പിത്താശയക്കല്ല് എരിവും പുളിയുമുള്ള ഭക്ഷണം കിട്ടിയാല്‍ അതുമതി. മാംസഭക്ഷണങ്ങളാണെങ്കില് പറയുകയും വേണ്ട. അടുത്തിടെയായി എരിവും പുളിയും തീരെ കഴിക്കാന്‍ വയ്യ. മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറുവേദനയും ദഹനക്കേടും. നെഞ്ചെരിച്ചിലും നടുവുവേദനയുമൊക്കെ കൂടിയപ്പോഴാണ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയില്‍ പിത്താശയക്കല്ലിന്റെ ആരംഭമാണെന്നു കണ്ടെത്തി. 7.62- 15.24 സെന്റീമീറ്റര്‍ നീളമുള്ള ചെറിയ സഞ്ചിയാണ് പിത്താശയം. വലതുവശത്തെ നെഞ്ചില്‍, കരളിന്റെ പിന്നിലായാണ് പിത്താശയം സ്ഥിതി ചെയ്യുന്നത്. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. കരളില്‍ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധര്‍മ്മം. ആഹാരപദാര്‍ത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. ശരീരത്തിലെ ത്രിദോഷങ്ങളില്‍ പ്രധാനിയായ പിത്തദോഷമാണ് പിത്തനീരിന്റെ ഗുണകര്‍മ്മങ്ങളെ നിയന്ത്രിക്കുന്നത്. പിത്തനീരിന്റെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്. പിത്താശയക്കല്ല്, പിത്താശയത്തിലെ നീര്‍ക്കെട്ട്, ഗ്രഹണി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥകള്‍. പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു വ്യാധിയാണ് പിത്താശയക്കല്ല്. ഇന്ന് സര്‍വസാധാരണമായി കാണുന്നതും കേട്ടുകേള്വിയുള്ളതുമായ ഒരു രോഗമാണ് മൂത്രാശയക്കല്ല്. പിത്താശയക്കല്ല് അത്ര സാധാരണ രോഗമല്ലെങ്കിലും ഇന്നത്തെ കാലത്ത് അധികരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണിത്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ആയുര്‍വേദ വിധിപ്രകാരം പിത്തരോഗമായാണ് ഇതിനെ കാണുന്നത്. ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു. ഇതിനെയാണ് പിത്താശയക്കല്ല് അഥവാ ഗാല്ബ്ളാഡര് സ്റ്റോണ്‍ എന്നു പറയുന്നത്. ആയുര്‍വേദ മരുന്നുകള്‍, ചികിത്സകള്‍, പത്യാഹാരം തുടങ്ങിയവയിലൂടെ ഇത്തരം കല്ലുകള്‍ അലിയിച്ച് ഇല്ലാതാക്കാവുന്നതാണ്. അലോപ്പതിയില്‍ മരുന്നു ചികിത്സകളും ശസ്ത്രക്രിയയുമാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. കാരണങ്ങള്‍ എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും. കൃത്രിമ ഭക്ഷണങ്ങള്‍, മൈദ, ഡാല്‍ഡ, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം രോഗം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമാണ് അമിതവണ്ണത്തിനു കാരണം. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ കാരണമാകും. അമിത കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവും അമിത കൊളസ്ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതഘടകങ്ങളാണ്. മാനസിക സമ്മര്‍ദം ഏതു രോഗവും അധികരിക്കാനേ ഇടയാക്കൂ. പിത്താശക്കല്ലിനും മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്. ഏത് രോഗത്തിനും മാനസിക സമ്മര്‍ദം വിപരീത ഗുണമാണ് നല്‍കുക. അതുകൊണ്ട് അമിത മാനസിക സമ്മര്‍ദം ഈ രോഗത്തിനിടയാക്കും. മിക്ക രോഗങ്ങള്‍ക്കും പാരമ്പര്യം പ്രധാന ഘടകമാണ്്. പിത്താശയക്കലും പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ വലതു നെഞ്ചിന്റെ പുറകു വശത്തായി വേദന. വലതു തോളില്‍ വേദന അനുഭവപ്പെടുക. നടുവുവേദന. ഛര്‍ദി. അമിതവിയര്‍പ്പ് പനി ദഹനക്കേട് ക്ഷീണം ശരീരം മെലിയല്‍ വയറുവേദന മലബന്ധം വയറിളക്കം നെഞ്ചെരിച്ചില്‍ ലക്ഷണങ്ങളും ദേഹപരിശോധനകളും വഴി വ്യാധിയെ തിരിച്ചറിയാമെങ്കിലും സാധാരണയായി പിത്താശയക്കലിനെ തിരിച്ചറിയാനുള്ള വളരെ എളുപ്പവും ലളിതവുമായ മാര്‍ഗമാണ് അള്‍ട്രാസൗണ്ട് സ്കാനിംഗ്. പരിഹാരങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിത്താശയക്കല്ല് പരിഹരിക്കാനാകും. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കുക. പാല്, മോര്, നെയ്യ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്നമില്ല. എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മിതത്വം പാലിക്കേണ്ടതുണ്ട്. എരിവ്, പുളി ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ പ്രയാസമായതിനാല്‍ കറികളില്‍ മസാലകളുടെ അളവ് കുറയ്ക്കുക. പിത്താശയക്കലുള്ളവര് ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്്.അതോടൊപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കണം. മാനസിക സമ്മര്‍ദം കഴിവതും കുറയ്്ക്കണം. അത്തരം സാഹച്യങ്ങളില്‍ നിന്നും കഴിവതും ഒഴിവാകുക. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ പിത്താശയക്കല്ല് ഒരു പരിധി വരെ പരിഹരിക്കാനാകും. ആയുര്‍വേദ ചികിത്സ രീതികള്‍ തുടക്കത്തിലുള്ള പിത്താശയക്കല്ലിന്റെ അവസ്ഥകള്‍ മരുന്നു ചികിത്സയിലൂടെ മാറ്റി എടുക്കാവുന്നതാണ്. മൂന്ന് ആഴ്ചമുതല്‍ മൂന്ന് മാസം വരെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള മരുന്നുകള്‍ കഴിക്കേണ്ടതായി വരും. രോഗാവസ്ഥ മൂര്‍ച്ഛിച്ച് ഒന്നിലധികം കല്ലുകള്‍ കാണപ്പെടുകയോ, കല്ലുകളുടെ വലിപ്പം കൂടുതലാവുകയോ ചെയ്താല്‍ മരുന്നു സേവ മാത്രം കൊണ്ട് മാറ്റിയെടുക്കാന്‍ പ്രയാസമാണ്. ഇതിനു പ്രത്യേക ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സകളും കൂടെ ആവശ്യമായി വരും. അഭ്യംഗം, സ്വേദനം, ധാരകള്‍, പിഴിച്ചില്‍, സ്നേഹപാനം,വിരേചനം, തുടങ്ങിയവയാണ് സാധാരണയായി ചെയ്തു വരാറുള്ള പഞ്ചകര്‍മ്മ ചികിത്സകള്‍, രോഗിബലം, രോഗബലം, പ്രായം, മറ്റു രോഗാവസ്ഥകള്‍, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ പഞ്ചകര്‍മ്മ ചികിത്സയ്ക്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഔഷധചികിത്സയില്‍ സാധാരണയായി തിക്തകം കഷായം, മഹാതിക്തകം കഷായം, പുനര്‍ നവാദി കഷായം, ദ്രക്ഷാദി കഷായം, ബ്രഹ്ത്യാദി കഷായം, ചന്ദ്രപ്രഭ ഗുളിക, അവിപത്തി ചൂര്‍ണം തുടങ്ങിയ ഔഷധങ്ങള്‍ വൈദ്യയുക്തി പ്രകാരം പ്രയോഗിച്ചു വരുന്നു. മറ്റു രോഗാവസ്ഥകളായ പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിത കൊളസ്ട്രോള്‍, ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ തുടങ്ങിയവരെ വളരെ ശ്രദ്ധപൂര്‍വ്വം ചികിത്സിക്കേണ്ടതുണ്ട്. ചികിത്സസമയത്തെ പത്യകര്മ്മങ്ങള് എരിവ്, മസാല, പുളി, ഉപ്പ്, എണ്ണകള്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ദഹിക്കാന്‍ പ്രയാസമുള്ള കിഴങ്ങ് വര്‍ഗങ്ങളും ധാന്യങ്ങളും ഒഴിവാക്കുക. ശുദ്ധജലം ധാരാളം കുടിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകലുറക്കം പാടില്ല. മത്സ്യ മാംസാതികള്‍ പുര്‍ണമായും ഒഴിവാക്കുക. മനോസംഘര്‍ഷം കുറച്ച്, ശാന്തത കൈവരിക്കുക. പുളിരസമുള്ള പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത് ( ഓറഞ്ച്, മുസംബി,നാരങ്ങ, തക്കാളി). കഠിനാധ്വാനം ഒഴിവാക്കുക. വീട്ടു ചികിത്സകള്‍ കുമ്പളങ്ങ നീര് അഥവാ വാഴപിണ്ടി നീര് ദിവസവും രാവിലെ വെറും വയറ്റില്‍ സേവിക്കുക. 21 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ കല്ലുകള്‍ അലിഞ്ഞു പോകുന്നതാണ്്. ഉലുവയും മല്ലിയും ചതച്ച് വെള്ളം കുടിക്കുന്നതും കല്ലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴയുടെ നീര് ദിവസേന സേവിക്കുന്നത് പിത്താശയ കല്ല് ഇല്ലാതാക്കുന്നു. മാതളം പഴത്തിന്റെ ചാറ് പിത്താശയക്കല്ല് ഇല്ലാതാക്കുന്നു. കല്ലുരുക്കി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പിത്താശയക്കല്ലിനു ഉത്തമ പരിഹാരമാണ്. പ്രത്യേക ഔഷധങ്ങള്‍ ചെറൂള , തഴുതാമ, ഞെരിഞ്ഞില്‍, കറ്റാര്‍ വാഴ, ചന്ദനം, കല്ലുരുക്കി, പടവലം, വേപ്പ്, കടുക്ക്, താന്നിക്ക്, നെല്ലിക്ക, രാമച്ചം, മാതളം, കീഴാര്‍നെല്ലി, മുടികൊഴിച്ചില്‍ കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. സൗന്ദര്യ സങ്കല്പ്പങ്ങളില് വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്ക്കുന്നുവെങ്കില് അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്. കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്ത ദോഷമാണ്. പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്. കാരണങ്ങള്‍ പലതുണ്ട് ഭക്ഷണരീതി : തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്‍ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്‍പ്പെടുന്നു. രക്തക്കുറവ് : രക്തക്കുറവ് മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു. വെള്ളം : ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സോപ്പ്, ഷാംപൂ : സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ : ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന് കാരണമാകുന്നു. പാരമ്പര്യം : പാരമ്പര്യമായി മുടികൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചിലരില്‍ പാരമ്പര്യമായി മുടികൊഴിയുന്നതുമാകാം. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ : കേശസംരക്ഷണമെന്ന പേരില്‍ മുടിയില്‍ തേക്കുന്ന പല രാസവസ്തുക്കള്‍, ഡൈകള്‍, ക്രീമുകള്‍, മുടിക്ക് നിറം നല്കാന് ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയേക്കാം. രോഗാവസ്ഥകള്‍ : പലവിധ രോഗാവസ്ഥകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, കാന്‍സര്‍, മാനസികരോഗങ്ങള്‍, അനീമിയ, സോറിയാസിസ്, താരന് തുടങ്ങി രോഗങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാകുന്നു. മാനസികസമ്മര്‍ദം : മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് മാനസിക സമ്മര്‍ദം. അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, അമിതമായ ചിന്തകള്‍,അശാന്തമായ മാനസിക അന്തരീക്ഷം, എന്നിവ പ്രത്യക്ഷമായും പരോക്ഷമായും മുടിയെ ബാധിക്കും. ലഹരി പദാര്ഥങ്ങളുടെഉപയോഗം മദ്യം, പുകവലി, പാന്‍മസാല എന്നീ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും മുടികൊഴിച്ചിലിനു കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇവയുടെ ഉപയോഗം താരതമ്യേന കേരളത്തില്‍ കുറവായതിനാല്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ കുറവായിരിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താരന്, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ യഥാസമയം ചികിത്സിച്ച് ഭേദമാക്കുക. മലയാളി മറന്നുപോയ നല്ല ശീലങ്ങളില്‍ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച് വൈദ്യനിര്ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. ശ്രദ്ധയോടെ മാത്രം തലയില്‍ എണ്ണ തേയ്ക്കുക. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച് രാവിലെ കഴുകി കളയുന്നതും തെറ്റായ ശീലമാണ്. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത രീതികള്‍ ശീലിക്കുക. പയര്പൊടി, കടലപ്പൊടി, താളി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. തലയിലൊഴിക്കാന്‍ സാധാരണ പച്ചവെള്ളം അല്ലെങ്കില്‍ തണുപ്പ് കുറഞ്ഞ വെള്ളം ഉപയോഗിക്കുക. യാതൊരു കാരണവശാലും തലയില്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് തലമുടി നന്നായി ഉണങ്ങാന്‍ ശ്രദ്ധിക്കണം. കേശസംരക്ഷണത്തിനുള്ള പച്ചമരുന്നുകള്‍ സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെമ്പരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ. കേശസംരക്ഷണത്തിനുള്ള എണ്ണകള്‍ സാധാരണയായി നീലഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, ധുര്‍ധുരപത്രാദി കേരം, കയ്യോന്യാദി കേരം, ത്രിഫലാദി കേരം, ഭൃംഗാമല കാദി കേരം എന്നിവയാണ് കേശസംരക്ഷണത്തിനുപയോഗിക്കുന്ന ആയുര്‍വേദ എണ്ണകള്‍. ആയുര്‍വേദ വിധിപ്രകാരം നിരവധി ഔഷധങ്ങളും എണ്ണകളും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. മുടികൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഒരുത്തമ പരിഹാരമാണ് ഉണക്കനെല്ലിക്കയും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുക. മൈലാഞ്ചിയും നെല്ലിക്കയും നീലിയമരിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും ഒരു പരിധി വരെ തടയാനാകും. കയ്യോന്നിയും തുളസിയും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ താരനും മുടികൊഴിച്ചിലും തടയാം. കറ്റാര്‍ വാഴയും നീലിയമരിയും ചേര്‍ത്ത വെളിച്ചെണ്ണയും മുടികൊഴിച്ചിലിനു ഒരു ഉത്തമ പരിഹാരമാണ്. തയാറാക്കിയത്: നീതു സാറാ ഫിലിപ്പ് സ്ത്രീരോഗങ്ങള്‍ കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. ആയുര്‍വേദം സ്ത്രീകളുടെ ആരോഗ്യത്തിന് പ്രഥമസ്ഥാനമാണ് നല്‍കുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കഠിനമായ പഥ്യത്തിന്റെയോ കഷായത്തിന്റെയോ സഹായമില്ലാതെ, സ്ത്രീകളില്‍ പൊതുവെ കാണുന്ന പല രോഗങ്ങളേയും അകറ്റി നിര്‍ത്താമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഗര്‍ഭിണികളിലെ നടുവേദന ഗര്‍ഭിണിയാകുന്നതോടെ ശരീരം കൂടുതല്‍ അയയുന്നു. ഇതുകൊണ്ടുതന്നെ അധികം അധ്വാനിക്കുകയോ കുനിഞ്ഞുനിന്നു ജോലി ചെയ്യുകയോ, ഭാരമെടുക്കുകയോ ചെയ്യുമ്പോള്‍ നടുവേദന അനുഭവപ്പെടുന്നു. എല്ലാ നടുവേദനയും ഇതുമൂലം ആകണമെന്നില്ല. ഗര്ഭാശയത്തിന്േറയും എല്ലുകളുടെയും തകരാറുകാരണവും നടുവേദന ഉണ്ടാകാറുണ്ട്. അതിനാല്‍ ഗര്‍ഭിണികളിലെ നടുവേദന നിസാരമായി തള്ളിക്കളയരുത്. നടുവേദന കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യന്റെ സഹായം തേടണം. ഒരു ടീ സ്പൂണ്‍ മുളയിലനീരും, സമം അരക്കാടിയും തിളപ്പിച്ച് നടുവില്‍ പുരട്ടിയാല്‍ വേദനയ്ക്ക് ശമനം കിട്ടും. സഹജരാദിതൈലം അല്പം ചൂടാക്കി നടുവില്‍ പുരട്ടി തടവിയതിനുശേഷം ആവി പിടിക്കുന്നതും നടുവേദനമാറാന്‍ നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് കാപ്പിയില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന രക്തസമ്മര്‍ദം രക്തസമ്മര്‍ദത്തിന്റെ തോതനുസരിച്ച് ഗര്‍ഭിണികളുടെ കൈകാലുകളിലും മുഖത്തും നീരു കാണപ്പെടുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്ദമുള്ളപ്പോള് തലതചുറ്റല്, കാഴ്ചക്കുറവ്, ഓക്കാനം, തലവേദന, ഛര്‍ദി എന്നിവയും അനുഭവപ്പെടുന്നു. ഗര്‍ഭിണികളുടെ രക്തസമ്മര്‍ദം ഇടക്കിടെ പരിശോധിക്കേണ്ടതാണ്. അല്പം കൃഷ്ണ തുളസിയിലയും മൂന്നല്ലി വെളുത്തുള്ളിയും ഒന്നിച്ച് ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മര്‍ദത്തിന് നല്ലതാണ്. രണ്ട് ചെറിയ കഷണം ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ് പാലില്‍ അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക. ധന്വന്തരം ഗുളിക അലിയിച്ചു കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കും. ഗര്ഭോല്പാദനത്തിന് പശുവിന്‍പാലില്‍ അഞ്ചുഗ്രാം തിരുതാളിവേര് അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക. നാഗപ്പൂവ് പൊടിച്ച് അഞ്ചുഗ്രാം വീതം പാലില്‍ കലക്കി കുടിക്കുക. എട്ട് പേരാല്‍മൊട്ട് 50 മി.ലി. പശുവിന്‍പാലില്‍ ചതച്ചിട്ട് കാച്ചി ആര്‍ത്തവസമയത്ത് കഴിക്കണം. തുടര്‍ച്ചയായി മാസങ്ങളോളം ഇതാവര്‍ത്തിക്കുക. ആര്‍ത്തവ വേദന മിക്ക സ്ത്രീകളുടെയും പ്രശ്നമാണ് ആര്‍ത്തവ സമയത്തെ വയറുവേദന. ആര്‍ത്തവരക്തം ശരിയായ രീതിയില്‍ പോകാതിരിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവത്തിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ മറ്റു കാരണങ്ങളൊന്നുമില്ലാതെയും വേദന തോന്നാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. ചിലരില്‍ രക്തം കെട്ടിക്കിടന്ന് ഗര്‍ഭപാത്രത്തിനു ചുറ്റും നീര് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വേദനകളില്‍ ഓക്കാനം, ഛര്‍ദ്ദി, തലവേദന, നടുവേദന എന്നീ അസ്വാസ്ഥ്യങ്ങളും കാണാറുണ്ട്. ഒരു പച്ചമുട്ട ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ വേദനയ്ക്ക് ശമനമുണ്ടാകും. ഒരു ടീസ്പൂണ്‍ എള്ളെണ്ണ ചെറുതായി ചൂടാക്കി ആര്‍ത്തവ ദിവസങ്ങളില്‍, ദിവസവും ഒരു നേരം വീതം സേവിക്കുക. ഒരു ടീസ്പൂണ്‍ അയമോദകം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ദിവസം മൂന്നുനേരം കഴിക്കുക. അല്പാര്ത്തവം കുറച്ച് എള്ള് വറുത്തുപൊടിച്ച് ഓരോ കരണ്ടി വീതം ദിവസേന രണ്ടുനേരം കഴിക്കുക. ഗര്‍ഭിണികള്‍ എള്ള് അധികം ഉപയോഗിക്കാന്‍ പാടില്ല. കറ്റാര്‍വാഴയുടെ നീര് ഒരൗണ്‍സും ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുക. അമിതാര്‍ത്തവം ആര്‍ത്തവം സാധാരണ ഏഴു ദിവസംവരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ രക്തസ്രാവം 10 മുതല്‍ 15 ദിവസംവരെ നീണ്ടു നിന്നേക്കാം; ദിവസത്തില്‍ നാലില്‍ കൂടുതല്‍ പാഡ് മാറേണ്ടിവരുന്നതും അമിതാര്‍ത്തവത്തിന്റെ ലക്ഷണമാണ്. തലകറക്കം, ക്ഷീണം, വിളര്‍ച്ച, ശരീരവേദന എന്നിവയും അമിതാര്ത്തവത്തോടൊപ്പം കാണുകയാണെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ നീര്, മുഴ, കുടിയ രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനു കാരണമാവുന്നു. ചെമ്പരത്തിപ്പൂവ് വാട്ടിപിഴിഞ്ഞ ഒരു ഔണ്‍സ് നീരില്‍ തേന്‍ ചേര്‍ത്ത് ദിവസവും രണ്ടുനേരം കഴിക്കുക. തെങ്ങിന്‍പൂക്കുല അരിമാവും ചേര്‍ത്തു കുറുക്കി ദിവസവും മൂന്നുപ്രാവശ്യം ആര്‍ത്തവദിവസങ്ങളില്‍ കഴിക്കുക. അശോകപ്പൂവ് ഒരുപിടി പച്ചയ്ക്ക് ചവച്ചരച്ചു കഴിക്കുന്നതും അമിത രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും. മൂത്രത്തില്‍ പഴുപ്പ് ആര്ത്തവകാലത് തികഞ്ഞ ശുചിത്വം പാലിക്കാത്തവരില്‍ മൂത്രത്തില്‍ പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. അടിവയറ്റില്‍ അസഹ്യമായ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ബാര്‍ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ പഴുപ്പ് മാറുന്നതിന് നല്ലതാണ്. ഒരു പിടി തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദിവസവും മൂന്നുനേരം കുടിക്കുക. ഒരു പിടി ഞെരിഞ്ഞിലിട്ട വെള്ളം ദിവസവും പലപ്രാവശ്യം കുടിക്കുന്നതും നല്ലതാണ്. മൂത്രതടസം സ്ത്രീകളില്‍ കണ്ടുവരുന്ന മൂത്രതടസം ചിലപ്പോള്‍ ഗര്‍ഭാശയരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. മൂത്രം അധികനേരം പിടിച്ചുവെച്ചാല്‍ അടിവയറ്റില്‍ വേദനയും നീരും ഉണ്ടാകുന്നതിന് കാരണമാവും. ഒരു ഗ്ലാസ് കരിക്കിന്‍വെള്ളത്തില്‍ 5 ഗ്രാം ഏലത്തരി പൊടിച്ച് കുടിക്കുക. ചെറിയ കഷണം കുമ്പളങ്ങ അരച്ചെടുത്ത് നാഭിയില്‍ ലേപനം ചെയ്താല്‍ മൂത്രതടസം മാറിക്കിട്ടും. ഒരു ടീസ്പൂണ്‍ കൂവപ്പൊടി, ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും മൂത്രതടസത്തിന് നല്ലതാണ്. മൂത്രത്തില്‍ ഉപ്പ് ഗര്‍ഭിണികളില്‍ കണ്ടുവരുന്ന മറ്റൊരു രോഗമാണ് മൂത്രത്തില്‍ ഉപ്പ്. മൂത്ര പരിശോധനയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താവുന്നതാണ്. തലവേദന, ഛര്‍ദ്ദി, കാഴ്ചയ്ക്കു മങ്ങല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്. തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദിവസം രണ്ടുനേരം പതിവായി കുടിക്കുക. തഴുതാമയില ഒരുപിടി അരച്ച് ചെറുചൂടു വെള്ളത്തില്‍ കലക്കി ദിവസവും കുടിക്കുക ആസ്ത്മ ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ആസ്ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. മരുന്നുകഴിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവ ഒഴിവാക്കുക. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയും കഴിക്കാന്‍ പാടില്ല. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ സ്വയം കണ്ടെത്തിയാല്‍ ആസ്ത്മപോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതിരിക്കാന്‍ സഹായിക്കും. തൊഴിലിന്റെ സ്വഭാവം, അലര്‍ജി, ചില മരുന്നുകള്‍, ഭക്ഷണ - പാനീയങ്ങള്‍, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം മാനസിക സമ്മര്‍ദം തുടങ്ങിയവയെല്ലാം ആസ്ത്മ വര്‍ധിക്കാന്‍ കാരണമാകുന്നു. ആസ്ത്മയും ആയുര്‍വേദവും. ആസ്ത്മയ്ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പ്രകൃതിയൊരുക്കുന്ന ഔഷധക്കൂട്ടുകള്‍ അലര്‍ജിയെ തടയുകയും ആസ്ത്മയുടെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. മറ്റ് ശരീരദോഷങ്ങള്‍ക്ക് പ്രയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ രോഗത്തിന്റെയും രോഗി യുടെയും സ്ഥിതി മനസിലാക്കി ആയുര്‍വേദത്തില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും രോഗത്തിന്റെ ആവര്‍ത്തനസ്വഭാവം കുറയ്ക്കുവാനും ഇന്ദുകാന്ത ഘൃതം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണ്. ആസ്ത്മയുടെയും അലര്‍ജിയുടെയും അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളക് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക. കച്ചോല ചൂര്‍ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിക്കുക ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം സേവിക്കുക. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിക്കുക. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവചേര്‍ത്ത് കഷായം വച്ചു കുടിക്കുക. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഓര്‍മശക്തി, ബുദ്ധിശക്തി എന്നിവ പോലെ ചലനശക്തിയും ജീവിത വിജയത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ചലനശക്തിയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് അഥവാ വാതരക്തരോഗം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയത്തിനും വൈകല്യം ഉണ്ടാക്കും. അതുകൊണ്ട് ആര്‍ത്രൈറ്റിസിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. തൊണ്ടവേദന അടിക്കടി ഉണ്ടാകുകയും യഥാസമയം യുക്തമായ പരിഹാരം കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പ്രായമായവരെയും ചെറുപ്പക്കാരെയും ലിംഗഭേദമന്യേ ബാധിച്ച് കാണുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. എങ്കിലും നാല്‍പ്പത് വയസിനോടടുത്ത ചടച്ച ശരീരപ്രകൃതക്കാരില് ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. പ്രധാനമായും കാല്‍മുട്ടിനാണ് ഈ രോഗം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൈവിരലുകളുടെ സന്ധികളില്‍ ആരംഭിച്ച് ക്രമേണ ശരീരത്തിലെ വലിയ സന്ധികളിലേക്ക് ബാധിക്കുകയുമാണ് രോഗത്തിന്റെ പൊതുസ്വഭാവം. ലക്ഷണങ്ങള്‍ രോഗബാധിതമായ സന്ധിയില്‍ വീക്കവും വേദനയും ചലിപ്പിക്കാനുള്ള പ്രയാസവുമാണ് തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെടുക. തണുത്ത കാലാവസ്ഥയും സാഹചര്യങ്ങളുമാണ് പെട്ടെന്നുള്ള രോഗഹേതു. രോഗം പ്രത്യക്ഷപ്പെടുന്നതിന് മുന്‍പായി അസ്ഥി സന്ധികളില്‍ പൊതുവേ ചെറിയ വീക്കവും, നിവര്ക്കാനും മടക്കാനും നേരിയ തോതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കാം. മിക്കവരിലും ഉള്‍പ്പനിയും സന്ധികളിലാകെ നീരും വേദനയുമായിട്ടായിരിക്കും ഈ രോഗത്തിന്റെ തുടക്കം. ഇതാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണവും. ക്രമേണ ഈ രോഗം ഇത് കാല്‍മുട്ടില്‍ കേന്ദ്രീകരിച്ചേക്കാം. കൈകാല്‍ തരിപ്പും, മരവിപ്പും, ശരീരത്തിന്റെ പൊതുവായ ക്ഷീണവും തൂക്കക്കുറവും രോഗാരംഭ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ചിലരില്‍ ആദ്യം കൈകാലുകളിലെ ചെറിയ സന്ധികളിലായിരിക്കും നീരും വേദനയും, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുക. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് സന്ധിവേദനയും വീക്കവും വര്‍ധിക്കുകയും പേശീ കാഠിന്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്യും. മാംസപേശീ ശോഷവും ഈ രോഗത്തില്‍ സംഭവിക്കാം. ചെറിയ പനി, നെഞ്ചിടിപ്പ്, വിളര്‍ച്ച എന്നിവയും അനുഭവപ്പെടാം. രോഗം പഴകിയാല്‍ വേദയും മാംസപേശീ സംങ്കോചവും സന്ധികളുടെ സുഗമമായ ചലനത്തെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തിലെ സന്ധി വൈരൂപ്യം ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കിലും രോഗം പഴകുംതോറും സ്ഥിരവൈകല്യമായി മാറാം. ക്രമേണ സന്ധി നിഷ്ചലമായി തീരാനും ഇടയുണ്ട്. നിശ്ചലമായി തീരുന്ന സന്ധിഭാഗങ്ങളുമായി ബന്ധപ്പെട്ട അസ്ഥിഭാഗങ്ങളും വികൃതമായി തീരാം. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ ഇടക്കിടെ ലക്ഷണങ്ങള്‍ വന്നും പോയും നില്‍ക്കുന്നതാണ്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെല്ലാം തന്നെ ആയുര്‍വേദത്തില്‍ വാതരക്തമെന്ന രോഗത്തിന്റെ വിവരണത്തില്‍ ഉള്‍ക്കൊള്ളുന്നു. വാതരക്തത്തില്‍ വാതത്തിന് പ്രാമുഖ്യമുള്ളപ്പോള്‍ കുത്തി വലിക്കുന്നതു പോലുള്ള വേദന അതിശക്തമാവുകയും സിരകള്‍ തുടിക്കുന്നതു പോലെ തോന്നുകയും, വിരല്‍ സന്ധികളില്‍ പ്രത്യേകിച്ച് മരവിപ്പും നീരും ഉള്ള സന്ധികളില്‍ ചുവപ്പ് നിറം കാണപ്പെടുകയും ചെയ്യും. നീര് അപ്രത്യക്ഷമാകുകയും വീണ്ടും ഉണ്ടാകുകയും ചെയ്യും. രോഗം പഴകിയാല്‍ തുടയെല്ലുകളില്‍ ശക്തമായ കഴപ്പും നീരും അനുഭവപ്പെടാം.രാവിലെ ഉണര്ന്നെഴുന്നേറ്റാലുടനെയും കുറെ സമയം ഇരുന്നിട്ട് എഴുന്നേറ്റാലുടനെയും ഇത് അനുഭവപ്പെടും. രോഗം മൂര്‍ച്ഛിച്ചാല്‍ പേശികള്‍ കട്ടിയാകുന്ന അവസ്ഥയുണ്ടാകും. സന്ധികളില്‍ നിന്ന് സന്ധികിലേക്ക് നീരും വേദനയും വ്യാപിക്കുകയും, കടുത്ത പനി, വായ്ക്ക് അരുചി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ആമവാതത്തിന്റേതാണ്. ഇവയില്‍ നിന്നും വാതരക്തത്തെ വേര്‍തിരിക്കുന്ന പ്രധാനപ്പെട്ട ലക്ഷണം സന്ധികളില്‍ പ്രധാനമായി കേന്ദ്രീകരിക്കുന്ന നീരും വേദനയുമാണ്. കാരണങ്ങള്‍ ശരീരായാസമുള്ള ജോലികള്‍, അപഥ്യങ്ങളായ ആഹാരങ്ങള്‍, പകല്‍ ഉറക്കം, ഉറക്കമിളപ്പ്, അമിതമായ മദ്യപാനശീലം, അമിതയാത്ര, മലമൂത്രാതികളെ ബലമായി തടഞ്ഞ് നിര്‍ത്തല്‍, രൂക്ഷതയേറിയതും അമ്ലലവണ പ്രധാനമായ ആഹാരങ്ങള്‍, ഓരോ ഋതുക്കളിലും വിധിച്ചിട്ടുള്ളതിന് വിപരീതവും അസ്ത്യങ്ങളുമായ ആഹാരങ്ങള്‍ മുതലായവ വാതരോഗത്തിന് കാരണങ്ങളാകാം. സുകുമാര ശരീരികളിലും സ്തൂലന്മാരിലും പൊതുവേ സുഖജീവിതം നയിക്കുന്നവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. രോഗത്തിന് രണ്ടവസ്ഥകള്‍ ഈ രോഗത്തിന് ഉത്താനമെന്നും ഗംഭീരമെന്നും രണ്ടവസ്ഥകളുണ്ട്. രോഗത്തിന്റെ ആരംഭഘട്ടമായ ഉത്താനാവസ്ഥയില് ത്വക്കിനെയും മാംസത്തെയും മാത്രമേ രോഗം ബാധിക്കാറുള്ളൂ. ഈ ഘട്ടത്തില്‍ കാലുകള്‍ കൂടുതല്‍ വിയര്‍ക്കുകയും, തണുപ്പ് അനുഭവപ്പെടുക, കാലുകള്‍ക്ക് കനം തോന്നുക, ത്വക്കിന് നിറവ്യത്യാസം വരിക എന്നീ അവസ്ഥകള്‍ ഉണ്ടാകാം. ഈ ലക്ഷണങ്ങളുണ്ടാകുന്ന ചിലസമയത്ത് സന്ധികളില്‍ പുകച്ചിലും ചൊറിച്ചിലും അനുഭവപ്പെടാം. സന്ധികള്‍ക്ക് സങ്കോചവും കാണപ്പെടാറുണ്ട്. ഈ അവസ്ഥയില്‍ ചികിത്സിക്കാതിരുന്നാല്‍ രോഗം ഗംഭീരാവസ്ഥയില് എത്തിച്ചേരും. ഗംഭീരാവസ്ഥയില് സന്ധികളിലെ നീര് വര്‍ധിക്കുകയും സന്ധികള്‍ ചലനസ്വഭാവമില്ലാതെ കൂടുതല്‍ കഠിനമായി തീരുകയും, വേദന കൂടുതല്‍ ആഴത്തിലായി തീരുകയും ചെയ്യും. ആദ്യഘട്ടത്തിലെ പോലെ നീര് വേഗം കുറയാനുള്ള സാധ്യത വളരെ കുറവാണ്. ഉറക്കകുറവ്, വിശപ്പില്ലായ്മ, തലവേദന എന്നിവയും ഉണ്ടാകുന്നു. തുടര്‍ന്ന് സന്ധികളുമായി ബന്ധപ്പെട്ട മാംസപേശികള്‍ക്ക് ശോഷവും ആകൃതി വ്യത്യാസവും ഉണ്ടാകുന്നു. പ്രമേഹ രോഗികള്‍ ഈ അവസ്ഥ എത്തിയാല്‍ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുക ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുളി അധികമുള്ളതും ഉപ്പ് അധികം ചേര്‍ത്തതും, ദഹിക്കാന്‍ വിഷമമുള്ളതും, അധികം ചൂടുള്ളതുമായ ആഹാരപാനീയങ്ങള്‍ ഈ രോഗത്തിന് വര്‍ജ്യമാണ്. അധികമായി ചെയ്യുന്ന സാഹസ വ്യായാമങ്ങള്‍, അതിമൈഥുനം എന്നിവ വര്‍ജിക്കണം. മദ്യപാനം തീര്‍ത്തും ഒഴിവാക്കണം. ലഘുവായ വ്യായാമങ്ങള്‍ ശീലിക്കുക.ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം വളരെ ആവശ്യമാണ്. കാല്‍സ്യം ലഭിച്ചില്ലെങ്കില്‍ ഓസ്റ്റിയോ പോറോസിസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രത്യേകിച്ചും ആര്‍ത്തവം നിലച്ച സ്ത്രീകളില്‍. പാലും പാലുല്പന്നങ്ങളും കാല്‍സ്യത്തിന്റെ കലവറകളാണ്. 60 വയസിനു ശേഷം പ്രതിദിനം 1000 മൈക്രോ കാല്‍സ്യം വളരെ ആവശ്യമാണ്. അതുകൊണ്ട് കാല്സ്യങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മിക്ക വാതരോഗങ്ങളിലും വിളര്‍ച്ച അനുബന്ധലക്ഷണമായി കാണാറുണ്ട്. ജീവകങ്ങളടങ്ങിയ സാലഡുകള്‍, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉപവാസം ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഹിതമല്ലെന്നു ഓര്‍ക്കേണ്ടതുണ്ട്. മനസ്സ് സംഘര്‍ഷഭരിതമാകാതെ ദു:ഖം, കോപം, ആകുലചിന്തകള്‍ എന്നിവ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ചികിത്സ ആദ്യഘട്ടമായ ഉത്താനാവസ്ഥയില് പൂര്‍ണ വിശ്രമവും ലഘുചികിത്സകളും കൊണ്ട് സുഖപ്പെടുത്താന്‍ കഴിയുന്നതാണ്. തൈലങ്ങളുടെ ബാഹ്യോപയോഗം, ധാരകോരല്‍, അവകാഹസ്വേതം, എന്നിവകൊണ്ട് തന്നെ ശാന്തി ലഭിച്ചേക്കാം. എന്നാല്‍ ഗംഭീരഘട്ടത്തിലെത്തിയാല് നെയ് സേവിക്കല്‍, സ്വേതനം, വിരേചനം, വസ്തി എന്നീ ക്രിയാക്രമങ്ങള്‍ ആവശ്യമായി വരും. പത്ഥ്യമായ ആഹാരവിഹാരങ്ങള്‍ക്ക് വാതരക്ത രോഗത്തില്‍ ചികിത്സകള്‍ക്കൊപ്പം തന്നെ പ്രാധാന്യമുണ്ട്. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയിട്ടുള്ള അനുയോജ്യമായ കഷായങ്ങള്‍ ദോഷകോപ ശമനത്തിനും രക്തശുദ്ധിക്കും സഹായിക്കുന്നു. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാരാസ്നാദി കഷായം, കോകിലാക്ഷം കഷായം, മഹാമഞ്ജിഷ്ഠാതി കഷായം, തുടങ്ങിയവ രോഗശമനത്തിന് ഉത്തമമാണ്. കൂടാതെ സന്ധികളിലെ നീര്‍ക്കെട്ടിന് കൊട്ടംചുക്കാദി തൈലം, മധുയഷ്ട്യാദി തൈലം, പിണ്ഡതൈലം, ക്ഷീരബല 101 ആവര്‍ത്തി, ക്ഷീരബല തൈലം തുടങ്ങിയവയും വാതരക്ത രോഗത്തിന് പരിഹാരമായി നിര്ദേശിക്കാറുണ്ട്്. ഡോ. ആര്. ശ്യാം കിഷോര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പ് ചര്‍മ്മാരോഗ്യം ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്വേദചിട്ടകള് നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ശരീരമാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയെന്ന് ത്വക്കിനെ വിശേഷിപ്പിക്കാം. കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍പോലും ത്വക്കില്‍നിന്നു മനസിലാക്കാന്‍ കഴിയും. അലര്‍ജിമൂലം ഉണ്ടാകുന്ന ആസ്ത്മയുടെ ലക്ഷണങ്ങള്‍വരെ ത്വക്കിലൂടെ അറിയാമെന്നു പറയുമ്പോള്‍ മനുഷ്യശരീരത്തില്‍ ത്വക്കിന്റെ സ്ഥാനം എത്ര വലുതാണെന്ന് പറയേണ്ടതില്ലല്ലോ. ത്വക്കിനെ വിശേഷിപ്പിക്കാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം, പുറംലോകവുമായി നേരിട്ടു ബന്ധമുള്ള ഏക അവയവം, ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ചെറിയ മാറ്റങ്ങള്‍പോലും പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണം എന്നിങ്ങനെ ത്വക്കിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു. എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു അവയവത്തെ സംരക്ഷിക്കാന്‍ നമ്മള് ശ്രദ്ധിക്കാറുമില്ല, സമയംനീക്കിവയ്ക്കാന് ശ്രമിക്കാറുമില്ല. മറ്റെല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ചര്‍മത്തിനും പ്രത്യേക പരിചരണം അത്യാവശ്യമാണ്. ആയുര്‍വേദം ചര്‍മസംരക്ഷണത്തിനായി നിരവധി കാര്യങ്ങള്‍ അനുശാസിക്കുന്നുണ്ട്. ആയുര്വേദചിട്ടകള് നിത്യേന ശീലിക്കുന്നതിലൂടെ ആ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും പ്രധാനം വൃത്തിയാണ്. ശാരീരികവും മാനസികവുമായ ശുചീകരണം ചര്‍മ്മസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ശരീരത്തിനകത്തുനിന്നുള്ള മാലിന്യങ്ങളെ വിസര്‍ജിക്കുന്ന അവയവം കൂടിയാണ് ത്വക്ക്. ഈ മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ നിത്യവും കുളിക്കണം. ആയുര്‍വേദം അനുശാസിക്കുന്നത് സൂര്യന് ഉദിക്കുന്നതിന് ഒന്നര മണിക്കൂര്‍മുമ്പ് എഴുന്നേറ്റ് (ബ്രാഹ്മ മുഹൂര്‍ത്തത്തില്‍) അത്യാവശ്യ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചാല്‍ ഉടന്‍ എണ്ണതേച്ചുകുളിക്കണം. തിരക്കുകള്‍മൂലം ദിവസവും എണ്ണതേച്ചു കുളിക്കാന്‍ കഴിയാത്തവര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എണ്ണതേച്ചു കുളി മുടക്കരുത്. എണ്ണതേച്ചുകുളി ശരീരത്തിന്റെ ക്ഷീണംമാറ്റി ജരാനരകള്‍ അകറ്റി അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളില്‍നിന്നു ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു. വാതരോഗങ്ങളെ ശമിപ്പിക്കുന്നു. ചന്ദനം, മഞ്ഞള്‍, രക്തചന്ദനം എന്നിവ എല്ലാ ദിവസമോ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമോ മുഖത്തും ശരീരത്തും തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിനുശേഷം കഴുകി കളയുന്നതു ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങാത്ത ക്രീമുകള്‍ പുരട്ടാവുന്നതാണ്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യത്തിന് രാസപദാര്‍ത്ഥങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നു. കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നല്ലെണ്ണയാണ് തേച്ചു കുളിക്കാന്‍ ഏറ്റവും ഉത്തമം. വെളിച്ചെണ്ണയുമാകാം. എണ്ണതേച്ചു കുളിയിലൂടെ ശരീരത്തിന് മാര്‍ദവം കിട്ടുന്നു. മരുന്നിട്ട് കാച്ചിയ എണ്ണകള്‍ തേച്ച്കുളിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ നിറവും അഴകും വര്‍ധിപ്പിക്കാന്‍ കഴിയും. താഴെപ്പറയുന്ന എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. 15- 20 മിനിറ്റ് വരെ ഇവ തേച്ചിരുന്നശേഷമേ കുളിക്കാവൂ. കുട്ടികള്‍ക്ക് - ലാക്ഷാദി തൈലം മുതിര്‍ന്ന കുട്ടികള്‍ക്ക് - നാല്പാമരാദിതൈലം യൗവനത്തില്‍- പിണ്ഡതൈലം ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്കാന് തൈലങ്ങള്‍ തേച്ചുള്ള കുളി സഹായിക്കും. ശരീരദുര്‍ഗന്ധം അകറ്റാന്‍ ശരീരത്തുനിന്ന് മാലിന്യം പുറത്തു പോകുന്നത് മൂന്ന് വിധത്തിലാണ്. വിയര്‍പ്പ്, മലം, മൂത്രം എന്നിവയുടെ രൂപത്തില്‍. ഇത് കൃത്യമായി പോകേണ്ടത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വളരെ അത്യാവശ്യമാണ്. ഇവ അമിതമായി ശരീരത്തുനിന്നു പോകുന്നത് രോഗ ലക്ഷണമാകാം. ശരീര ദുര്‍ഗന്ധത്തിനുള്ള മുഖ്യ കാരണം വിയര്‍പ്പാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് പുറത്തുപോകുന്ന വിയര്‍പ്പിന്റെ അളവിലും വ്യത്യാസം ഉണ്ടാകാം. ചില ഭക്ഷണ സാധനങ്ങള്‍ അവസാനം കഴിച്ചു നിര്‍ത്തിയാല്‍ വിയര്‍പ്പിനൊപ്പം ആ ഭക്ഷണ പദാര്‍ത്ഥത്തിന്റെ ഗന്ധംകൂടി അനുഭവപ്പെടാം. ഉദാഹരണമായി ഉള്ളി. തൈറോയിഡ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും അമിത വിയര്പ്പിന് കാരണമാകാം. രോഗങ്ങളാണ് വിയര്‍പ്പിനു കാരണമെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം. ശരീരത്തിന്റെ ഇടുങ്ങിയ ഭാഗങ്ങളില്‍ ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടുന്നത് ദുര്‍ഗന്ധം അകറ്റി നിര്‍ത്തും. കര്‍പ്പൂരം, രാമച്ചം ഇവയുടെ പുക വസ്ത്രങ്ങള്‍ക്ക് സുഗന്ധം നല്കാന് സഹായിക്കും. വിശ്വസ്തനീയമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും. മുഖക്കുരു ഒഴിവാക്കാന്‍ പൊടി പടലങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലം പൊടിപടലങ്ങള്‍ രോമകൂപങ്ങളില്‍ തങ്ങിനിന്ന് മുഖക്കുരു ഉണ്ടാകാം. പൊടിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്. ദിവസം അഞ്ചു പ്രാവശ്യമെങ്കിലും ശുദ്ധ ജലത്തില്‍ മുഖം കഴുകണം. മുഖത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്ത് മുഖക്കുരു വരാനുള്ള സാധ്യത ഇതിലൂടെ കുറച്ചു നിര്‍ത്താം. തലയിലെ താരനാണ് മുഖക്കുരുവിനുള്ള മറ്റൊരു കാരണം. ആയുര്‍വേദ മരുന്നുകളിലൂടെ താരന്റെ ശല്യം ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിവിധി. ശരീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. എണ്ണയുടെ അമിത ഉപയോഗം മുഖക്കുരുവിനു കാരണമാകാം. മുഖക്കുരുവിന് അണുബാധ ഉണ്ടായാല്‍ ചര്മ്മരോഗമാണോയെന്ന് ഡോക്ടറെകണ്ട് പരിശോധിച്ച് ലേപനങ്ങള്‍ പുരട്ടുക. മുഖക്കുരു പൊട്ടിക്കാതിരിക്കുക. അശുദ്ധമായ വിരലുകള്‍ ഉപയോഗിച്ച് മുഖക്കുരു പൊട്ടിക്കുന്നത് അണുബാധയ്ക്കു കാരണമാവും. കരിങ്ങാലി, രാമച്ചം, വെളുത്ത ചന്ദനം ഇവ ചേര്‍ന്ന മരുന്നുകള്‍ ഉള്ളിലേക്ക് കഴിക്കുന്നതും നാരങ്ങനീര്, മഞ്ഞള്‍, രക്തചന്ദനം തുടങ്ങിയ ചൂര്‍ണങ്ങള്‍ പുറമേ പുരട്ടുന്നതും ഫലപ്രദമാണ്. ചര്‍മ്മത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍ മഞ്ഞള്‍പൊടി പാലില്‍ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കവും മാര്‍ദവവും കിട്ടാന്‍ സഹായിക്കും. മുഖത്തെ കറുത്ത പാടുകള്‍ മാറാനും ഈ ലേപനം നല്ലതാണ്. നാരങ്ങാനീരും തേനും ചേര്‍ത്ത മിശ്രിതം പുരട്ടുന്നത് ചര്‍മത്തിന് മിനുസം കിട്ടാന്‍ സഹായിക്കും. നാരങ്ങാനീരും മഞ്ഞളും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത് ബ്ലീച്ച് ചെയ്യുന്നതിന് സമമാണ്. വൈറ്റമിന്‍ സിയും ആല്‍ക്കലിയും അടങ്ങിയിരിക്കുന്നതിനാല്‍ പത്തുമിനിറ്റ് പുരട്ടിയശേഷം ഇത് കഴുകിക്കളയണം. രാസവസ്തുക്കളുടെ സാനിധ്യമില്ലാതെ പ്രകൃതിദത്തമായി മുഖ സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യാം. കൃത്രിമമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചര്‍മ്മത്തിന് ദോഷകരമാണ്. ആദ്യം ഗുണം കണ്ടാലും പിന്നീട് ഇവ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുക്കളാണ് ചര്‍മ്മത്തിന് ഏറ്റവും സുരക്ഷിതമെന്ന് മറക്കാതിരിക്കുക. ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ ചര്‍മ്മത്തിന്റെ ശരിയായ രക്തചക്രമണത്തിന് വൈറ്റമിന്‍ എ,ഇ,സി ഇവ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. പല ത്വക്ക്രോഗങ്ങളെയും അകറ്റി നിര്‍ത്തുകയും ചെയ്യാം. ചര്‍മ്മത്തിന്റെ ആരോഗ്യമാണ് ചര്‍മത്തിന്റെ സൗന്ദര്യം. അതിനാല്‍ എല്ലാവിധ പോഷകങ്ങളുമടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും പഴച്ചാറുകള്‍. ത്വക്കിന് ആവശ്യമായ ഓക്സിജനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, ഗ്ലൂക്കോസ് എന്നിവ പഴച്ചാറുകളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതാണ് കാരണം. ഇലക്കറികള്‍, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങയില ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിലെ വിഷാംശത്തെ അകറ്റി രക്തശുദ്ധീകരണത്തിന് മുരിങ്ങയില ഉത്തമമാണെന്ന്ആയുര്വേദം പറയുന്നു. കരിങ്ങാലിക്കാതല്‍ വെള്ളം തിളപ്പിച്ചു കുടിക്കുക. ഇത് ചര്‍മ്മത്തിന്റെ ഉണര്വിന് നല്ലതാണ്. നറുനീണ്ടിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും ചര്‍മ്മത്തിന്റെ ഉണര്‍വിനും ഉന്മേഷത്തിനും നല്ലതാണ്. ചര്മ്മസംരക്ഷണത്തിന്് അന്നജത്തേക്കാളും പ്രധാനപ്പെട്ട ഘടകം മാംസ്യമാണ്. മുളപ്പിച്ച ധാന്യങ്ങളില്‍ ഇത് വളരെയധികം അടങ്ങിയിരിക്കുന്നു. ദിവസവും 8 - 9 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ആരോഗ്യമുള്ള ചര്‍മ്മത്തിന് വെള്ളം അത്യാവശ്യ ഘടകമാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന ആഹാരം കുഞ്ഞിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ആഹാരത്തിലെ പോഷകക്കുറവ് കുഞ്ഞിന്റെ വരണ്ട ചര്‍മ്മത്തിനു കാരണമാകാം. ഗര്ഭപൂര്വചര്യകള്ക്ക് അമ്മ നിര്‍ബന്ധമായും പ്രാധാന്യം നല്‍കണം. പാടുകള്‍ മാറാന്‍ മഞ്ഞള്‍ ചേര്‍ന്ന ലേപനങ്ങള്‍, വേപ്പില, രക്തചന്ദനം തുടങ്ങിയവ പാടുള്ള ഭാഗത്തു പുരട്ടുക. ഏലാദികേരം, മഞ്ചിഷ്ടാദി എണ്ണ മുതലായവയും പാടുകള്‍ മാറാന്‍ നല്ലതാണ്. പൊള്ളലിന്റെ പാടുകളും മറ്റു പാടുകളും മാറാന്‍ തേനിനോളം നല്ലൊരു ഒറ്റമൂലി ഇല്ല. വിരശല്യം കാരണവും ശരീരത്തു വെളുത്തപാടുകള്‍ പ്രത്യക്ഷപ്പെടാം. ഈ പാടുകള്‍ മാറാന്‍ വിരയ്ക്കുള്ള മരുന്നുകള്‍ കഴിക്കുക. പ്രമേഹം, ആസ്ത്മ, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും ശരീരത്തു കലകള്‍ വരാം. ഇത്തരം സാഹചര്യത്തില്‍ ആദ്യം പ്രധാന രോഗത്തെ ചികിത്സിക്കുക. പിന്നീട് ഒറ്റമൂലികള്‍ ചെയ്യാവുന്നതാണ്. മഹാതിക്തകം നെയ്യ് പുരട്ടുന്നതും പാടുകള്‍ക്ക് ഫലപ്രദമാണ്. ദിനചര്യയില്‍ ശ്രദ്ധിക്കാന്‍ എണ്ണതേച്ചുകുളി ഒഴിവാക്കാതിരിക്കുക. ചര്‍മ്മത്തിലെ രക്തക്കുഴലുകളെ ഉത്തേജിപ്പിച്ച് രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന് ഉണര്‍വും ഉന്മേഷവും നല്കാന് എണ്ണതേച്ചുകുളി സഹായിക്കുന്നു. ദിവസവും രണ്ടുനേരം കുളിയ്ക്കുക. ചര്‍മ്മത്തില്‍ പറ്റിപിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം, ചര്‍മ്മരോഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യാം. രാസപദാര്‍ത്ഥങ്ങള്‍ അമിതമായി അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നഷ്ടപ്പെടുത്തുന്നു. മലമൂത്ര വിസര്‍ജനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക. ത്വക്കിന്റെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. സൂര്യപ്രകാശത്തോടുള്ള അലര്‍ജി ഒഴിവാക്കാന്‍ നാല്‍പ്പാമരാദി എണ്ണ ശരീരത്തു പുരട്ടിയശേഷം പുറത്തിറങ്ങുക. സണ്‍സ്ക്രീന്‍ ലേപനങ്ങളും ഉപയോഗിക്കാവുന്നതാണ്. വൈറ്റമിന്‍ ഇ ശരീരത്തിനു ലഭിക്കാന്‍ വൈകുന്നേരം മൂന്നുമണിയ്ക്കു ശേഷമുള്ള വെയില് കൊള്ളുന്നത് നല്ലതാണ്. വാകപ്പൊടി, പയറുപൊടി, കടലമാവ് ഇവ ശരീരത്തുതേച്ചും ചീവയ്ക്കപ്പൊടി തലയിലും തേച്ചു കുളിക്കുന്നതു ശരീരത്തു തങ്ങി നില്ക്കുന്ന പഴയകോശങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുകയും പുതിയ കോശങ്ങളുടെ രൂപീകരണത്തെ സഹായിക്കുകയൂം ചെയ്യുന്നു. ആരോഗ്യമുള്ള ചര്‍മ്മത്തിന് ശരിയായ ഉറക്കം ചര്‍മ്മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം. ത്വക്കിന്റെ ആരോഗ്യം കാത്തുരക്ഷിക്കാനും ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ ക്ഷീണം മാറ്റി ഉണര്‍വു നല്‍കാനും ശരിയായ ഉറക്കം സഹായിക്കുന്നു. മനസുമായി ത്വക്കിന്് അഭേദ്യമായ ബന്ധമാണുള്ളത്. മാനസിക സംഘര്‍ഷങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴ്ത്തിയേക്കാം. അതിനാല്‍ നല്ല ചിന്തകളിലൂടെ മനസിനെ ശാന്തമാക്കിവയ്ക്കാന്‍ ശ്രമിക്കണം. ഓരോരുത്തരുടേയും ശരീരത്തിന് അനുയോജ്യമായ വ്യായാമം ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമാണ്. വ്യായാമം ചെയ്യുമ്പോള്‍ ചര്‍മ്മത്തിലേക്കുള്ള രക്തപ്രവാഹം കൂടുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിക്കുകയും ചെയ്യുന്നു. 51. കൊതുകുകടിയും ചര്‍മ്മത്തില്‍ പാടുകള്‍ സൃഷ്ടിക്കുന്നു. വെളിച്ചെണ്ണ, വേപ്പെണ്ണ ഇവ തേയ്ക്കുന്നതിലൂടെ കൊതുകുകടി ഒഴിവാക്കാം. കൊതുകിനെ അകറ്റാന്‍ കര്‍പ്പൂരം പുകയ്ക്കുന്നതും നല്ലതാണ്. അതോടൊപ്പം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. വെയില് അധികം കൊള്ളുന്ന സാഹചര്യത്തില്‍ ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതാണ് നല്ലത്. വെയിലത്ത് ഇറങ്ങുന്നതിനുമുമ്പ് ലേപനങ്ങള്‍ പുരട്ടുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മ്മത്തെ രക്ഷിക്കും. സഹിക്കാവുന്ന തണുപ്പില്‍ ഐസ്ക്യൂബുകള്‍ മുഖത്തുവയ്ക്കുന്നതും ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. മുഖത്തിനു നിറം വര്‍ധിപ്പിക്കാന്‍ പാല്‍പ്പാടയും മഞ്ഞളും, രക്തചന്ദനം, തേന്‍, കടലമാവ്, കുങ്കുമപ്പൂവ് ഇവയെല്ലാം പുറമേ പുരട്ടുന്നത് മുഖസൗന്ദര്യം വര്‍ധിപ്പിക്കും. വേപ്പില തേച്ചുള്ള കുളിയും, മൈലാഞ്ചി എണ്ണ തേയ്ക്കുന്നതും ശരീരത്തിലെ പാടുകള്‍ മങ്ങിപ്പോകുന്നതിന് സഹായിക്കും. ചര്‍മ്മസംരക്ഷണം വീട്ടില്‍ ചര്‍മ്മത്തില്‍ കാണപ്പെടുന്ന അരിമ്പാറപോലെയുള്ള ചെറിയ കുരുക്കള്‍ കളയുവാന്‍ ചുവന്ന ഉള്ളിയോ കറ്റാര്വാഴപ്പോളയോ ഉപയോഗിച്ച് കുരുവിന്റെ മുകളില്‍ ഉരയ്ക്കുക. പയറുപൊടി തേയ്ക്കുന്നതും ഗുണം ചെയ്യും. ചുണങ്ങിന് ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചിടുക. നാല്‍പ്പാമരാദി എണ്ണ, ദിനേശവല്യാദി കേരം എന്നിവ പുരട്ടുന്നതും ഫലപ്രദമാണ്. കരിമംഗല്യം മാറാന്‍ രക്തചന്ദനം പാലില്‍ ചേര്‍ത്ത് പുരട്ടുക. പത്തുമിനിറ്റ് ശേഷം ചെറു ചൂടുവെള്ളത്തില്‍ മിശ്രിതം തുടച്ചുമാറ്റുക. ചിലപ്പോള്‍ എന്തെങ്കിലും രോഗങ്ങളുടെ ഭാഗമായും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം. ഇത്തരം സാഹചര്യത്തില്‍ ഡോക്ടറെക്കണ്ട് ശരിയായ ചികിത്സ ലഭ്യമാക്കണം. കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന് റോസ് വാട്ടര്‍ രാവിലെയും വൈകിട്ടും ഓരോ തുള്ളിവീതം കണ്ണില്‍ ഒഴിക്കുക. ഐസ്കട്ടകള്‍ കണ്ണിനു മുകളില്‍ വയ്ക്കുന്നതും നല്ലതാണ്. താരന്റെ ശല്യം അകറ്റാന്‍ കഞ്ഞിവെള്ളത്തില്‍ ഉലുവ അരച്ച് തേയ്ക്കുക. കുറച്ചു സമയത്തിനുശേഷം താളി ഉപയോഗിച്ച് കഴുകി കളയുക. ഉമ്മത്തിന്റെ ഇല ചേര്‍ന്ന ധുര്ദ്ധൂരപത്രാദികേരം എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി, ചെറു ചൂടോടെ തലയില്‍ തേച്ച് കഴുകി കളയുന്നതും താരനെ അകറ്റാന്‍ സഹായിക്കും. (ധുര്ദ്ധൂരപത്രാദികേരം ആയുര്‍വേദ കടകളില്‍ ലഭ്യമാണ്) കടപ്പാട്: ഡോ. പി.ആര്.ജയ ഡോ. സന്ദീപ് കിളിയന്‍ കണ്ടി ഡോ. ആര്. രവീന്ദ്രന് മഞ്ഞപ്പിത്തം വിദ്യാസമ്പന്നതയിലും, വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയിലും മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍പ്പോലും മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ വേണ്ടത്ര ഗൗരവമായി കാണുന്നില്ല ലോകത്ത് ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തില്‍ മഞ്ഞപ്പിത്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. സൂര്യഭഗവാനോട് സൂര്യരശ്മികളാല്‍ കാമല രോഗത്തില്‍ നിന്നും മുക്തി തരുവാനപേക്ഷിക്കുന്ന സൂക്തങ്ങളുണ്ട്. വിദ്യാസമ്പന്നതയിലും, വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയിലും മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍പ്പോലും മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ വേണ്ടത്ര ഗൗരവമായി കാണുന്നില്ല. മഞ്ഞപ്പിത്തം എന്നാല്‍ എന്താണെന്നോ, അതിനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നോ, ചികിത്സ വേണോ, വേണ്ടയോ എന്നോ അറിയാന്‍ ശ്രമിക്കാത്തവരും, അറിഞ്ഞാലും മനപ്പൂര്‍വം വിസ്മരിക്കുന്നവരുമാണ് കൂടുതല്‍. മഞ്ഞപ്പിത്തം സാധാരണ ശരീരത്തെ മഞ്ഞനിറം ബാധിക്കുന്ന ലക്ഷണങ്ങളോടുകൂടിയ രോഗത്തെയാണ് മഞ്ഞപ്പിത്തം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ആധുനിക ശാസ്ത്രത്തില്‍ മഞ്ഞനിറം എന്നര്‍ഥം വരുന്ന ഫ്രഞ്ച് പദത്തില്‍നിന്നും ഉത്ഭവിച്ച ജോണ്ടിസ് എന്നും, കരള്‍ സംബന്ധമായ അസുഖം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമായ ഹെപ്പറ്റൈറ്റിസ് എന്നുമാണ് മഞ്ഞപ്പിത്തത്തെ പറയുന്നത്. ആയുര്‍വേദശാസ്ത്രത്തിലെ കാമല രോഗമാണ് ഇതിനോട് ഉപമിക്കാവുന്നത്. മഞ്ഞപ്പിത്തം ആയുര്‍വേദത്തില്‍ ലോകത്ത് ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തില്‍ മഞ്ഞപ്പിത്തത്തെപ്പറ്റി പരാമര്‍ശമുണ്ട്. സൂര്യഭഗവാനോട് സൂര്യരശ്മികളാല്‍ കാമല രോഗത്തില്‍ നിന്നും മുക്തി തരുവാനപേക്ഷിക്കുന്ന സൂക്തങ്ങളുണ്ട്. (നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന മഞ്ഞനിറം, പോക്കുവെയില്‍ കൊള്ളിച്ച് മാറ്റുന്ന മുത്തശിവൈദ്യം സാക്ഷ്യം). അഥര്‍വ വേദത്തില്‍ കാമലയുടെ മഞ്ഞനിറത്തെപ്പറ്റിയും, ഹരീമ, ഹരീത തുടങ്ങിയ പര്യായങ്ങളും കാണാവുന്നതാണ്. കാമല ഒരു സാംക്രമിക രോഗമായി പ്രതിപാദിക്കുന്നതും കാണാവുന്നതാണ്. ആയുര്‍വേദത്തില്‍ ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, മാധവനിദാനം ഗ്രന്ഥങ്ങളെല്ലാം മഞ്ഞപ്പിത്തത്തിന്റെ വ്യക്തമായ ലക്ഷണവും, ചികിത്സയും വിശദീകരിക്കുന്നു. ആയുര്‍വേദത്തില്‍ യകൃത് (കരളി) നോട് ബന്ധപ്പെട്ട രോഗമായാണ് മഞ്ഞപ്പിത്തം (കാമല) പറഞ്ഞിരിക്കുന്നത്. ആയുര്‍വേദം ത്രിദോഷസിദ്ധാന്തത്തിലും (വാതം - പിത്ത - കഫദോഷങ്ങള്‍) പഞ്ചമഹാഭൂതസിദ്ധാന്തത്തിലും അധിഷ്ഠിതമാണ്. ത്രിദോഷങ്ങളിലെ പിത്തദോഷദുഷ്ടിയാല് ഉണ്ടാവുന്ന വിളര്‍ച്ച) ഉള്ള രോഗി പിത്തവര്‍ദ്ധകമായ ഭക്ഷണപദാര്‍ഥങ്ങളും, വിഹാരങ്ങളും കൊണ്ട് പിത്തം വര്‍ദ്ധിച്ചാല്‍ വരുന്ന രോഗമാണ് കാമല. രക്ത-മാംസ-മേദോ ധാതുക്കളുടെ ദുഷ്ടിയും ഇതിനു കൂടെ വരുന്നതാണ്. കോഷ്ഠാശ്രിതം, ശാഖാശ്രിതം എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മഞ്ഞപ്പിത്തചികിത്സ വിവരിച്ചിരിക്കുന്നത്. രോഗിയുടെ നഖ-മൂത്ര-മല- നേത്ര- ത്വക്ക് തുടങ്ങിയവയെല്ലാം മഞ്ഞനിറത്തോടെ കാണുന്നതാണ് ലക്ഷണം. ഒന്നോ- അതില്‍ കൂടുതലോ ഭാഗങ്ങളില്‍ മഞ്ഞനിറം ദര്‍ശിക്കാവുന്നതാണ്. അനുബന്ധ ലക്ഷണങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍. ഛര്‍ദ്ദി, ഓക്കാനം, അരുചി, വിശപ്പില്ലായ്മ, ദഹനക്കുറവ്. തലകറക്കം,ക്ഷീണം,രക്തക്കുറവ്, വിളര്‍ച്ച. പനി, ദേഹം പുകച്ചില്‍. എള്ള് നിറത്തോടുകൂടിയോ, മഞ്ഞനിറം കൂടുതലായോ, പച്ച നിറത്തിലോ, കറുത്ത നിറത്തിലോ മലം കാണുക. ശരീരത്തില്‍ നീര്. ശ്വാസതടസം, എക്കിട്ടം. തൊലി, തവളയുടെ തൊലിപോലെആവുക. ഉപദ്രവങ്ങള്‍ ക്രമേണ കാമല (മഞ്ഞപ്പിത്തം) ദേഹം മൊത്തമായി നീരോടുകൂടി കാണുന്ന കുംഭകാമില, ദേഹം മൊത്തമായി പച്ച നിറത്തിലാകുന്ന ഹലീമക, ദേഹത്തിനകത്തും, പുറത്തും മഞ്ഞനിറമാകുകയും, കണ്ണ് ചുവക്കുകയും ചെയ്യുന്ന പാനകി എന്നീ അവസ്ഥകളിലേക്ക് നീങ്ങാവുന്നതാണ്. പരിശോധനകള്‍ പനിയും, ഉദരസംബന്ധമായ അസുഖങ്ങളും മറ്റും കാണുമ്പോള്‍ രക്ത-മൂത്ര-മല പരിശോധനയിലൂടെ മഞ്ഞപ്പിത്തം കണ്ടുപിടിക്കാം. ചില രോഗികളില്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ്, എം.ആര്.ഐ എന്നിവ ആവശ്യമായി വരാറുണ്ട്. കരള്‍, സ്പ്ലീന്‍, പാന്‍ക്രിയാസ്, പിത്തസഞ്ചി ഇവയുടെ സ്ഥിതി മനസിലാക്കാനാണിത്. ചിലതരം പനികളും മറ്റും കരളിനെ ബാധിക്കുമ്പോള്‍ ഇത്തരം പരിശോധനയില്‍ വ്യതിയാനങ്ങള്‍ കാണാറുണ്ട്. മഞ്ഞപ്പിത്തം അധികമായി ലിവര്‍ സീറോസിസ് തുടങ്ങിയ അവസ്ഥയില്‍ എത്താതെ ചികിത്സിക്കാന്‍ ഇത്തരം പരിശോധനകള്‍ ആവശ്യമാണ്. രോഗിയെ അറിഞ്ഞ് ചികിത്സ മറ്റ് ഏതൊരു രോഗത്തേയും പോലെ രോഗകാരണങ്ങളില്‍ നിന്നുള്ള പിന്മാറ്റം തന്നെയാണ് ആദ്യപടി. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മെഴുക്ക് ഇവയുടെ ഉപയോഗം കുറയ്ക്കുക.(ചിട്ടയോടെ ഉപ്പില്ലാത്ത നെല്ലുകുത്തരിയുടെ കഞ്ഞിയും, ചുട്ട പപ്പടവും വായ്ക്കുരുചിയില്ലാതെ കഴിച്ചിരുന്ന മഞ്ഞപ്പിത്തരോഗിയെ ഇന്ന് കാണാന്‍ കഴിയില്ലല്ലോ.) പകലുറക്കം, രാത്രി ഉറക്കമിളപ്പ്, ഭാരം ഉയര്‍ത്തല്‍, അമിതമായ ലൈംഗികവേഴ്ച ഇവ ഒഴിവാക്കുക. ആവശ്യത്തിനു ഞെരിഞ്ഞില്‍, ചെറൂള, തഴുതാമ - ഇവ ചതച്ചിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ശരീരത്തിനു വിശ്രമം നല്‍കുക. ദഹനശക്തിക്കനുസരിച്ചു മാത്രം ഭക്ഷണം കഴിക്കുക. മരുന്നുകള്‍ അവിപത്തി ചൂര്‍ണ്ണമോ, ത്രിവൃത് ചൂര്‍ണ്ണമോ ഉപയോഗിച്ച് വയറിളക്കുക. (25-30 ഗ്രാം അവിപത്തി ചൂര്‍ണ്ണം മുന്തിരിങ്ങ ഹിമകഷായത്തില് സേവിക്കാം). വാശാഗുളൂച്യാദി കഷായം, മഹാതിക്തഘൃതം, പഞ്ചഗവ്യഘൃതം, ദ്രാക്ഷാമധൂകാദികഷായം, ഗുളൂച്യാദികഷായം, ഭൃംഗരാജാസവം, ദ്രാക്ഷാരിഷ്ടം തുടങ്ങിയവ എല്ലാം അവസ്ഥകള്‍ക്കനുസരിച്ച് നല്കി വരാറുണ്ട്. കീഴാര്‍നെല്ലി അരച്ച് ഒരു ചെറുനെല്ലിക്ക വട്ടത്തില്‍ കാലത്ത് വെറുംവയറ്റില്‍ തിളപ്പിച്ചാറിയ പാലിന്വെളളത്തില് അരച്ച് കഴിക്കാവുന്നതാണ്. കഞ്ഞുണ്ണി ഇല, ചിറ്റമൃത്, തഴുതാമ, തുളസി,ചെറൂള തുടങ്ങിയവയെല്ലാം അവസ്ഥാനുസരണം വൈദ്യനിര്‍ദ്ദേശപ്രകാരം സേവിക്കാവുന്നതാണ്. പച്ചമഞ്ഞള്‍,ചുവന്നുള്ളി, ചെറൂള, തഴുതാമ ഇല ഇവ അരിഞ്ഞിട്ട വെള്ളം കുടിക്കാവുന്നതാണ്. മുന്‍കരുതലുകള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സിറിഞ്ച്, സൂചി മുതലായവ ഉപയോഗിക്കുമ്പോള്‍ അവ പുതിയതാണ് എന്നുറപ്പുവരുത്തുക രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധചികിത്സ തേടുക. ശ്രദ്ധിക്കേണ്ടത് മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 7-10 ദിവസം വരെ ലക്ഷണങ്ങള്‍ പ്രകടമാവുകയില്ലെങ്കിലും രോഗി രോഗവാഹകരായി മാറുന്നു. ലക്ഷണങ്ങള്‍ പുറത്തുകാണാതെ തന്നെ രക്തപരിശോധനയില്‍ ഹെപ്പെറ്റൈറ്റിസ് ബി ബാധിതരെ കണ്ടെത്താം. ആയുര്‍വേദ ചികിത്സയിലൂടെ മഞ്ഞപ്പിത്തത്തിനും, ഉപദ്രവരോഗങ്ങള്‍ക്കും പരിഹാരം കിട്ടുന്നതാണ്. വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സന്ദീപ് കിളിയന്‍കണ്ടി കോഴിക്കോട് ചെറുരോഗങ്ങള്‍ക്ക് വീട്ടു ചികിത്സ അടുക്കളയില്‍ കൂടുതല്‍ സമയം നിന്നു ജോലി ചെയ്യേണ്ടിവരുന്ന വീട്ടമ്മമാരെ അലട്ടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഇതിന് ആയുര്‍വേദ തൈലങ്ങളിലൂടെ ശമനം ലഭിക്കുന്നതാണ്. തലവേദന, മുട്ടുവേദന, നടുവേദന എന്നിങ്ങനെ നിത്യേന അലട്ടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഗുരുതരമായ രോഗങ്ങളുടെ അനുബന്ധമല്ലാത്ത ഇത്തരം പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പൊടികൈകളുണ്ട്. ആയുര്‍വേദത്തിലെ ഒറ്റമൂലികളായ ഔഷധങ്ങള്‍ ആയുര്‍വേദ കടകളില്‍നിന്ന് വാങ്ങി ഫസ്റ്റെയിഡായി വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഉപ്പൂറ്റിവേദന അടുക്കളയില്‍ കൂടുതല്‍ സമയം നിന്നു ജോലി ചെയ്യേണ്ടിവരുന്ന വീട്ടമ്മമാരെ അലട്ടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഇതിന് ആയുര്‍വേദ തൈലങ്ങളിലൂടെ ശമനം ലഭിക്കുന്നതാണ്. കൊട്ടന്‍ചുക്കാദി, കര്‍പ്പൂരാദി, മുറിവെണ്ണ ഇതില്‍ ഏതെങ്കിലും തൈലം പാദം മുഴുവനും വശങ്ങളിലും പുരട്ടുക. ഉപ്പിട്ട് ചെറു ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും കാല് മാറി മാറി വയ്ക്കുക. അതിനുശേഷം കാലിന്റെ വിരലുകളില്‍ ഊന്നി ലളിത വ്യായാമം ചെയ്യണം. ദിവസം രണ്ടു തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക. കാല്പാദത്തിന്റെ വശങ്ങളിലേക്കുള്ള വേദന മുരിങ്ങയിലയും ഉപ്പും അരച്ചിട്ടാല്‍ ശമിക്കുന്നതാണ്. ലേപനം കനത്തില്‍ അരച്ചിടാന്‍ ശ്രദ്ധിക്കണം. വലിഞ്ഞു തുടങ്ങുമ്പോള്‍ ചൂടുവെള്ളംകൊണ്ട് തുടച്ചെടുക്കാവുന്നതാണ്. കൂടുല്‍ സമയം തുടര്‍ച്ചയായി നില്‍ക്കാതെ ഇടയ്ക്കു ഇരിക്കാന്‍ ശ്രദ്ധിക്കുക. ശരീരഭാരം അധികം കൂടുന്നതും ഉപ്പൂറ്റി വേദനയ്ക്കു കാരണമാകാം. തലവേദന മൈഗ്രേന് രാസ്നാദി ചൂര്‍ണം നാരങ്ങാനീരില്‍ ചാലിച്ചിടുന്നത് നല്ലതാണ്. കച്ചൂരാദി വട്ട് ചെറു ചൂടുവെള്ളത്തില്‍ അരച്ചിടുന്നത് സാധാരണ തലവേദനയ്ക്ക് ആശ്വാസം നല്‍കും. മൂക്കില്‍ അണുതൈലം അല്ലെങ്കില്‍ ക്ഷീരബലം ആവര്‍ത്തിച്ചത് ഒഴിച്ച് നസ്യം ചെയ്യുന്നതും ഫലപ്രദമാണ്. രണ്ടു തുള്ളിവീതം ഓരോ മൂക്കിലും ഒഴിക്കുക. തല താഴ്ത്തിവച്ച് ഒഴിക്കാന്‍ ശ്രദ്ധിക്കണം. മൂക്കിലൂടെ ഒഴിച്ച് വായിലൂടെ വലിച്ചെടുത്ത് തുപ്പിക്കളയണം. മൂക്കിലൂടെ ചീറ്റിക്കളയുന്നത് യൂസ്റ്റാകിയന് ട്യൂബിനെ ക്ഷതം ഏല്‍പ്പിക്കാം. ബലാഹഠാദി എണ്ണ തലയില്‍ തേച്ച് പത്ത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് തലയ്ക്കു തണുപ്പുകിട്ടാനും തലവേദന കുറയ്ക്കാനും സഹായിക്കും. ത്രിഫലാദി എണ്ണ, രാസ്നാദശമൂലാദി എണ്ണ എന്നിവ തലയില്‍ തേച്ചു കുളിക്കുന്നതും ഗുണകരമാണ്. ഭക്ഷണം ചൂടോടെ കഴിക്കാനും രാത്രി അധികം താമസിച്ച് ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. കഴുത്തുവേദന കിടക്കുന്നതില്‍ വരുന്ന അപാകത പലപ്പോഴും കഴുത്തു വേദനയ്ക്കു കാരണമാകാം. അതിനാല്‍ കട്ടിയുള്ള തലയണ ഉപയോഗിക്കാതിരിക്കുക. കംപ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ കഴുത്തിന് ഇടയ്ക്ക് വ്യായാമം ചെയ്യുന്നതിലൂടെ കഴുത്തുവേദന അകറ്റിനിര്‍ത്താം. കഴുത്തിന് നീര്‍ക്കെട്ടുള്ളവര്‍ മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അരച്ചിടുന്നത് നീരിറക്കം കുറയ്ക്കും ഉമ്മത്തിന്റെ ഇല ചെറു ചൂടുവെള്ളത്തില്‍ അരച്ചിടുന്നതും നീരിന് ഉത്തമമാണ്. കുറുന്തോട്ടിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ മര്‍മ്മ ഗുളിക അരച്ച് ലേപനമിടുന്നത് കഴുത്തുവേദന ശമിപ്പിക്കും. നടുവേദന ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ നടുവേദന തീരവ്യാധിയായി മാറാന്‍ കാരണമായിട്ടുണ്ട്. വേദന ശമിപ്പിക്കാനുള്ള വഴികള്‍. മര്‍മ്മ ഗുളിക ചെറുചൂടു വെള്ളത്തില്‍ അരച്ചിടുന്നത് ഫലപ്രദമാണ്. ഒരു പഞ്ഞിയോ കോട്ടന്‍ തുണിയോ നാലായി മടക്കി വേദനയുള്ള ഭാഗത്ത് വയ്ക്കുക. തൈലം ചൂടാക്കി ഇതില്‍ ഒഴിക്കുക. തൈലം തളംക്കെട്ടി നില്ക്കുന്നതിനാല് വേദനയ്ക്ക് ആശ്വാസം ലഭിക്കും. കര്‍പ്പൂരാദി, സഹചരാദി, കൊട്ടന് ചുക്കാദി, ധന്വന്തരം എന്നിവയില്‍ ഏതെങ്കിലും തൈലം ഉപയോഗിക്കാവുന്നതാണ്. കഠിന വേദനയുള്ളപ്പോള്‍ കര്‍പ്പൂരാദി തൈലം ചൂടാക്കി ഒഴിക്കുന്നത് വേഗത്തില്‍ ശമനം നല്‍കും. ചിഞ്ചാദി തൈലം അല്ലെങ്കില്‍ കൊട്ടന്‍ചുക്കാദി ചൂര്‍ണം ഉപയോഗിക്കുന്നതും നല്ലതാണ്. നടുവേദനയുള്ളവര്‍ മലബന്ധം വരാതെ സൂക്ഷിക്കണം. നടുവേദനയുള്ളവര്‍ കട്ടിയുള്ള ബെഡില്‍ കിടക്കുക. അധിക സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കു എഴുന്നേറ്റു നടയ്ക്കുകയോ നടുവിന് ആയാസം നല്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതോ നടുവേദന അകറ്റി നിര്‍ത്താന്‍ സഹായിക്കും. മുട്ടുവേദന ശരീരഭാരം കൂടുന്നതാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം. അതിനാല്‍ അമിതവണ്ണമുള്ളവര്‍ ശരീരഭാരം കുറയ്ക്കുക. ഉമ്മം, ഉങ്ങ്, ആവണക്ക് ഇവയുടെ ഇല ഒന്നിച്ചു അരച്ചിടുന്നത് മുട്ടുവേദന കുറയ്ക്കും. തുണിയോ പഞ്ഞിയോ വേദനയുള്ള ഭാഗത്ത് മടയ്ക്കിവച്ച് ചിഞ്ചാദി തൈലം ചൂടാക്കി അതിനു മുകളില്‍ ഒഴിച്ച് ചൂടു പിടിക്കുന്നതും ഏറെ ഗുണം ചെയ്യും. ഉപ്പൂറ്റി വിണ്ടുകീറല്‍ മൈലാഞ്ചിയും പച്ച മഞ്ഞളും പതിവായി അരച്ചിടുന്നത് ഉപ്പൂറ്റി വിണ്ടുകീറല്‍ മാറ്റുന്നതിനൊപ്പം പാദങ്ങള്‍ക്ക് കൂടുതല്‍ തിളക്കവും നല്കുന്നു. ചര്‍മം വരളാതിരിക്കാന്‍ കുളികഴിഞ്ഞാലുടന്‍ ജീവത്യാദിയമഗം പുരട്ടാവുന്നതാണ്. ഉപ്പൂറ്റി വിണ്ടുകീറലുള്ളവര് സോപ്പ് വെള്ളത്തില്‍ കൂടുതല്‍ സമയംനിന്ന് ജോലി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കടപ്പാട്: ഡോ. സുനു കുരുവിള കോട്ടയം. ജലദോഷം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ നല്‍കാവുന്നതാണ്. പ്രായ - കാല ദേശ ഭേദമെന്യേ സര്‍വസാധാരണമായി എല്ലാവരെയും ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് ജലദോഷം. ഒരിക്കലെങ്കിലും ജലദോഷബാധിതരാകാത്തവര് ഉണ്ടാകില്ല. ജലദോഷം അതിവേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. എന്നാല്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തനിയെ ഭേദമാകകയും ചെയ്യുന്നു. മഴയും മഞ്ഞുമുള്ള തണുത്ത കാലാവസ്ഥയില്‍ കൂടുതല്‍ കണ്ടുവരുന്നതിനാലാണ് ജലദോഷം എന്ന പേര് ലഭിച്ചതെന്ന് പൊതുവേ പറയപ്പെടുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ജലദോഷത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുവേദ ചികിത്സ നല്‍കാവുന്നതാണ്. രോഗകാരണങ്ങള്‍ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ജലദോഷം. ഹ്യൂമന്‍ റൈനോവൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗബാധയ്ക്ക് പ്രധാന കാരണം. ഇതിനു പുറമെ, ഹ്യുമന്‍ കൊറോണാ വൈറസ്, ഇന്‍ഫ്ളുവന്‍സാ വൈറസ്, അഡിനോ വൈറസ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വൈറസുകളും ജലദോഷത്തിന് കാരണമാകാറുണ്ട്. കുറഞ്ഞ രോഗപ്രതിരോധ ശക്തി, പോഷകാഹാരക്കുറവ്, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങള്‍ ഇവയൊക്കെ രോഗബാധയുടെ തോത് കൂട്ടുന്നു. ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ പ്രധാനമായും അണുബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ വ്യവസ്ഥ പ്രതികരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. മൂക്ക്, തൊണ്ട, സൈനസുകള്‍, സ്വരപേടകം ഇവയെ ആശ്രയിച്ചായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചുമ, തൊണ്ടവേദന, ഒച്ചയടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, വിശപ്പില്ലായ്മ, പനി തുടങ്ങിയവയാണ് സാധാരണയായി അനുഭവപ്പെടാറുള്ള ലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയായവരില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയും കുട്ടികളില്‍ ആറ് മുതല്‍ എട്ട് തവണ വരെയും ജലദോഷം ഉണ്ടാകാം. കുട്ടികളില്‍ ഇതിനോടനുബന്ധിച്ച് പനിയും കണ്ടുവരുന്നു. എന്നാല്‍ മുതിര്‍ന്നവരില്‍ പനി ലക്ഷണമായി സാധാരണ കാണാറില്ല. വൈറസ് ബാധയുണ്ടായി പതിനാറ് മണിക്കൂറിനുള്ളിലാണ് ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ലക്ഷണങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തുക രണ്ടാം ദിവസം മുതല്‍ നാലാം ദിവസം വരെയാണ്. ഏഴ് ദിവസം മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ശമിക്കും. പ്രതിരോധശക്തി പൊതുവേ കുറഞ്ഞവരിലും ലക്ഷണങ്ങള്‍ രണ്ടാഴ്ച തുടരാം. ജലദോഷത്തെ തുടര്‍ന്നുള്ള ഉപദ്രവരോഗമായി ചുമ പലപ്പോഴും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയില്‍നിന്ന് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗം പകരുന്നതിന് സാധ്യത കൂടുതല്‍. പകരുന്ന രീതി വായുവിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. രോഗലക്ഷണങ്ങള്‍ ചിലരില്‍ വര്‍ധിച്ചിട്ട് ഇന്‍ഫ്ളുവന്‍സ, പീനസം, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട് പ്രതിരോധമാര്‍ഗങ്ങള്‍ വ്യക്തി ശുചിത്വം പാലിക്കുക കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുക. കഴുകി വൃത്തിയാക്കാത്ത വിരലുകള്‍കൊണ്ട് കണ്ണ്, മൂക്ക്, വായ് ഇവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക മഞ്ഞ്, തണുത്ത കാറ്റ് ഇവയുള്ളപ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീടിനുള്ളിലും പരിസരങ്ങളിലും ഔഷധങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ഗുല്ഗുലു, വയമ്പ്, വേപ്പില ഉണക്കിയത് കടുക് എന്നിവ പുകയ്ക്കുന്നതിന് ഉപയോഗിക്കാം. ചികിത്സ രീതികള്‍ ജലദോഷം പിടിപെട്ടയാളുടെ പ്രതിരോധശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നതും ലക്ഷണങ്ങള്‍ ശമിക്കുന്നതിനുമുള്ള ഔഷധങ്ങളും ചികിത്സാ രീതികളുമാണ് ആയുര്‍വേദ ചികിത്സവിധിയില് അവംലംബിക്കുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയിട്ടുള്ള സമൃദ്ധമായ ഔഷധസസ്യങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. തുളസി, തുമ്പ, മഞ്ഞള്‍, ഇഞ്ചി, കച്ചോലം, തിപ്പലി, ആടലോടകം തുടങ്ങിയ ഔഷധങ്ങള്‍ പരമ്പരാഗതമായി നാം ഗൃഹവൈദ്യത്തില്‍ ഉള്‍പ്പെടുത്തി വരുന്നുമുണ്ട്. ഇവയുടെ ഗുണങ്ങള്‍ മനസിലാക്കി ഉപയോഗപ്രദമാക്കുകയെന്നതാണ് പ്രധാനം. ജലദോഷത്തിലെ രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉപദ്രവവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനും ഒപ്പം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ഉത്തമമായ ആയുര്‍വേദ ഔഷധയോഗങ്ങള്‍ ധാരാളമുണ്ട്. ഔഷധയോഗങ്ങള്‍ എല്ലാം തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. മുത്തങ്ങക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി പര്‍പ്പടകപ്പുല്ല്, രാമച്ചം, എന്നീ മരുന്നുകള്‍ തുല്യ അളവില്‍ പൊടിച്ചെടുത്ത് ഷഡംഗം എന്ന ഔഷധക്കൂട്ടും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രതിരോധത്തിനും രോഗലക്ഷണങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്. ദശമൂലം, ചുക്ക്, കുരുമുളക്, തിപ്പലി, ഇവ കൊണ്ടുള്ള കഷായവും രോഗലക്ഷണങ്ങളായ മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ ഇവയെ ശമിപ്പിക്കാന്‍ ഉത്തമമാണ്. തുടര്‍ച്ചയായി ഇടവിട്ട് ജലദോഷം വരുന്നവരിലും കുഞ്ഞുങ്ങളിലും ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഹരിദ്രാഖണ്ഡം, വാശാരിഷ്ടം, അമൃതാരിഷ്ടം, രജന്യാദി ചൂര്‍ണം, വില്വാദിഗുളിക, വ്യോഷാദി വടകം, ഇന്ദുകാന്തഘൃതം എന്നീ ഔഷധയോഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കേണ്ടതാണ്. ജലദോഷം, പനി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക് കൃഷ്ണതുളസി, കാട്ടുതുളസി, പനിക്കൂര്‍ക്കയില, തുമ്പയില, ഇഞ്ചി, മഞ്ഞള്‍, ആടലോടകം എന്നീ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കാം. കൃഷ്ണതുളസിയില, കാട്ടുതുളസിയില, ചുവന്നുള്ളി, ചുക്ക്, കുരുമുളക്, ആടലോടകത്തിന്റെ തളിരില, ഇവ കഷായം വച്ച് കരുപ്പെട്ടി ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനും അനുബന്ധ രോഗങ്ങള്‍ ശമിക്കുന്നതിനും ഉത്തമമാണ്. വിട്ടുമാറാത്ത കഫക്കെട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം എന്നിവയുള്ള രോഗികള്‍ പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കാച്ചി കുടിക്കുന്നത് നല്ലതാണ്. തലയില്‍ തേച്ചു കുളിക്കുന്നതിന് പനിക്കൂര്‍ക്കയില, തുളസിയില, പൂവാം കുരുന്നില എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നത് ഇടവിട്ട് ജലദോഷം വരുന്നത് തടയുന്നതിന് ഉത്തമമാണ്. ചൂടുള്ള ആഹാരപാനീയങ്ങള്‍ കഴിക്കാന്‍ ശീലിക്കുക. ഒഴിവാകേണ്ട കാര്യങ്ങള്‍ തണുത്ത ആഹാരമോ പാനീയങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണപാനീയങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, തലയിലും ദേഹത്തും എണ്ണ തേച്ചുള്ള കുളി എന്നിവ രോഗലക്ഷണമുള്ളപ്പോള് രോഗി വര്‍ജിക്കേണ്ടതാണ്. തയാറാക്കിയത്: നീതു സാറാ ഫിലിപ്പ് ഡോ. ഹേമ എല്‍. മെഡിക്കല്‍ ഓഫീസര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, തുമ്പമണ്‍ മനസിനെ ഉണര്‍ത്താന്‍ ആയുര്‍വേദം ആയുസിന്റെ വേദമായ ആയുര്‍വേദത്തില്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്, ആത്മാവ് തുടങ്ങിയവയെപ്പറ്റിയും, അവയുടെ സ്വസ്ഥാവസ്ഥയെയും രോഗാവസ്ഥയെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയില്‍ മനസ് എല്ലാത്തരം രോഗാവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്നു. തെളിഞ്ഞ മനസുതന്നെ രോഗാവസ്ഥയില്‍ നിന്നുള്ള മോചനമാണ്. മനസിനെയും മനസിന്റെ മൂന്ന് ഗുണങ്ങളെയും (രാജസീക ഗുണം, തമോഗുണം, സാത്വികഗുണം) മനോ കര്മ്മങ്ങളായ (ഈര്‍ഷ്യ, അഹങ്കാരം, സന്തോഷം, സന്താപം) തുടങ്ങിയവയെക്കുറിച്ചും ആയുര്‍വേദം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ പതിനാറുതരം വ്യക്തിത്വങ്ങളെയും അവരുടെ സ്വഭാവ വ്യത്യാസങ്ങളെയും കുറിച്ച് പ്രതിപാദ്യം ലഭ്യമാണ്. ഇവയെ മാനസികബലം കുറഞ്ഞ ഹീനസത്വക്കാര്‍, മധ്യമമായ മാനസികശക്തിയുള്ള മധ്യമസത്വക്കാര്, ഉയര്‍ന്ന മാനസിക ശക്തിയുള്ള പ്രവരസത്വക്കാര് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഇതില്‍ ഹീനസത്വക്കാര്‍ പറഞ്ഞാല്‍ അനുസരിക്കാത്തവരും വിഷമ ഘട്ടങ്ങളില്‍ പതറുന്നവരും, ചെറിയ വിഷമസന്ധികള്പോലും തരണം ചെയ്യാത്തവരും, ഭയം, ശോകം, ദുരഭിമാനം എന്നീ സ്വഭാവങ്ങളോടുകൂടിയവരുമായിരിക്കും. ദുരഭിമാനം മൂലമുള്ള ആത്മഹത്യ ഇക്കൂട്ടരില്‍ കൂടുതലായിരിക്കും. ഇക്കൂട്ടര്‍ സാധാരണ രീതിയില്‍ വിഷാദരോഗത്തിന് പെട്ടെന്ന് അടിമപ്പെടുന്നവരാണ്. കാരണങ്ങള്‍ തിരിച്ചറിയുക ഓരോ വ്യക്തിയുടെയും, അയാളുടെ ചുറ്റുപാടിനും ചിന്താഗതികള്‍ക്കും അനുസരിച്ച് കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. സാധാരണയായി ചികിത്സക്ക് സമീപിക്കുന്ന രോഗികളില്‍ രണ്ടു കാരണങ്ങളാണ് മുഖ്യമായും കാണാറുള്ളത്. സ്വന്തം ഇഷ്ടത്തിനോ, ചിന്തയ്ക്കോ നിരക്കാത്തതും സംഭവിക്കുന്നതും, ഇഷ്ടമായതും, ആഗ്രഹിച്ചതും ലഭിക്കാത്തതും. ആധുനിക യുഗത്തില്‍ വിഷാദരോഗത്തിന് പുതിയ ചില മാനങ്ങളാണുള്ളത്. അത്യാഗ്രഹങ്ങളില്‍ മുങ്ങി മനസിനെ ആകാശത്തേക്ക് മേയാന്‍ വിടുന്ന ആധുനിക സമൂഹം, സ്വന്തം ശാരീരിക മാനസിക മേഖലയില്‍ അവ വരുത്തുന്ന വിനാശങ്ങളെ അവഗണിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ കര്‍ത്തവ്യം മറക്കുന്നു. അപ്പോള്‍ എത്തിപ്പെടുന്ന ഒരു മാനസികസംഘര്‍ഷ മേഖലയാണ് വിഷാദം. സ്നേഹസാന്ത്വനവാക്കുകള് ലഭിക്കുവാനോ, നല്കുവാനോ സമയമോ സന്ദര്‍ഭമോ ലഭിക്കാത്ത യുവാക്കളും, കുട്ടികളും മധ്യവയസ്കരും സ്ത്രീകളും എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിഷാദത്തിനടിമപ്പെടുന്നവരാണ്. കണക്കുകള്‍ പരതി നോക്കുമ്പോള്‍ 80 ശതമാനം പേരും ചികിത്സയ്ക്ക് എത്താറില്ല. അല്ലെങ്കില്‍ രോഗാവസ്ഥ ശ്രദ്ധിക്കാറില്ല. കുട്ടികളാണെങ്കില്‍ സ്കൂളിലെയോ, മുതിര്‍ന്നവരെങ്കില്‍ ജോലി സംബന്ധമായതോ, വീട്ടിലെയോ, ജീവിതപങ്കാളിയുടെയോ, സാമ്പത്തികമായുള്ളതോ ആയ പ്രശ്നങ്ങള്‍, ചില രോഗങ്ങള്‍ പിടിപെടുന്നത് മൂലമുള്ള മാനസികവ്യതിയാനങ്ങള്‍, രക്തസമ്മര്‍ദം, ഉറക്കക്കുറവ്, കൊളസ്ട്രോള്‍ ഇവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം, അപ്രതീക്ഷിതമായ അപകടങ്ങള്‍ തുടങ്ങിയവ വിഷാദത്തിലേക്ക് വഴിതെളിക്കുന്നു. എല്ലാത്തരം രോഗികളിലും ഏതു പ്രായത്തിലും വിഷാദാവസ്ഥ ഉണ്ടാകാം. യുവാക്കളില്‍ കണ്ടു വരുന്ന ടീന്‍ ഡിപ്രഷന്, ആര്‍ത്തവ വിരാമത്തില്‍ കണ്ടുവരുന്ന മെനോപോസ് ഡിപ്രഷന്, മറ്റു രോഗാവസ്ഥകളില്‍ കണ്ടുവരുന്ന ഡിപ്രഷന് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ലക്ഷണങ്ങള്‍ പലത് മാനസിക നിലയിലുള്ള വ്യതിയാനങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുക ഉറക്കം, ആത്മഹത്യാ പ്രവണത തുടര്‍ച്ചയായി ഒരു വ്യക്തിയെ ശല്യപ്പെടുത്തുക സദാസമയം ദുഃഖിച്ചിരിക്കുക സദാ ചിന്താകുലനായിരിക്കുക ജീവിതത്തിലോ മറ്റുകാര്യങ്ങളിലോ പ്രതീക്ഷയില്ലാതിരിക്കുക നിസഹായനായി തോന്നുക ശ്രദ്ധയില്ലായ്മ, ഓര്‍മക്കുറവ് പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ശാരീരിക മാനസിക ശക്തി ക്ഷയം അമിത ക്ഷീണം ഉറക്ക കുറവ്, രാവിലെ വളരെ നേരത്തെ ഉണരുക, അമിത ഉറക്കം വിശപ്പു കുറവ്, ഭാരക്കുറവ് ഭാരം കൂടുക ആത്മഹത്യയെ പറ്റിയുള്ള ചിന്തകള്‍, മരണത്തെക്കുറിച്ചുള്ള സംസാരം വിശ്രമമില്ലായ്മ, എല്ലാത്തിനോടും വെറുപ്പ് ചികിത്സിച്ചാലും ഫലം കാണാത്തതും കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസവുമായ തലവേദന, വയറു സംബന്ധമായ അവസ്ഥകള്‍, ദേഹ വേദനകള്‍, തുടങ്ങിയവ. ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുക മുകളില്‍ സൂചിപ്പിച്ച മാനസിക സമ്മര്‍ദ ലക്ഷണങ്ങളില്‍ അഞ്ചോ - ആറോ എണ്ണം രണ്ടാഴ്ച തുടര്‍ച്ചയായി ഒരു വ്യക്തി അനുഭവിക്കക്കുകയാണെങ്കില്‍ അത് വിഷാദരോഗമായി കണക്കാക്കാം. സാധാരണ, രോഗിയുടെ കൂടെയുള്ളവരാണ് രോഗം കണ്ടുപിടിക്കാനും, ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടറെ സമീപിക്കുവാനും മുന്‍കൈ എടുക്കേണ്ടത്. വലിയ കുറ്റകൃത്യമോ, ആത്മഹത്യയോ മറ്റു അവിവേകങ്ങളോ സംഭവിക്കാതിരിക്കാന്‍ സഹായ ഹസ്തം നീട്ടേണ്ടത് ഓരോരുത്തരുടെയും കടമയാണ്. കാരണം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ കണക്കുപ്രകാരം ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളില്‍ 3-ാം സ്ഥാനമാണ് വിഷാദരോഗത്തിനുള്ളത്. ലോക ജനസംഖ്യയുടെ 19 ശതമാനവും വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗവിമുക്തി 'ധീ ധൈര്യ ആത്മാദി വിജ്ഞാനം മനോദോഷൌഷധം പരം' - അഷ്ടാംഗ ഹൃദയം ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം പറയുന്ന മാര്‍ഗങ്ങള്‍, നല്ലചിന്തകള്(ധീ), ധൈര്യം (മനസിന് - ഡോക്ടറുടെ പക്കല്‍ നിന്നോ രോഗിക്ക് സ്വയം തോന്നേണ്ടത്), ആത്മ സാക്ഷാത്കാരം (വിവിധ തരത്തിലുള്ള ഭക്തി മാര്‍ഗങ്ങള്‍ ഇതിനു സഹായിക്കുന്നു) ഇവയാണ്. രോഗം സ്ഥിരീകരിച്ചാല്‍ അടുത്തഘട്ടത്തില്‍ പല രോഗികളിലും കാണുന്നത് ആരെ സമീപിക്കണം എന്ന ചിന്തയാണ്. സുഹൃത്തുക്കളോ, ഭാര്യയോ, മക്കളോ, അച്ഛനമ്മമാരോ അറിയാതെ സൈക്ക്യാട്രിസ്റ്റിനെയോ കാണാന്‍ പോകുവാന്‍ തീരുമാനിക്കുകയും, പിന്നീട് അതു മാറ്റി സ്വന്തം ചികിത്സാസൂത്രങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു. ഔഷധപ്രയോഗം ആയുര്‍വേദത്തില്‍ വ്യക്തമായ കൗണ്‍സിലിംങ് തന്നെയാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെയും കൂടെയുള്ളവരുടെയും തുറന്ന സമീപനം ഉണ്ടെങ്കില്‍ താരതമ്യേന ചികിത്സയും എളുപ്പമാകുന്നു. വിഷാദരോഗത്തിനോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്ഥ്യങ്ങളായ വിശപ്പു കുറവ്, ഭാരക്കുറവ്, അമിത വിശപ്പ്, ഭാരക്കൂടുതല്‍ തുടങ്ങിയവയ്ക്കെല്ലാം മരുന്നുകള്‍ നല്‍കിയും, മനസിന് ഉറപ്പ് നല്കുവാന് സാത്വിക ഗുണം കൂടുവാനനുസൃതമായ ചിട്ടകളും ക്രമീകരണങ്ങളും ചെയ്യുക. സാരസ്വതാരിഷ്ടം, മൃദ്വീകാദികഷായം, കല്യാണകം കഷായം, മഹാകല്യാണ കഷായം, മാനസമിത്രവടകം, ബ്രഹ്മിഘൃതം, അശ്വഗന്ധചൂര്‍ണം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം തുടങ്ങിയവയെല്ലാം അവസ്ഥാനുസരണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുതാണ്. ചികിത്സകള്‍ നിത്യേന എണ്ണതേച്ചു കുളി തലയില്‍ ചന്ദനാദി എണ്ണ, ത്രിഫലാദി വെളിച്ചെണ്ണ, ക്ഷീരബലാതൈലം ഇവ തേയ്ക്കാം. കച്ചൂരാദി ചൂര്‍ണം ചന്ദനാദി എണ്ണയില്‍ ചേര്‍ത്ത് തലയില്‍ തളംവെയ്ക്കുന്നത് ചികിത്സാ രീതിയാണ്. നെറ്റിയില്‍ ചന്ദനം, കാവി, മലര് ഇവ പാലില്‍ പുഴുങ്ങി അരച്ച് തേയ്ക്കാം. ശിരോധാര സാധാരണയായി വിഷാദരോഗത്തിന് വളരെയധികം ഫലം തരുന്നു. പ്രത്യേക രീതിയില്‍ തൈലം ധാരയായി രോഗിയുടെ തലയില്‍ ഒഴുക്കുന്ന ചികിത്സയാണിത്. ശിരോവസ്തി (തലയില്‍ തൈലം നിര്‍ത്തുന്ന ചികിത്സാരീതി) തലപൊതിച്ചില്‍ (നെല്ലിക്ക, മുതലായവ അരച്ച് തലയില്‍ കെട്ടിവയ്ക്കുന്ന രീതി) എന്നിവ ഫലപ്രദമാണ്. തല കുളിക്കാനായി ഇരട്ടിമധുരം, നെല്ലിക്ക ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളം, ചന്ദനം, രാമച്ചം, ഇവയില്‍ ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കാം. വ്യായാമം മുഖ്യഘടകമാണ്. ചിട്ടയായ വ്യായാമത്തിലൂടെ വിഷാദരോഗത്തെ ഒരുപരിധി വരെ നിയന്ത്രിക്കാം. യോഗ വിഷാദരോഗത്തിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. മനസിനെനിയന്ത്രിക്കാനും, സാത്വികഗുണം കൂടുവാനും യോഗ സഹായിക്കുന്നതാണ്. ധ്യാനം, പ്രാണായാമം, സൂര്യനമസ്ക്കാരം തുടങ്ങിയവ സ്വീകരിക്കാവുതാണ്. വിഷാദരോഗംവരാതിരിക്കാന് കൃത്യമായ സമയങ്ങളില്‍ ഉറങ്ങുക, ഉണരുക ആയുര്‍വേദം നിഷ്കര്‍ഷിച്ച രീതിയിലുള്ള ദിനചര്യകള്‍ പാലിക്കുക. (നിത്യവും എണ്ണതേച്ചുള്ള കുളി-തലയിലും പാദത്തിലും ചെവിയിലും പ്രത്യേകിച്ച്) കൃത്യമായ ഇടവേളകളില്‍ വയറിളക്കല്‍, ദേഹാരോഗ്യം സംരക്ഷിക്കല്‍ ഇവ ചെയ്യുക രാജസീക പ്രധാനമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. മത്സ്യ-മാംസാദികള്‍, തൈര് , എരിവ്, പുളിതുടങ്ങിയവ. ഓഫീസ് കാര്യങ്ങള്‍ ഓഫീസിലും, വീട്ടുകാര്യങ്ങള്‍ വീട്ടിലും ചെയ്തു തീര്‍ക്കുക. അമിത ഉത്കണ്ഠ, ആവേശം ഇവ ഒഴിവാക്കുക. ഗര്‍ഭം ഉണ്ടാവുമ്പോള്‍ തന്നെ ബുദ്ധി സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. മരണവും ജനനവും, സന്തോഷവും ദുഃഖവും ഒരുപോലെ കാണാന്‍ മനസിനെ പാകപ്പെടുത്തുക. സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള ചര്യകള്‍ പാലിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വികലമായ അറിവുകള്‍ വച്ച് സ്കിസോഫ്രീനിയ(ഉന്മാദം), സൈക്കിക് ഡിസോര്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക് ചികിത്സ ആരംഭിക്കാതെ വിഷാദരോഗം ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചികിത്സ തുടങ്ങുക. അതും വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം. ആയുര്‍വേദ ശാസ്ത്രത്തിന്, വിഷാദരോഗ ചികിത്സയ്ക്ക് നല്കാന് ഒരുപാടുണ്ട്. വിഷാദരോഗമോ സംശയമോ, മാനസിക പിരിമുറക്കമോ വന്നാല്‍ ഉടന്‍തന്നെ സംശയ ഭേദമന്യേ വിദഗ്ധ സേവനം സ്വീകരിക്കാവുതാണ്. ചാത്തന് സേവയും, മന്ത്രവാദവും, ജിന്നിനെ ഒഴിപ്പിക്കലും ഒന്നിനും പരിഹാരമല്ല എന്നോര്‍ക്കുക. അതിന്റെ പേരിലുണ്ടാകുന്ന പണനഷ്ടത്തിലും മാനഹാനിയിലും ചെന്നുപെടാതെ സൂക്ഷിക്കുക. വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സന്ദീപ് കിളിയന്‍കണ്ടി ചീഫ് കണ്‍സള്‍ട്ടന്റ് ചാലിയം ആയുര്‍വേദിക്സ്, കോഴിക്കോട്