നാടന്‍ മരുന്നുകള്‍

നമ്മുടെ വീട്ടിലും പരിസരത്തുമായുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായ സസ്യചോതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഔഷധങ്ങളെയും മരുന്നായി ഉപയോഗിച്ചു. ഈ ഔഷധങ്ങളെനേരിട്ട് മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണ് ഉപയോഗിച്ചിരുന്നത്.

തുമ്മലിന്:

തുമ്മലിന് പൂവാങ്കുറുന്നില, കരിംജീരകം എന്നിവയിട്ട് മൂപ്പിച്ചരിച്ച വെളിച്ചെണ്ണ തേച്ച് കുളിക്കുക. രാസ്നാദി പൊടി തിരുമ്മുക. ചുക്ക്, കുരുമുളക്, തിപ്പല്ലി, പൂശ്ക്കരമൂലം എന്നിവ പൊടിച്ച് കിടക്കുന്നതിനു മുമ്പ് കഴിക്കുക.

ചുമയ്ക്ക്:

ചുവന്നുള്ളി ചെറുതായി അരിഞ്ഞ് കല്‍ക്കണ്ടം കൂട്ടി സേവിക്കുന്നതും, കുരുമുളകു പൊടിച്ചെടുത്തു തേനില്‍ ചാലിച്ച് സേവിക്കുന്നതും ചുമയ്ക്ക് ആശ്വാസം കിട്ടുന്നതിന് നല്ലതാണ്.

മഴക്കാലരോഗങ്ങള്‍

തുളസിയില, കുടങ്ങല്‍ സമൂലം, കുരുമുളക്, ചുക്ക്, ജീരകം, മല്ലി ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് മഴക്കാലരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

ആസ്തമാ രോഗികള്‍ക്ക്

തുളസിനീരില്‍ സമം തേനും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പലപ്രാവശ്യം കഴിക്കുന്നത് ആസ്തമാ രോഗികള്‍ക്ക് നല്ലതാണ്.

പനി

ചുക്ക്, രാമച്ചം, മുത്തങ്ങ, ചിറ്റാമൃത്, ജീരകം ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍ പനി മാറുന്നതാണ്.

വളംകടി

തെങ്ങിന്റെ തൊലി ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി തേച്ചാല്‍ വളംകടി ശമിക്കും.

അജീര്‍ണം

അയമോദകം വറുത്ത് പൊടിച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അജീര്‍ണം മാറും.

പനി, ശ്വാസം മുട്ടല്‍

ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം ഉള്ളിനീരും അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവ ശമിപ്പിക്കും.

നാടന്‍ ചികിത്സകള്‍

നേത്രപടലരോഗം

നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചെടുത്ത ചാറ് വേപ്പിലച്ചാറില് ചാലിച്ച് കണ്ണില്‍ എഴുതിയാല്‍ നേത്രപടലത്തിനുണ്ടാകുന്ന രോഗങ്ങള്‍ മാറിക്കിട്ടും.

കണ്ണിന് ചുവപ്പ്

പൂവാംകുറന്തല് തേനും ചേര്‍ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക.

ജ്വരം

ഞെരിഞ്ഞില്‍, വയമ്പ്, കടുക്കത്തോട്, കടുക്, കുന്തിരിക്കം എന്നിവയോടൊപ്പം വേപ്പിലയും നെയ്യും ചേര്‍ത്ത് ഒരു ചട്ടിയില്‍ തീക്കനലിട്ട് മീതെ കുറേശ്ശെ പൊടിയിട്ട് പുകയേല്‍ക്കുന്നത് ജ്വര ബാധിത രോഗികള്‍ക്ക് അത്യുത്തമമാണ്.

ചോരക്കുരു

ചുമര് അരച്ചിടുക. ഉപ്പും പുളിങ്ങയും ചേര്‍ത്തിടുക. ഉപ്പ്, വറ്റ് എന്നിവയും ചേര്‍ത്തിടാം.

ഇക്കിള്

തുമ്പപ്പൂവരച്ച് മോരില്‍ സേവിക്കുക.

മുഖക്കുരു

തുളസിനീര് മുഖത്ത് പുരട്ടുക.

വിളര്‍ച്ച

കുരുമുളകിട്ട് പാല് തിളപ്പിച്ച് കുടിച്ചാല്‍ വിളര്‍ച്ച മാറും.

മോണരോഗം

ഇഞ്ചിനീരില് ഉപ്പ് ചേര്‍ത്ത് കവിള് കൊണ്ടാല്‍ മോണരോഗം ശമിക്കും.

ശരീരവേദന

പുത്തരിചുണ്ടയുടെ വേര് തിളപ്പിച്ച് കുടിക്കുക.

വട്ടച്ചൊറി

പച്ചപപ്പായയുടെ പാല് പുരട്ടുക.

തൊണ്ടമുഴ

മുയല്ചെവിയന് (ദശപുഷ്പങ്ങളില്‍ ഒന്ന്) എണ്ണ കാച്ചി തടവുക.

മനംമറിച്ചില്‍

ചെറുനാരങ്ങാനീരില് അല്പാല്പമായി കഴിക്കുക. ജീരകമോ തുളസിയിലയോ ചവച്ച് നീരിറക്കുക, ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിക്കുക.

ചില നാട്ടറിവുകള്‍

പുളിച്ചു തികട്ടല്‍

ചെറുവഴുതിന വേര്, ആടലോടകത്തിന് വേര്, ചിറ്റമൃത് എന്നിവ സമം കഷായം വെച്ചു തേന്‍ മേമ്പൊടി ചേര്‍ത്തു കഴിക്കുക.

വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുക.

കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലിപ്പത്തില്‍ കാച്ചിയ ആട്ടിന്‍ പാലിന്റെ കൂടെ രാവിലെ സേവിക്കുക.

മുന്തിരി പതിവായി കഴിക്കുക.

കരിംജീരകം കഷായം വെച്ചു വെളുത്തുള്ളി നീര് ചേര്‍ത്തു കഴിക്കുക.

നെഞ്ചെരിച്ചില്‍

പെരും ജീരകമോ കൊത്തംമല്ലിയോ അല്പാല്പമായി പലവട്ടം ചവച്ചിറക്കുക.

ഒരു വെറ്റില അല്പം ഉപ്പും ജീരകവും കൂട്ടി സാവധാനം ചവച്ചിറക്കുക.

ചെന്നിക്കുത്ത്

തണുത്ത വെള്ളം കൊണ്ടോ ആറിയ പാല് കൊണ്ടോ ചെന്നിക്കുത്തുള്ള ഭാഗത്തു ധാര ചെയ്യുക. കഞ്ഞുണ്ണി നീര് നസ്യം ചെയ്യുക.

തലവേദന

കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍ വേര് പാലില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക.

നെല്ലിക്കാ തൊലി പാലില്‍ അരച്ചു നെറ്റിയില്‍ പുരട്ടുക.

തങ്കാവേര് മുലപ്പാലില്‍ അരച്ച് നെറ്റിയില്‍ ഇടുക.

തേറ്റാം പരല്‍ കോഴിമുട്ടയുടെ വെള്ളയില്‍ അരച്ച് നെറ്റിയില്‍ ഇടുക.

നിലവാര് കുത്തിപ്പിഴിഞ്ഞ നീര് തലവേദന വലതു ഭാഗത്താണെങ്കില്‍ ഇടത്തെ ചെവിയിലും മറിച്ചാണെങ്കില്‍ വലത്തെ ചെവിയിലും ഒഴിക്കുക.

പനി

ചുക്ക്, കുരുമുളക്, കടുക്കമൂലി, കടുംജീരകം എന്നിവയെടുത്ത് കഷായം ഉണ്ടാക്കി കുടിക്കുക. കൃഷ്ണ തുളസി അരച്ചു കുടിച്ചാല്‍ പനി പെട്ടന്ന് ഭേദപ്പെടും.

വിരേചനം

ആറു ഗ്രാം കടുക്കതോടു പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി അതിരാവിലെ കുടിക്കുക.

ഉദരകൃമി

കണിക്കൊന്നയുടെ തോല് 100 ഗ്രാം ഇടിച്ച് രണ്ടു ഗ്ലാസ്സ് വെള്ളത്തില്‍ കാച്ചി നാലിലൊന്നാക്കി അതിരാവിലെ കഴിക്കുക.

ആര്യവേപ്പില നീര് 10 മില്ലിയും അത്ര തന്നെ തേനും ചേര്‍ത്ത് രാവിലെയും വൈകിട്ടും മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുക.

വയറിനകത്തെ കുരു കീഴാര്‍ നെല്ലി അരച്ച് മോരില്‍ ചേര്‍ത്തി കുടിച്ചാല്‍ വയറിനകത്തെ കുരു മാറും.

നാഡീബലം

കറുകയുടെ പച്ചനീര് പത്തുമില്ലി വീതം രാവിലേയും വൈകിട്ടും കഴിക്കുക.അമുക്കരത്തിന്റെ വേര് ഇടിച്ചുപൊടിച്ചത് പാലില്‍ കലക്കി കുടിക്കുക.

ധാതുക്ഷയം

അടപതിയന്‍ വേര് പാലില്‍ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂര്‍ണ്ണം ആറു ഗ്രാം വീതം കലക്കി ദിവസവും രാത്രി സേവിക്കുക.

ദുര്‍മേദസ്സ്

ഒരു ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ 10 മില്ലി തേനും ചേര്‍ത്ത് പതിവായി രാവിലെ കഴിക്കുക. ഉങ്ങിന്പൂവ് ഭക്ഷിക്കുക.

രക്ത സമ്മര്‍ദ്ദം

അമല്‍പൊരിയുടെ ഉണങ്ങിയ വേര് പൊടിച്ചുണ്ടാക്കിയ ചൂര്‍ണ്ണം ഒരു ഗ്രാം ത്രിഫല ചൂര്‍ണ്ണവുമായി ചേര്‍ത്ത് ദിവസം രണ്ടു നേരവും കഴിക്കുക.

ചര്‍മ്മ രോഗങ്ങള്‍

അമുക്കരത്തിന്റെ ഇല അരച്ച് ബാഹ്യലേപമായി ഉപയോഗിക്കുക.വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

ദീര്‍ഘകാല യൌവ്വനം

കടുങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത രസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്തുണ്ടാക്കുന്ന ഔഷധം കല്ക്കവും രസവുമായെടുത്ത് നെയ്യ് കാച്ചി പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിക്കുക.

രോഗങ്ങളും ഔഷധ ചേരുവകളും

ജലദോഷം, നീരിറക്കം

കുളികഴിഞ്ഞ് രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക. ജലദോഷവും തലനീരിറക്കവും നിശ്ശേഷം മാറുന്നതാണ്.

മുട്ടുവേദന

കരിനൊച്ചിയില അരച്ചിട്ടാല്‍ മുട്ടുവേദന മാറും.

മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് പശുവിന് പാലില്‍ കലക്കി സേവിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ വിശേഷമാണ്.

ദഹനക്കേട്, വായുകോപം

ഇഞ്ചിനീര്, നാരങ്ങാനീര് ഇവ ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടും വായുകോപവും മാറും.

മുണ്ടിനീരിന് (തലനീര്)

പ്ലാ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി.

കുരുക്കള്‍

വിങ്ങിപ്പൊട്ടിയ കുരുക്കളില്‍ നിന്ന് പഴുപ്പു പൂര്‍ണ്ണമായും പോയില്ലെങ്കില്‍ മുളമ്പഞ്ഞി വെയ്ക്കാവുന്നതാണ്.

നടുവേദന

ആവണക്കെണ്ണയും കരിനൊച്ചിയിലയുടെ ചാറും സമാസമം ചേര്‍ത്തു സേവിക്കുന്നത് നടുവേദന കുറയാന്‍ സഹായിക്കും.

മോണപഴുപ്പ്

മല്ലിയുടെ ഇല ചവച്ചുതുപ്പിയാല്‍ മോണപഴുപ്പ് ശമിക്കും.

പ്രസവാനന്തരമുള്ള നടുവേദന

ഉലുവ കഞ്ഞിവെച്ച് കുടിച്ചാല്‍ പ്രസവാനന്തരമുള്ള നടുവേദനയും ക്ഷീണവും മാറും.

മുറിവ്

മുക്കുറ്റിയുടെ വിത്ത് അരച്ച് പുരട്ടിയാല്‍ മുറിവ് ഉണങ്ങും. മുറിവിന് മുളയുടെ മൊരിയും നൂറും ചാലിച്ച് പുരട്ടുക.

രക്താര്‍ശസ്സ്

പാവയ്ക്കയുടെ വേര് അരച്ച് മോരില്‍ ചേര്‍ത്ത് കുടിക്കുന്നത് രക്താര്‍ശസ്സ് മാറാന്‍ സഹായിക്കും.

ശരീരക്ഷീണം

വെള്ളത്തില്‍ പുളിയിലയിട്ട് തിളപ്പിച്ച ശേഷം കുളിച്ചാല്‍ ശരീരക്ഷീണം മാറും.

ചെവിയില്‍ പ്രാണി പോയാല്‍

ചെവിയില്‍ പ്രാണി പോയാല്‍ ഉപ്പു വെള്ളമോ വെളിച്ചെണ്ണയോ ചെവിയില്‍ ഒഴിക്കുക.

വളം കടി

കാലിന്റെ വളം കടിക്ക് മൈലാഞ്ചി അരച്ച് വിരലില്‍ പൊത്തുക.

വാതം, തരിപ്പ്, കടച്ചില്, നീര്‍ക്കെട്ട് എന്നിവക്ക്

വെയിലിപ്പരുത്തി സമൂലം ഇടിച്ച് പിഴിഞ്ഞ നീരും, തേങ്ങാപാലും, വെളിച്ചെണ്ണയും സമം ചേര്‍ത്ത് കൊട്ടം, കരിഞ്ചീരകം എന്നിവയും അരച്ച് കലക്കി സമം ചേര്‍ത്ത് തേച്ചാല്‍ മതി.

തലവേദന, പനി

മുഞ്ഞയുടെ ഇല അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനക്കും പനിക്കും ആശ്വാസം കിട്ടും.

ചോരക്കുരു

കോവലിന്റെ ഇല നെയ്യുടെ പാകത്തില്‍ അരച്ച് വെണ്ണയില്‍ ചേര്‍ത്ത് ചാലിക്കുക. ഇത് പുരട്ടിയാല്‍ ചോരക്കുരു പൊട്ടി ചലവും, ദുഷിച്ച ചോരയും പോയി വളരെ പെട്ടെന്ന് സുഖമാവും.

മുള്ള് കുത്തിയാല്‍

കാരത്തൊട്ടിയുടെ ഇല വെണ്ണപോലെ അരച്ച് പുരട്ടിയാല്‍ കുത്തിയമുള്ള്, കുപ്പിച്ചില്ല് എന്നിവ പുറത്തുപോരും.

നെഞ്ചെരിച്ചില്‍

പെരുംജീരകം ദിവസത്തില്‍ പലതവണ ചവച്ചിറക്കിയാല്‍ നെഞ്ചെരിച്ചില്‍ മാറും.

തൊണ്ടയടപ്പ്

തിപ്പലിയും ഇഞ്ചിയും ഒരു ഗ്ലാസ്സ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയടപ്പ് മാറും.

അഞ്ചാംപനി വരാതിരിക്കാന്‍

തുളസിനീരും ശര്‍ക്കരയും ചേര്‍ത്ത് മൂന്നുനേരം കഴിക്കുക.

ബുദ്ധിശക്തി

ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് പാലിലോ തേനിലോ പതിവായി കഴിച്ചാല്‍ നല്ല ബുദ്ധിശക്തിയുണ്ടാകും.

കാലിലെ മുഴ

പുല്ലാനിയുടെ കായ ചൂടാക്കി അതില്‍ ചവിട്ടിയാല്‍ ഭേദമാകും.

ചുമ, ശ്വാസം മുട്ടല്‍

ചെറിയ ആടലോടകത്തിന്റെ ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീര് ഒരു സ്പൂണ്‍ എടുത്ത് അത്രയും തേനും ചേര്‍ത്ത് കഴിക്കുക.

അപസ്മാരം

വയമ്പ് പൊടിച്ചതും തേനും ബ്രഹ്മിനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അപസ്മാരം ശമിക്കും.

ശ്വാസാദിരോഗങ്ങള്ക്ക്

ചങ്കിനകത്തുണ്ടാകുന്ന എരിച്ചില്‍, വേദന, വരള്‍ച്ച, വിയര്‍പ്പ് മുതലായ രോഗങ്ങള്‍ക്കും ക്ഷയത്തിനും പലതരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കും ഏത്തവാഴച്ചുണ്ട് കൊത്തിയരിഞ്ഞ് ഇന്തുപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് നെയ്യില്‍ കടുകുവറുത്ത് ചോറിന് കറിയായിട്ടോ പലഹാരമായിട്ടോ 41 ദിവസം ഉപയോഗിച്ചാല്‍ ഈ രോഗങ്ങള്‍ കുറയും.

കുട്ടികളിലെ അസുഖങ്ങള്‍

നീര്‍ദോഷം

ഒരു പനിക്കൂര്‍ക്കയില ഒരു നേരം എന്ന കണക്കില്‍ വാട്ടിപ്പിഴിഞ്ഞ് രണ്ടുനേരം കൊടുക്കുക.

ചുമ

അര ടീസ്പൂണ്‍ തേന്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുക്കുക.

പനി

തുളസിനീരും തേനും ചേര്‍ത്ത് കൊടുക്കുക.

മാറാത്ത കുരുവിന്

കുരുവിന് നന്നാറിക്കിഴങ്ങ്, എള്ള്, എന്നിവ സമം പാലില്‍ പുഴുങ്ങിയരച്ച് നെയ്യ് ചേര്‍ത്ത് പുരട്ടുക.

കഴുത്തിലെ പഴുപ്പ്

ചെന്തെങ്ങിന് കരിക്ക്, മാശിക്ക, ചുവന്ന ചെമ്പരത്തിമൊട്ട് എന്നിവ മോര് ചേര്‍ത്തരച്ച് കുഴച്ചിട്ടാല് ചെറിയ കുട്ടികളിലെ കഴുത്തിലും മറ്റുമുണ്ടാകുന്ന പഴുപ്പ് മാറും.

വിളര്‍ച്ച

വെള്ളരിക്ക, തക്കാളി, കാരറ്റ്, വെണ്ടക്ക ഇവ ചെറുതായിട്ടരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക, തളര്‍ച്ചയും വിളര്‍ച്ചയും മാറിക്കിട്ടും.

( കടപ്പാട് – കേരള ഇന്നൊവേഷന് ഫൌണ്ടേഷന് )