പനി ഒരിക്കലും പനിവരാത്തവര് ഇനി ജനിക്കാനിരിക്കുന്നതേയുള്ളൂ. ജനിച്ചുകഴിയുമ്പോള്‍ അവര്‍ക്കും പനി വരും. പനി, അത്രയ്ക്കും സാധാരണമായ ഒരു രോഗാവസ്ഥയാണ്. എല്ലാവരും അനുഭവിച്ചിട്ടുള്ളത് കൊണ്ടുതന്നെ പനിയും അതിനോടനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥതകളും ഏവര്‍ക്കും സുപരിചിതവുമാണ്. ഈ ലേഖനം ലളിതമായ ഒരന്വേഷണമാണ്. പനിയോടൊപ്പം സഞ്ചരിച്ച് പനിയുടെ പിറവിയെയും അനുബന്ധസംഭവങ്ങളെയും പറ്റി അറിയാനുള്ള ഒരു ലഘുയാത്ര. 1.നമ്മുടെ ശരീരതാപം സ്വയം നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്? നമ്മളെല്ലാം ഉഷ്ണരക്തജീവികളാണ് (Warm Blooded Animals). ഉഷ്ണരക്തജീവികളുടെ ശരീരത്തിന്റെ താപനില അന്തരീക്ഷതാപനിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും. മാത്രമല്ല ആ താപനില ഒരു നിശ്ചിത പരിധിയ്ക്കുള്ളില്‍ സ്ഥായിയായി തന്നെ നില്‍ക്കുകയും ചെയ്യും. അന്തരീക്ഷതാപനില മാറിയാലും ശരീരതാപനില വലിയതോതില്‍ മാറില്ല. ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ കൃത്യമായി നടക്കാന്‍ ഈ ഉയര്‍ന്നതാപനില അത്യാവശ്യവുമാണ്. മനുഷ്യശരീരത്തിന്റെ ശരാശരി താപം 36.8 ഡിഗ്രീ സെല്‍ഷ്യസ് (98.6 ഡിഗ്രീ ഫാരെന്‍ഹീറ്റ്) ആണ്. പകലിലെയും രാത്രിയിലെയും ശരീരതാപനിലകള് തമ്മില്‍ 0.5 ഡിഗ്രീ സെല്‍ഷ്യസിന്റെ വ്യത്യാസം എല്ലാവര്ക്കും എല്ലാദിവസവും ഉണ്ടാകുന്നുണ്ട്. ശരീരത്തിന്റെ പരമാവധി ചൂട് വൈകുന്നേരം നാലിനും രാത്രി എട്ടിനും ഇടയിലായിരിക്കും. ഏറ്റവും കുറവ് അതിരാവിലെ രണ്ടിനും ആറിനും ഇടയിലും. സാധാരണയായി കക്ഷം, വായ (നാക്കിനടിയില്‍), മലാശയം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരിടത്തെ ഊഷ്മാവാണ് നമ്മള് പനിയുമായി വരുന്ന രോഗികളില്‍ അളക്കുന്നത്. ഇവ തമ്മില്‍ തന്നെ 0.3 മുതല്‍ 1 ഡിഗ്രീ സെല്‍ഷ്യസ് വരെ വ്യത്യാസം ഉണ്ട്. വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് ശരിക്കും ഈ താപനില ഇങ്ങനെ നിലനിര്‍ത്തുക എന്നത്. തലച്ചോറിലെ ഹൈപോതലാമസ് എന്ന ഭാഗമാണ് എല്ലാവിധ നിയന്ത്രണങ്ങളുടെയും കേന്ദ്രം. അവിടെ, നിലനിര്‍ത്തേണ്ട ശരീരോഷ്മാവ് എത്രയെന്നു ചില പ്രത്യേക ന്യൂറോണുകളില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതീവ കര്‍ക്കശക്കാരനായ ഒരു നിയമപാലകനെപ്പോലെ ഹൈപോതലാമസ് ഇവിടെ പ്രവര്‍ത്തിക്കും. എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ശരീരോഷ്മാവ് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ആ വിവരം നാഡീസന്ദേശങ്ങളായി ഹൈപോതലാമാസില്‍ എത്തുകയും അവിടെ നിന്നും പ്രശ്നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചും പേശികളിലേക്കും അന്തസ്രാവ്യഗ്രന്ഥികളിലേക്കും ചില നാഡീഞരമ്പുകളിലേക്കും ഒക്കെ പ്രവഹിക്കുകയും ചെയ്യും. ഇപ്പോള്‍ ശരീരോഷ്മാവ് കൂടുകയാണ് ചെയ്തതെങ്കില്‍ ഹൈപോതലാമസിന്റെ നിര്‍ദ്ദേശപ്രകാരം ചൂടുകുറയ്ക്കാനായി ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്. ശരീരം വിയര്‍ക്കും (Sweating)- ചൂടുകൂടുമ്പോള്‍ ശരീരത്തിന്റെ ആദ്യപ്രതികരണം ഇതാണ്. ഈ വിയര്‍പ്പുതുള്ളികള്‍ ബാഷ്പീകരിക്കാന്‍ ശരീരത്തില്‍ നിന്നും ചൂട് വലിച്ചെടുക്കുകയും അതിലൂടെ ശരീരോഷ്മാവ് കുറയുകയും ചെയ്യും. രക്തക്കുഴലുകളുടെ വികാസം (Vasodilatation)- തൊലിപ്പുറത്തെ വളരെ ചെറിയ രക്തക്കുഴലുകള്‍ (capillaries) വികസിക്കുകയും അവയിലേക്ക് രക്തമൊഴുക്ക് കൂടുകയും ചെയ്യും. രക്തത്തിലെ ചൂട് റേഡിയേഷന് വഴി പുറംതള്ളാന്‍ ഇതിലൂടെ ശരീരത്തിന് കഴിയും. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ തോത് (Rate of Metabolism) കുറയും. ഇനി അഥവാ ശരീരോഷ്മാവ് താണുപോകുകയാണ് ചെയ്തതെങ്കില്‍ ഹൈപോതലാമസ് ഇടപെട്ട് അത് കൂട്ടാന്‍ നോക്കും. ദാ ഇങ്ങനെ. വിയര്‍ക്കുന്നത് തടയും രക്തക്കുഴലുകള്‍ സങ്കോചിക്കും (Vasoconstriction) താപോല്‍പ്പാദനം (Thermogenesis) വര്‍ദ്ധിക്കും - നമ്മുടെ പേശികള്‍ക്കും തലച്ചോറിനും മറ്റു അവയവങ്ങള്‍ക്കും ഉപാപചയപ്രക്രിയകളിലൂടെ താപം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പേശികള്‍ക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും ശേഷിയുള്ളത്. കൊഴുപ്പു സൂക്ഷിക്കുന്ന അഡിപ്പോസ് കലകളില്‍ നിന്നും ഇങ്ങനെ താപോല്‍പ്പാദനം നടത്താറുണ്ട്. ഹോര്‍മോണല്‍ തെര്‍മോജെനസിസ് (Hormonal Thermogenesis)- ശരീരോഷ്മാവ് തീരെ കുറയുമ്പോള്‍ തൈറോയിഡ് ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ പുറന്തള്ളും. ഈ തൈറോക്സിന്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടുകയും അധികം ചൂട് ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. 2. പനി വരുന്നത് എങ്ങനെയാണ്? പനി വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം എന്തെങ്കിലും മറുപടി ഉണ്ടാകും അല്ലേ? ജലദോഷമെന്നോ എലിപ്പനിയെന്നോ ടൈഫോയിഡെന്നോ അല്ലെങ്കില്‍ വൈറല്‍ ഫീവറെന്നോ അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മള് പറയും. പനി വരാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ടെന്നും അണുബാധയാണ് അതിലേറ്റവും സാധാരണം എന്നും നമുക്കറിയാം. പക്ഷെ ഒരു അണുബാധ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഈ പനി വരുന്നതെന്ന് ചോദിച്ചാലോ?!! അവിടെ, ആദ്യം നമ്മള് മനസിലാക്കേണ്ടത് പനി ഒരു രോഗമല്ലാ, അതൊരു രോഗലക്ഷണം മാത്രമാണ് എന്നതാണ്. ഒരുപാട് രോഗങ്ങളുടെ പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രം. ഒരു രോഗാണുവോ മറ്റോ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ രക്തത്തിലെ പോലീസുകാരായ ശ്വേതരക്താണുക്കളുടെ നേതൃത്വത്തില്‍ നമ്മുടെ പ്രതിരോധസംവിധാനം അവയെ ആക്രമിക്കും. തുടര്‍ന്ന് ശരീരം യുദ്ധഭൂമിയും അവര്‍ പോരാളികളുമായി മാറും. യുദ്ധത്തിനുള്ള ആയുധങ്ങള്‍ പക്ഷെ അമ്പും വില്ലുമൊന്നുമല്ല, രാസസംയുക്തങ്ങള്‍ ആയിരിക്കും. ശരിക്കുമൊരു രാസയുദ്ധം (Chemical Warfare). പനിക്ക് കാരണമാകുന്നത് പലപ്പോഴും വൈറസില്‍ നിന്നോ ബാക്റ്റീരിയയില്‍ നിന്നോ നമ്മുടെ ശരീരകോശങ്ങളില്‍ നിന്നോ രക്തത്തില്‍ കലരുന്ന ഇത്തരം രാസവസ്തുക്കളാണ്. പനികാരികളായ ഇത്തരം സംയുക്തങ്ങളെ പൊതുവേ ”പൈറോജനുകള്‍” എന്നാണ് പറയുന്നത്. അവയില്‍ ഏറ്റവും പ്രധാനം IL-1, IL-6, TNF-alpha, INTERFERON എന്നൊക്കെ പറയുന്നവയാണ്. ഈ പൈറോജനുകള്‍ ശരീരത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ E2 (PGE2) വിന്റെ ഉല്‍പ്പാദനം കൂട്ടും. ഇങ്ങനെ അധികമുണ്ടാകുന്ന PGE2 രക്തത്തിലൂടെ ചെന്ന് ഹൈപോതലാമസിലെ താപനിയന്ത്രണകേന്ദ്രത്തില് സെറ്റ് ചെയ്ത് വച്ചേക്കുന്ന 36.8 ഡിഗ്രീ സെല്‍ഷ്യസ് എന്നത് തിരുത്തി, അല്‍പ്പം കൂടിയ സംഖ്യയാക്കും. ഉദാഹരണത്തിന് അത് 40 ഡിഗ്രീസെല്‍ഷ്യസ് എന്നാക്കിയെന്നിരിക്കട്ടെ. അപ്പോള്‍ തലച്ചോര്‍ നാല്പ്പതാണ് ശരിക്കും വേണ്ട ശരീരോഷ്മാവ് എന്നു തെറ്റിദ്ധരിക്കുകയും, മേല്‍ സൂചിപ്പിച്ച വഴികളിലൂടെ ശരീരോഷ്മാവ് കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ ചൂടുകൂടും. അപ്പോള്‍ നമ്മള് പറയും പനിപിടിച്ചുവെന്ന്. 3. പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയല്ലേ ചെയ്യുന്നത്. പിന്നെന്താ, പനി വരുമ്പോള്‍ നമുക്ക് തണുപ്പും വിറയലുമൊക്കെ തോന്നുന്നത്? പലരും ചെറിയ പനിയൊക്കെയാണെങ്കില്‍ തനിയെ മാറുമെന്നുകരുതി നോക്കിയിരിക്കും. കുറച്ചുകഴിയുമ്പോ നല്ല കുളിരും വിറയലുമൊക്കെ വരുമ്പോഴാണ്, ഇനി രക്ഷയില്ലാ, ആശുപത്രിയില്‍ പോകാമെന്ന് കരുതുന്നത്. ശരിയാണ്, പനിയ്ക്കുമ്പോള്‍ ശരീരം ചൂടാകുകയാണ് ചെയ്യുന്നത്. പിന്നെങ്ങനെ നമുക്ക് കുളിരുന്നു? പിന്നെന്തിന് നമ്മള് വിറയ്ക്കുന്നു? ഇതിനുള്ള ഉത്തരവും മുമ്പ് പറഞ്ഞതുതന്നെയാണ്. പൈറോജെനുകള് ഹൈപോതലാമസിലെ കല്പ്പിതതാപനില ഉയര്‍ത്തുന്നുവെന്ന് പറഞ്ഞല്ലോ. ആ ഉയര്‍ന്ന താപനിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലുള്ള ശരീരോഷ്മാവ് കുറവാണ്. തലച്ചോര്‍ അതിനെ കുളിരായി അടയാളപ്പെടുത്തും. നമുക്ക് തണുപ്പനുഭവപ്പെടും. ഉടനെ ഹൈപോതലാമസ് ശരീരോഷ്മാവ് ഉയര്‍ത്താനുള്ള വഴികള്‍ തേടും. അതില്‍ ഏറ്റവും ഗുണപ്രദമായരീതി പേശികളെ അതിവേഗം സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും (Contraction and Relaxation) ചെയ്യുക എന്നതാണ്. ഒരു സെക്കന്‍ഡില്‍ തന്നെ നിരവധി പ്രാവശ്യം ഈ സങ്കോചവും വികാസവും നടക്കുമ്പോള്‍ നമുക്കത് വിറയലായി അനുഭവപ്പെടും. എല്ലാം തലച്ചോറിന്റെ കളികളാണ്. 4. അങ്ങനെ തലച്ചോറാണ് ചൂട് കൂട്ടുന്നതെങ്കില് പാരസെറ്റമോള്‍ കഴിച്ചുകഴിയുമ്പോള്‍ പനി കുറയുന്നതെങ്ങനെ? പാരസെറ്റമോള്‍ തലച്ചോറില്‍ പോയി പനി കുറയ്ക്കുമോ? ഒരിക്കലുമില്ല. ഇതിനും ഉത്തരം മുകളില്‍ പറഞ്ഞതുതന്നെ. പക്ഷെ അതിനുമുമ്പ് പാരസെറ്റമോള്‍ അല്ലെങ്കില്‍ അതുപോലുള്ള ആന്റിപൈറെറ്റിക് (Antipyretic) മരുന്നുകള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നറിയണം. ഇവ മുമ്പ് പറഞ്ഞ പ്രധാന പനികാരിയായ (Pyrogen) PGE2 വിന്റെ ഉല്‍പ്പാദനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ PGE2 വിന്റെ രക്തത്തിലെ അളവ് താണുപോകും. അതുകാരണം ഹൈപോതലാമസില് PGE2 മുഖേന ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന ഊഷ്മനില പഴയപടി (അതായത് 36.8°C) ആയി താഴും. അങ്ങനെ ആകുമ്പോള്‍ ശരീരതാപനില ആ അവസ്ഥയിലേക്ക് കുറച്ചുകൊണ്ടുവരാന്‍ വേണ്ടി തലച്ചോര്‍ ആജ്ഞാപിക്കും. ശരീരം വിയര്‍ക്കും. തുടര്‍ന്ന് പനി കുറയുകയും ചെയ്യും. അതുകൊണ്ടാണ്, “ഹോ.. ഒന്ന് വിയര്‍ത്തല്ലോ.. ഇനിയങ്ങു കുറഞ്ഞോളും” എന്ന് പണ്ടുള്ളവര്‍ പറയുന്നത്. 5. പനി വരുമ്പോ ശരീരവേദന വരുന്നതിന്റെ കാരണം എന്താണ്? പനിയെന്നു പറയുന്നത് രാവും പകലുമില്ലാതെ നടക്കുന്ന ഒരു രാസയുദ്ധത്തിന്റെ ഫലമാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ആ യുദ്ധഭൂമിയാണ് ശരീരം. ഒരു യുദ്ധം നടക്കുമ്പോള്‍ യുദ്ധഭൂമിക്കും അതിലെ വസ്തുവകകള്‍ക്കും ആയുധങ്ങളേറ്റും യുദ്ധാവശിഷ്ടങ്ങള്‍ കൊണ്ടും കേടുപാടുകള്‍ സംഭവിക്കും. അതാണ് ഇവിടെയും സംഭവിക്കുന്നത്. PGE2 വും മറ്റു സൈറ്റോകൈനുകളും (Cytokines - IL-1,6, TNF) പേശികളിലും സന്ധികളിലുമൊക്കെ ചെന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പരിണതഫലമാണ് ശരീരവേദനയും സന്ധിവേദനയുമൊക്കെ. 6. അങ്ങനെയാണെങ്കില്‍ എല്ലാ പനിയുടെയും കൂടെ ശരീരവേദനയും വരണ്ടേ? അങ്ങനെ കാണാറില്ലല്ലോ..? അതും ശരിയാണ്. അറിയാവുന്നതും അറിയപ്പെടാത്തതുമായ പല കാരണങ്ങള്‍ കൊണ്ടും മിക്ക രോഗാണുക്കളും നമ്മുടെ രോഗപ്രതിരോധശേഷിയെ പൂര്‍ണ്ണമായി ഉദ്ദീപിപ്പിക്കാറില്ല. ഓരോ രോഗാണുവും ഓരോ അളവിലായിരിക്കും ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കുന്നത്. അതുതന്നെ ചിലത് വളരെ പതുക്കെയും ചിലത് അതിവേഗത്തിലും ആയിരിക്കും. ഉദാഹരണത്തിന് ജലദോഷം ഉണ്ടാക്കുന്നതും ഡെങ്കിപ്പനി ഉണ്ടാക്കുന്നതും വൈറസുകളാണ്. യോദ്ധാക്കളും ആയുധങ്ങളും ഒക്കെ ഏതാണ്ട് ഒരുപോലെതന്നെ. പക്ഷെ യുദ്ധമുറ മാത്രം വേറെ. ജലദോഷം പോലെ അതിസാധാരണമായ ഒരു അണുബാധയില്‍ ഡെങ്കിപ്പനിയുടേത് പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ പറ്റി വെറുതെ ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ പ്രതിരോധവ്യവസ്ഥ രോഗാണുവിനോട് പ്രതികരിക്കുന്നതെങ്ങനെ എന്നതനുസരിച്ചിരിക്കും അതിന്റെ ഫലവും. ആ ഒരു വ്യത്യാസം ഈ പറയുന്ന രോഗലക്ഷണങ്ങളിലും ഉണ്ടാകും. ശരീരവേദന, പ്രധാനമായും നടുവേദനയും സന്ധിവേദനകളും വായ കയ്പ്പുമൊക്കെ വൈറല്‍ പനികളിലാണ് ബാക്റ്റീരിയല്‍ പനികളേക്കാള്‍ കൂടുതലായി കാണപ്പെടുന്നത്. വൈറല്‍ അണുബാധ ഉണ്ടാകുമ്പോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്റര്‍ഫെറോണിന് (Interferon) ഈ സവിശേഷതയുമായി ബന്ധമുണ്ടോയെന്നും സംശയിക്കപ്പെടുന്നു. 7. ഒരു പനി വരുമ്പോള്‍ അത് വൈറല്‍ പനി ആണോ ബാക്റ്റീരിയല്‍ പനി ആണോ എന്ന് പരിശോധനകള്‍ ഇല്ലാതെ അറിയാന്‍ പറ്റുമോ? വൈറല്‍ പനിയാണ് ബാക്റ്റീരിയല്‍ പനിയേക്കള്‍ സാധാരണം. പലപ്പോഴും ഒരു ബാക്റ്റീരിയല്‍ അണുബാധ ഉണ്ടാകുന്നതിന് മുന്നേ ഒരു വൈറല്‍ പനി വരികയും, അതുകാരണം ശരീരത്തിന്റെ പ്രതിരോധശേഷി അല്‍പ്പമൊന്നു കുറയുമ്പോള്‍ അവിടേയ്ക്ക് ബാക്റ്റീരിയ കടന്നുകയറി രോഗമുണ്ടാക്കുകയും ചെയ്യാറുണ്ട്. ജലദോഷത്തില്‍ തുടങ്ങി കടുത്ത തൊണ്ട വേദനയിലേക്കും പനിയിലേക്കും രോഗം കൂടിയ അനുഭവം പലര്‍ക്കും ഉണ്ടാകും. രോഗലക്ഷണങ്ങളിലെ ചില സൂചനകളില്‍ നിന്നും ഒരു പരിധിവരെ ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കും. പനിയ്ക്കുന്നതിനു മുമ്പോ പനിയോടൊപ്പമോ ഉള്ള ശരീരവേദന, ആകെയൊരു ക്ഷീണാവസ്ഥ ഒക്കെ വൈറല്‍ പനിയിലാണ് കൂടുതല്‍. തുടക്കത്തിലേ കടുത്ത പനിയുണ്ടെങ്കില്‍ അത് ബാക്റ്റീരിയല്‍ പനിയാകാനുള്ള സാധ്യതയുണ്ട്. മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, ചെറിയ തൊണ്ടവേദനയൊക്കെ ആണെങ്കില്‍ വൈറല്‍ ആകാനാണ് സാധ്യത, പലപ്പോഴും രണ്ടും ഒരുമിച്ചു കാണാറുണ്ടെങ്കിലും. പനിയോടൊപ്പം ഏതെങ്കിലും ഒരു ശരീരഭാഗത്ത് മാത്രമാണ് പനിയ്ക്ക് കാരണമായ രോഗാവസ്ഥ (ഉദാ: തൊണ്ടവേദന മാത്രം, മുറിവില്‍ ഉണ്ടാകുന്ന പഴുപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന/ പുകച്ചില്‍ etc) ഉള്ളതെങ്കില്‍ അത് ബാക്റ്റീരിയല്‍ ആയിരിക്കും. വിശപ്പില്ലായ്മ, ശരീരത്തില്‍ ചുവന്ന പാടുകള്‍ ഒക്കെ രണ്ടിലും ഉണ്ടാകുമെങ്കിലും വൈറല്‍ രോഗങ്ങളിലാണ് അധികവും ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ഡോക്ടറെ കണ്ടുതന്നെ തീരുമാനം എടുക്കണം. പഴയകാലത്തെ ഉഗ്രപ്രതാപികളായിരുന്ന പല ബാക്റ്റീരിയല്‍ രോഗങ്ങളും ആന്റിബയോട്ടിക്കുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെങ്കിലും അതിലും ഭയങ്കരന്മാരായ വൈറസുകള്‍ രംഗപ്രവേശം ചെയ്യുകയും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ, വൈറസും ബാക്റ്റീരിയയും മാത്രമല്ല, വേറെയും ധാരാളം കാരണങ്ങളുണ്ടല്ലോ പനി വരാന്‍. 8. ഈ പനി വരുമ്പോള്‍ വല്ലാണ്ട് ദാഹിക്കുന്നു. മൂത്രത്തിന്റെ അളവ് കുറയുന്നു. മൂത്രം കടുത്തനിറമാകുന്നു. ഇതൊക്കെ എന്തുകൊണ്ടാണ്? പനി വരുമ്പോള്‍ താപോല്പ്പാദനത്തിനായി ശരീരത്തിലെ ഉപാപചയ പ്രക്രിയകളുടെയെല്ലാം വേഗതയും തോതും വര്‍ദ്ധിക്കും. ഇതിനെല്ലാം ധാരാളം ജലം ആവശ്യമാണ്. ഒപ്പം ചൂടുകൂടുമ്പോള്‍ ശരീരത്തില്‍ നിന്നും ബാഷ്പീകരിച്ചു പോകുന്ന ജലത്തിന്റെയും അളവുകൂടും. ഇതിന്റെയൊക്കെ ഫലം നിര്‍ജ്ജലീകരണം ആണ്. ഇതൊക്കെയാണ് ദാഹത്തിനുകാരണം. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നുവെന്ന് കാണുമ്പൊള്‍ വൃക്കകള്‍ മൂത്രത്തിന്റെ അളവ് കുറയ്ക്കും. സാന്ദ്രത കൂടിയ മൂത്രം കടുത്ത നിറത്തില്‍ കാണപ്പെടുകയും ചെയ്യും. അതുകൊണ്ട് പനിയുടെ സാധ്യത കാണുമ്പൊള്‍ മുതല്‍ തന്നെ ധാരാളം ശുദ്ധജലം കുടിയ്ക്കണം. 9. മഴ നനഞ്ഞാല്‍ പനി വരുന്നത് എന്തുകൊണ്ടാണ്? പേടിച്ചാല്‍ പനി വരുമോ? മഴ നനയുന്നതും പനിയും തമ്മില്‍ അങ്ങനെ കൃത്യമായ ബന്ധമൊന്നും ഇല്ല. മഴ നനയുന്നവര്ക്കെല്ലാം പനി വരുന്നില്ലല്ലോ. പിന്നെ ഒരുപാട്നേരം മഴ നനയുമ്പോള്‍ ശരീരം തണുക്കുകയും അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ചൂടുല്പ്പാദിപ്പിക്കുകയും ചെയ്യും ശരീരം. ചിലരില്‍ മാത്രം അത് പനിപോലെ തോന്നിക്കും. ആ ചൂട് സാധാരണയായി 99 ഡിഗ്രീ ഫാരെന്‍ഹീറ്റിന് (37.4 ഡിഗ്രീ സെല്‍ഷ്യസ്) മുകളില്‍ പോകാറില്ല. പലപ്പോഴും ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുകയും ചെയ്യും. അതില്‍ കൂടുതല്‍ നില്ക്കുന്നുണ്ടെങ്കില് അല്ലെങ്കില്‍ കടുത്ത പനിയുണ്ടെങ്കില്‍ എന്തോ അണുബാധ ഉണ്ടായിട്ടുണ്ട് എന്നുവേണം കരുതാന്‍. ഒരു ഡോക്ടറെ കാണുക. പുതുമഴ നനയരുതെന്നു പണ്ടുള്ളവര്‍ പറയാറുണ്ട്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ ധാരാളം അണുക്കള്‍ ഉണ്ടാകും. അതൊക്കെ മഴവെള്ളത്തിലൂടെ ശരീരത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആകണം അങ്ങനെ പറയുന്നത്. മറ്റൊന്ന്, മഴക്കാലത്ത് ശരീരോഷ്മാവ് താഴുന്നത് കാരണം വൈറല്‍ രോഗങ്ങള്‍ കൂടുതലായി പിടിപെടാന്‍ സാധ്യതയുണ്ട്. പ്രതിവിധി പക്ഷെ മഴ നനയാതിരിക്കുകയല്ലാ, പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമൊക്കെ കഴിച്ചു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ്. പേടി കാരണവും പനി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ഇല്ലെന്നും. പേടി കാരണം ഉണ്ടാകുന്ന ഉത്കൺഠ ഒരുപാട് ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും ഒക്കെ അതിന്റെ ഭാഗമാണ്. അതുപോലെ ശരീരത്തിന്റെ ചൂടും കൂടും. പക്ഷെ കൃത്യമായി പനിയെ പേടിയുമായി ബന്ധപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. 10. ചിലരുടെ ശരീരം എപ്പോഴും പനിയുള്ളതുപോലെ ചൂടായിരിക്കുമല്ലോ. അതെന്തുകൊണ്ടാണ്? ചിലരുടെ ശരീരം അങ്ങനെയാണ്. എപ്പോഴും ചൂട്. അങ്ങനെ ഉള്ളവരുടെ ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് പ്രധാനമായും ബ്രൌണ്‍ ഫാറ്റായിട്ടായിരിക്കും. ഈ വക കൊഴുപ്പുകോശങ്ങളില്‍ (Adipose Cells) മൈറ്റോകൊണ്ട്രിയ എന്ന കോശാവയവം എണ്ണത്തില്‍ വളരെയധികം കാണും. അതുകാരണം അവര്‍ എപ്പോഴും ഉപാപചയപ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും (Metabolically Active). അതുവഴി കൂടുതല്‍ ചൂട് ഉല്‍പ്പാദിപ്പിക്കപ്പെടും. നവജാതശിശുക്കളിലും ഇതേ ബ്രൌണ്‍ ഫാറ്റാണുള്ളത്. അതുകൊണ്ടാണ് കുഞ്ഞുങ്ങളുടെ ശരീരം ചൂടായിത്തന്നെ ഇരിക്കുന്നത്. മറ്റുള്ളവരില്‍ അത് മൈറ്റോകോണ്ട്രിയ കുറഞ്ഞ വൈറ്റ് ഫാറ്റ് ആയിരിക്കും. 11. അപ്പൊ, എല്ലാ ചൂടും പനിയല്ലാ, ല്ലേ..? അല്ലാ.. പനിയല്ലാതെ ശരീരം അമിതമായി ചൂടാകുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍തെര്‍മ്മിയ (Hyperthermia) എന്നാണ് പറയുന്നത്. ഹൈപ്പര്തെര്മിയയില് ഹൈപോതലാമസിലെ കല്‍പ്പിത ഊഷ്മനിലയ്ക്ക് വ്യതിയാനമൊന്നും വരുന്നില്ല. പൈറോജനുകളുടെ ഇടപെടല്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പക്ഷെ ചൂട് കൂടും. കാരണങ്ങള്‍ പലതാണ്. ഒരുപാട് നേരം ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുക, തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കൂടുക, സൈക്കോസിസിനും മറ്റും കഴിക്കുന്ന ചില മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലം, മയക്കുമരുന്നുപയോഗം , അപസ്മാരം, തലച്ചോറിലെ രക്തസ്രാവം അങ്ങനെ നിരവധി കാരണങ്ങള്‍. ഇപ്പൊ നമ്മുടെ നാട്ടില്‍ സാധാരണമായ സൂര്യാഘാതം ഈ ഹൈപ്പര്‍തെര്‍മിയയ്ക്ക് ഉദാഹരണമാണ്. എല്ലാ പനിയും നിസാരമല്ലെന്ന് നമുക്കറിയാം. എന്നാലും മിക്ക പനികളും താനേ മാറുന്നവയുമാണ്. പക്ഷെ, നിസാരമായ ഒരു പനി വരണമെങ്കില്‍ തന്നെ ഏതെല്ലാം അവയവങ്ങള്‍, എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നു ഇപ്പൊ മനസിലായില്ലേ. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, പനി ഒരു രോഗമല്ലാ, രോഗലക്ഷണം മാത്രമാണ്. പനിയുണ്ടാകുന്നത്, ചൂടുകൂട്ടി രോഗാണുക്കളെ തുരത്താനുള്ള ശരീരത്തിന്റെ ശ്രമമാണെന്നൊക്കെ ശാസ്ത്രലോകം സംശയിച്ചിരുന്നെങ്കിലും അങ്ങനെയൊന്നുമല്ലാ എന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല PGE2 അധികമുണ്ടാകുന്നത് നമ്മുടെ ഇമ്മ്യൂണിറ്റിയെ തളര്‍ത്തുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പല പ്രകൃതിചികിത്സകരും വ്യാജന്മാരും പനിയ്ക്ക് ചികിത്സ വേണ്ടാ, പനി വരുന്നത് നല്ലതാണ്, ചികിത്സിക്കുന്നത് ദോഷമാണെന്നൊക്കെ വാദിക്കുന്നുണ്ട്. അതൊക്കെ വ്യാജപ്രചാരണങ്ങള്‍ മാത്രം. ഡോക്ടറെ കാണുകയും ചികിത്സ വേണ്ടതാണെങ്കില്‍ ചികിത്സിക്കുകയും തന്നെ ചെയ്യണം. ലേഖനത്തിന്റെ വലിപ്പം കൂടുന്നതിനാല്‍ പനിയെപ്പറ്റി ഏറ്റവും സാധാരണമായ ചില കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. പനിവിശേഷങ്ങള് ഇനിയും ധാരാളമുണ്ട്. ഇത്രയൊക്കെ പറഞ്ഞുതന്ന സ്ഥിതിയ്ക്ക് ഒരു ചോദ്യം അങ്ങോട്ടു ചോദിക്കാം. ശരാശരി അന്തരീക്ഷ താപനില 25-30 ഡിഗ്രീസെല്‍ഷ്യസ് ആണല്ലോ. നമ്മുടെ ശരീരോഷ്മാവ് 37 ഡിഗ്രീസെല്ഷ്യസും. ശരിക്കും നമുക്കത് തണുപ്പായനുഭവപ്പെടേണ്ടതാണ്. അതുണ്ടാകുന്നില്ല. എന്ന് മാത്രമല്ല, അന്തരീക്ഷതാപം ശരാശരിക്കു മുകളില്‍ പോയാലോ, നമുക്ക് കടുത്ത ചൂടനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. പാള്‍സി പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ മുഖത്തിന് ഒരു വശത്തുള്ള പേശികളുടെ ചലനശേഷി നഷ്ടപ്പെടുന്ന (PARALYSIS) അവസ്ഥയാണ് BELLS PALSY തലച്ചോറില്‍ നിന്നും മുഖത്തെ പേശികളിലെക്കുള്ള ഞരമ്പില്‍ വൈറസ് ബാധ ഉണ്ടാകുകയോ, അതിന്റെ പാതയില്‍ നീര് വയ്ക്കുകയോ ചെയ്യുന്നതാണ് ഈ രോഗം വരാനുള്ള കാരണം. HERPES ZOSTER എന്ന വൈറസിനെ ആണ് രോഗകാരിയായി കരുതുന്നതെങ്കിലും മറ്റ് ചില അസുഖങ്ങളുടെ ഭാഗമായും ഇതേ രോഗ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഉദാ: 1. പ്രായമായവരില്‍ പക്ഷാഘാതത്തോടൊപ്പം (HEMIPLEGIA) 2. ചെവിയില്‍ പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ (MIDDLE EAR INFECTION) 3. ആക്സിഡെന്റിലോ മറ്റോ ചെവിയുടെ ഭാഗത്തെ എല്ലിനു (TEMPORAL BONE) പൊട്ടല്‍ ഉണ്ടാകുക, തുടങ്ങിയവ.. (ലക്ഷണങ്ങള്‍ ഒരുപോലെ ആണെങ്കിലും ഇവയൊന്നും ബെല്‍സ് പാള്‍സിയുടെ കൂട്ടത്തില്‍ പെടില്ല.) ലക്ഷണങ്ങള്‍ BELLS PALSY വരുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗലക്ഷണങ്ങള്‍ മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണൂ., വായ ഒരു വശത്തേക്ക് കോടിയിരിക്കുക മറുവശത്തെ കണ്ണ് പൂര്‍ണമായും അടക്കുവാനുള്ള ബുദ്ധിമുട്ട്. ഉമിനീരും കഴിക്കുന്ന ഭക്ഷണവും വെള്ളവും വായുടെ ഒരു വശത്ത് കൂടെ ഒളിച്ചിറങ്ങുക ചവക്കാനോ, ചിരിക്കാനോ ഉള്ള ബുദ്ധിമുട്ട്. ചിലരില്‍ തലവേദന, രുചിയില്ലായ്മ, കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കുന്നത് കൊണ്ടുള്ള അസ്വസ്ഥത എന്നിവയും കാണാറുണ്ട്.. രോഗനിര്‍ണയം ഈ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ നോക്കി , മറ്റു പരിശോധനകള്‍ ഇല്ലാതെ തന്നെ രോഗനിര്‍ണയം നടത്താവുന്നത് ആണ്..എന്നാല്‍ പ്രയമായവരിലും മറ്റുള്ളവരിലും ഒരു സി.ടി സ്കാന്‍ വഴി മറ്റു രോഗങ്ങളുടെ ഭാഗമല്ല ഇത് എന്ന് ഉറപ്പിക്കാവുന്നതാണ്. ചികിത്സ ചികിത്സ ഇല്ലാതെ തന്നെ ഇത് ഭേദമാകാറുണ്ടെങ്കിലും അതിനു ദീര്‍ഘനാള്‍ വേണമെന്നതിനാല്‍ തുടക്കത്തിലേ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം. ഹ്രസ്വകാലത്തേക്കുള്ള STEROID THERAPY ആണ് പ്രധാനമായും ഇതിന്റെ ചികിത്സ. രോഗകാരണം ഹെര്‍പസ് വൈറസ് ആയതിനാല്‍ ANTIVIRAL മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഫലപ്രദമാണ്. കണ്ണുകളുടെ സുരക്ഷക്ക് കൃത്രിമ കണ്ണുനീര് ഉപയോഗിക്കാം. മുഖപേശികള്‍ക്ക് വ്യായാമം (FACIAL PHYSIOTHERAPY) കൊടുക്കുന്നത് ചികിത്സ ത്വരിതപ്പെടുത്താന്‍ സഹായിക്കും. _________________________________________________________________________________ മനസ്സിലാക്കേണ്ടത്, ഏതു പ്രായത്തിലും വരാവുന്ന ഒരു സാധാരണ രോഗം മാത്രമാണ് BELLS PALSY ഇത് കാന്‍സറിന്റെയോ ഞരമ്പ് സംബന്ധമായ മാരക രോഗങ്ങളുടെയോ ഭാഗമല്ല. തുടക്കത്തിലേ ചികിത്സിച്ചാല്‍ വളരെ വേഗം , പൂര്‍ണമായും ഭേദപ്പെടുത്താവുന്ന രോഗമാണ്. കരള്‍ രോഗങ്ങള്‍ മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന് തലമുറകളില്‍ നിന്നും തലമുറകളിലേക്ക് തന്റെ അറിവുകളും സംസ്കാരവും ഭാഷയും വേഷവിധാനങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. പക്ഷെ , തലമുറകള്‍ മാറുമ്പോള്‍ അവന്റെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ മറ്റു ജീവികളില്‍ കാണാത്ത പല ജീവിതശൈലീ രോഗങ്ങളും മനുഷ്യായുസ്സിന്റെ ഒഴിവാക്കാനാകാത്ത സഹചാരിയായി മാറുകയും ചെയ്യുന്നു. അമിതരക്തസമ്മര്‍ദവും പ്രമേഹവും ഹൃദയാഘാതവും പോലെ തന്നെ പ്രധാനപ്പെട്ട ജീവിതശൈലീരോഗങ്ങളില്‍ കരള്‍ രോഗവും പെടും. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വളരെ സാധാരണമായ ചില കരള്‍രോഗങ്ങളിലേക്ക് ഒരു എത്തിനോട്ടം. കരള്‍ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. വലിപ്പം പോലെ തന്നെ ശരീരത്തിന്റെ സുഗമവും ആരോഗ്യകരവുമായ പ്രവര്‍ത്തനത്തിന് ഒരുപാട് ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട് കരള്‍. കരളിന്റെ ധര്‍മ്മങ്ങള്‍ കരള്‍ ഒരു ഫാക്ടറി പോലെ ആണ്. ആഹാരത്തിലൂടെ ലഭിക്കുന്ന ഭക്ഷണ ഘടകങ്ങള്‍ ശേഖരിച്ചു, ഉപയോഗമില്ലാത്തവയെ പുറംതള്ളി, മറ്റുള്ളവ വിവിധ ശരീര കോശങ്ങള്‍ക്ക് വേണ്ട വൈവിധ്യമാര്‍ന്ന ഘടകങ്ങളാക്കി മാറ്റുന്നത് കരളാണ്. കരളിന്റെ ചില പ്രധാന ധര്‍മ്മങ്ങള്‍ ഇവയാണ്. ആഹാരത്തിലെ കൊഴുപ്പിന്റെ ദഹനത്തിനും ആഗിരണത്തിനും അത്യാവശ്യമായ ബൈലിന്റെ നിര്‍മ്മാണം മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാനും , രക്തക്കുഴലിനുള്ളില്‍ വച്ച് രക്തം കട്ടപിടിക്കാതിരിക്കാനും ഉള്ള വിവിധ ഘടകങ്ങളുടെ നിര്‍മ്മാണം ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജ്ജം ഗ്ലൈക്കൊജനാക്കി സൂക്ഷിക്കുകയും, ആവശ്യമുള്ളപ്പോള്‍ ഗ്ലുക്കോസ് രൂപത്തില്‍ തിരികെ നല്‍കുകയും ചെയ്യുക. രോഗപ്രതിരോധശേഷി നല്കുന്ന വിവിധ ഘടകങ്ങളുടെ നിര്‍മാണം. ഉദാ: ഗ്ലോബുലിന്‍ കൊളസ്ട്രോള്‍ നിര്‍മ്മാണം ശരീരത്തിന് ഹാനികരമായ വിസര്‍ജ്യവസ്തുക്കളെ ഹാനികരമല്ലാതാക്കി അവയുടെ പുറംതള്ളല്‍ എളുപ്പമാക്കുക. ഉദാ: അമ്മോണിയ യൂറിയ ആക്കുന്നു. കഴിക്കുന്ന എല്ലാ മരുന്നുകളുടെയും അപചയം. ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറംതള്ളുക. കരളിനെ ബാധിക്കുന്ന ചെറിയ രോഗങ്ങള്‍ പോലും ഈ പ്രക്രിയകളെ എല്ലാം താളം തെറ്റിക്കുകയും മറ്റു അവയവങ്ങളുടെ കാര്യക്ഷമതയെയും അത് ബാധിക്കുമെന്നും ഇപ്പോള്‍ മനസ്സിലായില്ലേ. കരള്‍ രോഗികളില്‍ പൊതുവായി കാണുന്ന ലക്ഷണങ്ങള്‍ വിശപ്പില്ലായ്മ ഓക്കാനം ശര്‍ദ്ദി വയറിന്റെ വലത് ഭാഗത്ത് വേദന മഞ്ഞപ്പിത്തം(Jaundice) സ്ഥിരമായ ക്ഷീണം ഭാരം കുറയുക എന്നിവ പ്രധാന കരള്‍ രോഗങ്ങളും കാരണവും 1.Alcoholic Liver Disease(മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍രോഗം) അമിത മദ്യപാനമാണ് ഇന്ന് കരള്‍ രോഗങ്ങള്‍ വരാനുള്ള പ്രധാന കാരണം a)Alcoholic Fatty Liver മദ്യപാനികളില്‍ ആദ്യകാലങ്ങളില്‍ കരളില്‍ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന അസുഖമാണിത്. ഈ അവസ്ഥയില്‍ മദ്യപാനം നിര്‍ത്തുകയും ആവശ്യം വേണ്ട മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാവുന്നതാണ്. b)Alcoholic Hepatitis രോഗത്തിന്റെ രണ്ടാമത്തെ ഘട്ടമാണിത്. കരളിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്ന ഈ അവസ്ഥയില്‍ കരളിന്റെ പ്രവര്‍ത്തനക്ഷമതയെ അത് ബാധിക്കുകയും മുമ്പ് പറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യും. c)Cirrhosis Liver കരള്‍ കോശങ്ങള്‍ എല്ലാം നശിച്ചു കരള്‍ ഒരു പാഴ്വസ്തുവായി മാറുന്ന അവസ്ഥ. കരളിലെ കാന്‍സറിനും ഇത് കാരണം ആയേക്കാം. 2.വൈറല്‍ ഹെപ്പറ്റൈറ്റിസ് വിവിധ തരം വൈറസ് അണുബാധ കാരണം കരള്‍ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണിത്. Hepatitis-A, Hepatitis-E എന്നിവ മലിനമായ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ ആണ്. സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാകാറില്ല. പാചകം ചെയ്യുമ്പോഴുള്ള വൃത്തിയും, മലമൂത്ര വിസര്‍ജനത്തിനു ശേഷവും, ആഹാരം കഴിക്കുന്നതിനു മുമ്പും സോപ്പിട്ട് കൈ കഴുകുന്നതും ഇത് പകരുന്നത് തടയാന്‍ സഹായിക്കും. Hepatitis-A ക്ക് എതിരെ പ്രതിരോധ കുത്തിവയ്പ്പും ലഭ്യമാണ്. Hepatitis-B, Hepatitis-C, Hepatitis-D എന്നിവ ശരീര ശ്രവങ്ങളിലൂടെ പകരുന്നവയാണ്. അതായത് അണുവിമുക്തമാക്കാത്ത സൂചി, അസുഖമുള്ള രക്തം, ലൈംഗിക വേഴ്ച എന്നിവയിലൂടെ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സിറോസിനും കാന്‍സറിനും വരെ ഇവ കാരണമാകുന്നു. Hepatitis-B വാക്സിനേഷന് എടുക്കുന്നത് വഴി Hepatitis-B,Hepatitis-D ഒക്കെയും തടയാവുന്നതാണ്. 3.Non-Alcoholic SteatoHepatitis (മദ്യപിക്കാത്തവരിലെ കരള്‍ വീക്കം) മറ്റുപല കാരണങ്ങള്‍ കൊണ്ടും (അമിത വണ്ണം, പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുതല്‍) കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി , കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥയാണ് ഇത്. 4.കാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്ത് വരുന്ന കാന്‍സറും കരളിലേക്ക് പടരാനുള്ള സാധ്യത (metastasis) കൂടുതലാണ്. അമിത മദ്യപാനവും, Hepatitis-B, Hepatitis-C പോലുള്ള രോഗാണുക്കളും കരളില്‍ തന്നെ കാന്‍സര്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ഇവമാത്രം അല്ല. മരുന്നുകളുടെ അമിത ഉപയോഗം മൂലവും, മറ്റു പലതരം രോഗാണുക്കള്‍ കാരണവും , ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ അടിഞ്ഞു കൂടിയും ജന്മനാലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ കാരണവും ധാരാളം കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍, Hepatitis-B, Hepatitis-A തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ ഒരല്പം ശ്രദ്ധിച്ചാല്‍ വരാതെ നോക്കാവുന്ന രോഗങ്ങള്‍ മാത്രം ആണ്. കരള്‍ രോഗങ്ങള്‍ തടയുവാനുള്ള മാര്‍ഗങ്ങള്‍ ആരോഗ്യകരമായ ജീവിതരീതി *ശരിയായ ഭക്ഷണം *ആവശ്യത്തിനു വ്യായാമം *ശരീര ഭാരം നിയന്ത്രിക്കുക. മദ്യപാനം പൂര്‍ണമായും നിര്‍ത്തുക പുകവലി പാടില്ല ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പ്രായ,ദേശ,ലിംഗഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന മാരകമായ അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്നതും, ദീര്‍ഘകാലം ചികിത്സ ആവശ്യമുള്ളതും, ചികിത്സിക്കാന്‍ പ്രയാസമേറിയതും അങ്ങനെ നിരവധി വകഭേദങ്ങള്‍ തന്നെയുണ്ട്. കാന്‍സര്‍ പലപ്പോഴും നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളര്‍ത്തിക്കളയും, ഒപ്പം നമ്മുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും. നമ്മുടെ സാമ്പത്തിക അടിത്തറതന്നെ കാന്‍സര്‍ ചികിത്സയില്‍ തകരാന്‍ സാധ്യതയുണ്ട്. കാന്‍സര്‍ ചികിത്സ വളരെയധികം ചെലവേറിയതാണ്. ഈ ചികിത്സാരംഗം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നും അതുതന്നെ. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിങ്ങനെ മൂന്ന് തരം ചികിത്സാരീതികളാണ് കൂടുതലായും അവലംബിക്കുന്നത്. പലപ്പോഴും ഇവയില്‍ രണ്ടോ അതിലധികമോ രീതികള്‍ ഒരു രോഗിയില്‍ തന്നെ ആവശ്യമായി വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ചികിത്സാചെലവ് ലക്ഷങ്ങള്‍ വേണ്ടിവരും. ഭീമമായ കാന്‍സര്‍ ചികിത്സാചെലവുകളില്‍ നിന്നും ഏത് വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ഒത്തിരി ആശ്വാസം പകരുന്ന തിരുവനന്തപുരം ആര്.സി.സി.യുടെ തികച്ചും ഉപയോഗപ്രദമായ ആരോഗ്യപരിരക്ഷാ പദ്ധതിയാണ്, "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്". ഒരു തവണ മാത്രം കാശ് അടച്ച് മുമ്പ് കാന്‍സര്‍ വന്നിട്ടില്ലാത്ത ആര്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. ഇതില്‍ ചേര്‍ന്ന്, രണ്ടുവര്‍ഷം മുതല്‍ ആജീവനാന്തം നമ്മള് ഇതിന്റെ ഗുണഭോക്താവായിരിക്കും. രണ്ടുതരം പ്ലാനുകള്‍ രണ്ടു തരം പ്ലാന്‍ ആണ് ഈ പദ്ധതിയില്‍ ഉള്ളത്. പ്ലാന്‍-A യും പ്ലാന്‍-B യും. ഏറ്റവും കുറഞ്ഞത് 500 രൂപയാണ് അംഗത്വസംഖ്യ. ഓരോ പ്ലാനും ദാ, ഇങ്ങനെയാണ്, PLAN A- Membership fee is Rs.500/- per person Rs.1400/- per family of three persons* Rs.1700/- per family of four persons* Rs.2000/- per family of five persons* *FAMILY INCLUDES SPOUSE AND DEPENDENT CHILDREN ONLY. PLAN B- Membership fee is Rs.10000/-per person അഞ്ഞൂറ് രൂപ ഒറ്റത്തവണ അടച്ചു അംഗമായാല്‍ ആജീവനാന്തം 50000 (അമ്പതിനായിരം) രൂപയുടെ കാന്‍സര്‍ ചികിത്സ ലഭിക്കും. ആയിരമാണ് അടയ്ക്കുന്നതെങ്കില്‍ ഒരുലക്ഷത്തിന്റെ, 1500 ആണെങ്കില്‍ ഒന്നര ലക്ഷത്തിന്റെ,അങ്ങനെ... പ്ലാന്‍-Aയില്‍ മുകളില്‍ പറഞ്ഞപോലെ ഫാമിലി പാക്കേജും ഉണ്ട്. പ്ലാന്‍-B യില്‍ 10000 രൂപ അടച്ചുകഴിഞ്ഞാല്‍, പരമാവധി അഞ്ചുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. CCLല്‍ എങ്ങനെ ചേരാം ഇതില്‍ അംഗമാകാന്‍ വളരെ എളുപ്പമാണ്. ആര്.സി.സി.യില്‍ നേരിട്ട് ചെല്ലുകയാണെങ്കില്‍ റിസെപ്ഷനില്‍ നിന്നും ഒരു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചു നല്കി, കാശടച്ചാല്‍ അപ്പോള്‍ തന്നെ അതില്‍ അംഗമാക്കിക്കൊണ്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. തിരുവനന്തപുരത്തുള്ളവര്‍ നേരിട്ട് പോയി അംഗമാകുന്നതാണ് സൗകര്യം. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്കും, ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത്,പൂരിപ്പിച്ച്, കേരളത്തിലെ ഏത് അംഗീകൃത ബാങ്ക് വഴി കാശടച്ചും CCL ല്‍ അംഗമാകാം. കാശ് "Cancer Care for Life Account, Regional Cancer Centre, Trivandrum" എന്നപേരില്‍ ഡി.ഡി. എടുത്ത് അപേക്ഷയോടൊപ്പം ഈ അഡ്രസ്സില്‍ അയക്കണം. അഡ്രസ്സ്- DIRECTOR REGIONAL CANCER CENTRE MEDICAL COLLEGE CAMPUS TRIVANDRUM-695011 കാന്‍സര്‍ വരാതിരിക്കുന്നത് ഭാഗ്യം തന്നെയാണ്. പക്ഷെ വന്നുപോയി എന്നുകരുതി അത് ജീവിതാന്ത്യമല്ല. കാന്‍സര്‍ ചികിത്സ ഇന്ന് ഒരുപാട് മുന്നേറിയിട്ടുണ്ട്. പക്ഷെ കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ടുമാത്രം വൈദ്യശാസ്ത്രത്തിന്റെ ഈ നേട്ടങ്ങള്‍ നമുക്ക് നഷ്ടമാകരുത്. അതുകൊണ്ട് ഇത് വായിക്കുന്ന എല്ലാവരും ഈ "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍" നിങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അംഗങ്ങളാക്കി സസന്തോഷം ജീവിക്കുക.. ജീവിക്കാന്‍ പ്രേരിപ്പിക്കുക.. (റീജിയണല്‍ കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം) (ക്ഷമിക്കണം.. ഈ സ്കീം അവര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഉടന്‍ തന്നെ പുനരാരംഭിക്കും എന്നറിയുന്നു. വായനക്കാരുടെ അറിവിലേക്കായി ആര്‍ട്ടിക്കിള്‍ അതുപോലെ നിലനിര്‍ത്തുന്നു.. ഡോ.മനോജ്) ചില നട്ടെല്ല് ചിന്തകള്‍ നടുവേദന, കഴുത്തുവേദന, ഇരിക്കാന്‍ വയ്യ , നിക്കാന്‍ വയ്യ, ഇരുന്നാല്‍ എണീക്കാന്‍ വയ്യ, നടക്കാന്‍ വയ്യ തുടങ്ങിയ പ്രായമായവരില്‍ മാത്രം കണ്ടിരുന്ന നിരവധി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും സുലഭം. പക്ഷെ ഇവരാരും തന്നെ മണ്‍വെട്ടിയെടുത്ത് കിളക്കുന്നവരോ, തെങ്ങുകയറ്റക്കാരോ ഒന്നും അല്ല. മിക്കവരും അധികം മേലനങ്ങാതെ ജീവിക്കുന്നവര്‍ ആണ്. സ്കൂളില്‍ എന്റെ സഹപാഠിയായിരുന്ന രാജി ഇടയ്ക്കിടയ്ക്ക് നടുവേദന വരുന്നു, കാലില്‍ പെരുപ്പുണ്ട് എന്നൊക്കെ പറഞ്ഞു വിളിക്കാറുണ്ടായിരുന്നു. അതുപോലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന എന്റെ പഴയ ടീച്ചര്‍ക്ക് കഴുത്തിലായിരുന്നു വേദന. അത് വലത് കയ്യിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു. രണ്ടുപേര്‍ക്കും എം.ആര്.ഐ.സ്കാന്‍ ചെയ്തപ്പോള്‍, രാജിക്ക് നടുവിലും, ടീച്ചര്‍ക്ക് കഴുത്തിലും രണ്ടു സ്ഥലങ്ങളില്‍ നട്ടെല്ലിന്റെ ഭാഗമായ ഡിസ്ക് പുറത്തേക്ക് തള്ളിയിട്ടുള്ളതായി കണ്ടെത്തി. നടുവിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനകളുടെ ഏറ്റവും പ്രധാനകാരണം ഈ പറഞ്ഞ "ഡിസ്ക് പ്രോട്രുഷന്" ആണ്. നാലുകാലില്‍ നടന്നിരുന്ന നമ്മള് ഇരുകാലികളായി മാറിയപ്പോള്‍ ഏറ്റവും അധികം പരിണാമം സംഭവിച്ചത് നട്ടെല്ലിനാണ്. വിവിധ വലിപ്പത്തിലും പ്രകൃതത്തിലും ഉള്ള ഇരുപത്തിയാറ് കശേരുക്കള് (VERTEBRA) ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ചുണ്ടാക്കിയ അല്പസ്വല്പം വളവും തിരിവുമൊക്കെയുള്ള ഒരു മുളവടി പോലെയാണ് നമ്മുടെ നട്ടെല്ല്. ഈ കശേരുക്കള്‍ക്കിടയില്‍ അല്പം മൃദുവായ ഡിസ്ക്കുകളും ഉണ്ട്. അതുള്ളത് കൊണ്ടാണ് നമുക്ക് മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കുമൊക്കെ നട്ടെല്ലുവളയ്ക്കാന്‍ പറ്റുന്നത്. ഈ ഡിസ്ക് കാര്‍ട്ടിലേജ് എന്ന് പറയുന്ന വസ്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന്റെ പുറന്തോട് കട്ടിയുള്ളതും (ANNULUS FIBROSUS) അകഭാഗം മൃദുവായതും ( NUCLEUS PULPOSUS)ആണ്. എന്തെങ്കിലും കാരണത്താല്‍ ആനുലസില് പൊട്ടലോ വിള്ളലോ ഉണ്ടായാല്‍ അകത്തുള്ള ന്യൂക്ളിയസ് പുറത്തേക്ക് തള്ളി വരാം. ഇതിനെയാണ് IVDP (INTERVERTEBRAL DISC PROLAPSE) എന്ന് പറയുന്നത്. രാജിക്കും ടീച്ചര്‍ക്കും ഇതേ അസുഖം ആയിരുന്നു. രാജി കുറച്ചുദിവസം വേദനസംഹാരികളും മറ്റും കഴിക്കുകയും ഫിസിയോതെറാപ്പി ചെയ്തും രോഗത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും മുക്തയായി. പക്ഷെ ടീച്ചര്‍ക്ക് 'ഡിസ്കെക്റ്റമി' എന്ന ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. പക്ഷെ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ, പഴയപോലെ കുനിഞ്ഞു ചോക്കെടുക്കാനും, കൈ ഉയര്‍ത്തി ബോര്‍ഡില്‍ എഴുതാനും ഒക്കെ നിഷ്പ്രയാസം സാധിക്കുന്നു. നമ്മള് മിക്കപ്പോഴും നട്ടെല്ലിനു ചാര്‍ത്തിക്കൊടുക്കുന്ന ഒരു ആലങ്കാരികതയാണ് 'ആരുടെ മുന്നിലും വളയാത്ത നട്ടെല്ല്' എന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ എല്ലാവരുടെയും നട്ടെല്ലിനു നാല് വളവുകള്‍ ഉണ്ട്. അതുള്ളത് കൊണ്ടാണ് നമുക്ക് ഇതുപോലെ നടക്കാനും ഇരിക്കാനും കിടക്കാനും ഒക്കെ കഴിയുന്നത്. ചിലര്‍ക്ക് നട്ടെല്ലിന്റെ ഏതെങ്കിലും ഭാഗത്ത് കുറച്ചു കശേരുക്കള് ചേര്‍ന്നു വശങ്ങളിലേക്കും വളഞ്ഞിട്ടുണ്ടായിരിക്കും. ഇങ്ങനെ നട്ടെല്ല് വശങ്ങളിലേക്ക് വളയുന്ന അവസ്ഥയ്ക്ക് പറയുന്നത് "സ്കോളിയോസിസ് (SCOLIOSIS)" എന്നാണ്. അതുപോലെ നട്ടെല്ല് അസാധാരണമായി പുറകിലേയ്ക്കും വളയാം. ഇതിനു കൈഫോസിസ് (KYPHOSIS) എന്നും പറയും. ഇങ്ങനെ നട്ടെല്ലിനു ആകൃതിയില്‍ വ്യത്യാസം ഉള്ളവര്‍ നടുവിന് ആയാസം ഉണ്ടാകുന്ന കാര്യങ്ങള്‍ (അധികനേരം തുടര്‍ച്ചയായി ഇരിക്കുക, ദീര്‍ഘദൂര ബൈക്ക് യാത്ര, ഭാരം ഉയര്‍ത്തുക തുടങ്ങിയവ) ചെയ്യുമ്പോള്‍ നടുവേദനയും, നട്ടെല്ലിനു ചുറ്റും കഴപ്പും ഒക്കെ തോന്നാം. നടുവിന്റെ ആയാസം കുറക്കാനുള്ള ചില വ്യായാമമുറകള്‍, ഫിസിയോതെറാപ്പി എന്നിവ കൊണ്ട് ഈ ബുദ്ധിമുട്ടുകള്‍ മാറാവുന്നതെ ഉള്ളു. ആ വളവ് അധികമാണെങ്കില്‍ ശസ്ത്രക്രിയതന്നെ വേണ്ടി വരാം. നട്ടെല്ലിന്റെ അധികം അനങ്ങുന്ന ഭാഗങ്ങള്‍ കഴുത്തിലെയും, ഇടുപ്പിന്റെ ഭാഗത്തെയും കശേരുക്കള് ആയതിനാലാണ് കൂടുതലും ബുദ്ധിമുട്ടുകള്‍ ആ ഭാഗങ്ങളില്‍ വരുന്നത്. ഡിസ്ക് സംബന്ധമായതോ, ആകൃതിയിലെ പ്രശ്നങ്ങളോ മാത്രമല്ല നടുവേദനക്ക് കാരണം. പ്രായമായവരില്‍ ഈ ഭാഗങ്ങളില്‍ തേയ്മാനം വരികയും, തത്ഫലമായി സുഷുമ്നാനാഡിയുടെയോ, അതില്‍ നിന്നും പുറത്തേക്ക് വരുന്ന മറ്റു ഞരമ്പുകളുടെയോ സഞ്ചാരപാത ഇടുങ്ങിയതാകുന്നതും (CANAL STENOSIS) വേദനയ്ക്ക് കാരണം ആകാറുണ്ട്. ഈ അവസ്ഥയ്ക്കും രോഗത്തിന്റെ തീവ്രത അനുസരിച്ച് ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വരാറുണ്ട്. ചിലര്‍ക്ക് അധികനാള്‍ ബെല്‍റ്റോ കോളറോ ധരിച്ചും വേദനകളില്‍ നിന്നും ആശ്വാസം കണ്ടെത്താവുന്നതാണ്. നടുവിനെ ബാധിക്കുന്ന ക്ഷയം, കാന്‍സര്‍ എന്നിവയും അത്ര അസാധാരണം അല്ല നമുക്കിടയില്‍. ഇവയും നടുവേദനയും കൈകാല്‍ പെരുപ്പുമൊക്കെയായി തന്നെയാണ് തുടങ്ങുന്നത് എങ്കിലും രോഗം ദിവസം തോറും കൂടിവരികയും മൂത്രതടസം, കാലുകള്‍ക്ക് ബലക്ഷയം എന്നിവയും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. മിക്കപ്പോഴും ശസ്ത്രക്രിയയും, ദീര്‍ഘനാളത്തെ വിശ്രമവും ഈ രോഗികള്‍ക്ക് വേണ്ടിവരും. നട്ടെല്ലിലൊക്കെ ഓപറേഷന് ചെയ്യുന്നു, എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്ക്കും ഒരു ഭയമാണ്. എന്നാല്‍ മറ്റേതൊരു ശസ്ത്രക്രിയയും പോലെ മാത്രമേ ഉള്ളു ഇതും. ഇന്നിപ്പോ അതൊക്കെ തന്നെയും "കീഹോള്‍" വഴി ആയതിനാല്‍ പിറ്റേദിവസം മുതല്‍ രോഗിക്ക് എണീറ്റ് നടക്കാനും, മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി വിടാനും കഴിയും. മേല്പറഞ്ഞവയേക്കാള് നമ്മുടെ ചെറുപ്പക്കാരില്‍ ഇന്ന് കൂടുതലായി കാണുന്ന നടുവേദനയ്ക്ക് പ്രധാനകാരണം കൂടുതലും ജീവിതചര്യയിലെ പ്രശ്നങ്ങളാണ്, പ്രത്യേകിച്ചും ഐ.ടി. മേഖലയിലെ യുവാക്കളില്‍. ഇങ്ങനെ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാന്‍ സാധാരണയായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ചുകൊണ്ട് ലേഖനം അവസാനിപ്പിക്കാം. 1.നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ചെയ്യണം. 2. ശരിയായ രീതിയില്‍ അല്ലാതെയുള്ള ഇരിപ്പ്, കിടപ്പ്, ഭാരമുയര്‍ത്തല്‍ (പ്രത്യേകിച്ചും ജിമ്മിലൊക്കെ പോകുന്നവര്‍) എന്നിവ ഒഴിവാക്കണം. 3.ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ , അത് ശരീരത്തോട് ചേര്‍ത്ത് പിടിച്ച്, വയര്‍ മുറുക്കിയും മുതുക് നിവര്‍ത്തിയും വേണം അത് ചെയ്യാന്‍. ഭാരം ശരീരത്തിന്റെ ഒരു ഭാഗത്ത് വരുന്ന രീതിയില്‍ ഉയര്‍ത്താന്‍ പാടില്ല. 4.ദീര്‍ഘനേരം ഒരിടത്തും ഇരിക്കാതിരിക്കുക. ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നടക്കണം. ഇരിക്കുമ്പോള്‍ കാല്‍മുട്ടുകളും നിതംബവും ശരിയായ രീതിയില്‍ ആയിരിക്കണം. 5.താഴ്ന്നുപോകാത്ത, ദൃഡതയുള്ള കിടക്ക വേണം ഉപയോഗിക്കാന്‍, മുതുകിനെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ളത്. 6.അമിതവണ്ണവും പുകവലിയും മാനസികപിരിമുറുക്കങ്ങളും നടുവേദനയ്ക്ക് കാരണമാകും എന്നും മറക്കരുത്. അതുകൊണ്ട്, ശരിയായ ജീവിതചര്യകളിലൂടെ നട്ടെല്ലിനു അത് അര്‍ഹിക്കുന്ന പരിഗണനയും പരിചരണവും നല്കി, ജീവിതത്തിലും ഒരു രോഗത്തിന്റെ മുന്നിലും വളയാത്ത നട്ടെല്ലോടെ ജീവിക്കൂ.. മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കൂ.. പക്ഷിപ്പനി പക്ഷിപ്പനി (AVIAN FLU) എന്ന് പറയുന്നത് സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസ് ഇനത്തില്‍പെട്ട ഒരു വൈറസ് രോഗമാണ്. ഒരു കുഞ്ഞുടുപ്പും (ENVELOPE) അതിനകത്ത് ഒരല്പം ജനിതക പദാര്‍ത്ഥവും (RNA) അല്പം പ്രോട്ടീനും മാത്രമുള്ള ഒരു ഇത്തിരിക്കുഞ്ഞനാണ് ഈ വില്ലന്‍. ഈ ഉടുപ്പില്‍ പറ്റിയിരിക്കുന്ന ചില പ്രോട്ടീനുകളുടെ സ്വഭാവം വച്ചിട്ട് ഇവന്മാരെ പല പല ജാതികളായി തിരിച്ചിട്ടുണ്ട് (ജാതി വ്യവസ്ഥ മനുഷ്യന് മാത്രമല്ല ബാധകം ) . അതിലൊന്നായ H5N1 ജാതിയില്‍പെട്ട ആളാണ് ഈ പക്ഷിപ്പനിക്കാരന്‍. സാധാരണയായി ടൂറിസ്റ്റുകളായ പക്ഷികളാണ് തെണ്ടിത്തിരിയലിനിടയില് എവിടുന്നെങ്കിലും കിട്ടുന്ന ഈ വൈറസിനെ നാട്ടില്‍ അടങ്ങി ഒതുങ്ങിക്കഴിയുന്ന, ഗ്രാമീണരായ കോഴികള്‍ക്കും താറാവുകള്‍ക്കും വിതരണം ചെയ്യുന്നത്. നമ്മള് മനുഷ്യര്‍ (പര്യായം= എല്ലാറ്റിലും വലിയവര്‍, ആരെയും പേടി ഇല്ലത്തവര്‍), അണുബാധ ഉള്ള കോഴിയുമായോ താറാവുമായോ ഇടപഴകേണ്ടി വരുമ്പോള്‍, വൈറസിന്റെ കണ്ട്രോള് പോയിട്ടാണ് അത് മനുഷ്യനിലേക്കുകൂടി പകരുന്നത്. അതുകൊണ്ടുതന്നെ വലിയൊരു ആരോഗ്യപ്രശ്നം പക്ഷിപ്പനി മനുഷ്യനില്‍ ഉണ്ടാക്കാറില്ല.. ജസ്റ്റ് ഫോര്‍ എ ഹൊറര്‍.. അവരുടെ ഒരാഗ്രഹം.. മനുഷ്യനില്‍ ഈ രോഗം ചെറിയൊരു ജലദോഷത്തിന്റെ ലക്ഷണമായാണ് തുടങ്ങുന്നത്. മിക്കവരിലും ചെറിയ പനിയോ തലവേദനയോ മൂക്കൊലിപ്പോ തൊണ്ടവേദനയോ വന്നിട്ടങ്ങു പോകും. ചെങ്കണ്ണ് ചിലരില്‍ കാണാം. പക്ഷെ മറ്റു പലകാരണങ്ങള്‍ കൊണ്ടും ആരോഗ്യം തൃപ്തികരമല്ലാത്തവരില്‍ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യത ഉണ്ട്. ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന പനി എന്നിവ ഉണ്ടായാല്‍ അത് ഗുരുതരമാണ്. മനുഷ്യനെ ബാധിക്കുന്ന 90% പക്ഷിപ്പനിയും താരതമ്യേന വീര്യം കുറഞ്ഞ പനികളാണ്.. പക്ഷികള്‍ക്ക് പക്ഷെ പണി കിട്ടും.. ഇങ്ങനെ പണി കിട്ടിയ പക്ഷികളുമായി അടുത്തിടപഴകുന്ന ആള്ക്കാര്- പക്ഷി വളര്ത്തുകേന്ദ്രങ്ങളിലെ ജീവനക്കാര്‍, അവയുടെ കാഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, ഇറച്ചിക്കടയിലെ ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍- ക്കാണ് ഇത് പകര്‍ന്നു കിട്ടാന്‍ കൂടുതല്‍ സാധ്യത. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ പനി പകരുന്നത് വിരളമാണ്. അതൊക്കെ കൊണ്ടുതന്നെ ഒരുപാടൊന്നും ഇതിനെയോര്‍ത്ത് ഭയപ്പെടെണ്ടതില്ല.. എന്നിരുന്നാലും നമുക്ക് ചെയ്യാന്‍ പറ്റുന്ന ചില മുന്‍കരുതലുകള്‍ ചെയ്യുക തന്നെ വേണം.. കാരണം അസുഖം വരാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.. മാത്രമല്ല ഈ ഇനം വൈറസുകള്‍ നിമിഷം തോറും ജനിതകമാറ്റങ്ങള്ക്ക് വിധേയരാകുന്നവരാണ്. വിശ്വസിക്കാന്‍ പറ്റില്ലാ.. (നമ്മള് പഴയ നമ്മളാ.. പക്ഷെ വൈറസ് പഴയ വൈറസ് ആകണമെന്നില്ല..) എന്തൊക്കെയാണ് നമ്മളെക്കൊണ്ട് ചെയ്യാനൊക്കുന്നത്? പക്ഷിപ്പനി ബാധിച്ച ജീവികളുടെ ശവശരീരം, മുട്ട, കാഷ്ടം തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍, ഫാം തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധാലുക്കളാവുക. എന്നുകരുതി നമുക്ക് കോഴിയിറച്ചീം മുട്ടേമൊന്നും ഇല്ലാതെ പറ്റില്ലല്ലോ.. അതുകൊണ്ട്, സാധാരണ വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട, കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഭയപ്പെടേണ്ട കാര്യമില്ല : 1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. 2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക. 3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക. 4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാതി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില് ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക. 5. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമായി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം. 6. പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. എന്നാല്‍ ദേശാടനപ്പക്ഷികളൊക്കെ ധാരാളമായി വരുന്ന സ്ഥലങ്ങളിലെ (ഉദാ: കുമരകം, കുട്ടനാട്) വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും അമാന്തിക്കരുത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇവന് എത്തുന്നത് പ്രധാനമായും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേയ്ക്ക് തെറിയ്ക്കുന്ന സ്രവങ്ങളില്‍ക്കൂടിയാണ്.. നമുക്ക് പിന്നെ പാരമ്പര്യമായികിട്ടിയ അസാധാരണമായ പൌരബോധവും സാമൂഹ്യബോധവും കൈമുതലായി ഉള്ളതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ വായും മൂക്കും പൊത്തുന്നതുകൊണ്ട് ആ പേടി ഇല്ല.. തുമ്മാത്തവന്‍ തുമ്മുന്നവന്റെ അടുത്താണെങ്കില്‍ സ്വന്തം മൂക്കുപൊത്തുന്നത് നല്ലൊരു പ്രതിരോധമാര്‍ഗമാണ്.. മനുഷ്യനില്‍ രോഗം പിടിപെട്ടു കഴിഞ്ഞാല്‍ രോഗതീവ്രത കുറയ്ക്കാനുള്ള മരുന്നൊക്കെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സിക്കുക.. കുറച്ചുനാളത്തെയ്ക്കെങ്കിലും ജലദോഷത്തിനു സ്വയം ചികിത്സ നിര്‍ത്തി വയ്ക്കുക.. മരുന്ന് ചോദിച്ചു വരുന്നവരെ മെഡിക്കല്‍സ്റ്റോര്‍ മുതലാളി, ഒന്നുപോയി ഡോക്ടറെ കണ്ടു വരാന്‍ ഉപദേശിക്കുക. പുകവലിക്കാരേ.. ഇതിലേ.. ഇതിലേ പുകയിലയുടെ ഉപയോഗത്തെ പറ്റി പൊതുവേ പറയുമ്പോള്‍ സിഗരറ്റ്, ബീഡി, മുറുക്കാന്‍, പാന്‍ മസാല തുടങ്ങിയവയിലുള്ള പുകയിലയുടെ ഉപയോഗമാണ് ഉദ്ദേശിക്കുന്നത്. പുകയിലപ്പുകയില്‍ ഹൈഡ്രജന്‍ സയനൈഡ്, അസറ്റോണ്‍, മെഥനോള്‍, ടോളുവിന്‍, ഡി.ഡി.റ്റി., നാഫ്തലീന്‍, ആര്‍സനിക്ക്, ബ്യൂട്ടേന് മുതലായ നാലായിരത്തോളം രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഇരുന്നൂറില്‍ പരം രാസവസ്തുക്കള്‍ വിഷവസ്തുക്കള്‍ ആണെന്നും അവ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവയില്‍ തന്നെ പൈറീന്‍, നാഫ്തൈലാമീന്‍, ഡൈബെന്‍സാക്രിഡൈന്‍, പൊളോണിയം, വിനൈല്‍ ക്ലോറൈഡ്, ബെന്‍സോപൈറീന്‍ തുടങ്ങി അമ്പതില്പരം രാസവസ്തുക്കള്‍ കാന്‍സര്‍ ഉണ്ടാക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുകവലിയെ പറ്റി പറയുമ്പോള്‍ നമ്മള് സ്ഥിരം കേള്‍ക്കുന്ന ഒന്നുരണ്ടു രാസവസ്തുക്കളെ പറ്റി അല്‍പ്പം കാര്യങ്ങള്‍.. 1.നിക്കോട്ടിന് ഒരു സിഗരറ്റില്‍ പത്തുമില്ലിഗ്രാം നിക്കോട്ടിന് അടങ്ങിയിട്ടുണ്ട്. ഒരു സിഗരറ്റ് വലിച്ചാല്‍ രണ്ടുമില്ലിഗ്രാം രക്തത്തില്‍ എത്തുന്നു. രക്തത്തില്‍ എത്തുന്ന നിക്കോട്ടിന് പത്തു സെക്കന്റിനുള്ളില്‍ തലച്ചോറില്‍ എത്തുന്നു. അത് അവിടെ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനം കൂട്ടുന്നു. ഈ ഡോപമിന്‍ ആണ് പുകവലിക്കുമ്പോള്‍ "ആനന്ദാനുഭൂതി" പ്രദാനം ചെയ്യുന്നത്. കൂടാതെ ഇത് നോര്‍അഡ്രിനാലിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനവും കൂട്ടും. അതാണ് പുകവലിക്കുമ്പോള്‍ തോന്നുന്ന "ഉത്തേജന"ത്തിന്റെ രഹസ്യം. പക്ഷെ ഈ ക്ഷണികനേരത്തെ "ആനന്ദവും ഉത്തേജനവും " വലിയ ദോഷങ്ങള്‍ക്കുള്ള നിലമൊരുക്കുകയാണെന്ന് നമ്മള് അറിയുന്നില്ലാ എന്നെ ഉള്ളു.. 2. കാര്‍ബണ്‍ മോണോക്സൈഡ് പുകയിലപ്പുകയിലെ പ്രധാന വാതകം ഇതാണ്. ഒരു സിഗരറ്റില്‍ രണ്ടു മുതല്‍ ആറു ശതമാനം വരെ CO അടങ്ങിയിരിക്കുന്നു. രക്തത്തില്‍ കലര്‍ന്ന്, രക്തത്തിന്റെ ഓക്സിജന്‍ വിതരണസങ്കേതങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. മാത്രമല്ല രക്തത്തില്‍ നിന്നും ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ കോശങ്ങള്‍ക്കുള്ള കഴിവും ഇല്ലാതാകുന്നു. അങ്ങനെ കോശങ്ങള്‍ പ്രാണവായുകിട്ടാതെ മൃതപ്രായരാകുന്നു. തലച്ചോറിലും ഹൃദയത്തിലുമൊക്കെ ഈ പ്രക്രിയ നിരന്തരം നടന്നാലുള്ള ദോഷങ്ങള്‍ പറയണ്ടല്ലോ..!! 3.ടാര്‍ ശ്വാസകോശം സ്പോഞ്ചുപോലെയാണെന്ന പരസ്യത്തില്‍ പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കുന്ന ആ കറുത്ത ദ്രാവകമാണ് ടാര്‍. ഇത് ശരീരകലകളില്‍ ഒട്ടിപ്പിടിക്കുന്നു. കാന്‍സറിന്റെ സംഘാടകരില്‍ പ്രധാനി ഇവന് തന്നെ. പുകവലി കൊണ്ടുവരുന്ന കാന്‍സര്‍ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. എല്ലാ ശരീരകോശങ്ങളിലും അത് ജനിതകമാറ്റങ്ങള്‍ വരുത്തുന്നു. ഏറ്റവും കൂടുതല്‍ കാന്‍സര്‍ വരുന്നത് വായ, തൊണ്ട, അന്നനാളം, ശ്വാസകോശം, ശബ്ദപേടകം, ആമാശയം എന്നിവിടങ്ങളിലാണ്. കൂടാതെ പക്ഷാഘാതം, നിരവധിയായ ഹൃദ്രോഗങ്ങള്‍, ഹൃദയസ്തംഭനം, അമിത രക്തസമ്മര്‍ദം, വന്ധ്യത തുടങ്ങി ഒരുവിധം എല്ലാ രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. ഇത്രയധികം രോഗങ്ങള്‍ക്ക് കാരണക്കാരന്‍ തന്നെയായിരിക്കുമല്ലോ കൂടുതല്‍ മരണങ്ങള്‍ക്കും കാരണം. അതേ, ലോകത്ത് ഏറ്റവും കൂടുതല്‍ മരണകാരണമായി അറിയപ്പെടുന്നത് പുകയിലയുടെ ഉപയോഗമാണ്. ഇതേപറ്റിയുള്ള ചില സ്ഥിതിവിവരക്കണക്കുകള്‍.. 1.ലോകാരോഗ്യസംഘടന ലോകത്ത് ഒരുവര്‍ഷം മുപ്പതുലക്ഷം ആളുകള്‍ പുകയിലജന്യരോഗങ്ങള്‍ കാരണം മരിക്കുന്നു. ഓരോ എട്ടു സെക്കന്റിലും ഒരാള്‍ വീധം മരിച്ചുകൊണ്ടിരിക്കുന്നു. ഇതേ നില തുടര്‍ന്നാല്‍ അടുത്ത ഇരുപതുവര്ഷത്തിനുള്ളില് ഇത് മൂന്നു സെക്കന്റില്‍ ഒരാള്‍ വീധം എന്ന സ്ഥിതിയാകും.. 2.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇന്ത്യയില്‍ വര്‍ഷംതോറും മൂന്നരക്കോടിയില്‍ അധികം ആളുകള്‍ പുകവലി കാരണം രോഗബാധിതരാകുന്നു. അതില്‍ ഏഴുലക്ഷം പേര് മരണമടയുന്നു. കേരളത്തില്‍ പുരുഷന്മാരില് കാണുന്ന കാന്‍സറിന്റെ 52%വും സ്ത്രീകളില്‍ കാണുന്ന കാന്‍സറിന്റെ 18%വും പുകയിലയുടെ ഉപയോഗം കാരണമാണ് ഉണ്ടാകുന്നത്. ശ്വാസകോശകാന്‍സര്‍ മൂലം മരിക്കുന്നവരില്‍ തൊണ്ണൂറുശതമാനം ആളുകള്‍ പുകവലിക്കുന്നവരാണ്. അസംബന്ധ ജനകീയ കൂട്ടായ്മകളും സമരകോലാഹലങ്ങളും നടത്താന്‍ ഒരുമ്പെടുന്നവര്‍ കാന്‍സര്‍ വന്ന ഒരു രോഗിയെയോ അയാളുടെ കുടുംബത്തെയോ ഒരുപ്രവശ്യമെങ്കിലും കാണുകയും സംസാരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ഇപ്പോഴുള്ള അസുഖത്തിനു അല്പം ആശ്വാസം ലഭിക്കും. ഒപ്പം എല്ലാവരും ഒരുകാര്യം കൂടി അറിയണം, കഴിഞ്ഞ നൂറുവര്‍ഷക്കാലത്തിനിടയില്‍ പുകയിലയുടെ ഉപയോഗം കൊണ്ട് മരിച്ചവരുടെ എണ്ണത്തെക്കാള്‍ കുറവാണ്, ലോകത്താകമാനം ഇന്നോളം ഉണ്ടായിട്ടുള്ള സകല യുദ്ധങ്ങളിലും കൂടി മരണമടഞ്ഞവര്‍..!!!! പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം നമുക്കുണ്ടാകുന്ന അസുഖങ്ങളെയെല്ലാം പൊതുവേ സാംക്രമികരോഗങ്ങളെന്നും പകരാത്തരോഗങ്ങളെന്നും രണ്ടായി തിരിക്കാം. സാംക്രമികരോഗങ്ങള്‍ ഉണ്ടാക്കുന്നത് രോഗാണുക്കള്‍ ആണ്. അത് ബാക്റ്റീരിയയോ വൈറസോ ഫംഗസോ ചിലയിനം വിരകളോ ആകാം. ഏറ്റവുമധികം രോഗങ്ങള്‍ക്ക് കാരണമാകുന്നത് വൈറസ് ആണ്. ഈ രോഗാണുക്കളെല്ലാം നമ്മുടെ അന്തരീക്ഷത്തിലും മണ്ണിലും അഴുക്കുകളിലും എന്തിന് പലതും നമ്മുടെ ശരീരത്തില്‍ തന്നെ എപ്പോഴും ഉള്ളതുമാണ്. നിരന്തരം നമ്മള് അവയോടു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥ നിരന്തരയുദ്ധത്തിലൂടെയാണ് ഇവയില്‍നിന്നും നമ്മെയൊക്കെ രക്ഷിച്ചുപിടിക്കുന്നത്. ആ പ്രതിരോധകവചത്തിന് ഏതെങ്കിലും വിധത്തില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമുക്കീവക രോഗങ്ങള്‍ വരുന്നു. ജലദോഷം, ഫ്ലൂ, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ്, പോളിയോ, ചിക്കന്‍പോക്സ് തുടങ്ങി എയിഡ്സ് വരെയുള്ള എണ്ണമില്ലാത്തത്രയും രോഗങ്ങള്‍ വൈറസ് മൂലം ഉണ്ടാകുന്നു. എലിപ്പനി, ക്ഷയം, ടൈഫോയിഡ്, ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ തുടങ്ങിയവയെല്ലാം ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളാണ്. ഇവയെല്ലാംതന്നെ വിവിധരീതിയില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നവയാണ്. ജലദോഷം വന്നാല്‍ 'മരുന്ന് കഴിച്ചാല്‍ ഒരാഴ്ചകൊണ്ടും ഇല്ലെങ്കില്‍ ഏഴുദിവസം കൊണ്ടും മാറു'മെന്നൊരു ചൊല്ല് നാട്ടിന്‍പുറങ്ങളില്‍ പണ്ടേ ഉണ്ട്. എന്നുവച്ചാല്‍ ജലദോഷം ഉണ്ടാക്കുന്ന വൈറസിനെതിരെ ആരോഗ്യമുള്ള ശരീരം ഒരാഴ്ചകൊണ്ട് യുദ്ധം ജയിക്കുമെന്ന്, മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും. പക്ഷെ എല്ലാ വൈറസുകള്‍ക്കെതിരെയും ശരീരത്തിന് ഇതുപോലെപ്രതിരോധിക്കാന്‍ കഴിയില്ല. മാത്രമല്ല വൈറസുകള്‍ നിരന്തരം ജനിതകമാറ്റങ്ങള്ക്ക് വിധേയമായിക്കൊണ്ടും ഇരിക്കുന്നു. അതുകൊണ്ടുതന്നെ പല വൈറല്‍ രോഗങ്ങള്‍ക്കെതിരെയും പൂര്‍ണ്ണസൗഖ്യം തരുന്ന മരുന്നുപോലും കണ്ടുപിടിക്കാന്‍ കഴിയാറില്ല. വൈറല്‍ രോഗങ്ങളെപ്പോലെ ശരീരത്തിലെ പ്രതിരോധസംവിധാനത്തിന്റെ യുദ്ധമുറകള്‍ക്കുമുന്നില്‍ തോല്‍ക്കുന്നവരല്ല, പല ബാക്റ്റീരിയല്‍ രോഗങ്ങളും. അവ വന്നുകഴിഞ്ഞാല്‍ മിക്കപ്പോഴും ആന്റിബയോട്ടിക്സ് ആവശ്യമായി വരും. ആദ്യമേ കണ്ടെത്തി ചികിത്സതുടങ്ങിയാല്‍ മിക്കവാറും ബാക്റ്റീരിയല്‍ രോഗങ്ങളിലും മറ്റൊന്നും പേടിക്കാനില്ലാ. ഈ പറഞ്ഞതെല്ലാം ഒരു സാധാരണ ആരോഗ്യവാനായ ആളിനെ സംബന്ധിച്ചാണ്. എന്നാല്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ക്ക് ഈ പറയുന്ന രോഗപ്രതിരോധശേഷിയുടെ നാലിലൊന്നേയുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈവക രോഗങ്ങള്‍ വരാനുള്ള സാധ്യതയും നാലുമടങ്ങാണ്. മാത്രമല്ലാ, ഡിഫ്തീരിയ, വില്ലന്‍ ചുമ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കുട്ടികളെ കൂടുതലായി ബാധിക്കുന്നവയുമാണ്. ഇതിന്റെയൊക്കെ യഥാര്‍ഥ പ്രശ്നം എന്താണെന്ന് വച്ചാല്‍, വന്നുകഴിഞ്ഞാല്‍ ചികിത്സിക്കാന്‍ പ്രയാസവും വേഗത്തില്‍ പകരുന്നതുമായ രോഗങ്ങളാണ് ഈ ഡിഫ്തീരിയയും വില്ലന്‍ചുമയും പോളിയോയും ക്ഷയവുമൊക്കെ. പോളിയോയൊക്കെ വന്നാല്‍ ചികിത്സയെ ഇല്ല. രോഗം വരാതിരിക്കുക എന്നത് മാത്രമാണ് പലപ്പോഴും പ്രതിവിധി. അതിന് അത്രയും ശക്തമായ ഒരു പ്രതിരോധകവചം അത്യാവശ്യം. അവിടെയാണ് പ്രതിരോധകുത്തിവയ്പ്പുകളുടെ പ്രസക്തി. പ്രതിരോധകുത്തിവയ്പ്പുകള്‍ എന്താണെന്നു ചോദിച്ചാല്‍ രോഗാണുവിനെ തുരത്താന്‍ ശരീരത്തെ പരിശീലിപ്പിക്കുന്ന റിഹേര്സല് ആണെന്ന് വേണമെങ്കില്‍ പറയാം. പ്രതിരോധകുത്തിവയ്പ്പുകളിലും തുള്ളിമരുന്നുകളിലും രോഗാണുക്കളുടെ കോശത്തിന്റെ ഏതെങ്കിലും ഒന്നോ രണ്ടോ ഭാഗംമാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുന്നതുകൊണ്ട് രോഗം വരില്ല. ആ കോശഭാഗത്തിനെതിരെ ശരീരം ആന്റിബോഡികള്‍ (യുദ്ധത്തിനുള്ള ആയുധം) നിര്‍മ്മിച്ച് സൂക്ഷിക്കും. എപ്പോഴെങ്കിലും ഈ രോഗാണു ശരീരത്തില്‍ കടന്നാല്‍ കൂടുതല്‍ വീറോടെ ശരീരമതിനെ തുരത്തിയോടിക്കും. പോളിയോ, ഡിഫ്തീരിയ, വില്ലന്‍ ചുമ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളെ പൂര്‍ണ്ണമായും തടയാന്‍ ഈ വാക്സിനുകള്‍ക്ക് കഴിയും. പൂര്‍ണ്ണമായ പ്രതിരോധശേഷിക്ക് രണ്ടോ മൂന്നോ ഡോസ് വാക്സിന് വേണ്ടിവരുമെന്ന് (ബൂസ്റ്റര്‍) മാത്രം. അതേസമയം ക്ഷയത്തിനെതിരെയുള്ള വാക്സിന്റെ (ബി.സി.ജി.) പ്രധാന ഉപയോഗം രോഗം കൊണ്ടുണ്ടാകാവുന്ന ചില സങ്കീര്‍ണ്ണമായ അവസ്ഥകളെ- തലച്ചോറിനെ ബാധിക്കുന്ന ക്ഷയം, മിലിയറി ടിബി തുടങ്ങിയവ- തടയാനാണ്. എഡ്വേർഡ് ജെന്നറും (Edward Jenner) വാക്സിനേഷന്റെ തുടക്കവും നമ്മിൽ പലരും കേട്ടിട്ട് പോലും ഇല്ലാത്ത വസൂരി (Smallpox) വർഷങ്ങൾക്കു മുൻപ് ലോകത്തെ മൊത്തവും പേടിപ്പിച്ചിരുന്ന ഒരു മാരക രോഗം ആയിരുന്നു. വേരിയോള (Variola) എന്ന വൈറസ് ഉണ്ടാക്കുന്ന ഈ അസുഖത്തിനു ചികിത്സ ഇല്ലായിരുന്നു. മറ്റുള്ളവരിലേക്ക് ഈ അസുഖം പകരാതിരിക്കാനായി വസൂരി രോഗികളെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചു. അസുഖം പകരുമോ എന്ന പേടിയാൽ പരിചരിക്കാൻ ആർക്കും തന്നെ ധൈര്യം ഇല്ലായിരുന്നു. ഈ അസുഖം വന്നവരിൽ മൂന്നിൽ ഒരാൾ മരിച്ചു എന്നാണു കണക്കുകൾ പറയുന്നത്. മരിക്കാതെ രക്ഷപ്പെട്ടാലും ശരീരത്തെ വിരൂപമാക്കുന്ന വസൂരിക്കലകൾ അവശേഷിക്കും. ചിലർക്ക് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. മറ്റു ചിലരുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപമായി. എന്നാൽ ഒരിക്കൽ വസൂരി വന്ന് രക്ഷപ്പെട്ടവര്‍ക്ക് പിന്നീട് ആ അസുഖം വരില്ലായിരുന്നു. അതിനാൽ തന്നെ തീവ്രത കുറഞ്ഞ വസൂരി (Variola minor) വരുന്നത് നല്ലത് ആയി ആളുകൾ കരുതി. തീവ്രത കുറഞ്ഞ വസൂരി വന്നു ഭേദമായവർക്ക് പിന്നീട് തീവ്രത കൂടിയ വസൂരിയുടെ (Variloa major) ആക്രമണം പേടിക്കേണ്ടതില്ലായിരുന്നു. ഇംഗ്ലണ്ടിൽ ബെർക്ലി (Berkeley) എന്ന ചെറുഗ്രാമത്തിൽ ഒരു പുരോഹിതന്റെ മകനായി 1749-ൽ എഡ്വേർഡ് ജെന്നർ ജനിച്ചു. തന്റെ അഞ്ചാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജെന്നറെ ജ്യേഷ്ഠസഹോദരനാണ് പിന്നീട് വളർത്തിയത്. ലണ്ടനിലെ മെഡിക്കൽ സ്കൂളിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ ജെന്നർ ഇംഗ്ലണ്ടിലെ അന്നത്തെ ഏറ്റവും വലിയ ശാസ്ത്രസംഘടയായ റോയൽ സൊസൈറ്റിയിൽ അംഗമായിരുന്നു. ക്യാപ്റ്റൻ ജെയിംസ് കുക്ക് എന്ന പ്രശസ്ത പര്യവേക്ഷകൻ ജെന്നറെ തന്റെ പര്യവേക്ഷകസംഘത്തിൽ ഡോക്ടർ/ ശാസ്ത്രജ്ഞൻ ആയി വരുവാൻ നിർബന്ധിച്ചു. പക്ഷെ അദ്ദേഹം ബെർക്ലി എന്ന താൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ ഭിഷഗ്വരനായി സേവനം അനുഷ്ടിക്കാനാണ് ഇഷ്ടപ്പെട്ടത്. ആ ഗ്രാമത്തിലെ ഒരു പാൽക്കാരി ഒരിക്കൽ ജെന്നറിനോട് ഗോവസൂരി (Cowpox) വരുന്നവർക്ക് പിന്നീട് വസൂരി വരില്ല എന്ന് പറഞ്ഞു. ഗോവസൂരി എന്നത് കന്നുകാലികളിൽ കണ്ടുവരുന്ന മനുഷ്യനിലെ വസൂരി പോലെയുള്ള ഒരു രോഗമായിരുന്നു. ഇത് പാല് കറക്കുന്നവർ തുടങ്ങി പശുക്കളോട് ബന്ധപ്പെട്ടു ജീവിക്കുന്നവരിലേക്ക് പടരും. പക്ഷെ മനുഷ്യനിൽ വരുന്ന വസൂരിയുടെ ഗുരുതര സ്വഭാവം ഇതിനില്ലായിരുന്നു. ഈ പാൽക്കാരിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാൻ ജെന്നർ തീരുമാനിച്ചു. ഗോവസൂരി വന്നവർക്ക് പിന്നീട് വസൂരി വരുന്നില്ലായെന്നും, ഇങ്ങനെയുള്ളവർ അസുഖം പകരുമോ എന്ന പേടി കൂടാതെ വസൂരി വന്നവരെ പരിചരിക്കുന്നതായും ജെന്നെർ കണ്ടെത്തി. തുടർന്ന് 1796-ൽ ജെന്നർ നടത്തിയ പരീക്ഷണം വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പത്തു കണ്ടുപിടിത്തങ്ങളിൽ ഒന്നായ വാക്സിനേഷനിലേക്ക് വഴി തെളിച്ചു. ആ കാലത്ത് കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ വീര്യം കുറഞ്ഞ വസൂരി വരുത്തുകയും അങ്ങനെ ഭാവിയിൽ വിനാശകരമായ വസൂരി വരുന്നതിൽ നിന്നും തടയുകയും ചെയ്യുമായിരുന്നു. അങ്ങനെ വസൂരിക്കുള്ള പ്രതിരോധം എടുക്കാൻ കഴിയാത്ത ഒരു കുട്ടിയേയും കൊണ്ട് മാതാവ് ജെന്നറിന്റെ അടുത്തു വന്നു. ഭാവിയിൽ വസൂരി വരുന്നതിൽ നിന്നും തടയുന്നതിന് ആവശ്യമായ ചികിത്സ നൽകണം എന്നതായിരുന്നു ആവശ്യം. ജെന്നർ ഈ കുട്ടിയുടെ ദേഹത്തിൽ ഒരു മുറിവുണ്ടാക്കി അതിലേക്കു ഗോവസൂരി വന്ന ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ആദ്യം പനിയും തലവേദനയും ഉണ്ടായെങ്കിലും ഉടൻ തന്നെ സുഖമായി. തുടർന്ന് ജെന്നർ അപകടകരമായ ഒരു പരീക്ഷണം നടത്തി. രണ്ടു മാസം കഴിഞ്ഞു ഈ കുട്ടിയുടെ ദേഹത്ത് വീണ്ടും മുറിവുണ്ടാക്കി അതിലേക്കു വസൂരി ബാധിച്ച ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ഈ കുട്ടി വസൂരി വന്നു മരിച്ചിരുന്നു എങ്കിൽ ജെന്നറെ ആളുകൾ കൊലപാതകി ആയി കാണുമായിരുന്നു. പക്ഷെ കുട്ടിക്ക് അസുഖം വരില്ല എന്ന് ജെന്നറിനു ഉറപ്പായിരുന്നു. ജെന്നർ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. കുട്ടിക്ക് ഒരസുഖവും വന്നില്ല. ഈ വാര്‍ത്ത പെട്ടെന്ന് പടർന്നു. വസൂരിക്കുള്ള അൽഭുതമരുന്നു കിട്ടാനായി നിരവധി ഗ്രാമവാസികൾ ജെന്നറെ തേടിയെത്തി. അവർക്കെല്ലാം തന്നെ അദ്ദേഹം വാക്സിനേഷൻ എന്ന് പേരിട്ട ഈ ചികിത്സ നൽകി. (Vacca എന്നത് പശുവിന്റെ ലാറ്റിൻ നാമം ആയിരുന്നു). പക്ഷെ ലണ്ടനിലെ ഡോക്ടർമാർ ജെന്നറിന്റെ ഈ കണ്ടുപിടിത്തത്തെ അംഗീകരിക്കാൻ തയ്യാറായില്ല. വസൂരിക്ക് ഒരിക്കലും മരുന്ന് കണ്ടു പിടിക്കാൻ സാധിക്കില്ല എന്ന് വിശ്വസിച്ചിരുന്ന അവർക്ക് ഗ്രാമത്തിൽ നിന്നും വന്ന ജെന്നറിന്റെ കയ്യിൽ പ്രതിവിധി ഉണ്ടെന്നുള്ളത് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ജെന്നർ തന്റെ കണ്ടുപിടിത്തം പ്രസിദ്ധീകരണത്തിനായി റോയൽ സൊസൈറ്റിക്ക് അയച്ചു കൊടുത്തുവെങ്കിലും അവർ അത് നിരാകരിച്ചു. ജെന്നർ ആളുകളെ പശുവിനു തുല്യം ആക്കുകയാണ് എന്ന് പറഞ്ഞു പത്രങ്ങൾ കാർട്ടൂണുകൾ വരച്ചു കളിയാക്കി. നിരാശനാകാതെ ജെന്നർ തന്റെ കണ്ടുപിടിത്തം ഒരു ചെറിയ പുസ്തകം ആയി പ്രസിദ്ധീകരിച്ചു. അന്തിമവിജയം ജെന്നറിനു തന്നെയായിരുന്നു. വസൂരി വരാതിരിക്കാൻ എന്തിനും തയ്യാറായിരുന്ന ലണ്ടൻ നിവാസികൾ ജെന്നറിന്റെ വാക്സിനേഷന് വിധേയരായി. അതിന്റെ ഗുണഫലങ്ങൾ കണ്ടതോടെ ബ്രിട്ടീഷ് രാജകുടുംബം വാക്സിൻ എടുത്തു. നെപ്പോളിയൻ തന്റെ സൈന്യത്തിലെ എല്ലാവര്ക്കും വാക്സിനേഷൻ നിര്‍ബന്ധം ആക്കി. അമേരിക്കയിൽ പ്രസിഡന്റ് തോമസ് ജെഫെർസനും കുടുംബവും വാക്സിൻ എടുത്തു. അങ്ങനെ വസൂരിക്കെതിരെയുള്ള വാക്സിനേഷൻ ലോകം മൊത്തവും അംഗീകരിച്ചു. 1980-ൽ വസൂരി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെട്ടതായി WHO പ്രഖ്യാപിച്ചു. വസൂരിക്കെതിരെ എഡ്വേർഡ് ജെന്നർ തുടങ്ങിയ വാക്സിനേഷൻ ഇന്ന് മറ്റു പല മാരക രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. ജെന്നറിനു വാക്സിൻ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇന്ന് നമുക്കതിന് വിശദീകരണം തരുന്നു. വാക്സിൻ എന്നത് കൊല്ലപ്പെട്ട അല്ലെങ്കിൽ രോഗം ഉണ്ടാക്കാനുള്ള ശക്തിയില്ലാത്ത രോഗാണുക്കൾ ആണ്. ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ കുത്തിവെക്കുമ്പോൾ നമ്മുടെ രക്തത്തിലെ ലിംഫോസൈറ്റുകൾ (T and B Lymphocytes) എന്ന വെളുത്ത രക്താണുക്കൾ ഇവയെ കൊല്ലുന്നു. ഒപ്പം തന്നെ ഈ രോഗാണുക്കളുടെ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോഡും അവ സൂക്ഷിക്കുന്നു (T and B memory cells). പിന്നീടൊരിക്കൽ ഇതേ രോഗാണുക്കൾ നമ്മെ ആക്രമിക്കുമ്പോൾ തങ്ങളുടെ മെമ്മറിയിൽ ഇവയെ കുറിച്ചുള്ള വിവരം ഉള്ളതിനാൽ പെട്ടെന്ന് തന്നെ ലിംഫോസൈറ്റുകൾ ഇവയെ കൊല്ലാനുള്ള രാസവസ്തുക്കൾ (antibody) ഉൽപാദിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾക്ക് അസുഖം ഉണ്ടാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവയെ നശിപ്പിക്കാൻ വാക്സിനുകൾ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്നു. പ്രതിരോധവാക്സിനുകള്‍ക്കെതിരെ തെറ്റിദ്ധാരണപരത്തുന്ന ഒരുപാട് വാര്‍ത്തകള്‍, ചില നിക്ഷിപ്തതാല്പര്യക്കാരുടെ ഇടയില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടാകുന്നുണ്ട്. അതിന്റെയെല്ലാം പരിണിതഫലമാണ് നിയന്ത്രണവിധേയമായിരുന്ന ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും പടര്‍ന്നുതുടങ്ങിയത്. വിലപ്പെട്ട ജീവനുകളാണ് അതിലൂടെ നഷ്ടപ്പെട്ടത്. അവരുടെ ചില വാദങ്ങളും പൊതുജനങ്ങളുടെ സാധാരണമായ ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് താഴെ. 1. വാക്സിന് എടുക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. വാക്സിനെടുത്താലും അസുഖം വരുന്നത് അതുകൊണ്ടാണ്. തെറ്റാണ്. ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്ന മാരകമായ പല രോഗങ്ങളും ഇന്നില്ല. വസൂരി, ഡ്രാകണ്കുലോസിസ് തുടങ്ങിയവ ഭൂലോകത്തുനിന്നുതന്നെ തുടച്ചുനീക്കി. പോളിയോ രോഗം 2011-നുശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ആ വര്‍ഷം ആകെ ഒരാള്‍ക്ക് മാത്രമാണ് പോളിയോ വന്നത്. ലോകത്ത് ഇന്ന് മൂന്നുജ്യങ്ങളില് മാത്രമാണ് പുതുതായി പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, നൈജീരിയ. ഇന്ത്യയിലിത് നിയന്ത്രണവിധേയമാണ്. വാക്സിനേഷന് തുടരുന്നതിലൂടെ ഇന്ത്യയില്‍ നിന്നും പോളിയോ വൈറസിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നമുക്ക് ഉടനെ സാധിക്കും. വാക്സിന് എടുക്കുന്ന എല്ലാ രോഗങ്ങളും ഇതുപോലെ നിയന്ത്രണവിധേയമാണ്. അമേരിക്ക 1979ല്‍ പോളിയോ നിര്‍മാര്‍ജ്ജനം ചെയ്തപ്പോള്‍ നമുക്കിപ്പോഴുമത് സാധിക്കാത്തത്, മേല്പ്പറഞ്ഞപോലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ്. 2. വാക്സിന് എടുക്കുന്നതുകൊണ്ടുതന്നെ രോഗം വരാം. അതുകൊണ്ടെടുക്കരുത്. ചില വൈറല്‍ വാക്സിനുകളില്‍ ആ രോഗാണുവിന്റെ മുഴുവന്‍ കോശവും ഉണ്ടാകും. പക്ഷെ ആ രോഗാണുവിന്റെ രോഗമുണ്ടാക്കാനുള്ള ശേഷി പരമാവധി കുറച്ചശേഷമാണ് അതില്‍ ഉപയോഗിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് വാക്സിന് എടുക്കുന്നതിലൂടെ രോഗം വരാമെന്ന് പറയുന്നുണ്ട്. രോഗം വരുന്നവരുടെ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അതെത്രയോ ആയിരം മടങ്ങ് ചെറുതാണ്. മാത്രമല്ല ഇന്ത്യയില്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളിലൊന്നും വാക്സിന് എടുക്കുന്നതിലൂടെ ആര്‍ക്കും രോഗം വന്നിട്ടില്ല. 3. വാക്സിന് എടുക്കുന്നതുകൊണ്ട് മറ്റുപല അസുഖങ്ങളും വരുന്നുണ്ട്. അതും തെറ്റാണ്. DPT (ഡിഫ്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ്) വാക്സിന് എടുക്കുന്ന ദിവസം കുട്ടികള്‍ക്ക് പനി വരാന്‍ സാധ്യതയുണ്ട്. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. ഈ സാധ്യത കുട്ടിയുടെ അമ്മയോട് പറഞ്ഞു ബോധ്യപ്പെടുത്തുകയും, പനി വന്നാല്‍ കൊടുക്കാന്‍ മരുന്ന് കൊടുത്തുവിടുകയും സാധാരണ ചെയ്യാറുണ്ട്. പണ്ടുകാലത്ത് ചില വാക്സിനുകള്‍ അപസ്മാരം ഉണ്ടാക്കുമായിരുന്നു. ഇപ്പോള്‍ അത്തരം വാക്സിനുകള്‍ ഉപയോഗിക്കുന്നുമില്ല. 4. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധം ഇതിന് പിന്നിലുണ്ട് ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതിപ്രകാരമുള്ള മിക്കവാറും എല്ലാ വാക്സിനുകളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ചുരുക്കം ചിലതിന് മാത്രം അടുത്തിടെ ദൗര്‍ലഭ്യം നേരിട്ടു. മറ്റുള്ളവയെല്ലാം നിങ്ങളുടെ വീടിനടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ (സബ് സെന്റര്‍) ലഭിക്കും. എല്ലാവര്ക്കും പൂര്‍ണ്ണമായും സൗജന്യമായിട്ട്. പൂനയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇവയില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത്. 5. വാക്സിനേഷനെ പറ്റി പറയുമ്പോഴെല്ലാം കേള്‍ക്കുന്ന ഒന്ന് ഈ ഹേര്‍ഡ് ഇമ്മ്യൂണിറ്റി. എന്താണത്? ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹിക പ്രതിരോധം എന്ന് വച്ചാല്‍, ഒരു സമൂഹത്തിലെ ഭൂരിഭാഗം ആള്‍ക്കാരും ഒരു രോഗത്തിനെതിരെ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കില്‍ ആ പ്രതിരോധം തീര്‍ക്കുന്ന സുരക്ഷയുടെ കവചം കുത്തിവയ്പ് എടുക്കാത്തവര്‍ക്കും ലഭിക്കും. ഉദാഹരണത്തിന് 100 പേരുള്ള ഒരു സമൂഹത്തില്‍ 90 പേര് പോളിയോ വാക്സിന് എടുത്തിട്ടുണ്ട്. ഇനി പുറമേ നിന്നും ഒരു പോളിയോ വൈറസ് ആ സമൂഹത്തിലേക്ക് കടക്കുമ്പോള്‍ ഈ 90 പേരും അതിനെ പ്രതിരോധിക്കും. ഈ 90 പേര് തീര്‍ക്കുന്ന പ്രതിരോധമതിലിനുള്ളില് ബാക്കിയുള്ള 10 പേര് സുരക്ഷിതരായിരിക്കും. ഇനി മറ്റൊന്ന്, ഓറല്‍ പോളിയോ പോലുള്ള വാക്സിനുകളില്‍ വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകളാണ് ഉള്ളത്. ഇവ പോളിയോരോഗം പകരുന്ന അതെ വിധത്തില്‍ തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാം. ഇതുമൂലം വാക്സിന് എടുക്കാത്ത അയല്‍ക്കാര്‍ക്കും രോഗപ്രതിരോധം ലഭിക്കാം. ഇതും ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുടെ ഭാഗമാണ്. 7. ഇന്നേറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ ഡിഫ്തീരിയ രോഗത്തിന്റെ തിരിച്ചുവരവും വാക്സിന് വിരുദ്ധപ്രചാരണങ്ങളും. അതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്.. കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയിൽ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയ രാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ നിരായുധരായി പൊരുതേണ്ടി വന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു. 1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെ പരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ് -ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയ സമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം (1901 ൽ) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, "ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്". എന്നാൽ ആ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു. 1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആവർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗംഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ 1,50,000 പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനും പേരുകേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലു കുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്. സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ) 3 - 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ എന്ന, അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് 1885 ൽ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനാണ്. രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ. പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം, തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മുക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കു തന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്ന നിലക്ക്.. മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്. ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റി ടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് മരുന്നു കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ സുലഭമായി ഉള്ളപ്പോൾ. 90% ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താൻ പറ്റും. അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കം പോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടു പോകും, നിയന്ത്രണാതീതമാകും... മുമ്പ് സോവിയറ്റ് യൂണിയനിൽ സംഭവിച്ചതു പോലെ. DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈ രോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പനി (YELLOW FEVER) തുടങ്ങിയവയുടെ ഗണത്തിലേക്ക്, അതേ കുടുംബത്തില്‍ നിന്നും മറ്റൊരു രോഗാണു കൂടി. സിക്ക വൈറസ് (ZIKA VIRUS). ലാറ്റിനമേരിക്കയില്‍ തുടങ്ങി ഇപ്പോള്‍ ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് ഈ വൈറസ് പടര്‍ന്നുകഴിഞ്ഞു. ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ്, ആ കാരണം കൊണ്ടുതന്നെയാണ് കൂട്ടത്തിലെ മറ്റുള്ളവയെക്കാള്‍ ഭീതിയുണര്‍ത്തുന്നതും. ഈ വൈറസ് പടരുന്ന രാജ്യങ്ങളിലെ സ്ത്രീകളോട് ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ രണ്ടുവര്‍ഷത്തേക്കെങ്കിലും ഗര്‍ഭിണിയാകാതെ ശ്രദ്ധിക്കണമെന്നും. ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും പരത്തുന്ന അതേ ഈഡിസ് ഈജിപ്തി (AEDES EGYPTI) വര്‍ഗ്ഗത്തില്‍പെട്ട കൊതുകുകള്‍ തന്നെയാണ് ഇതിന്റെയും വിതരണക്കാര്‍. അതിവേഗം പടരുന്ന ഈ വൈറസ് ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെങ്കില്‍ പോലും, ഈഡിസ് കൊതുകുകളുടെ ഭീകരമായ സാന്നിധ്യം ആശങ്ക ഉളവാക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ ഈ വൈറസിനെ സംബന്ധിക്കുന്ന അടിസ്ഥാനവിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് കരുതുന്നു. പുതിയ ഭീഷണിയായി സിക്ക വൈറസ് 1. എന്തുകൊണ്ട് സിക്ക വൈറസിനെ ഭയക്കണം? അസാധാരണമാം വിധം ചെറിയ തലയോടുകൂടി ജനിക്കുന്ന കുട്ടികളാണ് ഈ വൈറസിന്റെ ഭീകരതയെ പറ്റി ശാസ്ത്രലോകത്തെ ചിന്തിപ്പിച്ചത്. ഗര്‍ഭിണിയായ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് ഇത് വളരെവേഗം പകരുന്നു. തലച്ചോറിന്റെയും തലയോട്ടിയുടെയും വളര്‍ച്ചയെ തടസപ്പെടുത്തുന്നു. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ ചെറുപ്രായത്തില്‍ മരിച്ചുപോകുകയോ ബുദ്ധിവളര്ച്ചയില്ലാതെ വളരുകയോ ചെയ്യും. ഈ വൈറസിനെതിരെ മരുന്നുകളോ പ്രതിരോധവാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ബ്രസീലിലാണ് ഇതിപ്പോള്‍ ഏറ്റവും രൂക്ഷമായി പടരുന്നത്.അവിടെ ഇക്കഴിഞ്ഞ നവംബര്‍ വരെ നാലായിരത്തോളം കുട്ടികള്‍ ഈ വൈറസ് കാരണം “കുഞ്ഞിത്തല” (MICROCEPHALY) യുമായി ജനിക്കുകയുണ്ടായി. 2014 ല്‍ ഇത് വെറും 146 ആയിരുന്നു. ഇതുവരെ 46 കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. 2. എങ്ങനെയാണ് ഇത് പകരുന്നത്? രോഗമുള്ളയാളെ കടിക്കുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് ഈ രോഗം പരത്തുന്നത്. അമേരിക്കയിലെ CENTRE FOR DISEASE CONTROL (CDC) നടത്തിയ പഠനത്തില്‍ പ്രസവസമയത്തും, രക്തദാനത്തിലൂടെയും, ലൈംഗികബന്ധത്തിലൂടെയും ഈ വൈറസ് പകര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതുവഴി രോഗം പകരുമോയെന്നു സ്ഥിരീകരിച്ചിട്ടില്ല. 4. എങ്ങനെ ഈ വൈറസ് പിടികൂടാതെ / പടരാതെ തടയാം? ഇന്ത്യയില്‍ ഇല്ലാത്ത മഞ്ഞപ്പനിയും സിക്ക വൈറസിന്റെ കുടുംബത്തിലെ അംഗമാണെങ്കിലും, മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാവര്ക്കും മഞ്ഞപ്പനിയുടെ പ്രതിരോധവാക്സിന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഞ്ഞപ്പനിക്കാരന് അതിര്‍ത്തി കടന്നിങ്ങ് വരാത്തതും. എന്നാല്‍ സിക്ക വൈറസിനെതിരെ വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ല. നിലവില്‍ ഈ രോഗമുള്ള രാജ്യങ്ങളിലേക്ക് പോകാതിരിക്കുക മാത്രമാണ് ശക്തമായ പ്രതിരോധം. പക്ഷെ അങ്ങോട്ടേക്ക് പോകേണ്ടിവരുന്നവരോട് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ CDC നിര്‍ദ്ദേശിക്കുന്നുണ്ട്. രോഗമുള്ളവര്‍ മറ്റുള്ളവരിലേക്ക് ഇത് പടര്‍ത്താതെ നോക്കണം. അതിനും കൊതുക് കടി കൊള്ളാതെ നോക്കുകയേ വഴിയുള്ളൂ. ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തില്‍, അതും ഒരു സ്പൂണ്‍ വെള്ളത്തില്‍ പോലും വളരുന്നവയാണ്. ഇവര്‍ പകല്‍ സമയങ്ങളിലാണ് കടിക്കാറ്. ആ സമയങ്ങളില്‍ വീടിനുള്ളിലേക്ക് കൊതുകുകള്‍ കടക്കാനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കുക. വീടിനുള്ളില്‍ പൂപ്പാത്രത്തിലെയും ഫ്രിഡ്ജിലെയും വെള്ളം എന്നും മാറ്റണം. കൊതുകുവലകള്‍ ശീലമാക്കുക. 5. എന്താണ് രോഗലക്ഷണങ്ങള്‍? രോഗമുള്ളവരില്‍ പനി, തലവേദന, തൊലിപ്പുറത്ത് പാടുകള്‍ (RASHES) ചിലപ്പോള്‍ കണ്ണില്‍ ചുമപ്പ് ഒക്കെയാണ് ലക്ഷണങ്ങള്‍. എന്നാല്‍ 80% രോഗികളിലും രോഗലക്ഷണങ്ങള്‍ ഒന്നും കാണാറില്ല. വിവിധ ലോകസംഘടനകളുടെ നേതൃത്വത്തില്‍ ഈ വൈറസിന്റെ പകര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വാക്സിനും മരുന്നും കണ്ടെത്താന്‍ ശാസ്ത്രലോകവും തിരക്കിട്ട് ശ്രമിക്കുന്നു. അവരുടെ ശ്രമങ്ങള്‍ ഫലവത്താകട്ടെ എന്ന് പ്രത്യാശിക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ഒരു തലമുറയുടെ ജനനത്തെയും നിലനില്‍പ്പിനെയും തന്നെ മാരകമായി ബാധിക്കാവുന്ന ഒന്നാണ് സിക്ക വൈറസ്. നമ്മള് ഇന്ത്യയിലുള്ളവര്‍ ഇപ്പോള്‍ സുരക്ഷിതരാണെങ്കിലും മറ്റുരാജ്യങ്ങളില്‍, പ്രത്യേകിച്ചും മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളില്‍, ജീവിക്കുന്ന ഇന്ത്യക്കാര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഈ രോഗം പകരാതിരിക്കാനുള്ള സകല മുന്‍കരുതലുകളും എടുക്കേണ്ടതാണ്. സൂര്യാഘാതം പകല്‍ നേരത്തെ അമിതമായ ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം അഥവാ സണ്‍സ്ട്രോക്ക്. പാലക്കാടും കോഴിക്കോടുമൊക്കെ സൂര്യാഘാതമേറ്റ് ആള്ക്കാര് കുഴയുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണിതെന്നും നിസാരമായി തള്ളേണ്ടതല്ലായെന്നും മനസിലാക്കണം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരികപ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അധികനേരം ജോലി ചെയ്യേണ്ടിവരുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ഹൈപ്പര്‍തെര്‍മ്മിയ (HYPERTHERMIA) എന്ന അവസ്ഥയുണ്ടാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയെല്ലാം ഇത് ഗുരുതരമായി ബാധിക്കും. കഠിനമായ ചൂട് ശരീരത്തില്‍ പ്രധാനമായും മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. 1.നിര്‍ജ്ജലീകരണം (DEHYDRATION) ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതാണ് കാരണം. കൂടാതെ നേരിട്ടുള്ള ബാഷ്പീകരണം വഴിയും ധാരാളം ജലം നഷ്ടപ്പെടുന്നുണ്ട്.നിര്‍ജ്ജലീകരണം മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. ധാരാളം വെള്ളം കുടിക്കുക മാത്രമേയുള്ളൂ പോംവഴി. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോളകള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പകരം പഴങ്ങളും പഴച്ചാറുകളും ഉപയോഗിക്കാം. 2. ചൂടുകുരു/ വെപ്പ് (മിലിയേരിയ) ചെറിയ ചെറിയ കുരുക്കള്‍ , വിയര്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ചൂടുകാലത്ത് പ്രത്യക്ഷപ്പെടുന്നതിനെയാണ് വെപ്പ് അഥവാ ചൂടുകുരു എന്ന് പറയുന്നത്. വിയര്‍പ്പുഗ്രന്ഥികളുടെ വായ അടഞ്ഞുപോകുന്നത് കൊണ്ടുണ്ടാകുന്ന കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഒന്നാണിത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ധാരാളം വെള്ളം കുടിക്കുകയുംതണുത്ത വെള്ളത്തില്‍ രണ്ടുനേരം കുളിക്കുകയും ചെയ്താല്‍ ഇത് സ്വയമേ പരിഹരിക്കപ്പെടും. 3. സൂര്യാഘാതം ഇതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. ഇതില്‍ തന്നെ അത്ര സാരമല്ലാത്ത സൂര്യതാപം (SUNBURN) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ , വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും. ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ഇവിടുത്തെ പ്രധാനവില്ലന്മാര്. ശരിക്കും സൂര്യനില്‍ നിന്നും പുറപ്പെടുന്ന UV രശ്മികളുടെ 10%ല്‍ താഴെ മാത്രമാണ് ഭൂമിയിലെത്തുന്നത്. അതിനെത്തന്നെ UV-A എന്നും UV-B എന്നും തരം തിരിച്ചിരിക്കുന്നു. ഇതില്‍ UV-B യാണ് സൂര്യതാപത്തിന് കാരണം. അതുകൊണ്ട് അതിനെ "SUNBURN SPECTRUM" എന്നാണ് പറയുന്നത്. എന്നാല്‍ ഗുരുതരമായ സൂര്യാഘാതം (SUNSTROKE) രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) വരെ ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സൂര്യാഘാതമാണ്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും. സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്. സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (WARNING SIGNS) വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം ക്ഷീണം ഓക്കാനവും ചെറിയ തലകറക്കവും സാധാരണയിലധികമായി വിയര്‍ക്കുക ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ് ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ് പേശികളുടെ കോച്ചിപ്പിടുത്തം ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം. ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍ ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍. സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം വിങ്ങുന്ന മാതിരിയുള്ള തലവേദന ചര്‍ദ്ദി ശ്വാസംമുട്ടല്‍ കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം? ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത് പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കടപ്പാട് :www.vellanadandiary.com