വൃക്ക രോഗങ്ങള്‍ നമ്മുടെ ശരീരത്തിലെ അരിപ്പകള്‍ എന്നറിയപ്പെടുന്ന ഒരു അവയവമാണ് കിഡ്നി അഥവാ വൃക്കകള്‍. നട്ടെല്ലുള്ള ജീവികളിലെല്ലാം നട്ടെലിനോട് ചേര്‍ന്ന് മുന്നിലായിട്ടുള്ള അവയവമാണ് വൃക്ക. എട്ട് മില്ലി മീറ്റര്‍ വലിപ്പമുള്ള കുഞ്ഞ് തവള മുതല്‍ 24 മീറ്റര്‍ വലിപ്പമുള്ള നീല തിമിംഗലത്തിന് വരെ ഈ അവയവം ഉണ്ട്. മനുഷ്യരില്‍ വാരിയെല്ലുകള്‍ അവസാനിക്കുന്ന (ലെവല്‍) നട്ടെല്ലിന്റെ ഇരുവശത്തുമായി അണ്ടിപരിപ്പിന്റെ ആകൃതിയിലാണ് ഇതുള്ളത്. രക്ത ശുദ്ധീകരണവും മാലിന്യങ്ങളെ ശേഖരിച്ച് പുറം തള്ളലുമാണ് മുഖ്യ ധര്‍മ്മം. അതോടൊപ്പം ശരീര പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ചില ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഒരു വലിയ കെമിക്കല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനു തുല്യമാണ് വൃക്കയുടെ പ്രവര്‍ത്തനം. വൃക്കയില്‍ എത്തുന്ന വളരെ ചെറിയ കണികകളായ രക്തത്തുള്ളികളെ നെഫ്റോണ്സ് എന്ന ഭാഗം ശുദ്ധീകരിക്കുകയും, മാലിന്യങ്ങളെ സംസ്ക്കരിച്ച് ജലാംശത്തെ നിയന്ത്രിച്ച് ആവശ്യത്തിന് അധികമുള്ളതിനെ ശേഖരിച്ച് മറ്റ് രാസപദാര്‍ത്ഥങ്ങളോടൊപ്പം പുറംതള്ളി യുറെട്ടര് എന്ന കുഴല്‍ വഴി മൂത്രസഞ്ചിയില്‍ ശേഖരിച്ച് വെച്ച് നിറയുമ്പോള്‍ പുറം തള്ളുന്നു. ഇതാണ് മൂത്രം. ആയിരക്കണക്കിന് നെഫ്രോണുകള്‍ വിശ്രമമില്ലാതെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിയാണ് ഇത്. ഇത് പണിമുടക്കിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. രക്തസമ്മര്‍ദ്ദം (ഹൈ ബ്ലഡ് പ്രഷര്‍) നിയന്ത്രിക്കുന്നതും രക്തത്തിലെ ചുവന്ന അണുക്കളെ ഉത്തേജിപ്പിക്കുന്ന കാല്‍സ്യത്തേയും പൊട്ടാസ്യത്തേയും, പ്രോട്ടോണിനെയും നിയന്ത്രിക്കുന്നതും വൃക്കകളാണെന്ന് കൂടി ചേര്‍ത്ത് മനസ്സിലാക്കുമ്പോള്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതും പരിപാലിക്കേണ്ടതുമായ ഒരവയവമാണ് ഇത് എന്ന് മനസിലാക്കാം. വൃക്കരോഗങ്ങള്‍ എങ്ങനെ തിരിച്ചറിയാം വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഇന്ന് പ്രായമായവരിലും കുട്ടികളിലും ഒരുപോലെ കാണുന്നുണ്ട്. ഇതില്‍ ചിലതാണ് മൂത്രക്കല്ല്, റീനല്‍ ഗ്ലൈസൂറിയ, നെഫ്രൈറ്റിസ്. സാധാരണയായി കാണുന്നതില്‍ നിന്ന് വ്യത്യസ്തമായ് മൂത്രം കൂടുകയോ, കുറയുകയോ ചെയ്യാം മൂത്രം കടുത്ത നിറത്തില്‍ വരാം മൂത്രം ഒഴിക്കാനുള്ള ധൃതിയുണ്ടെങ്കിലും മൂത്രം പോകുന്നില്ല മൂത്രം ഒഴിക്കുന്ന ഇടവേള കുറയാം കൂടാം, ഇത് പ്രമേഹ രോഗികളിലും കാണാം, പ്രതേകിച്ചു രാത്രികാലങ്ങളില്‍ എണ്ണം കൂടിയാല്‍ ശ്രദ്ധിക്കണം പുരുഷ ഗ്രന്ധി വീക്കം വന്നാല്‍ (പ്രോസ്റ്റാറ്റോമെഗലി) ഇങ്ങനെ സംഭവിക്കാം. ഇതിനു പ്രത്യേക പരിശോധന നടത്തി ഇത് വൃക്കയെ ബാധിക്കുന്ന പ്രശ്നം ആണോ അല്ലയോ എന്ന് തിരിച്ചറിയണം. അല്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തന ക്ഷമത 80 ശതമാനം നഷ്ടപ്പെട്ടതിന് ശേഷമാവാം പലപ്പോഴും രോഗം തിരിച്ചറിയുന്നത്. അടിവയറിനു വേദനയും, മൂത്രം ഒഴിക്കാന്‍ തടസ്സവും, മൂത്രത്തിനു കടച്ചിലും-ഇത് മൂത്രത്തില്‍ പഴുപ്പായിരിക്കും. ക്രമേണ ഇത് പടര്‍ന്ന് കിഡ്നിയെയും ബാധിക്കാം. ഇടയ്ക്കിടെ വിറച്ച് കുലുക്കിയ പനിയും, വേദനയും ഇതിന്റെ ലക്ഷണം കൂടിയാണ്. മൂത്രത്തില്‍ അസാധാരണമായ പത വന്നാല്‍ ഇത് ശ്രദ്ധിക്കണം. പ്രൊട്ടീനും, ആല്ബൂമീനും, മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ സൂചന. കിഡ്നിയുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നു. നീരും വീക്കവും കാല്പാദങ്ങളിലും, കൈപത്തിയിലും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കാണാം. ജലാംശവും, മാലിന്യവും പുറംതള്ളാനാവാതെ വൃക്ക ക്ഷീ ണിച്ചിരിക്കുന്നു എന്നതാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. ക്ഷീണവും, വിളര്‍ച്ചയും രക്താണുക്കളില്‍ ഓക്സിജന്‍ വഹിക്കുവാന്‍ കഴിയുന്ന എറിത്രോപെയോറ്റിന് എന്ന ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുന്നത് കിഡ്നിയാണ്. ആ ഉദ്പാദന പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറവ് കാണാം. ഇത് ഉന്മേഷകുറവ്, ശ്രദ്ധക്കുറവ് ബുദ്ധിമാന്ദ്യം, പനിക്കുന്നത് പോലെ തണുപ്പ്, വിറയല്‍ എന്നിവയുണ്ടാവും. അലര്‍ജി പോലുള്ള ചൊറിച്ചിലും, കറുത്ത പാടുകളും കൈകാലുകളില്‍ ഉണ്ടാവും. രക്തത്തിലെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതിലാണ് ഇത് സംഭവിക്കുന്നത്. ചിലരില്‍ ചീഞ്ഞ മുട്ട മണവും, ലോഹത്തിന്റെ രുചിയും വായില്‍ തോന്നുകയും ചെയ്യും. അത് കൊണ്ട് ഛര്‍ദ്ദിയും ഓക്കാനവും ഉണ്ടാവും. രക്തക്കുറവിനാല്‍ ശ്വാസ തടസ്സവും കിതപ്പും ഉണ്ടാവാം. മൂത്രക്കല്ല് ഇന്ന് വളരെ കൂടുതലായി കാണുന്ന ഒരു രോഗമാണ് റീനല്‍ കാല്‍ക്കുലി അഥവാ മൂത്രക്കല്ല്. ഇത് നമ്മുടെ ഭക്ഷണത്തില്‍ നിന്നും അടിഞ്ഞു കൂടന്ന കാല്‍സ്യം ഓക്സലേറ്റ് പോലുള്ള മിനറലുകള്‍ കാരണം ഉണ്ടാവുന്നതാണ്. സാധാരണയായി ഇത് കൂടുതല്‍ കാണപ്പെടുന്നത് വേനല്‍ക്കാലത്താണ്. ഏതൊരാള്‍ക്കും വൃക്കരോഗങ്ങള്‍ പിടിപെടാവുന്നതാണ്. എന്നാല്‍ ഇത് കൂടുതലായും കാണപ്പെടുന്നത് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരിലൊ തുടര്‍ച്ചയായി മരുന്നു കഴിക്കുന്നവരിലൊ ആണ്. മൂത്രവാഹിനികളിലുള്ള കല്ല് പുരുഷന്മാരിലാണ് കൂടുതലും കാണപ്പെടുന്നത്. 20 മുതല്‍ 50 വയസ്സിന് ഇടയ്ക്കുള്ളവരിലാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഒന്നോ, അതിലധികമോ കല്ലുകള്‍ ഉള്ളവരില്‍ വീണ്ടും കല്ല് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വ്യാവസായിക നഗരങ്ങളില്‍ താമസമാക്കിയവരില്‍ മൂത്രാ ശയക്കല്ലിനേക്കാള് ഏറെ കാണപ്പെടുന്നത് വൃക്കയിലെ കല്ല് ആണ്. വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഈ സ്ഥിതിവിശേഷം നേരെ തിരിച്ച് ആണ്. അവിടെ മൂത്രാശയക്കല്ല് ആണ് കൂടുതല്‍ കാണപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഇവ രണ്ടും വളരെ കുറവാണ് ഇതിന് കാരണം അവരുടെ ഭക്ഷണരീതിയിലുള്ള വ്യത്യാസം ആണ്. മൂത്രക്കല്ല് വരാനുള്ള കാരണങ്ങള്‍ പാരമ്പര്യം ഒരു പരിധിവരെ മൂത്രക്കല്ല് രൂപപ്പെടാന്‍ കാരണമാണ്. ഗര്ഭകാലങ്ങളിലുണ്ടാവുന്ന ശാരീരിക വ്യതിയാനം മൂലം ഗര്‍ഭിണികളില്‍ കൂടുതലായ് മൂത്രാശയക്കല്ല് കാണ പ്പെടുന്നു. ഉയര്‍ന്ന പ്രൊജസ്റ്ററോണ്‍ ഹോര്‍മോണ്‍ മൂലവും മൂത്രനാളിയുടെ വലിപ്പത്തില്‍ കുറവു സംഭവിക്കുന്നതുകൊണ്ടും ഗര്‍ഭാശയത്തിന്റെ വലിപ്പം കൂടുന്നതുമൂലം മൂത്രാശയത്തിന്റെ കപാസിറ്റി കുറയുമ്പോള്‍ താരതമ്യേന വെള്ളം കുടിക്കുന്നതിന്റെ അളവു കുറയുന്നതു മൂലവുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് അധികമായി കഴിക്കുന്ന കാല്‍സ്യം സപ്ലിമെന്റ്സും ഒരു പരിധി വരെ മൂത്രക്കല്ലിനു കാരണമാകുന്നുണ്ട്. ഹൈപര്‍തൈറോയിഡിസം, സാര്‍കോയിഡോസിസ് മുതലായ അസുഖങ്ങള്‍ കാരണവും മൂത്രത്തില്‍ കല്ല് വരാനുള്ള സാധ്യത ഏറെയാണ്. മൂത്രക്കല്ലിന്റെ ലക്ഷണങ്ങള്‍ പാര്‍ശ്വങ്ങളില്‍ കാണപ്പെടുന്ന വേദന മൂത്രത്തില്‍ രക്തത്തിന്റെ അംശം മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട് ഛര്‍ദ്ദി റീനല്‍ ഗ്ലൈസൂറിയ വൃക്കകളെ ബാധിക്കുന്ന ഒരു രോഗമാണ് റീനല്‍ ഗ്ലൈസൂറിയ. പ്രമേഹമില്ലാതെ തന്നെ മൂത്രത്തില്‍ പഞ്ചസാര കാണുന്നു. ഈ രോഗികള്‍ക്ക് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉണ്ടാകില്ല. രക്തത്തില്‍ കൂടുതല്‍ പഞ്ചസാര ഇല്ലാതെ തന്നെ വൃക്കകള്‍ മൂത്രത്തിലേക്ക് കൂടുതല്‍ പഞ്ചസാര അരിച്ചെടുത്ത് വിടുന്ന രോഗാവസ്ഥയാണ് റീനല്‍ ഗ്ലൈസൂറിയ. ഇതിന് ഒരു പരിധിവരെ നമ്മുടെ ആഹാരരീതിക്കും ജീവിത രീതിക്കും പങ്കുണ്ട്. ക്രമമായ ആഹാരരീതിയും ഭക്ഷണ രീതിയും പാലിച്ചാല്‍ ഇതിനെ തടയാം. നെഫ്രൈറ്റിസ് രോഗാണു നിമിത്തം ഉണ്ടാകുന്ന വൃക്ക രോഗമാണ് നെഫ്രൈറ്റിസ്. വൃക്ക കോശങ്ങള്‍ക്ക് സംഭവിക്കുന്ന പഴുപ്പാണിത് . അമ്ലതയേറിയ കൃത്രിമ ഭക്ഷണങ്ങളുടെ ഉപയോഗം. അതായത് കാപ്പി, ചായ, മാംസം, മുട്ട, ശീതള പാനീയങ്ങള്‍, പഞ്ചസാര, രാസപ്രക്രിയക്കുവിധേയമായ ഭക്ഷണങ്ങള്‍, കൃത്രിമ ജീവകങ്ങള്‍, ഉപ്പ്, പുളി ഇവയുടെ ആധിക്യം വൃക്കയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു. അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിഷമയ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ നിന്ന് പുറം തള്ളുന്നത് വൃക്കയാണ്. അതിനായ് വൃക്ക അധികാധ്വാനം ചെയ്യേണ്ടി വരികയും വൃക്ക കോശങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ചെയ്യുന്നു. അലോപ്പതി മരുന്നായ പാരസെറ്റമോള്‍ പോലുള്ള വേദന സംഹാരികളും മറ്റ് ആന്റിബയോട്ടിക് ആന്റിപൈറന്റിക്, ആന്റ് ഇന്‍ഫ്ളമേറ്ററി മരുന്നുകളുടെ ഉപയോഗം മൂലവും വൃക്കയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ ഡയാലിസിസില്‍ അഭയം പ്രാപിക്കേണ്ടിവരികയും ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ആയുര്‍വേദ മരുന്നുകളുടെ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാവുന്നില്ലെന്ന് തെളിയിക്കപ്പെട്ടതായ് ഓര്‍ക്കുക. ചികിത്സകള്‍ ലിതോട്രിപ്സി, ടണല്‍ സര്‍ജറി (പെര്ക്യൂറ്റേനിയസ് നെഫ്രോ ലിതോട്ടോമി), യുറെട്ടെറോസ്കോപ്പി തുടങ്ങിയവ ആധുനിക ചികിത്സാ രീതികള്‍ ആണ്. ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് കഷായരൂപത്തിലും, അരിഷ്ടാസവ രൂപത്തിലും, ഗുളിക രൂപത്തിലും, ഭസ്മരൂപത്തിലും, അര്‍ക്ക രൂപത്തിലും മരുന്നുകളും, ഇതുപയോഗിച്ചുള്ള ചികിത്സകളും ലഭ്യമാണ്. മുതിരയും, വാഴപ്പിണ്ടിയും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത്. മൂത്രക്കല്ല് രോഗികള്‍ക്ക് വളരെ നല്ലതാണ്. ആഹാര രീതി കഴിക്കാവുന്നവ കുമ്പളങ്ങ, കക്കരിക്ക, അമരപ്പയര്‍, പച്ചമാങ്ങ, പച്ചപട്ടാണി, പടവലങ്ങ, മുള്ളങ്കി (പിങ്ക്), ബീറ്റ്റൂട്ട്, ഉലുവയില, ചുരയ്ക്ക, പിച്ചിങ്ങ, ആഴ്ചയില്‍ (2-3) ആപ്പിള്‍, 1 പേരയ്ക്ക, പപ്പായ (ഒരു ചെറിയ കഷ്ണം) പൈനാപ്പിള്‍ (2 ചെറിയ കഷ്ണം), പുഴുങ്ങിയ ഏത്തപ്പഴം, ഒലീവ്, ആപ്രിക്കോട്ട് (അത്തിപ്പഴം), കുരുമുളക്, വെളുത്തുള്ളി, അരി, ഗോതമ്പ്, വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. വൈറ്റമിന്‍ ഡി കിട്ടാനായ് സൂര്യ പ്രകാശം കൊള്ളുകയും വേണം. പാടില്ലാത്തവ ചീര, മുരിങ്ങയില, മല്ലിയില, ചേമ്പ്, പച്ചപപ്പായ, ചേന, ഉരുളക്കിഴങ്ങ്, കപ്പ, മധുരക്കിഴങ്ങ്, സ്പിനാച്ച്, പാലക്ക്, മുരുങ്ങിക്കായ, തേങ്ങ, മുസംബി, ഓറഞ്ച്, മുന്തിരി, സപ്പോട്ട, ചക്ക, മാങ്ങ, നെല്ലിക്ക, നാരങ്ങ, ഇളനീര്, ശര്‍ക്കര, നട്സ്, ഇന്‍സ്റ്റന്റ് കോഫി പൗഡര്‍, കോക്കോ പൗഡര്‍, റാഗി, ജീരകം, പഴുത്ത തക്കാളി, ജാം, ജെല്ലി, മല്ലിപ്പൊടി, ഉണക്കിയ പഴവര്‍ഗങ്ങള്‍, സോയാബീന്‍, ഈത്തപ്പഴം, അനാര്‍, കൂണ്, കോളിഫഌര്‍, ബീറ്റ്റൂട്ട്, മത്സ്യം, മസാല, ഉപ്പ്, ചുവന്ന തവിടുള്ള അരി, തൈര്, പീസ, ബിസ്ക്കറ്റ്, പാല്‍പ്പൊടി, വെണ്ണ, അണ്ടിപ്പരിപ്പ്, ബദാം, ചെറുപയര്‍. 'ആഹാരം ഔഷധം പോലെ കഴിച്ചിലെങ്കില്‍ ഔഷധം ആഹാരം പോലെ കഴിക്കേണ്ടി വരും' എന്ന ആയുര്‍വേദ ആചാര്യന് വാഗ്ഭടന്റെ വാക്കുകള്‍ എത്രയോ ശരിയാണെന്ന് കാലം തെളിയിക്കുന്നു. ഇന്ന് പലര്‍ക്കും ആഹാരത്തെക്കാള്‍ ഏറയൊ അല്ലെങ്കില്‍ ആഹാരം പോലെയോ അലോപ്പതി മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയാണ്. പ്രമേഹം രക്തസമ്മര്‍ദ്ദം, തൈറോയിഡ് ഡിസോഡര്‍, ഹൃദ്രോഗം, മാനസികരോഗം മുതലായ അസുഖങ്ങള്‍ക്ക് മരുന്നുകള്‍ ജീവിതാവസാനം വരെ കഴി ക്കേണ്ടി വരുന്നത് വാഗ്ഭടന്റെ വാക്കു കളെ അന്വര്‍ത്ഥമാക്കുന്നു. പഞ്ചായത്തുകള്‍തോറും ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയിലേക്ക് ഈ കൊച്ചു കേരളം എത്തി ചേര്‍ന്നത് ഇത്തരം മരുന്നുകളുടെ അമിതോപയോഗവും ദുരുപയോഗവും കൊണ്ടല്ലേ? ഈ ഇടയായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 400 ല്‍ പരം ഔഷധക്കൂട്ടുകള്‍ വൃക്ക രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടി യവയാണെന്ന് പഠനങ്ങള്‍ തെളിയിച്ചി ട്ടുള്ളതാണ്. ഇനിയും ഇത്തരം ഔഷധങ്ങള്‍ നിരോധിക്കാന്‍ സാധ്യതയും കാണുന്നു. അതുകൊണ്ട് തന്നെ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരും ഉപയോഗിക്കുന്ന രോഗികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്ത്രീ രോഗങ്ങള്‍: ആയുര്‍വേദ വീക്ഷണം സ്ത്രീരോഗങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ എന്നല്ല, നേത്രരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്ന പോലെയല്ല സ്ത്രീരോഗങ്ങള്‍ എന്ന പ്രയോഗം. പുരുഷന്മാര്ക്ക് ഉണ്ടാകാത്തതും സ്ത്രീകള്‍ക്ക് മാത്രം കാണപ്പെടുന്ന രോഗങ്ങള്‍ എന്നതാണ് 'സ്ത്രീരോഗങ്ങള്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യുല്‍പ്പാദന അവയവങ്ങളോ അതുമായി ബന്ധപ്പെട്ടുവരുന്ന രോഗങ്ങളോ ഈ വിഭാഗത്തില്‍ പെടുന്നു. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം ഇതൊരു 'സൈക്കോ ന്യൂറോ എന്ഡോസെറിന് ഡിസ്ഓര്ഡര്' ആണ്. ആര്‍ത്തവം അടുക്കുമ്പോള്‍ മാനസികമായുള്ള അസ്വസ്ഥത വെറുപ്പ്, ദേഷ്യം ക്ഷീണം, തളര്‍ച്ച പെരുമാറ്റ വൈകൃതം കൈകാലുകളിലെ നീര് ശരീരഭാരം കൂടുക എന്നിവ ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്. ഹോര്‍മോണ്‍ ബാലന്സിംഗിനുള്ള ഔഷധങ്ങള്‍ ചെറിയ യോഗാസനങ്ങള്‍ (ഭുജംഗാസനം, പശ്ചിമോത്താസനം) എന്നിവ ഇതിന്റെ ചികിത്സാ രീതിയാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക ധ്യാനം, വ്യായാമ മുറകള്‍ എന്നിവയും സഹായകമാണ്. ആര്‍ത്തവ ക്രമക്കേട് 28 ദിവസം മുതല്‍ 30 ദിവസം വരെയാണ് ശരിയായ ആര്‍ത്തവ ചക്രം. ഇതില്‍ കൂടുകയോ കുറയുകയോ ആണെങ്കില്‍ ആര്‍ത്തവ ക്രമക്കേടായി കണക്കാക്കുന്നു. ഒരു മാസത്തില്‍ തന്നെ 10-12 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാവുക, ആര്‍ത്തവ ദിനങ്ങള്‍ 10-12 ദിവസം വരെ നീണ്ടു നില്ക്കുക എന്നിവയൊക്കെയാണ് ആര്‍ത്തവ ക്രമക്കേടുകളായി കണക്കാക്കുന്നത്. സ്കാനിംഗ്, രക്തപരിശോധന എന്നിവ നടത്തി കാരണം കണ്ടെത്തി വേണം ചികിത്സ ആരംഭിക്കാന്‍. ഹോര്‍മോണ്‍ തകരാറുകള്‍ ആവാം പ്രധാന കാരണം. ഡിസ്മെനോറിയ/വേദനയോട് കൂടിയ ആര്‍ത്തവം ഇന്ന് പല കുട്ടികളിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് അതിശക്തമായ വേദനയോട് കൂടിയുള്ള ആര്‍ത്തവ ദിനങ്ങള്‍. ഈ കാരണത്താല്‍ കൗമാരപ്രായക്കാര്‍ അല്ലെങ്കില്‍ യുവതികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങളായ ക്ലാസില്‍ നിന്നോ ജോലിയില്‍ നിന്നോ ഒക്കെ വിട്ടുനില്‍ക്കേണ്ട ഒരു അവസ്ഥയാണ്. ചെറിയ വേദനയും അസ്വസ്ഥതയും ആര്‍ത്തവ കാലങ്ങളില്‍ സാധാരണയാണെങ്കിലും അസഹ്യമായ വേദനയോടും ബുദ്ധിമുട്ടോടും കൂടിയുള്ളത് ആണെങ്കില്‍ പ്രത്യേകം കരുതലും ശ്രദ്ധയും ആവശ്യമാണ്. ശാസ്ത്രം ഈ രോഗത്തെ രണ്ടായി തിരിക്കുന്നു. സെക്കന്‍ഡറി ഡിസമെനോറിയ പ്രൈമറി ഡിസമെനോറിയ പ്രൈമറി അടിവയറില്‍ മാത്രം വേദന ഇടക്കിടെയുള്ള വലിയുന്ന വേദന ആര്‍ത്തവ ദിനത്തിലോ തലേ ദിവസമോ തുടങ്ങുന്നു കാലു കടച്ചില്, സ്തനങ്ങളിലെ വേദന, മനം പുരട്ടല്‍ ചൂട് പിടിച്ചാല്‍ കുറയുന്ന വേദന സെക്കന്‍ഡറി വേദന പ്രധാനമായും ഉദര ഭാഗങ്ങളില്‍ കഠിനമായ വേദന 3-5 ദിവസം മുമ്പ് തന്നെ വേദന തുടങ്ങുന്നു ചൂട് പിടിച്ചാലും വേദന കുറയാത്ത അവസ്ഥ. ഈ പറഞ്ഞവയില്‍ പ്രാഥമിക ഡിസമെനോറിയയില് മരുന്നുകള്‍, ആഹാര ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവ കൊണ്ടെല്ലാം ഒരു പരിധിവരെ പരിഹരിക്കാനാവും. ആര്‍ത്തവ ദിനങ്ങള്‍ക്ക് ഒരാഴ്ച മുമ്പ് എരിവ്, പുളി, മാംസാഹാരങ്ങള്‍, പൊരിച്ചതും വറുത്തതുമായ ഭക്ഷണ സാധനങ്ങള്‍ പാടെ ഒഴിവാക്കി ലഘു ആഹാരങ്ങള്‍, ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍, യോഗാസനങ്ങള്‍ (ഭദ്രാസനം, പത്മാസനം) എന്നിവ കൂടി ശീലമാക്കുക. സെക്കന്‍ഡറി ഡിസമെന്നോറിയയില് കാര്യമായ എന്തെങ്കിലും ഗര്‍ഭാശയ കട്ടി കൂടല്‍ തുടങ്ങിയവ ആയിരിക്കാം അണ്ഡാശയ തകരാറുകള്‍ ഉണ്ടാകാം. അതുകൊണ്ട് സ്കാനിംഗ്, രക്ത പരിശോധന തുടങ്ങിയവ നടത്തി വേണം ചികിത്സ ആരംഭിക്കാന്‍. ഒരു പക്ഷേ, പി.സി.ഒ.എസ് (അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന നീര്കുമിളകള്), ഗര്‍ഭാശയ ഭിത്തി ഇതിനു കാരണം. പോളിസ്റ്റിക് ഓവറേനിയം സിന്ട്രം (പി.സി.ഒ.എസ് ) അണ്ഡാശയത്തില്‍ കാണപ്പെടുന്ന ഒരുതരം നീര്‍കുമിളകളാണ് സിസ്റ്റ്/പി.സി.ഒ.ഡി എന്ന പേരില്‍ പറയപ്പെടുന്നത്. ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാമതാണിത്. ലക്ഷണങ്ങള്‍: അമിത വണ്ണം പിന് കഴുത്തിലെ കറുപ്പ് അമിത രോമ വളര്‍ച്ച മാസമുറ ഇല്ലാതാവുക (നഷ്ടാര്‍ത്തവം) ആര്‍ത്തവ ക്രമക്കേട് വന്ധ്യത അണ്ഡോല്‍പ്പാദനം ഇല്ലാത്ത അവസ്ഥയായത് കൊണ്ട് തന്നെ ഈ രോഗാവസ്ഥ ഇന്ന് പല ദമ്പതിമാര്‍ക്കിടയിലും ഒരു വില്ലനായിരിക്കുകയാണ്, അതായത് കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ കാരണത്താല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തവരുണ്ട്. ഗര്‍ഭാശയ/അണ്ഡാശയ കാന്‍സറിനും ഒരുപക്ഷേ ഇത് കാരണമായേക്കാം. അതിനുള്ള പ്രത്യേക പരിശോധനകള്‍ നടത്തി ഉറപ്പ് വരുത്തുന്നതും നല്ലത് തന്നെ.ശരിയായ രീതിയിലുള്ള ആഹാരക്രമം, അതായത് നേരത്തെ പറഞ്ഞതു പോലെ വറുത്തത്, പൊരിച്ചത്, ബോയിലര്‍ കോഴി (മാംസവളര്ച്ചക്ക് വേണ്ടി മാത്രം ഹോര്‍മോണ്‍ കുത്തിവെക്കുന്ന, മുട്ടിയിടാന്‍ ശേഷിയില്ലാത്ത കോഴികളെ അകത്താക്കി സ്ത്രീകളുടെ അണ്ഡം കൂടെ നശിക്കപ്പെടുന്നു) ഇവ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക, പഴം-പച്ചക്കറി ശീലമാക്കുക. അണ്ഡോല്‍പ്പാദനം ഉണ്ടാക്കി, മാസമുറ കൃത്യമാക്കി ആര്‍ത്തവത്തിലൂടെ തന്നെ ഈ കുമിളകളെ പുറം തള്ളി നശിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ് ആയുര്‍ വേദം നിര്‍ദ്ദേശിക്കുന്നത്. ഇതോടൊപ്പം ആഹാര വിഹാര ശീലങ്ങള്‍ ചിട്ടയോടെ പാലിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും പി സി ഒ ഡിയും അതോടൊപ്പം തന്നെ വന്ധ്യതയും ഇല്ലാതാക്കി സന്തോഷകരമായ ഒരു കുടുംബ ജീവിതം കൈവരിക്കാം. യൂട്രെയിന് ഫൈബ്രോയ്ഡ് (ഗര്‍ഭാശയ മുഴകള്‍) ഗര്‍ഭാശയത്തില്‍ കാണപ്പെടുന്ന ഒരുതരം വളര്‍ച്ചയാണ് ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയ്ഡ് ഇന്ന് 35-40 വയസിന് ശേഷം മിക്ക സ്ത്രീകളിലും ഈ രോഗാവസ്ഥ കാണുന്നു. ചിലപ്പോള്‍ ഇത് യാതൊരുതരത്തിലുള്ള രോഗ ലക്ഷണങ്ങളും കാണിക്കുകയില്ല.ഇത് ഒരു അമിത വളര്‍ച്ചയാണെങ്കില്‍ കൂടി ഒരിക്കലും ഒരു അര്ബുദാവസ്ഥയല്ല. ലക്ഷണങ്ങള്‍ ഇതിന് ആധുനിക ശാസ്ത്രം പ്രത്യേകം ഒരു കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും, മൂത്രത്തെയും ആര്‍ത്തവത്തെയും പിടിച്ചു വയ്ക്കല്‍/തടഞ്ഞു വയ്ക്കല്‍ തുടങ്ങിയവ ആയുര്‍വേദം ഒരു കാരണമായി പറയുന്നുണ്ട്. അമിത രക്തസ്രാവം വേദനയോട് കൂടിയ രക്തസ്രാവം ആര്‍ത്തവ ക്രമക്കേട് വന്ധ്യത ഗര്‍ഭം അലസിപോവല് മാസം തികയാതെയുള്ള പ്രസവം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറവ് (ഐ.യു.ജി.ആര്) നേരത്തെ പറഞ്ഞപോലെ രക്തസ്രാവത്തിലൂടെ ഗര്‍ഭാശയ മുഴയെ പുറം തള്ളുന്ന ഒരു ചികിത്സാ രീതി തന്നെയാണ് ആയുര്‍വേദം ഇവിടെയും അനുശാസിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഈ ചികത്സയെ തുടര്‍ന്ന് അമിത രക്തസ്രാവം കാണാമെങ്കിലും ഒരിക്കലും ഈ രക്തസ്രാവത്തെ തടഞ്ഞു നിര്‍ത്താനോ ഇല്ലാതാക്കാനോ ശ്രമിക്കരുത്. കാരണം, മേല്പറഞ്ഞ പോലെ രക്തസ്രാവത്തിലൂടെ മാത്രമേ ഈ മുഴയെ പുറം തള്ളാനാവൂ. ഇതോടനുബന്ധിച്ച് തന്നെ രക്തക്കുറവ്, തലകറക്കം, ക്ഷീണം തുടങ്ങിയവയൊക്കെ ഉണ്ടായേക്കാം. ഈ അവസരത്തില്‍ ആഹാര-ഔഷധ പ്രയോഗങ്ങള്‍ കൊണ്ട് ഇവയെ ഇല്ലാതാക്കാം. രോഗാവസ്ഥക്ക് അനുസരിച്ച് ചിലപ്പോള്‍ നേരിട്ട് തന്നെ ഗര്‍ഭാശയത്തിലേക്ക് മരുന്നുകള്‍ (ഉത്തരവസ്തി) വെച്ച് രോഗിയെ കിടത്തി ചികിത്സക്ക് വിധേയയാക്കി ഈ മുഴയെ പുറം തള്ളാറുണ്ട്. എന്‍ഡോമെട്രിയോസിസ് 'എന്‍ഡോമെട്രിയം' എന്നാല്‍ ഗര്‍ഭാശയത്തിന്റെ ആന്തരിക ഭിത്തിയാണ്. ഈ ആന്തരിക ഭിത്തിയുടെ കനം അഥവാ കട്ടി കൂടിവരുന്ന ഒരു അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. കട്ടി കൂടി കൂടി വന്ന് അണ്ഡാശയത്തിലും തുടര്‍ന്ന് ഉദരഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതായത് മൂത്രമലാശയങ്ങളിലേക്കും ഗര്‍ഭാശയ മുഖത്തേക്കും വ്യാപിക്കുന്നു. ലക്ഷണങ്ങള്‍ വേദനയോട് കൂടിയ ആര്‍ത്തവം അടിവയറിലും നട്ടെല്ലിലും വേദന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന കട്ടിയോട് കൂടിയ ആര്‍ത്തവ സ്രാവം മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട്/വേദന മലബന്ധം വന്ധ്യത. ഇതിനും പ്രത്യേക മരുന്നുകള്‍ കൊണ്ട് ചികിത്സാ രീതികള്‍ ആയുര്‍വേദത്തിലുണ്ട്. അമിത രക്തസ്രാവം (ഡി.യു.ബി/എ.യു.ബി) ആര്‍ത്തവ ദിനങ്ങളിലല്ലാതെ യോനി വഴി കാണപ്പെടുന്ന അമിത രക്തസ്രാവം അല്ലെങ്കില്‍ 'അണ്ഡവിസര്‍ജനം' ഇല്ലാത്ത രക്തസ്രാവത്തെ രണ്ടായി വേര്‍തിരിക്കുന്നു. സിസ്റ്റമിക്ക് രക്ത സമ്മര്‍ദ്ദം, കരള്‍ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ഉണ്ടാകുന്നത്. ഓര്‍ഗാനിക്ക് പി സി ഒ എസ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭനിരോധന മാര്‍ഗമായ കോപ്പര്‍-ടി ധാരണം, അഡിനോമയോസിസ്, എന്‍ഡോമെട്രിയോസിസ് ആര്‍ത്തവ വിരാമ തകരാറുകള്‍ ആര്‍ത്തവം, ഒരു പ്രായമെത്തുമ്പോള്‍ ഇല്ലാതാകുന്നു. ഇതാണ് ആര്‍ത്തവ വിരാമം 50-55 വയസ് കഴിയുമ്പോഴാണ് സാധാരണയായി ആര്‍ത്തവ വിരാമ പ്രായമായി പറയാറ്. ആര്‍ത്തവം ആരംഭിക്കുന്നത് 13-14 വയസില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറി, 9-10 വയസില്‍ തന്നെ പെണ്‍കുട്ടികള്‍ വയസറിയിക്കുന്നു. ഇതിനു കാരണം ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ഇന്ന് ആര്‍ത്തവ വിരാമ പ്രായവും കുറഞ്ഞു 45 വയസില്‍ തന്നെ ഈ പരിണാമം സംഭവിക്കുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ 55 വയസിന് ശേഷം മാത്രമേ ആര്‍ത്തവ വിരാമം ഉണ്ടാകാന്‍ പാടുള്ളു. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ മാനസിക-ശാരീരിക മാറ്റങ്ങള്‍ കാണാറുണ്ട്. അമിതമായ ദേഷ്യം സങ്കടം, വിഷാദം. ഉറക്കക്കുറവ് മാനസിക പിരിമുറുക്കം ലൈംഗിക താത്പര്യക്കുറവ് ആര്‍ത്തവം ക്രമം തെറ്റുക എല്ലുകളുടെ ശക്തിക്കുറവ് അമിതമായ ശരീരത്തിന്റെ ചൂട്, മൂത്രമൊഴിക്കുമ്പോള്‍ ചൂട് അമിതമായ വിയര്‍പ്പ് അമിത രക്തസ്രാവം വ്യായാമങ്ങള്‍, യോഗാസനങ്ങള്‍, പോഷകാഹാരങ്ങള്‍, പച്ചക്കറി, പഴം എന്നിവയുടെ ഉപയോഗം എന്നിവയിലൂടെ ഒരു പരിധിവരെ ഈ അവസ്ഥയെ നിയന്ത്രിക്കാം. ഹോര്‍മോണ്‍ നിയന്ത്രണം ഭക്ഷണത്തിലൂടെയും ഔഷധങ്ങളിലൂടെയും ചെയ്യുക, കൂടെ പങ്കാളിയില്‍ നിന്നുള്ള കരുതലോട് കൂടിയ സമീപനവും സ്ത്രീക്ക് അത്യാവശ്യമാണ്. ഗര്‍ഭാശയ-മൂത്രാശയ മലാശയ താഴ്ച 45 വയസിന് ശേഷം മാത്രം കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേന ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നു. അടിവയര്‍ ഭാഗത്തെ പേശി ബലക്കുറവ് കാരണം മൂത്രാശയം, ഗര്‍ഭാശയം, മലാശയം എന്നിവ ഒരുമിച്ചോ, അല്ലെങ്കില്‍ ഇവയില്‍ ഓരോന്നോ യഥാസ്ഥാനത്ത് നിന്നും താഴ്ന്നു വരുന്ന അവസ്ഥ. ലക്ഷണങ്ങള്‍ തുമ്മുമ്പോള്‍-ചുമയ്ക്കുമ്പോള്‍ മൂത്രം പോവുക, മൂത്രം പിടിച്ചു വെക്കാന്‍ കഴിയാതെ വരിക, മൂത്രം മുഴുവന്‍ ഒഴിഞ്ഞു പോകാത്ത അവസ്ഥ.യോനിയിലൂടെ ഗര്‍ഭാശയം/മൂത്രാശയം താഴ്ന്നു വരുന്ന പോലെ അനുഭവപ്പെടുക, നടുവേദന, രാത്രിയില്‍ ഉറക്കം കെടുത്തുന്ന രീതിയിലുള്ള ഇടക്കിടെയുള്ള മൂത്രം ഒഴിക്കല്. കാരണങ്ങള്‍ തുടര്‍ച്ചയായുള്ള പ്രസവം അമിതമായി ഭാരം ഉയര്‍ത്തുക കുനിഞ്ഞ് നിന്ന് ജോലി ചെയ്യുക. ഭാരം കൂടിയ കുഞ്ഞിനെ പ്രസവിക്കുക. കാലങ്ങളായുള്ള തുമ്മല്‍, ചുമ, അലര്‍ജി, ഉദരവേദന തുടങ്ങിയവക്ക് ചികിത്സിക്കാതിരിക്കുക വേണ്ട രീതിയിലുള്ള പ്രസവാനന്തര ശുശ്രൂഷ ചെയ്യാതിരിക്കുക ഇന്നത്തെ സമൂഹം പ്രസവാനന്തര ശുശ്രൂഷക്ക് വേണ്ട രീതിയില്‍ പ്രാധാന്യം നല്‍കുന്നില്ല. സമയമില്ലായ്ക, മടി എന്നിവ കാരണം തൈലം തേച്ചു കുളി, അരക്കെട്ട് മുറുക്കല്‍ എന്നിവയെല്ലാം അന്യം നിന്ന് പോയിരിക്കുകയാണ്. ഇക്കാരണത്താല്‍ പ്രസവത്തിലൂടെ വന്ന പ്രധാന ശരീര ഗര്‍ഭാശയ ഭാഗങ്ങള്‍ അതിന്റെ പൂര്‍വ സ്ഥിതിയിലേക്ക് എത്തുന്നില്ല, ഇതോടൊപ്പം പേശിബലം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതിനെ തുടര്‍ന്ന് ക്രമാതീതമായി ഗര്‍ഭാശയ-മൂത്രാശയ-മലാശയ താഴ്ച സംഭവിക്കുന്നു. ഗര്‍ഭാശയ താഴ്ചക്ക് മോഡേണ്‍ ടെക്നോളജിയില്‍ ഗര്‍ഭാശയം നീക്കം ചെയ്യാനാണ് ഉപദേശിക്കുന്നത്. എന്നാല്‍ ഇതിലൂടെ മൂത്രാശയ പേശിക്ക് കൂടെ ബലം നഷ്ടപ്പെടുകയും അതുവഴി മൂത്രാശയം അതിന്റെ യഥാസ്ഥാനത്ത് നിന്ന് താഴോട്ടിറങ്ങുന്നു. അതിനാല്‍ ഗര്‍ഭാശയം നീക്കം ചെയ്യല്‍ ഒരിക്കലും ഒരു ശാശ്വത പരിഹാരമാര്‍ഗമല്ല ഇതുപോലെ തന്നെ മൂത്രാശയ താഴ്ചക്ക് നിര്‍ദ്ദേശിക്കുന്ന പെസ്സറീസ് അല്ലെങ്കില്‍ റിംഗ് ഉപയോഗിച്ച് മൂത്രാശയം യഥാസ്ഥാനത്ത് നിര്‍ത്തുന്ന മാര്‍ഗവും ശാശ്വതമല്ല. എന്നാല്‍ ആയുര്‍വേദത്തില്‍ ദോഷവശങ്ങള്‍ ഇല്ലാത്ത ഫലപ്രദമായ ചികിത്സ ഉണ്ട്. ഇതോടൊപ്പം ജീവിത ചര്യയില്‍ കുറച്ച് മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ പൂര്‍ണ്ണമായും ഈ അവസ്ഥ ഇല്ലാതാക്കാം. 10-15 ദിവസം ആശുപത്രികളില്‍ തന്നെ പരിപൂര്‍ണ്ണ വിശ്രമത്തോടെ കിടത്തി പ്രത്യേക മരുന്നുകള്‍ യോനിയിലേക്കും മൂത്രാശയത്തിലേക്കും ഗര്‍ഭാശയത്തിലേക്കും വെച്ചു ചികിത്സ ചെയ്ത് പൂര്‍ണ്ണമായും മാറ്റാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കുന്തിച്ചിരുന്നും, കുനിഞ്ഞ് നിന്നുമുള്ള ജോലി ചെയ്യാതിരിക്കുക, കഠിനമായ തുമ്മല്‍, ചുമ എന്നിവ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കുക (അടിവയറിലേക്കുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍), അമിത ഭാരം പൊക്കാതിരിക്കുക. മൂത്ര കടച്ചില്, മൂത്രചൂട്, മൂത്രപഴുപ്പ്/യു.റ്റി.ഐ ലക്ഷണങ്ങള്‍: മൂത്രം ഒഴിക്കുമ്പോള്‍, അസഹ്യമായ വേദന, പുകച്ചില്‍ അല്ലെങ്കില്‍ എരിച്ചില്‍, ഇടക്കിടെയുള്ള മൂത്രശങ്ക, നിറ വ്യത്യാസം, രക്തത്തോട് കൂടിയ മൂത്രം, വിറ അല്ലെങ്കില്‍ കുളിരോട് കൂടിയുള്ള രാത്രി പനി. വളരെ തിരക്കേറിയ ഈ കാലഘട്ടത്തില്‍ വെള്ളം കുടിക്കാന്‍ സമയമില്ലായ്ക അല്ലെങ്കില്‍ മടി, വൃത്തിഹീനമായ ശൗചാലയങ്ങളില്‍ മൂത്ര വിസര്‍ജനം നടത്താനുള്ള മടി പ്രത്യേകിച്ച് സ്കൂള്‍ കുട്ടികള്‍ക്ക്, പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന വലിയ മാറ്റം (ജീന്‍സ് പോലുള്ള ഇറുകിയ വസ്ത്രം) തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണം. ശ്രദ്ധിക്കേണ്ടത് വ്യക്തിപരമായ ശുചിത്വം & ലൈംഗികതയിലുള്ള ശുചിത്വം. ധാരാളമായി വെള്ളം കുടിക്കുക പഴം, പച്ചക്കറി ധാരാളം ഉപയോഗിക്കുക എരിവ്, പുളിവ്, ഇറച്ചി, മുട്ട, അച്ചാര്‍, തൈര്, എണ്ണ പലഹാരങ്ങള്‍ പാടെ ഒഴിവാക്കുക. പ്രധാനമായും ഈ പ്രകൃതക്കാര്‍ ശരീരം ചൂടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത്. ബാര്‍ലിവെള്ളം, കൂവപ്പൊടി കാച്ചിയത്, ഏലക്കാപൊടി ചേര്‍ത്ത ഇളനീര് ഒക്കെ കുടിക്കുന്നത് രോഗ ശമനത്തിന് നല്ലതാണ്. ഈ രോഗാവസ്ഥയിലും ആയുര്‍വേദം ആദ്യം അനുശാസിക്കുന്നത് ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും ഉള്ള വ്യത്യാസങ്ങളാണ്. ശരീരത്തെ തണുപ്പിക്കാനും പഴുപ്പിനെ ഇല്ലാതാക്കാനുമുള്ള ഒട്ടനവധി ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാണ.് ഇതോടൊപ്പം മുകളില്‍ പറഞ്ഞ ചര്യകളും പാലിക്കേണ്ടതാണ്. മൂത്ര പരിശോധന, സ്കാനിംഗ് എന്നിവ രോഗ നിര്‍ണ്ണയം എളുപ്പമാക്കുന്നു. വെള്ളപോക്ക് യോനിയിലൂടെ വെളുത്ത് കൊഴുത്ത ദ്രാവകം സ്രവിക്കുന്ന അവസ്ഥയാണ് വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്കം. ആര്‍ത്തവത്തോട് അനുബന്ധിച്ചും അണ്ഡോല്പ്പാദന സമയത്തും സ്ത്രീകളില്‍ ഇത് സാധാരണമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചൊറിച്ചില്‍, നിറവ്യത്യാസം (മഞ്ഞ, തൈര് പോലെ) ദുര്‍ഗന്ധത്തോട് കൂടി ഒക്കെ കാണുകയാണെങ്കിലേ ഇത് ഒരു രോഗാവസ്ഥയായി കണക്കാക്കേണ്ടതുള്ളൂ. അടുക്കളയില്‍ നിന്നേല്ക്കുന്ന ചൂട് അടിവയറില്‍ ആയതിനാല്‍ ശരീരത്തിന്റെ അമിതമായ ചൂട്, വ്യക്തി ശുചിത്വം ഇല്ലായ്ക, ആവശ്യാനുസരണം വെള്ളം കുടിക്കാതിരിക്കുക, എരിവ് പുളിവ് എന്നിവയുടെ അമിതോപയോഗം തുടങ്ങിയവ ഈ രോഗത്തിന് പ്രധാന കാരണങ്ങളാണ്. ക്ഷീണം, തളര്‍ച്ച, മെലിച്ചില്‍, ഉഷ്ണ സഞ്ചാരം, കാല് കുഴച്ചില്‍, വയര്‍ കാളിച്ച തുടങ്ങിയവ. ഇതിന് ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ വ്യക്തമായ ചികിത്സ കാണുന്നില്ല. രോഗാവസ്ഥ തന്നെ ടെക്സ്റ്റുകളില്‍ നാലു വരിയില്‍ ഒതുങ്ങുന്നു. ഒരുപക്ഷേ ഉഷ്ണമേഖലായ പ്രദേശങ്ങളില്‍ മാത്രം കാണുന്ന രോഗമായതുകൊണ്ട് പാശ്ചാത്യര്‍ ഇതു മനസിലാകാതെ പോയതാവാം കാരണം. അതൊരു രോഗമല്ല, ആരോഗ്യമുള്ള സ്ത്രീകളില്‍ കാണുന്നതാണ് എന്നാണ് അവര്‍ പറയാറുള്ളത്. അതുകൊണ്ട് തന്നെ ചികിത്സ വേണ്ടതില്ല എന്ന ഒരു ധാരണ സ്ത്രീകളില്‍ പടര്‍ന്നു. ആദ്യ കാലത്തു തന്നെ ചികിത്സിക്കാതെ രോഗം മൂര്‍ച്ഛിച്ച് അസാധ്യമായ അവസ്ഥയില്‍ എത്തിയ എത്രയോ രോഗികളെ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇതിനു 'അസ്ഥി ഉരുക്കം' എന്ന പേരുണ്ട്. ഇത് പലപ്പോഴും പരിഹാസത്തിനും കാരണമാകുന്നു. 'അസ്ഥി ഉരുകുകയോ? അതെന്താ മെഴുകാണോ?' എന്നൊക്കെ ആധുനിക ചികിത്സകര്‍ ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തില്‍ 'അസ്ഥി മജ്ജ' ഉരുക്കം തന്നെയാണ് ഇത്. ഇതില്‍ എല്ലിനുള്ളില്‍ കുത്തിപറിക്കുന്ന വേദനയുള്ളതായി പറയാറുണ്ട്.രക്തം ഉല്പാദിക്കുന്നത് മജ്ജയില്‍ നിന്നാണല്ലോ. ശരീരത്തിന്റെ അമിത ഉഷ്ണം കാരണം ചുവന്ന രക്താണുക്കള്ക്കൊപ്പം വെളുത്ത രക്താണുക്കള്‍ മജ്ജയില്‍ നിന്നും കലരുന്നു. ഈ അവസ്ഥയില്‍ രക്തപരിശോധന നടത്തിയാല്‍ ഡബ്ല്യൂ.ബി.സി/ശ്വേതരക്താണുക്കള്‍ കൂടുതലായി കാണാറുണ്ട്. ഇതു ശരീരം പുറം തള്ളുന്നത് മൂത്രത്തിലൂടെയാണ്. കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ ദ്രാവകം ആയതിനാല്‍ കുറേശ്ശെ ഒലിച്ചുകൊണ്ട് യോനിയിലൂടെ വരുന്നതാവാം. അതുകൊണ്ടായിരിക്കാം ശക്തമായ മൂത്രകടച്ചിലും ഉണ്ടാകുന്നത്. ഇതിന് ശരീരോഷ്ണം കുറക്കുന്ന വിവിധ തരം ഔഷധങ്ങളും, ശീതവീര്യമുള്ള ഔഷധങ്ങള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ കൊണ്ട് പിഴിച്ചില്‍ പോലുള്ള ചികിത്സയും ക്ഷാളനവും നടത്തിയാല്‍ വളരെ പെട്ടെന്ന് കുറയാറുണ്ട്. വേണ്ട സമയത്ത് ചികിത്സ നടത്താതിരുന്നാല്‍ ജീവഹാനിക്ക് വരെ സാധ്യതയുണ്ട്. വന്ധ്യത ഇന്നത്തെ ഏറ്റവും പ്രധാനമായ ചിന്താവിഷയം, വന്ധ്യത പൊതുവെ സ്ത്രീയ്ക്കും പുരുഷനു ഒരുപോലെ ബാധിക്കുന്ന ഒരു നിര്‍ഭാഗ്യമാണ്. എന്നാല്‍ സമൂഹം ഈ കുറവ് സ്ത്രീയുടെ മേല്‍ മാത്രം ആയി ആരോപിക്കപെടാറാണ് പതിവ്. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്കും ഒരുപോലെ പങ്കുണ്ട്. വന്ധ്യത-സ്ത്രീകളില്‍ കാരണങ്ങള്‍ അണ്ഡാശയത്തില്‍ ഉല്പ്പാദിക്കപ്പെടുന്ന അണ്ഡം വളര്‍ച്ച പ്രാപിച്ച് വേണ്ട സമയത്ത് അണ്ഡവാഹിനിയില്‍ എത്താത്ത അവസ്ഥ യോനീ ദോഷങ്ങള്‍ ആര്‍ത്തവ ദോഷങ്ങള്‍ അണ്ഡവാഹിനി കുഴലുകളിലെ അണുബാധ മുകളില്‍ പ്രതിപാദിച്ച പി സി ഒ എസ്, ഫൈബ്രോയ്ഡ്, അഡിനോമയോസിസ്, ഡി യു ബി, എന്റോ മെട്രിയോസിസ് ഹോര്‍മോണ്‍ തകരാറുകള്‍ കാരണങ്ങളില്‍ ചിലത് ആയുര്‍വേദത്തില്‍ സ്ത്രീരോഗങ്ങള്‍ക്ക് പൊതുവായ ചില കാരണങ്ങള്‍ പറയുന്നുണ്ട്.വീട്ടില്‍ നടക്കുന്ന പുണ്യകര്‍മ്മങ്ങളിലോ, അമ്പലത്തിലോ പള്ളികളിലോ നടക്കുന്ന കര്‍മ്മങ്ങളിലോ സംബന്ധിക്കാനാവാതെ വരുന്ന ആര്‍ത്തവ അശുദ്ധി തടയാനായി പലരും അതു നീട്ടിവെക്കാന്‍ മരുന്നുകള്‍ കഴിക്കാറുണ്ട്. ഇത് സ്വാഭാവികമായ പ്രക്രിയകളില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ ചില ഹോര്‍മോണ്‍ ഉല്പാദനത്തില് വ്യത്യാസമുണ്ടാവാം. അതു ഗര്‍ഭധാരണത്തെ നീട്ടിവെക്കാം. വേഗങ്ങളെ തടുക്കല്‍-വിശപ്പ്, ദാഹം, മൂത്രം, മലം, തുമ്മല്‍, ചുമ, എക്കിള്‍, ഛര്‍ദ്ദി, അധോവായു, കോട്ടവായ, കണ്ണുനീര് തുടങ്ങിയവയൊക്കെ വേഗങ്ങള്‍ എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഇവയെ ഉണ്ടാക്കരുത് അല്ലെങ്കില്‍ ഇവയെ തടയരുത് എന്നാണ് അനുശാസിക്കുന്നത്. ഓരോന്നിനും ഓരോതരം രോഗങ്ങളുണ്ടാവാന്‍ സാധ്യതയും പറയുന്നു.വന്ധ്യതയില്‍, കാരണം എന്താണ് എന്നു കണ്ടെത്തി അതിനെ ചികിത്സിച്ചു ഭേദമാക്കണം, അതുവഴി തന്നെ ഗര്‍ഭദാരണം സാധ്യമാകും. വിദ്യാര്‍ത്ഥികളും ജോലിക്കാരുമൊക്കെ വൃത്തിയുള്ള ശുചിമുറി കിട്ടാത്തതിനാല്‍ ഈ വേഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയാണ്. ഇതു വളരെ അപകടകരമായി വളര്‍ന്നു വരുന്നു. ഒപ്പം വെള്ളം കുടിക്കാന്‍ പേടിയും തോന്നാം, മൂത്രം തടഞ്ഞാല്‍ അത് ശരീര ഊഷ്മാവിനാല്‍ ആവി രൂപത്തില്‍ മുകളിലേക്ക് കയറി ഗര്‍ഭാശയത്തിലോ അണ്ഡവാഹിനി കുഴലുകളിലോ, അണ്ഡാശയത്തിലോ നീര്‍ക്കെട്ട് പോലെ വന്ന് നീര്ക്കുമിളകളാവുന്നു, ഇത് തുടര്‍ന്ന് സിസ്റ്റ് അല്ലെങ്കില്‍ ഫൈബ്രായ്ഡ് ആയി മാറുന്നു. ഒരു കണിക ശുദ്ധജലം ചിപ്പിക്കുള്ളില്‍ മുത്തായി മാറുന്നപോലെ അണ്ഡവാഹിനി കുഴലുകളില്‍ തടസമുണ്ടാക്കി അത് ഗുന്മന് എന്ന വായു ക്ഷോഭമുണ്ടാക്കുന്നു. അതുവഴി അണ്ഡത്തിന്റെ പ്രവാഹത്തിനു തടസമോ വൈകിക്കുകയോ ചെയ്ത് വന്ധ്യതയും ഉണ്ടാക്കുന്നു. സൗന്ദര്യ പ്രശ്നങ്ങള്‍ ഇന്ന് പണ്ടത്തേതിലേറെ സ്ത്രീകളും കുട്ടികളും ഒരുപോലെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ആകുലത പ്രകടിപ്പിക്കാറുണ്ട്. ഡയറ്റിങ്ങിന്റെ കാലമാണ് ഇന്ന്. താരന്, മുടികൊഴിച്ചില്‍, മുഖക്കുരു, കരിവാളിപ്പ്, കണ്ണുകള്‍ക്ക് അടിയിലെ കറുപ്പ്, പ്രസവാനന്തരം കാണുന്ന സ്ട്രെച്ച് മാര്‍ക്ക് ഇതിനൊക്കെ ആയുര്‍വേദത്തില്‍ പരിഹാരങ്ങളുണ്ട്. അതില്‍ മുഖലേപമായും , തലയില്‍ എണ്ണ പിടിപ്പിച്ച് ആവി കൊള്ളുന്നതും പോലുള്ള ചികിത്സാ രീതികളാണവ. ഇതോടൊപ്പം മുടിയഴകും, മിനിസവും വര്‍ദ്ധിപ്പിക്കാനും, ആരോഗ്യമുള്ള മുടിയും, മുഖകാന്തി-തിളക്കവും വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സാ രീതികളും ഉണ്ട് അനശ്വരസസ്യങ്ങള്‍ മനുഷ്യന് ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ നൈസര്‍ഗ്ഗികമായ നിരീക്ഷണ-ഗവേഷണ ങ്ങളിലൂടെയാണ് അവന്റെ ഭക്ഷ്യ സംസ് കൃതിക്ക് രൂപം കൊടുത്തത്. നിരവധി ജീവത്യാഗങ്ങളിലൂടെ അവന് ആഹാരവും ഔഷധങ്ങളും ജീവനെ ഹനിക്കുന്ന വിഷ വസ്തുക്കളും കണ്ടെത്തി. പ്രകൃതിയിലെ ജൈവ വൈവിദ്ധ്യങ്ങളുടെ ആന്തരിക ഘടനകളില്‍ നിന്നും നിലനില്പിന്റേയും അതിജീവനത്തിന്റെയും മൂലകബന്ധങ്ങള് അവന് കണ്ടെടുത്തു. പ്രകൃതിയില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ കഴിയുന്നതും അഭൂതപൂര്‍വ്വമായ രുചിയും ഔഷധ ഗുണവും അടങ്ങുന്നതും നൂറ്റാണ്ടുക ളായി അവനെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്നതു മായ അത്ഭുത ഭക്ഷ്യവസ്തുക്കളാണ് കൂണ് വര്‍ഗ്ഗങ്ങള്‍. പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അതുപോലെ തന്നെ നശിച്ചു പോകുന്നതുംകൊണ്ട് പ്രകൃതി യുടെ ഒരു 'മായാജാല'മായാണ് ആദിമ മനു ഷ്യന് കൂണുകളെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭക്ഷണത്തിനും മരുന്നിനും ഒരു പൊതുവായ ഉത്ഭവമുണ്ടെന്നും അത് കൂണാണെന്നും ചൈ നക്കാര്‍ പറയുന്നു. ഈജിപ്റ്റുക്കാര്ക്ക് കൂണ് ദേവന്മാരുടെ ആഹാരമാണ്. ഗ്രീക്കുകാരാകട്ടെ കൂണ് വര്‍ഗ്ഗങ്ങളുടെ വൈശിഷ്ട്യം യുദ്ധകാലങ്ങ ളില്‍ പടയാളികളുടെ കരുത്തും വീര്യവും കൂട്ടാന്‍ ഉപയോഗിച്ചിരുന്നു. ലോകത്തെ കണ്ടുപിടിക്കപ്പെട്ട പൗരാണിക സംസ്കൃതികളി ലൊക്കെ കൂണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈജിപ്റ്റില്‍ ഫറവോമാരുടെ രാജകീയ തീന് മേശകളിലെ വിശിഷ്ട വിഭവങ്ങളായിരുന്നു 'അനശ്വരസസ്യങ്ങള്‍' എന്ന് വിളിച്ചിരുന്ന കൂണ് വര്‍ഗ്ഗങ്ങള്‍, മാത്രമല്ല കൂണിന്റെ 'ദൈവീക ഗുണം' സാധാരണക്കാരിലേക്ക് എത്താതി രിക്കാന്‍ ജനങ്ങള്‍ കൂണ് കഴിക്കുന്നത് നിയമം മൂലം നിരോധിച്ചിരുന്നു. പുരാതന റോമാക്കാര്‍ 'രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്' വിഷക്കൂ ണുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചുരുക്കത്തില്‍ യവനചിന്തകരുടെ കോടതി മുറികളില്‍ പോലും കൂണിന്റെ ഔഷധ-പ്രതി ഔഷധ ഗുണങ്ങള്‍ സംവദിക്കപ്പെട്ടിരുന്നു. പൗരാണിക ഭാരതത്തിലെ മഹര്ഷിവര്യന്മാര് കൂണ് ഒരു വിശിഷ്ടഇലയായിട്ടാണ് കണ്ടി രുന്നത്. കേരളത്തിലെ പുരാതന ശവകൂടിര ങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുള്ള കൂണിന്റെ ആകൃതിയില്‍ കൊത്തിയുണ്ടാ ക്കിയ കല്ലുകള്‍ കൂണിന്റെ ഉപയോഗം പ്രാചീന കേരളത്തിലും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്. ലോകത്ത് അന്പതിനായിരത്തില് പരം കൂ ണിനങ്ങളെ ശാസ്ത്രീയമായി വര്‍ഗ്ഗീകരി ച്ചിട്ടുണ്ട്. ഇതില്‍ ഭക്ഷ്യയോഗ്യമായവ കേവലം ഇരുന്നൂറെണ്ണത്തോളമേ വരികയുള്ളൂ. ബാ ക്കിയുള്ളവ ഭക്ഷ്യയോഗ്യമല്ലാതത്തും മാര കവിഷങ്ങള് അടങ്ങിയതുമാണ്. ഭക്ഷ്യയോഗ്യമായ ഇരുപത്തഞ്ചോളം ഇനങ്ങള്‍ മാത്രമേ ലോകത്ത് വിവിധ സ്ഥലങ്ങളില്‍ (ഭൂരിഭാഗവും മിത ശീതോഷ്ണ മേഖലകളില്‍) വ്യാവസായികമായി കൃഷിചെയ്യുന്നുള്ളൂ. വയനാട് ജില്ലയിലെ കല്‍പ്പറ്റയിലുള്ള എം എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ 2004-ലെ ഒരു പഠന പ്രകാരം നാല്പതില് പരം ഭക്ഷ്യയോഗ്യമായ കൂണുകള്‍ വയനാട് ജില്ലയില്‍ നിന്നും കണ്ടെത്തുകയുണ്ടായി. ഇവ കൂടുതലായും ശേഖരിച്ച് ഉപയോഗിക്കുന്നത് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളായ കാട്ടുനായ്ക്കരും, പണിയരും, കുറുരും, കുറിച്ച്യരുമാണ്. തലമുറകളായി കൈമാറിവന്ന അറിവുകളാണ് ഇവര്‍ക്ക് ഭക്ഷ്യയോഗ്യമായതും അല്ലാത്തതു മായ കൂണ് വര്‍ഗ്ഗങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇവര്‍ സ്വന്തം ഭാഷകളില്‍ കൂണുകളെ പല പേരുകളില്‍ വിളിക്കുന്നു. കാട്ടുനായ്ക്കര്‍ കൂണിനെ 'അണവെ' എന്നു വിളിക്കുമ്പോള്‍, പണിയര്‍ 'കുമ്മന്‍' എന്ന് വിളിക്കുന്നു. കൂണ് ശേഖരി ക്കുന്നതിലും അത് പാകം ചെയ്യുന്നതിലും ഇവര്‍ക്ക് ഇവരുടേതായ പാരമ്പര്യ രീതികളുണ്ട്. കൂണ് തനതായ പരമ്പരാഗത രുചിക്കൂട്ടുകള്‍ ചേര്‍ത്ത് ചുട്ടുകഴിക്കുന്നത് ഒരു ഗോത്ര വര്ഗ്ഗരീതിയാണ്. തമിഴ്നാട്ടിലെ 'കാണി' വിഭാഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ ഏഴ് തരത്തില്‍പ്പെട്ട കാട്ടു കൂണുകള്‍ ഉപയോഗിച്ചു വരുന്നു. വെള്ളത്താഴന് കുമിള്‍, അരിക്കുമിള്‍, അപ്പുകുമിള്, മുരിക്കന്‍ കുമിള്‍, പുട്ട്റുകുമിള്, മോഴന് കുമിള്‍, കൊലാമങ് കുമിള്‍ തുടങ്ങിയവയാണ് അവ. അതുപോലെ ഇന്ത്യയിലെ വിവിധ ദളിത് വിഭാഗങ്ങളും തനതായ പാരമ്പര്യ രീതികളില്‍ കൂണുകളെ തിരിച്ചറിയാനും ശേഖരിക്കാനും അറിവ് സമ്പാദിച്ചവരാണ്. എന്നാല്‍ ജനറല്‍ കമ്യൂ ണിറ്റികള്ക്കാകട്ടെ പരമാവധി നാലിനം കൂണികളെ കുറിച്ച് മാത്രമേ അറിവുള്ളു. മഷ്റൂം എന്ന വാക്ക് ഉണ്ടാകുന്നത് ഫംഗൈ ആന്റ് മൊള്ഡ്സ് എന്ന ഫ്രഞ്ച് വാക്കുകളില്‍ നിന്നാണ്. അനുയോജ്യമായ കാലാവസ്ഥകളില്‍ നിന്നുമാത്രമെ പ്രകൃതിയില്‍ നിന്നും നമുക്ക് കൂണ് ലഭിക്കുകയുള്ളൂ. എല്ലാ കാലാവസ്ഥകളിലും ഒരുപോലെ കൂണ് ലഭിക്കണമെങ്കില്‍ അവ കൃഷി ചെയ്യുകയെ മാര്‍ഗ്ഗമുള്ളൂ. 1650 കളില്‍ ഫ്രാന്‍സിലാണ് ആദ്യമായി കൂണ് കൃഷി ചെയ്യുവാന്‍ ആരംഭിച്ചത്. പാരീസിലെ വിവിധ റസ്റ്റോറന്റുകളില്‍ ആദ്യമായി ഇത് വിളമ്പി. അത് പ്രചുരപ്രചാരം നേടുകയും 'പാരീസിയന് കൂണ്' എന്ന വിളിപ്പേരില്‍ അറിയപ്പെടുവാനും തുടങ്ങി. പിന്നീട് ചമ്പ്രി എന്ന ഫ്രഞ്ച് പൂന്തോട്ട നിര്‍മ്മാതാവ് തണുപ്പും ഈര്‍പ്പവു മുള്ള ഗുഹകളില്‍ കൂണ് വളര് ത്താമെന്ന് കണ്ടുപിടിക്കുകയും അങ്ങനെ പാരീസിലെ ഗുഹകളെ കേന്ദ്രീകരിച്ച് വന്‍ തോതിലുള്ള കൂണ്‍കൃഷി ആരംഭിക്കുകയും ചെയ്തു. ഏഷ്യയില്‍ ഏതാണ്ട് അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കൂണ് കൃഷിചെയ്തിരുന്നു എന്നു പറയപ്പെടുന്നുണ്ട്. യൂറോപ്പില്‍ 17-ാം നൂറ്റാണ്ടില്‍ തന്നെ വ്യാവസായികമായി കൂണ് ഉല്പാദനം തുടങ്ങിയിരുന്നെങ്കിലും പ്രഭുക്ക ന്മാരും സമ്പന്നരും മാത്രമേ കൂണ് കഴി ച്ചിരുന്നുള്ളു. നെതര്‍ലാന്‍ഡില്‍ 19-ാം നൂറ്റാണ്ടില്‍ ചുണ്ണാമ്പ് (കളിമണ്‍) ഖനികളില്‍ വന്‍തോതില്‍ കൂണ് ഉല്പാദനം ആരംഭി ക്കുകയും വിവിധ തരത്തിലുള്ള കൃഷിരീതികള്‍ വികസിപ്പിച്ച് കൊണ്ട് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ കൂണ് ഉല്പാദകരായി നെതര്‍ലാന്റ് മാറിയിരിക്കുകയാണ്. പ്രതിവര്‍ഷം 270 മില്യന്‍ കിലോഗ്രാം കൂണാണ് നെതര്‍ലാന്റില്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൂണ് ഉല്പാദിപ്പിക്കുന്നത് തായ് വാനും ചൈനയുമാണ്. പിന്നെയുള്ളത് യുഎസ്എ ആണ്. 1961-ലാണ് ഇന്ത്യയില്‍ കൂണ് കൃഷി ആരംഭിക്കുന്നത്. ഹിമാചല്‍ പ്രദേശിലാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കൂണ് ഉല്പാദനം നടക്കുന്നത്. ഹിമാചലിലെ 'സോളന്‍' എന്ന പ്രദേശം മഷ്റും സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. അവിടെയാണ് കൂണ് വര്‍ഗ്ഗങ്ങളെക്കുറിച്ചും കൂണ്‍കൃഷിയെക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് മഷ്റും റിസര്‍ച്ച് (ഡി എം ആര് സി) എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ വിവിധ കാര്‍ഷിക കോളേജുകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും ശാസ്ത്രീയമായി കൂണ് കൃഷി പരശീലിപ്പിക്കുന്നുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്ന കൂണ് ഇനങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാവസായികമായി ഉല്പാദിപ്പിക്കുന്നത് 'അഗാരിക്കസ് ബൈസ് പോറസ് ' എന്ന മൊട്ടക്കൂണ് ആണ്. ചിപ്പി ക്കൂണ്‍, കച്ചിക്കൂണ്‍, ലെന്റിനസ്, ഓറിക്കുലേറിയ എന്നീ ഇനങ്ങളും വ്യവസായികമായി കൃഷി ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത് മൊട്ടക്കൂണ്, ചിപ്പിക്കൂണ്‍, കച്ചിക്കൂണ്‍ തുടങ്ങിയവയാണ്. കേരളത്തില്‍ സീസണനുസരിച്ച് പാല്‍കൂണും, ചിപ്പിക്കൂണുമാണ് കൃഷി ചെയ്തുവരുന്നത്. കൂണ് ആഹാരം, ഔഷധം ചൈനക്കാരാണ് ലോകത്ത് ഏറ്റവും കൂടുതല്‍, കൂണില്‍ നിന്നും ഉണ്ടാക്കുന്ന ഉല്പന്നങ്ങളും മെഡിസിനും മാര്‍ക്കറ്റ് ചെയ്യുന്നത്. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയതാണ് ഓരോ കൂണ് വര്‍ഗ്ഗങ്ങളും. പ്രധാനമായും ബി1, ബി2, ബി12, സി, ഡി, ഇ തുടങ്ങിയ വൈറ്റമിനുകളുടെ ഒരു കലവറയാണ് കൂണുകള്‍. കൂണുകളില്‍ ചില ഘടകങ്ങള്‍ മികച്ച ആന്റി ഓക്സിഡന്റുകളായി ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കാന്‍സര്‍, പ്രമേഹം, അലര്‍ജി രോഗങ്ങള്‍, ത്വക്ക് രോഗം, പ്രതിരോധശേഷിയില്ലായ്മ, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൈറസ് രോഗങ്ങള്‍, ഫംഗല്‍ രോഗങ്ങള്‍, ബാക്ടീരിയല്‍ ഡിസീസസ്, രക്തദൂഷ്യം, ട്യൂമറുകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധങ്ങള്‍ കൂണുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്നു. കൂണ് തടങ്ങളില്‍ ഉണ്ടാവുന്ന മൈസീലിയത്തില് നിന്നും ധാരാളം ധാതുക്കളും, ഗ്ലൈക്കോനൈസ്, ഗ്ലൗക്കോസൈഡ്സ്, ആര്ക്കലോയിഡ്സ്, മൊളാറ്റില് ഓയില്‍സ്, ടെര്പ്പനോയ്ഡ്സ്, ടോക്കോഥെറോള്ഡ്, എന്‍സൈംസ്, അസ് കോള്ബിക് ആന്‍ഡ് ഓര്‍ഗാനിക് ആസിഡ് മുതലായവ ഉല്പാദിപ്പിക്കുന്നു. കൂണില്‍ മറ്റ് പഴ-പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമായി ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു, സെലീനിയം എന്ന ധാതു വളരെ കൂടുതല്‍ കാണപ്പെടുന്ന ഒരു ഭക്ഷ്യവസ്തു കൂണാണ്. ഇത് കരളിലെ എന്‍സൈം ഉല്പാദനത്തെ സഹായിക്കുന്നു. കാന്‍സറിനു കാരണമായ ചില സംയുക്തങ്ങളെ നിര്‍വീര്യമാക്കുന്നു. സെലീനിയം ഇന്ഫഌമേഷനെ തടഞ്ഞ് ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. കൂണിലെ വിറ്റാമിന്‍ ഡി യുടെ സാന്നിദ്ധ്യം കാന്‍സര്‍ കോശങ്ങളുടെ ഗ്രോത്ത് സര്‍ക്കിളിനെ തടയുകയും ചെയ്യുന്നു. കൂണില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റുകള്‍ ഡി എന്‍ എയില്‍ വരുന്ന വ്യതിയാനങ്ങളെ നിയന്ത്രിക്കുകയും കാന്‍സര്‍ കോശങ്ങ ളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. സ്തനാര്‍ബുദം പ്രോസ്റ്ററേറ്റ് കാന്‍സര്‍ മുത ലായവക്കും കൂണ് ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദ മാക്കാനാവില്ല. അത് ശരീരത്തില്‍ വരുന്ന സ്ഥിരമായ ഒരു മാറ്റമാണ്. പക്ഷേ സ്ഥിരമായ കൂണിന്റെ ഉപയോഗം പ്രമേഹം കുറച്ച് നോര്‍മ്മലായി നിലനിറുത്തുവാന്‍ സഹാ യിക്കും. കൂണിലുള്ള ധാരാളം ഫൈബറുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിലനിറു ത്താന് സഹായിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റിന്റെ വളരെ കുറഞ്ഞ കൊഴുപ്പാണ് കൂണില്‍ അടങ്ങിയിരിക്കുന്നത്. കൊളസ്ട്രോള്‍ വളരെ കുറഞ്ഞ ഫാറ്റ് ആണ് കൂണിലേത്. കൊളസ്ട്രോളിലുള്ള എല്‍ ഡി എല്‍-എച്ച് ഡി എല്‍ (നല്ല കൊളസ്ട്രോള്‍) ഘടകങ്ങളുടെ തുലനാവസ്ഥ നിലനിറുത്തി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ അസ്ഥിരോഗങ്ങള്‍, വിറ്റാമിന്‍ ഡിയുടെ കുറവുമൂലമുണ്ടാകുന്ന മറ്റ് രോഗ ങ്ങള്, മെലിച്ചില്‍, തുടങ്ങിയവക്ക് കൂണ് ഒരു പരിഹാരമാണ്. സെലീനിയം കൂടാതെ പൊട്ടാസ്യം, കോപ്പര്‍, അയണ്‍, ഫോസ്ഫറസ്, മുതലായ ധാതുക്കളും കൂണില്‍ അടങ്ങിയിരിക്കുന്നു. കൂണ് കോശ ഭിത്തികളിലുള്ള ബീറ്റ ഗ്ലൂക്കോണ്‍സ് ഇന്‍സു ലിന് പ്രതിരോധത്തിനും, രക്തത്തിലെ കൊള സ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂണുകളിലെ കൊളൈന്‍ എന്ന ന്യൂട്രിയന്റ് ഉറക്കത്തിന് സഹായിക്കുന്ന പേശീചലനത്തെ സ്വാധീനിക്കുന്നതുകൊണ്ട് ഉറക്കമില്ലായ്മയെ ചെറുക്കുന്നു. അതുപോലെ തന്നെ ഓര്‍മ്മ ശക്തിയേയും പഠന ശേഷിയെയും ഉദ്ദീപി പ്പിക്കുകയും നാഡി ചലനങ്ങളെ ത്വരിതപ്പെ ടുത്തി ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് സാധാരണക്കാരന്റെ വീടുകളിലേക്കും കൂണുകളുടെ വൈശിഷ്ട്യം എത്താന്‍ തുടങ്ങിയിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും 50-60 രൂപക്ക് 200 ഗ്രാം കൂണ് പായ്ക്കറ്റ് വീട്ടില്‍ എത്തുമ്പോള്‍ താഴെ കാണുന്ന പട്ടികയിലുള്ള പോഷക ഘടകങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇന്ന് സാധാരണക്കാരന്റെ വീടുകളിലേക്കും കൂണുകളുടെ വൈശിഷ്ട്യം എത്താന്‍ തുടങ്ങിയിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും 50-60 രൂപക്ക് 200 ഗ്രാം കൂണ് പായ്ക്കറ്റ് വീട്ടില്‍ എത്തുമ്പോള്‍ താഴെ കാണുന്ന പട്ടികയിലുള്ള പോഷക ഘടകങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നു. 200 ഗ്രാം കൂണ് തയാമിന്‍ - 1.00 mg റൈസോഫ്ളേവിന് - 1.00 mg നയാസിന് - 21.80 mg കാത്സ്യം - 6.60 mg ഫോസ്ഫേറ്റ് - 289.60 mg സോഡിയം - 167.40 mg പൊട്ടാസ്യം - 758.60 mg ലൂസിന് - 9.88 mg ഐസോലസിന് - 6.26 mg ഫാലൈന് - 7.54 mg ട്രിഫ്റ്റോഫാന്‍ - 1.60 mg ലൈസീന്‍ - 7.95 mg ക്രിയോനൈന് - 7.06 mg ഫീനൈല്‍ അലാസിന്‍ - 7.88 mg മൈത്തിയോനൈന് - 2.62 mg ഫൈബര്‍ - 1.10% പ്രോട്ടീന്‍ - 2.90% കലോറി - 33.90% കൂടാതെ, വൈറ്റമിന്‍ സി, വിറ്റാമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും കൂണ്വാങ്ങുമ്പോള് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വിളവെടുപ്പിനു ശേഷം 15-16 മണിക്കൂര്‍ കഴിഞ്ഞ കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല. രാവിലെ 5 മണിക്ക് വിളവെടുക്കുന്ന കൂണ് രാത്രി 8 മണിക്ക് മുമ്പ് പാകം ചെണ്ടതാണ്. ഡെങ്കിയും പപ്പായയും ഈഡിസ് ഈജിപ്തി എന്ന പേരില്‍ അറിയപ്പെടുന്ന കൊതുകിലൂടെ പകരുന്ന ഫഌവിറിഡേ കുടുംബത്തില്‍പ്പെട്ട വൈറസു കളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. നാല് സീറോടൈപ്പ് വൈറസുകളാണ് കണ്ടുവരുന്നത്. ആധുനിക യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈറല്‍ രോഗങ്ങളില്‍ ഒന്നായി ഈ രോഗത്തെ കരുതുന്നു. ഏകദേശം 50നും 100നും ഇടക്ക് മില്ല്യണ്‍ ആളുകള്‍ക്ക് പ്രതിവര്‍ഷം ഈ രോഗം പിടിപെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയതുകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ ഈ രോഗം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ ഏതാണ്ട് 5 ലക്ഷം പേര്‍ക്ക് ഡെങ്കി രക്തസ്രാവം പനിയോടൊപ്പം ഉണ്ടാകുന്നു. വൈറസുകള്‍ ബാധിച്ച കൊതുക് കടിക്കുന്നവരിലാണ് രോഗം ഉണ്ടാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ (5-7 ദിവസം) രോഗലക്ഷണങ്ങള്‍ ആരംഭിക്കും. ശക്തമായ പനി, തൊലിപ്പുറമെ തടിപ്പുകള്‍, തലവേദന (ഡെങ്കിട്രയാഡ്) ഇവയാണ് മൂന്ന് പ്രധാന ലക്ഷണങ്ങള്‍. സന്ധികള്‍ തോറും വേദന, പേശികളില്‍ വേദന, മനംപുരട്ടല്‍. ഛര്‍ദ്ദി, കണ്ണില്‍ വേദന മുതലായ മറ്റു ലക്ഷണങ്ങളും രോഗിയില്‍ പ്രകടമാവാറുണ്ട്. ബഹുഭൂരിപക്ഷം പേരിലും ഈ രോഗം മാരകമാകാറില്ല. ആസ്പിരിന്‍, ബ്രുഫന്‍, നോണ്‍ സ്റ്റീറോയിഡ് ആജി ഇന്‍ ഫഌമ്മേറ്ററി ഡ്രഗ്സ് (എന്‍ എസ് എ ഐ ഡി എസ്), ആന്റി ബയോട്ടിക്കുകള്‍, സ്റ്റീറോയിഡ് ഇവയുടെ ഉപയോഗം രോഗത്തെ കുറയ്ക്കുകയില്ല എന്നു മാത്രമല്ല, സങ്കീര് ണ്ണമാക്കുകയും ചെയ്യും. ഇവ ഉപയോഗിച്ചാല്‍ ആമാശയ വീക്കവും രക്തസ്രാവവും ഉണ്ടാ കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. പാരസെറ്റമോളിന്റെ അമിത ഉപയോഗവും രോഗത്തെ അപകടകരമായ ദിശയിലേയ്ക്ക് നയിക്കും. സതോസ്ക്കറിന്റെ ഫാര്‍മക്കോളജി ബുക്കില്‍ പാരസെറ്റമോളിനെക്കുറിച്ചിപ്രകാരമാണ് പറുന്നത്. "Large dozes (7to10gms) of paracetamol produces extensive hepato cellular damege and renal tubular necrosis and may cause death. Paracetamol may cause fever, neutropenia, thrombo-cytopenia (പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്ന അവസ്ഥ) nephropathy and skin reations'' പാരസെറ്റമോളിന്റെ ഉപയോഗം കരളിനും, വൃക്കകള്‍ക്കും പ്ലേറ്റലെറ്റുകള്ക്കും നാശം ഉണ്ടാക്കുന്നുവെന്ന് സാരം. പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുവാന്‍ പ്രധാനമായി മൂന്ന് കാരണങ്ങള്‍ പറയുന്നു. ഒന്ന് കരളിന് തകരാര്‍ സംഭവിയ്ക്കുമ്പോള്‍ ത്രോംബോപൊയിറ്റി ന്റെ ഉല്പാദനം കുറയുന്നതുകൊണ്ട്. രണ്ട്, വൈറല്‍/ബാക്ടീരിയല്‍ ഇന്ഫക്ഷന് കൊണ്ട്. മൂന്ന്, ഡെങ്കിപ്പനി കൊണ്ട്, ഡങ്കിപ്പനിയാല് സ്വതവേ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞു പോകുന്ന അവസ്ഥയില്‍ പാരസെറ്റമോള്‍ കൂടി കഴിക്കുമ്പോള്‍, അതിന്റെ പ്രതിപ്രവര്‍ത്തന ഫലമായി പെട്ടെന്ന് രോഗിയുടെ പ്ലേറ്റ്ലെറ്റുകള് ക്രമാതീതമായി കുറയും. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുമ്പോള്‍ കരളിനും സ്പ്ലീനും വീണ്ടും വീക്കമുണ്ടാവുകയും തല്‍ഫലമായി ഫോളേറ്റിന്റെ അളവ് കുറയുകയും രക്തവാര്‍ച്ച ഉണ്ടാവുകയും ചെയ്യും. ഈ ചാക്രിക പ്രവര്‍ത്തനം രോഗിയെ അപകടാവസ്ഥയിലേക്ക് എത്തിക്കും. ഈ അവസ്ഥയില്‍ പ്രകൃതിജന്യമായ ഫോളേ റ്റുകള്‍ നല്‍കുന്നത് രോഗത്തിന്റെ സങ്കീര്‍ണ്ണതയെ തടയും. ഫോളേറ്റ്, വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍ എന്നിവയുടെ സമൃദ്ധമായ കലവറയാണ് പപ്പായ. ഒരു ശരാശരി പപ്പായയില്‍ 800 ഗ്രാം പൊട്ടാസ്യം ഉണ്ട്. പപ്പായയിലുള്ള 'പാപ്പായിന്‍' എന്ന ദഹന രസം പെപ്പറ്റിന് എന്ന ദഹനരസത്തിന് സമാനമാണ്. പ്രോട്ടീനുകളെ വികേന്ദ്രീകരിക്കുവാന്‍ കഴിവുള്ളതിനാല്‍ ഇറച്ചി പാകം ചെയ്യുമ്പോള്‍ ഒരു കഷണം പപ്പായ ഇട്ടാല്‍ ഇറച്ചിക്ക് മാര്‍ദ്ദവം ലഭിക്കും. പൊട്ടിയ ഡിസ്കുകളെ യോജിപ്പിക്കുവാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മജ്ജയില്‍ ഗുണപരമായ മാറ്റം വരുത്തുവാന്‍ പപ്പായയ്ക്കുള്ള കഴിവി നെയാണിത് സൂചിപ്പിക്കുന്നത്. പപ്പായയിലെ ഫോളേറ്റുകള്‍ അസ്ഥിമജ്ജകളില്‍ ധാരാളം ഫോളേറ്റുകള്‍ അധികമായി ഉല്പാദിപ്പിക്കും. നല്ല ഒരു ആന്റി ഓക്സിഡന്റ് ആയതിനാല്‍ ശരീരത്തിലെ ഫ്രീറാഡിക്കലുകളുടെ നാശത്തെ തടുക്കുവാനും സെല്ലുകളുടെ നാശത്തെ പ്രതിരോധിക്കുവാനും കഴിവുണ്ട്. പപ്പായ ഇലയുടെ ചാറ് ഡങ്കിപ്പനിയ്ക്ക് ഔഷധമായി ഉപയോഗിയ്ക്കാമെന്ന് കേരളത്തില്‍ അടുത്തകാലത്ത് പ്രചരിക്കുകയുണ്ടായി. പലരും ഇതുപയോഗിച്ച് നോക്കി. ഫലപ്രദമാണെന്ന് ചില ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇത് കേവലം മിഥ്യാധാരണയാണെന്ന നിഗമനത്തില്‍ ചില മെഡിക്കല്‍ സംഘടനാവ ക്താക്കള്‍ രംഗത്തിറങ്ങി. അവരുടെ ഭാഷയില്‍ 'സംശയാതീതമായി തെളിയിക്കപ്പെടാത്ത മരുന്നുകള്‍ രോഗികള്‍ക്ക് നല്കുന്ന ഡോക്ട ര്മാര്' വൈദ്യശാസ്ത്രത്തിന്റെ വൈതികതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്ന് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ 2011 ഏപ്രിലിലെ ഏഷ്യന്‍ പസഫിക് ജേണലില്‍ ഓഫ് ട്രോപ്പിക്കല്‍ ബയോമെഡി സിനില്‍ അഞ്ചോളം ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പപ്പായ ഇലയുടെ ചാറ് ഡെങ്കിപ്പനിക്ക് ഫലപ്രദമായ ഔഷധമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അനു ബന്ധമായ ഒരു കേസ് റിപ്പോര്‍ട്ടും രേഖ പ്പെടുത്തുന്നു. 45 വയസ്സുള്ള ട്രക്ക് ഡ്രൈവര്‍ 104oF പനിയും ശ്വാസം മുട്ടലും ശക്തമായ ഛര്‍ദ്ദിയും, തൊലിക്ക് ചുവന്ന തടിപ്പും, വിറയലും, പേശീവേദനയും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി പേഷവാറിലെ പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ (ലേഡി റീഡിംഗ് ഹോസ്പിറ്റല്‍) എത്തി. മണിക്കൂറുകള്‍ കഴിയുംതോറും രോഗ തീവ്രത കൂടിക്കൊണ്ടിരുന്നു. പരിശോധനയില്‍ ഡെങ്കി പ്പനി സ്ഥിരീകരിച്ചു. പ്ലേറ്റ്ലെറ്റ് കൗണ്ട് 176x103/ml ല്‍ നിന്ന് അഞ്ചാം ദിവസം 55x103/ml ലേക്ക് താഴ്ന്നു. ആന്റി ബയോ ട്ടിക്കുകളും ആന്റി മലേറിയന്‍ ഡ്രഗുകളുമായി രുന്നു നല്‍കിയിരുന്നത്. മരുന്നുകള്‍ ഫലപ്രദമായി അനുഭവപ്പെട്ടില്ല. ഒരു പ്രതീക്ഷക്കും വക നല്കുന്നതായിരുന്നില്ല രോഗിയുടെ അപ്പോഴത്തെ അവസ്ഥ. അസം യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ബയോളജിക്കല്‍ സയന്‍സ് ഉള്‍പ്പെടെ നാലോളം സ്ഥാപനങ്ങള്‍ പപ്പായയെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഒടുവില്‍, പപ്പായയുടെ ഇല കഴുകി വൃത്തിയാക്കി 25ml ജൂസ് എടുത്ത് അല്പം സൂക്രോസും ചേര്‍ത്ത് 2 നേരം 5 ദിവസം നല്കുവാന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 24 മണിക്കൂര്‍ കൂടുമ്പോള്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് ടെസ്റ്റ് ചെയ്തു. ഓരോ ദിവസവും കൗണ്ട് ഉയര്‍ന്നു വരുന്നതായി കണ്ടു. പ്ലേറ്റ്ലെറ്റ് നില: ഒന്നാം ദിവസം 73x103/ml, രണ്ടാം ദിവസം 120x103/ml, മൂന്നാം ദിവസം 137x103/ml, നാലാം ദിവസം 159x103/ml, അഞ്ചാം ദിവസം കൗണ്ട് 168x103ml ലേക്ക് തിരിച്ചു കയറി വരുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു. പപ്പായയില്‍ കൈമോപപ്പയിന്, പപ്പയിന്‍ എന്നീ ജൈവ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മേല്‍പ്പറഞ്ഞവ രണ്ടും ദഹന തകരാറു കള്ക്കുപയോഗിക്കുന്നതാണ്. ലിപേസ്, ഹൈഡ്രോലേസ് എന്നിവയും പപ്പായയിന് അടങ്ങിയിരിക്കുന്നതിനാല്‍ 'ബയോ കാറ്റലിസ്റ്റ്' ആയി പപ്പായയെ വിശേഷിപ്പിക്കാം. പപ്പായയുടെ കറ ദഹനക്കുറവിനുപയോഗിക്കാം. പൊള്ളലിന് പുരട്ടാം. പഴവും കുരുവും അമീമിയാസിസിനും, വിര കൃമി ഉപദ്രവങ്ങള്‍ക്കും പ്രയോജനപ്രദ മാണ്. പകുതി പഴുത്ത പപ്പായ ഗര്‍ഭിണികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ചിലപ്പോള്‍ ഗര്‍ഭം അലസലിന് സാധ്യ തയുണ്ട്. പഴുത്ത പപ്പായയ്ക്ക് ഈ പ്രശ്നമില്ല. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. ആന്റി മൈക്രോബിയല്‍, ആന്റ് ഹെല്മെന്റിക് (കൃമിനാശിനി), ആന്റി മലേറിയല്‍, ആന്റി ഫംഗല്‍, ആന്റി അമീബിക്, ഹെപ്പാറ്റോ പ്രൊട്ടക്ടീവ്, ആന്റി ഫെര്‍ട്ടിലിറ്റി, ഇമ്മ്യൂണോ മോഡുലേറ്ററി എന്നീ ഗുണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കരിനൊച്ചിയില കണ്ടകാരി ഉലുവ എന്നീ ആയുര്‍വേദ ഔഷധങ്ങള്‍ക്കും ഇപ്രകാരം ഡെങ്കിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ കഴിവുണ്ട് എന്നു പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പാകിസ്ഥാന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഗവേഷണങ്ങളില്‍ പങ്കാളിത്വം വഹിച്ചു. അരിയാഹാരം ഔഷധവുമാവുമ്പോള്‍ മനുഷ്യകുലത്തില്‍ പകുതിപ്പേരെയും തീറ്റി േപ്പാറ്റുന്ന അരി ഇന്ത്യയില്‍ ആഹാരമായതിന് ബി.സി. ഒമ്പതിനായിരം വരെ വാര്ഷികപ്പഴക്കമുണ്ട്. ഇന്ത്യയിലോ ഇന്ഡോചൈനയിലോ ആണ് നെല്ല് ഉരുവപ്പെട്ടുവന്നതെന്നാണ് കരുതുന്നത്. നെല്ലിന്റെ ജനുസായ 'ഒറൈസ'യുടെ നിരവധി വന്യസ്പീഷിസുകളും ആയിരക്കണക്കിനുവര്‍ഷങ്ങള്‍ കൊണ്ട് കര്‍ഷകര്‍ ഉരുത്തിരിച്ചെടുത്ത ലക്ഷ ക്കണക്കിനു നാട്ടിനങ്ങളും ഭാരതത്തിന്റെ 'അരിശ്രീ' വ്യക്തമാക്കുന്നു. അറുപതു ദിവസം മുതല്‍ മുന്നൂറു ദിവസം വരെ വിളവുകാല മുള്ള നെല്ലിനങ്ങള്‍ ഉണ്ട്. ഇളംപച്ച മുതല്‍ കടുംപര്‍പ്പിള്‍ വരെ നിറവ്യത്യാസമുള്ളവയുണ്ട് ഇക്കൂട്ടത്തില്‍. നാലു മില്ലിമീറ്റര്‍ വരുന്ന നമ്മുടെ 'ചോമന്' മണികള്‍ തൊട്ട് ഒന്നര സെന്റീമീറ്റര്‍ ധാന്യവലിപ്പമുള്ള ചത്തീസ്ഗഢിലെ ഡോക്രാ-ഡോഗ്രി വരെയുള്ള വ്യത്യസ്ത ധാന്യമുഴുപ്പുള്ളവയുണ്ട്. വ്യത്യസ്ത കാലങ്ങ ളിലും മലമുടി മുതല്‍ കായല്‍പ്പാടങ്ങള്‍ വരെ നീളുന്ന വൈവിധ്യമുള്ള ആവാസസ്ഥാനങ്ങളിലും വളരുന്നവയുണ്ട്. രാമിഗാലിയും എറുകനും പോലുള്ള ചിറകുള്ള വിത്തുകളുണ്ട്. ഹരിതവിപ്ലവത്തിന്റെ കുത്തൊഴുക്കിലും മണ്ണിലും നാട്ടുവിത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുപോകാത്ത അപൂര്‍വം ഇന്ത്യന്‍ കര്‍ഷകരുടെ ആത്മധൈര്യം കൊണ്ടു മാത്രം ഇവയില്‍ ചിലതെങ്കിലും വിത്തുകുത്തിപ്പോവാതെ നിലനില്ക്കുന്നു; മനുഷ്യരാശിയുടെ തന്നെ നിലനില്പിന്റെ അവസാനപിടിവിത്തായി. ഹരിതവിപ്ലവത്തിനും മുമ്പ് ഒരു ലക്ഷ ത്തിലേറെയുണ്ടായിരുന്ന ഇന്ത്യന്‍ നെല്‍വി ത്തിനങ്ങളില് നിന്നും അരിയാഹാരംതന്നെ ഔഷധമാക്കിയ ഗ്രാമീണകര്‍ഷകര്‍ ചരതിച്ചു വെച്ച ഇന്നവശേഷിക്കുന്ന ഏഴായിരത്തോളം വരുന്ന വിത്തുകളില്‍ പലതും ഔഷധശേഷികൊണ്ട് പ്രസിദ്ധമാണ്. പ്ലീഹാവൃദ്ധി, വയറിളക്കം, പക്ഷാഘാതം, ത്വഗ് രോഗങ്ങള്‍ തുടങ്ങി നിരവധി രോഗാവസ്ഥകളില്‍ അരി ആഹാര ത്തിലുപരി ഔഷധമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈറ്റമിന്‍ ബി സമ്പുഷ്ടമായ തവിടാകട്ടെ 'ബെറിബെറി''ക്ക് ഔഷധമാണ്. ഫിറ്റേറ്റ്സും ഫിറ്റിക് ആസിഡും അടങ്ങിയതിനാല്‍ തവിട് വൃക്കയിലെ കല്ല് കളയുന്നു. നാരടങ്ങിയ ഭക്ഷണമായതിനാല്‍ ക്യാന്‍സര്‍ പ്രതിരോധശേഷിയുണ്ട്. സോഡിയം കുറഞ്ഞ ഭക്ഷണമായതിനാല്‍ രക്തസമ്മര്ദ്ദരോഗികള്ക്കും പഥ്യമാണ്. എട്ട് അമിനോ അമ്ലങ്ങളും അടങ്ങിയ സമ്പൂര്‍ണ പ്രോട്ടീനാണ് അരിയിലേത്. അന്നകുല്യയിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന സ്ഥിരാന്നജമടങ്ങിയതാണ് അരിയാഹാരം. കൊഴുപ്പും കൊളസ്ട്രോളും ഉപ്പും ഇല്ലാത്തതാണ് അരിഭക്ഷണം. ചുവന്നരിയുടെ പഴങ്കഞ്ഞിക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള അപാര ശേഷിയുണ്ടെന്നാണ് അനുഭവസാക്ഷ്യം. പശ്ചിമബംഗാളിലെ ഗരീബ്സാല് എന്ന നെല്‍വിത്തിന് മണ്ണില്‍ നിന്ന് നേരിട്ട് വെള്ളി ആഗിരണം ചെയ്യുന്നതിന് ശേഷിയുണ്ടെന്നാണ് നാടന്വിത്തുസംരക്ഷകനായ ശാസ്ത്രജ്ഞന് രബല്ദേബിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയത്. കുടലിലെ രോഗകാരികളായ സൂക്ഷ്മാണുക്കളെ കൊല്ലാനുള്ള അപകടരഹിതമായ വഴിയാണ് ഈ അരി ഭക്ഷണം. ഒരു ശൂകധാന്യമാണ് - കതിരില്‍ വിളയുന്നതാണ് നെല്ല്. ശാലിയെന്നും വ്രീഹിയെന്നും രണ്ടുതരത്തിലാണ് നെല്ലിനെ ആയുര്‍വേദം തരംതിരിച്ചിരിക്കുന്നത്. കുത്താതിരിക്കുമ്പോള് വെള്ള നിറമുള്ളതും ഹേമന്തത്തില്‍ (വൃശ്ചികം-ധനു) വിളയുന്നതുമാണ് ശാലികള്‍ എന്ന് ശാലി ഗ്രാമനിഘണ്ടു പറയുന്നു. നെല്ലായിരിക്കുമ്പോള് സാമാന്യേന ചുവപ്പുനിറവും ഉമിനീക്കിയാല് വെളുപ്പു നിറമുള്ളതുമാണ് ശാലികള്‍ എന്നാണ് മറ്റൊരു മതം. കൊല്ലത്തില്‍ ഒരു വിളവെടുക്കുന്നതും കുത്തിയാല്‍ വെളുത്ത നിറമുള്ളതുമാണ് വ്രീഹികള് എന്നാണ് ശാലിഗ്രാമനിഘണ്ടുവിലെ വ്രീഹീ ലക്ഷണം. ചുവന്ന തവിടുള്ളതും കുത്തിയാല്‍ പച്ചരിയോളം വെളുപ്പില്ലാത്തതുമായ നാനാ വര്‍ണങ്ങളിലുള്ള നെല്ലാണ് വ്രീഹികള് എന്നാണ് മറ്റൊരു വ്രീഹിനിര്വചനം. മലയാളത്തിലെ നെല്ലിന് തരങ്ങളെ സംബന്ധിച്ച് രണ്ടാമത്തെ ലക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ സാംഗത്യം. അതു പ്രകാരം മട്ടയരിയെ വ്രീഹിയെന്നും വെള്ളയരിയെ ശാലിയെന്നും പൊതുവെ വ്യവഹരിക്കാം. രക്ത, മഹാന്, കളമം, ശകുനാഹൃതം, പതംഗം, തപനീയം തുടങ്ങി നിരവധി ശാലീവര്ഗനെല്ലിനങ്ങളെപ്പറ്റി അഷ്ടാംഗഹൃദയകാരന്‍ പറയുന്നുണ്ട്. രസപാ കങ്ങളില്‍ മധുരവും, സ്നിഗ്ദവും വൃഷ്യവും ചവര്‍പ്പ് അനുരസമായിട്ടുള്ളതും മലം കുറയ്ക്കുന്നതും ശീതളവും മൂത്രവര്ധകവുമാണ് ശാലീ നെല്ലുകള്‍. വ്രീഹികളേക്കാള് ശാലികള്‍ക്കാണ് ആയുര്‍വേദം ശ്രേഷ്ഠത കല്പിച്ചിരിക്കുന്നതെങ്കിലും വ്രീഹി കളാണ് കേരളത്തില്‍ കൂടുതല്‍ കൃഷിചെയ്തു വരുന്നത്. ശാലി എന്ന സംസ്കൃത പദത്തിന് 'ചെന്നെല്ല്'' എന്ന ഭാഷയാണ് മലയാളത്തിലെ ഔഷധനിഘണ്ടുക്കാരന്മാര് നല്‍കിയിരിക്കുന്നത്. ചെന്നെല്ല് എന്ന് വ്യവഹരിക്കപ്പെടുന്ന കേരളത്തിലെ പത്തോളം ഇനങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനും മട്ട യരിയാണുതാനും. പെരിഞ്ചെന്നെല്ല്, രക്തശാലി, പൊന്‍ വര്ണ്ണച്ചെന്നെല്ല് കളമപ്പാരിച്ചെന്നെല്ല്, കിളികോരി ച്ചെന്നെല്ല് തുടങ്ങി വിവിധ ശാലിയിനങ്ങളെ ക്കുറിച്ച് തയ്യില്‍ കുമാരന് കൃഷ്ണനും കാണി പ്പയ്യൂരുമൊക്കെ രചിച്ച നിഘണ്ടുക്കളില്‍ പറയുന്നുണ്ട്. ഇവയൊക്കെ അടിസ്ഥാന ആ യുര്വേദഗ്രന്ഥങ്ങളിലെ സംസ്കൃതനാമങ്ങളെ പരിഭാഷപ്പെടുത്തിയുണ്ടാക്കിയ ദ്രവ്യനാമങ്ങള്‍ മാത്രമാണ്. മഹാന്, രക്ത, തപനീയ, കളമം, ശകുനാഹൃതം തുടങ്ങിയ സംസ്കൃതനാമങ്ങളെ സരസാ ഗ്രണികളായ വ്യാഖ്യാതാക്കളും നിഘണ്ടുകാരന്മാരും ഭാഷാന്തരീകരിച്ചുണ്ടാക്കിയ ഈ പേരുകളൊന്നും കേരളത്തിലെ കൃഷിചരിത്രത്തില് സ്ഥാനം പിടിച്ചിട്ടില്ലെന്ന് വി.എം. കുട്ടികൃഷ്ണമേനോന് തന്റെ പ്രസിദ്ധമായ അഷ്ഠാംഗഹൃദയ വ്യാഖ്യാനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ചുവന്ന ചെന്നെല്ല്, വെളുത്തചെന്നെല്ല്, മാലച്ചെന്നെല്ല് (കണ്ണൂര്‍) വലിയചെന്നെല്ല് (വയനാട്) മോടന്‍ ചെന്നെല്ല് (പാലക്കാട്) പൊനംചെന്നെല്ല് (വടക്കന്‍ മലയോരം) തുടങ്ങിയ ചെന്നെല്ലിനങ്ങള് ചെന്നെല്ലെന്ന പേരില്‍ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. 'രക്തശാലി' എന്ന പേരില്‍ തന്നെ ഒരു നെല്‍വിത്ത് ഇന്ന് കേരളത്തില്‍ വിപുലമായി കൃഷിചെയ്തു തുടങ്ങിയിട്ടുണ്ട്. വിത്തിന്റെ നിറമല്ല ഞാറിന്റെ മുട്ടിന്റെ നിറമാണ് ചെന്നെല്ലിനെ വെളുപ്പ്, ചുവപ്പ് എന്ന് വേര്തിരിച്ചതിനടിസ്ഥാനം. പുരാതനകാലത്ത് വിവരിക്കപ്പെട്ട ശാലിയും രക്തശാലിയും തന്നെയാണ് ഇന്നു കൃഷി ചെയ്തുവരുന്ന ചെന്നെല്ലിനങ്ങള് എന്ന് തിട്ടപ്പെടുത്താനാകില്ല. രക്തശാലിയെന്ന പേരില്‍ ഇന്ന് കൃഷിചെയ്യുന്ന ചെറുവിത്തിന് ശാലിയേക്കാള് അടുപ്പം വ്രീഹിയോടാണുതാനും. ഏതായാലും കേരളീയചികിത്സാ പാരമ്പര്യം ചെന്നെല്ലിന് വലിയ ഔഷധമൂല്യം കല്പി ച്ചുകൊടുത്തിട്ടുണ്ട്. മലരുണ്ടാക്കാന്‍ വടക്കന്‍ കേരളത്തില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന നെല്‍വിത്തുകളാണ് ചോമനും ഇല്ലിച്ചെന്നെല്ലും. രക്തശാലിയും ചോമനും സ്വഭാവംകൊണ്ട് ഒന്നുതന്നെ. ഇല്ലിച്ചെന്നെല്ല് ഏതാണ്ട് നാടു നീങ്ങിക്കഴിഞ്ഞു. കുഞ്ഞിവിത്ത്, ഓക്കക്കു ഞ്ഞിവിത്ത്, വേങ്കി തുടങ്ങിയനെല്വിത്തുകളും മലരുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നാടന്‍ വിത്തുകളാണ്. ചെന്നെല്ലിന്റെ അവിലിനും മലരിനും പ്രത്യേക ഗുണമുണ്ട്. ലഘുവായ ചെന്നെല്ലിന്റെ മലര് അതിലും ലഘുവാണ്. ചെന്നെല്ലിന്റെ അവിലാകട്ടെ ഗുരുവും. ഛര്‍ദ്ദി, അതിസാരം, ശ്വാസം, മേഹം, മേദസ് തുടങ്ങിയവയ്ക്കെല്ലാം മലര് ഔഷധമാണ്. അവില് ബലവര്ധനകവും. സത്തു എന്നറിയപ്പെടുന്ന മലര്‍പ്പൊടി ബലം വര്‍ദ്ധിപ്പിക്കുന്ന ലഘുദ്രവ്യമാണ്. ചുവപ്പ്, വെളുപ്പ് ചെന്നെല്ലുകളുടെ കഞ്ഞി ആര്ത്തവരോഗങ്ങള്ക്ക് മരുന്നായി ഗ്രാമീണസ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. മണ്കലത്തില് വെന്ത ചെന്നെല്ലരിച്ചോറില് മാത്രയനുസരിച്ച് വെണ്ണ ചേര്‍ത്ത് വെള്ളം വറ്റിച്ചുണ്ടാക്കുന്ന ശാലീനവനീതം കുട്ടികളുടെ അഗ്നിമാന്ദ്യത്തിനു മരുന്നത്രെ. വ്രീഹികളില് ശ്രേഷ്ഠം നവരയെന്നാണ് (ഷഷ്ഠികോ വ്രീഹിഷു ശ്രേഷ്ഠാ) അഷ്ടാംഗഹൃദയം പറയുന്നത്. അറുപതു ദിനം കൊണ്ട് വിളവെടുക്കാനാകുന്നവയാണ് ഷഷ്ഠികങ്ങള്. മഹാഷഷ്ഠിക, കേദാര, പുഷ്പാങ്കുര, ബക എന്നിങ്ങനെ നാലിനം ഷഷ്ഠികങ്ങളെപ്പറ്റി ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പറയുന്നു. ഇന്ന് കൃഷി ചെയ്തുവരുന്ന കറുത്തനവര, നാരോന്നവര, വെളുത്തനവര, നവരപ്പുഞ്ച തുടങ്ങിയ നവരയിനങ്ങളൊന്നും രണ്ടുമാസം കൊണ്ട് കൊയ്തെടുക്കാനാകുന്നവയല്ല. തൊണ്ണൂറു മുതല്‍ നൂറ്റിരുപതു ദിവസം വരെയാണ് ഇവയുടെ മൂപ്പുകാലം. 'നവര' എന്ന പദം 'നവതി'യില്‍ നിന്നുണ്ടായതാണെന്ന ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തെ ഇത് സാധൂകരിക്കുന്നുണ്ട്. ഏതായാലും ഫലസി ദ്ധിയുടെ അനുഭവസാക്ഷ്യം നവരയെ ഷഷ്ഠികമായിത്തന്നെ അംഗീകരിക്കുന്നു. നാഡീ-പേശീ ദൗര്‍ബല്യങ്ങള്‍ക്കും പക്ഷാഘാ തത്തിനും രാസായ ചികിത്സയ്ക്കും ആമവാതത്തിനും കഞ്ഞിയായും പായസമായും അകത്തും പുറത്തും നവര പ്രയോഗിക്കപ്പെടുന്നു. കര്‍ക്കടകത്തെ 'പ്രതിരോധ മാസ'മായി ആചരിക്കുന്നതിനായുള്ള മരുന്നു കഞ്ഞിക്കിറ്റിനായി മരുന്നുകടയില്‍ ഇപ്പോഴും വരിയൊഴിഞ്ഞിട്ടില്ല. കഞ്ഞിക്ക് നവരതന്നെ വേണം. ഉമികളഞ്ഞ അരി നവരയോ കൂട്ടാടനോ അതോ ജ്യോതിയോ എന്ന് തിരിച്ചറിയാനുള്ള രുചിബലമൊന്നും വരി നിന്നുമാത്രം ശീലിച്ച മലയാളിക്കില്ല. ഒരങ്ങാടിമരുന്നുകട മുഴുവന്‍ പൊടിച്ചു കലക്കിയ കഷായക്കഞ്ഞിയാണ് ഇന്നത്തെ 'കര്ക്കിടകക്കിറ്റ് കഞ്ഞി'. ഇതിനേക്കാള്‍ ഭേദം കഷായം തന്നെ കുടിക്കുന്നതാണ്. എന്നാല്‍ കര്‍ക്കടകത്തിലെ മുമ്മൂന്നു ദിവസങ്ങളില്‍ മാറി മാറി കുടിക്കാനുണ്ടാക്കിയിരുന്ന ഞരമ്പോടല്‍, മുക്കുറ്റി, നിലപ്പന, ചെറൂള തുടങ്ങിയ പരിസരദ്രവ്യങ്ങള് മാത്രം ചേര്‍ന്ന മരുന്നുകഞ്ഞിയുടെ സൗമ്യരുചി മറക്കാത്ത നാട്ടുമുത്തശ്ശിമാരുടെ കൈപ്പുണ്യമൊന്നറിയണം; കര്‍ക്കിടകക്കഞ്ഞി എന്തെന്ന് പിടികിട്ടാന്‍. വെളുപ്പും കറുപ്പുകലര്‍ന്നതുമായ രണ്ടിനം നവരകള് ഉണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്. സിതാസിതങ്ങളായ നവരകള് ഔഷധാവശ്യത്തിനായി കൃഷി ചെയ്തു വരുന്നുമുണ്ട്. 'പുടയന്' എന്നു കൂടിപ്പേരുള്ള കറുത്ത നവരയ്ക്കാണ് കൂടുതല്‍ ഔഷധശേഷിയെന്നാണ് മധ്യ-തെക്കന്‍ കേരള ചികിത്സകര്‍ പറയുക. വടക്കന്‍ പാരമ്പര്യ ചികിത്സകര്‍ വെള്ളനവരയുടെ ആരാധകരാണ്. രോഗാണു പ്രതിരോധത്തിനു സഹായിക്കുന്ന ട്രൈസിന് അത്യുല്പാദന ശേഷിയുള്ളവയെന്നറിയപ്പെടുന്ന വിത്തുകളേക്കാള്‍ പതിന്മടങ്ങ് നവരയില്‍-പ്രത്യേകിച്ച് കറുത്തനവരയില് ഉണ്ട്. നവരയുടെ അഭാവത്തില്‍ കാസര്‍ഗോഡു ജില്ലയില്‍ പണ്ട് 'പിണ്ഡസ്വേദ'ത്തിന് ഉപയോഗിച്ചിരുന്നത് 'കോണാരന്'നെല്ലായിരുന്നു. കോഴിക്കോട്ടു ജില്ലയില്‍ കൃഷിചെയ്തുവരുന്ന പൂണാരനും കൊണാരനും ഒന്നുതന്നെയെന്നു കരുതാം. 'പൂണാരമേ ചില പഴുപ്പതിരാംകതിര്ക്കള് കാണായതൊക്കെ മകളെ മണിയാകയില്ല' എന്നു പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തില്‍ ഒരു ലോകോക്തി അവതരിപ്പിക്കുന്നുണ്ട്. ഇവിടെ സൂചിപ്പിക്കുന്നത് ഈ പൂണാരന് വിത്തുതന്നെയാകണം. കേരളീയായുര്വേദ ഗ്രന്ഥമായ 'സഹസ്രയോഗം' നെല്ലിനങ്ങളെ വിളഭൂമിയുടെയും പക്വകാ ലത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരി ച്ചിരിക്കുന്നു. മലയാളിയെ സംബന്ധിച്ച് ശാലീ-വ്രീഹി തരംതിരിവിനെക്കാള്‍ ഈ വേര്‍തിരിവാണ് അനുയോജ്യം. തൊണ്ണൂറുദിവസം കൊണ്ടു വളരുന്നവ, അതില്‍ കൂടുതല്‍ മൂപ്പുള്ളവ, വിളഭൂമിയിലുണ്ടാകുന്നവ, വെട്ടിച്ചുട്ടു വിതച്ചിട്ടു വിളയുന്നവ, വെട്ടിച്ചവിട്ടീട്ടു മുളച്ചുണ്ടാവുന്നവ എന്നിവയാണവ. തൊണ്ണൂറാന്‍, തൗവന്‍, നവര തുടങ്ങി മൂപ്പുകുറഞ്ഞ വിത്തുകളാണ് ആദ്യഗണം. സ്നിഗ്ദ്ധമധുരങ്ങളായ ഇവ ഗ്രാഹിയും ത്രിദോഷഹരങ്ങളുമാണ്. മുത്തശ്ശിവൈദ്യം കുട്ടിയാഹാരമായി വിധിക്കുന്നത് മൂപ്പുകുറഞ്ഞ നെല്ലിന്റെ അരിയാണ്. മൂപ്പുകൂടിയവ വൃദ്ധികരവും മലമൂത്രങ്ങള്‍ വര്‍ധിപ്പിക്കുന്നവയുമാണ്. വടക്കന്‍ കേരള ത്തിലെ ചെത്തുതൊഴിലാളികള് പണ്ട് തളരാതെ തെങ്ങുകയറാനുള്ള ശക്തിയാര്ജിച്ചിരുന്നത് 'കറുത്തല്ലിക്കണ്ണന്' എന്ന മൂപ്പു കൂടിയ വിത്തിന്റെ പഴങ്കഞ്ഞിയില്‍ നായ്ക്കുരുണവള്ളി ചതച്ചിട്ടു കുടിച്ചിട്ടായിരുന്നു. വെട്ടിച്ചുട്ടുവിതയ്ക്കുന്ന പുനം വിത്തുകള്ക്കുദാഹരണമാണ് കാസര് ഗോട്ടെ കരിന്തടിച്ചിലും കുറിച്യരുടെ പാല്കഴമയും പുനത്തില്‍ വിതക്കുന്ന ചെന്നെല്ലുമൊക്കെ. കഷായരസമുള്ള ഇവ കഫഹരങ്ങളാണ്. വെട്ടിച്ചവിട്ടുമുളക്കുന്നവ മൂപ്പുകൂടിയ മുണ്ടകന്‍ വിത്തുകളാണ്. പയ്യനാടന്‍, ചേറ്റാടി, കുട്ടാടന്‍ തുടങ്ങി ആറുമുതല്‍ പത്തുമാസം വരെ മൂപ്പുള്ള ഇത്തരം നെല്ലുകള്‍ ഒന്നോ രണ്ടോ പ്രാവശ്യം ഓലയരിഞ്ഞ ശേഷം കന്നിക്കൊയ്ത്തു സമയത്ത് കടതൊട്ടെ അരിഞ്ഞ് പലയിട്ടുചതച്ചാല് തിണര്‍ത്തു വളരുന്നവയുമാണ്. കഫ പിത്തഹരങ്ങളാണിവയുടെ വിത്തുകള്‍. 'ഹായന' എന്നും ആണ്ടുവിളച്ചെന്നെല്ല് എന്നും ആയുര്‍വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന വിത്തിന്റെ സ്ഥാനത്ത് ലക്ഷണസാമ്യമുള്ള ചേറ്റാടിപോലുള്ള വിത്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നു കരുതാം. ഇത്തരം മുണ്ടകന്‍ വിത്തുകള്‍ വൃശ്ചിക പൗര്ണമിയ്ക്കുശേഷം മാത്രം കതിരുചാടുന്ന പ്രകാശസംവേദനക്ഷമതയുള്ള ആണ്ടുവിത്തുകളാണ്. ആണ്ടില്‍ ഒറ്റവിളമാത്രം എടുക്കുന്നതിനാല്‍ വ്രീഹിയോടാണു ഇവയ്ക്ക് ചാര്‍ച്ച. എന്നാല്‍ കൊയ്ത്ത് ഹേമന്തകാലത്തായതിനാല് ശാലിയുടെ ലക്ഷണവുമുണ്ട്. മുണ്ടകന്‍ വിത്തുകളില്‍ പാലക്കാടന്‍ വെള്ളരിപോലെ അപൂര്‍വം ഇനങ്ങളിലേ അരി വെളുത്തുകാണുന്നുള്ളൂ. നിറയുത്സവത്തോടനുബന്ധിച്ച് നിറയോലം കെട്ടാന്‍ മൂപ്പുകുറഞ്ഞ തൗവന്പോലുള്ള വിത്തുകതിരായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്. നിറ, പുത്തരി, ഓണം എന്നാണ് ക്രമം. ഇന്നിപ്പോള്‍ നേരവും കാലവും തെറ്റിയ കൃഷിയില്‍ ഓണം കഴിഞ്ഞും കതിരുക ണികാണാനാവില്ല. 'ഓണം കഴിഞ്ഞ് നിറയും പുത്തരിയും' എന്ന ചൊല്ല് സത്യമായിക്കഴിഞ്ഞു. കൊയ്തുകഴിഞ്ഞാല്‍ ആയക്കറ്റ കെട്ടിവെക്കു കയെന്നത് വൈദഗ്ധ്യം വേണ്ട ഒരു കൈ വേലയാണ്. ജീരകശാല, രാജാകയമ, ഓക്കക്കുഞ്ഞിവിത്ത്, വേങ്കി, കുറുവ തുടങ്ങിയ നാടന്‍ ഇനങ്ങളാണ് ആയക്കറ്റയ്ക്ക് യോജ്യം. ഛര്‍ദ്ദ്യതിസാരം ബാധിച്ചാല്‍ ഓക്കക്കുഞ്ഞിവിത്തിന്റെ ആയക്കറ്റയില് നിന്നും ഒരു പിടി മണികള്‍ ഉതിര്‍ത്തെടുത്ത് മലരുവറുത്ത് കഞ്ഞി വെച്ചുകുടിക്കും. വേങ്കി ബസുമതി പോലെ നീണ്ട വിത്താണ്. എന്നാല്‍ ഈ 'കേരളബസുമതി' പൂര്‍ണമായും അന്യം നിന്നു കഴിഞ്ഞു. ചൂടുപനിക്ക് വേങ്കിവിത്ത് പുഴുങ്ങി നിരത്തി മുകളില്‍ പായ വിരിച്ച് കിടന്നാല്‍ മതിയത്രേ. ശാലികളില്‍ സുഗന്ധക, വ്രീഹിയില് ഗണ്ഡ തണ്ഡൂല തുടങ്ങിയ സുഗന്ധനെല്ലിനങ്ങളെക്കുറിച്ച് 'ബൃഹത്രയി'യില്‍ സൂചനയുണ്ട്. ഇവയെ വ്യവഛേദിച്ചറിയാന്‍ നിര്‍വാഹമില്ലെങ്കിലും ഗന്ധകശാല, ജീരകശാല, മുള്ളന്‍ ചണ്ണ, ഓക്കക്കുഞ്ഞുവിത്ത് തുടങ്ങിയ സുഗന്ധവാഹികളായ നാട്ടിനങ്ങള്‍ കേരളത്തിലുണ്ട്. കിളികളാല്‍ കൊണ്ടുവരപ്പെട്ട 'ശകുനാഹൃത'ത്തെപ്പറ്റി സുശ്രുതനും വാഗ്ഭടനും പറയുന്നുണ്ട്. 'അന്നം ചെറുകിളി' ആരിയര്‍ നാട്ടില്‍ നിന്നും കൊണ്ടുവന്നതാണ് മലയാളത്തിലെ വിത്തു കളെല്ലാം എന്നാണ് നെല്ലിന്റെയും പുലത്തിന്റെയും നേരവകാശികളായ പുലയരുടെ ഒരു പാട്ടില്‍ പറയുന്നത്. ഇവയില്‍ മുമ്പനായിട്ടുള്ളത് വരിനെല്ലത്രേ. വിരിപ്പുകണ്ടത്തിലെ കളയാ ണിതെങ്കിലും നെല്ലുകളിലെ വരിഷ്ഠജന്മമാണ് വരിനെല്ല്. ധനുമാസത്തിലെ തിരുവാതിരക്കാ ലത്ത് അന്തര്‍ജനങ്ങള്‍ക്ക് വരിനെല്ലായിരു ന്നു പഥ്യാഹാരം. ഒറൈസാ റൂഫിപോഗണ് എന്ന ഈ വന്യനെല്ലിനത്തിന് ചുവപ്പ്, വെള്ള മീശരോമങ്ങളുണ്ടാകാറുണ്ട്. ആയുര്‍വേദത്തിന്റെ വടക്കന്‍ സമ്പ്രദായം വരിനെല്ലിനെ മൂത്രാശയരോഗത്തിനുള്ള 'തൃണപഞ്ചമൂല'ത്തില്പ്പെടുത്തി ഉപയോഗിക്കുന്നു. കേരളത്തിലെ മറ്റൊരു വന്യനെല്ലിനമാണ് 'ഒറൈസാ മെയ്റിയാന'എന്ന ആന്നൂരിനെല്ല്, ഓരോ ദിവസവും ഒരു ധാന്യം മാത്രം പാകമാവുന്നവയാണേ്രത കാണിക്കാരുടെ ഈ കാട്ടുനെല്ല്. മൂന്നുനൂറ്റാണ്ടോളം പഴക്കമുള്ള 'കൃഷിഗീത'യെന്ന കൃതിയും പുള്ളുവന്റെയും പുലയന്റെയും കോപ്പാളന്റെയും വിത്തു പാട്ടുകളും പൂരക്കളിയിലെ പള്ളുപാട്ടും കേരളത്തിലെ നാട്ടുവിത്തുകളുടെ ഊരും പേരും കൃഷിരീതികളും രേഖപ്പെടുത്തിയ യഥാര്ത്ഥജനകീയ ജൈവവൈവിധ്യ പ്രമാണ പത്രികകളാണ്. ഇവയില്‍ സൂചിതങ്ങളായ വിത്തുകളില്‍ മുക്കാലേമുണ്ടാണിയും മണ്മറഞ്ഞു കഴിഞ്ഞു. 'പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ കണ്ടാലുമറിയാതെ മറഞ്ഞുപോയ് നിഷ്ഠുരങ്ങളാമിന്നുള്ള വിത്തുകള്‍ കുഷ്ഠരോഗാദി വര്‍ധിപ്പിക്കും ദൃഢം' എന്നു കൃഷിഗീത നൂറ്റാണ്ടുകള്‍ മുമ്പെ പറഞ്ഞതാണെങ്കിലും ജി.എം. വിളകള്‍ക്ക് ഞാറ്റടിയൊരുക്കി നില്ക്കുന്ന ഇന്നത്തെ വയലേലകളെക്കൂടി ദീര്‍ഘദര്‍ശനം ചെയ്ത് എഴുതിയതായിരിക്കണം അത്. ബില്‍ഗേറ്റ്സിന്റെ ഫൗണ്ടേഷന് സ്പോണ്സര് ചെയ്യുന്ന ഇനി വരാനിരിക്കുന്ന ജി എം ഹരിതവിപ്ലവത്തെ പ്രതിരോധിക്കാന്‍ അവശേഷിക്കുന്ന വിത്തു കളെങ്കിലും വയല്‍ കൃഷിയില്‍ നിലനിര്ത്തിയേതീരു. നമ്മുടെ നാടന്‍ വിത്തുകളിലെ പോഷകമൂല്യങ്ങള്‍ കുത്തകക്കാരുടെ വിത്തുകളെയും ഹരിത വിപ്ലവത്തിന്റെ സന്താനങ്ങളെയും നാണിപ്പിക്കും വിധം ഉയര്‍ന്നതാണെന്ന് ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബാദ്ഷാസാല് എന്ന ഇന്ത്യന്‍ നെല്ലിനത്തില്‍ കി.ഗ്രാമിന് 138 മി.ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്നാണ് രബില്ദേബും സംഘവും നടത്തിയ പഠനം പറയുന്നത്. മോണ്സാന്റോവിന്റെ എം.എസ്. 13 എന്ന പുതുവിത്തില് 7 മി.ഗ്രാം ഇരുമ്പേ ഉള്ളു. ഇന്ത്യന്‍ കര്‍ഷകന്റെ ധാന്യപ്പുരയിലെ ഈ ചെറുതരികള്‍ മതി ഭക്ഷ്യ സുരക്ഷയുടെ ഉരുക്കുകോട്ടകള്‍ പണിയാന്‍ എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. വേനല്‍ച്ചൂടിനെ അതിജീവിക്കാം ഡോ.സിരിസൂരജ് കൊടുങ്ങല്ലൂര്‍ കടുത്ത വേനല്‍ക്കാലത്ത് ശരീരത്തിന്റെ ബലം ഏറ്റവും കുറയുന്നു. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി ഉപാപചയ പ്രവര് ത്തനങ്ങളുടെ തോത് ശരീരം സ്വയം കുറയ്ക്കുന്നതിന്റെ ഫലമായി വിശപ്പ് കുറയുകയും എന്നാല്‍ സ്വേദപ്രവര്ത്തനം കൂടുതലായതിനാല്‍ ജലദ്രവ്യനഷ്ടം സംഭവി ക്കുകയും ചെയ്യും. അത്യുഷ്ണം മൂലം സൂര്യാഘാതം, ശരീരക്ഷീണം, മൂക്കിലൂടെ രക്തം പോകുക എന്നിവയും ചൂടുകുരു, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്,മൂത്രത്തില്‍ പഴുപ്പ് എന്നീ അസുഖങ്ങളും ഉണ്ടാകാനിടയുണ്ട്. സൂര്യാഘാതം ഒരാള്‍ക്ക് പെട്ടെന്ന് സൂര്യാഘാതമേല്ക്കുകയാണെങ്കില് തണുപ്പുള്ള പ്രദേശത്ത് കിടത്താന്‍ അനുവദിക്കണം. ശീതീകരിച്ച മുറികളോ വൃക്ഷത്തിന്റെ തണലോ തിരഞ്ഞെടുക്കാം, തണുത്ത കാറ്റ് (ഫാന്‍/തണുത്ത വിശറി) ഏല്പിക്കണം. ദേഹത്ത് തണുത്ത ജലം തളിക്കണം. പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ മഞ്ഞള്‍പ്പൊടി വിതറുകയോ കറ്റാര്‍വാഴ പുരട്ടുകയോ ചെയ്യുന്നത് നല്ലതാണ്. ഗുളുച്യാദി ഗണപാനകം, ദ്രാക്ഷാദി കഷായം എന്നിവ കുടിക്കാനായി നല്‍കാം. മോര് കുടിക്കുന്നത് സൂര്യാഘാതത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്നു. മധുരപ്രദാനമായ ദ്രവ്യങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും, മോര് കുടിക്കുന്നതും ശരീരത്തിലെ ജലനഷ്ടവും ക്ഷീണവും തടയുന്നതിനും സൂര്യാഘാതം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഉദരരോഗങ്ങളും, വയറിളക്കവും തടയാനാകും. കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും രണ്ട് നേരം കുളിക്കുന്നതും ചര്‍മ്മരോഗങ്ങള്‍ തടയുന്നതാണ്. വേനല്‍ക്കാലത്ത് ശീലിക്കേണ്ട ആഹാരങ്ങള്‍ നറുനീണ്ടി, ശതാവരി, മുത്തങ്ങ, രാമച്ചം, ഇരുവേലി ഇവ തിളപ്പിച്ച് വെള്ളം കുടിക്കാം. ലഘുവും ശീതവും സനിഗ്ദവും മധുരരസമുള്ളതുമായ ആഹാരങ്ങളാണ് ഉചിതം. പഞ്ചസാര ചേര്‍ത്ത് നേര്‍പ്പിച്ച പാല്, കൂജവെള്ളം, മാങ്ങ, ചക്ക, കരിക്കിന്‍വെള്ളം, സംഭാരം, തണ്ണിമത്തന്, കക്കരിക്ക, വാഴപ്പഴം, മുന്തിരി, തക്കാളി, വെണ്ടയ്ക്ക എന്നിവ ധാരാളമായി ഉപയോഗിക്കാം. നെയ്യ് ചേര്‍ത്ത കഞ്ഞി/മലര്‍ക്കഞ്ഞി. എരുമപ്പാല് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം. മലര് പഞ്ചസാര ചേര്‍ത്ത് കഴിക്കാം. കരിക്കിന് വെള്ളം, മാംസരസം (സൂപ്പ്) എന്നിവ ഉപയോഗിക്കാം. ദഹിക്കാന്‍ എളുപ്പമുള്ളതും തണുത്തതും മധുരമുള്ളതും ദ്രവരൂപത്തിലുള്ളതും അല്പം എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാം. അരി, ഗോതമ്പ്, ചെറുപയര്‍ ഇവകൊണ്ടുള്ള ആഹാരം ഉപയോഗിക്കാം. ഒഴിവാക്കേണ്ട ആഹാരങ്ങള്‍ ഉപ്പ്, പുളി, മസാല, എരിവ് അധികമായി ചേരുന്ന ആഹാരങ്ങള്‍, മാംസാഹാരങ്ങള്‍. കാപ്പി, അച്ചാറ്, ഫാസ്റ്റ് ഫുഡ്, കൂള്‍ ഡ്രിംഗ്സ്, തൈര്, മൈദ. അധികം ഉപ്പുചേര്‍ത്ത പാനീയങ്ങള്‍, മദ്യം, അധികം ചൂടുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണങ്ങള്‍, ശീതികരിച്ച പാനീയങ്ങളും ഭക്ഷണങ്ങളും. ശീലിക്കേണ്ട വിഹാരങ്ങള്‍ കട്ടി കുറഞ്ഞതും, വായുസഞ്ചാരം ലഭിക്കുന്നതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ശൗചകര്മ്മത്തിനും സ്നാനത്തിനും തണുത്ത വെള്ളം ഉപയോഗിക്കാം. സ്നാനം രണ്ടു തവണയാക്കാം. ഉച്ചവിശ്രമം (പകലുറക്കം) അല്പമാക്കാം. മൃദുവായ കിടക്കകള്‍. ഉച്ചനേരത്ത് പുറത്തിറങ്ങുമ്പോള്‍ കുട ചൂടണം. യാത്ര ചെയ്യുമ്പോള്‍ കുടിവെള്ളം കരുതണം. ഒഴിവാക്കേണ്ട വിഹാരങ്ങള്‍ ചൂടുവെള്ളത്തിലുള്ള കുളി, രാത്രിയിലെ ഉറക്കമിളപ്പ്, അമിത വ്യായാമം, വെയില്കൊള്ളല്, മദ്യം, മൈഥുനം. ചൂട് കൂടുതലുള്ള ഉച്ചസമയത്ത് പുറത്തിറങ്ങാതെ വിശ്രമിക്കുക. കടപ്പാട് ആരോഗ്യപച്ചമാസിക.കോം