപയറിന്റെ കഷായം തേള് കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്. ചെറുപയറിന് പൊടിയില്‍ ചുണ്ണാമ്പ് കൂട്ടിച്ചേര്‍ത്ത് കടിവായില് പുരട്ടുകയും ചെയ്യാം. മത്സ്യം, മാംസം, മുട്ട മത്സ്യം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഹൃദയസംരക്ഷണം നല്കുന്ന ചില കൊഴുപ്പ് അമ്ലങ്ങള്‍ അടങ്ങിയ മത്തി, അയല, ചൂര(ട്യൂണ) എന്നിവ ദിവസവും കറിവെച്ച് കഴിക്കുന്നത് നല്ലതാണ്.ശരീരത്തില്‍ പുതിയ ടിഷ്യൂകള്‍ ഉണ്ടാവുകയും പഴയ ടിഷ്യൂകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും രക്തത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗാണുക്കള്‍ക്ക് എതിരായ പ്രതിരോധശക്തി വളര്‍ത്തുകയും ചെയ്യുന്ന മാംസ്യകത്തിന്റെ വറ്റാത്ത ഉറവയാണ് മത്സ്യം. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന മാംസ്യകം, മുട്ട, ഇറച്ചി, പാല് എന്നിവയിലുള്ള മാംസ്യകത്തിനേക്കാളും മെച്ചപ്പെട്ടതാണ്. മാംസ്യകത്തിനു പുറമെ ഗോമാംസത്തിലേതുപോലെ ധാരാളം ലോഹാംശവും മത്സ്യത്തിലുണ്ട്. ടിഷ്യൂകളും അസ്ഥികളും രക്തവും നിര്‍മ്മിക്കുന്നതിന് ലോഹം അത്യാവശ്യമാണ്. അയില, ചാള, സ്രാവ് തുടങ്ങിയ കടല്‍ മത്സ്യങ്ങളില്‍ ധാരാളം എ, ഡി ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഒരോരുത്തരുടെയും വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാമെന്നതാണ്. ചെറുതരം മത്സ്യങ്ങള്‍ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാല്‍ ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേര്‍ത്ത് പാകം ചെയ്തുപയോഗിച്ചാല്‍ ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തില്‍ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും വൃദ്ധന്മാര്ക്കും കൂടുതല്‍ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാത്തതാണ്. അതുകൊണ്ട് ഹൃദ്രോഗികള്‍ക്ക് നിര്‍ഭയം കഴിക്കാം. പേശീശോഷം എന്ന രോഗത്തില്‍ പേശികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ ബ്രാല് എന്ന മത്സ്യത്തിന്റെ മാംസം കൊണ്ട് കിഴിനടത്തുന്നത് വളരെ ഫലപ്രദമാണ്. മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണ്. മസ്തിഷ്കകോശങ്ങളുടെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും ഇത് ഉപയോഗപ്രദവും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്. തൈറോയ്ഡ് ഗ്ലാന്‍ഡ് വലുതാകുന്നവര്‍ക്ക് കടല്‍ മത്സ്യത്തിന്റെ ഉപയോഗം നല്ലതാണ്. ഇതില്‍ വളരെയധികം അയഡിന്‍ അടങ്ങിയിട്ടുണ്ട്. മാംസം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണമാത്രം കഴിക്കുന്നതാണ് നല്ലത്. മാട്ടിറച്ചി കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക. ഇതിലെ കൊഴുപ്പ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. ശരീരപോഷണത്തിനും ആരോഗ്യത്തിനും മാംസംപോലെ ഫലവത്തായ ഒരു ഭക്ഷ്യസാധനം ഇല്ല. ആട്ടിന്‍മാംസം ദോഷങ്ങളെ വര്‍ധിപ്പിക്കുകയില്ല. ഇത് മനുഷ്യശരീരത്തിന് തുല്യമാണ്. ശരീരത്തെ തടിപ്പിക്കുന്നതാണ്. ആട്ടിന്‍ കരള്‍ അന്ധതയെ ഇല്ലാതാക്കും. പന്നിമാംസം ക്ഷീണത്തെ തീര്‍ക്കും. രുചിയേയും ബലത്തേയും ഉണ്ടാക്കും. പശുവിന്റെ മാംസം വരട്ടുചുമയെയും തളര്‍ച്ചയേയും അത്യഗ്നിയേയും പഴകിയ പനിയേയും ശമിപ്പിക്കുന്നതാണ്. ശരീരത്തെ തടിപ്പിക്കുകയും വാതത്തെ ശമിപ്പിക്കുകയും ചെയ്യും. പോത്തിന്റെ മാംസം ഉഷ്ണമാണ്. ദഹിക്കുവാന്‍ വിഷമമായിട്ടുള്ളതാണ്. ഉറക്കത്തെ ഉണ്ടാക്കുകയും ശരീരത്തിന് ദൃഢതയും ശരീരപുഷ്ടിയും ഉണ്ടാക്കും. കോഴിമാംസം സാമാന്യേന ദഹിക്കുവാന്‍ വിഷമമാണ്. അല്പമായ ലവണരസം അനുഭവപ്പെടും. അത് സര്വ്വദോഷത്തിനെയും ഇല്ലാതാക്കും. പക്ഷികളുടെ മാംസം കണ്ണുരോഗങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മൃദുലവും സ്വാദുള്ളതുമാണ്. പക്ഷി മാസത്തില്‍ ചെമ്പോത്തിന്റെ മാംസവും കാക്കയുടെ മാംസവും നിന്ദ്യമാണ്. മിക്കവാറും എല്ലാ പക്ഷികളുടെയും മാംസം (കോഴി ഒഴിച്ച്) പഴകിയ അര്‍ശസിനെയും ഗ്രഹണിരോഗത്തെയും ക്ഷയത്തെയും ശമിപ്പിക്കുന്നതായി കാണാം. ഞണ്ടിന്റെ മാംസം അഗ്നിദീപ്തിയുണ്ടാക്കും. പുലിയുടെയും ആനയുടെയും തൊലി കരിച്ചെടുത്ത് നല്ലെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ വെള്ളപ്പാണ്ട് മാറുന്നതാണ്. തലയില്‍ വട്ടത്തില്‍ രോമം കൊഴിയുന്നതിന് ആനപ്പല്ലും ആനക്കൊമ്പും കരിച്ചെടുത്ത് നിര്‍മ്മിക്കുന്ന ഹസ്തിദന്തമഷി എന്ന ഔഷധം പുരട്ടുവാന്‍ ഉപയോഗിക്കാവുന്നതാണ്. ആട്ടിന്‍കൊമ്പും ഇതേവിധം ഉപയോഗിക്കാം. മൃഗങ്ങളുടെ എല്ല് സൂപ്പ് വെച്ചോ മറ്റു വിധത്തിലോ ഉപയോഗിക്കുകയാണെങ്കില്‍ എല്ല് വട്ടത്തില്‍ മുറിച്ചിടുന്നതിനു പകരം പൊളിച്ചിടുകയാണ് വേണ്ടത്. മനുഷ്യരുടെ ഏത് ഭാഗത്തിനാണ് അസുഖം ഉള്ളതെങ്കില്‍ സൂപ്പ് വെക്കുവാനായി മൃഗത്തിന്റെ സമാനഭാഗമാണ് ഉപയോഗിക്കേണ്ടത്. രക്തത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളുമടങ്ങിയ ഒരു പൂര്‍ണ്ണാഹാരമാണ് മുട്ട. രക്തവും ശുക്ലവും വര്‍ധിപ്പിക്കുകയും ഞരമ്പുകള്‍ക്ക് ഉത്തേജനവം ശക്തിയും നല്‍കുകയും ചെയ്യും. ശരീരത്തെ തടിപ്പിക്കുന്ന മുട്ട വാതരോഗശമനവുമാണ്. കഫരോഗത്തെ വര്‍ധിപ്പിക്കുകയും ഹൃദയപ്രസാദം വരുത്തുകയും രുചിയെ പ്രദാനം ചെയ്യുകയും കാഴ്ചശക്തിയെ ഉണ്ടാക്കുകയും ചെയ്യുന്നതാണ് മുട്ട. ഒരു മുട്ടയുടെ വെള്ള നുരവരുന്നതുവരെ അടിച്ച് 10 ഔണ്‍സ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് നന്നായിളക്കി യോജിപ്പിച്ച് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ഒന്നാന്തരം ടോണിക്കിന്റെ ഫലം ചെയ്യും. രണ്ട് മുട്ടകള്‍ മഞ്ഞക്കരു അടക്കം അടിച്ച് പതംവരുത്തി 10 ഒണ്‍സ് തിളപ്പിച്ച പാലും ചേര്‍ത്തിളക്കി യോജിപ്പിച്ച ശേഷം 15 മില്ലി ബ്രാണ്ടിയോ ദ്രാക്ഷാരിഷ്ടമോ ചേര്‍ത്ത് വേണ്ടത്ര പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ഔഷധവും ഒന്നാന്തരം ടോണിക്കാണ്. കൂടുതല്‍ രുചിക്ക് വേണ്ടി ജാതിക്കാപൊടിയും ചേര്‍ക്കാം. മുട്ടത്തോട് നല്ലവണ്ണം പൊടിച്ച് വെളിച്ചെണ്ണയിലോ പനിനീരിലോ ചേര്‍ത്തുണ്ടാക്കുന്ന ലേപനൗഷധം ഭഗന്ദരം മൂലമുണ്ടാകുന്ന കുരുവിന് പുറമേ പുരട്ടിയാല്‍ നല്ല ഫലംകിട്ടും. മുട്ടത്തോട് ഭസ്മമാക്കി തേനില്‍ ചാലിച്ച് കപോലാര്‍ബുധമുള്ളവര്‍ കവിളില്‍ പുരട്ടിയാല്‍ ശമനംകിട്ടും. ഗര്‍ഭകാലത്ത് കണക്കിലധികം മുട്ട കഴിച്ചാല്‍ ജനിക്കുന്ന കുട്ടി മന്ദബുദ്ധിയാകും. മുട്ടയുടെ മഞ്ഞയില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലുണ്ട്. വളരുന്ന കുട്ടികള്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പുഴുങ്ങിയ മുട്ട കൊടുക്കാം. മുട്ടയുടെ വെള്ള ദിവസവും കഴിക്കുന്നതില്‍ തെറ്റില്ല. മുതിര്‍ന്നവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ മുട്ട മാത്രമേ കഴിക്കാവൂ. മുട്ട, മാംസം, മത്സ്യം ഇവ വറുത്തും പൊരിച്ചും കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത് പാല്, പാലുല്പന്നങ്ങള് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പാലും പാലുല്പന്നങ്ങളും വളരുന്ന കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, മുതിര്‍ന്നവര്‍ നിയന്ത്രിത അളവില്‍ മാത്രമേ പാല് ഉപയോഗിക്കാവൂ. പാല് മധുരമുള്ളതും ആരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്. കൂടാതെസപ്തവിധധാതുക്കള്ക്ക് ബലം നല്‍കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്. ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയും കഫവര്‍ധനവും ശീതവീര്യവുമാണ്. പച്ചപ്പാല് കഫത്തെ വര്‍ധിപ്പിക്കും. ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല് അതാത് ഔഷധങ്ങളുടെ ഗുണത്തെ വര്‍ധിപ്പിക്കും. അധികം വറ്റിച്ച് കുറുക്കിയ പാല് കൂടുതല്‍ ഗുരുത്വമുള്ളതാണ്. കറന്ന ഉടനെയുള്ള പാല് അമൃതിന് തുല്യമാണ്. തൈര് അമ്ലസ്വഭാവിയാണ്. വിപാകരസം പുളിരസമാണ്. തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും. ശരീരബലത്തെ പുനര്‍ജനിപ്പിക്കും, മൂത്രം പോകാന്‍ വിഷമമുള്ള സന്ദര്‍ഭത്തില്‍ തൈര് കഴിച്ചാല്‍ നല്ലതാണ്. പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും. തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്. അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്. വസന്തം, ശരത്, ഉഷ്ണം െന്നി കാലങ്ങളില്‍ തൈര് ഉപയോഗിക്കരുത്. ചെറുപയറിന്‍പരിപ്പ് ഇല്ലാതെയും തേന്‍ കൂടാതെയും പഞ്ചസാര ചേര്‍ക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്. മന്ദമായ തൈരും ഉപയോഗിക്കരുത്. പാലെന്നും തൈരെന്നും പറയാന്പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്. മോര് ദഹിക്കുവാന്‍ എളുപ്പമുള്ളതാണ്. ചവര്‍പ്പുരസവും പുളിരസവുമുള്ളതാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, അര്‍ശസ്,ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നല്കം. ഗുല്മം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകള്‍, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും. തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്. വയറിളക്കം,സ്രോതോശുദ്ധി, വയര്‍ വീര്‍ത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും. ലഘുഭക്ഷണമായ മോര് ഭൂരിഭാഗം രോഗങ്ങള്‍ക്കും പഥ്യാഹാരമാണ്. പുതിയ വെണ്ണ ശീതമാണ്. നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വര്‍ധിപ്പിക്കും. മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അര്‍ശസ്, അര്‍ദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതാണ് വെണ്ണ. കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും വളരെ ഗുണപ്രദമാണ്. ജരയെ മാറ്റുകയും ശരീര മാര്‍ദ്ദവമുണ്ടാക്കുകയും ചെയ്യും. രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയുംചെയ്യും. നെയ്യ് ബുദ്ധി, ഓര്‍മ്മശക്തി, ധാരണാശക്തി, അജീര്‍ണം, ബലം, ആയുസ്, ശുക്ലം, ദൃഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. വാതപിത്തങ്ങള്‍, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും. സ്നേഹദ്രവ്യങ്ങളില്വെച്ച് ഏറ്റവും ഉത്തമമായത് പശുവിന് നെയ്യാണ്. യൗവ്വനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്. അപസ്മാരാദി മാനസിക രോഗങ്ങള്‍ക്കും കുറവ് വരുത്തും. നേത്രരോഗത്തിനും യോനീരോഗങ്ങള്‍ക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ നെയ്യ്, വെണ്ണ, പാല് എന്നിവ ഉപയോഗിച്ചാല്‍ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങള്ഉണ്ടാകുന്നതാണ്. പഞ്ചസാര, കൊഴുപ്പ്. മധുര പലഹാരങ്ങള്‍ എന്നിവ പൊതുവെ എല്ലാ പ്രായക്കാരും കുറക്കേണ്ടാതാണ്. ധാതുക്കള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നതിനും വളര്‍ച്ചക്കും ധാതുക്കള്‍ സഹായിക്കുന്നു. ശരീരത്തില്‍ അസ്ഥികളുടെയും പല്ലുകളുടെയും നിര്‍മ്മാണത്തിനും ജീവകോശങ്ങളുടെ പ്രവര്‍ത്തനത്തിനും പ്ലാസ്മ, ശരീരദ്രവങ്ങള്‍ എന്നിവയിലെ ഘടകമായും ധാതുക്കള്‍ സഹായിക്കുന്നു. കാല്‍സ്യം, അയഡിന്‍, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, ഫോസ്ഫറസ്, സള്‍ഫര്‍, ക്ലോറിന്‍, മാംഗനീസ്, കൊബാള്‍ട്ട്, കോപ്പര്‍, സിങ്ക് എന്നിവയാണ് പ്രധാന ധാതുക്കള്‍. മിക്ക ഭക്ഷണത്തിലും ഇവ അടങ്ങിയിട്ടുണ്ട്. പലവിധം ധാതുക്കള്‍ . കാത്സ്യം - അസ്ഥി, പല്ല് എന്നിവയുടെ നിര്‍മ്മാണത്തിനും, രക്തം കട്ടപിടിക്കാനും സഹായിക്കുന്നു. പാല്, പാല്‍വിഭവങ്ങള്‍, ഇലക്കറി എന്നിവയില്‍ നിന്ന് കാല്‍സ്യം ലഭിക്കും. ഇരുമ്പ് - കരള്‍, പ്ലീഹ, മാംസം, കക്ക, മുട്ട, ഓട്സ്, ഗോതമ്പ്, ഉണങ്ങിയ പയറുവര്‍ഗങ്ങള്‍, ശര്‍ക്കര,മുരിങ്ങയില എന്നിവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ ഇരുമ്പ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജനെ എത്തിക്കാന്‍ സഹായിക്കുന്നു. അയൊഡിന്‍ - അയൊഡൈസ്ഡ് ഉപ്പ് കഴിക്കുന്നതിലൂടെയും കടല്‍മത്സ്യങ്ങള്‍ കഴിക്കുമ്പോഴും അയൊഡിന്‍ ലഭിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. അയൊഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് ഗ്രന്ഥി വീര്‍ത്ത് ഗോയിറ്റര്‍ രോഗം പിടിപെടാം. ശരീര നിര്‍മ്മാണ ഘടകങ്ങള്‍. ശരീരം നിര്‍മ്മിക്കുന്നതിനും അത് ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നതിനും ആവശ്യമായ പോഷകഘടകമാണ് ശരീര നിര്‍മ്മാണ ഘടകങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് മാംസ്യമാണ്. മാംസ്യത്തില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവക്കുപുറമെ നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ കൂടി ശരീരകലകളുടെ നിര്‍മിതിക്ക് അത്യാവശ്യവുമാണ്. ധാന്യകത്തെപ്പോലെ മാംസ്യത്തിന് ഊര്‍ജം നല്‍കാനും കഴിയും. ധാന്യകം കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ മൂലകങ്ങള്‍ ചേര്‍ന്നുണ്ടായ സംയുക്തമാണ് ധാന്യകം. അരി, ഗോതമ്പ്, ചോളം, ബാര്‍ലി എന്നിവ ധാന്യകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു ഗ്രാം ധാന്യകത്തില്‍നിന്ന് നാല് കലോറി ഊര്‍ജ്ജം ലഭിക്കും കൊഴുപ്പ് ഭക്ഷണപദാര്ത്ഥങ്ങളിലടങ്ങിയിരുക്കുന്ന കൊഴുപ്പുകള്‍ ശരീരത്തിന് ഊര്‍ജം നല്കുന്നു. ധാന്യകങ്ങളിലുള്ളതിനേക്കാള് ഊര്‍ജം കൊഴുപ്പില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം കൊഴുപ്പില്‍ നിന്ന് 9.3 കലോറി ഊര്‍ജം ലഭിക്കും. പാചകത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണ, കടുകെണ്ണ, സൂര്യകാന്തിയെണ്ണ, പാല്, മാംസം. വെണ്ണ, നെയ്യ്, മുട്ട, മത്സ്യം എന്നിവയിലെല്ലാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഔഷധ / പോഷക ഗുണങ്ങള്‍ പ്രാധാന അടിസ്ഥാനഘടകങ്ങളെ ചേരുവകളായി തിരിക്കാം. ഉദാ:- അരിപ്പൊടി, തേങ്ങപ്പൊടി മുതലായവയായി വിഭജിക്കാം അരി ഗ്രാമിനേ (Gramineae) കുലത്തില്‍ പെട്ട ഒരു ഭക്ഷ്യധാന്യവിളയായ അരി ഇംഗ്ലീഷില്‍ റൈസ് (Rice) എന്നും സംസ്കൃതത്തില്‍ തണ്ഡുലീയകം എന്നും അറിയപ്പെടുന്നു. കതിരിന്മേല് ഉണ്ടാകുന്ന ധാന്യങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠം രക്തശാലി എന്ന് അറിയപ്പെടുന്ന ചെന്നെല്ലാണ് (മട്ടഅരി) മഹാന് എന്ന് പറയുന്ന പെരുംചെന്നെല്ലും വളരെ നല്ലതാണ്. തവിടുകളയാത്ത അരി ഏറ്റവും പോഷകസമ്പുഷ്ടമായ ധാന്യങ്ങളില്‍ ഒന്നാണ്. പോഷകാംശങ്ങളുടെ കാര്യത്തില്‍ തവിട് കളഞ്ഞ അരി ഗോതമ്പിനേക്കാളും വളരെ താഴെയാണ്. വസൂരി, ഗോണോറിയ, മൂത്രകൃഛ്റം തുടങ്ങിയ രോഗങ്ങളില്‍ കഞ്ഞി, അതിവിശേഷമാണ്. അതിസാരമുണ്ടായി സുഖംപ്രാപിച്ചവര്ക്ക് ക്ഷീണം മാറ്റാന്‍ കഞ്ഞി ഉപകരിക്കും. അരി ശര്‍ക്കര ചേര്‍ത്ത് വേവിച്ച് രാത്രി കഴിച്ചാല്‍ ശ്വാസനാളരോഗത്തിന് ആശ്വാസമുണ്ടാകുമെന്ന് യൂനാനി ചികിത്സാ ഗ്രന്ഥങ്ങളില്‍ കാണുന്നു. കഞ്ഞിപാലൊഴിച്ച് ദിവസേന കഴിച്ചാല്‍ കുടല്‍വ്രണം കരിഞ്ഞ് ഇല്ലാതാകും. പാല് കുറുക്കി പകുതിയായാല് എട്ടില്‍ ഒരുഭാഗം അരിയിട്ട് വേവിച്ച് വളരെ ഉറച്ചുപോകുന്നതിനുമുമ്പ് വാങ്ങി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാവുകയും ശുക്ലം വര്‍ധിക്കുകയും ചെയ്യും. നെല്ലില്‍ നിന്ന് ഉണ്ടാക്കുന്ന അവില് ഗുരുത്വമുള്ളതും ശരീരബലത്തേയും കഫത്തെയും വര്‍ധിപ്പിക്കുന്നതും വാതത്തെ നശിപ്പിക്കുന്നതുമാണ്. മലര് ലഘുവും ശരീരബലത്തെ വര്‍ധിപ്പിക്കുന്നതുമാണ്. പിത്തം, കഫം എന്നിവകളുടെ കോപത്തെ ശമിപ്പിക്കും. മലര്‍വെള്ളം കുടിച്ചാല്‍ ഛര്‍ദ്ദി, അതിസാരം, ചുട്ടുനീറ്റല്‍, രക്തപിത്തം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. അരിക്കാടി നീരുവറ്റുവാനും വ്രണങ്ങള്‍ കഴുകുവാനും അതിവിശേഷമാണ്. കഞ്ഞിയില്‍ പശുവിന് നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തിയെ വര്‍ധിപ്പിക്കും ഗോതമ്പ് ഗ്രാമിനേ (Gramineae) സസ്യകുലത്തില്‍ പെട്ട ഗോതമ്പ് ഇംഗ്ലീഷില്‍ വീറ്റ് (Wheat) എന്നും സംസ്കൃതത്തില്‍ ഗോധുമഃ എന്നും പറയുന്നു. ഭക്ഷ്യധാന്യങ്ങളില്‍ വെച്ച് ഏറ്റവുമധികം പോഷകാംശം അടങ്ങിയതാണ് ഗോതമ്പ്. ഗോതമ്പില്‍ ധാരാളം ഊര്‍ജ്ജവും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചക്കാവശ്യമായ പോഷകവസ്തുക്കളും വേണ്ടുവോളമുണ്ട്. ഗോതമ്പ് വാതത്തെയും പിത്തത്തെയും ശമിപ്പിക്കുകയും ബലത്തെയും ശുക്ലത്തെയം ആയുസിനെയും വര്‍ധിപ്പിക്കുകയും ചെയ്യും. വ്രണങ്ങളെ ഉണക്കുന്നതിനും ഗോതമ്പിന് കഴിവുണ്ട്. തവിടുകളയാത്ത ഗോതമ്പുകൊണ്ടുള്ള അപ്പം മലബന്ധത്തെ തടയും. സൂജി ഗോതമ്പുകൊണ്ടുള്ള കഞ്ഞി നിത്യവും കഴിച്ചാല്‍ കൃത്യമായ ശോധന കിട്ടും. മൂലക്കുരുവിന് ഗോതമ്പുകൊണ്ടുള്ള അപ്പം നല്ലതാണ്. ഒരുപിടി ഗോതമ്പ് മണ്‍പാത്രത്തിലിട്ട് വറുത്ത് പൊടിച്ചശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് കാച്ചി മതിയായ തോതില്‍ പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ഗോതമ്പ് കാപ്പി കുട്ടികള്‍ക്കും മധ്യവയസ്ക്കര്‍ക്കും വൃദ്ധന്മാര്ക്കും ഒരുപോലെ വിശിഷ്ടമായ ഒരു പാനീയമാണ്. ദഹനത്തിനനുസരിച്ച് മറ്റു ഭക്ഷ്യപദാര്ത്ഥങ്ങളോടൊപ്പമോ തനിച്ചോ ഈ പാനീയം കഴിക്കാം. ആമവാതത്തിന് ഗോതമ്പ് പൊടിച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ ശമനമുണ്ടാകും. ഗോതമ്പുപൊടി പാലും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ മൂക്കില്‍ നിന്നുള്ള രക്തം പോക്കിന് ആശ്വാസമുണ്ടാകും. ഗോതമ്പു മാവുകൊണ്ട് കഞ്ഞിവെച്ച് കഴിച്ചാല്‍ അത്യാര്‍ത്തവം ഇല്ലാതാകും. ഗോതമ്പുമാവ് ചൊറുക്ക ചേര്‍ത്ത് ചൂടാക്കി പുറമെ പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന അരിമ്പാറകള്‍ അപ്രത്യക്ഷമാകും. ഗോതമ്പ് പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്. അരിയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ കൂടുതല്‍ ഗോതമ്പിലുള്ളത് കൊണ്ട് അരിയെ അപേക്ഷിച്ച് അളവില്‍ കുറച്ച് കഴിച്ചാല്‍ മതി. ആഹാരമെന്ന നിലയില്‍ പൂര്‍ണമായും ഗുണം ലഭിക്കണമെങ്കില്‍ ഗോതമ്പ് പൊടിച്ച് മാവാക്കി ഉപയോഗിക്കണം. ഉപ്പ് ക്രമമായ തോതില്‍ ഉപ്പ് ഉപയോഗിക്കുന്നതു മൂലം ഉമിനീര് ഗ്രന്ഥിയില്‍ നിന്നും ആമാശയത്തിലെ ഗ്രന്ഥികളില്‍ നിന്നും ഉള്ള സ്രവണം വര്‍ദ്ധിക്കുന്നു. തന്മൂലം വിശപ്പ്, ദഹനം എന്നിവയുണ്ടാകുന്നു. അത് ദാഹത്തെ ഉണ്ടാക്കുകയും ദ്രവപദാര്‍ത്ഥങ്ങളുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യും. തീക്ഷ്ണമായിട്ടുള്ളതും രുചിയെ ഉണ്ടാക്കുന്നതുമാണ്. ആമാശയവ്രണം മൂലം വയറുവേദനിക്കുമ്പോള് ഉപ്പുവെള്ളം കുടിച്ചാല്‍ വേദന ഉടനെ ശമിക്കുന്നതാണ്. തൊണ്ടവേദന, പല്ലുവേദന എന്നിവയുണ്ടാകുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് കലക്കി കുലുക്കുഴിഞ്ഞാല്‍ ആശ്വാസം ലഭിക്കും. ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ രണ്ട് കട്ട ഉപ്പ് പൊടിച്ചിട്ട് നസ്യം ചെയ്താല്‍ മോഹാലസ്യത്താല്‍ ബോധമറ്റ് കിടക്കുന്ന രോഗികളുടെ ബോധം തെളിയുന്നതാണ്. ഇതിന് ഇന്തുപ്പാണ് കൂടുതല്‍ നല്ലത്. കടലില്‍ കുളിക്കുന്നത് പലതരം ചര്‍മ്മരോഗങ്ങള്‍ക്കും വാതവേദനകള്‍ക്കും നല്ലതാണ്. ഉപ്പ് കലക്കിയ വെള്ളം കുടിച്ചാല്‍ ഒരു വിഷമവും കൂടാതെ ഛര്‍ദ്ദിക്കും. മിതമായ തോതില്‍ ഉപ്പ് കലക്കിയ വെള്ളംകൊണ്ട് തലകഴുകിയാല്‍ തലയോട്ടിയിന് മേലുള്ള അഴുക്ക് പോകുന്നതും താരന് ശമിക്കുന്നതുമാണ്. അട്ട കടിച്ചാലുണ്ടാകുന്ന സുഷിരത്തില്‍ കൂടിയുള്ള രക്തസ്രാവം തടയുവാന്‍ ഉപ്പ് പൊടിച്ച് തേക്കാം. അമിതമായി ഉപ്പ് കഴിച്ചാല്‍ ശരീരം ക്രമാതീതമായി തടിക്കുന്നതായിരിക്കും. അതിനാല്‍ ഹൃദയം വൃക്ക എന്നിവയ്ക്ക് രോഗമുള്ളവര്‍ ഉപ്പ് അധികമായി കഴിക്കരുത്. ശരീരത്തില്‍ നീരുള്ളവരും രക്താതിസമ്മര്ദ്ദമുള്ളവരും ഉപ്പ് ഉപേക്ഷിക്കേണ്ടതാണ്. ഉപ്പ് മിതമായി കഴിച്ചാല്‍ നല്ലതും അമിതമായി കഴിച്ചാല്‍ അങ്ങേയറ്റം ദോഷകരവുമാണ്. ഉപ്പ് കഫത്തെയും ശോധനയെയും ഉണ്ടാക്കുന്നതാണ്. വ്രണങ്ങളെ പഴുപ്പിച്ച് ഉണക്കും. ലവണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗുണകരമായിട്ടുള്ളത് ഇന്തുപ്പാണ്. ആയുര്‍വേദത്തില്‍ ഇന്തുപ്പ്, തുവര്‍ച്ചിലയുപ്പ്, വിളയുപ്പ്, കടലുപ്പ്, കാരുപ്പ് എന്നിങ്ങനെ ഉപ്പ് അഞ്ച്തരത്തിലുണ്ട്. മഞ്ഞള്‍ മഞ്ഞളിനെ ഇംഗ്ലീഷില്‍ ടര്‍മെറിക് (Turmeric) എന്നും സംസ്കൃതത്തില്‍ നിശാ എന്നും അറിയപ്പെടുന്നു. സിഞ്ചിബറേസി (Zingiberaceae) സസ്യുകുടുംബത്തില്‍ പെട്ടതാണ് മഞ്ഞള്‍. മഞ്ഞള്‍ പോലെ ഔഷധഗുണമുള്ള മറ്റൊരു ഭക്ഷ്യവസ്തുവില്ല. തിക്ത കടുരസമാണ് മഞ്ഞളിന്. ലഘുരൂക്ഷഗുണമുള്ളതും ഉഷ്ണവീര്യവുമാണ് മഞ്ഞള്‍. മഞ്ഞളില്‍ റൈസോമില്‍ എന്ന സുഗന്ധതൈലമുണ്ട്. പാക്കറ്റുകളില്‍ വാങ്ങുന്ന മഞ്ഞള്‍പൊടിയില്‍ നിറത്തിനും മണത്തിനും വേണ്ടി പല കൃത്രിമവസ്തുക്കളും ചേര്‍ക്കപ്പെടുന്നു. ഇങ്ങനെയുള്ള മഞ്ഞള്‍പൊടിക്ക് ഔഷധഗുണമുണ്ടാവുകയില്ല എന്നു മാത്രമല്ല പല മാരകരോഗങ്ങള്‍ക്കും ഇടയാക്കും. പ്രമേഹരോഗത്തിന് മഞ്ഞളിന്റെ ഫലം അനിതരസാധാരണമാണ്. നെല്ലിക്കാനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്. ദിവസവും ഓരോ ടീസ്പൂണ്‍ വീതം ശുദ്ധമായ മഞ്ഞള്‍പൊടി തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഏതു അര്‍ബുദവും തടയാന്‍ കഴിയും. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് (ശ്വാസം മുട്ടല്‍, ശാതപിത്തം, എക്സിമ, തുമ്മല്‍ മുതലായ) മഞ്ഞളും കറിവേപ്പിലയും കൂട്ടി അരച്ച് ഒരു അടക്കയോളം വലിപ്പത്തില്‍ പ്രഭാതത്തില്‍ കഴിച്ചാല്‍ ശമനം കിട്ടും. ഇസ്നോഫീലിയയ്ക്കും ഈ പ്രയോഗം ഫലം ചെയ്യും. ത്വക് രോഗശമനത്തിനും മഞ്ഞള്‍ കൈകൊണ്ട ഔഷധമാണ്. മരോട്ടി എണ്ണയില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഓയിന്റ്മെന്റ് രൂപത്തിലാക്കി പുരട്ടിയാല്‍ മിക്കവാറും എല്ലാ ത്വക് രോഗങ്ങള്‍ക്കും ഗുണം ചെയ്യും. കുഴിനഖത്തിന് മഞ്ഞള്‍പൊടി മരോട്ടിഎണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാല്‍ മാറും. ഏതുതരം വിഷമേറ്റാലും പച്ചമഞ്ഞളരച്ച് പുരട്ടുകയും കഴിക്കുകയും ചെയ്യാം. മഞ്ഞളും കരളകവും വിഷത്തിന് അരച്ചുപുരട്ടാവുന്ന ഒരു പ്രധാന മരുന്നാണ്. മഞ്ഞള്‍ ഉണക്കിപ്പൊടിച്ച് 60 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് ഉരിയാക്കി നല്ലവണ്ണം അരിച്ചെടുത്ത് തണുത്താല്‍ ഒരൗണ്‍സ് ചെറുതേനും ഒരൗണ്‍സ് പനിനീരും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിച്ച് 4 തുള്ളിവീതം 2 നേരം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് മുതല്‍ ഗ്ലൗക്കോമ വരെ മിക്കവാറും എല്ലാ നേത്രരോഗങ്ങള്‍ക്കും ശമനം ലഭിക്കും. പറങ്കിമുളക് / കപ്പല്‍ മുളക് പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്ന മുളക് എന്ന അര്‍ത്ഥത്തില്‍ പറങ്കിമുളക് എന്നും കപ്പലില്‍ കൊണ്ടുവന്നതായതുകൊണ്ട് കപ്പല്‍ മുളക് എന്നും വിളിക്കുന്നു. സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ട മുളകിനെ ഇംഗ്ലീഷില്‍ ചില്ലീസ് (Chillies), റെഡ് പെപ്പര്‍ (Red Pepper) എന്നും സംസ്കൃതത്തില്‍ ഭ്രൂഹി എന്നും പറയുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു വസ്തുവാണ് കപ്പല്‍ മുളക്. മുളകിന്റെ കൂടെ പഞ്ചസാരയും പെപ്പര്മെന്റും ചേര്‍ത്ത് മിഠായിയുണ്ടാക്കി കഴിച്ചാല്‍ ഒച്ചയടവിന് ഉത്തമ പ്രതിവിധിയാണ്. കാലപ്പഴക്കം ചെന്ന നടുവേദനയ്ക്ക് മുളകും വെളുത്തുളളിയും ഗുല്ഗുലുവും സമമെടുത്ത് വെള്ളത്തില്‍ കട്ടിയാക്കി അരച്ചെടുത്ത് കടുകെണ്ണയില്‍ ലേപനമാക്കി പുരട്ടിയാല്‍ നല്ലപോലെ മാറുന്നതാണ്. ചുകന്നമുളക്, കായം, ചൂടന്കര്പ്പൂരം എന്നിവ ചേര്‍ത്ത് ഗുളിക നിര്‍മ്മിച്ച് കാച്ചിയ മോരില്‍ ചേര്‍ത്ത് ചെറുചൂടോടെ കഴിക്കുന്നത് കോളറയ്ക്ക് നല്ലതാണ്. പച്ചമുളകും അവീനും വറുത്ത കായവും ചേര്‍ത്ത് അരച്ചുണ്ടാക്കിയ ഗുളിക കോളറയ്ക്ക് വിശേഷപ്പെട്ടതാണ്. മദ്യപാനത്തില്‍ നിന്ന് നിത്യമുക്തി നേടാന്‍ മുളകും കറുവാപ്പട്ടയും കൂട്ടി കഷായം വെച്ച് ദിവസം 2 നേരം 3 മാസം തുടര്‍ച്ചയായി ചന്ദനം അരച്ച് മേമ്പൊടിയാക്കി ചേര്‍ത്ത് കഴിച്ചാല്‍ മതി. പാമ്പുകടിയേറ്റാല്‍ പച്ചമുളക് അരച്ച് കടിവായില് തേച്ചാല്‍ മതി. പാലില്‍ മുളകുപൊടി സമൂലം കുതിര്ത്തരച്ചെടുത്ത് പുറമെ പുരട്ടിയാല്‍ വീക്കം, കട്ടിയായ മുഴ എന്നിവ കുറഞ്ഞുവരുന്നതായിരിക്കും. പച്ചമുളക്, ഞെരിഞ്ഞാംപുളിക്കിഴങ്ങ്, ഇഞ്ചി എന്നിവ സമം ചേര്‍ത്ത് ഗുളിക നിര്‍മ്മിച്ച് (പാലില്‍ അരച്ചത്) സേവിച്ചാല്‍ വായുസ്തംഭത്തിനും വയറുവേദനയ്ക്കും കുറവുണ്ടാകും. . പച്ചമുളക് പുളിച്ച മോരിലരച്ച് ചേര്‍ത്ത് ആ മോര് ദിവസം 2 നേരം തുടര്‍ച്ചയായി കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രക്തംപോക്ക് ശമിക്കുന്നതാണ്. ടോണ്സിലൈറ്റിസിനും വീക്കമില്ലാത്ത ഡീഫ്ത്തീരിയയ്ക്കും പച്ചമുളകും കടുകും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ആശ്വാസപ്രദമാണ്. കുരുമുളക് പിപ്പറേസി (Piperaceae) സസ്യകുലത്തില്‍ പെട്ട കുരുമുളകിന് ഇംഗ്ലീഷില്‍ ബ്ലാക്ക് പെപ്പര്‍ (Black Pepper) എന്നും സംസ്കൃതത്തില്‍ കൃഷ്ണമരീചം എന്നും പറയുന്നു. ഗന്ധമസാലദ്രവ്യങ്ങളില് വെച്ച് കുരുമുളകിനാണ് ഒന്നാം സ്ഥാനമുള്ളത്. പുരാതനകാലം മുതല്ക്കേ വൈദ്യശാസ്ത്രത്തില്‍ ഇതിനെ ഔഷധമായി പ്രയോഗിച്ചുവരുന്നു. ഇത് ഉഷ്ണപ്രധാനമായ ഒരു ഫലമാണ്. എരിവും ചവര്‍പ്പുമാണ് ഇതിന്റെ മുഖ്യമായ രസം. അഗ്നിവര്ധകവും വായുനാശകവുമാണിതിന്റെ പ്രധാന ഗുണം. കൂടാതെ ത്രികടുവിലെ മുഖ്യചേരുവകളില് ഒന്നാണ് കുരുമുളക്. ഹൃദ്രോഗം വന്ന് മാറിയവരും ഹൃദ്രോഗികളും ഹൃദ്രോഗത്തിന്റെ പൂര്‍വ്വരൂപമായ അഞ്ചൈന പെക്ടോറിസ് ഉള്ളവരും കുരുമുളക് ദിവസവും ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂര്‍വ്വാധികം സുഗമമായിത്തീരുവാനും ബ്ലഡ് വെസ്സല്സിലെ തടസ്സം തീരുന്നതിനും ഇത് ഉപകരിക്കും. കുരുമുളകും കായവും കറുപ്പും 20 നെന്മണി തൂക്കം വീതമെടുത്ത് നല്ലവണ്ണം അരച്ച് 12 ഗുളികയാക്കി ഉരുട്ടി 6 മണിക്കൂര്‍ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാല്‍ കോളറക്ക് വളരെ ഫലപ്രദമാണ്. കുരുമുളക്, ചുക്ക്, തിപ്പലി, ഇന്തുപ്പ്, പെരുംജീരകം ഇവ സമം പൊടിച്ച ചൂര്‍ണ്ണം 5 ഗ്രാം വീതം ദിവസം 2 നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ ദഹനം ഉണ്ടാകും. കുരുമുളക്പൊടി 30 ഗ്രാം, പെരുംജീരകപ്പൊടി 15 ഗ്രാം, ഉലവപ്പൊടി 15 ഗ്രാം ഈ തോതിലെടുത്ത് 5 ഔണ്‍സ് തേനില്‍ ചേര്‍ത്ത് ലേഹ്യമാക്കി 5 ഗ്രാം വീതം 2 നേരം കഴിച്ചാല്‍ പ്രായമായവരിലുണ്ടാകുന്ന മൂലക്കുരുവിന് ആശ്വാസമുണ്ടാകും. ഇടവിട്ടുണ്ടാകുന്ന പനിക്ക് കുരുമുളക്, പൂത്തുമ്പ സമൂലം, തുളസി എന്നിവ സമമെടുത്തത് എല്ലാം കൂടി 60 ഗ്രാം, ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി ഉരിവീതം രണ്ട് നേരം കഴിച്ചാല്‍ ആശ്വാസമുണ്ടാകും. അപസ്മാരം, ഹിസ്റ്റീരിയ എന്നിവമൂലം ബോധം നഷ്ടപ്പെട്ടവര്‍ക്ക് കുരുമുളക് കത്തിച്ച പുക ശ്വസിപ്പിച്ചാല്‍ ബോധംതെളിയുന്നതാണ്. പുകയില തിന്ന് തലയ്ക്ക് പിടിച്ചവര്‍ 4 കുരുമുളക് വായിലിട്ട് ചവച്ചാല്‍ തലകറക്കം മാറും. കുരുമുളകും ഉപ്പും ചേര്‍ത്ത് പൊടിച്ച് പല്ല് തേച്ചാല്‍ പല്ല് ദ്രവിക്കല്, ഊനില്‍ നിന്ന് രക്തം വരല് വായനാറ്റം എന്നിവ നിശ്ശേഷം മാറുന്നതാണ്. നിത്യേന 10 കുരുമുളകും 10 ബദാംപരിപ്പും ചവച്ച് തിന്ന് മീതെ ഒരു ഗ്ലാസ്സ് പാല് കുടിച്ചാല്‍ ധാതുബലവും ലൈംഗികശക്തിയും വര്‍ധിക്കും. പ്രമേഹത്തിന് ശമനവും കിട്ടും. കുരുമുളകും രുദ്രാക്ഷവും രണ്ടുപണത്തൂക്കം വീതം പച്ചവെള്ളത്തിലരച്ച് കഴിച്ചാല്‍ നീര്പോളന് (ചിക്കന്‍പോക്സ്) വേഗത്തില്‍ കുറയും. ചെറുപയര്‍ പാപ്പിലിയോണേസി (Pappilionaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് ചെറുപയര്‍. ഇതിനെ ഇംഗ്ലീഷില്‍ ഗ്രീന്‍ ഗ്രാം (Green gram) എന്നും സംസകൃതത്തില്‍ മുദ്ഗഃ എന്ന് സംസ്കൃതത്തിലും വിളിക്കുന്നു. പച്ചനിറത്തിലുള്ളതും മഞ്ഞനിറത്തിലുളളതുമായ രണ്ടുതരം ചെറുപയറില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത് പച്ചനിറത്തിലുള്ളതാണ്. ആഫ്രിക്കയിലെ ചെറുപയറാണ് ഏറ്റവും മുന്തിയ ഇനം. ഒരു പയറുവര്‍ഗധാന്യമായ ചെറുപയര്‍ പുഷ്ടികരമായ ഒരാഹാരധാന്യവും കൂടിയാണ്. ദഹിക്കുവാന്‍ പ്രയാസമുള്ള ഇത് കഫപിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും നല്‍കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതായ ഇത് വാതരോഗികള്‍ക്ക് അത്ര നല്ലതല്ല. രക്തവര്‍ധനവിനും വളരെ നല്ലതാണ് ചെറുപയര്‍. കൂടാതെ രക്തദോഷം,പിത്തം, കഫം, മഞ്ഞപ്പിത്തം, നേത്രരോഗം, ജ്വരം എന്നിവയെ ശമിപ്പിക്കുവാനും നല്ലതാണിത്. 100 ഗ്രാം ചെറുപയര്‍ 24 ഔണ്‍സ് വെള്ളത്തില്‍ പുഴുങ്ങി 6 ഔണ്‍സാക്കി കുറുക്കി പിഴിഞ്ഞെടുത്തുണ്ടാക്കുന്ന സൂപ്പ് 3 ഔണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗം വന്ന് മാറിയവര്‍ക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാന്‍ ഉതകുന്ന ഒരു അമൃതാണ്. ചെറുപയറിന് സൂപ്പ് പാല് ചേര്‍ത്ത് കഴിച്ചാല്‍ ഉദരപ്പുണ്ണിന് നല്ലതാണ്. കരള്‍വീക്കം, പ്ലീഹാവീക്കം എന്നിവയുള്ള രോഗികള്‍ക്കും പ്രമേഹരോഗികള്‍ക്കും ചെറുപയറിന് സൂപ്പ് നല്ലതാണ്. ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞിവെച്ച് പശുവിന് നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡിപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപ്പയറ്റ് ശീലമാക്കുന്നവര്‍ക്ക് കര്‍ക്കിടകമാസത്തില്‍ ഈ കഞ്ഞി വളരെ ഫലപ്രദമായിരിക്കും. സാധാരണക്കാര്‍ക്ക് ശരീരപുഷ്ടിയും ബലവും നല്കുന്ന ഇത് തടിച്ചവര്‍ക്ക് അത്ര നല്ലതല്ല. മുളപ്പിച്ച ചെറുപയര്‍ ഒറ്റയ്ക്കോ മറ്റു ആഹാരത്തോടുകൂടിയോ പ്രഭാതത്തില്‍ കഴിക്കുകയോ ഇതുകൊണ്ട് കഞ്ഞിയുണ്ടാക്കി തേങ്ങയും സ്വല്പം മധുരവും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹരോഗികള്‍ക്കും കളരിപ്പയറ്റ്, ഭാരോദ്വഹനം മുതലായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്കും ഏറ്റവും ഫലം കിട്ടുന്നതാണ്. ഈ കഞ്ഞിയില്‍ വിറ്റാമിന്‍ ഇ ധാരാളമായുണ്ട്. കണ്ണിന്റെ ഉഷ്ണം തീര്‍ക്കാന്‍ ചെറുപയര്‍ പൊടിച്ച് റോസ് വാട്ടറില്‍ അരച്ച് പശപോലെയാക്കി കണ്ണിനു മുകളില്‍ വെച്ചാല്‍ കണ്ണിന് നല്ല കുളിര്‍മ്മയുണ്ടാകും. സ്തനവീക്കത്തിന് ചെറുപയര്‍ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാല്‍ നല്ല ഫലം കിട്ടും. ചെറുപയറിന്റെ കഷായം തേള് കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്. ചെറുപയറിന് പൊടിയില്‍ ചുണ്ണാമ്പ് കൂട്ടിച്ചേര്‍ത്ത് കടിവായില് പുരട്ടുകയും ചെയ്യാം. അമരക്കായ പാപ്പിലിയോണേസി - (Papilionaceae) കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍ നിഷ്പാവഃഎന്നറിയപ്പെടുന്നു. ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ. പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്. വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു. അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയില്ല. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ അമരക്കായ തോരന്‍വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാല്‍ മതി. മൂത്രം പോകാത്ത അവസ്ഥയുണ്ടായാല്‍ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കില്‍ മൂത്രം പോകുകയും നീര് ശരീരത്തില്‍ ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്. അമരക്കായ മേല്പറഞ്ഞ വിധത്തില്‍ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തില്‍ തന്നെ അമരക്കായ കല്ക്കമായി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താല്‍ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും വെണ്ടക്ക മാല്‍വേസി (Malvaceae) സസ്യകുടുംബത്തില്‍ പെട്ട വെണ്ടക്കയുടെ ഇംഗ്ലീഷിലുള്ള പേര് ലേഡീസ് ഫിംഗര്‍ (Lady’s finger) എന്നും സംസ്കൃതത്തില്‍ പാടലി എന്നുമാണ്. അയഡിന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം സമൃദ്ധമായി അടങ്ങിയിട്ടുള്ളതാണ് വെണ്ടയ്ക്ക. ഇതിലെ വഴുവഴുപ്പുള്ള സൗമ്യപദാര്തഥത്തില് പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയട്ടുണ്ട്. മുപ്പ് വരാത്ത ഇളയ വെണ്ടയ്ക്കയാണ് കൂടുതല്‍ നല്ലത്. ഇത് പച്ചയ്ക്ക് കഴിക്കാവുന്നതാണ്. എന്നാല്‍ ദഹിക്കുവാന്‍ വിഷമമുണ്ടാകും. സ്നിഗ്ധഗുണത്തോടുകൂടിയ ഇത് ശരീരപുഷ്ടിയെയും ഓജസ്സിനെയും ഉണ്ടാക്കും. മൂക്കാത്ത വെണ്ടക്ക ദിവസവും 100 ഗ്രാം പഞ്ചസാര ചേര്‍ത്ത് കാലത്ത് കഴിച്ചാല്‍ ശരീരത്തെ പരിപോഷിപ്പിക്കും. 120 ഗ്രാം വെണ്ടക്ക വിലങ്ങനെ മുറിച്ച് 20 ഔണ്‍സ് വെള്ളത്തില്‍ 20 മിനിറ്റ് വേവിച്ച് അരിച്ചെടുത്ത് 4 ഏലക്കായ പൊടിച്ച് ചേര്‍ത്ത് ആവശ്യത്തിന് ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന കഷായം പനി, ജലദോഷം, മൂത്രകൃഛ്രം, മൂത്രക്കല്ല് തുടങ്ങിയ രോഗങ്ങളുള്ളവര്‍ കുടിക്കുന്നത് നല്ലതാണ്. രക്തം പോകുന്ന അതിസാരത്തിന് ഇത് വളരെ ഫലം ചെയ്യും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറുന്നതാണ്. മൂത്രനാളിപ്പഴുപ്പിന് വെണ്ടക്ക കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. വെണ്ടക്കയുടെ ഇലയും കായും ചതച്ച് വീക്കത്തിനും കുരുക്കള്‍ക്കും പുറമെ പുരട്ടിയാല്‍ നല്ല ഫലം കിട്ടും കൈപ്പക്ക / പാവല്‍ കുക്കുര്‍ ബിറ്റേസി (Cucur betaceae) സസ്യകുലത്തില്‍ പെട്ട കൈപ്പക്കയെ ഇംഗ്ലീഷില്‍ ബിറ്റര്‍ ഗൗഡ്(Bitter gourd) എന്നും സംസ്കൃതത്തില്‍ കാരവല്ലി എന്നും പറയുന്നു. കക്കരിപോലെ നീളമുള്ളതും നീളം കുറഞ്ഞ് അല്പം ഉരുണ്ടതുമായ രണ്ട് തരത്തിലുള്ള കൈപ്പക്കയുണ്ട്. വളരെ ഔഷധഗുണമുള്ളതാണ് കൈപ്പക്ക. രക്തശുദ്ധിക്ക് ഒന്നാന്തരമായ കൈപ്പക്ക ചിത്തഭ്രമം ബാധിച്ചിട്ടുള്ളവര്‍ക്കും നല്ലതാണ്. വാതം, രക്തവാതം, പ്ലീഹാവീക്കം, കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കും കൈപ്പക്ക ഉത്തമമാകുന്നു. കൈപ്പക്ക പിഴിഞ്ഞ നീര് 2 ഔണ്‍സ് വീതം 2 നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഇത് മഞ്ഞപ്പിത്തത്തിനും ഗുണപ്രദമാണ്. കൈപ്പക്കയും അതിന്റെ ഇലയും എത്ര പഴകിയ സോറിയാസിസിനും വളരെ ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. കറിവെച്ച് കൂട്ടുന്നതും പച്ചയായി തിന്നുന്നതും നല്ലതാണ്. ഇല പിഴിഞ്ഞനീര് 1 ഔണ്‍സ് വീതം 2 നേരം കഴിക്കുന്നതും നല്ലതാണ്. കൈപ്പവള്ളിയുടെ പച്ചവേര് നല്ലപോലെ അരച്ച് ലേപനമാക്കി പുരട്ടിയാല്‍ മൂലക്കുരു മൂന്നാമത്തെ ഡിഗ്രിയില്‍ എത്തിയാല്‍ പോലും ശമനം കിട്ടും. കൈപ്പയുടെ ഇല ഇടിച്ചുപിഴിഞ്ഞനീര് അര ഔണ്‍സ് വീതം 2 നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറുന്നതാണ്. ഹൈപ്പറ്റാറ്റിസ് ബി, സി, എന്നിവ ആയാല്‍ പോലും 6 മാസത്തെ ഉപയോഗം കൊണ്ട് ഗുണം ചെയ്യും. മുലപ്പാല്‍ കുറഞ്ഞ സ്ത്രീകള്‍ക്ക് കൈപ്പയിലയുടെ നീര് 15 മില്ലി വീതം സ്വല്പം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസം 2 നേരം കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിക്കുന്നതിന് ഉപകരിക്കും. കൈപ്പക്കനീര് അല്പം പഞ്ചസാര ചേര്‍ത്ത് കവിള് കൊണ്ടാല്‍ വായ്പ്പുണ്ണ് ശമിക്കുന്നതാണ്. അര ഔണ്‍സ് കൈപ്പക്ക നീരില്‍ അര ഔണ്‍സ് തേന്‍ ചേര്‍ത്ത് ദിവസം 2 നേരം കഴിച്ചാല്‍ ആര്‍ത്തവവേദനക്ക് കുറവുണ്ടാകും. ഇത് തുടര്‍ച്ചയായി 3 മാസത്തെ ഉപയോഗം കൊണ്ട് പരിപൂര്‍ണ്ണമായും മാറുന്നതാണ്. കൈപ്പക്കയോ അതിന്റെ ഏതെങ്കിലും വിധത്തിലുള്ള നീരോ അമിതമായി കഴിച്ചാല്‍ അതിനുള്ള പ്രതിവിധിയായി ഒരു ഗ്ലാസ്സ് നവരയരികഞ്ഞിയില് രണ്ടു സ്പൂണ്‍ പശുവിന് നെയ്യ് ചേര്‍ത്ത് കഴിച്ചാല്‍ മതി. വഴുതനങ്ങ സോളനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ട വഴുതിനയുടെ ഇംഗ്ലീഷ് നാമം ഭ്രിംജള് (Brinjal) എന്നും സംസ്കൃതത്തില്‍ പീതഫലഃ എന്നുമാണ്. വഴുതനങ്ങ അഗ്നിദീപ്തി ഉണ്ടാക്കുന്നതും ഉഷ്ണവീര്യപ്രധാനവുമാണ്. ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യും. അമിതമായാല്‍ പിത്തത്തെയം വിശേഷിച്ച് വായുവികാരങ്ങളെയും ഉണ്ടാക്കും. വഴുതിനങ്ങ ഹൃദ്രോഗത്തിന് നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിച്ച് അഞ്ചൈനപെക്ടോറിസ് മാറ്റുവാന്‍ നല്ലതാണ്. ദിവസവും കഴിച്ചാല്‍ ഹൃദയധമനിയുടെ ഉള്‍വ്യാസം വര്‍ധിപ്പിക്കുവാന്‍ കഴിയും. അതായത് ഹൃദ്രോഗം തടയും. രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കും. കണ്ണുരോഗമുള്ളവരും വെള്ളപ്പാണ്ടുള്ളവരും വഴുതനങ്ങ ഉപയോഗിക്കരുത്. വഴുതനങ്ങ നല്ലെണ്ണയില്‍ വറുത്തെടുത്ത് അരിഞ്ഞു കഷ്ണമാക്കി തൈരില്‍ ചേര്‍ത്ത് കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കുകയും ആരോഗ്യമുണ്ടാവുകയും ചെയ്യും. ശരീരം തടിക്കുകയും അസ്ഥിയുരുക്കം ഉള്ളവര്‍ തടിക്കുന്നതിനും വളരെ ഗുണം ചെയ്യുകയും ചെയ്യും. വഴുതനങ്ങയില്‍ ഇരുമ്പാണികൊണ്ട് നവദ്വാരങ്ങളുണ്ടാക്കി അതില്‍ കുരുമുളകിട്ട് കടലമാവുകൊണ്ട് അടച്ച് ആവിയില്‍ നല്ലവണ്ണം വേവിച്ച് കഴിച്ചാല്‍ കരള്‍ സംബന്ധമായ ദോഷങ്ങളും വേദനയും അനുഭവിക്കുന്നവര്‍ക്ക് നല്ല ഫലം ചെയ്യും. പിത്താശയകല്ല് എന്ന രോഗത്തിന് ഈ ചികിത്സ പ്രത്യേകിച്ചും ഫലം ചെയ്യും. വഴുതനയുടെ ഇല ഇടിച്ചു പിഴിഞ്ഞ 10 ഔണ്‍സ് രസത്തില്‍ 5 ഔണ്‍സ് തേങ്ങ വെന്ത വെളിച്ചെണ്ണയും ചേര്‍ത്ത് വഴുതിനച്ചെടിയുടെ വേരരച്ച് കല്ക്കമാക്കി കാച്ചി മെഴുകുപാകത്തില്‍ വാങ്ങിവെച്ച് ആ എണ്ണ 10 മില്ലി വീതം രാത്രി കഴിച്ചാല്‍ കാസശ്വാസം, ചുമ എന്നിവ എത്ര പഴകിയതായാലും ആശ്വാസം ലഭിക്കും. അലര്‍ജി സംബന്ധമായ രോഗങ്ങളായ തുമ്മല്‍, തുമ്പത്തടിച്ചി എന്നിവയ്ക്കും ഏറെ ഗുണം ചെയ്യും. നീല, വെള്ള, ഇളംപച്ച എന്നീ 3 തരം വഴുതനയുണ്ട്. മൂന്നിന്റെയും ഗുണങ്ങള്‍ ഏകദേശം ഒന്നുതന്നെയാണെങ്കിലും ചെറിയതോതില്‍ വ്യത്യാസങ്ങളുണ്ട്. വെള്ളനിറത്തിലുള്ള വഴുതന കുട്ടികളുടെ കരള്‍ സംബന്ധമായ അസുഖത്തിന്, അതായത് ഗ്രഹണി ബാധിച്ചവര്‍ക്ക് ഫലം കൂടുതല്‍ ചെയ്തു കാണുന്നു. വെള്ള വഴുതിന ദഹനത്തെ ഉണ്ടാക്കുവാനും അമിതവിയര്‍പ്പിനെ മാറ്റുവാനും ക്ഷീണത്തെ ഇല്ലാതാക്കുവാനും ഉപകരിക്കും. ഇളംപച്ചനിറത്തിലുളളതിനും വെള്ളയുടെ ഗുണമുണ്ട്. നീലനിറത്തിലുള്ളത് രക്തക്കുറവിനെ പരിഹരിക്കും. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കൂടുതല്‍ ഫലവത്തുമാണ്. നീലനിറത്തിലുള്ള വഴുതിനങ്ങ ഉപയോഗിച്ചാല്‍ മലബന്ധമുണ്ടാകും. വാതത്തിന് നല്ലതാണിത്. പടവലങ്ങ സ്നേക്ക് ഗൗഡ് (Snake gourd) എന്ന് ഇംഗ്ലീഷില്‍ പറയുന്ന പടവലം കുക്കുര്‍ബിറ്റേസി (Cucur bitaceae) കുടുംബത്തില്‍ പെട്ടതാണ്. സംസ്കൃതത്തില്‍ പടോലം എന്നാണ് പറയുക. സാധാരണ പടവലം എന്നും കയ്പന്‍ പടവലം എന്നും രണ്ടുതരത്തില്‍ പടവലം അറിയുന്നു. കയ്പന്‍ പടവലത്തിന്റെ കായ്കള്‍ ഉരുണ്ടിരിക്കും. അത് ഭക്ഷ്യയോഗ്യമല്ല. ഇതിന്റെ വേരിനും വിത്തിനും ഔഷധഗുണമുള്ളതുകൊണ്ട് ഈ പടവലം ഔഷധത്തിന് ഉപയോഗിക്കുന്നു. കയ്പന്‍ പടവലത്തിന്റെ വേര് വിരേചനൗഷധമാണ്. ഇല പിഴിഞ്ഞ നീര് വമനൗഷധവും വിത്തുകള്‍ വിരയെ നശിപ്പിക്കുന്നതുമാണ്. പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ കഷണ്ടി മാറുകയും മുടികൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും. പടവലങ്ങ ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ ഹൃദയ പേശിക്ക് ബലമുണ്ടാകും. പടവലങ്ങ ദിവസവും വേവിച്ച് ഉപ്പും എണ്ണയും ചേര്‍ക്കാതെ കഴിച്ചാല്‍ ഹൃദ്രോഗത്തിന്റെ മുന്നോടിയായ അഞ്ചൈനാപെക്ടോറിസിന് അനിതരസാധാരണമായ ഫലം ചെയ്തു കാണാറുണ്ട്. പടവല കുരു പൊടിച്ച് 2 ടീസ്പൂണ്‍ വീതം ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അമിതരക്തസമ്മര്‍ദ്ദത്തിന് കുറവുണ്ടാകും. പനി വിട്ടുമാറാതിരിക്കുമ്പോള്‍ പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ കൊത്തമല്ലി പൊടി ചേര്‍ത്ത് കഴിച്ചാല്‍ പനി മാറുന്നതാണ്. പടവലങ്ങ ദിവസവും ഉപ്പേരി വെച്ച് ഉപയോഗിച്ചാല്‍ മൂലക്കുരുവിന് ആശ്വാസം ലഭിക്കും. പാരമ്പര്യമായി മൂലക്കുരു വരാന്‍ സാധ്യതയുള്ളവര്‍ക്കും ഈ പ്രയോഗം ഗുണപ്രദമാണ്. കടുകുരോഹിണി, ത്രിഫലം, അമൃത് എന്നിവ കഷായം വെച്ച് പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിച്ചുകൊണ്ടിരുന്നാല്‍ രക്തവാതം, ആമവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോളുണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദിയും അതിസാരവും ശമിക്കുന്നതാണ്. പടവലങ്ങ 60 ഗ്രാം ചെറുതായി നുറുക്കി 6 ഔണ്‍സ് ഗോമൂത്രം അരിച്ചൊഴിച്ച് കുറുക്കി വറ്റിച്ച് ലേഹ്യപാകമായാല്‍ വാങ്ങിവെച്ച് തണുത്താല്‍ 3 ഔണ്‍സ് തേന്‍ ചേര്‍ത്ത് അതില്‍നിന്നും പകുതി കാലത്ത് വെറുംവയറ്റിലും ബാക്കി പകുതി വൈകുന്നേരം 5 മണിക്കും കഴിച്ചാല്‍ എത്ര പഴകിയ ആമവാതവും ശമിക്കും. മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ടന്‍ എന്ന ഹൃദ്രോഗബാധിതര്‍ക്കും മഞ്ഞപ്പിത്തമുള്ളവര്‍ക്കും നല്ലതാണ് ഈ പ്രയോഗം. കയ്പക്ക, പടവലങ്ങ എന്നിവ ദിവസവും ഉപ്പേരിവെച്ച് കഴിക്കുകയാണെങ്കില്‍ സോറിയാസിസ് എന്ന ത്വക്ക് രോഗത്തിനും ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിനും ഫലവത്താണ്. ചുരക്ക കുക്കുര്‍ബിറ്റേസി (Cucurbetaceae) കുലത്തില്‍ പെട്ട ചുരക്കയെ ഇംഗ്ലീഷില്‍ ബോട്ടില്‍ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തില്‍ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. പാല്ചുരക്ക, കുംഭച്ചുരക്ക,കൈപ്പച്ചുരക്ക എന്നിങ്ങനെ 3 വിധത്തിലുള്ള ചുരക്കയുണ്ട്. ചുരക്കത്തണ്ട് ആയുര്‍വേദ ഔഷധനിര്മ്മാണത്തിലെ ഒരു ഔഷധിയാണ്. ചുരക്ക കോല്‍പുളി ചേര്‍ത്ത് പാകം ചെയ്ത് കഴിച്ചാല്‍ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങള്‍ക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേര്‍ത്ത് പാകപ്പെടുത്തി ഉപയോഗിച്ചാല്‍ പനി വേഗം മാറുന്നതാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാര്‍ലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേര്‍ത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാല്‍ തലപുകച്ചില്‍,ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാല്‍ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേര്‍ത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്‍കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേര്‍ത്ത് പാകമാക്കി ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതില്‍ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാല്‍ പ്രമേഹത്തിന് ശമനം കിട്ടും. കുമ്പളങ്ങ ഇംഗ്ലീഷില്‍ വൈറ്റ് ഗൗഡ് (White gourd) എന്നും സംസ്കൃതത്തില്‍ കൂശ്മാണ്ഡം എന്നും അറിയപ്പെടുന്ന കുമ്പളങ്ങ കുക്കുര്‍ബിറ്റേസി (Cucurbitaceae) സസ്യുകുടുംബത്തില്‍ പെട്ടതാണ്. വള്ളിമേലുണ്ടാകുന്ന കായ്കളില്‍ എറ്റവും നല്ലത് കുമ്പളങ്ങയാണ്. ഇതിന്റെ കായ, തൊലി, കുരു, നീര്, ഇല എന്നിവയെല്ലാം ഔഷധപ്രാധാന്യമുള്ളതാണ്. എല്ലാവിധ രോഗങ്ങള്‍ക്കും പഥ്യഭക്ഷണമാണ് കുമ്പളങ്ങ. വാതപിത്ത രോഗികള്‍ക്ക് കുമ്പളങ്ങ നല്ലതാണ്. മൂത്രവസ്തിയെ ശുദ്ധമാക്കി മൂത്രതടസ്സത്തെ നീക്കും. ശരീരത്തെ തടിപ്പിക്കും. ബുദ്ധിക്ക് ഉണര്‍വ്വ് ഉണ്ടാക്കുകയും രക്തസ്രാവത്തെ നിറുത്തുകയും ചെയ്യും. കുമ്പളങ്ങ വിത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം 2 നേരം തേനില്‍ ചാലിച്ച് കഴിച്ചാല്‍ നാടവിരബാധയ്ക്ക് നല്ലതാണ്. കുമ്പളങ്ങപ്പൂവിന്റെ നീരില്‍ ഗോരോചനാദി ഗുളിക കഴിച്ചാല്‍ (3 നേരം ദിവസേന) സന്നിപാതജ്വരത്തിന് നല്ല ആശ്വാസം ഉണ്ടാകും. കുമ്പളങ്ങ അരച്ച് നാഭിക്ക് താഴെ പുരട്ടിയാല്‍ കെട്ടി നില്ക്കുന്ന മൂത്രം ഉടനേ പോകുന്നതാണ്. കുമ്പളങ്ങ തൊലിയോടുകൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ നിന്ന് 3 ല്‍ ഒരുഭാഗം പശുവിന് നെയ്യ് ചേര്‍ത്ത് കാച്ചി മെഴുക് പാകത്തില്‍ അരിച്ചെടുത്ത് സൂക്ഷിക്കുക. ഇതില്‍ നിന്ന് 15 ഗ്രാം വീതം 2 നേരം കഴിച്ചാല്‍ ശരീരം ചുട്ടുനീറുക, രക്തപിത്തം, നേത്രരോഗം എന്നിവ മാറുന്നതാണ്. ഗര്‍ഭപാത്രം എടുത്തുമാറ്റുന്ന ഓപ്പറേഷന് ചെയ്ത സ്ത്രീകളിലുണ്ടാകുന്ന അതികഠിനമായ ചൂട് ഈ പ്രയോഗം കൊണ്ട് കുറയുന്നതാണ്. ഒരുമാസത്തിലധികം കാലം ഈ ചികിത്സ ചെയ്യരുത്. കുമ്പളങ്ങാതൊലിയുടെ 2 ഔണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേര്‍ത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികള്‍ കഴിച്ചാല്‍ പ്രമേഹം നിയന്ത്രിച്ചു പോകാം. കുമ്പളങ്ങ കഷ്ണങ്ങളാക്കി ഉപ്പിലിട്ട് വെച്ചാല്‍ കേടുകൂടാതിരിക്കും. ഇത് അര്‍ശ്ശസ്, അജീര്‍ണ്ണം എന്നിവകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും. വള്ളിയില്‍ നിന്ന് തനിയെ അടര്‍ന്നു വീണ കുമ്പളങ്ങ മാനസിക രോഗമുള്ളവര്‍ക്ക് വളരെ ഫലം ചെയ്തു കാണാറുണ്ട്. ബുദ്ധിഭ്രമം, അപസ്മാരം, ഞരമ്പുസംബന്ധമായ രോഗങ്ങള്‍, മൈഗ്രൈന്‍ എന്ന തലവേദന, പക്ഷാഘാതം വരാന്‍ സാധ്യതയുള്ളവര്‍, പക്ഷാഘാതം വന്നവര്‍ എന്നീ രോഗാവസ്ഥകളില്‍ ഉള്ളവര്‍ കുമ്പളങ്ങാനീര് 3 ഔണ്‍സ് വീതം 2 നേരം കഴിച്ചാല്‍ നല്ല ഫലം കിട്ടും. ഈ നീരില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത് കഴിച്ചാല്‍ ഫലം പതിന്മടങ്ങ് വര്‍ധിക്കും. കുമ്പളങ്ങാനീരില് പവിഴഭസ്മം ചേര്‍ത്ത് കൊടുത്താല്‍ എയ്ഡ്സ് രോഗികള്‍ക്ക് രോഗപ്രതിരോധശക്തി കിട്ടുന്നതാണ്. ചുണങ്ങിന് കുമ്പളങ്ങവള്ളി ചുട്ടഭസ്മം വെറ്റിലനീരില് ചാലിച്ച് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകി കളഞ്ഞാല്‍ മതി. വെറ്റിലനീരിനു പകരം മരോട്ടി എണ്ണ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും. ഒരു മാസമെങ്കിലും ഈ ചികിത്സ നടത്തേണ്ടിവരും. വെള്ളരി കുക്കുര്‍ബിറ്റേസി (cucurbetaceae) സസ്യകുലത്തില്‍ പെട്ട വെള്ളരിയെ കുക്കുംബര്‍ (Cucumber) എന്ന് ഇംഗ്ലീഷിലും ശുകാസ എന്ന് സംസ്കൃതത്തിലും പറയുന്നു. വിഷുക്കണിയിലെ മുഖ്യഫലമാണ് വെള്ളരി. ഇത് ഈ ഫലത്തിന്റെ സദ്ഗുണത്തെ കാണിക്കുന്നു. വെള്ളരിക്ക തൊലികളയാതെയാണ് ഉപയോഗിക്കേണ്ടത്. അമിതമായ വെള്ളം ദാഹം തീര്‍ക്കാന്‍ ഉഷ്ണകാലത്ത് വെളളരിക്ക തിന്നുന്നത് നല്ലതാണ്. വെള്ളരി ചതച്ച് നീരെടുത്ത് അതില്‍ ചെറുനാരങ്ങാനീരും കുരുമുളകുപൊടിയും ചേര്‍ത്ത് കഴിച്ചാല്‍ മൂത്രതടസ്സത്തിന് നല്ലതാണ്. ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും ഈ പ്രയോഗം ഗുണകരമാണ്. വെള്ളരിയുടെ ഉളളിലെ കഴമ്പ് അരച്ച് അടിവയറ്റില്‍ പുരട്ടിയാലും മൂത്രതടസ്സം മാറും. വെളളരിക്ക വറുത്ത് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് ദിവസം 2 നേരം കഴിച്ചാല്‍ മൂത്രതടസ്സം നീങ്ങുന്നതാണ്. വെള്ളരിക്കാക്കുരു പൊടിച്ച് 2 ടീസ്പൂണ്‍ നെല്ലിക്കാനീരില്‍ ചേര്‍ത്ത് ദിവസേന കഴിച്ചു കൊണ്ടിരുന്നാല്‍ മൂത്രത്തില്‍കൂടി രക്തം പോകുന്നതിന് ആശ്വാസം ലഭിക്കും. ഇത് പ്രമേഹരോഗിയിലും ഫലം ചെയ്യും. വെള്ളരിയുടെ തൊലികളഞ്ഞ് കഴമ്പെടുത്ത് നല്ലെണ്ണയില്‍ വിധിയാവണ്ണം കാച്ചി തേച്ചാല്‍ തീപൊള്ളിയ വ്രണം വടുവില്ലാതെ ഉണങ്ങിപ്പോകും. ചര്‍മ്മം മനോഹരമായിത്തീരുവാന് വെള്ളരിക്കയുടെ ഉപയോഗം ഫലവത്താണ്. വെള്ളരിയുടെ തൊലികളഞ്ഞ കഴമ്പ് (കുരുകളയാതെ) വെണ്ണപോലെ അരച്ച് ലേപനമാക്കി മുഖത്തും കഴുത്തിലും കണ്‍പോളകളിലും പുരട്ടി ഒരു മണിക്കൂര്‍ നേരം കിടക്കുക. ഇത് മുഖസൗന്ദര്യത്തെ വര്‍ധിപ്പിക്കും. ഇങ്ങനെ പതിവായി ചെയ്താല്‍ മുഖക്കുരു ഉണ്ടാവുകയില്ല. ചര്‍മ്മത്തിന്റെ ചുളിവ്, ജര എന്നിവയും മാറും. ഈ പ്രയോഗം പ്രസവശേഷം പൊക്കിളിന്റെ താഴെ ഉണ്ടാകുന്ന വെളുത്തവര എന്ന രോഗത്തെ നിശേഷം മാറ്റാനും ഫലപ്രദമാണ്. മത്തന്‍ പംകിന് (Pumpkin) എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന മത്തന്‍ ബൃംഹിതഫലം എന്നാണ് സംസ്കൃതത്തില്‍ അറിയപ്പെടുന്നത്. കുക്കുര്‍ ബിറ്റേസി (Cucur Bitaceae) സസ്യകുലത്തില്‍ പെട്ടതാണ് മത്തങ്ങ. വര്‍ഷമത്തന്‍ വേനല്‍ മത്തന്‍ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനില്‍ കാണുന്നത്. മത്തങ്ങ മധുരമാണ്. കഫവാതങ്ങളെ വര്‍ധിപ്പിക്കും. ശോധനയെ ഉണ്ടാക്കും സാമാന്യം ഗുരുത്വമുള്ള ഇത് ശരീരത്തെ തടിപ്പിക്കുന്നതാണ്. പ്രമേഹരോഗികള്‍ക്ക് നല്ലതല്ല മത്തന്‍. മത്തന്റെ വിത്ത് വറുത്ത് ദിവസേന തിന്നാല്‍ (5ഗ്രാം വീതം ദിവസേന 2 നേരം) രക്താതിസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്. പച്ചമത്തന്‍ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് അതില്‍ കുരുമുളകുപൊടി ചേര്‍ത്ത് ദിവസവും പ്രഭാതത്തില്‍ കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കുന്നതും ഉദരപ്പുണ്ണിന് ആശ്വാസം ലഭിക്കുന്നതുമാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ നീരുവീഴ്ച കൊണ്ടുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഇത് ദിവസേന കഴിച്ചുകൊണ്ടിരുന്നാല്‍ ആസ്തമ എത്ര കാലപ്പഴക്കം ചെന്നതായാലും മാറുന്നതാണ്. ശ്വാസംമുട്ടിന് നല്ല ശമനം കിട്ടാന്‍ 6 മാസത്തെ ഉപയോഗം വേണ്ടിവരും. മത്തവിത്ത് അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ വസൂരി പെട്ടെന്ന് മുഴുവനും പൊന്തുന്നതാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ മത്തക്കുരു കല്ക്കം ചേര്‍ത്ത് കാച്ചി പുരട്ടിയാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന് (പ്രത്യേകിച്ച് കാലിലെ ചിലന്നി) എന്ന ത്വക്ക് രോഗത്തിന് ശമനം കിട്ടും. കോവയ്ക്ക കുക്കുര്‍ബിറ്റേസി (Cucur bitaceae) സസ്യകുടുംബത്തില്‍ പെട്ട കോവയ്ക്കയെ കൊവൈ ഫ്രൂട്ട് (Kovai fruit) എന്ന് ഇംഗ്ലീഷിലും മധുശമനി, ഇന്ദിശം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. നല്ല പോഷകാംശമുള്ളതും ശരീരത്തിനു കുളിര്‍മ്മയേകുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. കോവയ്ക്ക ഏറ്റവുമധികം ഫലംചെയ്തുകാണുന്നത് പ്രമേഹരോഗത്തിലാണ്. പ്രകൃതി അനുഗ്രഹിച്ച് നല്കിയ ഒരു ഇന്‍സുലിന്‍ ആണിത്. പ്രമേഹരോഗി 100 ഗ്രാം കോവയ്ക്ക എന്നും (ഒരു കൊല്ലം) ഉപയോഗിക്കുകയാണെങ്കില്‍ പ്രമേഹരോഗിക്ക് രോഗത്തിന്റെ ശക്തിയനുസരിച്ച് പ്രമേഹഹര ഔഷധങ്ങളില്‍ നിന്നും മുക്തി നേടാം. അഗ്ന്യാശയത്തിലെ പ്രവര്‍ത്തനക്ഷമമായ കോശങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുവാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ഇതിന്റെ നിത്യോപയോഗം കൊണ്ട് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. കോവയ്ക്ക ഉണക്കിപ്പൊടിച്ചത് 10 ഗ്രാം വീതം 2 നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം കിട്ടും. ഇതുപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു ഉണ്ടാകില്ല. കോവയ്ക്കയുടെ വള്ളിയും യൂക്കാലിപ്റ്റസിന്റെ ഇലയും കൂട്ടി കൈവെള്ളയിലിട്ട് ഞെരടി മണപ്പിച്ചാല്‍ തലവേദനയും ചെന്നിക്കുത്തും ഉടനെ കുറയും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശക്തി ലഭിക്കുന്നതിനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശേഷി വര്‍ധിപ്പിക്കുവാനും ശരീരമാലിന്യങ്ങളെ നീക്കി പുനര്നവമാക്കാനും സഹായിക്കും. പിത്തഗ്രന്ഥിയിലോ വൃക്കകളിലോ ഉണ്ടാകുന്ന കല്ല് പൊടിച്ച് കളയുന്നതിന് കോവയ്ക്ക ഉണക്കി പൊടിച്ച് കറന്നയുടനെയുള്ള പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഗുണം ചെയ്യും. തക്കാളി സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി. ടൊമാറ്റോ (Tomato) എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്. 30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും. തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും. ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും. അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും. ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്. ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല. 200 ഗ്രാം തക്കാളി സ്വല്പം പശുവിന് നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത് കഴിച്ചാല്‍ നല്ലൊരു പാനീയമാണ്. തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും. മണത്തക്കാളി കാകമച്ചി എന്ന് സംസ്കൃതത്തില്‍ വിളിക്കുന്ന മണത്തക്കാളിയുടെ ഇംഗ്ലീഷിലുള്ള പേര് ബ്ലാക്ക് നൈറ്റ് ഷെയ്ഡ് (Black night shade) എന്നാണ്. സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണിത്. ഔഷധഘടകങ്ങളുടെ ഒരു കലവറയാണ് മണത്തക്കാളി. മുളകുതക്കാളി, കരിംതക്കാളി എന്നെല്ലാം ഇതിന് വേറെയും പേരുകളുണ്ട്. കുരുമുളക് വലിപ്പത്തിലുള്ള കായയുടെ നിറം പച്ചയാണ്. മൂത്ത് പഴുത്താല്‍ ചുകപ്പോ നീലയോ ആകും. കായകള്‍ പഴുത്താല്‍ മധുരവും പച്ചയായിരിക്കുമ്പോള്‍ ചവര്‍പ്പുമായിരിക്കും. മണത്തക്കാളി ഹൃദയത്തിന് ഉത്തേജനം നല്കുന്നു. വിയര്പ്പുണ്ടാക്കുന്നതാണ്. കഫത്തെ വര്‍ധിപ്പിക്കും പുറമെ അരച്ച് പുരട്ടിയാല്‍ ഒരു വേദനാസംഹാരിയുമാണ്. ഭക്ഷണത്തിന് രുചിയുണ്ടാക്കുന്ന മണത്തക്കാളി ദഹനമുണ്ടാക്കും. ശോദനയ്ക്ക് നല്ലതാണ്. കൃമിയെ ഇല്ലാതാക്കുകയും ഉദരപ്പുണ്ണിന് നല്ല ഫലംചെയ്യുന്നതുമാണ്. നാവിന്മേലുണ്ടാകുന്ന വ്രണങ്ങളെയും മാറ്റും. മൂത്രച്ചൂടിനും വേദനയ്ക്കും നല്ല ഫലംചെയ്യുകയും രക്തശുദ്ധി വരുത്തുകയും ശ്വാസംമുട്ട്, പ്രമേഹം, ക്ഷയം എന്നീ രോഗങ്ങള്‍ക്കും മണത്തക്കാളിയുടെ നിത്യോപയോഗം ഫലമുളവാക്കും. ഇതിന്റെ കായ ഭക്ഷ്യയോഗ്യവും സമൂലം ഔഷധയോഗ്യവുമാണ്. ജലദോഷമുള്ളവര് മണത്തക്കാളി കഴിക്കുന്നത് നല്ലതല്ല. പ്രകൃതി ചികിത്സകരുടെ ഔഷധഭക്ഷ്യ വസ്തുക്കളില്‍ അതിപ്രധാനമായ ഒന്നാണിത്. കാലുകളില്‍ നീരുണ്ടാകുന്ന ഹൃദ്രോഗത്തിന് മണത്തക്കാളിയുടെ കായകള്‍ ദിവസേന കഴിക്കുന്നത് നല്ലതാണ്. മണത്തക്കാളി ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് പനി പെട്ടെന്ന് മാറി വിയര്ക്കുന്നത്ന് ഉപകരിക്കും. മണത്തക്കാളി സമൂലം വെള്ളത്തില്‍ പുഴുങ്ങി ഊറ്റിയെടുത്തുണ്ടാക്കുന്ന സത്ത് രണ്ടൗണ്‍സ് വീതം ദിവസവും രണ്ടു നേരം കഴിക്കുന്നതായാല് നീണ്ടുനില്‍ക്കുന്ന മഞ്ഞപ്പിത്തത്തിന് കുറവുണ്ടാകും. ഹെപ്പറ്റൈറ്റിസ് ബി ഉള്ള രോഗികള്‍ക്ക് പോസിറ്റീവ് രക്തം നെഗറ്റീവ് ആയിത്തീരുവാന്‍ ഇത് ഉപകരിക്കും. 6 മാസം ഈ ചികിത്സ ചെയ്യേണ്ടിവരും. ഫാറ്റി ലീവര്‍ എന്ന രോഗമുള്ളവര്‍ക്ക് ഇതിന്റെ നിത്യോപയോഗം വളരെ ഫലം ചെയ്തു കാണാറുണ്ട്. സന്ധിവാതത്താലുണ്ടാകുന്ന നീരിന് മണത്തക്കാളിയുടെ ഇലകളരച്ച് ലേപനമാക്കി വെച്ച് കെട്ടുന്നത് ഗുണകരമാണ്. രക്തം വരുന്ന മൂലക്കുരുവിനും പഴകിയ സോറിയാസിസിനും രക്തം തുപ്പുന്നവര്‍ക്കും മണത്തക്കാളിച്ചെടിയുടെ നീര് ഇടിച്ചുപിഴിഞ്ഞ് കഴിക്കുന്നത് നല്ലതാണ്. വൃഷണങ്ങള്‍ വീര്‍ക്കുകയും വേദനിക്കുകയും ചെയ്യുമ്പോള്‍ ഇതിന്റെ ഇലകള്‍ ചൂടാക്കി വെയ്ക്കുന്നത് ഗുണകരമാണ്. ഇലകള്‍ ചൂടാക്കി ആവി പിടിപ്പിക്കുന്നത് കുരു, വ്രണം എന്നിവയെ ശമിപ്പിക്കും. തൊണ്ടയില്‍ കഫശല്യം ഉണ്ടാകുകയും ശബ്ദം നന്നാകാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ മണത്തക്കാളിയില ചവച്ചിറക്കിയാല്‍ ഉടനെ വിഷമം മാറുന്നതാണ്. ഉരുളക്കിഴങ്ങ് സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ട ഉരുളക്കിഴങ്ങിന് ഇംഗ്ലീഷില്‍ പൊട്ടാറ്റോ (Potato) എന്നും സംസ്കൃതത്തില്‍ ആശ്ചര്യകരം എന്നും പറയുന്നു. തീപൊള്ളലിന് ഉരുളക്കിഴങ്ങ് ഒരു സിദ്ധൗഷധമാണ്. തീപൊള്ളിയ സ്ഥലത്ത് ഉടനെ ഉരുളക്കിഴങ്ങ് അരച്ച് തേച്ചാല്‍ പോള വരാതെ പൊള്ളല്‍ ശമിക്കുന്നതാണ്. ഉരുളക്കിഴങ്ങും തക്കാളിയും കൂടി വേവിച്ച് കഴിച്ചാല്‍ ദഹനക്ഷയത്തിന് നല്ലതാണ്. ഉരുളക്കിഴങ്ങ് കഴുകി തൊലികളയാതെ ചെറുകഷ്ണങ്ങള്‍ ആക്കി നുറുക്കി ഉണക്കി പൊടിച്ച് വറുക്കുക. ഈ പൊടിയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഈ ഉരുളക്കിഴങ്ങു പൊടി കുട്ടികള്‍ക്ക് 10 ഗ്രാം പാലില്‍ കുറുക്കി ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കൊടുക്കാം. ഇത് നല്ലൊരു ശിശുഭക്ഷണമാണ്. ഉരുളക്കിഴങ്ങ് തീക്കനലിലിട്ട് ചുട്ടുതിന്നുന്നതായാല് മൂത്രക്കുറവ്, മലബന്ധം, വായ്പ്പുണ്ണ് എന്നിവയ്ക്ക് ആശ്വാസം കിട്ടും. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അതിന്റെ ഇലയും കൂട്ടിച്ചേര്‍ത്ത് കഷായം വെച്ച് 3 ഔണ്‍സ് വീതം അല്പം തേനും ഉപ്പും ചേര്‍ത്ത് കുടിച്ചാല്‍ ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ട്, കഫക്കെട്ട് എന്നിവയ്ക്ക് ശമനം കിട്ടും. കാര്‍ബോ ഹൈഡ്രേറ്റ് (ധാന്യകം) കൂടുതലുള്ളതിനാല്‍ പ്രമേഹരോഗികള്‍ ഇതിന്റെ നിത്യോപയോഗം കുറയ്ക്കേണ്ടതാണ്. വാതരോഗികള്‍ക്കും അല്പം തടിച്ചവര്‍ക്കും ഉരുളക്കിഴങ്ങ് നിഷിദ്ധമാണ്. അള്‍സര്‍ (ഉദരപ്പുണ്ണ്) രോഗികള്‍ക്കും ഇത് നല്ലതല്ല. ചേന അരേസി (Araceae) സസ്യകുലത്തില്‍ പെട്ട കിഴങ്ങുവര്‍ഗ്ഗമാണ് ചേന. ഇതിനെ ഇംഗ്ലീഷില്‍ എലിഫന്റ് ഫൂട്ട് യാം (Elephant-foot-yam) എന്നും സംസ്കൃതത്തില്‍ സൂരണം എന്നും പറയുന്നു. അരേസി കുലത്തില്‍ പെട്ടതുതന്നെയാണ് കാട്ടുചേനയും. പര്‍പ്പിള്‍ സ്റ്റാള്ക്കെഡ് ഡ്രാഗണ്‍ (Purple stalked dragon) എന്ന് ഇംഗ്ലീഷിലും വനസൂരണം എന്ന് സംസ്കൃതത്തിലും പറയുന്നു. വെളുത്തതും ചുവന്നതുമായി ചേന രണ്ടുതരത്തില്‍ കാണുന്നു. വെളുത്തതിനെ അമോര്‍ഫോഫല്ലസ് കംപാനുലേറ്റസ് (Amorphopphallus Companulatus) എന്നും ചുവന്നതിനെ അമോര്‍ഫോഫല്ലസ് സില്വറ്റാകസ് (Amorphophallus Sylvatacus) എന്നും പറയുന്നു. ഇതില്‍ സാധാരണയായി ഉപയോഗിക്കുന്നത് വെളുത്ത ചേനയാണ്. രണ്ടുതരം ചേനയിലും കാത്സ്യം ഓക്സലൈറ്റ് ധാരാളമുണ്ട്. ചേന ലഘു, രൂക്ഷം, ഉഷ്ണം, തീക്ഷ്ണം, എരിവും, ചവര്‍പ്പും രസത്തോട് കൂടിയതും, ദീപനം, പാചനം എന്നീ ഗുണങ്ങള്‍ ഉള്ളതുമാണ്. കഫവാതങ്ങളെ ഇല്ലാതാക്കുകയും പ്ലീഹോദരം, ഗുല്മം, അര്‍ശസ് എന്നിവയെയെല്ലാം നശിപ്പിക്കുകയും ചെയ്യും. ശ്വാസകാസങ്ങളിലും കൃമിദോഷങ്ങളിലും നല്ലതാണ്. ചേനയുടെ ഇലയും ഭക്ഷ്യയോഗ്യമാണ്. ചേനയില തോരന്‍ നിത്യവും ഉപയോഗിച്ചാല്‍ രോഗപ്രതിരോധശക്തിയുണ്ടാകും. രക്തരോഗികളും കുഷ്ഠരോഗികളും പ്രമേഹരോഗികളും ചേന കഴിക്കുന്നത് നല്ലതല്ല. ചേന മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുത്തോ കാറ്റു തട്ടാതെവേവിച്ചോ ആവിയില്‍ വേവിച്ചോ എടുത്ത് അല്പം എണ്ണയും ഇന്തുപ്പും കൂട്ടി ഭക്ഷണത്തിന് പകരം കഴിച്ച് മീതെ മോര് കുടിച്ചാല്‍ ഒരുമാസം കൊണ്ട് മൂലക്കുരുവിനെ ഉന്മൂലനാശം ചെയ്യാം. കാട്ടുചേന ശുദ്ധിചെയ്ത് ഉപയോഗിച്ചാല്‍ അര്‍ശസിനെയും ഗുല്മത്തെയും ശമിപ്പിക്കുവാന്‍ സഹായിക്കും. തടികുറയ്ക്കുന്നതിനും വാതത്തിനും കഫത്തിനും നല്ലതാണ്. ശുദ്ധിചെയ്യാതെ കാട്ടുചേന ഉപയോഗിച്ചാല്‍ വായില്‍പുണ്ണ്, തൊണ്ടപുകച്ചില് എന്നിവയുണ്ടാകും. ഇതിന് പ്രതിവിധിയായി ചെറുനാരങ്ങാനീരോ, പുളിച്ച മോരോ, പുളിയുള്ള മറ്റ് പദാര്‍ത്ഥങ്ങളോ പുളിയില ഇടിച്ചുപിഴിഞ്ഞ നീരോ കഴിച്ചാല്‍ മാറുകയും ചെയ്യും. ചേന വേവിച്ചുണക്കി പൊടിച്ച് 5 ഗ്രാം വീതം 2 നേരം അയ്യംപന ഇടിച്ചുപിഴിഞ്ഞ നീരില്‍ ചാലിച്ച് ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ മൂലക്കുരു മാറുന്നതാണ്. ചേന രക്താര്‍ബുദരോഗികള്‍ക്ക് വളരെ ഫലപ്രദമാണ്. നിത്യവും ചേന വേവിച്ച് കഴിക്കുന്നത് രക്താര്‍ബുദത്തില്‍ കാണുന്ന വെളുത്ത രക്താണുക്കളെ അനിയന്ത്രിതമായ വര്‍ധനയെ തടയും. ചേന അധികം കഴിച്ചാലുണ്ടാകുന്ന വിഷമം മാറ്റാന്‍ വെറ്റിലനീര് കഴിച്ചാല്‍ മതി. കൂണ് ക്ലോറോഫില്‍ ഇല്ലാത്ത ഒരു സസ്യമാണ് കൂണ്. ഇംഗ്ലീഷില്‍ മഷ്റൂം (Mushroom) എന്നും സംസ്കൃതത്തില്‍ ശിലീന്ധ്രകം എന്നും പറയുന്ന കൂണിന് ശവംതീനി എന്നും പേരുണ്ട്. ജീവജാലങ്ങളുടെ അവശിഷ്ടവസ്തുക്കളില് നിന്ന് ആഹാരം സ്വീകരിക്കുകയാണ് കൂണിന്റെ സ്വഭാവം. അതുകൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്. കൂണുകള്‍ പലതരമുണ്ട്. അരിക്കൂണ്, പന്നിക്കൂണ്, വെട്ടിക്കൂണ്, വെള്ളാറംകൂണ്, പാമ്പന്കൂണ്, പറമ്പന്കൂണ് എന്നിവ അവയില്‍ ചിലതാണ്. വൈക്കോലില്‍ നിന്നുണ്ടാകുന്ന കൂണ് ത്രിദോഷങ്ങളെ ശമിപ്പിക്കും. കരിമ്പില്‍ നിന്നുണ്ടാകുന്ന കൂണ് ത്രിദോഷവര്ധനവ് അല്ല. ഉണങ്ങിയ ചാണകത്തില്‍ നിന്നുണ്ടാകുന്നതും മുളയില്‍ നിന്നുണ്ടാകുന്നതും അല്പം വാതകോപകരമാണ്. കൂണില്‍ ഭൂരിഭാഗവും ജലാംശമാണ്. ചില കൂണുകളില്‍ ഫോസ്ഫറസ് ഉള്ളതുകൊണ്ട് അവ രാത്രിയില്‍ (നല്ല ഇരുട്ടില്‍) പ്രകാശിക്കും. കൂണിലെ വിഷാംശം ഇല്ലാതാക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത് പാകം ചെയ്താല്‍ മതി. ചില കൂണുകളില്‍ വിഷാംശമുണ്ട്. അതുകൊണ്ട് അവ അഭക്ഷ്യവസ്തുവായി കണക്കാക്കുന്നു. പെന്സിലിന് നൊട്ടേറ്റം എന്ന പൂപ്പല്വര്ഗ്ഗത്തില് പെട്ട കൂണില്‍ നിന്നാണ് ലോകത്തിലെ അത്ഭുതൗഷധമായ ആന്റിബയോട്ടിക്സിന്റെ പ്രഥമ അവതാരമായ പെന്സിലിന് കണ്ടുപിടിച്ചത്. ന്യൂമോകോക്കസ്, സ്ട്രെപ്റ്റോ കോക്കസ്, ഗോണോ കോക്കസ് ഉള്‍പ്പെടെ വിവിധതരത്തിലുള്ള അണുജീവികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഔഷധമാണിത്. പഴയ പുരത്തറ പൊളിക്കുമ്പോഴും പഴയ കൈയാലകള്‍ നിരപ്പാക്കുമ്പോഴും കണ്ടുവരുന്ന ഒരു കുമിളാണ് നിലമാങ്ങ. ഈ ഔഷധം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ വയറിളക്കം, ഛര്‍ദ്ദി എന്നിവമൂലം ശരീരത്തില്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഒഴിവാക്കുവാന്‍ കഴിയും. നിലമാങ്ങ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനയ്ക്ക് ഉടനെ ആശ്വാസം ലഭിക്കും. ആനപ്പിണ്ടത്തിന്മേലുണ്ടാകുന്ന കൂണും അടയ്ക്കാമണിയന്‍ വേരും നറുവരിനീരിലരച്ച് ഗുളികയാക്കി പലവട്ടം പുരട്ടിയാല്‍ തേളിന്വിഷം ശമിക്കും. മഞ്ചട്ടിവേര് ഉണക്കിപ്പൊടിച്ചതും വൈക്കോലില്‍ നിന്നും മുളച്ചുവരുന്ന കൂണും തേനും കൂട്ടി അരച്ച് പുറമെ പുരട്ടിയാല്‍ ചര്‍മ്മത്തിലെ ചുളിവ് തീരുന്നതാണ്. ഇവ തേനിനുപകരം കൊട്ടെണ്ണയില്‍ ചേര്‍ത്ത് പുരട്ടിയാല്‍ ശരീരത്തില്‍ പലയിടത്തുമുണ്ടാകുന്ന ചുണങ്ങ് മാറിക്കിട്ടുന്നതാണ്. കാരറ്റ് സംസ്കൃതത്തില്‍ ശിഖമൂലം എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേരാണ് കാരറ്റ് (Carrot). അംബലിഫെറെ (Umbelliferae) സസ്യകുടുംബത്തില്‍ പെട്ടതാണിത്. പോഷകമൂല്യം കൂടാതെ ഔഷധഗുണങ്ങള്‍ അനവധിയുള്ള പച്ചക്കറികളില്‍ ഒന്നാണ് കാരറ്റ്. ചുകപ്പ് നിറത്തിലും മഞ്ഞനിറത്തിലും രണ്ടുതരം കാരറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ചുകപ്പ് നിറത്തിലുള്ള കാരറ്റുകളാണ് അധികം നല്ലത്. കാരറ്റിനെ മഞ്ഞമുള്ളങ്കി എന്നും മലയാളത്തില്‍ പറയാറുണ്ട്. എന്നാല്‍ മുള്ളങ്കിയും കാരറ്റും രണ്ടും രണ്ടായിട്ടാണ് അറിയപ്പെടുന്നത്. വിറ്റാമിന്‍ എ യുടെ രൂപമായ കരോട്ടിന്‍ ധാരാളം അടങ്ങിയ കിഴങ്ങായതുകൊണ്ടാണ് കാരറ്റ് എന്ന് പറയുന്നത്. കാരറ്റ് പച്ചയായി കഴിക്കാന്‍ നല്ലതാണ്. കാരറ്റ് പെട്ടെന്ന് ദഹനത്തെ ഉണ്ടാക്കുന്നതും മധുരമുള്ളതുമാണ്. രക്തം ഉണ്ടാകുവാനും രക്തശുദ്ധിക്കും തൊലിക്ക് മാര്‍ദ്ദവം ഉണ്ടാകാനും മലബന്ധത്തെ ഇല്ലാതാക്കാനും നല്ലതാണ്. ശരീരപുഷ്ടിയും ധാതുശക്തിയും പ്രദാനം ചെയ്യുന്നതും വാതപിത്തങ്ങള്‍ക്ക് നല്ലതുമാണ് കാരറ്റ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകള്‍, ഉദരരോഗം, അഗ്നിമാന്ദ്യം,മെലിച്ചില്‍, ഗ്രഹണി, മൂലക്കുരു, രക്തം ഛര്‍ദ്ദിക്കല്‍, മൂത്രനാളിപ്പഴുപ്പ് എന്നിവയ്ക്ക് നല്ലതാണ് കാരറ്റ്. കാരറ്റുനീരും അതിന്റെ പകുതിഭാഗം ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍തൈരും ചേര്‍ത്ത് കാലത്ത് അപ്രകാരം വൈകുന്നേരവും കഴിച്ചുകൊണ്ടിരുന്നാല്‍ രക്താര്‍ശ്ശസ്സിന് വളരെ ഫലം ചെയ്യും. 3 ഔണ്‍സ് കാരറ്റുനീര് 3 ഔണ്‍സ് ആട്ടിന്‍പാലും ചേര്‍ത്ത് നേരിയ തീനാളത്തില്‍ തിളപ്പിച്ച് പകുതിയാക്കി കുറുക്കി ചൂടോടെ നിത്യവും കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. ഒന്നാംമാസം മുതല്‍ എട്ടാംമാസം വരെ കഴിക്കേണ്ടതാണ്. സ്ത്രീകള്‍ക്ക് അമിതമായ രക്തസ്രാവം ഉണ്ടായാല്‍ കാരറ്റിന്റെ നീര് ഓരോ ഔണ്‍സ് വീതം 4 നേരം കഴിച്ചാല്‍ ശമനമുണ്ടാകും. സ്തനവളര്‍ച്ചയ്ക്ക് 3 ഔണ്‍സ് കാരറ്റ് നീരില്‍ 15 ഗ്രാം നാഗബലാസര്‍പ്പിസ് ചേര്‍ത്ത് കഴിച്ചാല്‍ മതി. അര ഗ്ലാസ്സ് കാരറ്റിനീരില്‍ ഒരു ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് നല്ല ഫലം ചെയ്തുകാണാം. ചൂടുള്ള വെണ്ണീറിലോ ചൂടുള്ള മണലിലോ കാരറ്റ് ചുട്ടെടുത്ത് രാത്രി തുറന്ന സ്ഥലത്ത് മഞ്ഞില്‍ വെച്ച് കാലത്ത് കല്‍ക്കണ്ടവും പനിനീരും ചേര്‍ത്ത് അരച്ച് കഴിക്കുകയാണെങ്കില്‍ അമിതമായി ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്ലതാണ്. ഹൃദയവാല്‍വിനുണ്ടാകുന്ന വൈകല്യം മാറാന്‍ ഈ പ്രയോഗം ഗുണം ചെയ്യും. കാരറ്റ് ചെറുതായരിഞ്ഞ് ഒരു തുണിയില്‍ കെട്ടി പിഴിഞ്ഞെടുക്കുന്ന നീരില്‍ വെള്ളമോ ചൂടുള്ള പാലോ ചേര്‍ക്കാവുന്നതാണ്. പാലാണ് കൂടുതല്‍ നല്ലത്. ഈ കാരറ്റുനീര് കഴിക്കുന്നത് വൃദ്ധന്മാര്ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്ലതാണ്. ഈ നീര് പലരോഗങ്ങള്‍ക്കും നല്ലതാണെങ്കിലും പനിയുള്ളവര്‍ക്ക് നല്ലതല്ല. ബീറ്റ്റൂട്ട് ബീറ്റ്റൂട്ടിന്റെ ശാസ്ത്രീയനാമം ബീറ്റാവള്ഗാരിസ് എന്നാണ്. ചീനോപ്പോഡിയേസി (Chenopodiaceae) കുലത്തില്‍ പെട്ട ഇതിനെ ഇംഗ്ലീഷില്‍ ബീറ്റ്റൂട്ട് (Beetroot) എന്നും സംസ്കൃതത്തില്‍ രക്തകന്ദം എന്നും പറയുന്നു. ഇതിനെ മലയാളത്തില്‍ അടിപൊളിക്കിഴങ്ങ് എന്നാണ് പറയുന്നത്. പോഷണശാസ്ത്രത്തിലെ ന്യൂട്രിസിന് എന്ന വര്ണപദാര്ത്ഥമാണ് ബീറ്റ്റൂട്ടിലുള്ളത്. ബീറ്റ്റൂട്ട് ഭക്ഷ്യപദാര്‍ത്ഥം എന്നതിലുപരി ഒരു ഔഷധപദാര്‍ത്ഥമാണ്. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവുണ്ട് ഇതിന്. തലയില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹ സ്രോതസ്സുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്തനാഡികളില്‍ ഉണ്ടാകുന്ന ജരിതാവസ്ഥയിലും ശരീരത്തെ രക്ഷപ്പെടുത്താന്‍ ബീറ്റ്റൂട്ട് നല്ലതാണ്. പിത്താശയ കല്ല് ഇല്ലാതാക്കുവാന്‍ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഋതുവിരാമകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളില്‍ ആശ്രയിക്കാവുന്ന ഏക ഫലമാണ് ബീറ്റ്റൂട്ട്. ഇതിന്റെ സൂപ്പാണ് ഉപയോഗിക്കേണ്ടത്. പഞ്ചസാരയുടെ അംശം കൂടുതലുള്ളതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരൗഷധമാണെന്ന നിലയില്‍ എയ്ഡിസ് രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട്. മുള്ളങ്കി ക്രൂസിഫെറേ (Crucifereae) സസ്യകുലത്തില്‍ പെട്ട മുള്ളങ്കിയെ ഇംഗ്ലീഷില്‍ റാഡിഷ് (Radish) എന്നും സംസ്കൃതത്തില്‍ മൂലകം എന്നും മലയാളത്തില്‍ കനകപ്പാല എന്നും പറയുന്നു. ഇതൊരു ശാകപദാര്ത്ഥമാണ്. വേവിച്ചോ പച്ചയായോ കഴിക്കാം. മുള്ളങ്കിയുടെ ഇല ഉഷ്ണവീര്യപ്രധാനമാകുന്നു. കഫപിത്തങ്ങളെ വര്‍ധിപ്പിക്കുകയും രുചിയെ ഉണ്ടാക്കുകയും ചെയ്യും. നെയ്യില്‍ വറുത്താല്‍ വാതപിത്തകഫങ്ങളായ ത്രിദോഷങ്ങളെ ശമിപ്പിക്കും. മുള്ളങ്കിയുടെ പൂവ് കഫപിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ഇതിന്റെ കായ് കഫവാതങ്ങളെയും ശമിപ്പിക്കും. വാതം, അര്‍ശസ്, ഗുല്മം, ഹൃദ്രോഗം എന്നിവയെ മാറ്റുകയും അഗ്നിയെ വര്‍ധിപ്പിക്കുകയും രുചിയെ ഉണ്ടാക്കുകയും സ്വരത്തെ നന്നാക്കുകയും ചെയ്യും. മുള്ളങ്കിയുടെ കായയും ഇലയും മൂത്രത്തെ വര്‍ധിപ്പിക്കുന്നതും ശോധനയെ ഉണ്ടാക്കുന്നതും മൂത്രാശയത്തിലെ കല്ലിനെ അലിയിപ്പിച്ചു കളയുന്നതുമാണ്. ആര്‍ത്തവത്തെ ഉണ്ടാക്കുന്നതുമാണ് മുള്ളങ്കി. ഇതിന്റെ വിത്തില്‍ അടങ്ങിയിരിക്കുന്ന എണ്ണ കടുകെണ്ണയുടെ ഫലം തരുന്നതാണ്. വാതത്തിന് പുറമെ പുരട്ടുന്നതിന് ഉപയോഗിക്കാം. മുള്ളങ്കി എണ്ണയില്‍ സള്‍ഫറും ഫോസ്ഫാറിക് ആസിഡും അടങ്ങിയിരിക്കുന്നു. മുള്ളങ്കി ചെറുതായി നുറുക്കി മിക്സിയിലിട്ടടിച്ച് പിഴിഞ്ഞ് നീരെടുത്ത് 3 ഔണ്‍സ് നീരില്‍ കുറച്ച് തേന്‍ ചേര്‍ത്ത് ദിവസേന രാവിലെ കഴിച്ചാല്‍ മൂത്രസംബന്ധമായ എല്ലാ വിഷമങ്ങളെയും ഇല്ലാതാക്കും. പ്രത്യേകിച്ചും പൗരുഷഗ്രന്ഥിവീക്കത്താല്‍ മൂത്രം പോകാത്തവര്‍ക്ക് വളരെ നല്ല ഫലം ചെയ്യും. മുള്ളങ്കിനീരില്‍ സ്വല്പം തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറാനും കലകള്‍ പോകാനും ചര്‍മ്മത്തിന് മാര്‍ദ്ദവമുണ്ടാകാനും അത്യുത്തമമാണ്. ഊണിന് മുമ്പ് മുള്ളങ്കി തിന്നാല്‍ നല്ല വിശപ്പും ദഹനവും ഉണ്ടാകും. മുള്ളങ്കിക്കറി മിതമായ ശോധനയെ ഉണ്ടാക്കും. 10 ഗ്രാം മുള്ളങ്കിവിത്ത് പൊടിച്ച് അതില്‍ ഒരു ഗ്രാം വെള്ളപ്പാഷാണം ചേര്‍ത്ത് സുര്ക്കയില് ചാലിച്ച് രണ്ടുമണിക്കൂര്‍ വെച്ചശേഷം വെള്ളപ്പാണ്ടുള്ളിടത്ത് 12 മണിക്കൂര്‍ നേരം പുരട്ടിയിടുക. കുറച്ച് ദിവസങ്ങള്‍കൊണ്ട് വെള്ളപ്പുള്ളികള്‍ മാറുന്നതാണ്. കോളിഫ്ലവര്‍ / കാളിപ്പൂവ് സംസ്കൃതത്തില്‍ ആകര്‍ഷണീയ പുഷ്പം എന്നും ഇംഗ്ലീഷില്‍ കോളിഫ്ലവര്‍ (Cauliflower) എന്നും പേരുള്ള ഇത് ക്രൂസിഫെറേ (Cruciferae) സസ്യകുടുംബത്തില്‍ പെട്ടതാണ്. ഭക്ഷ്യവസ്തുവായ കോളിഫ്ലവര്‍ നല്ലൊരു ഔഷധികൂടിയാണ്. 2 പിടി കോളിഫ്ലവര്‍ കഴുകി അരിഞ്ഞ് പച്ചവെള്ളത്തില്‍ കുതിര്‍ത്തുവെച്ച് രാവിലെ അതേ വെള്ളത്തിലരച്ച് പശപോലെയാക്കി നേരിയ തുണിയില്‍ അരിച്ചെടുത്ത് ആവശ്യത്തിന് പാലും പഞ്ചസാരയും ഒരു ഏലക്കായും രണ്ട് കരയാമ്പൂവും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ത്ത് നല്ലവണ്ണം തിളപ്പിച്ച് വറ്റിച്ചെടുത്ത രസായനം അപസ്മാരം, ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ എന്നിവയെ ശമിപ്പിക്കുന്ന നല്ലൊരു ഔഷധമാണ്. കോളിഫ്ലവര്‍ കൊണ്ട് സൂപ്പുണ്ടാക്കി ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കും. കോളിഫ്ലവര്‍ നിത്യേന കഴിച്ചാല്‍ രക്തപിത്തം (ഹീമോഫീലിയ) നിയന്ത്രിക്കാം. പ്രമേഹരോഗികള്‍ക്ക് ദിവസവും സുരക്ഷിതമായി കഴിക്കാവുന്ന വളരെ നല്ലൊരു പച്ചക്കറിയായ ഇത് മൂത്രക്കല്ലിന്റെ അസുഖമുള്ളവര്‍ കഴിക്കുന്നത് നല്ലതല്ല. കോളിഫ്ലവര്‍ അരച്ച് വെള്ളത്തില്‍ കലക്കി കുറുക്കി കല്‍ക്കണ്ടം ചേര്‍ത്തുണ്ടാക്കുന്ന പായസം ദിവസവും രാത്രി കഴിച്ചാല്‍ പുരുഷവന്ധ്യത മാറാന്‍ നല്ലതാണ്. കാബേജ് ക്രൂസിഫെറേ (Crucefereae) സസ്യകുടുംബത്തില്‍ പെട്ടതാണ് കാബേജ്. ഇംഗ്ലീഷില്‍ കാബേജ്(cabbage) എന്നും സംസ്കൃതത്തില്‍ കേബുകം എന്നും പറയുന്ന ഇതിന് മുട്ടക്കോസ് എന്നും പേരുണ്ട്. ഇതില്‍ വിറ്റാമിന്‍ എയും സിയും കൂടുതലടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യമുണ്ടാകുന്നതിനും ഇത് ഉപകരിക്കും. കഫം, പിത്തം, രക്തദോഷം, ജ്വരം, കുഷ്ഠം, വായുമുട്ടല്‍, ചുമ, അരുചി, പ്രമേഹം, ചര്‍മ്മരോഗം എന്നിവയെ ശമിപ്പിക്കുന്നതാണ്. വാതരോഗികള്‍ക്ക് ഹിതമല്ല. കാബേജില്‍ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരിനീരില്‍ 5 ഗ്രാം കുരുമുളകുപൊടി ചേര്‍ത്ത് കാലത്ത് കഴിച്ചാല്‍ കൊളസ്ട്രോളും ട്രൈഗ്ലിസറൈയിഡ്സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്. അഞ്ചൈന പെക്ടോറിസ് എന്ന രോഗമുള്ളവരിലും ഈ ഔഷധം ഫലപ്രദമാണ്. സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് പലരോഗികളിലും ഫലപ്രദമായി കാണാം മുരിങ്ങക്കായയും ഇലയും മോറിന്‍ഗേസി (Moringaceae) സസ്യകുലത്തില്‍ പെട്ടതാണ് മുരിങ്ങ. മുരിങ്ങക്കായയെ ഇംഗ്ലീഷില്ഡ്രംസ്റ്റിക് (Drumstick) എന്നും സംസ്കൃതത്തില്‍ ശിഗ്രു എന്നും അറിയപ്പെടുന്നു. മുരിങ്ങയുടെ ഇലയും കായയും പൂവും ഗുണപ്രദമായ ഭക്ഷ്യവസ്തുക്കളാണ്. പ്രകൃതിദത്തമായ പോഷകഘടകങ്ങള്‍ നിറഞ്ഞതാണിവ. വിറ്റാമിനുകളും ധാതുലവണങ്ങളും അത്യാവശ്യമായ എല്ലാ അമിനാമ്ലങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. മുരിങ്ങയില ചതച്ച് പിഴിഞ്ഞെടുത്ത ഒരു കപ്പ് നീരില്‍ 9 മുട്ടയില്‍ അടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. 500 ഗ്രാം വെണ്ണയോ 50 ഗ്രാം ആട്ടിന്‍കരളോ 50 ഗ്രാം സ്രാവിന്റെ കരളോ കഴിച്ചാല്‍ കിട്ടുന്നത്ര വിറ്റാമിന്‍ എ മുരിങ്ങയിലയുടെ ഒരുകപ്പ് നീരില്‍ നിന്നും ലഭ്യമാണ്. 16 കിലോ ആട്ടിറച്ചിയില്‍ നിന്നും 80 കപ്പ് പശുവിന് പാലിലുമുള്ളത്ര വിറ്റാമിന്‍ എ ഈ ഒരു കപ്പ് മുരിങ്ങനീരില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് മുരിങ്ങനീരില്‍ 6 ഓറഞ്ചില്‍ ഉള്ളത്ര വിറ്റാമിന്‍ സി യും 20 കോഴിമുട്ടയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യത്തിന്റെയും അളവില്‍ കൂടുതലാണ്. മുരിങ്ങയിലയുടെ 15 മില്ലി നീരില്‍ ഒരു ഗ്ലാസ്സ് ഇളനീര്‍വെള്ളം ചേര്‍ത്ത് സ്വല്പം തേനും കൂട്ടിച്ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ലതാണ്. 15 മില്ലി മുരിങ്ങയിലനീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ തിമിരരോഗബാധ ഉണ്ടാകാതെ കഴിക്കാം. ഒരു ടീസ്പൂണ്‍ നെയ്യില്‍ കുറച്ച് മുരിങ്ങയില വേവിച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലൊരു ടോണിക്കാണ്. ഇത് കുട്ടികളിലെ ബുദ്ധിശക്തി വര്‍ധിപ്പിക്കും. മുരിങ്ങയില വേവിച്ച് നാളികേരം ചിരകി ചേര്‍ത്ത് ധാരാളം കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. മുരിങ്ങയുടെ വേരിന്മേല് തൊലി കഷായം വെച്ച് ചെറുചൂടോടെ കഴിച്ചാല്‍ മൂത്രാശയകല്ല് താമസംവിനാ ഇല്ലാതാകുന്നതാണ്. ഉഷ്ണകാലത്ത് ഒരു ഗ്ലാസ്സ് കാരറ്റ് നീരില്‍ 25 മില്ലി മുരിങ്ങയിലയുടെ നീര് ചേര്‍ത്ത് കുടിച്ചാല്‍ അമിതദാഹം ശമിക്കുകയും ഉന്മേഷവും ആരോഗ്യവും സിദ്ധിക്കുകയും മൂത്രച്ചൂടിനെ സുഖപ്പെടുത്തുകയും ചെയ്യും. ഇത് പ്രമേഹരോഗികള്‍ക്കും കുടിക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപ്പിടാതെ മുരിങ്ങയുടെ ഇല ധാരാളം കഴിച്ചാല്‍ മതി. പ്രമേഹത്തിന് മുരിങ്ങയില ഏറ്റവും പ്രധാനമായ ഒരൗഷധമാണ്. മുരിങ്ങയിലയോ മുരിങ്ങക്കായയോ മുരിങ്ങാപ്പൂവോ ഏതു വിധേനയും ദിവസവും കുറച്ചു കഴിച്ചുകൊണ്ടിരുന്നാല്‍ പ്രമേഹബാധയുടെ ശക്തി കുറയുന്നതാണ്. പ്രമേഹരോഗത്തിന്റെ ഉപരോഗങ്ങളായ രക്താതിസമ്മര്‍ദ്ദം, വൃക്കരോഗം, ഹൃദ്രോഗം, വാതരോഗങ്ങള്‍, കണ്ണുരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്. ചീര സ്പിനാച്ച് (Spinach) എന്ന് ഇംഗ്ലീഷിലും പാലകഃ എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന ചീരഒലര്സിയേ (Olerceae) സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇലക്കറികളില്‍ മുഖ്യനായ ചീരയില്‍ പ്രോട്ടീനും വിറ്റാമിന്‍ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോല്‍പാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മാംസം, മുട്ട എന്നിവ കഴിച്ചാല്‍ കിട്ടുന്ന പ്രോട്ടീന്‍ ചീരയില്‍ നിന്നും കിട്ടും. ചീര നെയ്യില്‍ വറുത്തും കഴിക്കാവുന്നതാണ്. കുടല് രോഗങ്ങളായ പരിണാമശൂലം, സ്ഥൂലാന്ത്രപാകം, കഫാതിസാരം എന്നീ രോഗങ്ങളില്‍ ചീര മാത്രം വേവിച്ച് 3 മാസം തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നാല്‍ നല്ല ആശ്വാസം കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി ആശ്രയിക്കാവുന്ന ഒരു ഇലക്കറിയാണ് ചീര. സോറിയാസിസിന് ദിവസവും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തിയാല്‍ നല്ല ഫലം ലഭിക്കും. ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. കൂടാതെ പ്രസവാനന്തരമുള്ള ക്ഷീണത്തെയും വിളര്‍ച്ചയെയും അകറ്റി പുതുജീവന്‍ നല്‍കും. ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീര് വെള്ളവും സമം ചേര്‍ത്ത് 6 ഔണ്‍സ് ദിവസം രണ്ടുനേരം കഴിച്ചാല്‍ മൂത്രനാളി വീക്കം മാറുന്നതാണ്. ചുകന്ന ചീരയുടെ വേര് കഷായം വെച്ച് കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് നല്ല ഫലം കിട്ടും. ഹൈപ്പറ്റാറ്റിസ് ബി യ്ക്കും ഉപകരിക്കും. ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേര്‍ത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാല്‍ പ്രായമായവര്‍ക്കുണ്ടാകുന്ന ഓര്‍മ്മക്കുറവ് നല്ലപോലെ മാറുന്നതാണ്. കുട്ടികള്‍ക്കും ഈ പ്രയോഗം നല്ലതാണ്. ചീരയില മുതിരകൂട്ടി കഷായം വെച്ചതില്‍ നിന്നും 3 ഔണ്‍സ് വീതമെടുത്ത് 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാല്‍ എത്ര പഴകിയ മൂത്രക്കല്ലായാലും പൊടിഞ്ഞ് പോകുന്നതാണ്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും കുറവുണ്ടാകും. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം ചെയ്യും. കറിവേപ്പില കറി ലീഫ് ട്രീ (Curry Leaf Tree) എന്ന് ഇംഗ്ലീഷിലും കാളശാകം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന കറിവേപ്പില റുട്ടേസി (Rutaceae) കുലത്തില്‍ പെടുന്നു. കറിവേപ്പിലയുടെ ഞെട്ടി, തടിയുടെ മേലുള്ള തൊലി, ഞെട്ടിയോടു കൂടെയുള്ള ഇല എന്നിവയെല്ലാം ഔഷധത്തിന് ഉപയോഗിക്കുന്നു. കറിവേപ്പിന്റെ ഇലയ്ക്കാണ് മുഖ്യമായി ഔഷധപ്രാധാന്യവും ഭക്ഷണപദാര്ത്ഥ സഹായിത്വവുമുള്ളത്. ജീവകം എ ധാരാളമുള്ള കറിവേപ്പില നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കറിവേപ്പില ശോഷം, സര്‍വാംഗസന്താപം, ജ്വരം, ശൂലം, ഗ്രഹണി, മേദസ്, കണ്ഠരോഗം, വീക്കം, ഗുല്മം, അര്‍ശസ്സ്, രക്തദോഷം, കഫം, വാതം ഇവ ശമിപ്പിക്കും. ദഹനവും രുചിയും ഉണ്ടാക്കുകയും ബലം, ആയുസ്, ബുദ്ധി എന്നിവയെ വര്‍ധിപ്പിക്കുകയും ശോധനയുണ്ടാക്കുകയും ചെയ്യും. കറിവേപ്പില നേത്രരോഗങ്ങള്‍ക്ക് ഹിതകരമാണ്. വിറ്റാമിന്‍ എ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുരോഗത്തിന് ഫലപ്രദമായി അനുഭവപ്പെടുന്നത്. കറിവേപ്പിലയും നെല്ലിക്കാത്തോടും ചതച്ച് വെളിച്ചെണ്ണയിലിട്ട് നെല്ലിക്കാത്തോട് കുറുകുന്നതുവരെ മൂപ്പിച്ച് ചൂടാറിയാല്‍ അഞ്ജനക്കല്ല് പാത്രപാകംചെയ്ത് തലയില്‍ തേച്ചാല്‍ നര മാറും. ചുക്ക് ഒരു കഴഞ്ച്, കറിവേപ്പില 3 കഴഞ്ച്, കടുക്കാത്തോട് 4 കഴഞ്ച്, പടവലം 4 കഴഞ്ച് ഇങ്ങനെ 12 കഴഞ്ച് ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി ഉരിവീതം 2 നേരം ഇന്തുപ്പും തിപ്പലിയും മേല്പൊടി ചേര്‍ത്ത് കഴിക്കുക. വയറുകടിയോടുകൂടിയുള്ള അതിസാരത്തിന് അത്ഭുതകരമായ ഫലം ചെയ്യും. കറിവേപ്പില 6 കഴഞ്ച്, കടുക്കാത്തോട് 4 കഴഞ്ച്, ചുക്ക് 2 കഴഞ്ച് ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി ഉരിവീതം 2 നേരം കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം, വയറുവീര്‍പ്പ്, വെള്ളംദാഹം, പനി എന്നീ രോഗങ്ങള്‍ക്ക് ഉടനെ ആശ്വാസം കിട്ടും. വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഒരു നെല്ലിക്കയോളം വലുപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ അലര്‍ജി സംബന്ധമായ ശ്വാസംമുട്ട്, തുമ്പത്തടിച്ചി, കാലില്‍ ഉണ്ടാകുന്ന എക്സിമ എന്നിവയ്ക്ക് കുറവുണ്ടാകും. പ്രമേഹത്തിനും ഈ പ്രയോഗം വളരെ ഗുണം ചെയ്തു കാണുന്നുണ്ട്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. കാല് വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ചു കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി. ദഹനശക്തി വര്‍ദ്ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്. കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില് അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍ശല്യം, താരന് എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തേക്കുന്നത് പതിവാക്കിയാല്‍ മതി. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും. കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ എക്സിമ എന്ന ചര്‍മ്മരോഗത്തിന് ശമനം കിട്ടും. പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെ ആവര്‍ത്തിക്കണം. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്ക്കും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ മതി. വിഷം പുരണ്ടാല്‍ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്‍ ഫലസിദ്ധി ഉറപ്പാണ് പുതീന ഇംഗ്ലീഷില്‍ മിന്റ് (Mint) എന്നും സംസ്കൃതത്തില്‍ റോച്ചിശേ എന്നും പേരിലറിയപ്പെടുന്ന പുതീന ഹൃദ്യമായ വാസനയുള്ള ഒരു ലഘുസസ്യമാണ്. ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്തോള്എന്ന തൈലം വാറ്റിയെടുക്കുന്നത്. ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും. തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും. ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു. വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും. ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്. പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും. പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും. കൊതുകുശല്യത്തിന് മുറിയില്‍ പൊതിനയില വെച്ചാല്‍ മതി. പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാന്‍ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങള്‍ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തില്‍ പല്ലുതേപ്പു കഴിഞ്ഞാല്‍ കുറച്ചു പൊതീനയില ചവച്ചാല്‍ മതി. അതിലടങ്ങിയ ക്ലോറോഫില്‍ മറ്റു രാസവസ്തുക്കളുടെ സഹായത്താല്‍ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്. പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു. മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും വെളുത്തുള്ളി കറിമസാലകളില്‍ മുഖ്യമായ വെള്ളുള്ളി അല്ലിയേസി (Alliaceae) കുടുംബത്തില്‍ പെട്ടതാണ്. ദ്വിവര്‍ഷിയായ ഈ കരുച്ചെടിയെ ഇംഗ്ലീഷില്‍ ഗാര്‍ലിക് (Garlic) എന്നും സംസ്കൃതത്തില്‍ ലശുനം എന്നും പറയുന്നു. ഗുല്മം, പ്രമേഹം, അര്‍ശസ്, ദുര്‍മേദസ്, വാതകഫജവികാരങ്ങള്, (ശ്വിത്രം) പാണ്ട്, ജ്വരം,ആര്‍ത്തവക്രമക്കേടുകള്‍, കൃമിരോഗങ്ങള്‍ എന്നിവയ്ക്ക് അതിശയകരമായ ഫലം ലഭിക്കുന്നതാണ് ഇതിന്റെ ഉപയോഗം. വെള്ളുള്ളി ആയുര്‍വേദപ്രകാരം ശാകവര്ഗത്തില് പെട്ട കരുശാകമാണ്. ഉള്ളിയുടെ കൂടിയ രസായനമാത്ര 4 പലം (240 ഗ്രാം) ആണ്. ഉള്ളിയുടെ സ്വരസം (ഇടിച്ചുപിഴിഞ്ഞനീര്) 2 പലം (120 ഗ്രാം) കഴിക്കേണ്ടതാണ്. ഉള്ളിച്ചുളയാണെങ്കില് ഉത്തമമായ മാത്ര 1 പലം (60ഗ്രാം) ആകുന്നു. അതിനെ ഭക്ഷണത്തോടെയും ഭക്ഷണത്തിന് മുമ്പും ശീലിക്കാം. ഉള്ളിയും ചക്കരയും കൂട്ടി തിന്നുന്നത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കും. ഉള്ളിനീരും കടുകെണ്ണയും ചേര്‍ത്ത് പുരട്ടി തലോടിയാല്‍ സന്ധിവീക്കവും വേദനയും ഉടനെ കുറയും. ഉള്ളിയും കുരുമുളകും കൂടി തിന്നാല്‍ മലമ്പനി മാറുന്നതാണ്. വെള്ളുള്ളി നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുത്ത് ശമിക്കും. ചര്‍മരോഗങ്ങളിലും തേള്വിഷമേറ്റാലും ഉള്ളിനീര് പുറമെ പുരട്ടാം. ക്ഷയരോഗികള്‍ ചുമയുടെ ആശ്വാസത്തിനായി വെള്ളുള്ളി തിന്നാറുണ്ട്. വെള്ളുള്ളി വറുത്തെടുത്ത് ജീരകവും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന് നെയ്യില്‍ കുഴച്ച് കഴിച്ചുകൊണ്ടിരുന്നാല്‍ മൂലക്കുരു ശാസ്ത്രക്രിയ കൂടാതെ മാറുന്നതാണ്. ഫിസ്റ്റുലയ്ക്കും ഈ പ്രയോഗം നല്ലതാണ്. ബോധക്ഷയം,ദണ്ഡമിളക്കം, തലവേദന, അപസ്മാരം എന്നിവയ്ക്ക് വെള്ളുള്ളി നീര് മണപ്പിച്ചാല്‍ ഉടനെ ഫലമുണ്ടാകും. പുകയില, അടക്ക എന്നി ചൊരുക്കി തലചുറ്റുണ്ടായാല് വെള്ളുള്ളിനീര് കഴിച്ചാല്‍ ഉടനെ തലചുറ്റ് മാറുന്നതാണ്. വെള്ളുള്ളി, വെട്ടടുക്ക്, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിന്വേര്, ഇക്കണത്തോല് (കൊടിയാവണക്കിന് വേര്) ഇവകൊണ്ടുള്ള കഷായത്തില്‍ ആവണക്കെണ്ണയും ഇന്തുപ്പും ചേര്‍ത്തു കഴിച്ചാല്‍ കുടലിറക്കം (ഹെര്‍ണിയ) ഓപ്പറേഷന് കൂടാതെ സുഖപ്പെടുന്നതാണ്. വെളളുളളി, ചീനത്തിപ്പലി, ഓരിലവേര്,കരിംജീരകം എന്നിവ കഷായം വെച്ച് കഴിച്ചാല്‍ ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തിന് തടസം ഉണ്ടാക്കുന്ന ബ്ലോക്കുകള്‍ ഒരു പരിധിവരെ തീരുന്നതാണ്. ചുവന്നുള്ളി ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു. ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്. ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന് നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും. രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്ക്കും. ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍ വളരെയധികം നല്ലതാണ്. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്. ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്. ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്. രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല. സബോള ലില്ലിയേസി (lilliaceae) സസ്യകുലത്തില്‍ പെട്ട സവാള ഉള്ളിയുടെ ഇംഗ്ലീഷ്നാമം വൈറ്റ് ഒണിയന്‍ (White Onion) എന്നാണ്. സംസ്കൃതത്തില്‍ ഉഗ്രഗന്ഥ എന്ന പേരിലറിയപ്പെടുന്ന ഇതിനെ ബോംബെ ഉള്ളി എന്നും പറയുന്നു. ഉളളിയും ശര്‍ക്കരയും കൂടി ദിവസവും പ്രഭാതത്തില്‍ കഴിച്ചുകൊണ്ടിരുന്നാല്‍ ശരീരം തടിക്കുകയും തൂക്കം കൂടുകയും ചെയ്യും. മലിനജലം കുടിച്ചുണ്ടാകുന്ന കോളറ, വയറിളക്കം, വയറുകടി എന്നീ വ്യാധികളില്‍ അതിന്റെ പ്രതിരോധത്തിന് ഭക്ഷണത്തിന് ശേഷം ഉള്ളി കടിച്ചു തിന്നാല്‍ മതി. ആഹാരത്തിനുശേഷം ഉള്ളിയരിഞ്ഞ് വിനാഗിരിയില്‍ ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേടിനെയും പല്ല് ദ്രവിക്കുന്നതിനെയും തടയുന്നതാണ്. ഭക്ഷ്യവിഷങ്ങളെ പരിഹരിക്കുകയും ചെയ്യും. ദിവസവും ഭക്ഷണത്തിന് ശേഷം 10 ഗ്രാം സവാള 3 കൊല്ലം തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരിക്കുന്നത് ലൂക്കേമിയ എന്ന രക്താര്‍ബുദത്തിന് ഫലപ്രദമാണ്. തൊണ്ണൂറാംചുമയ്ക്ക് ഉള്ളി ചെറുകഷ്ണങ്ങളാക്കി പഞ്ചസാര ചേര്‍ത്ത് 10-12 മണിക്കൂര്‍ വെച്ച ശേഷം പിഴിഞ്ഞ് നീരെടുത്ത് 2 ടീസ്പൂണ്‍ കണക്കെ ദിവസം 2 നേരം ഒരു മാസം കഴിച്ചാല്‍ സുഖപ്പെടും. ഇതുതന്നെ ശ്വാസനാള സംബന്ധമായ തകരാറുകള്‍ക്കും നല്ല ഫലം ചെയ്യും. വാതസംബന്ധമായുണ്ടാകുന്ന സന്ധിവീക്കവും വേദനയും അനുഭവപ്പെടുമ്പോള്‍ വലിയ ഉള്ളി കടുകെണ്ണയില്‍ വറുത്ത് തൈലമാക്കി പുറമെ പുരട്ടാവുന്നതാണ്. വേദനയും വീക്കവും മാറും. 2 ടീസ്പൂണ്‍ വലിയ ഉള്ളിനീരില്‍ അത്രതന്നെ തേന്‍ ചേര്‍ത്ത് ദിവസം 3 നേരം കഴിച്ചാല്‍ കോളറയും അതിസാരവും ശമിക്കും. വിനാഗിരിയില്‍ ഉള്ളിമുറിച്ചിട്ട് കൊത്തമല്ലിയിലയും കല്ലുപ്പുമിട്ട് വേവിച്ച് ദിവസേന കഴിച്ചാല്‍ രണ്ടാഴ്ചകൊണ്ട് അര്‍ശസ് ശമിക്കുന്നതാണ്. വായനാറ്റത്തെ ഇല്ലാതാക്കുവാന്‍ ഭക്ഷണത്തിന് ശേഷം ഉള്ളിച്ചെടിയുടെ ഇല ചവച്ചുതിന്നാല്‍ മതി. ഈ ഇലയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് ഉമിനീരിനെ വര്‍ധിപ്പിക്കുവാന്‍ പര്യാപ്തമാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കരളിന് ഗുണകരവുമാണ്. ടിയര്‍ഗ്യാസ് പൊട്ടിക്കുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരുമ്പോള്‍ ഉളളി കടിച്ച് തിന്നാല്‍ കണ്ണിന് എരിച്ചിലോ കണ്ണീര് പൊടിച്ചിലോ അനുഭവപ്പെടുകയില്ല. അതിയായി ഉള്ളി കഴിക്കുന്നത് അശ്മിരി രോഗികള്‍ക്ക് നല്ലതല്ല. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉള്ളി ചേര്‍ക്കുന്നത് നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഒരു ഭക്ഷ്യവസ്തുവാണ്. ഇഞ്ചി ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി (Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്. ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത ഇഞ്ചിത്തൈര് ആയിരം കറികള്‍ക്ക് തുല്യമാണ്. ഇതിനാല്‍ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും. അര ഔണ്‍സ് ഇഞ്ചിനീരില് ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില് ഒരൗണ്‍സ് ശുദ്ധമായ ആവണക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിച്ചാല്‍ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ശമനം കിട്ടും. പുളി സീസാല് പിനിയേസി (Caesal Piniaceae) കുലത്തില്‍ പെട്ട് നിത്യഹരിത വൃക്ഷമാണ് പുളി. ടാമറിന്റ് ട്രീ(Tamarind Tree) എന്ന് ഇംഗ്ലീഷിലും ചിഞ്ച എന്ന് സംസ്കൃതത്തിലും പറയുന്നു. ടാമറിന്റ് എന്ന പേര്‍ഷ്യന്‍ പദത്തിന്റെ അര്‍ഥം ഇന്ത്യയിലെ ഈത്തപ്പഴം എന്നാണ്. പുളിയുടെ കായയും കുരുവും ഇലയും പൂവും തോലുമെല്ലാം ഔഷധഗുണമുള്ളതാണ്. പുളിയില്‍ സിട്രിക്, ടാര്‍ട്ടാറിക്, മാലിക്, അസറ്റിക് എന്നീ അമ്ലങ്ങള്‍ അടങ്ങിയിരിക്കുന്നു. പഴക്കമുള്ള പുളിയാണ് കൂടുതല്‍ നല്ലത്. പഴക്കമുള്ള പുളി കരളിന്റെയും ആമാശയത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. പുളി ദഹനത്തെ ഉണ്ടാക്കുകയും ശോധനയ്ക്ക് നല്ലതുമാണ്. പനിയുള്ളവര്‍ക്ക് ശോധനയില്ലാതായാല് ഒരൗണ്‍സ് പുളിയും ഒരൗണ്‍സ് ഈത്തപ്പഴവും ഒരു കുപ്പി പാലില്‍ തിളപ്പിച്ച് അരിച്ചെടുത്ത് അല്പം ഏലത്തരിയും കര്‍പ്പൂരവും ഗ്രാമ്പൂവും ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. മദ്യലഹരി ശമിപ്പിക്കുവാന്‍ പുളി കലക്കിയ വെള്ളം കൊടുക്കാം. പുളി വെള്ളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാരയോ പാലോ ചേര്‍ത്ത് കഴിച്ചാല്‍ വായുക്ഷോഭം മാറുന്നതാണ്. മോണപഴുപ്പ് തടയാനും സുഖപ്പെടുത്തുവാനും പുളി പ്രയോജനപ്പെടും. നീരിനും വേദനയ്ക്കും പുളിയും പുളിയിലയും പച്ചവെള്ളത്തില്‍ അരച്ച് പുറമെ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും. പുളിയുടെ തോട് ചുട്ടെടുത്ത ഭസ്മം മഹോദരത്തിനും പ്രമേഹത്തിനും നല്ലതാണ്. തിളപ്പിച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഭസ്മം കലക്കി കഴിക്കേണ്ടതാണ്. പുളിംകുരുവിന്റെ ചുവപ്പു നിറത്തിലുള്ള പുറംതൊലി അതിസാരത്തിന് ഫലപ്രദമായ പ്രതിവിധിയാണ്. പുളിംകുരുവിന്റെ പുറംതൊലിക്കു സമം ജീരകവും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം കഴിക്കുകയാണ് വേണ്ടത്. പുളിയില ഇടിച്ചുപിഴിഞ്ഞ നീരില്‍ പഴുപ്പിച്ച ഇരുമ്പ് കഷ്ണമിട്ടു ചൂടാക്കിയശേഷം ആ നീര് കഴിച്ചാല്‍ അതിസാരം ശമിക്കും. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് പിത്തജ്വരത്തിനും മൂത്രച്ചൂടിനും ഫലപ്രദമാണ്. പുളിയിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണില്‍ ധാരകോരുന്നത് ചെങ്കണ്ണിന് നല്ലതാണ്. പൂവ് നേത്രരോഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തേള് കുത്തിയാല്‍ പുളിയും ചുണ്ണാമ്പും കൂടി അരച്ച് പുരട്ടുന്നത് നല്ലതാണ്. ഇരുമ്പന്‍ പുളി പുളിയുടെ ഫലംചെയ്യുന്നതും നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നതുമായ ഒരിനം പുളിയാണിത്. ഓര്‍ക്കാപുളി എന്നും ഇതിനെ അറിയപ്പെടുന്നു. ഇത് കാന്‍സറുണ്ടാക്കും എന്ന തെറ്റിദ്ധാരണ തെറ്റാണ്. നല്ലൊരു ഭക്ഷ്യവസ്തുവായ ഇത് കറികളിലും മറ്റും ചേര്‍ത്ത് കഴിക്കുന്നത് രുചിവര്ധനവും രോഗപ്രതിരോധശക്തിയും പ്രധാനം ചെയ്യുന്നു. ഹൃദ്രോഗം, മഞ്ഞപ്പിത്തം, പരിണാമശൂല തുടങ്ങിയ രോഗങ്ങളില്‍ ഇരുമ്പന്‍ പുളി കഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികള്‍ നിത്യവും ഇരുമ്പന്‍ പുളി കഴിക്കുന്നത് പാന്‍ക്രിയാസിലെ കോശങ്ങളുടെ ഉത്തേജനത്തിന് ഉതകുന്നതാണ്. ചെറുനാരങ്ങ റുട്ടേസി (Rutaceae) കുടുംബത്തില്‍ പെട്ട ചെറുനാരകത്തെ സിട്രസ് ഒറന്റിന് (Citrus aurantiun) എന്ന് ഇംഗ്ലീഷിലും ജംബീരം എന്ന് സംസ്കൃതത്തിലും പറയപ്പെടുന്നു. ഭക്ഷണപാനീയങ്ങളിലും ഔഷധങ്ങള്‍ക്കു വേണ്ടിയും സുഗന്ധദ്രവ്യങ്ങള്‍ തയ്യാറാക്കുന്നതിനും സോപ്പു നിര്‍മ്മാണത്തിലും സോപ്പുപൊടിയുടെ നിര്‍മ്മിതിയിലും ചെറുനാരങ്ങ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ചെറുനാരങ്ങ അമ്ലസ്വഭാവിയാണ്. എന്നാല്‍ ആരോഗ്യത്തിന് ഒരു ദോഷവും ഇതുണ്ടാക്കുന്നില്ല. മറിച്ച് വിവിധനിലകളില്‍ അത് ആരോഗ്യസംരക്ഷണത്തില്‍ സഹായിക്കുകയും ചെയ്യുന്നു. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുണ്ട്. അതിനാല്‍ പനിയെയും നീരുവീഴ്ചയേയും തടുത്തുനിര്‍ത്തും. തൊണ്ടവേദന,ജലദോഷപ്പനി എന്നിവ വരുന്നുണ്ടെന്നു തോന്നിയാല്‍ ഉടനെ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. 15 മില്ലി ചെറുനാരങ്ങാനീരില് 15 മില്ലി തേന്‍ കൂട്ടിച്ചേര്‍ത്ത് കഴിച്ചാല്‍ തൊലിക്കും കണ്ണിനും പല്ലുകള്‍ക്കും അസ്ഥികള്‍ക്കും ഗുണം ചെയ്യും. ശരീരത്തിലവിടവിടെ ഉണ്ടാകുന്ന അരിമ്പാറ പോകാന്‍ ചെറുനാരങ്ങ മുറിച്ച് ഉരസിയാല്‍ മതി. താരനും ഇതേവിധം തലയിലുരസിയാല് നല്ല ഫലം കിട്ടും. ചെറുനാരങ്ങാനീരില് ചുക്ക്, മുളക്, തിപ്പലി എന്നിവ പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം ചേര്‍ത്ത് 3 നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറുന്നതാണ്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും ചെറുനാരങ്ങാനീരില് നീര്‍മരുതിന്‍തൊലി പൊടിച്ച് ശീലപ്പൊടിയാക്കിയത് ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം ലഭിക്കുകയും ആരോഗ്യമുണ്ടാവുകയും ചെയ്യും. വെള്ളം ദാഹമുള്ളപ്പോള്‍ ഉപ്പും ചെറുനാരങ്ങാനീരും സോഡയും ചേര്‍ത്തുണ്ടാക്കുന്ന ഉപ്പുസോഡ നല്ലൊരു പാനീയമാണ്. വെള്ളം ദാഹത്തിന് ശമനം മാത്രമല്ല വയറിളക്കത്തിനും ശമനമുണ്ടാകും. ചൂടുവെള്ളമോ പച്ചവെള്ളമോ ചേര്‍ത്ത് നേര്പ്പിച്ചതായ ഒരു ഗ്ലാസ്സ് നാരങ്ങാനീര് ദിവസവും കാലത്ത് കഴിക്കുന്നതായാല് തൊലിയുടെ നിറം മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കും. നേര്‍പ്പിച്ചെടുക്കുന്ന ഈ ചെറുനാരങ്ങാനീരില് പഞ്ചസാര ഒട്ടും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. തലമുടിയില്‍ ഷാംപൂ ചെയ്ത് കഴിഞ്ഞശേഷം അവസാനമായി കഴുകുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിച്ചാല്‍ മുടിയുടെ ഒട്ടല് നിശേഷം മാറി മുടിക്ക് തിളക്കവും ശുചിത്വവുമുണ്ടാകാന് സഹായിക്കും. നെല്ലിക്ക യൂഫോര്‍ബിയേസി (Euphorbiaceae) സസ്യകുടുംബത്തില്‍ പെട്ട നെല്ലിക്കയുടെ ഇംഗ്ലീഷ് നാമം ഗൂസ്ബെറി (Goose berry) എന്നാണ്. സംസ്കൃതത്തില്‍ ധാത്രി എന്ന് പറയുന്നു. നെല്ലിക്കയെ ദ്വാദശിക്കായഎന്നും പറയാറുണ്ട്. അതിന് കാരണം ക്ഷീണമകറ്റാനുള്ള നെല്ലിക്കയുടെ കഴിവാണ്. ഏകാദശി ശുദ്ധവാസം കിടന്ന് ദ്വാദശിനാള്‍ ഒന്നുരണ്ട് നെല്ലിക്ക തിന്ന് വെള്ളം കുടിച്ചാല്‍ ക്ഷീണം ഒട്ടും ഉണ്ടാകില്ല. അതുകൊണ്ടാണ് ദ്വാദസിക്കായ എന്ന പേരു വരാന്‍ ഇടവന്നത്. നെല്ലിക്ക ഉള്‍പ്പെട്ട ഒരു ചെറിയ ഗണമാണ് ത്രിഫലാ. കണ്ണുരോഗചികിത്സയില് ഏറ്റവും പ്രാധാന്യം നെല്ലിക്ക അടങ്ങിയ ത്രിഫലക്കാണ്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഇത് രസായനഗുണമുള്ളതാണ്. നെല്ലിക്ക തണുപ്പുണ്ടാക്കുന്നതാണ്. അമ്ലരസരപ്രദാനമാണ്. പിത്തകഫങ്ങളെ ശമിപ്പിക്കും. പച്ചനെല്ലിക്കാനീരും തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടുന്നതാണ്. നെല്ലിക്കാനീരും തിപ്പലിപ്പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ എത്ര പഴകിയതായ തമകശ്വാസവും മാറുന്നതാണ്. പച്ചനെല്ലാക്കാനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ദിവസേന ഒരൗണ്‍സ് വീതം 2 നേരം കഴിച്ചാല്‍ പ്രമേഹം മാറുന്നതാണ്. നെല്ലിക്ക കുരുകളഞ്ഞ് 15 ഗ്രാമെടുത്ത് അരച്ച്100 മില്ലി പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ അമ്ലപിത്തം, പുളിച്ചുതികട്ടല്‍ പരിണാമശൂല എന്നിവ ശമിക്കും. എള്ളും കുരുകളഞ്ഞ നെല്ലിക്കയും കൂടി അരച്ച് ദിവസവും കഴിച്ചാല്‍ രോഗപ്രതിരോധത്തിനും ആയുസിനും നല്ലതാണ്. പച്ചനെല്ലാക്കാനീരില്‍ കരിംജീരകം പൊടിച്ച് ചേര്‍ത്ത് കഴിച്ചാല്‍ വായ് പുണ്ണിന് ശമനം ലഭിക്കും. നെല്ലിക്കാനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന കഴിച്ചുകൊണ്ടിരുന്നാല്‍ കാന്‍സര്‍ വന്ന് നശിച്ച കോശങ്ങള്ക്കുപോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്. തക്രധാരയ്ക്ക് നെല്ലിക്കയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓറഞ്ച് റുട്ടേസി (Rutaceae) സസ്യകുലത്തില്‍ പെട്ട ഒരു മധുരഫലമാണ് മധുരനാരങ്ങ. ഇംഗ്ലീഷില്‍ ഓറഞ്ച്(Orange) എന്നും സംസ്കൃതത്തില്‍ നാഗരംഗഃ എന്നും പറയുന്നു. മധുരവും അമ്ലപ്രധാനവുമായ ഫലങ്ങളില്‍ ഓറഞ്ച് ഏറ്റവും നല്ലതാണ്. രക്തശുദ്ധി വരുത്തുന്നതിനും വിശപ്പ് വര്‍ധിപ്പിക്കുന്നതിനും നല്ലതാണ്. മറ്റു ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുവാനും സഹായിക്കുന്നു. മധുരനാരങ്ങയുടെ പുഷ്പത്തില്‍ നിന്നും തോടില്‍നിന്നും വാറ്റിയെടുക്കുന്ന തൈലം കഴിച്ചാല്‍ രക്തവാതത്തിന് നല്ല ഫലം ചെയ്യും. പല്ലിന് ബലം ഉണ്ടാകുവാനും ഈ തൈലം ഉപകരിക്കും. ഗര്‍ഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചുകൊണ്ടിരുന്നാല്‍ ജനിക്കുന്ന കുട്ടി വെളുത്തതും ആരോഗ്യമുള്ളതുമായിരിക്കും. നാരങ്ങാനീരും പാലും സമം ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ ശരീരത്തിന് ആരോഗ്യം ലഭിക്കും. ഓറഞ്ചുനീരിന്റെ കൂടെ സമം ചൂടാറിയ വെള്ളം ചേര്‍ത്ത് രണ്ടും കൂടിയതിന്റെ ഒപ്പം തിളപ്പിച്ച പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം കുട്ടികളെ ശീലിപ്പിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും. ഇവര്‍ക്ക് ന്യൂമോണിയ പിടിപെടുകയില്ല. കുട്ടികള്‍ക്ക് മാത്രമല്ല മുലകൊടുക്കുന്ന അമ്മമാര്‍ക്കും ഓറഞ്ചുനീര് അതിവിശേഷമാണ്. ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കും. ചുണങ്ങുകളില്‍ നാരങ്ങയുടെ തൊലി അരച്ച് പുരട്ടി വലിഞ്ഞ ശേഷം ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ ചുണങ്ങുകള്‍ മാറുന്നതാണ്. നാരങ്ങാത്തൊലി വറുത്ത് പൊടിച്ച് കാലില്‍ ഉണ്ടാകുന്ന എക്സിമയ്ക്കും വെരിക്കോസ് അള്‍സറിനും പുറമെ പുരട്ടിയാല്‍ കറുത്തനിറം പോലും ഉണ്ടാകാതെ മാറുന്നതാണ്. ഓറഞ്ചുനീര് മഞ്ഞപ്പിത്തത്തിന് നല്ലതാണ് മധുരനാരങ്ങയിലടങ്ങിയ പോഷകാംശം പാലിനോട് തുല്യമാണ്. പാലിനേക്കാള്‍ വേഗം ദഹിക്കുന്നതാണ്. മധുരനാരങ്ങ ദിവസവും ഭക്ഷിക്കുന്നവര്‍ക്ക് ഉദരപ്പുണ്ണ് ഉണ്ടാവുകയില്ല. പുളിയുള്ള ഓറഞ്ച് ജലദോഷമുണ്ടാക്കും. ഓറഞ്ചിന്റെ തൊലി അടര്‍ത്തിയെടുത്ത ഉടനെ പനിനീരില്‍ അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറി മുഖസൗന്ദര്യം വര്‍ധിക്കും. പപ്പായ കപ്പക്കായ, ഓമക്കായ എന്നെല്ലാ പേരുകളിലറിയപ്പെടുന്ന പപ്പായ കാരിക്കേസി (Caricaceae) സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ പപ്പായ (Papaya) എന്നറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തില്‍ ഏരണ്ഡ കര്‍കടി എന്നാണ് അറിയപ്പെടുന്നത്. ദീപനത്തെ ത്വരിതപ്പെടുത്തുന്ന ഒരതരം ആല്‍ബുമിനോയ്ഡുണ്ട്. ഇത് ഏറെക്കുറെ പെപ്സിനു സമാനമാണ്. ഇതിനുപുറമെ കൊഴുപ്പ്, പഞ്ചസാര, മാലിക്, ടാര്‍ട്ടാറിക്, നൈട്രിക് അമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചപപ്പായയില്‍ സോഡിയം, പൊട്ടാസ്യം, ഫോസ്ഫോറിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. കുരുവില്‍ അടങ്ങിയിട്ടുള്ള ഒരുതരം എണ്ണയെ കാരിമ്പന്‍ ഓയില്‍ എന്നു പറയുന്നു. പപ്പായമരത്തിന്റെ ഇല, പഴം, കുരു എന്നീ ഭാഗങ്ങളിലെല്ലാം പപ്പയിനുണ്ട്. മരത്തിന്മേല് കൊത്തിയാലുണ്ടാകുന്ന കറ ഉണക്കിയാണ് പപ്പയിന്‍ ഉണ്ടാക്കുന്നത്. 3 ഗ്രാം പപ്പയിന്‍ നാഴി പാല് ദഹിപ്പിക്കുന്നതിന് മതിയാകും. പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്ക് നല്ലതാണ്. ഇത് 3 ഔണ്‍സ് വീതം പ്രസവിക്കാറായ സ്ത്രീകള്‍ ഉപയോഗിച്ചാല്‍ പ്രസവം ബുദ്ധിമുട്ടില്ലാതാവും. പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാല്‍ കരള്‍വീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. അര്‍ശസ് രോഗികള്‍ക്കും നല്ലതാണിത്. പൊന്‍കാരം പൊടിച്ച് പപ്പായിന് കൂട്ടി അരച്ച് കാലിലെ ആണിയിലും ശരീരത്തില്‍ അവിടവിടെയായിട്ടുണ്ടാകുന്ന അരിമ്പാറയിലും പുരട്ടിയാല്‍ അതെല്ലാം കൊഴിഞ്ഞുപോകുന്നതാണ്. പപ്പായയുടെ ഇല ചൂടുവെള്ളത്തിലിട്ടോ തീയില്‍ കാണിച്ച് വാട്ടിയെടുത്തോ ചൂടുപിടിപ്പിച്ചാല്‍ ഞരമ്പുവേദനയ്ക്ക് ആശ്വാസം കിട്ടും. ചൊറിക്കും കാലിലുണ്ടാകുന്ന എക്സിമയ്ക്കും പൊന്‍കാരം പൊടിച്ച് പച്ചപപ്പായയുടെ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. വിട്ടുമാറാത്ത അതിസാരത്തിന് പച്ചപപ്പായ തിന്നുന്നത് നല്ലതാണ്. സ്ഥൂലാന്ത്രപാകം എന്ന മാറാരോഗത്തിന് കപ്പക്കായ തിന്നാല്‍ നല്ല ഫലംകിട്ടും. പപ്പായമരത്തിന്റെ ഇലയരച്ച് പുരട്ടിയാല്‍ മന്തുരോഗത്തിന് ശമനമുണ്ടാകും. നീര് വറ്റിച്ച് ഗുളികയാക്കി നല്‍കുന്നതും ഫലപ്രദമാണ്. മാങ്ങ പഴങ്ങളുടെ രാജന് എന്നറിയപ്പെടുന്ന മാങ്ങയ്ക്ക് ഇംഗ്ലീഷില്‍ മാംഗോ (mango) എന്നും സംസ്കൃതത്തില്ആമ്രഃ എന്നും പറയുന്നു. അനാക്കാര്‍ഡിയേസി (Anacardiaceae) കുലത്തില്‍ പെട്ടതാണ് മാങ്ങ. വിറ്റാമിനുകളുടെ നിറകുടമായ മാങ്ങ ഒരു സമ്പൂര്‍ണ ആഹാരമാണ്. പഴുത്ത മാങ്ങ തിന്നാല്‍ നല്ല ദഹനവും ഉന്മേഷവും രുചിയും ദാഹശാന്തിയും ലഭിക്കുന്നതാണ്. മാങ്ങ അധികം കഴിച്ചുണ്ടാകുന്ന വിഷമത്തിന് സ്വല്പം തേന്‍ ചേര്‍ത്ത് പശുവിന്പാല് കഴിച്ചാല്‍ മതി. നാടന്‍മാങ്ങകള്‍ പിഴിഞ്ഞ് നീരെടുത്ത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്. മങ്ങിയ വെളിച്ചത്തില്‍ വായിക്കുവാന്‍ സഹായിക്കുന്ന റോഡോപ്സിന്‍ എന്ന രാസപദാര്‍ത്ഥത്തെ ഉത്പാദിപ്പിക്കുവാന്‍ മാങ്ങാനീര് കഴിക്കുന്നത് നല്ലതാണ്. ഇത് ഉല്പാദിപ്പിക്കുവാന് സഹായിക്കുന്ന വിറ്റാമിന്‍ എ മാങ്ങയില്‍ ധാരാളമുണ്ട്. മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലകള്‍ അലിയിപ്പിക്കുവാന്‍ ഒരു ഗ്ലാസ്സ് മാങ്ങാനീരില്‍ അത്രതന്നെ കാരറ്റ് നീരും ഒരൗണ്‍സ് തേനും ചേര്‍ത്ത് യോജിപ്പിച്ച് കഴിച്ചാല്‍ മതി. വളരെ ഫലപ്രദമായ ഒരു ചികിത്സയാണിത്. പച്ചമാങ്ങ ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ വെള്ളം ദാഹം ശമിക്കും. ഉഷ്ണകാലത്ത് അധികമായി വിയര്‍ക്കുന്നതു കാരണം സോഡിയം ക്ലോറൈഡും ഇരുമ്പും നഷ്ടമാകുന്നതു തടയും. അമിതമായ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യും. അണ്ടിയുറക്കാത്ത പച്ചമാങ്ങ ചെറുതായി അരിഞ്ഞ് പുളിയില കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാല്‍ മഞ്ഞപ്പിത്തം എത്രയധികമായാലും മാറുന്നതാണ്. മാങ്ങാത്തോലില്‍ ടാനിന്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു കഷ്ണം മാങ്ങാത്തൊലി ചവച്ചുകൊണ്ടിരുന്നാല്‍ വായനാറ്റം, ഊനുപഴുപ്പ്, ഊനില്‍ നിന്നുള്ള രക്തസ്രാവം എന്നിവ മാറുന്നതാണ്. പഴുത്ത മാവിലകൊണ്ട് പല്ലുതേക്കുന്നത് നല്ലതാണ്. മാങ്ങ ക്രമപ്രകാരം കഴിച്ചാല്‍ അകാലവാര്‍ധക്യം തടഞ്ഞ് ആരോഗ്യം ലഭിക്കുന്നതാണ്. കൈതച്ചക്ക ബ്രോമിലിയേസി (Bromeliaceae) സസ്യകുടുംബത്തില്‍ പെട്ട കൈതച്ചക്ക സംസ്കൃതത്തില്‍ അനനാസഎന്നും ഇംഗ്ലീഷില്‍ പൈനാപ്പിള്‍ (Pineapple) എന്നും അറിയപ്പെടുന്നു. 90 ഓളം തരത്തിലുള്ള കൈതച്ചക്കകളുണ്ട്. അവയില്‍ ജല്‍ധൂപ്, ക്വീന്‍, കെവ് എന്നിവയാണ് വളരെ പ്രസിദ്ധമായത്. പഴുക്കാത്ത കൈതച്ചക്ക രുചികരവും ഹൃദ്രോഗത്തിന് (പ്രത്യേകിച്ചും പ്രമേഹമില്ലാത്തവര്‍ക്ക്) നല്ലതുമാണ്. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. കഫത്തെയും പിത്തത്തെയും വര്‍ധിപ്പിക്കുകയും അരുചി, ക്ഷീണം എന്നിവയെ മാറ്റുകയും ചെയ്യും. പഴുത്ത കൈതച്ചക്ക മധുരരസമുള്ളതാണ്. പിത്തശമനമാണിത്. വെയില് കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാന്‍ കൈതച്ചക്ക ഉത്തമമാണ്. കൈതച്ചക്കയുടെ മുകളിലത്തെ ഇലയും പാണലിന്റെ ഇലയും 200 ഗ്രാം വീതം ചുവന്ന ഉള്ളി 600 ഗ്രാം എന്നിവ ഒരിടങ്ങഴി ഗോമൂത്രത്തില്‍ ഇടിച്ചുപിഴിഞ്ഞ് അരിച്ച് 8 ഔണ്‍സ് പശുവിന് നെയ്യും 3 ഔണ്‍സ് നല്ലെണ്ണയും ചേര്‍ത്ത് അഷ്ടചൂര്‍ണ്ണം 30 ഗ്രാം അരച്ചുകലക്കി കാച്ചി നല്ല മെഴുകുപാകത്തില്‍ അരിച്ചെടുത്തതില്‍ നിന്നും 5 ഗ്രാം വീതം 2 നേരം ദിവസേന കഴിച്ചാല്‍ വയറുതള്ളല്, പിത്തശൂല, ഗ്രഹണീദോഷം, കണ എന്നിവ ശമിക്കും. വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് കൈതച്ചക്ക വളരെ നല്ലതാണ്. പ്രകൃതിദത്തമായ പൊട്ടാസ്യം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മൂത്രം വളരെ കുറച്ചു പോവുക, മൂത്രം ഒഴിക്കുമ്പോള്‍ കടച്ചിലുണ്ടാവുക എന്നീ രോഗാവസ്ഥകളില്‍ നല്ല ഫലം ലഭിക്കുന്നതാണ്. അമിതമായി പുകവലിക്കുന്നവര്‍ക്ക് പഴുത്ത കൈതച്ചക്ക വളരെ നല്ലതാണ്. പതിവായി കൈതച്ചക്ക തിന്നാല്‍ പുകവലിയില്‍ നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഇല്ലാതാകുന്നതാണ്. പുകവലികൊണ്ട് രക്തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക തിന്നുന്നതു കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്. കൈതച്ചക്കയുടെ ഓല കുത്തിപ്പിഴിഞ്ഞെടുത്ത നീര് കഴിച്ചാല്‍ ഉദരകൃമികള്‍ നശിക്കുന്നതാണ്. ഈ നീരില്‍ പഞ്ചസാര ചേര്‍ത്ത് കൊടുത്താല്‍ വില്ലന്‍ചുമയ്ക്ക് ആശ്വാസം ലഭിക്കും. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ഒരു ഗ്ലാസ്സ് കൈതച്ചക്കനീരില് ഒരുടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് കാലത്ത് കഴിച്ചാല്‍ നല്ല ശമനം കിട്ടും. ഗര്‍ഭിണികള്‍ കൈതച്ചക്ക തിന്നരുത്. അത് സൂതികാരക്തത്തെ വര്‍ധിപ്പിക്കുന്നതുമൂലം ഗര്‍ഭം അലസിപ്പോകുന്നതിന് കാരണമാകും. കാലില്‍ കറുത്ത് തടിച്ചുണ്ടാകുന്ന എക്സിമ എന്ന രോഗത്തിന് കൈതച്ചക്കയുടെ നീര് പുരട്ടിയാല്‍ ചൊറിച്ചിലിനും എക്സിമയുടെ കട്ടികുറയുന്നതിനും നല്ലതാണ്. തണ്ണീര്‍മത്തന്‍ കുക്കര്‍ബിറ്റേസി (Cucur bitaceae) സസ്യകുലത്തില്‍ പെട്ട തണ്ണീര്‍മത്തനെ ഇംഗ്ലീഷില്‍ വാട്ടര്‍ മെലോണ്‍(Water Melon) എന്നും സംസ്കൃതത്തില്‍ കലിങ്ഗഃ എന്നും പറയുന്നു. മലയാളത്തില്‍ വത്തക്ക എന്നും പറയുന്നു. വത്തക്കയുടെ ഉള്ളിലുള്ള കഴമ്പാണ് ഉപയോഗിക്കുന്നത്. കുരുവും ഔഷധഗുണമുള്ളതാണ്. ദാഹശമനത്തിന് വളരെ നല്ലതാണ് വത്തക്ക. ഇളയ വത്തക്ക കറിയുണ്ടാക്കാന്‍ ഉപയോഗിക്കാം. തണ്ണീര്‍മത്തന്‍ ശീതളമാണ്. മൂത്രത്തെ ഉല്പാദിപ്പിക്കാന് കഴിവുള്ളതാണിത്. വത്തക്ക കഴമ്പ് ചുരണ്ടിയെടുത്ത് പഞ്ചസാരയും പാലും കൂട്ടിച്ചേര്‍ത്ത് ഉഷ്ണകാലങ്ങളില്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അറേബ്യന്‍ നാടുകളില്‍ ചൂടുകാലത്തുണ്ടാകുന്ന പ്രത്യേകതരം പനിയായ ചൂടുപനിക്ക് പ്രത്യൗഷധമായി വത്തക്കയുടെ കഴമ്പ് ചുരണ്ടിയെടുത്ത് തേനും പഞ്ചസാരയും പനിനീരും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ടൈഫോയിഡിന് തണ്ണീര്‍മത്തന്റെ കഴമ്പ് കഴിക്കുന്നത് നല്ലതാണ്. മൂത്രച്ചൂട്, മൂത്രപ്പഴുപ്പ്, എന്നീ രോഗങ്ങള്‍കൊണ്ടുണ്ടാകുന്ന മൂത്രം പോകുന്നതിനുള്ള വിഷമത്തില്‍ വത്തക്കയുടെ കഴമ്പില് ജീരകവെള്ളം ചേര്‍ത്ത് ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ദിവസം ഓരോ ഗ്ലാസ്സ് കഴിച്ചാല്‍ ആശ്വാസം കിട്ടും. തലച്ചോറിന് തണുപ്പ് ലഭിക്കുന്നതും ശുക്ലവര്‍ധകവും ഉന്മാദത്തെ അകറ്റുന്നതും പിത്തദോഷത്തെ ശമിപ്പിക്കുന്നതുമാണ്. വത്തക്കയുടെ 10 കുരു പാലിലരച്ച് കഴിച്ചാല്‍ രക്താതിസമ്മര്‍ദ്ദത്തിന് ഫലപ്രദമാണ്. വത്തക്കക്കുരു ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം 2 നേരം പാലിലോ നെയ്യിലോ കഴിച്ചാല്‍ മൂത്രകൃഛ്റം, മൂത്രച്ചൂട്,അസ്ഥിസ്രാവം മുതലായ രോഗങ്ങള്‍ക്ക് ഫലം കിട്ടും. മാതളനാരങ്ങ ദാഡിമാഫലം എന്ന് സംസ്കൃതത്തിലും പോംഗ്രാനേറ്റ് (Pomegranate) എന്ന് ഇംഗ്ലീഷിലും പേരുള്ള മാതളം ലിത്രേസി (Lythraceae) കുടുംബത്തില്‍ പെട്ടതാണ്. ഉറുമാമ്പഴമെന്നും താളിമാതളമെന്നും ഇതിനു പേരുണ്ട്. ഈ വൃക്ഷത്തിന്റെ തൊലിയും പുഷ്പവും ഇലയും വേരും പഴത്തിന്റെ തോടും ഔഷധവീര്യമുള്ളതാണ്. പഴം ഉന്മേഷദായകമാണ്. അമ്ലപ്രധാനമായ മധുരരസമാണിതിന്. അതിസാരം, പനി മുതലായ രോഗങ്ങള്‍ പിടിപെട്ട് ശരീരം ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ മാതളനാരങ്ങ കഴിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. 15 മില്ലി ഉറുമാമ്പഴനീരില്‍ ശുദ്ധിയുള്ള ഇരുമ്പുകഷ്ണം രാത്രി ഇട്ടുവെച്ച് രാവിലെ ഇരിമ്പുകഷ്ണം പുറത്തെടുത്തശേഷം നീരില്‍ പഞ്ചസാര ചേര്‍ത്ത് 6 മാസം തുടര്‍ച്ചയായി കഴിച്ചാല്‍ കരള്‍ വീക്കം എന്ന രോഗത്തില്‍ നിന്ന് മുക്തി നേടാം. രക്തം പോകുന്ന അതിസാരത്തിന് മാതളനാരങ്ങയുടെ നീര് കഴിച്ചാല്‍ ഉടനെ രോഗം കുറയുന്നതാണ്. ശൂലാന്ത്രപാകം എന്ന രോഗത്തിന് 6 മാസം ദിവസേന 15 മില്ലി ഉറുമാമ്പഴനീര് കഴിച്ചാല്‍ വളരെ നല്ലതാണ്. ഒരു മാതളനാരങ്ങയുടെ മുകള്‍ഭാഗത്ത് ദ്വാരമുണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചുവെച്ചശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് എണ്ണ പഴത്തില്‍ അലിഞ്ഞുചേര്‍ന്നതിനു ശേഷം ആ പഴത്തിന്റെ അല്ലി തിന്നാല്‍ കാലപഴക്കമുള്ള ചുമ വിട്ടുമാറും. എത്ര പഴക്കം ചെന്ന ശ്വാസംമുട്ടും ഈ പ്രയോഗം കൊണ്ട് മാറുന്നതാണ്. മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദിക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും. ദിവസവും മാതളനാരങ്ങ ഒരെണ്ണം തിന്നാല്‍ ഉദരപ്പുണ്ണ് മാറുന്നതാണ്. മാതളത്തിന്റെ ഇലയും പൂവും മൊട്ടുകളും എല്ലാം സമം കൂട്ടി അരച്ച് 5 ഗ്രാം വീതം ആടലോടകത്തില നീരില്‍ ചേര്‍ത്ത് 2 നേരം കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രക്തംപോക്ക്, മൂലക്കുരുവിന്റെ രക്തംപോക്ക് എന്നിവയ്ക്ക് നല്ലഫലം ചെയ്യും. ഹീമോഫീലിയയ്ക്കും ഈ പ്രയോഗത്തിന്റെ ദീര്‍ഘകാല പ്രയോഗം നല്ലഫലം ചെയ്തു കാണാറുണ്ട് മുന്തിരിങ്ങ വിറ്റേസി (Vitaceae) സസ്യകുലത്തില്‍ പെട്ട മുന്തിരിയുടെ ഇംഗ്ലീഷ് നാമം ഗ്രൈപ്പ് വൈന്‍ (Grape vine)എന്നും സംസ്കൃതനാമം ദ്രാക്ഷാ എന്നുമാണ്. മധുരങ്ങളില്‍ രാജനും ഔഷധങ്ങളില്‍ ഉത്തമവുമാണ് മുന്തിരി. മുന്തിരി കണ്ണിന് ഹിതമാണ്. വാതം, രക്തക്കുറവ്, മദാത്യയ രോഗങ്ങള്‍, വായ്ക്കുള്ള കയ്പുരസം, ചുമ, പനി, ടി.ബി, തണ്ണീര്‍ദാഹം, ഏക്കം, ഒച്ചയടവ് എന്നിവയെ ശമിപ്പിക്കുകയും മലമൂത്രങ്ങളുടെ തടസ്സത്തെ നീക്കുകയും ശുക്ലത്തെ ഉദ്പാദിപ്പിക്കുകയും ചെയ്യും. കുട്ടികളിലുണ്ടാകുന്ന മലബന്ധത്തെ ഇല്ലാതാക്കുവാന്‍ ഒരു ടീസ്പൂണ്‍ വീതം മുന്തിരിങ്ങയുടെ നീര് കഴിക്കുന്നത് അതീവ ഫലപ്രദമാണ്. കുട്ടികള്‍ നല്ല ആരോഗ്യവും ഉന്മേഷവും സൗന്ദര്യവും നിറവും ഉള്ളവരായി വളരുവാന്‍ മുന്തിരിങ്ങാനീരിനൊപ്പം തേനും ചേര്‍ത്ത് ദിവസേന കൊടുത്താല്‍ മതി. ഈ പ്രയോഗം ഗര്‍ഭിണികള്‍ക്കും നല്ലതാണ്. മുന്തിരിങ്ങ തലേദിവസം വെള്ളത്തിലിട്ടുവെച്ച് പിറ്റേന്നെടുത്ത് പിഴിഞ്ഞെടുക്കുന്ന നീര് 3 ഔണ്‍സ് വീതം കഴിക്കുന്നത് ഹൃദ്രോഗത്തിന് നല്ലതാണ്. പ്രത്യേകിച്ച് അഞ്ചൈനാ പെക്ടോറിസ് ഉള്ള രോഗികളില്‍ ഇത് കൂടുതല്‍ ഗുണം ചെയ്യും. തലചുറ്റലും അപസ്മാരവും അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് ദിവസേന മൂന്ന് നേരം മുന്തിരിങ്ങനീര് കൊടുത്തുകൊണ്ടിരുന്നാല്‍ അല്പ ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിക്കും. മുന്തിരിമദ്യം (വൈന്‍) ദുര്‍മേദസ്സിനെ കുറയ്ക്കും. കഫശമനമാകുന്നു. വാതപിത്തങ്ങളെ അല്പമായി വര്‍ധിപ്പിക്കും. മനസ്സിനെ ഉന്മേഷമുള്ളതാക്കി തീര്‍ക്കും. ശോധനയുണ്ടാക്കുകയും രക്തക്കുറവ്, അര്‍ശസ് എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. എങ്കിലും നല്ലതാണെങ്കിലും ഈ വൈന്‍ എന്നും ഉപയോഗിക്കരുത്. പേരക്ക വിറ്റാമിന്‍ സി ധാരാളമടങ്ങിയ നല്ല സുഗന്ധവും സ്വാദുള്ളതുമായ ഒരു പഴമാണ് പേരക്ക. ഇംഗ്ലീഷില്‍ ഗ്വാവ(Guava) എന്ന പേരിലറിയപ്പെടുന്ന ഇത് മിര്‍ട്ടേസി (Myrtaceae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിനെ സംസ്കൃതത്തില്‍ അമൃതഫലം എന്ന് പറയുന്നു. പച്ച പേരക്ക സാധാരണയായി ദഹനത്തെ ഇല്ലാതാക്കും. പഴുത്ത പേരക്ക ശോധനയുണ്ടാക്കും. പഴുത്ത പേരക്ക തിന്നുമ്പോള്‍ തൊലികളയാതെ കഴിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മലബന്ധമുണ്ടാകും. ഊണിനുശേഷം ഒരു പേരക്ക ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. പേരക്ക രക്തവാതത്തിന് നല്ലതാണ്. അതുകൊണ്ട് രക്തവാതരോഗികളെ സംബന്ധിച്ചിടത്തോളം പേരക്ക ഒരു അമൃതഫലമാണ്. പേരക്ക കഴുകി ചതച്ച് ശുദ്ധജലത്തില്‍ ഇട്ടുവെച്ച് 12 മണിക്കൂറിനുശേഷം അരിച്ചെടുത്ത വെള്ളം പ്രമേഹരോഗികള്‍ക്ക് ദാഹശമനത്തിനും പ്രമേഹരോഗശമനത്തിനും നല്ലതാണ്. കൊക്കക്കുര ബാധിച്ചവര്‍ക്ക് ഒരു പേരക്ക ചൂടുള്ള മണലില്‍ വറുത്ത് ചൂടാറിയശേഷം 30 ദിവസം തുടര്‍ച്ചയായി കൊടുത്താല്‍ കൊക്കക്കുര സുഖപ്പെടും. പേരക്കമരത്തിന്റെ വേരിന്മേല് തൊലി നല്ല ചവര്പ്പുള്ളതായിരിക്കും. 25 ഗ്രാം തൊലി ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് ഒരു നാഴിയാക്കി ഉരി കഷായം വീതം പലവട്ടം കഴിച്ചാല്‍ കുട്ടികളുടെ അതിസാരത്തിന് നല്ല ഫലം കിട്ടും. ഈത്തപ്പഴം / കാരക്ക നല്ല മധുരമുള്ളതും തേനിന്റെ നിറത്തിലുള്ളതുമായ ഈത്തപ്പഴം ഡാക്ടിലിഫെറേ (Dactylifera)സസ്യകുലത്തില്‍ പെടുന്നു. ഇതിന് ഇംഗ്ലീഷില്‍ ഡയിറ്റ് (Date) എന്നും സംസ്കൃതത്തില്‍ ഖര്‍ജൂരം എന്നും പറയുന്നു. നല്ല മാംസളമായ പഴത്തെ ഈത്തപ്പഴം എന്നും ഉണക്കിയതിനെ കാരക്ക എന്നും അറിയപ്പെടുന്നു. ഏറ്റവും നല്ലതും പോഷകസമ്പുഷ്ടവുമാണ് ഈത്തപ്പഴം. ഈത്തപ്പഴം ഉണക്കിയതായാലും പഴുത്തതായാലും അതില്‍ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുസ്ലീംകളുടെ നോമ്പ് സമയത്ത് പകലന്തിയോളം അന്നപാനീയങ്ങള്‍ വര്ജ്ജിച്ചശേഷം സന്ധ്യയില്‍ വ്രതം മുടിയുമ്പോള്‍ കാരക്കയുടെ ഒരു കഷ്ണം ഭക്ഷിച്ചാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല. ഒരുപിടി കാരക്ക ആട്ടിന്‍പാലില്‍ തലേദിവസം രാത്രി ഇട്ടുവെച്ച് (കാരക്ക മൂടത്തക്കവണ്ണം) പിറ്റേദിവസം കാലത്ത് ആ പാലില്‍ അരച്ച് തേനും ഏലയ്ക്കാപൊടിയും ചേര്‍ത്ത് കഴിക്കുക. തമകശ്വാസം മാറുകയും ആരോഗ്യം സിദ്ധിക്കുകയും ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഈത്തപ്പഴം ദിവസേന കഴിച്ചാല്‍ വയറ്റിലുള്ള ശിശു ആരോഗ്യത്തോടും നല്ലനിറത്തോടും കൂടിയതായിത്തീരും. ഏഴ് കാരക്കയും പതിനാല് വേപ്പിലയും നാല് നെല്ലിക്കായും അല്പം മഞ്ഞള്‍ പൊടിയും കൂടി ആട്ടിന്‍പാലില്‍ അരച്ച് ഉരുട്ടി കാലത്ത് കഴിച്ചാല്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹരോഗിയായാലും പ്രമേഹമുക്തനാവും. കാരക്കക്കുരു പൊടിച്ച് നല്ലെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയും ചെന്നിക്കുത്തും മാറുന്നതാണ്. കാരക്ക കത്തിച്ച് അതില്‍നിന്നും ഉണ്ടാകുന്ന പുകയേല്പ്പിച്ചാല് മൂലക്കുരുവിന് നല്ല ആശ്വാസം ലഭിക്കും. ഇലവംഗം / കറുവാപ്പട്ട സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷില്‍ സിനമണ്‍(Cinnamon) എന്നും സംസ്കൃതത്തില്‍ തമാലപത്രം എന്നും പറയുന്നു. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സര്‍വ്വസാധാരണമായി കറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണമുള്ളതുമാണ്. ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന് കറുവാപ്പട്ടയ്ക്ക് കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് 15 മിനിട്ട് തിളപ്പിച്ച് ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനി മാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല് വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തു കാണാറുണ്ട്. ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു. അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കും വീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും. പല്ലുവേദനയ്ക്ക് കറപ്പത്തൈലം പഞ്ഞിയില്‍ മുക്കി പല്ലില്‍ വെച്ചാല്‍ മതി. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്. ജാതിക്ക , ജാതിപത്രി ജാതിക്കയുടെ പുറംതൊലിയാണ് ജാതിപത്രി. ജാതിഫലം എന്നും മാലതീഫലം എന്നും സംസ്കൃതത്തില്‍ അറിയപ്പെടുന്ന ജാതിക്കയ്ക്ക് ഇംഗ്ലീഷില്‍ നട്ട്മെഗ് (Nutmeg) എന്നാണ് പേര്. മിറിസ്റ്റിക്കേസി (Myristicaceae) സസ്യകുലത്തില്പെട്ടതാണിത്. ജാതിക്ക കയ്പുരസമുള്ളതാണ്. ഉഷ്ണവീര്യവും കഫവാതശമനവുമായ ഇത് അജീര്‍ണത്തെ മാറ്റും. വായനാറ്റം, കൃമി, ഛര്‍ദ്ദി, ഹൃദ്രോഗം,ധാതുക്ഷയം, നീര് എന്നിവക്ക് ഉപയോഗിക്കാവുന്നതാണ്. ജാതിപത്രി മധുരരസമുള്ളതും കഫഹരവും ഉഷ്ണവീര്യവുമാണ്. കാസം, ശ്വാസം, തൃഷ്ണ, വിഷം എന്നിവയ്ക്ക് ഗുണപ്രദമാണ്. ജാതിക്ക അതിയായ മാത്രയില്‍ കഴിച്ചാല്‍ ലഹരി ഉളവാക്കും. ഉത്തേജകവും ലഹരിപിടിപ്പിക്കുന്നതുമാണിത്. ശുക്ലവര്ധനക്കും നല്ലതാണ് ജാതിക്ക. വളരെ കൂടിയ മാത്രയില്‍ കഴിച്ചാല്‍ ഓക്കാനവും ഉറക്കമില്ലായ്മയും തലവേദനയും ഉണ്ടാകും. ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദിക്ക് ജാതിക്ക ഫലപ്രദമാണ്. ജാതിക്കയുടെ പൊടി ആപ്പിള്‍ നീരുമായോ വാഴപ്പഴവുമായോ ചേര്‍ത്ത് കഴിച്ചാല്‍ വയറുകടിക്ക് ആശ്വാസം കിട്ടും. രാത്രി മുഴുവനും ഒരു കാരണവുമില്ലാതെ കരയുന്ന കുട്ടികള്‍ക്ക് ജാതിപത്രി തേനില്‍ ചാലിച്ച് നാക്കില്‍ തേച്ചുകൊടുത്താല്‍ ഉടനെ ആശ്വാസമുണ്ടാകും. എന്നാല്‍ ഇത് പതിവായി കൊടുക്കാന്‍ പാടില്ല. അതിസാരം അധികമായി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ദേഹം വരണ്ട് പോയാല്‍ ജാതിക്ക കഷായം വെച്ച് ഇളനീര് വെള്ളത്തോടൊപ്പം കൊടുക്കുന്നത് നല്ലതാണ്. ജാതിമരത്തിന്റെ താഴത്ത് പതിവായിരുന്നാല് ദുര്‍മേദസ് കുറയുന്നതാണ് ഏലക്കായ സിഞ്ചിബെറേസി (Zingiberaceae) സസ്യകുടുംബത്തില്‍ പെട്ട ഏലക്കായയെ സംസകൃതത്തില്‍ ഏലാഎന്നും ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നും പറയുന്നു. ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകുവാന്‍ വേണ്ടി ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മസാലദ്രവ്യങ്ങളില്‍ ഏറ്റവും പ്രധാനമായത് ഏലക്കായയാണ്. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ഏലയ്ക്കാപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ഏലച്ചായ ഉന്മേഷവര്‍ധനവും രുചിയും മണവും ഉണ്ടാക്കുന്നു. ഈ ഏലച്ചായ കുടിച്ചാല്‍ പുകവലിയില്‍ നിന്നും മുക്തമാവാം എന്ന ഗുണവുമുണ്ട്. വയറിളക്കം, വയറുകടി എന്നിവയുള്ളവര്‍ക്കും മൂത്രക്കുറവനുഭവപ്പെടുന്നവര്‍ക്കും ഈ ഏലച്ചായ വളരെ ആശ്വാസം നല്‍കുന്നതാണ്. മൂത്രക്കല്ലുള്ള രോഗികള്‍ ഏലക്കായപ്പൊടി തവിഴാമകഷായത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കല്ല് പൊടിഞ്ഞ് പുറത്ത് പോകും. വായ്നാറ്റം മാറുന്നതിന് ഏലക്കായ ചവച്ചുതിന്നാല്‍ മതി. 15 മില്ലി തേനില്‍ 3 ഏലക്കായ പൊടിച്ച് ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാല്‍ കണ്ണിന്റെ കാഴ്ച വര്‍ദ്ധിക്കും. ഒപ്റ്റിക് നെര്‍വിന്റെ കുഴപ്പത്താലുണ്ടാകുന്ന ഗ്ലൂക്കോമയ്ക്ക് തുടര്‍ച്ചയായുള്ള ഈ ചികിത്സ അനിതരസാധാരണമായ ഫലം ഉളവാക്കും. 2 നുള്ള് ഏലക്കായ പൊടിച്ചത്. നാഴി പാലില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം മധുരത്തിന് തേനും ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാല്‍ ബുദ്ധിക്ക് നല്ല ഉണര്‍വ്വും ഓര്‍മ്മശക്തിയും ക്രമേണ സിദ്ധിക്കുന്നതാണ്. പ്രായമായവര്‍ക്കുണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്. ശീഘ്രസ്ഖലനത്തിന് ഈ പ്രയോഗം നൂറുശതമാനം ഫലപ്രദമാണ്. ഏലക്കായ അമിതമായി കഴിച്ചാല്‍ ധാതുശക്തി ക്ഷയമുണ്ടാകും. കൊളസ്ട്രോള്‍ വര്ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ നല്ല ഫലമുണ്ടാകും. ഏലക്കായ തൊലിയുള്‍പ്പെടെ പൊടിച്ച് 6 ഔണ്‍സ് വെള്ളത്തില്‍ 7 പുതിനയിലയും ചേര്‍ത്ത് തിളപ്പിച്ച് കഷായമാക്കി പലവട്ടം വലിച്ചു കുടിച്ചാല്‍ എക്കിട്ടം മാറുന്നതാണ്. ചായ തിയോസിയേ (Tiaceae) സസ്യകുടുംബത്തില്‍ പെട്ട ചായയ്ക്ക് ഇംഗ്ലീഷില്‍ ടീ (Tea) എന്നും സംസ്കൃതത്തില്‍ അത്ഭുതോന്മേഷം എന്നു പറയുന്നു. ചായയില്‍ പ്രകൃതിദത്തമായ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണ്. ചായ ക്ഷീണത്തെയും ആലസ്യത്തെയും മാറ്റി നവോന്മേഷം പ്രദാനം ചെയ്യും. ചായയില്‍ ഏഴു മുതല്‍ 24 ശതമാനംവരെ തിയോടാനിനും 5 ശതമാനംവരെ കഫീനും പലതരം തൈലങ്ങളുടെ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അമിതമായ ഉറക്കത്തെയും മൂത്രക്കുറവിനെയും അകറ്റാന്‍ ചായ ഉപകരിക്കും. ഉഷ്ണകാലത്ത് ചായയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ചൂടു പൊന്തല് ഇല്ലാതാകുന്നതും ശരീരത്തിന് ഉന്മേഷവും കുളിര്‍മ്മയും കിട്ടുന്നതുമാണ്. ചൂടുള്ള ചായവെള്ളത്തില്‍ പുണ്ണുകള്‍ കഴുകിയാല്‍ വേഗത്തില്‍ ഉണങ്ങും. ഹൃദ്രോഗികള്‍ ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ചായയിലടങ്ങിയ ടാനിന് വയറുകടിക്ക് കാരണമായ സൂക്ഷ്മാണുവിനെ നശിപ്പിക്കും. അതുകൊണ്ട് രക്താതിസാരം ചായയുടെ ഉപയോഗത്താല്‍ മാറും. അകാലനരയ്ക്ക് നല്ല കടും കട്ടന്‍ചായ കുറുക്കി കട്ടിയാക്കി പുരട്ടി ഒരു മണിക്കൂര്‍ തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ മതി. ചായ പരിധിവിട്ട് കഴിച്ചാല്‍ ശരീരത്തിലെ ഫ്ലൂവോറൈഡിനെ വര്‍ധിപ്പിക്കും. അത് 3-4 കൊല്ലം തുടര്‍ച്ചയായി തുടര്‍ന്നാല്‍ സന്ധിവേദന ഉണ്ടാകുവാന്‍ എളുപ്പമാണ് കാപ്പി റൂബിയേസി (Rubiaceae) സസ്യകുടുംബത്തില്‍ പെട്ട കാപ്പിക്ക് സംസ്കൃതത്തില്‍ പീലു എന്നും ഇംഗ്ലീഷില്കോഫി (Coffee) എന്നും പറയുന്നു. കാപ്പി ഒരു ഉത്തേജക പാനീയമാണ്. ഇതിന്റെ ഉത്തേജക സ്വഭാവത്തിന് കാരണം അതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ആല്‍ക്കലോയിഡാണ്. ഓരോതരം കാപ്പിയിലും കഫീന്റെ തോത് വ്യത്യസ്തമായിരിക്കും. റോബസ്റ്റാ കാപ്പിയിലാണ് ഏറ്റവും കൂടുതല്‍ കഫീന്‍ അടങ്ങിയിട്ടുള്ളത്. ശ്വാസംമുട്ട് ഉണ്ടാകുമ്പോള്‍ പാലൊഴിക്കാത്ത ചൂടുള്ള കാപ്പിയില്‍ സ്വല്പം എപ്സം സാള്‍ട്ട് ചേര്‍ത്ത് കഴിച്ചാല്‍ ഉടനെ ആശ്വാസം ലഭിക്കും. പുകവലി നിറുത്താന്‍ കാപ്പിയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ മതി. ചൂടുള്ള കാപ്പിയില്‍ വയമ്പ് അരച്ചത് ഒരു ഗ്രാം ചേര്‍ത്ത് കഴിച്ചാല്‍ ഭാഗവതര്‍മാര്‍ക്ക് ഉച്ചസ്ഥായിയില്‍ ശബ്ദം അടയാതിരിക്കുന്നതിന് നല്ലതാണ്. പാടാന്‍ തുടങ്ങുന്നതിന് അല്പം മുമ്പ് വയമ്പുകാപ്പി കുടിച്ചാല്‍ ശബ്ദമാധുര്യം ലഭിക്കും. മധുരമുള്ള കാപ്പി ഉറക്കക്കുറവിന് കാരണമാകും. എന്നാല്‍ പാല്കാപ്പി കഫീന്റെ ദോഷവശത്തെ ഇല്ലായ്മ ചെയ്യുന്നു. അതുകൊണ്ട് പാല് ചേര്‍ത്ത കാപ്പിയാണ് ഉത്തമം. കാപ്പി കുടിച്ചതിനുശേഷം പുകവലിക്കുന്നത് അത്ര നന്നല്ല. അതുപോലെ കാപ്പി അധികമായി കുടിച്ചാല്‍ അര്‍ബുദം, പ്രമേഹം തുടങ്ങിയ മാരക രോഗങ്ങള്‍ പിടികൂടും. പാല് പാല്, തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന വളരെ പ്രധാന ഭക്ഷ്യപദാര്‍ത്ഥങ്ങളാണ്. പാലിനും വെണ്ണയ്ക്കും തൈരിനും മോരിനുമെല്ലാം വ്യത്യസ്ത ഫലങ്ങളാണ്. ഇലയെല്ലാം ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രധാന ഔഷധങ്ങളാണ്. പാല് മധുരമുള്ളതും ആരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്. കൂടാതെ സപ്തവിധധാതുക്കള്‍ക്ക് ബലം നല്‍കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്. ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയും കഫവര്‍ധനവും ശീതവീര്യവുമാണ്. പച്ചപ്പാല് കഫത്തെ വര്‍ധിപ്പിക്കും. പാലില്‍ വെള്ളുളളി കിഴികെട്ടി ഇട്ട് കുറുക്കി കഴിച്ചാല്‍ ഉദരപ്പുണ്ണിന് നല്ലതാണ്. തിരുതാളി വേര് കിഴികെട്ടി പാലില്‍ വെള്ളംചേര്‍ത്ത് കുറുക്കി കഴിച്ചാല്‍ വന്ധ്യത മാറും. ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല് അതാത് ഔഷധങ്ങളുടെ ഗുണത്തെ വര്‍ധിപ്പിക്കും. അധികം വറ്റിച്ച് കുറുക്കിയ പാല് കൂടുതല്‍ ഗുരുത്വമുള്ളതാണ്. കറന്ന ഉടനെയുള്ള പാല് അമൃതിന് തുല്യമാണ്. തൈര് അമ്ലസ്വഭാവിയാണ് തൈര്. വിപാകരസം പുളിരസമാണ്. തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും. ശരീരബലത്തെ പുനര്‍ജനിപ്പിക്കും. മൂത്രം പോകാന്‍ വിഷമമുള്ള സന്ദര്‍ഭത്തില്‍ തൈര് കഴിച്ചാല്‍ നല്ലതാണ്. പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനം ഛര്‍ദ്ദിയും അതിസാരവുമാണ്. ഇതിനായി ദിവസേന ഓരോ ടീസ്പൂണ്‍ തൈര് പഞ്ചസാരയോ തേനോ ചേര്‍ത്ത് സാധാരണ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു തവണ കൊടുത്താല്‍ മാരകമായ ഈ രോഗം തടയാം. സര്വ്വസാധാരണമായുണ്ടാകുന്ന മറ്റൊരു വ്യാധിയായ അമീബിയാസിസിന്റെ തുടക്കത്തില്‍ തൈര് കഴിച്ചാല്‍ ഈ രോഗത്തിന്റെ ഉപദ്രവം ലഘൂകരിക്കുവാന്‍ കഴിയും. ഉഷ്ണകാലത്തെ മൂത്രച്ചൂട്, എരിച്ചില്‍, ദാഹം എന്നിവയ്ക്ക് തൈരും ചക്കരയും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. തൈരും ചക്കരയും കൂട്ടി കഴിക്കുന്നത് മൂലക്കുരുവിന് ഗുണം ചെയ്യുന്നതാണ്. പതിവായി തൈര് ഉപയോഗിച്ചാല്‍ ചെന്നിക്കുത്തിന് ആശ്വാസം ലഭിക്കും. ആന്റിബയോട്ടിക്കുകള്‍, സ്റ്റീറോയിഡുകള്‍, സള്‍ഫാ ഔഷധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതു മൂലമുള്ള ശാരീരിക വിഷമതകള്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. വട്ടച്ചൊറി, ചിരങ്ങ് എന്നിവയ്ക്ക് തൈരും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് പുരട്ടുന്നതുകൊണ്ട് ശമനം കിട്ടും. കോപ്പര്‍ വിഷത്തിന് തൈര് ഫലപ്രദമായ ഒരു പ്രത്യൗഷധമാണ്. ഛര്‍ദ്ദിയും വയറുവേദനയും ആരംഭിച്ചയുടനെ തൈര് നല്‍കേണ്ടതാണ്. സര്‍പ്പവിഷത്തിനും തൈര് ഫലപ്രദമാണ്. അല്പം കുരുമുളക് പൊടി ചേര്‍ത്താണ് കഴിക്കേണ്ടത്. ഇറച്ചി തൈര് ചേര്‍ത്ത് വേവിച്ചാല്‍ സ്വാദ് കൂടുകയും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ്. തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്. അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്. വസന്തം, ശരത്, ഉഷ്ണം എന്നീ കാലങ്ങളില്‍ തൈര് ഉപയോഗിക്കരുത്. ചെറുപയറിന്‍പരിപ്പ് ഇല്ലാതെയും തേന്‍ കൂടാതെയും പഞ്ചസാര ചേര്‍ക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്. മന്ദമായ തൈരും ഉപയോഗിക്കരുത്. പാലെന്നും തൈരെന്നും പറയാന്‍ പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത് മോര് എളുപ്പം ദഹിക്കുന്നതാണ് മോര്. ചവര്‍പ്പുരസവും പുളിരസവുമുള്ളതാണ്. ലഘുഭക്ഷണമായ മോര് ഭൂരിഭാഗം രോഗങ്ങള്‍ക്കും പഥ്യാഹാരമാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, അര്‍ശസ്, ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് സുഖം നല്കം. ഗുല്മം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകള്‍, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും. തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്. വയറിളക്കം, സ്രോതോശുദ്ധി, വയര്‍ വീര്‍ത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും. പഴകിയ അമീബിയാസിസിന് മഞ്ഞള്‍ ചേര്‍ത്ത് തിളപ്പിച്ച മോര് ഫലപ്രദമാണ് മോര് നിത്യേന കഴിച്ചാല്‍ മൂലക്കുരു നിശേഷം മാറും. കോഴിയിറച്ചി അരമണിക്കൂര്‍ നേരം മോരില്‍ ഇട്ടുവെച്ചാല്‍ അതിന്റെ ദുര്‍വാസന നീങ്ങുന്നതും എളുപ്പത്തില്‍ വേവുന്നതുമാണ്. മോര് അഷ്ടചൂര്‍ണം ഇട്ട് തിളപ്പിച്ച് കുറുക്കി കഴിച്ചാല്‍ സ്ഥൂലാന്ത്രപാകം മാറുന്നതാണ്. വെണ്ണ പുതിയ വെണ്ണ ശീതമാണ്. നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വര്‍ധിപ്പിക്കും. മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അര്‍ശസ്, അര്‍ദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതാണ് വെണ്ണ. കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും വളരെ ഗുണപ്രദമാണ്. ജരയെ മാറ്റുകയും ശരീര മാര്‍ദ്ദവമുണ്ടാക്കുകയും ചെയ്യും. രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയും ചെയ്യും. രാത്രി കിടക്കുമ്പോള്‍ എരുമവെണ്ണ കാല്‍വെള്ളയില്‍ പുരട്ടി കിടന്നാല്‍ നല്ല ഉറക്കം കിട്ടും. തലേദിവസം പശുവിന് വെണ്ണ ഉപ്പുവെള്ളത്തിലിട്ടുവെച്ച് പിറ്റേന്ന് രാവിലെ കഴിച്ചാല്‍ കാല് വിള്ളല്‍ മാറും. ഇലമുളച്ചിയുടെ ഇല (ഒരുതരം കള്ളിച്ചെടി) വെണ്ണയിലരച്ച് ഒറ്റക്കുരുവില് പുരട്ടിയാല്‍ താമസിയാതെ കുരു പൊട്ടുന്നതാണ്. നെയ്യ് നെയ്യിന്റ ഫലം അതിശയകരമാണ്. ബുദ്ധി, ഓര്‍മ്മശക്തി, ധാരണാശക്തി, അജീര്‍ണം, ബലം, ആയുസ്, ശുക്ലം, ദൃഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും. വാതപിത്തങ്ങള്‍, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും. സ്നേഹദ്രവ്യങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് പശുവിന് നെയ്യാണ്. യൗവ്വനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്. അപസ്മാരാദി മാനസിക രോഗങ്ങള്‍ക്കും കുറവ് വരുത്തും. നേത്രരോഗത്തിനും യോനീരോഗങ്ങള്‍ക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ നെയ്യ്, വെണ്ണ, പാല് എന്നിവ ഉപയോഗിച്ചാല്‍ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ്. തേന്‍ ഇംഗ്ലീഷില്‍ ഹണി എന്നും സംസ്കൃതത്തില്‍ മാക്ഷികം എന്നും അറിയപ്പെടുന്ന തേന്‍ മധുരദ്രവ്യങ്ങളില്‍ ഒന്നാമത്തേതാണ്. കൊഴുത്തതും വര്‍ണഭംഗിയാല്‍ മനോഹരമായതും നറുമണമുള്ളതും പളുങ്കുപോലെ തിളങ്ങുന്നതും നാവില്‍ വെച്ചാല്‍ ചെറിയതോതില്‍ തരിപ്പും ഉണ്ടാകുന്നതുമായിരിക്കും തേന്‍. ഓരോ വര്‍ഷവും വിവിധ ഋതുക്കളില്‍ ശേഖരിക്കപ്പെടുന്ന തേനിന് പ്രത്യേക ഗുണമുണ്ട്. തേനില്‍ ഏറ്റവുമധികം ഫലസിദ്ധിയുള്ളത് ചെറുനാരകത്തിന്റെ തേനിനാണ്. ഓറഞ്ചും കാപ്പിയും പുഷ്പിക്കുന്ന കാലം വയനാട്ടിലും കുടകിലും ശേഖരിക്കുന്ന തേനിന് ഫലസിദ്ധി അത്ഭുതാവഹമാണ്. ഹിമാലയസാനുക്കളില്‍ നിന്നും ശേഖരിക്കുന്ന തേന്‍ അല്പം നിറംകുറവാണെങ്കിലും ഗുണത്തില്‍ മെച്ചപ്പെട്ടതാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പാലില്‍ തേന്‍ ചേര്‍ത്ത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇതുകൊണ്ട് വളര്‍ച്ചയും രോഗപ്രതിരോധശക്തിയും ലഭിക്കും. കുട്ടികള്‍ക്കെന്നപോലെ വൃദ്ധര്‍ക്കും തേന്‍ ഗുണകരമാണ്. ശരീരത്തില്‍ ഊര്ജ്ജസ്വലത കുറയുന്ന ഇക്കാലത്ത് തേന്‍ കഴിച്ചാല്‍ നവോന്മോഷം ലഭിക്കും. പഴകിയതും ശുദ്ധവുമായ തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ വീതം (15 മില്ലി) നിത്യേന കഴിച്ചാല്‍ അധികം തടിച്ചവരുടെ ശരീരം മെലിയുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ രാത്രി അമിതമായി മൂത്രമുണ്ടാകുന്നതിനെ തടയും. കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന രോഗത്തിനും ഈ ചികിത്സ ഫലപ്രദമാണ്. കായികാഭ്യാസികളും കളിക്കാരും ദിവസവും തേന്‍ കഴിക്കുന്നത് ക്ഷീണബാധ ഇല്ലാതിരിക്കുന്നതിനും വേഗത്തില്‍ കിതപ്പ് വരാതിരിക്കുന്നതിനും കാലില്‍ ഞരമ്പ് വലിയാതിരിക്കുന്നതിനും ഉപകരിക്കും. കിടക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ്സ് തണുത്ത വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ സുഖകരമായ നിദ്ര ലഭിക്കുന്നതാണ്. വായ് പുണ്ണുള്ളവര്‍ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കവിള് കൊണ്ടാല്‍ മതി. വയറുവേദനയ്ക് തേനില്‍ ചുണ്ണാമ്പ് ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടും. തീപൊള്ളലിന് തേന്‍ പുരട്ടിയാല്‍ പോള വരാതിരിക്കും. വ്രണങ്ങള്‍, മുറിവുകള്‍, ചുണങ്ങുകള്‍ എന്നിവകളിലും തേന്‍ പുരട്ടിയാല്‍ ആശ്വാസം കിട്ടും. വയറുവേദനയ്ക്ക് തേനില്‍ ചുണ്ണാമ്പു ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ വേദന കുറയും. തലവേദനയ്ക്ക് ചെന്നിയില്‍ പുരട്ടാവുന്നതാണിത്. വസൂരിക്കലയില്‍ തേന്‍ പുരട്ടിയാല്‍ കാലക്രമേണ കുറയുന്നതാണ്. ചൂടുള്ള ബാര്‍ലി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയില്‍ മയവും ആശ്വാസവും കിട്ടും. ചുമയെയും ജലദോഷത്തെയും സുഖപ്പെടുത്തും. തൊണ്ടയിലെ കഫക്കെട്ടും കുറയുന്നതാണ്. തുളസിയില നീരില്‍ തേന്‍ ചേര്‍ത്ത് കൊടുത്താലും ഇതേ ഫലം കിട്ടും. മുഖത്ത് തേന്‍ പുരട്ടി കുറെനേരം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ ചര്‍മസൗന്ദര്യം വര്‍ധിക്കുന്നതാണ്. കരിയില്‍ തേന്‍ ചേര്‍ത്ത് പല്ലുതേച്ചാല്‍ പല്ല് വെളുക്കും. കയ്യില്‍ ഗ്രീസ് മുതലായ മെഴുക്കു പറ്റിയാല്‍ തേന്‍ പുരട്ടിയാല്‍ വേഗം ശുദ്ധിയാകും. കശുവണ്ടി സംസ്കൃതത്തില്‍ ശോഫഹര എന്നും ഇംഗ്ലീഷില്‍ കാഷ്യൂനട്ട് (Cashewnut) എന്നും വിളിക്കുന്ന ഇത് അനാക്കാര്‍ഡിയേസി (Anacardiaceae) സസ്യകുലത്തില്‍ പെടുന്നു. ബദാംപരിപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് കശുവണ്ടി. ദിവസവും 10 അണ്ടിപ്പരിപ്പ് തിന്നാല്‍ ആരോഗ്യം സിദ്ധിക്കുകയും രക്താതിസമ്മര്‍ദ്ദം കൊണ്ട് ഉണ്ടാകുന്ന വൈഷമ്യം തീരുന്നതുമാണ്. അണ്ടിപ്പരിപ്പും തിപ്പലിയും സമം കൂട്ടിപൊടിച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പൗരുഷഗ്രന്ഥിവീക്കം കുറയും. അണ്ടിപ്പരിപ്പ് 5 എണ്ണം പൊടിച്ചതും അമുക്കുരം പൊടിച്ചത് ഒരു ടേബിള്‍ സ്പൂണും ചേര്‍ത്ത് വെണ്ണയില്‍ യോജിപ്പിച്ച് രാത്രി ദിവസവും കഴിച്ചാല്‍ ഗര്‍ഭാശയ മുഴകൊണ്ട് ഗര്‍ഭാശയം ശാസ്ത്രക്രിയ ചെയ്ത് നീക്കേണ്ട കാര്യം ഉണ്ടാകുവാനുളള സാധ്യത കുറവാണ്. ഇത് ലൈംഗികശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. സോറിയാസിസിന് പറങ്കിമാങ്ങയുടെ നീര് പുരട്ടിയാല്‍ നല്ലതാണ്. പറങ്കിമാങ്ങയുടെ രസം കഴിക്കുന്നതുകൊണ്ട് അതിസാരം നില്ക്കും. ശരീരത്തില്‍ നീരുവന്ന് വീര്ത്തവര്ക്കും ഇത് നല്ലതാണ്. കശുമാവിന്റെ തൊലി അരിക്കാടിയില്‍ അരച്ച് നീരുള്ളിടത്ത് നല്ല കട്ടിയില്‍ പുരട്ടിയാല്‍ നീര് മാറുന്നതാണ്. രക്തവാതസംബന്ധമായ സന്ധിനീരിനും ഇത് നല്ലതാണ്. അണ്ടിത്തോടില്‍ നിന്നെടുക്കുന്ന എണ്ണ അകത്തേക്ക് കഴിക്കുവാന്‍ പറ്റില്ല. കാല് വിള്ളുന്നതിന് പുറമെ പുരട്ടാവുന്നതാണ്. ഇത് കന്നുകാലികളുടെ കുളമ്പുകേടിന് പുറമെ പുരട്ടിയാല്‍ നല്ല ഫലം കിട്ടും. കശുമാങ്ങയുടെ നീരില്‍ നിന്നും വൈന്പോലുളള മദ്യം ഉത്പാദിപ്പിക്കാം. അണ്ടിപ്പരിപ്പില്‍ നിന്നും എടുക്കുന്ന എണ്ണ ഒലീവ് എണ്ണ പോലെയാണ്. ശരീരത്തില്‍ ഉളുക്ക് തട്ടിയാല്‍ പുരട്ടുന്നതിന് ഈ എണ്ണ നല്ലതാണ്. കൂടാതെ പോഷകപ്രദവുമായ ഇത് ഉള്ളില്‍ കഴിക്കാവുന്നതാണ്. അയഡിന്‍ പകരം പുറമെ പുരട്ടാവുന്ന ഈ എണ്ണ വിഷഹരവുമാണ്. കശുമാവിലെ ഇത്തിക്കണ്ണി ചുട്ടെടുത്ത ഭസ്മം ഒരൗണ്‍സില്‍ 6 ഔണ്‍സ് തിളപ്പിച്ച വെള്ളമൊഴിച്ച് ഇളക്കി ഊറിയാല് ആ വെള്ളം വാര്‍ത്ത് തിപ്പലിപ്പൊടി ഒരു ടീസ്പൂണ്‍ ചേര്‍ത്ത് 3 ഔണ്‍സ് വീതം 2 നേരം കഴിച്ചാല്‍ പ്രമേഹം ശമിക്കും. നിലക്കടല ഗ്രൗണ്ട് നട്ട് (Ground nut) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന കടലയുടെ സംസ്കൃതനാമം ഭ്രൂചണകംഎന്നാണ്. പാപ്പിലോണേസി (Pappilionaceae) സസ്യകുലത്തില്‍ പെട്ടതാണ് നിലക്കടല. പോഷക പദാര്‍ത്ഥങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാന്‍ ഏറ്റവും പറ്റിയ ഒരാഹാരപദാര്ത്ഥമാണ് നിലക്കടല. 13 തരത്തിലുള്ള നിലക്കടലയിനങ്ങളുണ്ട്. പ്രോട്ടീനാല്‍ സമ്പന്നമാണ് നിലക്കടല. ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ പ്രധാന ഘടകങ്ങളായ വിറ്റാമിന്‍ ബി1, ബി2, നിക്കോടിനിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. നിലക്കടല വറുത്തോ പച്ചയായോ കഴിക്കാം നെയ്യില്‍ വറുത്തെടുത്താല്‍ നല്ല രുചിയുണ്ടാകുന്നതാണ്. നിലക്കടലയുടെ എണ്ണ ഭക്ഷണാവശ്യത്തിനും വിളക്കു കത്തിക്കാനും ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ നിലക്കടലയെണ്ണ ബദാമിന്റെ എണ്ണയ്ക്കും ഒലീവ് എണ്ണയ്ക്കും പകരമായി ഉപയോഗിക്കുന്നു. സോപ്പുനിര്മ്മാണത്തിനുവേണ്ടിയും ഉപയോഗിക്കുന്നു. നിലക്കടലയെണ്ണ കൊളസ്ട്രോളിനെ വര്‍ധിപ്പിക്കുകയില്ല. അതിനാല്‍ ഹൃദ്രോഗികള്‍ക്കും ഒരു പരിധിവരെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ എണ്ണ ഊറ്റിയെടുത്ത് ശേഷിക്കുന്ന കടലപ്പിണ്ണാക്ക് കന്നുകാലികള്‍ക്ക് വളരെ നല്ലതാണ്. കരിമ്പ്, നെല്ല്, തെങ്ങ് എന്നിവയ്ക്ക് കടലപ്പിണ്ണാക്ക് നല്ലൊരു ജൈവവളമാണ്. നിലക്കടലപ്പൊടിയും ഗോതമ്പ് പൊടിയും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന റൊട്ടി പ്രമേഹരോഗികള്‍ക്ക് ഏറ്റവും ഗുണകരമാണ്. നിലക്കടല വറുത്ത് പൊടിച്ചു വെള്ളത്തില്‍ തിളപ്പിച്ച് പഞ്ചസാരയും ചേര്‍ത്ത് നല്ല രുചിയുള്ള പാനീയം ഉണ്ടാക്കാം. ഇത് ചായക്കുപകരം കഴിക്കാവുന്നതാണ്. ഇതില്‍ പ്രത്യേകം പാല് ചേര്‍ക്കേണ്ടതില്ല. നല്ല നിലക്കടല നേരിയതോതില്‍ വറുത്തെടുത്ത് തോടും ചുകന്നതൊലിയും മാറ്റി ശുചിയാക്കിയ കടല ഒരു റാത്തല് (500 ഗ്രാം) എടുത്ത് വെള്ളത്തില്‍ 3 മണിക്കൂര്‍ നേരം കുതിര്‍ത്ത് വെച്ചതിനുശേഷം അരച്ച് മാവുപോലെയാക്കിയതില് 15 കപ്പ് ശുദ്ധജലവും അരക്കപ്പ് ചുണ്ണാമ്പ് ഊറ്റിയ തെളിവെള്ളവും ചേര്‍ത്ത് കലക്കിയതും, വേറെ കുറച്ചു വെള്ളത്തില്‍ കാല് ടീസ്പൂണ്‍ സോഡിയം ബൈ കാര്‍ബണേറ്റ് അലിയിപ്പിച്ച് അതുംകൂടി ചേര്‍ക്കുക. ഈ ദ്രവപദാര്ത്ഥത്തെ തുണിയിലരിച്ചെടുത്ത ശേഷം 5 മിനിട്ടു നേരം തിളപ്പിച്ചെടുക്കുന്നതാണ് നിലക്കടല പാല്. ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് 6 മാസം കഴിഞ്ഞ കുട്ടികള്‍ക്ക് ഈ പാല് സാധാരണ പാല് പോലെ ഉപയോഗിക്കാവുന്നതാണ്. പാലിനേക്കാള്‍ ഇരുമ്പുസത്ത് ഇതിലടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എയും ഡിയും ലഭിക്കുവാന്‍ ഓരോ ടീസ്പൂണ്‍ മീനെണ്ണയും കഴിക്കാം കടല പാപ്പിലിയോണേസി (Papilionaceae) സസ്യുകുടുംബത്തില്‍ പെട്ട കടലയ്ക്ക് ഇംഗ്ലീഷില്‍ ബംഗാള്‍ ഗ്രാം(Bengal gram) എന്നും സംസ്കൃതത്തില്‍ കളായം എന്നും പറയുന്നു. കടല നാലു തരത്തില്‍ കാണുന്നു. കറുപ്പ്, ഇളംചുവപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ. കടലപ്പൊടി പൊക്കാവട, മുറുക്ക് മുതലായ പലവിധ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കടലപ്പരിപ്പ് കറിക്കും പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം കൂടാതെ പരിപ്പ് പ്രഥമന്‍ ഉണ്ടാക്കുന്നതുപോലെ കടലകൊണ്ട് പ്രഥമന്‍ ഉണ്ടാക്കാം. തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത 20 ഗ്രാം കടല പിറ്റേന്ന് രാവിലെ അരച്ച് സ്വല്പം പാലും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ ഏതു തടിക്കാത്തവരും തടിക്കും. 3 ടീസ്പൂണ്‍ കടല പൊടിച്ചതും 2 ടീസ്പൂണ്‍ കാരക്ക പൊടിച്ചതും സ്വല്പം കല്‍ക്കണ്ടം പൊടിച്ചതും പാല്പൊടിയും ചേര്‍ത്ത് നല്ലവണ്ണം മിക്സാക്കി രാത്രി കിടക്കാന്‍ നേരത്ത് ദിവസേന കഴിക്കുന്നത് ശീഘ്രസ്ഖലത്തെയും ധാതുക്ഷയത്തെയും ശമിപ്പിക്കുകയും തൂക്കം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് സ്ത്രീകളുടെ സ്തനവളര്‍ച്ചക്കും നല്ലതാണ്. കടല ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍ ഗര്‍ഭസ്ഥശിശു മന്ദബുദ്ധിയായിത്തീരുന്നതിന് ഇടവരും. വാതരോഗികള്‍ക്കും കടല നല്ലതല്ല. കടല അമിതമായി ഉപയോഗിച്ചാല്‍ ദഹനക്കേട് വരുകയും മൂത്രക്കല്ല് ഉണ്ടാകുവാനും സാധ്യതയുണ്ട്. കാരണം കടലയില്‍ ക്ലോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശ്വാസനാളസംബന്ധമായ നീരിളക്കം, ജലദോഷം, ശ്വാസംമുട്ട്, തുമ്മല്‍ എന്നിവകൊണ്ട് കഷ്ടപ്പെടുന്നവര്‍ 20 ഗ്രാം കടല വറുത്ത് രാത്രി കിടക്കുവാന് നേരത്ത് തിന്നതിനുമീതെ ഒരു ഗ്ലാസ്സ് പാല് കുറുക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. കടലപ്പൊടിയും ഗോതമ്പുപൊടിയും സമംകൂട്ടി വെള്ളം ചേര്‍ത്ത് കുറുക്കി പശപോലെയാക്കി ശീലയില്‍ കട്ടിയില്‍ പുരട്ടി കുരുവില്‍ വെച്ച് കെട്ടിയാല്‍ കുരു പൊട്ടുന്നതാണ്. കടലപ്പൊടി തേച്ച് തല കഴുകിയാല്‍ അഴുക്കുകള്‍ നീങ്ങി ശുദ്ധിയാവുകയും മുടിക്ക് മിനുസം ഉണ്ടാവുകയും മുടി ഇടതൂര്‍ന്ന് വളരുകയും ചെയ്യും. കടല മുളപ്പിച്ച് പശുക്കള്‍ക്ക് കൊടുത്താല്‍ പുളയ്ക്കാത്ത പശുക്കള്‍ പുളയ്ക്കും. ആടുകളെയും കോഴികളെയും പന്നികളെയും തടിപ്പിക്കുന്നതിന് അവയുടെ ഭക്ഷണസാധനങ്ങളില്‍ കടല ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുതിര കുതിരയുടെ ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ഹോഴ്സ് ഗ്രാം (Horse gram)എന്നും സംസ്കൃതത്തില്‍ കുലത്ഥഃ എന്നും അറിയപ്പെടുന്നു. പാപ്പിലിയോണേസി (Papilionaceae)കുലത്തില്‍ പെട്ടതാണ് മുതിര. മുതിര ഉഷ്ണമാണ്. ദഹനരസം പുളിപ്പാണിതിന്. രക്തപിത്തത്തെ വര്‍ധിപ്പിക്കുകയും വിയര്‍പ്പിനെ കുറയ്ക്കുകയും കഫം, വാതം എന്നിവയെ ശമിപ്പിക്കുകയും ചെയ്യും. മലബന്ധം ഉണ്ടാക്കുകയും മൂത്രത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. പീനസം, അര്‍ശസ്, കാസം, ചുമ എന്നിവക്ക് ഗുണകരമാണ്. മൂത്രക്കല്ല്, വയറുവീര്‍പ്പ്, പ്രമേഹം എന്നീ രോഗികള്‍ക്ക് വളരെ ഹിതമായ ഭക്ഷണപദാര്‍ത്ഥമാണ് മുതിര. തടിച്ചവര്‍ മെലിയുന്നതിന് നല്ലതാണ്. മുതിര കഴിച്ചാല്‍ ആരോഗ്യമുണ്ടാവുകയും ക്ഷീണമില്ലാതാവുകയും ചെയ്യും. പ്രസവിച്ച സ്ത്രീകള്‍ക്ക് ഗര്‍ഭാശയശുദ്ധിക്കുവേണ്ടി കൊടുക്കുന്ന ഔഷധങ്ങളില്‍ പ്രഥമഗണനീയമാണ് മുതിര. ഇത് കഷായം വെച്ച് കഴിക്കുകയാണ് പതിവ്. മുതിരകഷായം സ്ത്രീകളുടെ വെള്ളപോക്കിനും നല്ലതാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് കുറുക്കി നാഴിയാക്കിയെടുത്ത കഷായം 2 നേരം കഴിക്കുകയാണ് വേണ്ടത്. മുതിര വറുത്ത് പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിരകഷായത്തില്‍ മുക്കി കിഴിവെച്ചാല്‍ കയ്യിന് സ്വാധീനം കുറയല്‍, കൈകാലുകളുടെ വേദന, നീര്, കടച്ചല് എന്നിവ ശമിക്കും. മുതിരപ്പൊടി വാതരോഗികള്‍ക്ക് ഉദ്വര്‍ത്തനത്തിന് നല്ലതാണ്. ഇത് വിയര്‍പ്പിനെ ഇല്ലാതാക്കും. 60 ഗ്രാം മുതിര കഷായം വെച്ച് 6 ഔണ്‍സ് നല്ലെണ്ണ ചേര്‍ത്ത് കാച്ചിയെടുക്കുന്ന തൈലം വാതത്തിനും തണുപ്പിനും തരിപ്പിനും പുറമെ പുരട്ടിയാല്‍ നല്ല ഫലം കിട്ടും. മുതിരകഷായമുണ്ടാക്കി അതില്‍ സ്വല്പം മല്ലിയും ജീരകവും വെള്ളുള്ളിയും കടുകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്ത് ആ കഷായം വറവിലൊഴിച്ച് കഴിച്ചാല്‍ രക്താര്ബുദത്തിലുണ്ടാകുന്ന പ്ലീഹാവീക്കവും മഞ്ഞപ്പിത്തവും മാറുന്നതാണ്. 2 ഔണ്‍സ് മുതിരകഷായത്തില്‍ സമം മുള്ളങ്കിനീര് ചേര്‍ത്ത് കഴിച്ചാല്‍ മൂത്രക്കല്ല് പൊടിഞ്ഞുപോകുകയും വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനെ തടയുകയും ചെയ്യും. അര്ശോരോഗികള്ക്ക് മുതിര നല്ല ആഹാരമാണ്. ബീഡിവലിക്കാര്ക്കുണ്ടാകുന്ന ടി.എ.ഒ. എന്ന മഹാരോഗത്തിന് മുതിര കഷായം കഴിക്കുന്നത് വളരെ ഫലം ചെയ്യുന്ന ചികിത്സാരീതിയാണ്. മുതിരയും പാലും വിരുദ്ധാഹാരമാണ്. ഉഴുന്ന് ലെഗുമിനസി (Leguminosae) സസ്യകുടുംബത്തില്‍ പെട്ട ഉഴുന്നിന്റെ സംസ്കൃതനാമം മാഷം എന്നാണ്. ഇതിനെ ഇംഗ്ലീഷില്‍ ബ്ലാക്ക് ഗ്രാം (Black gram) എന്നും പറയുന്നു. അഗ്നിമാന്ദ്യം തീര്‍ക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ്. ഉഴുന്നു കൊണ്ടുള്ള ഏതു ഭക്ഷ്യവസ്തുക്കളും ക്ഷീണശരീരികള്ക്ക് ഉത്തമാഹാരമാണ്. ഉഴുന്ന് ബലത്തെയും കഫത്തെയും മലത്തെയും ഉണ്ടാക്കുന്നു. പിത്തം വര്‍ദ്ധിപ്പിക്കുകയും വിരേചനത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. വാതത്തെ ശമിപ്പിക്കുകയും ശുക്ലത്തെ വര്‍ധിപ്പിക്കുന്നതുമാണ്. വായുകോപത്തെ ഉണ്ടാക്കുന്നതിനാല്‍ അല്പം കായം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാകും. പ്രമേഹരോഗികള്‍ക്ക് രാത്രി ഭക്ഷണത്തിന് ഉഴുന്നുകൊണ്ടുള്ള ഇഢലി നല്ലതാണ്. അധികം പുളിപ്പിക്കാത്ത മാവാണ് ഉപയോഗിക്കേണ്ടത്. ഞരമ്പുരോഗങ്ങള്‍, വയറുകടി, പക്ഷവാതം, മൂലക്കുരു, രക്തവാതം, അതിസാരം എന്നിവയില്‍ ഉഴുന്ന് ഫലപ്രദമാണ്. ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഉഴുന്ന് വറുത്ത് ഭക്ഷിക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ്. ഉഴുന്നിന് വേര് കഷായം വെച്ച് കഴിക്കുന്നത് എല്ലുവേദനക്ക് ഫലപ്രദമാണ്. ഉഴുന്നിന് പരിപ്പ് നിലപ്പനക്കിഴങ്ങ്, നായ്ക്കുരണപ്പരിപ്പ്, ഞെരിഞ്ഞില്‍, വയല്‍ച്ചുള്ളിയരി, ബദാംപരിപ്പ് എന്നിവ സമമായി എടുത്തുപൊടിച്ച പൊടിയും എള്ള് അരച്ചതും നെയ്യും ശതാവരിക്കിഴങ്ങിന്റെ നീരില്‍ കല്ക്കണ്ടത്തിനോട് ഒപ്പം ചേര്‍ത്ത് ലേഹ്യമാക്കി ആറിയശേഷം കൂവപ്പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ശുക്ലം വര്‍ധിക്കുകയും ധാതുപുഷ്ടിയും ലൈംഗികശക്തിയും വര്‍ധിക്കും. ഉഴുന്ന് കഷായം വെച്ച് ഇരട്ടിമധുരം അരച്ച് കലക്കി എണ്ണകാച്ചി തേയ്ക്കുകയും രാത്രി നെയ്യില്‍ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് മീതെ പാല് കഴിക്കുകയും ചെയ്താല്‍ തലവേദന എത്ര പഴകിയതായാലും ശമിക്കുന്നതാണ്. ഉഴുന്നു പൊടികൊണ്ട് പുകവലിച്ചാല്‍ ഇക്കിള് പെട്ടെന്നു കുറയുന്നതാണ്. 60 ഗ്രാം ഉഴുന്ന് കിഴികെട്ടി ഉരി പാലില്‍ 2 നാഴി വെള്ളം ചേര്‍ത്ത് കിഴി അതിലിട്ട് കുറുക്കി പാലളവായാല്‍ കിഴി പിഴിഞ്ഞ് പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ നല്ല ഉറക്കം കിട്ടും. എരുമപ്പാലാണെങ്കില്‍ കൂടുതല്‍ ഫലം കിട്ടും. ഉഴുന്ന്, ഇരട്ടിമധുരം, പാല്‍മുതുക്കിന്‍ക്കിഴങ്ങ് ഇവ ശീലപ്പൊടിയാക്കി പഞ്ചസാര ചേര്‍ത്ത് തേനില്‍ കുഴച്ച് അതിരാവിലെ വെറും വയറ്റില്‍ കഴിച്ചതിന് ശേഷം പാല് കുടിച്ചാല്‍ അസ്ഥിസ്രാവം ശമിക്കും. ഉഴുന്ന്, നായ്ക്കുരണവേര്, വെളുത്ത ആവണക്കിന്വേര് ഇവ കൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേര്‍ത്തു കഴിച്ചാല്‍ പക്ഷാഘാതത്തിന് ആശ്വാസം കിട്ടും. ഉലുവ ഫെനുഗ്രീക്ക് (Fenugreek) എന്ന് ഇംഗ്ലീഷിലും മേഥിക എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന ഉലുവപാപ്പിലിയോണേസി (Papilionaceae) സസ്യകുലത്തില്‍ പെട്ടതാണ്. ഉലുവ പോഷകാംശം നിറഞ്ഞതാണ്. ഇതില്‍ അടങ്ങിയ ക്ഷാരകല്പങ്ങള് കോഡ് ലിവര്‍ ഓയിലിന്റെ ക്ഷാരകല്പങ്ങള്ക്ക് സമമാണ്. മീനെണ്ണ കഴിക്കുന്നതിന് പകരം ഉലുവ കഴിച്ചാലും ഫലസിദ്ധി കിട്ടും. തിക്തരസവും ഉഷ്ണവീര്യവുമാണ് ഉലുവ. വാതകഫഹരമായ ഉലുവ ദഹനത്തെ ഉണ്ടാക്കുകയും വിശപ്പിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹത്തില്‍ ഉലുവ ചെയ്യുന്ന ഫലം അതിശയകരമാണ്. തലേദിവസം 30 ഗ്രാം ഉലുവ വെള്ളത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം ആ വെള്ളത്തില്‍ തന്നെ അരച്ച് കാലത്ത് കഴിക്കുകയാണെങ്കില്‍ പ്രമേഹം കുറയും. ഉലുവയും അരിയും സമം ചേര്‍ത്ത് കഞ്ഞിവെച്ച് കഴിച്ചാല്‍ പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കും. ഉലുവയിട്ട പാല്കഞ്ഞിയാണെങ്കില് കൂടുതല്‍ ഫലപ്രദമായിരിക്കും, ആരോഗ്യവും ശരീരസൗന്ദര്യവും വര്‍ധിക്കുകയും ചെയ്യും. ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ പിഴിഞ്ഞെടുത്ത സത്ത് കുടിച്ചാല്‍ ശരീരം തടിക്കുന്നതിനും സ്ത്രീകള്‍ക്ക് സ്തനവളര്‍ച്ചക്കും നല്ലതാണ്. തണുപ്പുള്ള കാലങ്ങളില്‍ ഉലുവക്കഞ്ഞി കഴിക്കുകയും ധന്വന്തരം തൈലം പുരട്ടി കുളിക്കുകയും ചെയ്താല്‍ ശരീരത്തിന് ഓജസ്സു ലഭിക്കും. ശരീരകാന്തിക്ക് ഉലുവ പാലില്‍ അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്. ഉലുവ പാലില്‍ പുഴുങ്ങിയോ കഷായം വെച്ചോ അതില്‍ ആവശ്യാനുസരണം പഞ്ചസാരയോ കല്ക്കണ്ടമോ ചേര്‍ത്ത് കഴിച്ചാല്‍ ധാതുപുഷ്ടി ഉണ്ടാകുകയും ലൈംഗികശക്തി വര്‍ധിക്കുകയും ചെയ്യും. ഉലുവ വറുത്ത് പൊടിച്ചതും സമം ഗോതമ്പ് വറുത്ത് പൊടിച്ചതും ചേര്‍ത്ത് കഞ്ഞിയാക്കി പ്രത്യേകിച്ചും പാല്‍കഞ്ഞിയാക്കി ദിവസേന കുടിച്ചാല്‍ ശരീരശക്തിക്ക് നല്ലതാണ്. പ്രായമായവര്‍ക്ക് പ്രായക്കൂടുതല്‍ തോന്നുകയില്ല. പ്രസവിച്ച സ്ത്രീകള്‍ കഴിച്ചാല്‍ പ്രസവം തോറും സൗന്ദര്യം വര്‍ധിക്കുകയും സ്തനസൗന്ദര്യം ഉണ്ടാവുകയും ചെയ്യും. ഉലുവ തലയില്‍ തേച്ചാല്‍ മുടിവളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. കൊത്തമല്ലി കൊത്തമ്പാലരി എന്ന പേരിലും അറിയപ്പെടുന്ന ഇത് അംബലിഫെറേ (Umbelifereae)സസ്യകുടുംബത്തില്‍ പെട്ടതാണ്. കോറിയാന്‍ഡര്‍ സീഡ് (Coriander seed) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തില്‍ ധാനകാ എന്നാണ് പേര്. കറിക്കൂട്ടുകളില്‍ പ്രധാനമായ ഇത് പലഗുണങ്ങളും അടങ്ങിയതാണ്. തൊണ്ടവേദന, നീരുവീഴ്ച, ഒച്ചയടപ്പ് എന്നിവയ്ക്ക് കൊത്തമ്പാലരികൊണ്ടുള്ള കഷായം വളരെ ഫലംചെയ്യും. പുളിച്ചു തികട്ടല്‍, വയറുകടി, സന്ധിവാതം എന്നീ രോഗങ്ങള്‍ക്ക് കൊത്തമല്ലിയുടെ എണ്ണ ഒരു വിശിഷ്ട ഔഷധമാണ്. ഓരോ ടീസ്പൂണ്‍ വീതം 2 നേരം കഷായത്തിലോ ആസവത്തിലോ ചേര്‍ത്ത് കഴിക്കേണ്ടതാണ്. വസൂരി, അഞ്ചാംപനി, നീര്‍പ്പോളന്‍ എന്നീ രോഗങ്ങളില്‍ കൊത്തമല്ലി കഷായം വെച്ച് അരിച്ചശേഷം കണ്ണില്‍ ധാര കോരാറുണ്ട്. ഇത് കണ്ണിന് കുളിര്മ്മയുണ്ടാകാനും കണ്ണില്‍ പഴുപ്പു വരാതിരിക്കുന്നതിനും വളരെ ഉപകരിക്കും. തലവേദനയ്ക്ക് കൊത്തമ്പാലയരി പനിനീരില്‍ അരച്ച് നെറ്റിയില്‍ പുരട്ടുകയും നെറുകയില്‍ തളം വെയ്ക്കുകയും ചെയ്യാം. കൊത്തമ്പാലയരി, കസ്ക്കസ്, പരുത്തിക്കുരു എന്നിവ പൊടിച്ച് പഞ്ചസാരയും പനിനീരും ചേര്‍ത്ത് കഴിച്ചാല്‍ തലചുറ്റല്‍ ഭേദമാകും രക്തം വരുന്ന അര്‍ശസിന് കൊത്തമ്പാലയരി കിഴികെട്ടിയിട്ട് കുറുക്കിയ പാല് കുടിച്ചാല്‍ വിശേഷമാണ്. കൊത്തമ്പാലയരിയും ബാര്‍ലിയും സമമെടുത്ത് വെളിച്ചെണ്ണയിലരച്ച് പുരട്ടിയാല്‍ ഉണങ്ങാത്ത വ്രണങ്ങള്‍ പോലും വടുവില്ലാതെ ഉണങ്ങിക്കിട്ടും. കൊത്തമ്പാലയരി, മുത്തങ്ങ, അതിവിടയം, ഇരുവേലി, ചുക്ക്, ഇവകൊണ്ടുള്ള കഷായം രക്താതിസാരത്തെ ശമിപ്പിക്കും. കൊത്തമ്പാലയരി വറുത്ത് പൊടിച്ച് ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് 3 മാസം തുടര്‍ച്ചയായി രാത്രി കഴിച്ചാല്‍ ശീഘ്രസ്ഖലനം സുഖപ്പെടും. കൊത്തമല്ലി, ചുക്ക്, ഏകനായകം എന്നിവ കഷായംവെച്ച് കൊത്തമ്പാലയരി പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം മേമ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് നല്ലൊരു ഔഷധമാണ്. കൊത്തമല്ലി അരച്ച് അരിക്കാടിയില്‍ കലക്കി കഴിച്ചാല്‍ ഗര്‍ഭിണികളുടെ ഛര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം അംബലിഫേറേ (Umbellifereae) കുലത്തില്‍ പെടുന്ന ഒരു വാര്‍ഷിക സസ്യമായ ജീരകം ഇംഗ്ലീഷില്കുമിന് (Cumin) എന്നും സംസ്കൃതത്തില്‍ അജാജി എന്നും അറിയപ്പെടുന്നു. ശ്വേതജീരകം, (വെളുത്തത്) കൃഷ്ണജീരകം (കറുത്തത്) സ്ഥൂലജീരകം (പെരുംജീരകം) പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുള്ള ജീരകമുണ്ട്. ജീരകത്തിന്റെ ഗുണം അനവധിയാണ്. ജീരകം എന്ന പദത്തിന്റെ അര്‍ത്ഥം സ്വന്തം ഗുണങ്ങളെക്കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ്. ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. ഗര്‍ഭാശയശുദ്ധിക്ക് ജീരകത്തിന്റെ പ്രവര്‍ത്തനം ഒഴിച്ചുകൂടുവാന്‍ പറ്റാത്തതാണ്. ജ്വരത്തിനും ജീരകം നല്ലതാണ്. ജീരകവും അല്പം ശര്‍ക്കരയും കൂടി ചവച്ച് തിന്നുകയോ ചിറ്റമൃതിന്റെ നീരില്‍ ജീരകം പൊടിച്ചത് ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് പനി മാറ്റുന്നതിനുള്ള ഒരു പ്രധാന ചികിത്സയാണ്. അസ്ഥിസ്രാവത്തിന് ശമനം കിട്ടാന്‍ നന്നാറിയും കൊത്തമ്പാലരിയും ജീരകവും പഞ്ചസാരയും ചേര്‍ത്ത് കഴിക്കാം. . ജീരകം, എള്ള്, ഉലുവ എന്നിവ സമം കഷായം വെച്ച് ആറിയശേഷം ശര്‍ക്കര മേമ്പൊടി ചേര്‍ത്ത് 3 ദിവസം കഴിച്ചാല്‍ ആര്‍ത്തവം ശരിക്കുണ്ടാകും. പ്രസവിച്ച സ്ത്രീകള്‍ നെയ്യും ജീരകവും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. തേള്‍വിഷം ശമിപ്പിക്കുവാന്‍ ജീരകം പൊടിച്ച് തേനും ഉപ്പും വെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച് ലേപനം ചെയ്യുന്നത് നല്ലതാണ്. ജീരകം പശുവിന് നെയ്യില്‍ ചേര്‍ത്ത് പുകവലിച്ചാല്‍ കൊക്കക്കുര മാറും. ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം പശുവിന് നെയ്യില്‍ വറുത്തരച്ച് പുരട്ടിയാല്‍ കുരു പഴുത്തുപൊട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും. കരിംജീരകം ഉപകുഞ്ചികാ എന്ന് സംസ്കൃതത്തിലും ബ്ലാക്ക് കുമിന് (Black cumin) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന കരിംജീരകം റാനുന്‍കുലേസി (Ranun culaceae) കുലത്തില്‍ പെട്ടതാണ്. കരിംജീരകം അനേകം രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. കരിംജീരകം വിയര്‍പ്പിനെ ഉല്പാദിപ്പിക്കുകയും ഉദരവായുവിനെ ശമിപ്പിക്കുകയും ആര്‍ത്തവത്തെ ഉണ്ടാക്കുകയും അഗ്നിമാന്ദ്യത്തെ തീര്‍ക്കുകയും ചെയ്യും. ആമാശയത്തിന് ഹിതകരമായ ഇത് കൃമിനാശകവുമാണ്. രണ്ടര ഗ്രാം മുതല്‍ പത്തുഗ്രാം വരെ പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഉറക്കമില്ലായ്മക്ക് ഗുണം ചെയ്യുകയും മറവി മാറിക്കിട്ടുകയും ചെയ്യും. വിഷചികിത്സയില്‍ കരിംജീരകം വളരെ ഫലവത്താണ്. തേള് കടിച്ച വിഷത്തിന് കരിംജീരകം പച്ചവെള്ളത്തിലരച്ച് പുരട്ടിയാല്‍ മതി. 5ഗ്രാം കരിംജീരകം തണുത്തവെള്ളത്തിലരച്ച് കുടിച്ചാല്‍ പേപ്പട്ടി വിഷത്തില്‍ നിന്ന് രക്ഷപ്പെടാം. കരിംജീരകം എണ്ണയിലരച്ച് പുരട്ടിയാല്‍ സാധാരണയായി ഉണ്ടാകുന്ന എല്ലാ വിഷങ്ങള്‍ക്കും നല്ലതാണ്. ഇതിന്റെ എണ്ണ പുരട്ടിയാല്‍ താടി, മുടി എന്നിവ വേഗം മുളയ്ക്കുകയും നരയെ തടുക്കുകയും ചെയ്യും. കരിംജീരകം പൊടിച്ചത് ശര്‍ക്കരയില്‍ ചേര്‍ത്ത് പ്രസവിച്ച സ്ത്രീകള്‍ കഴിച്ചാല്‍ പ്രസവംതോറും ശരീരസൗന്ദര്യം വര്‍ധിക്കുകയും സ്തനപുഷ്ടിയുണ്ടാവുകയും ഗര്‍ഭാശയം ചുരുങ്ങാന്‍ സഹായിക്കുകയും ചെയ്യും. അര ടീസ്പൂണ്‍ കരിംജീരകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിട്ടുമാറാത്ത ഏമ്പക്കം, എക്കിട്ടം എന്നിവക്ക് ഗുണപ്രദമാണ് കടുക് ഇംഗ്ലീഷില്‍ മസ്റ്റാര്‍ഡ് (Mustard) എന്നും സംസ്കൃതത്തില്‍ സര്‍ഷപം എന്നും അറിയപ്പെടുന്ന കടുക്ക്രൂസിഫെറേ (Cruciferae) സസ്യകുടുംബത്തില്‍ പെട്ടതാണ്. കറികള്‍ക്ക് രുചിയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു മസാല പദാര്‍ത്ഥമായ കടുക് കടും തവിട്ടു നിറത്തിലും ചുകപ്പുനിറത്തിലുമുണ്ട്. ഇതിനുപുറമെ ബംഗാള്‍, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍ വെളുത്തനിറത്തിലുള്ള ഒരിനം കടുകും കാണപ്പെടുന്നുണ്ട്. കടുക് ചേര്‍ത്ത ഭക്ഷ്യവസ്തുക്കളിലും അച്ചാറിലും കറുത്ത പൂപ്പ് വളരുകയില്ല. കടുക് ദഹനത്തെ ഉണ്ടാക്കുന്നതിന് സഹായകമാണ്. ആന്ത്രവായുവിനെ നിവാരണം ചെയ്യും. ഛര്ദ്ദനദ്രവ്യങ്ങളില് വളരെ പ്രധാനപ്പെട്ട ഒരിനമാണ് കടുക്. എന്നാല്‍ കടുകരച്ച് പശപോലെയാക്കി വയറ്റിന്മേല് പുരട്ടിയാല്‍ ഛര്‍ദ്ദി നില്‍ക്കുന്നതുമാണ്. മദ്യപാനം അമിതമായാലും വിഷം അകത്ത് ചെന്നാലും ഛര്ദ്ദിപ്പിക്കേണ്ടിവന്നാല് ഒരു ടീസ്പൂണ്‍ കടുകിന്‍പൊടി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി. പല്ലുവേദനയ്ക്ക് സ്വല്പം കടുകെടുത്ത് ചവച്ചാല്‍ വേദന ശമിക്കും. അര്ശസിലുള്ള മുഴകള്‍, ചൊറിച്ചില്‍, ഗുദം തടിപ്പ് എന്നിവയ്ക്ക് കടുകെണ്ണ സ്വല്പം ചൂടാക്കി പഞ്ഞിയില്‍ മുക്കി കെട്ടിയാല്‍ ശമനം കിട്ടും. ഒരുപിടി വെള്ള കടുക് ഒരു ലിറ്റര്‍ നല്ലെണ്ണയിലോ വെളിച്ചെണ്ണയിലോ വറുത്തശേഷം ചൂടാറിയാല്‍ അരിച്ചു സൂക്ഷിക്കുക. ഇതില്‍ നിന്ന് ആവശ്യാനുസരണം എടുത്ത് ശുദ്ധജലവും ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പായി മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറി മുഖം ചന്ദ്രനെപ്പോലെ കമനീയമാകും. കടുകും ശതകുപ്പയും സമം ചേര്‍ത്ത് ചൂടുവെള്ളത്തില്‍ അരച്ച് പുരട്ടിയാല്‍ രക്തവാതസംബന്ധമായ വേദനകള്‍ക്കും നീരിനും ആശ്വാസം കിട്ടും. ചെവിയില്‍ വേദനയോടുകൂടിയ പഴുപ്പ് ഉണ്ടായാല്‍ കടുകെണ്ണ ചൂടാക്കി കുറഞ്ഞ ചൂടില്‍ ചെവിയില്‍ നിറുത്തിയാല്‍ വേദനയും പഴുപ്പും അത്ഭുതകരമായി മാറുന്നതാണ്. ആര്‍ത്തവതടസ്സം, വേദനയോടുകൂടിയ ആര്‍ത്തവം എന്നീ ആര്‍ത്തവാനുബന്ധ രോഗങ്ങളില്‍ കടുകിന്‍പൊടി കലക്കിയ ഇളംചൂടുവെള്ളത്തില്‍ അരക്കെട്ടുവരെ മുങ്ങത്തക്കവിധം ഇരുന്ന് കുളിച്ചാല്‍ വളരെ നല്ല ഫലം ലഭിക്കും. പ്രമേഹരോഗികള്‍ക്ക് കടുക് അത്ര നല്ലതല്ല. കടുകെണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനും സോപ്പ് നിര്‍മ്മാണത്തിനും തൈലം, കുഴമ്പ് എന്നിവ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. എള്ള് പെഡാലിയേസി (Pedaliaceae) സസ്യകുലത്തില്‍ പെട്ട എണ്ണക്കുരുവാണ് എള്ള്. തിലം എന്ന് സംസ്കൃതത്തിലും സെസമി (Sesame) എന്ന് ഇംഗ്ലീഷിലും പറയുന്നു. കടുംചുകപ്പ്, വെള്ള, ഇളംചുകപ്പ്, കറുപ്പ് എന്നീ 4 തരത്തിലുള്ള എള്ളുകളുണ്ട്. ഇതില്‍ കറുത്ത എള്ളിനാണ് ഔഷധഗുണവും പോഷകഗുണവും ഉള്ളത്. എള്ള് ഉഷ്ണവീര്യമാണ്. ബലത്തെയുണ്ടാക്കുകയും ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും ചെയ്യും. തലമുടിക്ക് വളരെ വിശേഷമാണ്. എള്ളും അരിയും സമം ചേര്‍ത്ത് വറുത്ത് പൊടിച്ച് ശര്‍ക്കരയും ചേര്‍ത്ത് തിന്നാല്‍ ധാതുശക്തിയും ശരീരബലവും സിദ്ധിക്കും. എള്ളിന്റെ പലവിധ സംസ്ക്കാരത്താല്‍ ഔഷധഗുണം ശതഗുണീഭവിപ്പിച്ച് നിര്‍മ്മിക്കുന്നതാണ് ഗന്ധതൈലം. അസ്ഥിഭാഗങ്ങളിലും അസ്ഥിവേദനകളിലും ഗന്ധതൈലത്തിന്റെ ഫലം അത്ഭുതാവഹമാണ്. പതിനഞ്ച് കഴഞ്ച് (60 ഗ്രാം) കാരെള്ള് വറുത്ത് രാവിലെ തോറും കഴിക്കുകയും മീതെ പച്ചവെള്ളം കുടിക്കുകയും ചെയ്താല്‍ മരണം വരെ പല്ലിന് കേട് ഉണ്ടാകില്ല. മെലിഞ്ഞിരിക്കുന്നവര്‍ തടിക്കുകയും ചെയ്യും. 3 മാസക്കാലം ഈ ചികിത്സ ചെയ്താല്‍ ഫലം തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്. 10 ഗ്രാം എള്ള് 3 ഔണ്‍സ് പാലിലോ 5 ഗ്രാം വെണ്ണയിലോ അരച്ച് ചേര്‍ത്ത് വെറും വയറ്റില്‍ പ്രഭാതത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ അര്‍ശ്ശസ്സ് സംബന്ധമായി ഗുദദ്വാരത്തില്‍ നിന്നും രക്തം വരുന്നത് സുഖപ്പെടുന്നതാണ്. ആര്‍ത്തവകാലത്തുണ്ടാകുന്ന ഞരമ്പുവലിയോടുകൂടിയ ഡിസ്മെനോറിയ എന്ന ആര്‍ത്തവശൂലയ്ക്ക് 5 ഗ്രാം എള്ള് പൊടി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസം 2 നേരം കഴിക്കുക. 3 മാസം ഈ ചികിത്സ തുടരണം. ആര്‍ത്തവശുദ്ധി ലഭിക്കുവാന്‍ 10 ഗ്രാം എള്ളും സമം ശര്‍ക്കരയും ചേര്‍ത്തിടിച്ച് പകുതി വീതം 2 നേരം കഴിക്കുക. ചുണ്ടുവീക്കവും വേദനയും സുഖപ്പെടുവാന്‍ എള്ള് പാലിലരച്ച് പുരട്ടിയാല്‍ മതി. ശരീരത്തിലുണ്ടാകുന്ന ഒറ്റക്കുരുക്കള് എള്ള് അരച്ചിട്ടാല്‍ പൊട്ടി ഉണങ്ങുന്നതാണ്. കുരു, വീക്കം എന്നിവ വേഗം പഴുക്കേണ്ടതിന് എള്ളില പോള്ട്ടീസായി പ്രയോഗിക്കാം. ഇതിന്റെ ഇലയരച്ച് തലയില്‍ തേയ്ക്കുന്നത് തലയിലുള്ള അഴുക്കുകള്‍ നീങ്ങാനും ഉത്തമമാണ്. തുടര്‍ച്ചയായി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ തലമുടി നല്ല കറുപ്പ് നിറത്തില്‍ ഏതു പ്രായത്തിലും വളരുന്നതാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ എള്ള് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആയുര്‍വേദ മരുന്നുകളില്‍ ഏറ്റവുമധികം ഉപയോഗമുള്ള മരുന്നാണ് എള്ള്. തൈലങ്ങളും കുഴമ്പുകളും നിര്‍മ്മിക്കുന്നതിനും രസായനങ്ങള്‍, ലേഹ്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും എള്ള് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. അയമോദകം നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന അയമോദകം അംബലിഫെറെ(Umbeliferae) സസ്യകുലത്തില്‍ പെട്ടതാണ്. ഇതിനെ ഇംഗ്ലീഷില്‍ കാലറി സീഡ് (Calery seed) എന്നും സംസ്കൃതത്തില്‍ അജമോദ എന്നും പറയുന്നു. മനുഷ്യര്‍ക്കും കാലികള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധമാണിത്. ഒരു സുഗന്ധമസാല വിളകൂടിയാണ് അയമോദകം. വായുക്ഷോഭം, വയറുകടി, കോളറ, അജീര്‍ണ്ണം, അതിസാരം, സൂതികാപസ്മാരം, മുതലായ രോഗങ്ങളില്‍ അയമോദകം ഫലപ്രദമാണ്. അതിസാരം മൂലമുണ്ടാകുന്ന നിര്‍ജലീകരണത്തില്‍ ഫലദായകമായ ഒരൗഷധികൂടിയാണിത്. അയമോദകത്തില്‍ നിന്നും വാറ്റിയെടുക്കുന്ന എണ്ണയ്ക്ക് അണുനാശക സ്വഭാവമുണ്ട്. കോളറയുടെ ആദ്യഘട്ടങ്ങളില്‍ ഛര്‍ദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. ചെന്നിക്കുത്ത്, ബോധക്ഷയം എന്നിവയ്ക്ക് അയമോദകം പൊടിച്ച് കിഴികെട്ടി കൂടെക്കൂടെ മണപ്പിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നത് നല്ലതാണ്. കഫം ഇളകിപ്പോകാത്തവര്‍ക്ക് അയമോദകം പൊടിച്ച് വെണ്ണ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വളരെ അരുചിയുള്ള ആവണക്കെണ്ണയുടെ ചീത്ത സ്വാദ് ഇല്ലാതാക്കാന്‍ അയമോദകപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ മതി. മദ്യപാനാസക്തിയുള്ളവര്‍ക്ക് അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കൊടത്താല് മദ്യപാനത്തിനുള്ള മോഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും. അയമോദകം വറുത്ത് പൊടിച്ച് കിഴികെട്ടി നെഞ്ചത്ത് സഹ്യമായ ചൂടില്‍ തടവിയാല്‍ കാസശ്വാസത്തിന് ആശ്വാസം ലഭിക്കുന്നതാണ്. അയമോദകച്ചെടിയുടെ തളിരില ദിവസവും തേനില്‍ അരച്ച് രണ്ടുനേരം ഏഴുദിവസം കഴിച്ചാല്‍ കൃമികടിയുടെ ഉപദ്രവമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. വിഷജന്തുക്കള്‍ കടിച്ച സ്ഥലത്ത് അയമോദകത്തിന്റെ ഇല ചതച്ച് വെയ്ക്കുന്നത് നല്ലതാണ്. അയമോദകം, ചുക്ക്, താതിരിപ്പൂവ് ഇവ സമം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ എത്ര വര്‍ധിച്ചതായ അതിസാരവും മാറുന്നതാണ്. അയമോദകം, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം ഇവ സമമെടുത്ത് പൊടിച്ചതില്‍ നിന്ന് അല്പമെടുത്ത് ഊണുകഴിക്കുമ്പോള്‍ ആദ്യയുരുളയോടൊപ്പം നെയ്യ് ചേര്‍ത്ത് കഴിച്ചാല്‍ ജഠരാഗ്നി (വിശപ്പ്) വര്‍ധിക്കും. മയില്പ്പീലികണ്ണ് നെയ്യ് പുരട്ടി ഭസ്മമാക്കി പച്ചക്കര്‍പ്പൂരവും അയമോദകവും സമം കൂട്ടിപ്പൊടിച്ച് ചേര്‍ത്ത് (എല്ലാം കൂട്ടി 5 ഗ്രാം) തേനില്‍ ചാലിച്ച് കഴിച്ചാല്‍ എത്ര പഴകിയ ചുമയായാലും ശമിക്കുന്നതാണ്. ഔഷധമായി ഉപയോഗിക്കുന്ന അയമോദകം ആട്ടിന്‍പാലില്‍ പന്ത്രണ്ട് മണിക്കൂര്‍ ഇട്ടശേഷം ശുദ്ധജലത്തില്‍ കഴുകിയെടുത്ത് ഉണക്കി ശുദ്ധീകരിച്ച ശേഷമാണ് ഔഷധങ്ങളില്‍ ചേര്‍ക്കേണ്ടത്. കായം അംബെലിഫെറെ (Umbeliferae) സസ്യകുടുംബത്തില്‍ പെട്ട കായത്തിന് അസാഫോട്ടിഡാ (Asafoetida) എന്ന് ഇംഗ്ലീഷിലും ഹിംഗു എന്ന് സംസ്കൃതത്തിലും പറയുന്നു. പഞ്ചാബിലും കാശ്മീരിലും ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു സുഗന്ധ മസാല വിളയാണ് കായം. കായച്ചെടിയുടെ വേരിനോടടുത്ത് കാണ്ഡഭാഗത്ത് ഉണ്ടാകുന്ന മുറിവുകളില്‍കൂടി ഊറിവരുന്ന പാലുപോലുള്ള പശകലര്‍ന്ന കറയാണ് കായം. ചെടിയില്‍ നിന്നും പുറത്തുവരുന്ന കറ വെള്ള നിറത്തോടുകൂടിയാതായിരിക്കും. എന്നാല്‍ കാറ്റ് തട്ടുന്നതോടെ കറുക്കുന്നു. പുളിച്ചുതികട്ടല്‍, കൊക്കക്കുര, കാസശ്വാസം, കോളറ, ദഹനക്കുറവ്, സ്ത്രീകളിലും കുട്ടികളിലുമുണ്ടാകുന്ന ദണ്ഡമിളക്കം, മോഹാലസ്യം, എന്നിവയ്ക്ക് കായം ഒരു നല്ല ഔഷധമാണ്. ശ്വാസകോശത്തിനും നാഡീവ്യൂഹത്തിനും ഇത് ഉത്തേജനം നല്കുന്നു. ന്യുമോണിയ, കുട്ടികള്‍ക്കുണ്ടാകുന്ന ചുമപ്പനി എന്നിവയ്ക്ക് കായം ഒരു ഉത്തമൗഷധമാണ്. കായം സാധാരണയായി വറുത്താണ് ഉപയോഗിക്കുക. ചെന്നിക്കുത്തിന് കായം വെള്ളത്തില്‍ കലക്കി മൂക്കില്‍ നസ്യം ചെയ്താല്‍ ആശ്വാസം കിട്ടും. കൃമിരോഗങ്ങള്ക്കും കായം ഫലം ചെയ്യും. കായം കലക്കിയ വെള്ളം കൊണ്ടുള്ള എനിമ കൃമികളെ പുറത്താക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണ്. ശ്വാസംമുട്ടിന് കായവും ഉഴുന്നും തീക്കനലിലിട്ട് പുക ശ്വസിച്ചാല്‍ ആശ്വാസം കിട്ടും. കായം ഗുളികരൂപത്തിലാക്കി തേനില്‍ ചാലിച്ച് കഴിച്ചാല്‍ അപസ്മാരത്തിന് ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന വായുക്ഷോഭത്തിനും വയറുകടിക്കും കായം വെള്ളത്തിലോ കഞ്ഞിയിലോ ചേര്‍ത്ത് കഴിച്ചാല്‍ മതി. കായം, ഏലത്തരി, ചുക്ക്, ഉപ്പ് എന്നിവ ചേര്‍ത്ത് വറുത്തെടുത്തുണ്ടാക്കുന്ന ഭസ്മവും വായുക്ഷോഭത്തിന് നല്ലതാണ്. ദ്രവിച്ച പല്ലുകളുടെ കുഴിയില്‍ അഫീനും കായവും ചേര്‍ത്തുവെച്ചാല്‍ വേദന ശമിക്കും. അതിസാരത്തിലും കോളറയുടെ ആരംഭദശയിലും കായവും അഫീനും കര്‍പ്പൂരവും കുരുമുളകും ചേര്‍ത്ത് ഉണ്ടാക്കുന്ന ഗുളിക ഫലപ്രദമാണ്. പ്രസവവേദന അനുഭവിക്കാതെ പ്രസവം നടക്കാന്‍ അല്പം വറുത്ത കായവും വെള്ളുള്ളിയും ചക്കരയും (എല്ലാംകൂടി സമം 15 ഗ്രാം) ചേര്‍ത്ത് പ്രസവം പ്രതീക്ഷിക്കുന്ന 10 നാള് മുമ്പ് ദിവസേന രാവിലെ കഴിച്ചാല്‍ മതി. പതിവായി ഗര്‍ഭം അലസിപ്പോകുന്നവര്‍ക്ക് പെരുങ്കായം സിദ്ധൗഷധമാണ്. 6 ഗ്രാം കായംകൊണ്ട് 60 ഗുളികയുണ്ടാക്കി ഗര്‍ഭധാരണം നടന്നുവെന്ന് സംശയിക്കുന്ന ദിവസം മുതല്‍ ഉപയോഗിച്ചു തുടങ്ങണം. ആദ്യദിവസം 2 ഗുളിക കഴിച്ചുതുടങ്ങി ക്രമത്തില്‍ വര്‍ധിപ്പിച്ച് ദിവസത്തില്‍ 10 ഗുളികവരെ കഴിച്ചതിനുശേഷം മാത്ര ചുരുക്കി കൊണ്ടുവരണം ( 2+4+6+8+10 = 30 ; 10+8+6+4+2 = 30) മത്സ്യം ശരീരത്തില്‍ പുതിയ ടിഷ്യൂകള്‍ ഉണ്ടാവുകയും പഴയ ടിഷ്യൂകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും രക്തത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗാണുക്കള്‍ക്ക് എതിരായ പ്രതിരോധശക്തി വളര്‍ത്തുകയും ചെയ്യുന്ന മാംസ്യകത്തിന്റെ വറ്റാത്ത ഉറവയാണ് മത്സ്യം. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന മാംസ്യകം- മുട്ട, ഇറച്ചി, പാല് എന്നിവയിലുള്ള മാംസ്യകത്തിനേക്കാളും മെച്ചപ്പെട്ടതാണ്. മാംസ്യകത്തിനു പുറമെ ഗോമാംസത്തിലേതുപോലെ ധാരാളം ലോഹാംശവും മത്സ്യത്തിലുണ്ട്. ടിഷ്യൂകളും അസ്ഥികളും രക്തവും നിര്‍മ്മിക്കുന്നതിന് ലോഹം അത്യാവശ്യമാണ്. അയില, ചാള, സ്രാവ് തുടങ്ങിയ കടല്‍ മത്സ്യങ്ങളില്‍ ധാരാളം എ, ഡി ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഒരോരുത്തരുടെയും വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാമെന്നതാണ്. ചെറുതരം മത്സ്യങ്ങള്‍ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാല്‍ ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേര്‍ത്ത് പാകം ചെയ്തുപയോഗിച്ചാല്‍ ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തില്‍ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്കും വൃദ്ധന്മാര്ക്കും കൂടുതല്‍ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാത്തതാണ്. അതുകൊണ്ട് ഹൃദ്രോഗികള്‍ക്ക് നിര്‍ഭയം കഴിക്കാം. പേശീശോഷം എന്ന രോഗത്തില്‍ പേശികള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ ബ്രാല് എന്ന മത്സ്യത്തിന്റെ മാംസം കൊണ്ട് കിഴിനടത്തുന്നത് വളരെ ഫലപ്രദമാണ്. മത്തി, അയല തുടങ്ങിയ ചില മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണ്. മസ്തിഷ്കകോശങ്ങളുടെ ആരോഗ്യത്തിനും പുനരുജ്ജീവനത്തിനും ഇത് ഉപയോഗപ്രദവും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്. തൈറോയ്ഡ് ഗ്ലാന്‍ഡ് വലുതാകുന്നവര്‍ക്ക് കടല്‍ മത്സ്യത്തിന്റെ ഉപയോഗം നല്ലതാണ്. ഇതില്‍ വളരെയധികം അയഡിന്‍ അടങ്ങിയിട്ടുണ്ട്. മാംസം ശരീരപോഷണത്തിനും ആരോഗ്യത്തിനും മാംസംപോലെ ഫലവത്തായ ഒരു ഭക്ഷ്യസാധനം ഇല്ല. ആട്ടിന്‍മാംസം ദോഷങ്ങളെ വര്‍ധിപ്പിക്കുകയില്ല. ഇത് മനുഷ്യശരീരത്തിന് തുല്യമാണ്. ശരീരത്തെ തടിപ്പിക്കുന്നതാണ്. ആട്ടിന്‍ കരള്‍ അന്ധതയെ ഇല്ലാതാക്കും. പന്നിമാംസം ക്ഷീണത്തെ തീര്‍ക്കും. രുചിയേയും ബലത്തേയും ഉണ്ടാക്കും. പശുവിന്റെ മാംസം വരട്ടുചുമയെയും തളര്‍ച്ചയേയും അത്യഗ്നിയേയും പഴകിയ പനിയേയും ശമിപ്പിക്കുന്നതാണ്. ശരീരത്തെ തടിപ്പിക്കുകയും വാതത്തെ ശമിപ്പിക്കുകയും ചെയ്യും. പോത്തിന്റെ മാംസം ഉഷ്ണമാണ്. ദഹിക്കുവാന്‍ വിഷമമായിട്ടുള്ളതാണ്. ഉറക്കത്തെ ഉണ്ടാക്കുകയും ശരീരത്തിന് ദൃഢതയും ശരീരപുഷ്ടിയും ഉണ്ടാക്കും. കോഴിമാംസം സാമാന്യേന ദഹിക്കുവാന്‍ വിഷമമാണ്. അല്പമായ ലവണരസം അനുഭവപ്പെടും. അത് സര്വ്ദോഷത്തിനെയും ഇല്ലാതാക്കും. പക്ഷികളുടെ മാംസം കണ്ണുരോഗങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. മൃദുലവും സ്വാദുള്ളതുമാണ്. പക്ഷി മാസത്തില്‍ ചെമ്പോത്തിന്റെ മാംസവും കാക്കയുടെ മാംസവും നിന്ദ്യമാണ്. മിക്കവാറും എല്ലാ പക്ഷികളുടെയും മാംസം (കോഴി ഒഴിച്ച്) പഴകിയ അര്‍ശസിനെയും ഗ്രഹണിരോഗത്തെയും ക്ഷയത്തെയും ശമിപ്പിക്കുന്നതായി കാണാം. ഞണ്ടിന്റെ മാംസം അഗ്നിദീപ്തിയുണ്ടാക്കും. പുലിയുടെയും ആനയുടെയും തൊലി കരിച്ചെടുത്ത് നല്ലെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ വെള്ളപ്പാണ്ട് മാറുന്നതാണ്. തലയില്‍ വട്ടത്തില്‍ രോമം കൊഴിയുന്നതിന് ആനപ്പല്ലും ആനക്കൊമ്പും കരിച്ചെടുത്ത് നിര്‍മ്മിക്കുന്ന ഹസ്തിദന്തമഷി എന്ന ഔഷധം പുരട്ടുവാന്‍ ഉപയോഗിക്കാവുന്നതാണ്. ആട്ടിന്‍കൊമ്പും ഇതേവിധം ഉപയോഗിക്കാം. മൃഗങ്ങളുടെ എല്ല് സൂപ്പ് വെച്ചോ മറ്റു വിധത്തിലോ ഉപയോഗിക്കുകയാണെങ്കില്‍ എല്ല് വട്ടത്തില്‍ മുറിച്ചിടുന്നതിനു പകരം പൊളിച്ചിടുകയാണ് വേണ്ടത്. മനുഷ്യരുടെ ഏത് ഭാഗത്തിനാണ് അസുഖം ഉള്ളതെങ്കില്‍ സൂപ്പ് വെക്കുവാനായി മൃഗത്തിന്റെ സമാനഭാഗമാണ് ഉപയോഗിക്കേണ്ടത്. കോഴിമുട്ട രക്തത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളുമടങ്ങിയ ഒരു പൂര്‍ണ്ണാഹാരമാണ് മുട്ട. രക്തവും ശുക്ലവും വര്‍ധിപ്പിക്കുകയും ഞരമ്പുകള്‍ക്ക് ഉത്തേജനവം ശക്തിയും നല്‍കുകയും ചെയ്യും. ശരീരത്തെ തടിപ്പിക്കുന്ന മുട്ട വാതരോഗശമനവുമാണ്. കഫരോഗത്തെ വര്‍ധിപ്പിക്കുകയും ഹൃദയപ്രസാദം വരുത്തുകയും രുചിയെ പ്രദാനം ചെയ്യുകയും കാഴ്ചശക്തിയെ ഉണ്ടാക്കുകയും ചെയ്യുന്നതാണ് മുട്ട. ഒരു മുട്ടയുടെ വെള്ള നുരവരുന്നതുവരെ അടിച്ച് 10 ഔണ്‍സ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് നന്നായിളക്കി യോജിപ്പിച്ച് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ഒന്നാന്തരം ടോണിക്കിന്റെ ഫലം ചെയ്യും. രണ്ട് മുട്ടകള്‍ മഞ്ഞക്കരു അടക്കം അടിച്ച് പതംവരുത്തി 10 ഒണ്‍സ് തിളപ്പിച്ച പാലും ചേര്‍ത്തിളക്കി യോജിപ്പിച്ച ശേഷം 15 മില്ലി ബ്രാണ്ടിയോ ദ്രാക്ഷാരിഷ്ടമോ ചേര്‍ത്ത് വേണ്ടത്ര പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ഔഷധവും ഒന്നാന്തരം ടോണിക്കാണ്. കൂടുതല്‍ രുചിക്ക് വേണ്ടി ജാതിക്കാ പൊടിയും ചേര്‍ക്കാം. മുട്ടത്തോട് നല്ലവണ്ണം പൊടിച്ച് വെളിച്ചെണ്ണയിലോ പനിനീരിലോ ചേര്‍ത്തുണ്ടാക്കുന്ന ലേപനൗഷധം ഭഗന്ദരം മൂലമുണ്ടാകുന്ന കുരുവിന് പുറമേ പുരട്ടിയാല്‍ നല്ല ഫലംകിട്ടും. മുട്ടത്തോട് ഭസ്മമാക്കി തേനില്‍ ചാലിച്ച് കപോലാര്‍ബുധമുള്ളവര്‍ കവിളില്‍ പുരട്ടിയാല്‍ ശമനംകിട്ടും. ഗര്‍ഭകാലത്ത് കണക്കിലധികം മുട്ട കഴിച്ചാല്‍ ജനിക്കുന്ന കുട്ടി മന്ദബുദ്ധിയാകും. നേന്ത്രപ്പഴം മ്യൂസേസി (Musaceae) കുടുബത്തില്‍ പെട്ട ഇതിനെ ഇംഗ്ലീഷില്‍ ബനാന (Banana) എന്നും സംസ്കൃതത്തില്‍ രംഭാഫലം എന്നും പറയുന്നു. നേന്ത്രപ്പഴത്തിന് പഴം എന്നതിലുപരി ഔഷധം എന്നുള്ളൊരു ഗുണവും കൂടിയുണ്ട്. കലോറിമൂല്യം കൂടുതലുണ്ടായതു കാരണം പ്രമേഹരോഗി ദിവസേന ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ് പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. ഒരു പഴുത്ത നേന്ത്രപ്പഴത്തില്‍ ഒമ്പത് കുരുമുളക് തിരുകി വെച്ചശേഷം രാത്രി തുറന്ന സ്ഥലത്ത് മണ്ണില്‍ വെച്ച് പിറ്റേന്ന് രാവിലെ അതിലുള്ള മുളക് ആദ്യം തിന്നുകയും പിന്നീട് പഴം കഴിക്കുകയും ചെയ്താല്‍ അതികഠിനവും പഴകിയതുമായ ഏതു ചുമയും കുറയുന്നതാണ്. വന്ധ്യതയ്ക്ക് പച്ച നേന്ത്രക്കായ 30 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ഗുണം കിട്ടും. പഴുത്ത നേന്ത്രപ്പഴം കുരുമുളകിന് പൊടി വിതറി മെഴുകുതിരി കൊണ്ട് ചൂടാക്കി കഴിച്ചാല്‍ ശ്വാസംമുട്ടല്‍ ശമിക്കും. നേന്ത്രപ്പഴം ഉടച്ച് തുണിയില്‍ പരത്തി പൊളളലിന് വെച്ച് കെട്ടിയാല്‍ നല്ല ആശ്വാസം കിട്ടും. നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ച് ചപ്പാത്തിയും കഞ്ഞിയും ഉണ്ടാക്കാം. ഇത് ദിവസേന കഴിച്ചാല്‍ രക്തം ചുമച്ച് തുപ്പുന്നതിനും ഗൊണോറിയാ രോഗത്തിനും നല്ലതാണ്. ഇത് കുട്ടികള്‍ക്ക് നല്ല ആരോഗ്യവും ഉന്മേഷവും ദേഹകാന്തിയും കിട്ടുന്നതാണ്. ലൂക്കേമിയാ (രക്താര്‍ബുദം) യില്‍ ഉണ്ടാകുന്ന പ്ലീഹാവീക്കത്തില്‍ നേന്ത്രപ്പഴം ഉടച്ച് അതില്‍ ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ചേര്‍ത്ത് കഴിച്ചാല്‍ അഞ്ചാം ദിവസം സുഖശോധന ലഭിക്കുന്നതും രണ്ടാഴ്ചക്കുള്ളില്‍ പ്ലീഹാവീക്കം ചുരുങ്ങുന്നതുമാണ്. ഗര്‍ഭകാല ഛര്‍ദ്ദിക്ക് നേന്ത്രപ്പഴം ചെറുതായി നുറുക്കാക്കി ജീരകം പൊടിച്ചതും നെയ്യും ചേര്‍ത്ത് വരട്ടി ദിവസേന കുറേശ്ശെ പലവട്ടമായി കഴിച്ചാല്‍ മതി. ബദാം ഇംഗ്ലീഷില്‍ ആല്‍മോണ്ട് (Almond) എന്നും സംസ്കൃതത്തില്‍ വാദാമം എന്നും ബദാമിനെ പറയും. റോസേസി (Rosaceae) സസ്യകുലത്തില്‍ പെട്ടതാണ് ബദാം. കയ്പുള്ളതും മധുരമുള്ളതുമായി രണ്ടുതരം ബദാമുണ്ട്. മധുരമുള്ളത് മാത്രമാണ് ആഹാരമായി ഉപയോഗിക്കാറ്. ബുദ്ധിക്ക് ഉണര്‍വ്വുണ്ടാകുന്നതിന് വളരെ വിശേഷമായ ഒന്നാണ് ബദാം. ആരോഗ്യമുണ്ടാകുവാനും ശരീരപുഷ്ടിക്കും ഉപയുക്തമായ ഘടകങ്ങള്‍ അനവധി അടങ്ങിയിട്ടുള്ളതാണ് ബദാം. പുറംതൈലി ദഹിക്കുകയില്ല. അതിനാല്‍ ബദാം പരിപ്പ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ ചുകപ്പ് നിറത്തിലുള്ള പുറംതൊലി നീക്കംചെയ്യേണ്ടതാണ്. ബദാംപരിപ്പ് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പരിപ്പ് പൊടിച്ച് പ്രമേഹരോഗികള്‍ക്ക് ഗോതമ്പുപൊടിക്ക് പകരം പലഹാരങ്ങളുണ്ടാക്കുവാന്‍ ഉപയോഗിക്കാം. സ്റ്റാര്‍ച്ചിന്റെ അംശം ഇതില്‍ വളരെ കുറവായിരിക്കും. തൊലികളഞ്ഞ ബദാംപരിപ്പ് പച്ചവെള്ളത്തിലോ മധുരനാരങ്ങാ നീരിലോ അരച്ച് കട്ടിയാക്കിയെടുത്തത് നെല്ലിക്കാ വലിപ്പത്തിലുള്ള ഗുളികയാക്കി ഓരോന്ന് വീതം 2നേരം കഴിച്ചാല്‍ ശ്വാസനാളസംബന്ധമായ രോഗങ്ങള്‍ക്കും ചുമയ്ക്കും നല്ലതാണ്. ബദാമിന്റെ എണ്ണ ഓരോ ടീസ്പൂണ്‍ വീതം ഗര്‍ഭിണികള്‍ എട്ടാം മാസം മുതല്‍ രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ സുഖപ്രസവം ഉണ്ടാകും. ഉറങ്ങാന്‍ നേരത്ത് ബദാംപരിപ്പ് തിന്നാല്‍ നല്ല ഉറക്കം കിട്ടാനും പ്രഭാതത്തില്‍ ശോധനയുണ്ടാകുവാനും ക്ഷീണം തോന്നാതെ ഉണര്‍വ്വുണ്ടാകുന്നതിനും നല്ലതാണ്. നാളികേരം പാമേസി (Pameceae) കുലത്തില്‍ പെട്ട നാളികേരത്തെ ഇംഗ്ലീഷില്‍ കോക്കനട്ട് (Coconut) എന്നും സംസ്കൃതത്തില്‍ കേരവൃക്ഷം എന്നും പറയുന്നു. തേങ്ങയില്‍ ലിഗ്നിന്‍, ഇന്വെസ്റ്റിന്, ഓക്സിഡൈസ്, കാറ്റലൈസ്, മോണിട്ടോള്, അല്‍ബുമിന്‍, ടാര്‍ടാറിക് ആസിഡ് എന്നീ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ധാരാളമുണ്ടെങ്കിലും കാര്‍ബോഹൈഡ്രേറ്റ് കുറവാണ്. ഗ്രഹണി ബാധിച്ചിട്ടുള്ള കുട്ടികള്‍ക്ക് തേങ്ങാപാല്‍ വിശേഷപ്പെട്ട ആഹാരമാണ്. പ്രോട്ടീന്‍ കുറഞ്ഞതിന്റെ വൈഷമ്യങ്ങളെ ഇത് പരിഹരിക്കും. തേങ്ങാപ്പാലും ഇളനീര്‍വെള്ളവും സമം ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ചെറിയ കുട്ടികള്‍ക്ക് കൊടുത്താല്‍ വളരെ നല്ലതാണ്. വൃദ്ധന്മാര്ക്കും നല്ലൊരു ടോണിക്കാണിത്. വായ് പുണ്ണ് മാറുവാന്‍ കൊട്ടത്തേങ്ങയും കല്‍ക്കണ്ടവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ മതി. കപോലാര്ബുദത്തിന് കൊട്ടത്തേങ്ങ കടിച്ച് ചവച്ച് തിന്നുകൊണ്ടിരുന്നാല്‍ ആശ്വാസം കിട്ടും. ദിവസവും 2 നേരം 10 മില്ലി വീതം വെളിച്ചെണ്ണ കഴിച്ചാല്‍ 3 മാസം കൊണ്ട് ഉദരപ്പുണ്ണ് ഉണങ്ങും. വെളിച്ചെണ്ണ എന്നാല്‍ വിളക്കില്‍ ഒഴിക്കുന്ന എണ്ണ എന്നും വെളിച്ചം (ബുദ്ധി) ഉണ്ടാക്കുന്ന ഔഷധം എന്നുമാണ് അര്‍ത്ഥം. പ്രമേഹരോഗികള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും കണക്കിലധികം തടിച്ചവര്‍ക്കും ഹൃദ്രോഗം വന്ന് മാറിയവര്‍ക്കും വെളിച്ചെണ്ണ കഴിക്കാന്‍ പറ്റില്ലെങ്കിലും മിതമായ തോതില്‍ ഉപയോഗിക്കാവുന്നതാണ്. പ്ലേഗിന് വെളിച്ചെണ്ണയുടെ ഉപയോഗം നല്ലതാണ്. ചെറിയകുട്ടികളെ കുളിപ്പിക്കാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുക. കുട്ടിയുടെ ശരീരത്തില്‍ പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുവാനും തണുത്ത വായു തട്ടിയാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങളെ തടയുകയും ചെയ്യും. ശരീരത്തിലെ ഊഷ്മാവിനെ നിലനിര്‍ത്തുവാനും വെളിച്ചെണ്ണ സഹായിക്കും. തെങ്ങിന്റെ വേര് കഷായം വെച്ച് കുലുക്കുഴിഞ്ഞാല്‍ പല്ലുവേദന മാറുന്നതാണ്. ചിരട്ട കത്തിച്ച് പൊടിച്ച് കുരുമുളകും ഉപ്പും ചേര്‍ത്ത് പല്ല് തേയ്ക്കുവാന്‍ ഉപയോഗിച്ചാല്‍ മോണ പഴുപ്പ്, പല്ലുവേദന, മോണയില്‍ നിന്നും രക്തം പൊടിയുക എന്നീ രോഗങ്ങള്‍ക്ക് നല്ലതാണ്. ചകിരി കത്തിച്ചെടുത്ത ഭസ്മവും സമം കല്‍ക്കണ്ടവും ചേര്‍ത്ത് ഇളനീരില്‍ കലക്കി കഴിക്കുകന്നത് രക്തം പോക്കിന് നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ വെട്ട് പാലയുടെ ഇല 7 ദിവസം ഇട്ട് വെയില് കൊളളിച്ചശേഷം പുരട്ടിയാല്‍ സോറിയാസിസ് എന്ന ത്വക്ക് രോഗത്തിന് ശമനം കിട്ടും. തെങ്ങിന്റെ ഉണങ്ങിയ ഓല കത്തിച്ചെടുത്ത ഭസ്മം വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ഓയിന്റ്മെന്റ് രൂപത്തിലാക്കി തീപൊളളലിന് വെച്ച് കെട്ടിയാല്‍ വളരെ ആശ്വാസംകിട്ടും. ചക്ക ജാക്ക് ട്രീ (Jack tree) എന്ന് ഇംഗ്ലീഷില്‍ പറയുന്ന ചക്കയെ പനസം എന്നാണ് സംസ്കൃതത്തില്‍ പറയുന്നത്. മൊറേസി (Moraceae) സസ്യകുലത്തില്‍ പെട്ടതാണ് ചക്ക. പലതരം വിഭവങ്ങള്‍ ഉണ്ടാക്കുവാന്‍ പറ്റുന്ന ഒരു ഫലമാണ് ചക്ക. ചക്കയുടെ മുള്ളുപോലിരിക്കുന്ന പുറംതൊലി ഭക്ഷ്യയോഗ്യമല്ല. എന്നാല്‍ ചില ഔഷധങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചക്കയുടെ മുള്ളുപോലെയുള്ള പുറംതൊലി മുറിച്ചെടുത്ത് കഴുകി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ദിവസം 2 നേരം തേനില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് കുറവുണ്ടാകും. പൗരുഷഗ്രന്ഥി വീക്കത്താല്‍ മൂത്രം പോകാത്ത സന്ദര്‍ഭത്തില്‍ ഈ പൊടി ചൂടുവെള്ളത്തില്‍ കലക്കി 10 ഗ്രാം വീതം 2 നേരം 3 മാസം കഴിച്ചാല്‍ അതിശയകരമായ ഫലമുണ്ടാകും. ചക്കച്ചുള കഷായം വെച്ച് ചക്കച്ചുള, അമുക്കുരം, അടപതിയന്‍കിഴങ്ങ്, പാല്മുതുക്കിന് കിഴങ്ങ്, കുരുമുളക്, തിപ്പലി എന്നിവ വിധിപ്രകാരം ചേര്‍ത്ത് നെയ്യ് കാച്ചി ദിവസവും ഉപയോഗിച്ചാല്‍ ശരീരം എത്ര ചടച്ചതായാലും തടിക്കും. എരുമനെയ്യ് ചേര്‍ത്ത് കാച്ചിയതാണെങ്കില് സ്ത്രീകള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. വയര്‍ വീര്‍ത്ത് ഗ്രഹണി പിടിച്ച കുട്ടികള്‍ക്ക് ചക്ക ഹിതമല്ല. മഴക്കാല ചക്ക (വെള്ളം കുടിച്ച ചക്ക) കഴിച്ചാല്‍ പലര്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാക്കുന്നതാണ്. ദഹിക്കുവാനും വിഷമമാണ്. ഇത്തിക്കണ്ണി ഔഷധത്തിന് എടുക്കേണ്ടിവരുമ്പോള്‍ ഏതു മരത്തിന്റേതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ പ്ലാവില്‍ ഉണ്ടാകുന്ന ഇത്തിക്കണ്ണിയാണ് എടുക്കേണ്ടത്. ചക്ക അധികം കഴിച്ച് അജീര്‍ണ്ണം മുതലായവ ഉണ്ടായാല്‍ ചുക്കുപൊടി തേനില്‍ ചാലിച്ച് കഴിച്ചാല്‍ മതി. പ്ലാവിന്റെ ഉണങ്ങിയ കമ്പുകളും വേരുകളും കൂടി ചേര്‍ന്ന പ്ലാവിന് വിറകിനെ മേലേരി എന്ന് പറയുന്നു മരച്ചീനി ടാപ്പിയോക്ക (Tapioca) എന്നും കസാവാ (Casava) എന്നും ഇംഗ്ലീഷിലറിയപ്പെടുന്ന കപ്പയുടെ സംസ്കൃതനാമം നവീനകന്ദം എന്നാണ്. യൂഫോര്‍ബിയേസി (Euphorbiaceae) കുലത്തില്‍ പെട്ടതാണ് കപ്പ. കൊള്ളി, കപ്പ, പൂള എന്നിങ്ങനെ പ്രാദേശികമായ വ്യത്യാസത്തോടെ അറിയപ്പെടുന്ന ഇതിന് റൊട്ടിക്കപ്പ, പഞ്ചാരക്കപ്പ, നാടന്‍കപ്പ, എം 4.എം 6 എന്നീ മലയന്‍ ഇനങ്ങളുണ്ട്. ചിലയിനം കപ്പക്ക് ചില കാലങ്ങളില്‍ കട്ടുണ്ട്. കപ്പയുടെ ഇല ആടുകള്‍ തിന്നാല്‍ ചത്തുപോകുന്നതാണ്. മരച്ചീനി അര്ധചിരസ്ഥായിയായ ഒരു കുറ്റിച്ചെടിയാണ്. വിളവെടുക്കാതെ നിര്‍ത്തിയാല്‍ ഏതാനും വര്‍ഷം നിലനില്ക്കും. ശരീരത്തിലെ കുരു പൊട്ടാതിരുന്നാല്‍ കപ്പ ഉണക്കി പൊടിച്ച് വെള്ളത്തിലിട്ട് കുറുക്കി കുഴമ്പാക്കി പുരട്ടിയാല്‍ കുരു പൊട്ടി ഉണങ്ങുന്നതാണ്. കപ്പക്കിഴങ്ങിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് കാരണം കപ്പ കഴിച്ചാല്‍ ക്ഷീണം ഉണ്ടാകുകയില്ല. കപ്പയില്‍ നിന്നും ഗ്ലൂക്കോസ് കൂടാതെ പവര്‍ ആല്‍ക്കഹോള്‍ തുടങ്ങി വേറെയും സാധനങ്ങള്‍ ഉല്പാദിപ്പിക്കുന്നു. സ്ത്രീകള്‍ ദിവസവും കപ്പ കഴിച്ചാല്‍ സൗന്ദര്യവും യൗവ്വനവും നിലനില്ക്കും. പ്രമേഹരോഗികള്‍ കപ്പ ഒരുതരത്തിലും കഴിക്കരുത് ഉപകരണങ്ങള്‍(ഭക്ഷണവും പാചകവിധികളും) പാത്രങ്ങള്‍, കയ്യലുകള്‍, മുറിക്കാന്‍, പൊടിക്കാന്‍ ഉപയോഗിക്കന്ന ഉപകരണങ്ങള്‍ അവ ഉപയോഗിക്കുന്ന രീതി മുതലായവ അടുക്കള ഉപകരണങ്ങള്‍ പുട്ടുംകുറ്റി - പണ്ട്, മുള കുഴല്‍രൂപത്തില്‍ മുറിച്ചെടുത്തായിരുന്നു പുട്ടുംകുറ്റി ഉണ്ടാക്കിയിരുന്നത്. കരണ്ടി - കറികള്‍ വിളമ്പാനുള്ള ഉപകരണം. മരിക - കറികള്‍ പകര്‍ന്നുവെക്കാനുള്ള ചെറിയ പാത്രം. ഗോമൂവി - രസം, മോര് ഇവ വിളമ്പാനുള്ള പിച്ചളപ്പാത്രം. തെരിക - മണ്കലങ്ങളുടെ ഉരുണ്ടഅടിഭാഗം ഉറച്ചുനില്ക്കാനും നിലത്തമര്‍ന്ന് പൊട്ടാതിരിക്കാനും വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. കമുങ്ങിന് വട്ടത്തില്‍ ചുറ്റിനില്ക്കുന്ന പാള ചീന്തിയെടുത്ത് കെട്ടിയാണ് തെരികകള്‍ നിര്‍മ്മിക്കുന്നത്. കൈലാറ്റ - പണ്ട് അടുക്കളയില്‍ കയ്യിലുകള്‍ തൂക്കിയിടാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. പലകയില്‍ തുളകളുണ്ടാക്കി അതിലൂടെയാണ് തൂക്കിയിടുക പണ്ടത്തെ വീട്ടുപകരണങ്ങള്‍ റാന്തല്‍ - പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വിളക്ക്. ഉപ്പുമരവി - ഉപ്പ് ഇട്ടുവെക്കാനുള്ള പാത്രം തിരുവക്കല്ല് - ധാന്യങ്ങള്‍ പൊടിക്കാനുള്ള കല്ല്. കുഴിത്തവി - കഞ്ഞിവിളമ്പാനുള്ള തവി. വാല്മരവി - കറികള്‍ വിളമ്പിവെക്കാനുള്ള പാത്രം. ചക്കിമുക്കി - പണ്ടത്തെ തീപ്പെട്ടി. ആട്ടുകല്ല് -മാവ് അരക്കാന്‍ ഗ്രൈന്ററുകള്ക്ക് പകരം ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ഉപകരണം. ഉറി - മണ്കലങ്ങളില് ഭക്ഷണങ്ങളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണമാണിത്. കയറുകള്‍ വൃത്താകൃതിയില്‍ മെടഞ്ഞാണ് ഇത് നിര്‍മ്മിക്കുന്നത്. ചക്ക് - പണ്ട് തേങ്ങയും മറ്റും ആട്ടിയിരുന്നത് ചക്ക് ഉപയോഗിച്ചായിരുന്നു പാത്രങ്ങള്‍ പണ്ടുകാലത്ത് മരങ്ങള്‍ കൊണ്ടുള്ള സേവനാഴിയാണ് ഉപയോഗിച്ചിരുന്നത്. മുളങ്കുറ്റിയുടെ അടിയില്‍ ചിരട്ടക്ക് തുളകളിട്ടാണ് പുട്ട് ഉണ്ടാക്കിയിരുന്നത്. വാലന്മരിയ, ചിരട്ട, മുള എന്നിവയുടെ കയ്യിലുകള്‍ ഉപയോഗിച്ചിരുന്നു. ഭക്ഷണത്തിനെ കേടുകൂടാതെ സൂക്ഷിക്കുന്ന രീതികള്‍ ഭക്ഷണങ്ങളെ കേടുകൂടാതെ നിലനിര്‍ത്തുന്നതിനുള്ള ചേരുവകള്‍, ഉപകരണങ്ങള്‍ മുതലായവ ഇതില്‍പെടും നാടന്‍ രീതികള്‍ മോരില്‍ കറിവേപ്പിലയിട്ടുവെച്ചാല് പെട്ടെന്ന് കേടുവരില്ല. തേങ്ങയരക്കാത്ത കറികള്‍ പെട്ടെന്നു കേടുവരാതിരിക്കും. ചൂടാറിയതിനു ശേഷം മാത്രം ഭക്ഷണം അടച്ചുവെക്കുക. കറികളില്‍ പുളിയും, ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിച്ചാലും പെട്ടെന്ന് കേടാകില്ല. പച്ചക്കറികള്‍ തണുപ്പുള്ള സ്ഥലത്തുമാത്രം വെക്കുക. പഴുത്തമാങ്ങ ഉണക്കി എടുത്തുവെക്കാം. അതുപോലെ മാങ്ങ ഇടിച്ച് അതിന്റെ നീര് പായയിലാക്കി വെയിലത്ത് വെച്ച് ഉണക്കിയാല്‍ പിന്നീട് പായപോലെ കിട്ടും. ഇതിനെ ‘മാങ്ങകാച്ച് ‘ എന്നാണ് പറയുന്നത്. ഇത് ഓലവട്ടിയിലാണ് സൂക്ഷിക്കുന്നത്. കേടുകൂടാതെ ഏറെനാള്‍ നില്‍ക്കുന്നതാണിത് രാസവസ്തുക്കള്‍ ചേര്‍ക്കല്‍ ആഹാരവസ്തുക്കള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായാല്‍ ദീര്‍ഘകാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കുന്നതിന് ആഹാര പരിരക്ഷണം എന്നു പറയുന്നു. പഴങ്ങള്‍, ജാം, സ്ക്വാഷ്, സോസ് എന്നിവ വളരെനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ്, സോഡിയം ബെന്‍സൊവേറ്റ്, ബെന്‍സോയിക് ആസിഡ് എന്നീ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. ഉണക്കി സൂക്ഷിക്കല്‍ (ഡ്രൈയിങ്ങ്) പച്ചക്കറികള്‍, മുന്തിരി, ഈത്തപ്പഴം, അത്തിപ്പഴം എന്നിവയും മത്സ്യങ്ങളും വെയിലത്തിട്ട് നല്ലവണ്ണം ഉണക്കി സൂക്ഷിക്കാം. ഈര്‍പ്പം തട്ടാത്തിടത്തോളം കാലം ഇവ കേടുകൂടാതെ നിലനില്ക്കും. ഉപ്പിടല്‍ ( സാള്‍ട്ടിങ്ങ്) ചില കായ്കള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവ ഉപ്പിലിട്ടാല്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാം.മത്സ്യവും മാംസവും ഉപ്പു പുരട്ടി ഉണക്കിയാണ് സൂക്ഷിക്കുന്നത്