കുട്ടികളിലെ പൊണ്ണത്തടി ആരോഗ്യമേഖല ഏറെ ആശങ്കയോടെയാണ് കുട്ടികളിലെ അമിതവണ്ണത്തെ വീക്ഷിക്കുന്നത്. പ്രായമായവരെ അപേക്ഷിച്ച് ശാരീരികമായി ഏറെ പ്രയാസങ്ങൾ ഉടനടി നേരിടുന്നില്ലെങ്കിലും ഭാവിയിൽ ഇരുപത് -ഇരുപത്തഞ്ച് വയസ്സോട് കൂടി തന്നെ അനേകം ജീവിത ശൈലീരോഗങ്ങളുടെ പിടിയിൽ അകപ്പെടുന്നു. അമിതവണ്ണത്തിന് പ്രധാന കാരണം ഇന്നത്തെ പരിഷ്കൃതമെന്ന് കരുതുന്ന ആഹാരരീതികളും വ്യായാമക്കുറവുമാണ്. ഹോർമോൺ തകരാറുകളും പാരന്പര്യഘടകങ്ങളും വളരെ വിരളമായി പ്രശ്നക്കാരാകാം. കുട്ടികളിൽ മാനസിക സമ്മർദ്ദം, വിഷാദം, ആത്മവിശ്വാസമില്ലായ്മ, തന്നിലേക്ക് മാത്രം ഒതുങ്ങികൂടാനുള്ള പ്രവണത ഇവയെല്ലാം അമിതവണ്ണം മൂലം കാണപ്പെടുന്നു. കുട്ടികളിലെ ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണക്കാർ പലപ്പോഴും മാതാപിതാക്കൾ തന്നെയാണ്. ചെറിയ പ്രായംമുതൽ തന്നെ കുട്ടികളിൽ അനാരോഗ്യകരമായ ആഹാരരീതികൾ ശീലിപ്പിക്കുക, ഇഷ്ടഭക്ഷണം മാത്രം കൊടുക്കുക, സമയക്കുറവ് കാരണം ഹോട്ടൽ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുക, മധുരപലഹാരങ്ങളും ബേക്കറി പലഹാരങ്ങളും നിയന്ത്രണമില്ലാതെ നൽകുക ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ചെറിയ രീതിയിലുള്ള ശരീരഭാരം വർദ്ധിക്കുന്നത് ശ്രദ്ധിയ്ക്കാതെ വരികയും, വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതും പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. കുട്ടികളെ പട്ടിണിക്കിട്ട് ശിക്ഷിക്കുന്നതിന് പകരം കായികാധ്വാനം കൂട്ടുകയും കുടുംബം മുഴുവൻ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുകയുമാണ് വേണ്ടത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെറുപ്പകാലം മുതൽ തന്നെ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വില കൂടിയ മറുനാടൻ പഴങ്ങളേക്കാൾ നമ്മുടെ നാട്ടിൽ യഥാകാലത്തുണ്ടാകുന്നവ ശീലിപ്പിക്കുക. പഴങ്ങൾ ജ്യൂസടിച്ച് കൊടുക്കുന്നതിനേക്കാൾ തനതായ മധുരത്തോടുകൂടി മാത്രം ശീലിപ്പിക്കുക. കുട്ടി പ്രഭാതഭക്ഷണം ശരിയായ രീതിയിൽ കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. സമയക്കുറവ് കാരണം പറഞ്ഞ് ഉച്ചനേരങ്ങളിൽ ജങ്ക് ഫുഡ് ടിഫിനായി കൊടുത്തുവിടുന്നത് ഒഴിവാക്കുക. സ്കൂൾ കാന്റീനുകളിൽ ആരോഗ്യകരമായ ഭക്ഷണം മാത്രം ലഭ്യമാക്കുക. ഫാസ്റ്റ്ഫുഡ്, കാർബണേറ്റഡ് ട്രിങ്ക്സ്, മധുരപലഹാരങ്ങളും എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി വാങ്ങാതിരിക്കുക. സ്കൂൾ പാഠ്യപദ്ധതിയിൽ ഭക്ഷണരീതി, വ്യായാമം ഇവയെക്കുറിച്ച് കൂടുതൽ ക്രിയാത്മകമായി ഉൾപ്പെടുത്തുക. ടിവി, കന്പ്യൂട്ടർ, മൊബൈൾ ഗെയിംസ് ഇവയിൽനിന്നും വിട്ട് കൂടുതൽ സമയം ശാരീരിക വ്യായാമം ലഭിക്കുന്ന കളികളിൽ ഏർപ്പെടുത്തുക. മാംസാഹാരങ്ങൾ കഴിക്കുന്നതിനോടൊപ്പം തന്നെ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരഭാഗം ഇടയ്ക്കു നോക്കുകയും പ്രായത്തെ അപേക്ഷിച്ച് കൂടുന്നതായി കണ്ടാൽ വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉപേക്ഷ വിചാരിയ്ക്കരുത്. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. വൈദ്യനിർദേശം വേണ്ട സമയങ്ങളിൽ ഒരു ഡോക്ടറെ സമീപിച്ച് കാര്യങ്ങൾ മനസിലാക്കുക. Dr. ഇന്ദു ശശികുമാർ MD (Ay) അമല ആയുർവേദിക് ഹോസ്പിറ്റൽ & റിസർച്ച് സന്റർ. വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല. രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിന്റെ ലക്ഷണമാണു മഞ്ഞപ്പിത്തം. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതിനു കാരണം പലതാണ്. അമിത മദ്യപാനം മൂലം കരൾനാശം സംഭവിക്കുന്നു. ഹെപ്പറ്റൈറ്റിസ് വൈറസ് മൂലം കരളിനുണ്ടാകുന്ന നീരും വീക്കവുമാണു ഹെപ്പറ്റൈറ്റിസ്. ഇതു മഞ്ഞപ്പിത്തത്തിലേക്കു നയിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ വെളളം, ആഹാരം എന്നിവയിലൂടെ പകരുന്നു. അതിനാലാണ് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം എന്നു പ്രത്യേകം പറയുന്നത്. ഭക്ഷണം നന്നായി വേവിച്ചുകഴിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണം പാടില്ല. ചൂടാക്കി കഴിക്കുക. റോഡരുകിൽ രോഗാണുക്കളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ തയാറാക്കുന്ന ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികൾ ഉപ്പുവെള്ളത്തിലിു വയ്ക്കുക. പിന്നീടു നന്നായി കഴുകിയെടുത്തു പാകം ചെയ്യുക. കിണറുകളും മറ്റു കുടിവെളള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡറോ പൊട്ടാസ്യം പെർമാംഗനേറ്റാ കലർത്തി ശുദ്ധീകരിക്കാം. വാട്ടർ ടാങ്കുകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. മാലിന്യങ്ങൾ അലക്ഷ്യമായി കുടിവെളള സ്രോതസുകളിൽ വലിച്ചെറിയരുത്. അങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ തടയണം. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ കുടിവെള്ള സ്രോതസുകളിൽ കലരാനുളള സാഹചര്യം ഒഴിവാക്കുക. കക്കൂസ് കുഴിയും കിണറും നിർമിക്കുന്പോൾ തമ്മിൽ ആവശ്യമായ അകലം പാലിക്കണം. കക്കൂസും കുളിമുറിയും ഇടയ്ക്കിടെ ബ്ലീച്ചിംഗ് പൗഡർ വിതറി ശുചിയാക്കുക.മഞ്ഞപ്പിത്തം തടയുന്നതിൽ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. മലമൂത്രവിസർജനത്തിനു ശേഷം കൈകൾ സോപ്പോ ഹാൻഡ് വാഷോ തേച്ചു കഴുകണം. ആഹാരം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുന്പും കൈ സോപ്പോ ഹാൻഡ് വാഷോ പുരട്ടി നന്നായി കഴുകണം. പുരട്ടുന്ന ഹാൻഡ് വാഷ് പൂർണമായും നീങ്ങുംവിധം കഴുകാൻ ശ്രദ്ധിക്കണം. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്പോൾ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചു മറച്ചു പിടിക്കണം എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ! വൈറസ് രോഗങ്ങൾക്കു ഫലപ്രദമായ വാക്സിനുകൾ നിലവിലില്ല എന്നതാണു വാസ്തവം. നിലവിൽ ലഭ്യമായ ഹെപ്പറ്റൈറ്റിസ് എ വാക്സിൻ ഉപയോഗിക്കുന്നതു സംബന്ധിച്ചു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. ജീവിതത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ, മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ വൈറസ് ബാധയ്ക്കുളള സാധ്യത കുറയ്ക്കുകയാണ് ഉചിതം. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും പ്രധാനം. മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം മൈഗ്രേൻ ഡയറ്റ് തവിട് കളയാത്ത ചോറ് വേവിച്ച പച്ചക്കറികൾ (ബ്രോക്കോലി, സ്പിനാച്ച് തുടങ്ങിയവ) വേവിച്ച കാരറ്റ്, മധുരക്കിഴങ്ങ് ജീവകങ്ങൾ (റൈബോഫ്ളാവിൻ(വിറ്റാമിൻ ബി), ഒമേഗ-3 ദിവസേന 400 മില്ലിഗ്രാം) ഫാറ്റി ആസിഡ്, കെ-ക്യു-പത്ത് ധാതുലവണങ്ങൾ (മൈഗ്രേനുള്ള 40 ശതമാനം രോഗികൾക്കും മഗ്നീഷ്യത്തിന്റെ അപര്യാപ്തതയുണ്ട്. അതുകൊണ്ട് മഗ്നീഷ്യം 400 മില്ലി ഗ്രാം ദിവസേന ഭക്ഷണത്തോടൊപ്പം കഴിക്കണം) പുരാതന ഗ്രീക്കുകാർ മൈഗ്രേൻ ചികിത്സയ്ക്കായി വേവിച്ച ഒൗഷധച്ചെടിയാണ് ഫീവർഫ്യൂ. ഇത് പ്രാഥമികമായി പനിക്കുള്ള ചികിത്സയ്ക്കായി കണ്ടുപിടിച്ചതാണെങ്കിലും ഇതുപയോഗിച്ച് ഭൂരിഭാഗം രോഗികൾക്കും അദ്ഭുതകരമായി മൈഗ്രേൻ ഉ·ൂലനം ചെയ്യാൻ സാധിച്ചു. 250 മില്ലിഗ്രാം അടങ്ങുന്ന കാപ്സ്യൂളുകൾ വിപണിയിൽ ലഭിക്കും. തലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണഘടകങ്ങൾ: ഫൂവർഫ്യൂ 250 മില്ലിഗ്രാം ദിവസേന. ദിവസവും ഇഞ്ചിനീര് 1/2-1 ടീസ്പൂണ് മഗ്നീഷ്യം 400-700 മില്ലിഗ്രാം ദിവസവും. കാൽസ്യം (1-2 ഗ്രാം), വിറ്റമിൻ - ഡി 5 മൈക്രോഗ്രാം. കരിക്കിൻവെള്ളം. ഒമേഗ-3-ഫാറ്റി അമ്ലം (കടൽമത്സ്യം) കൊഎൻസൈം-ക്യൂ - പത്ത് അഥവാ ക്യുബിക്യുനോണ്, ജീവകങ്ങളോടു സാദൃശ്യമുള്ള ഒരു കൊ എൻസൈമാണ്. മൈഗ്രേനുള്ള 35 ശതമാനം രോഗികളിലും ഇതിന്റെ അപര്യാപ്തതയുണ്ട്. ദിവസേന 200 മില്ലിഗ്രാം ക്യുബിക്യുനോണ് മൈഗ്രേൻ തടയും. മൈഗ്രേൻ തടയാൻ തീർച്ചയായും കഴിക്കേണ്ട വിഭവങ്ങൾ: സ്പിനാച്ച്, മധുരക്കിഴങ്ങ്, തവിടുള്ള അരി, ധാന്യങ്ങൾ (ഇവയിലെല്ലാം ധാരാളം മഗ്നീഷ്യമുണ്ട്). ബ്രൊക്കോളി, കൊഴുപ്പില്ലാത്ത പാല്, ധാന്യങ്ങൾ, കൂണ്, കൊഴുപ്പില്ലാത്ത് ബീഫ് (റിബോഫ്ളാവിൻ ധാരാമുള്ളവ. കുറഞ്ഞത് 400 മില്ലിഗ്രാം റിബോഫ്ളാവിൻ കഴിക്കണം). കടൽമത്സ്യം (മത്തി), ഒലിവ് എണ്ണ, മുട്ട (ഒമേഗ-3-ഫാറ്റി അമ്ലങ്ങൾ അടങ്ങിയവ). ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം മൈഗ്രേൻ ഉണ്ടാക്കും. 12 ഗ്ലാസ് വെള്ളം. നോർമൽ ചായ, കൊഴുപ്പുകളഞ്ഞ പാൽ. മൈഗ്രേന്റെ ലക്ഷണങ്ങൾ ലക്ഷണങ്ങളും സവിശേഷതകളും കാഠിന്യവുമനുസരിച്ച് മൈഗ്രേൻ പലതായി തരംതിരിച്ചിട്ടുണ്ട്. തലവേദന വന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുന്പ് 60 ശതമാനം പേർക്കും പെട്ടെന്നുള്ള ഭാവമാറ്റങ്ങൾ അതായത് പ്രോഡ്രോം ഉണ്ടാകാറുണ്ട്. വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആർത്തി, തളർച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക ഇവയെല്ലാം പ്രോഡ്രോമുകളാണ്. മൈഗ്രേന്റെ രണ്ടാമത്തെ സവിശേഷ പൂർവലക്ഷണം ഓറയാണ്. തലവേദനയ്ക്കു മുന്പ് 5-20 മിനിറ്റിൽ തുടങ്ങി ഒരുമണിക്കൂറോളം നീണ്ടുനിൽക്കുന്ന സവിശേഷതരം പരിവേഷങ്ങളും തേജോവലയങ്ങളുമാണ് ഓറ. കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങൾ: പ്രകാശവലയം, കറുത്തപൊട്ട്, കന്പികൾപോലുള്ള തിളക്കം, മങ്ങുന്ന കാഴ്ചശക്തി, നിറഭേദങ്ങൾ കൂടാതെ ഒരുവശത്തു ശക്തികുറയുക, തരിപ്പുണ്ടാകുക ഇവയെല്ലാം ഓറകളാണ്. ഈ പൂർവലക്ഷണങ്ങൾക്കു ശക്തി കുറയുന്പോൾ മൈഗ്രേൻ ശക്തിപ്രാപിക്കുന്നു. ഓറയോടുകൂടിയതാണ് ക്ലാസിക് മൈഗ്രേൻ. മണിക്കൂറുകളോളം (1-72 മണിക്കൂറുകൾ) നീണ്ടുനിൽക്കുന്നു. ചിലപ്പോൾ തലതല്ലിത്തകർക്കാൻ തോന്നും. അധികംപേർക്കും ഓറയില്ലാത്ത മൈഗ്രേനാണ് ഉണ്ടാകുന്നത് (4-72 മണിക്കൂറുകൾ). സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. ഒപ്പം ഓക്കാനം, പ്രകാശത്തോടുള്ള വിരക്തി തുടങ്ങിയവ അനുഭവപ്പെടുന്നു. പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾക്കു കൂടുതലായി തലവേദനയുടെ പരാധീനതകൾ ഉണ്ടാകുന്നു. ആർത്തവവുമായി ബന്ധപ്പെട്ടും ഋതുവിരാമത്തിനു ശേഷവും ഗർഭനിരോധന ഗുളികകൾ സേവിക്കുന്പോഴും മൈഗ്രേൻ ഉണ്ടാകും. മൈഗ്രേന്റെ ചികിത്സ ജീവിതശൈലിയും കൃത്യമായ ഭക്ഷണക്രമീകരണവും സന്തുലിതമാകുന്നതോടൊപ്പം ഡോക്ടറുടെ നിർദേശങ്ങളും കർശനമായി പാലിക്കണം. പാരസെറ്റാമോൾ എപ്പോഴും കഴിക്കുകയല്ല വേണ്ടത്. ഇത് വൃക്കപരാജയത്തിനു കാരണമാകും. സുമിട്രിപ്റ്റാൻ ചികിത്സയിലെ പ്രധാന മരുന്നാണ് (ട്രിപ്റ്റാൻസ്). കൂടാതെ പ്രൊപ്രാനോളാൻ, അമിട്രിപ്റ്റയിൻ, ടോപ്രാമെറ്റ്, സോഡിയം വാൽപ്രോവേറ്റ് എന്നിവയും പ്രതിരോധത്തിനു ചികിത്സയ്ക്കുമായി നൽകപ്പെടുന്നു. സ്ഥിരമായി മൈഗ്രേനുള്ളവർ ഒരു ഹെഡ്എയ്ക് കലണ്ടർ തയാറാക്കി മൈഗ്രേനുണ്ടാകുന്ന ദിവസങ്ങൾ അതിൽ രേഖപ്പെടുത്തണം. കൃത്യ കാലയളവിൽ വൈദ്യസഹായം തേടുകയും ഡോക്ടർ നിർദേശിക്കുന്ന പ്രോഫിലാക്ടിക് ഒൗഷധങ്ങൾ കഴിക്കുകയും വേണം. ഡോ. ശുഭ ജോർജ് തയ്യിൽ സ്പെഷലിസ്റ്റ് ഇൻ ഹെഡ് എയ്ക് കെയർ, ഹെഡ്എയ്ക് കെയർ സെന്റർ, എറണാകുളം മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ ഹെമിക്രേനിയ എന്നർഥം വരുന്ന പൗരാണിക ആംഗലേയ പദമായ മിഗ്രിം ഫ്രഞ്ച്് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ ഉണ്ടായതാണ് മൈഗ്രേൻ എന്നു ചരിത്രം പറയുന്നു. ഹെമിക്രേനിയ എന്നു പറഞ്ഞാൽ അർഥാവഭേദകം അഥവാ തലവേദന. തലവേദനയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് 1873-ൽ എഡ്വേർഡ് ലിവിംഗ് ആയിരുന്നു. എന്നാൽ 1600-ാം നൂറ്റാണ്ടിൽ ആംഗലേയ ഭിഷഗ്വരനായ തോമസ് വില്ലിസ് ആണ് തലവേനയുടെ കാരണങ്ങളെപ്പറ്റി ശാസ്ത്രീയ പഠനങ്ങൾ ആദ്യമായി നടത്തിയതെന്നും രേഖകളുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളിലെ ഘടനാ വ്യതിയാനങ്ങളാണ് തലവേദനയ്ക്ക് കാരണമെന്ന് അദ്ദേഹം കണ്ടെത്തി. തലവേദന വാസ്തവത്തിൽ... തലവേദന വാസ്തവത്തിൽ തലച്ചോറിന്റെ വേദനയല്ല. വേദനാ സംവേദന സ്വീകരണികൾ മസ്തിഷ്കത്തിലില്ല എന്നതാണതിന്റെ കാരണം. തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന ഡുറാമാറ്റർ എന്ന സ്തരം വേദനയെ അനുഭവവേദ്യമാക്കുന്ന സുപ്രധാന തന്തുക്കളാൽ നിറഞ്ഞിരിക്കുന്നു. ഡുറാമാറ്ററിലുണ്ടാകുന്ന വലിച്ചിൽ, വീക്കം ഇവ കഠിനവേദനയുണ്ടാക്കുന്നു. തലച്ചോറിന്റെ അടിവശത്തുള്ള ധമനികൾക്കു ചുറ്റും സുലഭമായുള്ള നാഡിതന്തുക്കൾ വലിയുന്പോഴും വേദനയുണ്ടാകുന്നു. കഴുത്തിന്റെ പിൻവശത്തും തലയ്ക്കു പിറകിലും സംവേദനാജനകങ്ങളായ നാഡികൾ സമൃദ്ധമായുണ്ട്. ഇവിടെയും തലവേദനയുടെ ഉറവിടമാകാം. തലയോട്ടിക്കു പുറത്തുള്ള മാംസപേശികൾ വലിഞ്ഞു മുറുകുകയും വികസിക്കുകയും ചെയ്യുന്പോൾ അവയ്ക്കുള്ളിലെ തന്തുക്കൾ വേദനയുണ്ടാക്കുന്നു. അതുപോലെ തലയോട്ടിയുടെ ഉപരിതലങ്ങളിലുള്ള ചർമ്മങ്ങളിലെ ധമനികൾ വികസിക്കുന്പോഴും അസഹ്യ വേദനയുണ്ടാകാം. കൂടാതെ കണ്ണുകൾ, നാസാഗഹ്വരങ്ങൾ, ചെവികൾ തുടങ്ങിയ അവയവങ്ങൾക്കു വീക്കമുണ്ടാകുന്പോൾ കലശലായ തലവേദനയുണ്ടാകാം. മുഖത്തിന്റെ പാർശ്വഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ട്രൈജെമിനൽ നാഡിയുടെ ക്രമരഹിതമായ ഉത്തേജനവും ദുസ്സഹമായ തലവേദനയ്ക്കു (ട്രൈജെമിനൽ ന്യൂറാർജിയ) കാരണമാകുന്നു. തലവേദന രണ്ടു തരം തലവേദനയെ രണ്ടു വിശാല ഗ്രൂപ്പുകളായി തരം തിരിക്കാം. പ്രാഥമിക (പ്രൈമറി) തലവേദന, ദിതീയ (സെക്കൻഡറി) തലവേദന എന്നിവയാണ്. പ്രൈമറി തലവേദന വ്യക്തമായ കാരണങ്ങളില്ലാതെയുണ്ടാകുന്നതാണു പ്രൈമറി തലവേദന. അതുകൊണ്ടു രോഗലക്ഷണങ്ങളുടെ വൈവിധ്യം കൊണ്ടാണു വേർതിരിച്ചെടുക്കുന്നത്. പ്രാഥമിക തലവേദനകൾ പ്രധാനമായി മൂന്നായി തിരിക്കാം. മൈഗ്രേൻ, ക്ലസ്റ്റർ ഹെഡ്എയ്ക്, ടെൻഷൻ ഹെഡ്എയ്ക് എന്നിവയാണ്. കൂടാതെ കലശലായ ചുമ, രതിമൂർച്ഛ, അതിശൈത്യം തുടങ്ങിയവയും പ്രാഥമിക തലവേദനക്കു കാരണമാകാം. 90 ശതമാനം തലവേദനകളും പ്രാഥമികഗണത്തിൽപ്പെടുന്നു. സെക്കൻഡറി ഹെഡ് എയ്ക് പ്രത്യേകമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്നതാണ് സെക്കൻഡറി ഹെഡ് എയ്ക്. അമിത രക്തസമ്മർദം, തലച്ചോറിലെ ട്യൂമറുകൾ, മസ്തിഷ്ക സ്തരങ്ങളുടെ വീക്കം (മെനിജൈറ്റിസ്), തലച്ചോറിനേൽക്കുന്ന ആഘാതങ്ങൾ (ട്രൗമ), സ്ട്രോക്ക്, മസ്തിഷ്കത്തിലെ രക്തസ്രാവം, സെർവിക്കൽ സ്പോൻഡിലോസിസ്, ഹൈപ്പോ ഗ്ലൈസേമിയ തുടങ്ങിയവയാണ് ദ്വിതീയ തലവേദനയുടെ പ്രധാന കാരണങ്ങൾ. മൈഗ്രേൻ ട്രിഗറുകൾ പ്രൈമറി തലവേദനയുടെ ഉദ്ദീപനഘടകങ്ങളായി പല കാരണങ്ങളും ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മൈഗ്രേൻ ചികിത്സയിൽ ഒൗഷധങ്ങളെക്കാളുപരി ജീവിതശൈലിയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾക്കാണു പ്രാധാന്യം. മൈഗ്രേൻ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങൾ അഥവാ ട്രിഗറുകൾ പ്രസക്തമാണ്. അവയുടെ പ്രകോപനമാണ് മിക്കപ്പോഴും മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതും. മൈഗ്രേൻ സാധ്യതയുള്ള ഒരു രോഗിക്ക് ഇവ പ്രേരണാഘടകമാകുന്നുവെന്നു സാരം. മൈഗ്രേൻ ഉണ്ടാകുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്തും ഇവയെ പരിചയത്തിലൂടെയും കണ്ടുപിടിക്കണം. അസാധാരണമായ ഉത്കണ്ഠ, വിഷാദം, മനക്ലേശം, ക്ഷോഭം, അമിതാധ്വാനം, തളർച്ച, കാലാവസ്ഥാ-പരിസ്ഥിതി വ്യതിയാനം, ദീർഘനേരം ടിവി കാണുക, സൂര്യപ്രകാശം, ചൂടുവെള്ളത്തിൽ കുളിക്കുക, ശബ്ദായമാനമായ അന്തരീക്ഷം, പ്രത്യേക ഗന്ധം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ആർത്തവവിരാമം, ആർത്തവം, ഉപവാസം തുടങ്ങിയവയെല്ലാം സവിശേഷ ട്രിഗറുകളാണ്. എന്നാൽ, ട്രിഗറുകളിൽ ഏറ്റവും പ്രധാനം ഭക്ഷണശൈലിയിൽ പുലർത്തുന്ന സവിശേഷതകൾ തന്നെ. കഴിക്കുന്ന ഭക്ഷണ ഇനങ്ങളും ഭക്ഷണ നേരങ്ങളുമെല്ലാം മൈഗ്രേൻ ഉണ്ടാകുന്നതിന് സുപ്രധാന കാരണങ്ങളാകുന്നുവെന്ന് ഈയടുത്ത കാലത്തു നടന്ന പല പഠനങ്ങളും തെളിയിക്കുന്നു. (തുടരും) ഡോ. ശുഭ ജോർജ് തയ്യിൽ സ്പെഷലിസ്റ്റ് ഇൻ ഹെഡ് എയ്ക് കെയർ, ഹെഡ്എയ്ക് കെയർ സെന്റർ, എറണാകുളം കുട്ടികളിലെ സോറിയാസിസ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കുട്ടിക്കാലം. കളിച്ചും ചിരിച്ചും ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ പലപ്പോഴും രോഗപീഡ കുട്ടികളെയെന്നപോലെ അവരുടെ മാതാപിതാക്കളെയും മാനസിക സമ്മർദത്തിലാഴ്ത്താറുണ്ട്. അത്തരത്തിലൊരു രോഗമാണ് സോറിയാസിസ്. ജനിതകപരമായ കാരണങ്ങൾകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. അച്ഛനോ അമ്മയ്ക്കോ സോറിയാസിസ് ഉണ്ടായാൽ മക്കൾക്കുണ്ടാകാനുള്ള സാധ്യത പതിനാലു ശതമാനമാണ്. എന്നാൽ രണ്ടുപേർക്കും ഈ രോഗം ഉണ്ടായാൽ മക്കൾക്കുണ്ടാകാനുള്ള സാധ്യത നാൽപതു ശതമാനം വരും. കെരാറ്റിനൈസേഷൻ നമ്മുടെ ചർമത്തിൽ നടക്കുന്ന കെരാറ്റിനൈസേഷൻ എന്ന പ്രക്രിയയിൽ നടക്കുന്ന വൈകല്യങ്ങളാണ് സോറിയാസിസിന് കാരണം. എപ്പിഡെർമിസിന്റെ ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന വളരെ വേഗം വിഭജിക്കുന്ന കോശങ്ങൾക്കു രൂപമാറ്റം സംഭവിച്ചാണ് ചർമത്തിന്റെ ഏറ്റവും ഉപരിതലത്തിൽ കാണപ്പെടുന്ന മൃതകോശങ്ങളായ സ്ട്രാറ്റം കോർണിയം ഉണ്ടാകുന്നത്. ഈ പ്രക്രിയയ്ക്കിടയ്ക്കാണ് നമ്മുടെ ചർമത്തിലെ പ്രധാന മാംസ്യങ്ങളായ കെരാറ്റിൻ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ കെരാറ്റിനൈസേഷൻ എന്നു വിളിക്കുന്നത്. സാധാരണയായി ഈ പ്രക്രിയയ്ക്ക് രണ്ടാഴ്ച സമയമെടുക്കും. എന്നാൽ സോറിയാസിസ് ഉള്ളവരിൽ ഈ പ്രക്രിയ ചുരുങ്ങിയ സമയംകൊണ്ട് നടക്കും. തത്ഫലമായി ചർമോപരിതലത്തിൽ മൃതകോശങ്ങൾ കട്ടിപിടിച്ചു കിടക്കുന്നു. ഇത് ചർമോപരിതലത്തിൽ ശൽക്കങ്ങളായി കാണപ്പെടുന്നു. കാരണങ്ങൾ കുട്ടികളിൽ ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ് മാനസിക സമ്മർദം. താങ്ങാൻ കഴിയാത്ത സിലബസ്, കുടുംബാന്തരീക്ഷം, സ്കൂളിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ അസുഖം വരുന്നതിനോ മൂർഛിക്കുന്നതിനോ കാരണമാകാറുണ്ട്. പരീക്ഷക്കാലത്ത് രോഗം വർധിക്കുന്നതും അവധിക്കാലത്ത് ശമിക്കുന്നതും പതിവാണ്. വിദ്യാലയാന്തരീക്ഷവും കുടുംബാന്തരീക്ഷവും തൃപ്തികരമാണെങ്കിൽ പൊതുവേ ഈ അസുഖം പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. സ്ട്രെപ്റ്റോകോക്കസ് മൂലമുള്ള അണുബാധ കുട്ടികളിൽ സോറിയാസിസ് വരുന്നതിനു കാരണമാണ്. ചില മരുന്നുകളുടെ ഉപയോഗം സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാനോ ഉള്ള രോഗം അധികമാകാനോ കാരണമാകാറുണ്ട്. വേദനസംഹാരികൾ, മലേറിയയ്ക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകൾ, വിഷാദരോഗത്തിനെതിരേയുള്ള മരുന്നുകൾ മുതലായവയാണിവ രോഗലക്ഷണങ്ങൾ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ഒരുപോലെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറില്ല. കുട്ടികളിൽ സോറിയാസിസിന്റെ ലക്ഷണങ്ങൾ കാണുന്നത് കാൽമുട്ട്, മുഖം, കൈമുട്ട്, തലയോട്ടി എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ വലിയ ചുവന്ന തടിപ്പുകൾ ചൊറിച്ചിലോടെ പ്രത്യക്ഷപ്പെടുന്നു. തടിപ്പുകൾക്ക് മുകളിൽ വെള്ളിനിറത്തിലുള്ള ശൽക്കങ്ങൾ കാണാം. ഈ ശൽക്കങ്ങൾ അടർത്തിമാറ്റിയാൽ ചർമത്തിൽ രക്തം പൊടിയുന്നത് കാണാം. ചിലയവസരങ്ങളിൽ ചെതുന്പലുകൾ രോമാവൃതമായ ഭാഗങ്ങൾ കടന്ന് നെറ്റിയിലേക്കും കഴുത്തിലേക്കും വ്യാപിച്ചിരിക്കാം. മുതിർന്നവരിൽ നഖങ്ങളിലും സോറിയായിസിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. ചെറിയ അതിസൂഷ്മങ്ങളായ കുഴികൾ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് നഖങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു. തെറ്റിദ്ധാരണകൾ അകറ്റാം ഒന്നിച്ചിരുന്നതുകൊണ്ടോ ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ ഹസ്തദാനം ചെയ്തതുകൊണ്ടോ വിനോദങ്ങളിൽ ഏർപ്പെട്ടതുകൊണ്ടോ സോറിയാസിസ് പകരില്ല. കുട്ടികളിലുള്ള സോറിയാസിസ് മൂലം സഹപാഠികൾ അവരെ ഒറ്റപ്പെടുത്താറുണ്ട്. ഇവയെ പകർച്ചവ്യാധികളെന്നു തെറ്റിദ്ധരിക്കുന്ന സന്ദർഭങ്ങളും ധാരാളം. ഇതെല്ലാം കുട്ടികളിൽ മാനസികസമ്മർദം ഏറുന്നതിനും രോഗം കൂടാനും കാരണമാകാം. ചികിത്സ രോഗത്തിന്റെ സ്വഭാവത്തെപ്പറ്റി അവരെ ബോധവാന്മാരാക്കുക എന്നതാണ് ആദ്യപടി. കുട്ടികളിൽ സിലബസ്, പരീക്ഷകൾ ഇവമൂലമുള്ള മാനസികസമ്മർദം ലഘൂകരിക്കാനുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്. യോഗ, ധ്യാനം എന്നിവ ഇതിനുപകരിക്കും. വേദനസംഹാരികൾ, മാനസികസമ്മർദത്തിനുള്ള മരുന്നുകൾ ഇവ കഴിവതും ഒഴിവാക്കണം. അണുബാധമൂലമുള്ള സോറിയാസിസിന് ആന്റിബയോട്ടിക്കുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ശരീരത്തിന് എണ്ണമയം പ്രദാനം ചെയ്യുന്ന ലേപനങ്ങൾ കൂടെക്കൂടെ പുരട്ടണം. ഭക്ഷണരീതി ഉപവാസവും കലോറിമൂല്യം കുറഞ്ഞ ഭക്ഷണവും സോറിയാസിസിന്റെ കാഠിന്യം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അനവസരത്തിലുള്ള ഭക്ഷണം ഒഴിവാക്കണം. ടിവി കാണുന്പോൾ വല്ലതും കൊറിച്ചുകൊണ്ടിരിക്കുക നമ്മിൽ പലരുടെയും ശീലമാണ്. കൂടാതെ കലോറികമൂല്യം കുറഞ്ഞ ഭക്ഷണംതന്നെ ശീലമാക്കണം. ദുർമേദസ് ഉള്ളവരിൽ സോറിയാസിസ് വരാനും വർധിക്കാനും സാധ്യതയുണ്ട്. ഒമേഗ 3 ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മത്സ്യങ്ങളിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,കണ്ണൂർ ഫോണ്: 04972 727828 ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കാം അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടഞ്ഞ് രാജ്യം കാക്കുന്നതിനു സൈന്യമുള്ളതുപോലെ രോഗാണുക്കളിൽ നിന്നു നമ്മെ സംരക്ഷിക്കുന്നതിനു ശരീരത്തിനും അതിന്റേതായ പ്രതിരോധതന്ത്രങ്ങളുണ്ട്. എന്നാൽ, പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്രതിരോധശേഷി ദുർബലമാക്കുന്നു. ജീവിതശൈലിയിലും ആഹാരക്രമത്തിലും ശ്രദ്ധിച്ചാൽ പ്രതിരോധ സംവിധാനത്തിന്റെ കരുത്തുകൂട്ടാം. രോഗപ്രതിരോധശക്തി നമുക്കു ചുറ്റുമുളള ബാക്ടീരിയ, വൈറസ്, മൈക്രോബുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുക്കളെ തടയാനുളള ശരീരത്തിന്റെ സംവിധാനമാണ് രോഗപ്രതിരോധശക്തി. പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനങ്ങളിലൂടെയാണ് ശരീരത്തിൽ അതു സാധ്യമാകുന്നത്. കോശങ്ങൾ, കോശസമൂഹങ്ങൾ, അവയവങ്ങൾ എന്നിവയുൾപ്പെട്ട ഒരു നെറ്റ് വർക്കാണ് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ. വെളുത്ത രക്താണുക്കൾ അഥവാ ല്യൂകോസൈറ്റ്സ് പ്രതിരോധവ്യവസ്ഥയുടെ ഭാഗമാണ്. സ്പ്ളീൻ, ബോണ്മാരോ എന്നിവയുൾപ്പെടെ നിരവധി ശരീരഭാഗങ്ങളിൽ ല്യൂകോസൈറ്റ്സ് കാണപ്പെടുന്നു. ആമാശയത്തോടുചേർന്നു കാണപ്പെടുന്ന സ്പ്ളീൻ എന്ന അവയവം രക്തം അരിക്കുന്നു; പ്രതിരോധവ്യവസ്ഥയെ ബലപ്പെടുത്തുന്നു. അണുബാധ തടയുന്നു. (അസ്ഥിക്കുളളിലുളള കട്ടിയേറിയതും സ്പോഞ്ച് പോലയുളളതുമായ ജെല്ലിയാണ് ബോണ്മാരോ. )ജീവനുതന്നെ ഭീഷണിയായേക്കാവുന്ന അണുബാധ ചെറുക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തണം. അതിനാണു കുഞ്ഞുങ്ങൾക്കു ജനനം മുതൽ നിശ്ചിതപ്രായം വരെ വാക്സിനുകൾ നല്കുന്നത്. ചില രോഗങ്ങൾ തടയുന്നതിനു വാക്സിനുകൾ ഗുണപ്രദം. ജീവിതശൈലി, ആഹാരക്രമം ജീവിതശൈലിയിലും ആഹാരക്രമത്തിലും ചിലതു ശ്രദ്ധിച്ചാൽ ശരീരത്തിന്റെ പ്രതിരോധസംവിധാനം ഫലപ്രദവും കാര്യക്ഷമവുമാകും. പുക വലിക്കരുത്; പരോക്ഷപുകവലിയും ആരോഗ്യത്തിനു ഹാനികരം. മദ്യപിക്കരുത്. വ്യായാമം ശീലമാക്കണം. ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കണം ശരീരഭാരം അമിതമാകരുത്. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രിതമാക്കണം. മുട്ട, മാംസം, മീൻ തുടങ്ങിയവ മതിയായ താപനിലയിൽ വേവിച്ചു കഴിക്കണം. എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ മിതമായി മാത്രം ഉപയോഗിക്കണം. കൈകൾ സോപ്പ് തേച്ചു കഴുകണം. കൊഴുപ്പു കുറഞ്ഞ വിഭവങ്ങൾ കഴിക്കണം. ഡയറ്റും പ്രതിരോധശക്തിയും ആഹാരക്രമത്തിനു(ഡയറ്റ്) പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്. വെളുത്തുള്ളി വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കുന്നതിൽ മുന്തിയ കഴിവാണുളളത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി വെളുത്തുളളിക്കുണ്ടെന്നു ലബോററി പരീക്ഷണങ്ങളുടെ പിൻബലത്തോടെ ഗവേഷകർ പറയുന്നു. കാൻസർ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി സഹായകമെന്നു പഠനം. ജലദോഷം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ളീറോസിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും വെളുത്തുളളി സഹായകം. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിതമാക്കുന്നതിനും വെളുത്തുളളി ഫലപ്രദം. ഗ്രീൻ ടീ ഗ്രീൻ ടീ ശീലമാക്കുന്നതും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും. പോളിഫീനോൾസ് എന്നറിയപ്പെടുന്ന ആൻറി ഓക്സിഡൻറുകൾ ഗ്രീൻടീയിൽ സമൃദ്ധം. പ്രത്യേകിച്ചും എപി ഗാലോ കേയ്റ്റ് ചിൻ 3 ഗാലേറ്റ് - ഇജിസിജി- എന്ന ആൻറി ഓക്സിഡൻറ്. ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾക്കു പിന്നിൽ അതിനുളള പങ്ക് ചില്ലറയല്ല. ഗ്രീൻ ടീ ശരീരത്തിനു കൂടുതൽ ഉൗർജം നല്കുന്നു. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു. ക്ഷീണമകറ്റുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയർ എന്നിവ കുറയ്ക്കുന്നതിനും സഹായകം. ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. * ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവ തടയുന്നു. ഫംഗസ് രോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. പതിവായി ഗ്രീൻ ടീ കഴിക്കുന്നത് യുവത്വം നിലനിർത്തുന്നതിനും സഹായകം. ഗ്രീൻ ടീയിൽ വിറ്റാമിൻ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയ പോഷകങ്ങളുമുണ്ട്. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോർട്ട്. കുടൽ, പാൻക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ആരോഗ്യമുളള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. ഗ്രീൻ ടീയിലെ ആൻറി ഓക്സിഡൻറുകളാണ് ഇവിടെ തുണയാകുന്നത്. പക്ഷേ, ഗ്രീൻ ടീയിൽ പാലൊഴിച്ചു കഴിച്ചാൽ ഫലം കുറയും. തേൻ തേൻ കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. തേൻ ആൻറിഓക്സിഡൻറാണ്. മൈക്രോബുകൾ, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ തടയുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തൊണ്ടപഴുപ്പ്, ചുമ മുറിവുകൾ, പൊളളൽ തുടങ്ങിയവ സുഖപ്പെടുത്തുന്നു. തേനിൽ ഇഞ്ചിനീരു ചേർത്തു കഴിക്കുന്നതും ഗുണപ്രദം. ഇഞ്ചി ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളെ സംരക്ഷിക്കുന്ന ആൻറിഓക്സിഡൻറ്ഗുണം ഇഞ്ചിക്കുണ്ട്. അണുബാധ തടയുന്നു. മൈക്രോബുകൾ, ബാക്ടീരിയ എന്നിവയെ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ആമാശയ ആരോഗ്യം നിലനിർത്തുന്നതിനും ഇഞ്ചി സഹായകം. തൊണ്ടവേദനയകറ്റുന്നതിനു ഫലപ്രദം. കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇഞ്ചിനീരും തേനും ചേർത്തു കഴിക്കുന്നതു പ്രതിരോധശക്തി മെച്ചപ്പെടുത്തും. ചായ തയാറാക്കുന്പോൾ അല്പം ഇഞ്ചി കൂടി ചതച്ചുചേർക്കുന്നത് ഉത്തമം. ഇഞ്ചി ചേർത്ത ചായ പതിവാക്കുന്നതു പ്രതിരോധസംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു തൈര് തൈരിലുളള ബൈഫിഡോ ബാക്ടീരിയം ലാക്റ്റിസ് എന്ന മിത്ര ബാക്ടീരിയ പ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറസ്, ഉപദ്രവകാരികളായ ബാക്ടീരിയ എന്നിവയ്ക്കതിരേയുളള പോരാങ്ങൾക്കു കരുത്തുപകരുന്നു. അവശ്യംവേണ്ട പോഷകങ്ങൾ വലിച്ചെടുക്കുന്നതിനും മിത്ര ബാക്ടീരിയം ശരീരത്തിനു സഹായകം. തൈര് ശീലമാക്കിയാൽ കുടലിൽ അണുബാധയ്ക്കുളള സാധ്യത കുറയ്ക്കാം. വിവിധതരം വൈറസ് അണുബാധ തടയാം. ദഹനം മെച്ചപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെച്ചപ്പെടുത്തും.. അവയിലുളള വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും രോഗാണുക്കള തുരത്താനുളള ശേഷി മെച്ചപ്പെടുത്തുന്നു. എന്നാൽ, ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളാണ് ആരോഗ്യജീവിതത്തിനു വേണ്ടത്. പച്ചയ്ക്കും ജ്യൂസാക്കി കഴിക്കാനും സുരക്ഷിതം ജൈവരീതിയിൽ വിളയിച്ചവതന്നെ. കാരറ്റ് ജ്യൂസാക്കി കഴിക്കാം. കാരറ്റിലുളള ബീറ്റ കരോട്ടിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു. വിറ്റാമിൻ എ രോഗപ്രതിരോധ വ്യവസ്ഥയിൽ നിർണായ പങ്കുവഹിക്കുന്നുണ്ട്. അന്യപദാർഥങ്ങളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന വെളുത്ത രക്തകോശങ്ങളുടെ പ്രവർത്തനമികവിനും വിറ്റാമിൻ എ സഹായകം. ഓറഞ്ച്, മുന്തിരങ്ങ, നാരങ്ങ തുടങ്ങിയവയിലുളള വിറ്റാമിൻ സി എന്ന ആന്റിഓക്സിഡൻറ് ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ശരീരത്തിൽ കടന്നുകൂടുന്ന രോഗകാരികളായ അന്യപദാർഥങ്ങളാണ് ആൻറിജനുകൾ. അവയെ നശിപ്പിക്കുന്ന ആൻറിബോഡികളുടെ ഉത്പാദനത്തിന് വിറ്റാമിൻ സി സഹായകം. വിറ്റാമിൻ എയും സിയും അടങ്ങിയ പച്ചക്കറികളും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ആമാശയത്തിനു തുണയായ് പപ്പായ പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.. പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു. കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം. പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടിയാൽ വളരെവേഗം മുറിവുണങ്ങും. ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. ഉൗർജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയിൽ നിന്നു നിരവധി മരുന്നുകൾ നിർമിക്കുന്നുണ്ട്. ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും? അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളിൽ സൃഷ്ടികർത്താവിന്റെ ഈ കരവിരുത് ദൃശ്യമാണെങ്കിലും ഉദാത്തസൃഷ്ടിയായ മനുഷ്യനിൽ അതിന്റെ തികവാർന്ന സന്പൂർണത നമുക്ക് കാണാൻ കഴിയും. ജീവികളുടെ ദഹനപ്രക്രിയയിൽ അടുക്കും ചിട്ടയുമുള്ള ദഹനഗ്രന്ഥികളുടെ പ്രവർത്തനം തന്നെ ഉദാഹരണം. ജീവന്റെ നിലനിൽപ്പിനാവശ്യമായ ആഹാരം ഉമിനീരുമായി കൂടിക്കലർന്ന് ആമാശയത്തിലെത്തുന്നു. തുടർന്നുദഹനപ്രക്രിയ പുരോഗമിക്കുന്നു. ഇതിനാവശ്യമായ ഉമിനീര് ഉമിനീർ ഗ്രന്ഥികളാണ് ഉത്പാദിപ്പിക്കുന്നത്. നിർദിഷ്ട സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈ സ്രവമാണ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഉമിനീരിൽ ധാരാളം മൂലകങ്ങൾ നിറഞ്ഞിരിക്കുന്നു. (ഇവയിൽ ചിലത്... ജലം, കാറ്റയോണ്സ്, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ആനയോണ്സ്, ക്ലോറിൻ, മ്യൂസിൻ, ഇമ്മ്യൂണോഗ്ലോബിൻ, കാലിക്രീൻ, ഹോർമോണുകൾ, എപിഡേർമൽ ഗ്രൗത്ത് ഫാക്ടർ, പ്രോആർജിനിൽ, എൻസൈമുകൾ (ആൽഫ അമിലേയ്സ്, ലിൻഗ്വൻ ലൈപേയ്സ്, ടയലിൻ തുടങ്ങിയവ), ഒപ്പിയോർഫിൻ, സെല്ലുലാർ എൻസൈമുകൾ, വാതകങ്ങൾ, ഓക്സിജൻ, നൈട്രജൻ, കാർബണ് ഡൈയോക്സൈഡ്, യൂറിയ, യൂറിക് ആസിഡ്, പ്രൊട്ടീൻ, ഫോസ്ഫേറ്റ്, ഗ്ലോബുലിൻ) തെളിഞ്ഞതും ജലമയമുള്ളതും രുചിയുള്ളതുമായ ഉമിനീര് നാവിനെ പ്രവർത്തന നിരതമാക്കി നിലനിർത്തുന്നു. ഉമിനീര് നമ്മുടെ ശരീരത്തിനുള്ളിൽതന്നെ ഉത്പാദിപ്പിക്കുന്നതിനാൽ ദൂഷ്യഫലങ്ങൾ ഇവയിൽ നിന്നുണ്ടാകുന്നില്ല. ഉമിനീര് ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തിൽ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഗസ്റ്റിൻ മുതലായ ഫോർമോണുകൾ രുചിവ്യത്യാസങ്ങൾ വിവേചിച്ച് മനസിലാക്കാൻ സഹായിക്കുന്നു. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങൾ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തിൽനിന്നു ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു. ദിവസേന ഉമിനീരിന്റെ ഉത്പാദന നില 0.75 മുതൽ 1.5 മില്ലി ഉമിനീരിന്റെ അളവിലുള്ള വ്യതിയാനങ്ങൾ ധാരാളം രോഗങ്ങൾക്കു കാരണമാകുന്നു. ഉമിനീരിന്റെ അളവ് കുറഞ്ഞാൽ 1. ഡിറോസ്റ്റോമിയ (ഉണങ്ങിയ വായ) ധാരാളമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. പ്രായമായവരിലാണ് കൂടുതലായി കാണുന്നത്. ചില മരുന്നുകളുടെ പാർശ്വഫലമായും ഇത് കാണപ്പെടുന്നു. ഉദാ. ആന്റി ഹൈപ്പർടെൻസീവ്, ഡിക്കോസ്റ്റൻസ്, ആന്റി ഹിസ്റ്റോമിക് മരുന്നുകൾ അധിക തോതിലുള്ള മരുന്നുകളുടെ ഉപയോഗം മൂലവും ഈ രോഗാവസ്ഥ ഉണ്ടാകുന്നു. വെപ്പുപല്ല് ഉപയോഗിക്കുന്നവരിൽ ഉമിനീരിന്റെ അളവു കുറയുന്നതുമൂലം പല്ല് സെറ്റ് വായിൽ ഇരിക്കാതെ വരികയും അതുമൂലം അസ്വസ്ഥതയുണ്ടാകുകയും ചെയ്യുന്നു. രോഗലക്ഷണം ഉമിനീരിന്റെ കട്ടി കൂടുകയും അളവ് കുറയുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുവാനും വിഴുങ്ങുവാനുമുള്ള ബുദ്ധിമുട്ട്.ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നു. ചികിത്സാ രീതികൾ ഇടയ്ക്കിടെ വെള്ളം കുടിക്കുക. ഉമിനീരിന്റെ അളവ് കൂട്ടുന്ന മരുന്നുകൾ ഉപയോഗിക്കുക. ഉദാ: പിലോകൾച്ചർ, സിറിക് മാലൻ, ഹൈഡ്രോക്ലോറൈഡ്, സാൽവേ സബ്സ്റ്റിറ്റ്യൂട്ട്സ്, ഓർബിറ്റ് പോലുള്ള ചൂയിംഗം. 2. ജോഗ്രൻസ് സിൻഡ്രം ഉമിനീർ, നേത്ര ഗ്രന്ഥികളെയാണ് ഈ അസുഖം ബാധിക്കുന്നത്. ഇതുമൂലം ഉമിനീര്, കണ്ണുനീര് തുടങ്ങിയവയുടെ ഉത്പാദനം കുറയുകയും ചെയ്യുന്നു. കാരണങ്ങൾ പാരന്പര്യം, ഹോർമോണ് വ്യതിയാനം, അനുബാധ, ശരീരത്തിലെ പ്രതിരോധ ശേഷിക്കുറവ്. രോഗലക്ഷണം ഉമിനീരിന്റെ അളവ് കുറയുന്നതുവഴി ഉണങ്ങിയ വായ്. ഇതുമൂലം ആഹാരം ചവച്ച് അരയ്ക്കുന്നതിനും ഭക്ഷണത്തിന്റെ രുചി തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകുന്നു. ദന്തക്ഷയം കൂടുതലായി ഉണ്ടാകുന്നു. ചില രോഗങ്ങളിൽ ഈ അസുഖം മൂലം ഉമിനീര് ഗ്രന്ഥികളിൽ നീര് ഉണ്ടാകുന്നതായി കാണപ്പെടുന്നു. ഈ നീര് വേദനാരഹിതമായിരിക്കും. വരണ്ട കണ്ണുകൾ കാരണം അവ്യക്തമായ കാഴ്ചയും കണ്ണുവേദനയും ഉണ്ടാകുന്നു. ഈ രോഗാവസ്ഥ മൂലം ശരീരചർമത്തിന്റെ ഈർപ്പം നഷ്ടപ്പെടുകയും ചർമരോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ചികിത്സകൾ കൃത്രിമ കണ്ണുനീർ, ഉമിനീർ മുതലായ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. 3. സൈനസിനോസിസ് ഉമിനീർ ഗ്രന്ഥികൾ അമിതമായി വികസിക്കുന്ന രോഗാവസ്ഥയാണിത്. പ്രമേഹ രോഗികൾ, പോഷകക്കുറവുള്ളവർ, മദ്യപാനികൾ, ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നവരിലും കൂടുതലായി കാണപ്പെടുന്നു. ലക്ഷണങ്ങൾ ഗ്രന്ഥികളിൽ വേദനരഹിതമായ നീർക്കെട്ട് ഉണ്ടാകുന്നു. പാർട്ടൽ ഗ്രന്ഥികളിലാണ് കൂടുതലായി നീർക്കെട്ട് കാണപ്പെടുന്നത്. ചികിത്സകൾ ഈ രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്തി ആദ്യം അതിന് ചികിത്സ നേടുക (ഉദാ. പ്രമേഹം ഉള്ളവരിൽ അതിനെ ആദ്യം ചികിത്സ ചെയ്യുക) ഉമിനീർ കൂടുതലായി ഉണ്ടാകാൻ സഹായിക്കുന്ന പിലോകഫിൻ മരുന്നുകൾ ഉപയോഗിക്കുക. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങൾ പല്ലുകളെ സംരക്ഷിക്കാനും അണുക്കളുടെ ആക്രമണത്തിൽനിന്നു ഒരു പരിധിവരെ രക്ഷിക്കാനും സഹായിക്കുന്നു. ഉമിനീര് ശരിയായ ദഹനപ്രക്രിയയെ വളരെ അധികമായി സഹായിക്കുന്നു. ഈ സ്രവത്തിൽ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. സൈലോലിത്തിയാസിസ് - ഉമിനീർ, ഗ്രന്ഥികളിൽനിന്ന് വായിലേക്ക് പ്രവഹിക്കാൻ സഹായിക്കുന്ന കുഴലുകളിൽ കല്ലുകൾ ഉണ്ടാകുന്നു. രോഗലക്ഷണം * ഭക്ഷണം കഴിക്കുന്നതിനു മുന്പോ പിൻപോ ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന ചെറിയ വേദന * കൂടാതെ ഉമിനീർ ഗ്രന്ഥികളിൽ മുഴ കാണപ്പെടുന്നു.മുഴകൾ, മുകൾ ചുണ്ടിലാണ് കൂടുതലായി കാണപ്പെടുന്നത്.നാക്കിലും കീഴ്ചുണ്ടിലും അണ്ണാക്കിലും മുഴ കാണപ്പെടുന്നു. ചികിത്സ ആന്റിബയോട്ടിക് മരുന്നുകൾ (ഉദാ. നാഫുലിൻ) അണുബാധ കുറയ്ക്കുന്നു. വലിയ മുഴകൾ (കല്ലുകൾ) നീക്കാൻ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കു പകരമായി പ്രിസോലൂട്ടീവ് ഷോക്ക് വേവ് ലിതോറോട്രോപ്സി ചെയ്യാവുന്നതാണ്. ഡൈലഡിനെറ്റീവ് വൈറസുകൾ, ബാക്ടീരിയകൾ എന്നിവ മൂലം ഇടയ്ക്കിടെയുണ്ടാകുന്ന വേദനയുളവാക്കുന്ന ഉമിനീർഗ്രന്ഥികളിലെ മുഴകളാണിത്. ഉമിനീരിന്റെ അളവ് കുറയുന്നു. ഈ രോഗം ബാധിക്കുന്ന ഗ്രന്ഥികളിൽ മുഴകളും വേദനകളും അനുഭവപ്പെടുന്നു. ചില നേരങ്ങളിൽ ഉമിനീർ ഗ്രന്ഥികളിൽനിന്ന് പഴുപ്പ് പുറപ്പെടുന്നു. ചികിത്സ ധാരാളം വെള്ളം കുടിക്കുക, ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക, പഴുപ്പുള്ള ഗ്രന്ഥികളിൽനിന്ന് ആദ്യം പഴുപ്പ് നീക്കം ചെയ്യുക, വലിയ മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുക. ഉമിനീരിന്റെ അളവ് കൂടുന്പോൾ ഉണ്ടാകുന്ന രോഗം. സൈലോറിയ - അമിത തോതിലുള്ള ഉമിനീരിന്റെ ഉത്പാദനം ചികിത്സകൾ ആന്റികൊളോറണിക് മരുന്നുകൾ ഉപയോഗിക്കുക, ട്രാൻസ്ഡുമൽ സ്കോപ്ളർ, സ്പീച്ച് തെറാപ്പി, ശസ്ത്രക്രിയകൾ. ഉമിനീർ ഗ്രന്ഥികളിൽ ഉണ്ടാകുന്ന കാൻസർ രോഗങ്ങൾ മാരകമായ കാൻസർ രോഗങ്ങൾ- പ്ലിയേമോർഫിക്ക് അഡിനോമ, മയോ എപ്പിത്തീലിയോമ, ബൈസൻസെൽ കാർസിനോ, വാർട്ടിൻ ട്യൂമർ, കാൻകോസൈറ്റോമ, ഡെബേഷ്യസ് അഡിനോമ, ഡക്റ്റണ് പപ്പിലോമാസ്, പാപ്പിമലറി സിസ്റ്റഡിനോമ, സൈലോ ബ്ലാറ്റ്റ്റോമ. മാരകമായ കാൻസർ രോഗങ്ങൾ - സ്ഖ്യാമസ് സെൽ കാർസിനോ, മ്യൂകോ എപ്പിടെർമോയിസ് കാർഡിനോ, അഡിസക്സ് ഡിസ്റ്റിക് കോർഡിനോമ, ബൈസൽസെൽ അസിനോ കാർഡിനോ, ഓക്കോസിസ്റ്റിക് കാർഡിനോമ, സെബേഷ്യസ് അഡിനോകാ കസിനോമ. രോഗനിർണയം സിലോഗ്രാഫി, ഹിസ്റ്റോപത്തോളജി, എക്സറേ, ബയോപ്സി, സിടി, എംആർഐ സ്കാൻ. ചികിത്സകൾ മദ്യപാനം, പുകവലി മുതലായ ദൂഷ്യസ്വഭാവങ്ങൾ നിർത്തുക. ശസ്ത്രക്രിയകൾ, റേഡിയേഷൻ തെറാപ്പി, സിമോതെറാപ്പി, ഇടയ്ക്കിടക്കുള്ള തുടർ പരിശോധനകൾ. ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, ഫോണ് 9447219903 drvinod@dentalmulamoottil.com www.dentalmulamoottil.com കടപ്പാട്: ദീപിക